അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday 31 October 2012

നവംബര്‍ 1 : സകല വിശുദ്ധരുടെയും തിരുനാള്‍

November 1: A Blessed Feast of All Saints to everyone! 


നവംബര്‍ 1 : സകല വിശുദ്ധരുടെയും തിരുനാള്‍ 

അവന്‍ അത് സ്വീകരിച്ചപ്പോള്‍ നാല് ജീവികളും ഇരുപത്തിനാല് ശേഷ്ട്ടന്മാരും കുഞ്ഞാടിന്റെ മുന്‍പില്‍ സാഷ്ട്ടംഗം പ്രണമിച്ചു ഓരോരുത്തരും വീണയും വിശുദ്ധന്‍മാരുടെ പ്രാര്‍ത്ഥനകള്‍ ആകുന്ന പരിമള ദ്രവ്യം നിറഞ്ഞ സ്വര്‍ണ്ണകശ ലങ്ങളും കയ്യിലേന്തിയിരുന്നു: വെളിപാട് 5 :8





കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണത്തില്‍ പുണ്യവാന്മാരുടെ ഐക്യത്തെ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. സഭ എന്ന് പറഞ്ഞാല്‍ ക്രിസ്തുവിന്റെ മൌതിക ശരീരമാണ്. ആ ശരീരത്തിലെ അവയവങ്ങളാണ് ഓരോ സഭാംഗവും. അതിനാല്‍ പുണ്യത്തിനും പാപത്തിനും കത്തോലിക്കാ സഭയില്‍ സാമൂഹികമാനമുണ്ട്. ഒരു വിശ്വാസിയുടെ പുണ്യപ്രവര്‍ത്തികളുടെ ഫലം ആ വ്യക്തി മാത്രമല്ല അനുഭവിക്കുന്നത്. സഭയുടെ കൂട്ടായ്മയില്‍ എല്ലാവരും ഒരാളുടെ നന്മയില്‍ പങ്കുപറ്റുന്നു. ഒരേ ശരീരത്തില്‍ നിന്നും ഭക്ഷിക്കുകയും ഒരേ കാസയില്‍ നിന്നും പാനം ചെയ്യുകയും ചെയ്യുന്ന സഭാതനയര്‍ ജീവിതംതന്നെ പരസ്പരം പങ്കുവയ്ക്കുന്നവരാണ്. അത്തരത്തില്‍ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിനു ഉദാത്തമായ മാതൃകകാട്ടി കടന്നുപോയ ധീരരായ സഭാംഗങ്ങളോടുള്ള ആദരവാണ് വിശുദ്ധരോടുള്ള ഭക്തിയും വണക്കവും.

ക്രിസ്തുവിനു ശേഷം നൂറാമാണ്ടോടുകൂടിതന്നെ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷികളായവരെ ഓര്‍ക്കുകയും അവരുടെ മാധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്ന പതിവ് നിലവില്‍വന്നു. ഈ ലോകത്തില്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിക്കുന്നവരെല്ലാം മരണശേഷം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നു എന്ന അടിസ്ഥാന വിശ്വാസത്തിലാണ് പുണ്യ ചരിതരായി ജീവിച്ചവരെല്ലാവരോടും മാധ്യസ്ഥ്യം യാചിക്കുവാന്‍ തുടങ്ങിയത്. കത്തോലിക്കാസഭ സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നത് സുകൃത സമ്പന്നമായി ജീവിതം നയിച്ച്‌ കടന്നുപോയ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും വിശുദ്ധരാണെന്നും അവര്‍ ദൈവസന്നിധിയില്‍ നമുക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നുമുള്ള സത്യം വെളിപ്പെടുത്താനാണ്.

വിശുദ്ധരോടുള്ള വണക്കത്തിനായി അവരുടെ പ്രതിമകളും ചിത്രങ്ങളും ഉപയോഗിക്കുന്നതിനാല്‍ കത്തോലിക്കരെ നവസഭാവിഭാഗങ്ങള്‍ വിഗ്രഹാരാധകാരായി കാണാറുണ്ട്‌. പക്ഷെ കത്തോലിക്കാ സഭ ഒരിക്കലും പ്രതിമകളെ പൂജിക്കുന്നില്ല. അവയൊക്കെയും വിശുദ്ധരെ സ്മരിക്കുവാന്‍ സഹായിക്കുന്നവ മാത്രമാണ്. പ്രതിമകള്‍ പൂജയ്ക്കുള്ള വസ്തുക്കളായി മാറുന്ന അവസ്ഥ ഉണ്ടാവുന്നെങ്കില്‍ സഭ അതിനെ നിരുപാധികം തള്ളികളയുകയും അവ നമുക്ക് മുന്‍പേ കടന്നുപോയവരെ അനുസ്മരിക്കുന്നതിനുള്ള ഉപാധി മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. വിഗ്രഹാരാധ തെറ്റാണ് എന്നു പഠിപ്പിക്കുന്ന പഴയനിയമത്തില്‍ തന്നെയാണ് ഇസ്രായേല്‍ക്കാര്‍ സര്‍പ്പദംശനം ഏറ്റുമരിക്കുന്നത് തടയുവാന്‍ വേണ്ടി പിച്ചളസര്‍പ്പത്തെ ഉയര്‍ത്തുവാന്‍ ആവശ്യപ്പെടുന്ന ദൈവവചനവും ഉള്‍പ്പെട്ടിട്ടുള്ളത്.

കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു. (സംഖ്യ 21 : 8-9)


സഭ ഔദ്യോഗികമായി വിശുദ്ധരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നവരെക്കുറിച്ച് അഞ്ചു കാര്യങ്ങളാണ് പറയുന്നത്: 


  1. അവരുടെ മാതൃകാപരമായ വിശ്വാസ ജീവിതം,
  2.  മറ്റുള്ളവരെ വാക്കുകളിലൂടെയും ജീവിതത്തിലൂടെയും നന്മ പഠിപ്പിച്ചവര്‍, 
  3. അവരിലൂടെ മറ്റുള്ളവര്‍ക്ക് ലഭിച്ച അത്ഭുതകരമായ ദൈവീക കൃപ,
  4.  അവരുടെ മാധ്യസ്ഥ്യത്തില്‍ ദൈവത്തോട് പ്രാര്‍ഥിച്ചതിന്റെ ഫലങ്ങള്‍,
  5.  പ്രത്യേകമാംവിധം വിശുദ്ധിയുടെ ശക്തി തെളിയിച്ചവര്‍. 


ഈ പറഞ്ഞ കാര്യങ്ങളില്‍ അടിസ്ഥാനമുണ്ടെങ്കില്‍ വിശുദ്ധരെ വണങ്ങുന്നതില്‍ യാതൊരു തെറ്റുമില്ല എന്നു സഭ പഠിപ്പിക്കുന്നു.


അപോസ്തോലന്‍ ആയ പൗലോസ്‌ മറ്റുള്ളവരോട് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നുമുണ്ട് ...


"ദൈവവചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം ": കൊളോസോസ് 4:3 .
(At the same time, pray for us, too, that God may open a door to us for the word, to speak of the mystery of Christ, for which I am in prisonCol 4:3)

നിങ്ങളില്‍ ആരെങ്കിലും രോഗി ആണെങ്കില്‍ അവര്‍ സഭയിലെ ശ്രേഷ്ടന്മാരെ വിളിക്കട്ടെ അവര്‍ അവനെ കര്‍ത്താവിന്റെ നാമത്തില്‍ തൈലാഭിഷേകം ചെയ്തു അവനു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ :യാകോബ് 5 :14.
Is anyone among you sick? He should summon the presbyters of the church, and they should pray over him and anoint (him) with oil in the name of the Lord :Jam 5:൧൪

രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിന്‍റെ നാലാം അദ്യായത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. പ്രവാചകനായ എലീഷാ, ഷൂനേംകാരിയായ ഒരുവളുടെ കുട്ടിയെ ഉയിര്‍പ്പിക്കുന്നതാണു സംഭവം. പ്രവാചകന്‍റെ ശരീരത്തില്‍ നിന്നും ശക്തി പുറപ്പെട്ട് മരിച്ചവനെ ഉയിര്‍പ്പിച്ചതായി കാണാം. വിശുദ്ധരുടെ കല്ലറകളില്‍നിന്നും അത്ഭുതങ്ങള്‍ സംഭവിച്ചതായി പഴയനിയമ പുസ്തകങ്ങളില്‍ വായിക്കുന്നുണ്ട്.

രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ പതിമൂന്നാം അദ്ധ്യായത്തില്‍ ഇരുപത്തിഒന്നാം വാക്യം വയിക്കുമ്പോള്‍ ഇതു മനസ്സിലാകും . ഏലീഷാ പ്രവാചകന്റെ കല്ലറയിലേക്ക് എറിഞ്ഞ ഒരു ജഡം, പ്രവാചകന്റെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജീവന്‍ പ്രാപിച്ച് എഴുന്നേറ്റു നിന്നു. വചനം വെളിപ്പെടുത്തുന്ന സത്യങ്ങളാണിവ..!

"മോശയും സാമുവലും എന്റെ മുമ്പില്‍ നിന്ന് യാചിച്ചാല്‍ പ്പോലും ഈ ജനത്തിന്റെ നേര്‍ക്ക് ഞാന്‍ കരുണ കാണിക്കില്ല"(ജറെമിയാ:15;1). അതായത് മദ്ധ്യസ്ഥം പറഞ്ഞാല്‍ സ്വീകരിക്കാന്‍ കഴിയാത്തവിധം ക്രൂരമായ പാപമാണ്, ഇസ്രായേല്‍ ചെയ്തത് എന്നാണിവിടെ മനസ്സിലാക്കേണ്ടത്. ഈ പ്രവാചകന്മാര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന കാലത്തല്ല ജറെമിയായിലൂടെ ഈ കാര്യങ്ങള്‍ ദൈവം അറിയിക്കുന്നത്. നീതിമാന്മാര്‍ മദ്ധ്യസ്ഥം വഹിച്ചാല്‍ സ്വീകാര്യമാകുന്ന വിഷയങ്ങള്‍ ഉണ്ടായതുകൊണ്ടാണ്, ഇത്തരം ഒരു പ്രയോഗം നടത്തുന്നതെന്ന് ഭാഷാജ്ഞാനമുള്ള ആര്‍ക്കും മനസ്സിലാകും !

ചെറിയ ഒരു ഉദാഹരണം ഞാന്‍ പറയാം : എന്റെ ഭാര്യ പറഞ്ഞാല്‍ പ്പോലും ഞാന്‍ നിനക്ക് അതു ചെയ്തുതരില്ല എന്നുപറഞ്ഞാല്‍ , ഭാര്യയുടെ ആവശ്യപ്രകാരം പലതും ഞാന്‍ ചെയ്തിട്ടുണ്ടെന്നും ചെയ്യും എന്നുമാണ്. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ കാര്യമായതിനാല്‍ അവള്‍ പറഞ്ഞാല്‍ പ്പോലും ഇതു ചെയ്യാന്‍ കഴിയില്ല എന്നാണ്, സാമാന്യബോധമുള്ളവര്‍ മനസ്സിലാക്കുന്നത്! ഭാര്യ പറഞ്ഞാല്‍ ഒരു കാര്യവും ചെയ്യില്ല എന്നല്ല, അവളുടെ ആവശ്യപ്രകാരം ഞാന്‍ പലതും ചെയ്യും എന്നതിലൂടെ ഭാര്യയെ ഞാന്‍ ഉയര്‍ത്തുകയാണു ചെയ്തത്!

മോശയും സാമുവേലും കര്‍ത്താവിന്റെമുമ്പില്‍ പല കാര്യങ്ങളും ആവശ്യപ്പെടുകയും അതു ചെയ്തുകൊടുക്കുകയും ഉണ്ടായിട്ടുള്ളതുകൊണ്ടല്ലേ ഈ അപരാധത്തിന്, അവരുടെ മാദ്ധ്യസ്ഥംപോലും ഞാന്‍ കേള്‍ക്കില്ല എന്നു പറയുന്നത്? ഇതിലൂടെ വ്യക്തമാകുന്നത്, നീതിമാന്മാരുടെ മാദ്ധ്യസ്ഥം സ്വീകരിച്ച് പല കാര്യങ്ങളും കര്‍ത്താവ് ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. എന്നാല്‍ , അവരുടെ മാദ്ധ്യസ്ഥം സ്വീകരിക്കാന്‍ കഴിയാത്തവിധം ക്രൂരമായ പാപങ്ങള്‍ ക്ക് ശിക്ഷലഭിക്കും എന്നു മനസ്സിലാക്കാം ...

യാക്കോബ്, അഞ്ചാം അദ്ധ്യായം"17 : ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്തില്ല.
18 : വീണ്ടും അവന്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‍കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു"
മധ്യസ്ഥ പ്രാര്‍ത്ഥന വേദ പുസ്തകത്തില്‍ തുടരുന്നു .....
നീയും നിന്റെ മരുമകള്‍ സാറയും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥന പരിശുദ്ധന്‍ ആയവനെ ഞാന്‍ അനുസ്മരിപ്പിച്ചു -തോബിത് 12 :12

കൂടാതെ ഒന്ന് സാമുവല്‍ 28 ആം അധ്യായത്തില്‍ ഇപ്രകാരം കാണുന്നു,സാമുവല്‍ മരിച്ചിട്ട് അവന്റെ നഗരം ആയ രാമയില്‍ സംസ്ക്കരിക്കപെടുകയും ഇശ്രെല്യരെല്ലാം അവനെ ഓര്‍ത്തു വിലപിക്കുകയും ചെയ്തു(സാമുവല്‍ 28 :1 ) അതെ അധ്യായത്തില്‍ (മരിച്ചു അടക്കം ചെയ്യപ്പെട്ട സാമുവല്‍ )മരണശേഷം സാമുവല്‍((( ഇപ്രകാരം ജീവീച്ചീരീക്കുന്ന സാവൂള്‍നോട് ചോദിക്കുന്നു "നീ എന്നെ വിളിച്ചു വരുത്തി ശല്യപെടുതിയത് എന്തിനു ?" (ശമുവേല്‍ 28 :5) അതിനു ശേഷം കര്‍ത്താവായ ദൈവം രാജ്യം സാവൂളില്‍ നിന്നും എടുത്തു ദാവീദിന് നല്‍കിയ കാര്യം അവനെ അറിയിക്കുന്നു ...
ദൈവമായ കര്‍ത്താവ്‌ എടുത്ത ഒരു സുപ്രധാന തീരുമാനം മരണശേഷം സാമുവേലിനു സൌളിനെ അറിയിക്കാന്‍ കഴിഞ്ഞു ....


(വെളിപാട് 5 :8 

"അവന്‍ അത് സ്വീകരിച്ചപ്പോള്‍ നാല് ജീവികളും ഇരുപത്തിനാല് ശേഷ്ട്ടന്മാരും കുഞ്ഞാടിന്റെ മുന്‍പില്‍ സാഷ്ട്ടംഗം പ്രണമിച്ചു ഓരോരുത്തരും വീണയും വിശുദ്ധന്‍ മാരുടെ പ്രാര്‍ത്ഥനകള്‍ ആകുന്ന പരിമള ദ്രവ്യം നിറഞ്ഞ സ്വര്‍ണ്ണകശ ലങ്ങളും കയ്യിലേന്തിയിരുന്നു: "വെളിപാട് 5 :8 )

ദൂതന്റെ കയ്യില്‍ നിന്നും പരിമള ദ്രവ്യങ്ങളുടെ ധൂപം വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോട് ഒപ്പം ദൈവ സന്നിധിയിലേക്ക് ഉയര്‍ന്നു .വെളിപാട് 8 :4
വെളിപാട് പുസ്തകം പരിമള ദ്രവ്യങ്ങളുടെ ധൂപം വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോട് ഒപ്പം ദൈവ സന്നിധിയിലേക്ക് ഉയര്‍ന്നു എന്നു പറയുമ്പോള്‍ വിശുദ്ധന്മാര്‍ ഉറക്കത്തില്‍ ആണ് എന്നു വിശ്വസിക്കുന്ന ജനതയുടെ കണ്ണിലെ ഇരുട്ട് നീങ്ങാന്‍ പ്രാര്‍ഥിക്കാം .
ഫ്ളോറന്സിലെ കത്തിഡ്രല് ദേവാലയത്തിലെ ഘടികാരത്തെക്കുറിച്ച് വായിച്ചതോര്ക്കുന്നു. 1443ല് പൗലോ ഉച്ചലോ രൂപകല്പന ചെയ്ത ഈ ഘടികാരത്തിന്റെ സമയസൂചി ഇടത്തോട്ടാണ് നടക്കുന്നത്. എന്നാല് അത് സമയം കൃത്യമായി കാണിക്കുകയും ചെയ്യുന്നു. സമയം കാണിക്കാന് സൂചി ഏതു വശത്തേക്ക് കറങ്ങണമെന്ന് നിര്ബന്ധമുണ്ടോ
സാധാരണത്വത്തില് നിന്ന് മറിച്ച് ചിന്തിച്ച് ജീവിച്ച ചില അട്ടിമറിക്കാരെക്കുറിച്ച് ഓര്ക്കുകയും അവരുടെ ജീവിത മാതൃക നമ്മുടെ ജീവിതത്തിലേയ്ക്ക് പകര്ത്താന് പരിശ്രമിക്കുകുയം ചെയ്യുന്ന ദിവസമാണ് നവംബര് 1. അന്നാണ് തിരുസഭയില് സകല വിശുദ്ധരുടേയും തിരുനാള് ആചരിക്കുന്നത്. ആത്മനാ ദരിദ്രരും ഹൃദയശാന്തതയുള്ളവരും തങ്ങളുടെ പാപത്തെപ്രതി കരഞ്ഞവരും നീതിയെ ദാഹിച്ചിരുന്നവരും കരുണാശീലരും ഹൃദയശുദ്ധിയുള്ളവരും സമാധാന പാലകരും നീതിയെ പ്രതി പീഡകള് സഹിച്ചിച്ചവരുമാണ് വിശുദ്ധര്. വ്യത്യസ്ഥമായ ജീവിതം നയിച്ചവരുമാണ് അവര്. വ്യത്യസ്ഥമായ ജീവിതം നയിച്ച അവരെ അനുകരിക്കാന് ഈ തിരുനാള് നമ്മോട് ആവശ്യപ്പെടുന്നു. 

ആരെയാണ് സഭ ഈ ദിവസം അനുസ്മരിക്കുന്നത്.?

വിശുദ്ധരുടെ പട്ടികയില് തിരുസഭ ഔദ്യോഗികമായി പേര് ചേര്ത്തിട്ടുള്ളവരെ പ്രത്യേക ദിവസങ്ങളില് (മരണദിവസം അല്ലെങ്കില് ജനനദിവസം) നാം അനുസ്മരിക്കുകയും ആ ദിവസം അവരുടെ തിരുനാളായി ആചരിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നാല് നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരായ കോടാനുകോടി ആത്മാക്കള് സ്വര്ഗ്ഗത്തിലുണ്ട് എന്ന് നാം വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള സര്വ്വ സ്വര്ഗ്ഗവാസികളുടേയും തിരുനാളാണ് നവംബര് 1ന് ആചരിക്കുക.

ഇന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ തിരുസ്സഭ ആചരിക്കുന്നു. അഷ്ടസൌഭാഗ്യങ്ങള്‍ക്കനുസൃതം ജീവിതത്തെ ക്രമീകരിച്ചവരെയല്ലാം ഓര്‍ക്കാനും അവരോട്‌ പ്രാര്‍ത്ഥിക്കാനും അവരെ ഓര്‍ത്ത്‌ തമ്പുരാന് നന്ദി പറയാനും ഒരു ദിവസം. ഒപ്പം നമ്മുടെ ജീവിതത്തെ അപ്രകാരം ക്രമീകരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു ദിനം. അനുദിന വ്യാപാരങ്ങള്‍ തമ്പുരാന്‍റെ മുന്‍പിലാണെന്ന ബോധ്യത്തോടെ ചെയ്താലേ ഫലമുള്ളൂവെന്നു ഗുരു ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യന്‍റെ പ്രശംസയും അംഗീകാരവും മാത്രം തേടിപ്പോകുന്നത് അവസാനിപ്പിച്ച് അര്‍ത്ഥവത്തായി ഈ തിരുനാള്‍ നമുക്ക് ആചരിക്കാം. നമുക്ക് മുന്പേ വിശുദ്ധ ജീവിതം നയിച്ച് ദൈവ സന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട ‘വിജയസഭ’യുടെ തിരുനാള് വിശുദ്ധ ജീവിതം നയിക്കുവാന് പ്രചോദനമരുളട്ടെ. ഒഴുക്കിനൊത്ത് ഒഴുകാതെ ഈ ലോകത്തിലെ മായാവലയത്തില്പ്പെടാതെ ഒഴുക്കിനെതിരേ നീന്താന്, വിശുദ്ധരായി ജീവിക്കുവാന് നമുക്ക് പഠിക്കാം.ദൈവം അനുഗ്രഹിക്കട്ടെ.

Friday 26 October 2012

കാവല്‍മാലാഖ


''മിന്നൂ... മിന്നൂ''
'ആരോ വിളിക്കുന്നുണ്ടല്ലോ?' അത് മരിയയാണല്ലോ. അവളുടെ ഡാഡി അമേരിക്കയില്‍നിന്ന് വന്നപ്പോള്‍ എന്തായിരുന്നു ഗമ! ഡാഡി കൊണ്ടുവന്ന പാവ തൊടാന്‍പോലും അവള്‍ സമ്മതിച്ചില്ല. ഡാഡി തിരിച്ചുപോയപ്പോള്‍ കൂട്ടുകൂടാന്‍ വരുന്നതാണ്. ഇപ്പോള്‍ കൂടുന്നില്ല.
ഒരോട്ടം കൊടുത്താലോ?
''ആ...ഹ് .... അമ്മേ......'' പെട്ടെന്നായിരുന്നു അവള്‍ വീണത്. എന്റെ കാവല്‍മാലാഖ എവിടെ? വേദപാഠക്ലാസിലെ ടീച്ചര്‍ കഴിഞ്ഞയാഴ്ച പറഞ്ഞുതന്നത് കാവല്‍മാലാഖയെപ്പറ്റിയാണല്ലോ. എല്ലാവര്‍ക്കും ഓരോ കാവല്‍മാലാഖ ഉണ്ടെന്നും ഏതാപത്തിലും കാവല്‍മാലാഖ നമ്മെ സഹായിക്കാന്‍ ഓടിയെത്തും എന്നുമാണല്ലോ... അതു കേട്ടപ്പോള്‍ മുതല്‍ എത്ര പ്രാവശ്യമാണ് കാവല്‍മാലാഖയോട് പ്രാര്‍ത്ഥിച്ചത്. എന്നിട്ട് ഞാന്‍ വീണപ്പോള്‍ കാവല്‍മാലാഖ എന്താ വരാതിരുന്നത്? ഇനി കാവല്‍മാലാഖയോടും കൂട്ടില്ല.
''മോളുടെ മുഖമെന്താ വാടിയിരിക്കുന്നത്?'' അമ്മയുടെ ചോദ്യം കേട്ടപ്പോളാണ് വീടെത്തിയതറിഞ്ഞത്.
''അമ്മേ... ഞാന്‍ വീണു...'' വീണപ്പോള്‍ ആ മരിയ ചിരിച്ചു... പിന്നെ... കാവല്‍മാലാഖയും എന്നെ സഹായിക്കാന്‍ വന്നില്ല...
''അതുശരി, മരിയയുമായി മിന്നുമോള്‍ പിണങ്ങിയോ? അതല്ലേ കാവല്‍മാലാഖ സഹായിക്കാന്‍ വരാതിരുന്നത്.''
''അതിന് എന്റെ കാവല്‍മാലാഖയെ അല്ലേ ഞാന്‍ വിളിച്ചത്...? മരിയയുടെ മാലാഖയെ അല്ലല്ലോ...?''
''മോള്‍ വിളിച്ചപ്പോള്‍ കാവല്‍മാലാഖ വന്നു. മോള്‍ക്ക് മാലാഖയെ കാണാന്‍ പറ്റാഞ്ഞിട്ടല്ലേ. കാവല്‍മാലാഖമാരെല്ലാം ദൈവത്തിന്റെ മുഖം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ദൈവദൂതന്മാരാണ്. വചനം പറയുന്നില്ലേ, 'വിശുദ്ധി കൂടാതെ ആര്‍ക്കും ദൈവത്തെ കാണാന്‍ സാധിക്കില്ലെന്ന്.' അതുകൊണ്ട് നമ്മള്‍ വഴക്കിട്ടും പിണങ്ങിയും ഒക്കെ നടന്നാല്‍ ദൈവദൂതന്മാര്‍ക്ക് നമ്മുടെ അടുത്ത് വരാനോ സഹായിക്കാനോ സാധിക്കില്ല. അതുകൊണ്ട് മോള്‍ ഇന്നുതന്നെ മരിയയുമായുള്ള പിണക്കം മാറ്റണം. അപ്പോള്‍ നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ മാലാഖമാര്‍ നിന്നെ കൈകളില്‍ വഹിക്കും.
''ശരി അമ്മേ... ഇപ്പോളെനിക്ക് മരിയയോടും കാവല്‍മാലാഖയോടുമുള്ള പിണക്കം മാറി.''

Tuesday 23 October 2012

വിശുദ്ധ സീത്താ വീട്ടുജോലിക്കാരുടെ മധ്യസ്ഥ


ഇറ്റലിയില്‍ ഉദിച്ച ഒരു നക്ഷത്രമാണ് വിശുദ്ധ സീത്താ. 1212 ലാണ് അവള്‍ ഈ ഭൂമിയിലേക്ക് പിറന്നുവീണത്. ഇറ്റലിയിലെ ടസ്‌കനിയായിരുന്നു ജന്മസ്ഥലം. അവളുടെ വലിയ സമ്പത്ത് നല്ലവരായ മാതാപിതാക്കളായിരുന്നു. ഭൗതികസമ്പത്തിന്റെ കാര്യത്തില്‍ ദരിദ്രമെങ്കിലും പുണ്യസമ്പന്നമായിരുന്നു അവരുടെ ജീവിതം. 12-ാമത്തെ വയസില്‍ സീത്താ ഫാത്തിനെല്ലി കുടുംബത്തിലെ ജോലിക്കാരിയായി.

യഥാര്‍ത്ഥ ദൈവഭക്ത
മുഴുവന്‍സമയവും അവള്‍ എന്തെങ്കിലും ജോലികളില്‍ വ്യാപൃതയായിരുന്നു. തന്റെ ഭക്തകൃത്യങ്ങളില്‍ അവളൊരു മുടക്കവും വരുത്തിയതുമില്ല. തന്റെ കൈയില്‍ ലഭിക്കുന്നതില്‍നിന്ന് പാവപ്പെട്ടവര്‍ക്കായി നല്കാന്‍ എപ്പോഴും അവള്‍ താത്പര്യം കാണിച്ചു. നിസ്വാര്‍ത്ഥമായ സേവനവും അളവറ്റ കാരുണ്യപ്രവൃത്തികളും പലപ്പോഴും സഹസേവകര്‍ക്ക് ഇഷ്ടപ്പെടാതെ വന്നു. അതുനിമിത്തം സീത്തായില്‍ കുറ്റം കണ്ടുപിടിക്കാന്‍ അവര്‍ അവസരം പാര്‍ത്തിരുന്നു. പലപ്പോഴും അവളുടെ പ്രവൃത്തികള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും യജമാനന്റെയടുക്കല്‍ കുറ്റങ്ങളായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. അതിനാല്‍ സീത്താ ശകാരവും ശിക്ഷകളും സഹിക്കേണ്ടിവന്നു. ജോലിയില്‍ അധികഭാരം ചുമത്തി, നിന്ദിക്കപ്പെട്ടു. പക്ഷേ, അതിന് കാരണമാകുന്നവരോടുള്ള സീത്തായുടെ പ്രതികരണം അവളെ കര്‍ത്താവിന് കൂടുതല്‍ പ്രിയങ്കരിയാക്കിത്തീര്‍ക്കുകയാണുണ്ടായത്. കാരണം, തന്നെ വേദനിപ്പിച്ചവരോട്, തന്റെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുപോ ലും നന്ദിഹീനത കാണിച്ചവരോട്, എ ല്ലാം അവള്‍ അല്പംപോലും പകവച്ചുപുലര്‍ത്തിയില്ലെന്നുമാത്രമല്ല അവരെ കൂടുതല്‍ സ്‌നേഹിക്കാനും അവസരം ലഭിക്കുമ്പോഴെല്ലാം സഹായിക്കാനും ശ്രമിക്കുകയും ചെയ്തു. ശ്രദ്ധാര്‍ഹമായ വേറൊരു കാര്യം അവള്‍ക്കുണ്ടായിരുന്ന ശാന്തതയാണ്, ശകാരവും ശിക്ഷയും ഏറ്റുവാങ്ങുമ്പോഴും അവളുടെ ആന്തരികശാന്തി നഷ്ടപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

മാലാഖമാര്‍ അടുക്കളയിലെത്തിയപ്പോള്‍
സീത്തായെക്കുറിച്ച് പറയപ്പെടുന്ന ഒരു സംഭവമിങ്ങനെയാണ്, ഒരിക്കല്‍ അവള്‍ ഭവനത്തിലുണ്ടായിരുന്ന റൊട്ടി പാവപ്പെട്ട ആര്‍ക്കോ ദാനം ചെയ്തു. ഈ വിവരമറിഞ്ഞ സഹസേവകര്‍ 'അതിരുകവിയുന്ന ഈ ദാനധര്‍മ'ത്തിന്റെ കഥ യജമാനനെ അറിയിച്ചു. കാര്യത്തിന്റെ നിജസ്ഥിതി അറിയാനായി വന്ന യജമാനന്‍ കണ്ടത് ഒരു മനോഹരദൃശ്യമാണ്. സീത്തായെ സഹായിക്കാനായി തന്റെ ഭവനത്തിന്റെ അടുക്കളയില്‍ ജോലി ചെയ്യുന്ന മാലാഖമാര്‍! സീത്താ ദൈവത്തിന് പ്രിയങ്കരിയാണെന്ന് ഈ സംഭവം സ്പഷ്ടമാക്കി. അത് യജമാനനെയും ആ കുടുംബത്തെയും സഹസേവകരെയുമെല്ലാം ചിന്തിപ്പിച്ചു.
നാളുകള്‍ കഴിഞ്ഞപ്പോള്‍ സഹസേവകരുടെ വെറുപ്പ് അപ്രത്യക്ഷമായി. യജമാനന്‍ അവളുടെ വിശ്വസ്തതയും സേവനസന്നദ്ധതയും മനസിലാക്കിയതിനാല്‍ ആ ഭവനത്തിലെ എല്ലാക്കാര്യങ്ങളുടെയും മേല്‍വിചാരിപ്പുകാരിയായി അവളെ നിയമിച്ചു. മാത്രവുമല്ല അവളുടെ ഭക്തി ഫാത്തിനെല്ലി കുടുംബത്തെ മുഴുവന്‍ വിശ്വാസത്തിന്റെ ഉണര്‍വിലേക്ക് നയിക്കുകയും ചെയ്തു. അലസരായിരുന്നുകൊണ്ടുള്ള ഭക്തി യഥാര്‍ത്ഥമല്ല എന്നവള്‍ കൂടെക്കൂടെ പറയുമായിരുന്നു. തന്റെ ജോലി ദൈവം തന്നതായിട്ടാണ് അവള്‍ കരുതിയിരുന്നത്. അതിനാല്‍ത്തന്നെ അത് ചെയ്തിരുന്നത് ദൈവത്തോടുള്ള സ്‌നേഹത്തെപ്രതിയായിരുന്നു. എല്ലാക്കാര്യങ്ങളിലും അവള്‍ യജമാനനെയും യജമാനത്തിയെയും അനുസരിച്ചു. അതൊരു പരിഹാരപ്രവൃത്തികൂടിയായി കരുതി. യജമാനന്റെ പ്രീതി സമ്പാദിക്കുന്നതിനുമുന്‍പും അതിനുശേഷവും അവളുടെ പ്രവൃത്തികള്‍ ഒരുപോലെയായിരുന്നു.

അങ്ങനെ അവള്‍ ഫാത്തിനെല്ലി കുടുംബത്തിന്റെ വിശ്വസ്ത സേവികയായി. സീത്താക്ക് വയസ് അറുപതായി. തന്നെ വിശുദ്ധീകരിക്കാന്‍ ദൈവകൃപ തേടിക്കൊണ്ട് അവള്‍ ദിനങ്ങള്‍ ചെലവഴിച്ചു. 1272 ഏപ്രില്‍ 27ന് ഒരുക്കത്തോടെ സ്വര്‍ഗീയപിതാവിന്റെയടുക്കലേക്ക് യാത്രയായപ്പോള്‍ ഫാത്തിനെല്ലി കുടുംബത്തില്‍ നീണ്ട 48 വര്‍ഷത്തെ സേവനം അവള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. അവളുടെ മരണശേഷം ആദ്യം അവളുടെ മാധ്യസ്ഥ്യം തേടാന്‍ തുടങ്ങിയത് ഫാത്തിനെല്ലി കുടുംബംതന്നെയാണ്. 1580 ല്‍ അവളുടെ മൃതശരീരം കല്ലറക്ക് പുറത്തെടുത്തപ്പോള്‍ അത് അഴുകാതെയിരിക്കുന്നതായി കണ്ടെത്തി. പില്ക്കാലത്ത് അവളുടെ മാധ്യസ്ഥ്യംവഴി സംഭവിച്ച 150 അത്ഭുതങ്ങള്‍ക്കുശേഷം 1696 ല്‍ അവളെ തിരുസഭ വിശുദ്ധയായി പ്രഖ്യാപിച്ചു. വീട്ടുജോലിക്കാരുടെ പ്രത്യേക മധ്യസ്ഥയായി സീത്താ വിശേഷിപ്പിക്കപ്പെടുന്നു. ഏപ്രില്‍ 27 നാണ് സഭ ഈ പുണ്യവതിയെ ഓര്‍ക്കുന്നത്.

വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ


'യോര്‍ക്കിന്റെ മുത്ത്' എന്നാണ് വിശുദ്ധ മാര്‍ഗരറ്റ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ മിഡില്‍ടണ്‍ ആണ് വിശുദ്ധയുടെ ജന്മസ്ഥലം. 1555ല്‍ പ്രൊട്ടസ്റ്റന്റ് മാതാപിതാക്കളുടെ മകളായിട്ടാണ് മാര്‍ഗരറ്റ് ജനിച്ചത്. പിതാവ് മെഴുകുതിരി നിര്‍മാതാവായിരുന്നു. 15-ാമത്തെ വയസില്‍ അവള്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ ജോണ്‍ ക്ലിതെറോയുടെ ഭാര്യയായി. കശാപ്പുകാരനായിരുന്നു ജോണ്‍, അതിനായി കാലികളെ വളര്‍ത്തുന്ന ജോലിയും ചെയ്തിരുന്നു. അദ്ദേഹം സ്‌നേഹമുള്ള ഭര്‍ത്താവായിരുന്നു. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ റോമന്‍ കത്തോലിക്കാ സമര്‍പ്പിതനായിരുന്നെങ്കിലും ജോണ്‍ പ്രൊട്ടസ്റ്റന്റ് അനുയായിയായിത്തന്നെ തുടര്‍ന്നു. ജോണിന്റെയും മാര്‍ഗരറ്റിന്റെയും ദാമ്പത്യത്തെ മൂന്ന് മക്കളെ നല്കി ക്കൊണ്ട് ദൈവം അനുഗ്രഹിച്ചു.

പ്രൊട്ടസ്റ്റന്റ് വിശ്വാസസംഹിതകള്‍ എപ്പോഴൊക്കെയോ അവളുടെ മനസ് അസ്വസ്ഥമാക്കിയിരുന്നിരിക്കണം. അതുകൊണ്ടായിരിക്കാം അവളും കത്തോലിക്കാ വിശ്വാസത്തില്‍ ആകൃഷ്ടയാകുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തത്. അ ക്കാലത്ത് ഇംഗ്ലണ്ടിലെ വടക്കുഭാഗത്ത് റോമന്‍ കത്തോലിക്കര്‍ പീഡനമേറ്റുകൊണ്ടിരിക്കുകയായിരുന്നു. മാര്‍ഗരറ്റ് അവരുടെ സുഹൃത്തായി. അവളുടെ ഒരു മകന്‍, ഹെന്റി സെമിനാരിയില്‍ ചേര്‍ന്നു. യോര്‍ക്കിലെ ഷാംബിളിലുള്ള തന്റെ ഭവനത്തില്‍ നിരന്തരം മാര്‍ഗരറ്റ് വിശുദ്ധ ബലികള്‍ ക്രമീകരിച്ചു. തന്റെ ഭവനത്തിന്റെയും അയല്‍ഭവനത്തിന്റെയും അടുത്തടുത്തുള്ള ഭിത്തിയില്‍ വലിയ ദ്വാരമുണ്ടായിരുന്നു. ഈ ദ്വാരം വഴി തന്റെ ഭവനത്തിലുണ്ടായിരുന്ന പുരോഹിതനെ അവള്‍ അയല്‍വീട്ടിലേക്ക് മാറ്റി ഒരു റെയ്ഡില്‍നിന്ന് രക്ഷിച്ചു.

അസാധാരണമായ ധീരതയോടെ...


1586ല്‍ കത്തോലിക്കാ വൈദികര്‍ക്ക് അഭയം നല്കിയതിന് മാര്‍ഗരറ്റ് അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കപ്പെട്ടു. ആ കേസില്‍ തന്റെ ഭാഗത്തുനിന്നൊരു വാദം മാര്‍ഗരറ്റ് വേണ്ടെന്നു വച്ചു. സാ ക്ഷി പറയുന്നതിന്റെ പേരില്‍ തന്റെ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനായിരുന്നു അവളങ്ങനെ ചെയ്തത്. മാര്‍ഗരറ്റ് മരണശിക്ഷക്ക് വിധിക്കപ്പെട്ടു. അധികം വൈകാതെ അവളുടെ മരണദിനം വന്നുചേര്‍ന്നു. അവളെ വിവസ്ത്രയാക്കി, ഒരു തൂവാല മുഖത്ത് കെട്ടി. ധീരതയോടെ മരണത്തെ നേരിടാന്‍ അവള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുള്ള, കൂര്‍ത്ത ഒരു പാറയുടെ മുകളില്‍ അവളെ കിടത്തിയിട്ട് അതിനുമുകളില്‍ ഒരു വാതില്‍ വച്ചു. പിന്നീട് അതിനുമുകളില്‍ ഓരോന്നോരോന്നായി കല്ലുകളും പാറകളും വച്ച് താങ്ങാനാകാത്ത ഭാരം ചെലുത്തിയപ്പോള്‍ അടിയില്‍ വച്ച പാറക്കഷണം മാര്‍ഗരറ്റിന്റെ മുതുക് തകര്‍ത്തു. അങ്ങനെ 15 മിനിറ്റിനുള്ളില്‍ മാര്‍ഗരറ്റ് ധീരമായി മരണം വരിച്ചു. അവിസ്മരണീയമയ ആ ദിനം ഒരു ദുഃഖവെള്ളിയാഴ്ചയായിരുന്നു. ഉത്ഥിതനായ കര്‍ത്താവിന്റെ മരണത്തെ ഓര്‍ക്കുന്ന ആ ദിവസംതന്നെ അവിടുത്തൊടൊപ്പമുള്ള നിത്യസന്തോഷത്തിലേക്ക് അവള്‍ പ്രവേശിച്ചു. ആ മൃതശരീരം അതിനുമുകളില്‍നിന്ന് ഭാരം നീക്കുന്നതുവരെ 6 മണിക്കൂര്‍ അവിടെത്തന്നെ കിടന്നു. പിന്നീട് അവളുടെ കൈ അടര്‍ത്തിയെടുത്ത് സൂക്ഷിച്ചു. ഇന്നും ആ തിരുശേഷിപ്പ് യോര്‍ക്കിലെ ഭാര്‍ മഠത്തിന്റെ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്നു.

ദൈവസ്‌നേഹത്തെപ്രതി ജീവിതം ബലിയായി നല്കാന്‍ അവള്‍ തയാറായി. ഈ ധീരത തിരുസഭയില്‍ വിശുദ്ധയായി നാമകരണം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് നയിച്ചു. നടപടികളെല്ലാം വിജയകരമായി പൂര്‍ത്തിയായതോടെ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും മറ്റ് രക്തസാക്ഷികള്‍ക്കൊപ്പം 1970ല്‍ മാര്‍ഗരറ്റ് ക്ലിതെറോയെയും സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. കാത്തലിക് വിമെന്‍സ് ലീഗിന്റെ പ്രത്യേക മധ്യസ്ഥയായ ഈ പുണ്യവതിയുടെ തിരുനാള്‍ദിനം മാര്‍ച്ച് 26 ആണ്. കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നുകൊണ്ട് തന്റെ ജീവന്‍വരെ കര്‍ത്താവിനോടുള്ള സ്‌നേഹത്തെപ്രതി ബലിയായി നല്കാന്‍ ധീരത പ്രകടിപ്പിച്ച ഈ പുണ്യവതിയുടെ മാതൃക നമ്മെ ആവേശം കൊള്ളിക്കട്ടെ.

Wednesday 17 October 2012

രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന


ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുള്‍ചെയ്ത ഈശോയെ ,രോഗികളോടും പീഡിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു.ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു .അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ ഔസേപ്പിതാവിന്‍റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോട് ( പേര് പറയുക ) കരുണ കാണിക്കണമേ .എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനു ഉപകരിക്കതക്കവിധം ക്ഷമയോടും സന്തോഷത്തോടും കൂടെ ശാന്തമായി സ്വീകരിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ .ഇയാളെ ( ഇവരെ ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ .രോഗികളുടെ ആശ്രയമായ ഈശോയെ ,ഈ സഹോദരന്‍റെ /സഹോദരിയുടെ പക്കല്‍ അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൌഖ്യവുംവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ .ആമ്മേന്‍

തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന


നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഉപജീവനം നേടണമെന്ന് ആദിമാതാപിതാക്കളോടു കല്പിച്ചരുളിയ ദൈവമേ ,അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു .അദ്ധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയുന്നവരെ ആശ്വസിപ്പിക്കുന്ന യേശുനാഥാ ,ലോകമെങ്ങും തൊഴില്‍ ചെയുന്നവരെയും അവര്‍ക്കു തൊഴില്‍ നല്‍കുന്നവരെയും ഞങ്ങള്‍ അങ്ങേക്കു കാഴ്ച വെക്കുന്നു .അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ .തൊഴിലുകളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്ക് ചുമതലാബോധവും സത്യസന്ധതയും നല്കണമേ .കുടുംബങ്ങളുടെ അഭിവൃദ്ധിക്കും രാജ്യപുരോഗതിക്കുമായി അവര്‍ ചെയുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ആശിര്‍വാദിക്കണമേ . ആരോഗ്യവും വിദ്യാഭ്യാസവുമുണ്ടായിട്ടും തൊഴില്‍ ലഭിക്കാതെ വലയുന്നവരെ അനുഗ്രഹിക്കണമേ .അവര്‍ക്കോരോരുത്തര്‍ക്കും അനുയോജ്യമായ ജോലി ലഭിക്കുവാന്‍ അങ്ങു തിരുമനസ്സാകണമേ . ഞങ്ങളുടെ പ്രാര്‍ത്ഥനാസഹായം തേടിയിട്ടുള്ള .......................വ്യക്തികളെ കരുണാപൂര്‍വ്വം കടാക്ഷിക്കണമേ .മാതാവിനോടും വളര്‍ത്തുപിതാവിനോടുമൊപ്പം അദ്ധ്വാനിച്ചു തൊഴിലിന്‍റെ മാഹാത്മ്യം ഞങ്ങളെ ഗ്രഹിപ്പിച്ച യേശുവേ ,തൊഴിലന്വേഷകരായ ഞങ്ങളുടെ സദുദ്യമങ്ങള്‍ സഫലമാക്കി ഞങ്ങളെ അനുഗ്രഹിക്കണമേ . ആമ്മേന്‍

Monday 15 October 2012

''പിതാവേ, അവരോടു ക്ഷമിക്കേണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല'' (ലൂക്കാ 23:34)


''പിതാവേ, അവരോടു ക്ഷമിക്കേണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല'' (ലൂക്കാ 23:34)
ഹൃദയവിശുദ്ധിയുള്ളവര്‍ക്കുമാത്രമേ ദൈവ ത്തെ കാണാനാവൂ. അതിനാല്‍ ദിവ്യബലി ആരംഭിക്കുന്നത് അനുരഞ്ജനപ്രാര്‍ത്ഥനയോടെയാണ്. പാപങ്ങളാല്‍ ദൈവവുമായുള്ള ബന്ധത്തില്‍ വീഴ്ച വന്ന നാം അവിടുന്നുമായി അനുരഞ്ജനപ്പെടേണ്ടതുണ്ടല്ലോ. യേശുവും അനുരഞ്ജനപ്രാര്‍ ത്ഥനയോടെയാണ് അവിടുത്തെ ബലി ആരംഭിക്കുന്നത്. ആ പ്രാര്‍ത്ഥനക്ക് നമ്മുടേതില്‍നിന്നും വ്യത്യാസമുണ്ട്. അവിടുത്തേക്ക് ഏറ്റുപറയാന്‍ പാപങ്ങളില്ല. ''നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും?'' (യോഹ. 8:46) അതിനാല്‍ അവിടുത്തെ അനുരഞ്ജനപ്രാര്‍ത്ഥന തന്റെ പാപങ്ങള്‍ക്കുവേണ്ടിയുള്ളതല്ല, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടാന്‍ വേണ്ടിയുള്ളതാണ്.

മറ്റുള്ളവരാണെങ്കില്‍ അവരുടെ കൈകളിലും കാലുകളിലും ആണികള്‍ തുളഞ്ഞുകയറുമ്പോള്‍ അലറിവിളിക്കുകയും ശപിക്കുകയും ചെയ്‌തേനേ. പക്ഷേ, തന്റെ കൊലപാതകികളോട് പ്രതികാരം ചെയ്യണമെന്ന ഒരു അപേക്ഷപോലും യേശുവിന്റെ അധരങ്ങളില്‍നിന്ന് വരുന്നില്ല; തന്റെ വേദനകള്‍ സഹിക്കാനുള്ള ശക്തിക്കുവേണ്ടിയുള്ള ഒരു പ്രാര്‍ ത്ഥനപോലും ഉരുവിടുന്നില്ല. പകരം കഠിനമായ ആ സങ്കടത്തിന്റെ നിമിഷത്തില്‍, ''പിതാവേ, അവരോടു ക്ഷമിക്കേണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല'' (ലൂക്കാ 23:34) എന്ന അനുരഞ്ജനപ്രാര്‍ത്ഥന ഉരുവിടുന്നതുവഴി ദൈവത്തിന്റെ അത്ഭുതകരമായ സ്‌നേഹത്തിന്റെ ഉയരത്തെയും ആഴത്തെയും വീതിയെയുംകുറിച്ച് വെളിവാക്കു ന്നു. അതെ, അവതാരം ചെയ്ത സ്‌നേഹം മുറിവ് മറക്കുന്നു, വേദന മറക്കുന്നു.

എന്നോട് ക്ഷമിക്കണമേ എന്ന് ക്രിസ്തു പറയുന്നില്ല, പകരം അവരോട് ക്ഷമിക്കണമേ എന്നാണ് പറയുന്നത്. മരണത്തിന്റെ നിമിഷത്തില്‍ മുഖംമൂടികള്‍ വീണുപോവുകയും നാം പച്ചയായ മനുഷ്യരായിത്തീരുകയും ചെയ്യും. അതിനാല്‍ ആ സമയത്ത് നമ്മുടെ പാപങ്ങള്‍ മനഃസാക്ഷിയെ വേദനിപ്പിക്കുമ്പോള്‍ അറിയാതെതന്നെ അവ ഏറ്റുപറയും. ചരിത്രത്തില്‍ ഇതുവരെയും ആരും സഹിച്ചിട്ടില്ലാത്ത രീതിയിലുള്ള ക്രിസ്തുവിന്റെ ആ മരണവേദനയുടെ നിമിഷത്തിലും അനുതാപത്തിന്റെ ഒരു തേങ്ങല്‍പോലും അവിടുത്തെ അധരങ്ങളില്‍നിന്ന് വരുന്നില്ല. അവിടുന്ന് പാപികളുമായി ബന്ധമുള്ളവനായിരുന്നു. എന്നാല്‍, പാപവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മരണത്തിലും അതുപോലെതന്നെ ജീവിതത്തിലും, തന്റെ സ്വര്‍ഗീയപിതാവിനോട് നിറവേറ്റിയിട്ടില്ലാത്ത ഒരു ജോലിയെക്കുറിച്ചുപോലും അവിടുത്തേക്ക് ഓര്‍ക്കാനില്ലായിരുന്നു.

പാപബോധത്തിന്റെ അഗാധതയില്‍നിന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്: പക്ഷേ തന്റെ ഉള്ളിന്റെയുള്ളിലെ നിശബ്ദതയില്‍നിന്ന് അവിടുന്ന് നിശബ്ദത പാലിക്കുന്നു. 'അവരോടു ക്ഷമിക്കേണമേ' എന്ന ആ ഒരേയൊരു വാക്കുമതി അവിടുന്ന് ദൈവപുത്രനാണെന്ന് തെളിയാന്‍.

പാപത്തെ നിഷേധിക്കുന്ന ലോകം
''അവര്‍ ചെയ്യുന്നതെന്താണെന്ന് അവരറിയുന്നില്ല'' എന്ന് പ്രാര്‍ത്ഥിക്കുന്നതിന്റെ സാഹചര്യം ശ്രദ്ധിക്കുക. ആരെങ്കിലും മുറിവേല്പിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്താല്‍ നാം പറയും, ''അവര്‍ നന്നായി അറിയണമായിരുന്നു.'' എന്നാല്‍, നാം ദൈവത്തിനെതിരായി പാപം ചെയ്താല്‍ നമ്മുടെ അറിവില്ലായ്മ പൊറുക്കാന്‍ അവിടുന്ന് ഒരു ഒഴിവുകഴിവ് കണ്ടെത്തുന്നു.

ദുഖവെള്ളിയാഴ്ചയിലെ ക്രിസ്തുവിന്റെ ബലിയില്‍ കുരിശില്‍നിന്ന് വീണ തിരുരക്തത്തുള്ളികള്‍ വീണുപോയ മാലാഖമാരുടെ ആത്മാവിനെ സ്പര്‍ശിക്കുന്നില്ല. എന്തുകൊണ്ട്? കാരണം, അവര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നു. രണ്ടും രണ്ടും നാല് ആണെന്ന ഉറപ്പുള്ള വിധത്തില്‍ പ്രവൃത്തികളുടെ അനന്തരഫലങ്ങളെപ്പറ്റി അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇത്തരത്തിലുള്ള സത്യങ്ങള്‍ മനസിലാക്കിയാല്‍ പിന്നീടത് തിരിച്ചെടുക്കാന്‍ കഴിയില്ല. അവ അസാധുവാക്കാനാവാത്തതും നിത്യവുമാണ്. അതിനാല്‍, സര്‍വശക്തനായ ദൈവത്തെ എതിര്‍ക്കാ ന്‍ അവര്‍ തീരുമാനിച്ചപ്പോള്‍, പിന്നീട് ആ തീരുമാനം മാറ്റാനാവില്ലല്ലോ. ചെയ്യുന്നതെന്താണെന്ന് അവര്‍ വ്യക്തമായി അറിഞ്ഞിരുന്നതുകൊണ്ട് അവര്‍ക്ക് ഇനിയും രക്ഷ പ്രതീക്ഷിക്കാനാവില്ല.

നമ്മെ സംബന്ധിച്ച് അത് വ്യത്യസ്തമാണ്. പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ മാലാഖമാര്‍ കാണു ന്നത്ര വ്യക്തമായി നാം കാണുന്നില്ല. നാം അതിനെക്കാള്‍ ദുര്‍ബലരാണ്, അറിവില്ലാത്തവരാണ്. എങ്കിലും, നമ്മുടെ അഹങ്കാരത്തിന്റെ ഓരോ പാപവും ക്രിസ്തുവിന്റെ ശിരസിന് ഒരു മുള്‍ക്കിരീടം മെനയുന്നു; ദൈവികകല്പനകളുടെ ഓരോ നിഷേധവും, അവന് നിഷേധത്തിന്റെ ചിഹ്നം, കുരിശ്, ഉണ്ടാക്കുന്നു; വെട്ടിപ്പിടിക്കുന്ന അത്യാഗ്രഹത്തിന്റെ ഓരോ പ്രവൃത്തിയും അവിടുത്തെ കൈകളില്‍ ആണി തറക്കുന്നു. പാപത്തിന്റെ വഴികളിലൂടെയുള്ള ഓരോ യാത്രയും അവിടുത്തെ പാദത്തെ കുത്തിത്തുളക്കുന്നു. ദൈവം എത്ര നല്ലവനാണെന്ന് അറിയുകയും പാപം ചെയ്യുന്നത് തുടരുകയും ചെയ്യുന്നുവെങ്കില്‍, നാമൊരിക്കലും രക്ഷിക്കപ്പെടുകയില്ല. കാരണം, നമ്മുടെ അറിവില്ലായ്മയാണ് കുരിശില്‍ കിടന്നുകൊണ്ടുള്ള ''പിതാവേ, അവരോടു ക്ഷമിക്കേണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല''എന്ന അവിടുത്തെ അനുരഞ്ജനപ്രാര്‍ത്ഥനയുടെ സ്വാധീനവലയത്തിനകത്ത് നമ്മെ കൊണ്ടുവരുന്നത്.

ഈ വാക്കുകള്‍ നമ്മുടെ ആത്മാവില്‍ ആഴത്തില്‍ പതിയണം. അവ പാപം തുടരുന്നതിനുള്ള ഒരു ഒഴിവുകഴിവ് ആകുന്നില്ല, അനുതാപത്തിലേക്കും പരിഹാരത്തിലേക്കുമുള്ള ഒരു പ്രചോദനമാണത്. പാപത്തിന്റെ നിരസനമല്ല അനുരഞ്ജനം. കര്‍ത്താവ് പാപത്തിന്റെ ഭീകരമായ സത്യം നിഷേധിക്കുന്നില്ല, അവിടെയാണ് ആധുനികലോകത്തിന് തെറ്റിപ്പോകുന്നത്. അത് പാപത്തെ വിശദീകരിക്കുന്നു: പരിണാമപ്രക്രിയയിലെ ഒരു വീഴ്ചയായി പാപത്തെ കാണുന്നു. ഒറ്റവാക്കില്‍, ആധുനികലോകം പാപത്തെ നിഷേധിക്കുന്നു. പക്ഷേ, എല്ലാ യാഥാര്‍ത്ഥ്യങ്ങളിലുംവച്ച് ഏറ്റവും ഭീകരമാണ് പാപമെന്ന് കര്‍ത്താവ് ഓര്‍മപ്പെടുത്തുന്നു. അല്ലെങ്കില്‍ അത് എന്തുകൊണ്ടാണ് പാപമില്ലാത്തവന് കുരിശ് നല്കുന്നത്? എന്തുകൊണ്ടാണ് അത് നിഷ്‌കളങ്കരക്തം ചിന്തുന്നത്? എന്തുകൊണ്ടാണ് അതിന് ഭീകരമായ കൂട്ടുകെട്ടുകളുള്ളത്? എന്തുകൊണ്ടാണ് അത് അരൂപിയുടെ തലത്തില്‍നിന്ന് ഇപ്പോള്‍ സ്വയം ഉയര്‍ത്തി രൂപമുള്ളതായി സ്വയം മാറ്റിക്കൊണ്ട് നിഷ്‌കളങ്കതയെ നിന്ദാപാത്രമായി ആണി തറക്കുന്നത്? അതിഭൗതികമായ ഒന്നിന് അത് സാധിക്കുകയില്ല. പക്ഷേ പാപം നിറഞ്ഞ ഒരു മനുഷ്യന് സാധിക്കും.

അവിടുന്ന് തന്റെമേല്‍ പ്രതികാരം തീര്‍ക്കാന്‍ പാപത്തെ അനുവദിച്ചത് നമ്മള്‍ എന്നും അതിന്റെ ഭീകരത മനസിലാക്കാനാണ്. ഇനിയും പാപത്തിന്റെ നിരസനമില്ല, അതിന്റെ എല്ലാ ഭീകരതയോടുംകൂടെ, അതിന് ഇരയായവന്‍ പൊറുക്കുന്നു. ആ പ്രവൃത്തിയില്‍ ദൈവികമായ ക്ഷമയുടെ മുദ്രയുണ്ട്. സഹിച്ച ഇരയാണ് ക്ഷമിക്കുന്നത്. ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ അഭയത്തില്‍ ഏറ്റവും മോശമായ പാപിക്കു നില്ക്കാനാകും; ലോകത്തെ നശിപ്പിക്കുമെന്ന് ഭീതിപ്പെടുത്തുന്ന പ്രതികാരത്തിന്റെ തിരകളെ തിരിച്ചുവിടാനുള്ള ശക്തി ആ രക്തത്തിലുണ്ട്. സ്‌നേഹത്തിന്റെ ആഴം നിമിത്തം പാപികളായ മനുഷ്യര്‍ക്കുവേണ്ടി കഠിനവേദനകള്‍ പരാതിയില്ലാതെ സഹിക്കുകയും തന്നെ ക്രൂശിലേറ്റിയവരോട് ക്ഷമിക്കണമേ എന്ന് പിതാവിനോട് അപേക്ഷിക്കുകയും ചെയ്ത യേശുവിന്റെ രക്തത്തിന് അതിലുമേറെ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും.

പാപത്തെ ലോകം നിങ്ങള്‍ക്ക് വിശദീകരിച്ചുതരും. എന്നാല്‍, ക്ഷമിക്കപ്പെട്ട പാപത്തിന്റെ ദൈവികമായ വൈരുദ്ധ്യം കാല്‍വരിയില്‍മാത്രമേ അനുഭവിക്കാനാവൂ. പാപത്തിന്റെ ഏറ്റവും മോശമായ പ്രവൃത്തിയെ കുരിശില്‍, ലോകം ഒരിക്കലും കേട്ടിട്ടില്ലാത്ത ഏറ്റവും മാന്യമായ പ്രവൃത്തിയും ഏറ്റ വും മധുരമായ പ്രാര്‍ത്ഥനയുമായി (''പിതാവേ, അവരോടു ക്ഷമിക്കേണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല'') രൂപാന്തരപ്പെടുത്തി. 'ക്ഷമിക്കേണമേ' എന്ന വാക്ക് കുരിശില്‍നിന്നാണ് പുറപ്പെട്ടത്. രക്തം ചിന്തി ആ പാപക്ഷമ നേടിയെടുത്ത രക്ഷകന്‍ അത് സമയവും കാലവും കടന്ന് ലോകത്തിന്റെ പൂര്‍ത്തീകരണംവരെ ദീര്‍ഘിക്കാ ന്‍ വഴികള്‍ കണ്ടുവച്ചു. അവിടുന്ന് അപ്പസ്‌തോലന്‍മാരോട് പറഞ്ഞു, ''നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും'' (യോഹ. 20:23). ഇന്ന് ലോകത്തി ല്‍ അപ്പസ്‌തോലന്‍മാരുടെ പിന്‍ഗാമികള്‍ക്ക് ക്ഷമിക്കാന്‍ അധികാരമുണ്ട്. മനുഷ്യന് എങ്ങനെ പാപം ക്ഷമിക്കാന്‍ കഴിയും എന്ന് നാം ചോദിച്ചേക്കാം. കാരണം, മനുഷ്യന് പാപം ക്ഷമിക്കാനാവില്ല. പ ക്ഷേ, ദൈവത്തിന് മനുഷ്യരിലൂടെ പാപം ക്ഷമിക്കാന്‍ കഴിയും. ആ രീതിയിലല്ലേ കുരിശില്‍ അവിടുന്ന് ക്ഷമിച്ചത്.

ഹൃദയം ഒളിഞ്ഞുകിടന്ന പെട്ടിയുടെ കഥ

അവഗണിക്കപ്പെട്ടുകിടന്ന ഒരു പെട്ടിയുടെ കഥ നിങ്ങള്‍ കേട്ടിരിക്കും. അത് വിലയില്ലാത്തതെന്ന് പരിഹസിക്കപ്പെട്ടതായിരുന്നു; ഒരു ദിവസം അത് തുറക്കപ്പെടുകയും അതില്‍ ഒരു മനുഷ്യന്റെ ഹൃദയം ഇരിക്കുന്നതായി കാണുകയും ചെയ്തു. എല്ലാ കത്തോലിക്കാ സഭകളിലും ഈ പെട്ടിയുണ്ട്. നമുക്ക് അതിനെ കുമ്പസാരക്കൂടെന്ന് വിളിക്കാം. അത് അവഗണിക്കപ്പെടുകയും പലരാലും പരിഹസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അതില്‍ വൈദികന്റെ ഉയര്‍ത്തിയ കരങ്ങളിലൂടെ പാപികളോട് ക്ഷമിക്കുന്ന ക്രിസ്തുവിന്റെ ക്ഷമിക്കുന്ന ഹൃദയം ഉണ്ട്. ആകെ ഒരു ക്ഷമയേ ഉള്ളൂ, അത് ദൈവത്തിന്റെ ക്ഷമയാണ്. ക്ഷമക്കുവേണ്ടി കുരിശില്‍നിന്നുയര്‍ന്ന ആ നിലവിളിയോട് നാം ട്യൂണ്‍ ചെയ്യുന്ന ഇടം കുമ്പസാരക്കൂടാണ്.

കുറ്റം നിഷേധിക്കുന്നതിനു പാപം അംഗീകരിക്കുകയും പാപക്ഷമ ചോദിക്കുകയും ചെയ്യുമോ? അസ്വസ്ഥമായ മനഃസാക്ഷിയുള്ളവര്‍ ഔഷധത്തിന്റെ തലത്തിലല്ല, ദൈവികനീതിയുടെ തലത്തില്‍ ആശ്വാസം തേടുമോ? അവരുടെ മനസിന്റെ ഇരുണ്ട രഹസ്യങ്ങള്‍ സ്വന്തം ആശ്വാസത്തിനല്ല, വിശുദ്ധീകരണത്തിനായി തുറന്നുപറയുമോ? നിശബ്ദതയില്‍ മിഴിനീര്‍ത്തുള്ളികള്‍ പൊഴിക്കുന്ന പാവം മനുഷ്യര്‍ വിമോചനം നല്കുന്ന ഒരു കരം അവ തുടച്ചുകളയാനുണ്ടെന്ന് കണ്ടെത്തുമോ?

ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തം ആത്മാ വ് നഷ്ടമായിപ്പോകുന്നതാണ്. ക്ഷമിക്കപ്പെട്ട പാപത്തിന്റെ സമാധാനം നഷ്ടമാകുന്നതിനെക്കാള്‍ വലിയ ദുരന്തം എന്താണുള്ളത്? നമ്മുടെ അയോഗ്യതയെക്കുറിച്ചുള്ള നിലവിളി അള്‍ത്താരയുടെ ചുവട്ടിലുള്ള അനുരഞ്ജനപ്രാര്‍ത്ഥനയാണ്: പാപപ്പൊറുതിയുടെയും വിമോചനത്തിന്റെയും പ്രതീക്ഷയാണ് കുരിശില്‍നിന്നുള്ള അനുരഞ്ജനപ്രാര്‍ത്ഥന. നമ്മുടെ കര്‍ത്താവിന്റെ മുറിവുകള്‍ അതിഭീകരങ്ങളാണ്. ഏറ്റവും വലിയ മുറിവ് നാമാണ് അതിനെല്ലാം കാരണമായതെന്ന ആദരവില്ലായ്മക്കായിരിക്കും. അനുരഞ്ജനപ്രാര്‍ത്ഥനക്ക് അതില്‍നിന്നെല്ലാം നമ്മെ രക്ഷിക്കാന്‍ കഴിയും. കാരണം, ക്ഷമിക്കപ്പെടേണ്ട ചിലത് ഉണ്ടെന്നുള്ള അംഗീകരിക്കലാണത്.

ഒരു കന്യാസ്ത്രീയെക്കുറിച്ച് പറയപ്പെടുന്ന കഥ ഇങ്ങനെയാണ്, അവര്‍ ഒരു ദിവസം ചാപ്പലിലുള്ള കര്‍ത്താവിന്റെ ചിത്രം തുടക്കുകയായിരുന്നു. അതിനിടക്ക് അത് കൈയില്‍നിന്ന് തെന്നി തറയില്‍ വീണു. കേടൊന്നും പറ്റിയില്ലെങ്കിലും താഴെനിന്ന് എടുത്ത് അവരത് ചുംബിച്ചു, എന്നിട്ട് അത് യഥാസ്ഥാനത്ത് വച്ചു കൊണ്ട് പറഞ്ഞു, ''അങ്ങ് താഴെ വീണില്ലായിരുന്നെങ്കില്‍ അങ്ങേക്കൊരിക്കലും ഇത് ലഭിക്കില്ലായിരുന്നു.'' നമ്മുടെ കര്‍ത്താവിന് നമ്മെക്കുറിച്ചും അതേരീതിയില്‍ തോന്നുകയില്ലേ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. നാമൊരിക്കലും പാപം ചെയ്തിട്ടില്ലായിരുന്നെങ്കില്‍, ഒരിക്കലും അവിടുത്തെ രക്ഷകന്‍ എന്ന് വിളിക്കുകയില്ലായിരുന്നു. നാം പാപം ചെയ്തതിനാല്‍ പാപക്ഷമ നമുക്ക് ആവശ്യമുണ്ട്, അത് നല്കാന്‍ രക്ഷകന്‍ നമ്മെ കുമ്പസാരക്കൂട്ടില്‍ കാത്തിരിക്കുന്നു.

Sunday 14 October 2012

മാതാവിന്റെ പ്രധാനപെട്ട തിരുനാളുകള്‍

മാതാവിന്റെ പ്രധാനപെട്ട തിരുനാളുകള്‍


സൂം ചെയ്യാനായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Wednesday 3 October 2012

കുടുംബത്തെയും തലമുറകളേയും രക്ഷിക്കുന്ന കുമ്പസാരം


ആത്മാര്‍ത്ഥമായ ഒരു കുമ്പസാരത്തിന് വരുംതലമുറകളെവരെ രക്ഷിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയണം.

ഒന്ന് കുമ്പസാരിക്കാന്‍ എനിക്കൊരിടം വേണം.സാന്ത്വനം പകരുന്ന ഒരു നെഞ്ചിന്റെ ചൂട്, സാരമില്ലെന്ന് ആശ്വസിപ്പിക്കാന്‍ ഒരു തലോടല്‍.അല്ലെങ്കില്‍ കണ്ണീരുകൊണ്ട് കഴുകി ചുംബനം കൊണ്ട് തുടയ്ക്കാന്‍ വിശുദ്ധമായ പാദം.

അങ്ങനെയാണ് മേരി, വഴിതെറ്റിപ്പോയ അവള്‍ ഗുരുവിനെ തേടിയെത്തിയത്. അവന്‍ ആ നാട്ടിന്‍പുറങ്ങളില്‍ എന്നുമുണ്ടായിരുന്നു. മുഴങ്ങുന്ന അവന്റെ വചനങ്ങള്‍ക്ക് കാതോര്‍ത്തു പുരുഷാരങ്ങളും. എന്നിട്ടും മേരി അവനെ കണ്ടില്ല.

ഇന്നലെ വരെ എല്ലാവരും മേരിയെത്തേടി എത്തുകയായിരുന്നു.
ഇന്ന് ആദ്യമായി മേരി ഒരാളെ തേടിയെത്തിയിരിക്കുന്നു. ആ വൈകുന്നേരം കഥയാകെ മാറുകയാണ്. ഒരു പൂര്‍ണ കുമ്പസാരം. ഒരുപാട് ഇടറിപ്പോയ അവളുടെ ആദ്യകുമ്പസാരം. അവള്‍ അധികമൊന്നും പറഞ്ഞില്ല. പറഞ്ഞതിലേറെ കരഞ്ഞു. എല്ലാം അറിയുന്ന ദൈവം അവളുടെ പാപം കണ്ടു. അതിനപ്പുറം അനുതപിക്കുന്ന അവളുടെ ഹൃദയം കണ്ടു. ആ ഹൃദയത്തിനുള്ളില്‍ വിശുദ്ധി കണ്ടു. സുവിശേഷം ഈ കണ്ടുമുട്ടല്‍ കോറിയിടുന്നത് ഇങ്ങനെ:
''അവന്‍ ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണത്തിന് ഇരിക്കവേ, ഒരു വെണ്‍ കല്‍ഭരണി നിറയെ വിലയേറിയ ശുദ്ധ നാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ഭരണി തുറന്ന് അത് അവന്റെ ശിരസില്‍ ഒഴിച്ചു'' (മര്‍ക്കോസ് 14:3).

ലൂക്കാ സുവിശേഷകന്‍ കുറച്ചുകൂടി നാടകീയതയോടെ ഈ രംഗം വിവരിക്കുന്നതിങ്ങനെ: ''അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ട് നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു''(ലൂക്കാ 7:38).

ഇത്രയും മനോഹരമായി നിങ്ങളും ഞാനും കുമ്പസാരിച്ചിട്ടില്ല. നമ്മുടെ പാപസങ്കീര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥത കുറഞ്ഞ വാചകങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. കണ്ണുനീര്‍ വീഴാത്ത കുമ്പസാരക്കൂടുകള്‍ ദൈവത്തിന്റെ ഹൃദയം തുറക്കാന്‍ പര്യാപ്തമാണോ എന്ന് പലകുറി ചിന്തിക്കണം നമ്മള്‍.
ഈ ആദ്യകുമ്പസാരത്തിന് സാക്ഷികളായവരോട് ക്രിസ്തു പറഞ്ഞു.

''ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്പം സ്‌നേഹിക്കുന്നു'' (ലൂക്കാ 7:47).
കുമ്പസാരം കഴിഞ്ഞു; ഇനി പാപമോചനം.

''അവന്‍ അവളോട് പറഞ്ഞു. നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു'' (ലൂക്കാ 7:48).
പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ക്ക് പ്രതിഫലം സമാധാനം. ഹൃദയത്തിന്റെ നീറ്റല്‍ അവസാനിച്ചിരിക്കുന്നു. ഈ സായന്തനത്തിന് എന്ത് ഭംഗി! ലോകം കുറേക്കൂടി മനോഹരമായതുപോലെ..
ഉള്ളില്‍ കുടിപാര്‍ത്തിരുന്ന സാത്താന്‍ പടിയിറങ്ങിപ്പോയിരിക്കുന്നു. ശരീരം എന്ന വാക്കിന് പുതിയൊരു അര്‍ത്ഥം.
ദൈവത്തിന്റെ ആലയം. മനസ് നിര്‍മലമായ ഒരു ശ്രീകോവില്‍; അവിടെ ദൈവസ്‌നേഹത്തിന്റെ മന്ത്രണം. ഇത് പുതിയൊരു മേരി. പുതിയ വിശുദ്ധ.
''അവന്‍ അവളോട് പറഞ്ഞു. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക'' (ലൂക്കാ 7:50).
ഓരോ കുമ്പസാരക്കൂടും ഇനി വിശുദ്ധിയില്‍ പുനര്‍ജനിക്കാനുള്ള സങ്കേതങ്ങള്‍. ഓര്‍മിക്കുക, ഉള്ളില്‍ ദൈവത്തോടുള്ള സ്‌നേഹം നിറയാത്ത കുമ്പസാരങ്ങള്‍ വെറും ഏറ്റുപറച്ചിലുകള്‍ മാത്രമായി തരംതാഴ്ന്നുപോകാം. അതുകൊണ്ട്, ഉള്ളുലയുന്ന കുമ്പസാരങ്ങള്‍ക്ക് ഇനി ഹൃദയം ഒരുക്കുക.

ബൈബിള്‍ മറ്റൊരു പെണ്ണിനെ കാട്ടിത്തരുന്നുണ്ട്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരുവള്‍; മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട സ്ത്രീ. അവള്‍ക്കുപിന്നില്‍ ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടമുണ്ട്. ഒരൊറ്റ വാക്കുകൊണ്ട് ക്രിസ്തു പുരുഷാരത്തെ മടക്കി. ''നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ''(യോഹ. 8:7).
അവിടെ അരങ്ങേറുകയാണ് മറ്റൊരു കുമ്പസാരം. ദൈവത്തിനു മുന്നില്‍ തലകുമ്പിട്ടുനില്ക്കുന്ന ഒരു സ്ത്രീ. യേശു പറഞ്ഞു. ''ഞാനും നിന്നെ വിധിക്കുന്നില്ല. പോയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്'' (യോഹ. 8:11).

മറ്റൊരാളെ ക്രിസ്തു വീട്ടില്‍ച്ചെന്ന് കുമ്പസാരിപ്പിക്കുന്നു. അക്കാലം വരെയും സമ്പത്ത് മാത്രം ദൈവം എന്ന് കരുതിയിരുന്ന ഒരാള്‍. പേര് സക്കേവൂസ്. ഒരല്‍പം പൊക്കം മാത്രമായിരുന്നു അയാള്‍ക്ക് കുറവ്. ക്രിസ്തു എന്ന അവധൂതനെ അടുത്തുകാണാന്‍ മരത്തില്‍ കയറുകയാണ് അയാള്‍. ഇലച്ചാര്‍ത്തിനിടയില്‍ ഒളിച്ചിരുന്നിട്ടും ക്രിസ്തു അയാളെ കാണാതിരുന്നില്ല.
അവന്‍ അയാളെ കണ്ടു, വിളിച്ചു, രക്ഷിച്ചു.
''സക്കേവൂസ്, വേഗം ഇറങ്ങിവരിക, ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു''
(ലൂക്കാ 19:5).

സക്കേവൂസിന് സ്വീകാര്യമായിരുന്നു അത്. ക്രിസ്തുവിന്റെ ഒരൊറ്റ വാക്കില്‍ സക്കേവൂസ് അനുതപിച്ചു.
സക്കേവൂസ് എഴുന്നേറ്റ് പറഞ്ഞു. '' കര്‍ത്താവേ, ഇതാ എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ച് എടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു'' (ലൂക്കാ 19:8).
പശ്ചാത്താപം മാത്രമായിരുന്നില്ല അത്. പ്രായശ്ചിത്തവും ഉടനടി ചെയ്തു. പാപിയായ സക്കേവൂസ് ഇതാ, രക്ഷിക്കപ്പെട്ടവരുടെ ഗണത്തില്‍ എത്തിയിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ കുമ്പസാരം.
യേശു അവനോട് പറഞ്ഞു. ''ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു'' (ലൂക്കാ 19:9).
ഓര്‍മിക്കുക, നിന്റെ കുമ്പസാരം നിന്റെ കുടുംബത്തെയും തലമുറകളെയും രക്ഷിക്കും.
മറ്റൊരു ചുങ്കം പിരിവുകാരന്‍; പേര് ലേവി. ക്രിസ്തു അവനെ സ്വന്തം കൂട്ടത്തില്‍ ചേര്‍ത്തുനിര്‍ത്തി. ശിഷ്യരില്‍ ഒരാളായി. വിചിത്രമായ മറ്റൊരു കുമ്പസാരം യോഹന്നാന്‍ വരച്ചുകാട്ടുന്നുണ്ട്. യേശു സമരിയായിലൂടെ കടന്നുപോവുകയാണ്. യാക്കോബിന്റെ കിണര്‍ ആ ഗ്രാമത്തിലാണ്. അവിടെയും പാപത്തില്‍ ജീവിച്ച ഒരുവള്‍ ക്രിസ്തുവിനെ കണ്ടുമുട്ടുന്നുണ്ട്.
യേശു അവളുടെ ഉള്ളം കണ്ടു. അവള്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു. മാത്രമല്ല, സുവിശേഷം സമരിയായില്‍ അറിയിക്കുന്നതും അവളാണ്.
കുമ്പസാരം ഏറ്റുപറച്ചിലാണ്. അനുരഞ്ജനം ആണ്. അതുകൊണ്ടാണ്, സ്‌നാപകയോഹന്നാന്‍ ജോര്‍ദാനില്‍ മാമോദീസ സ്വീകരിച്ചവരോട് പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിച്ചത്.
''യൂദയാ മുഴുവനിലെയും ജറുസലേമിലെയും ജനങ്ങള്‍ അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍ വച്ച് സ്‌നാനം സ്വീകരിച്ചു''. (മര്‍ക്കോസ് 1:5).
ആദിമ ക്രൈസ്തവ സമൂഹത്തിലും കുമ്പസാരം പ്രധാനപ്പെട്ട ഒന്നായിരുന്നു. ''കൂടാതെ, വിശ്വാസം സ്വീകരിച്ച പലരും വന്നു, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ് കുറ്റം സമ്മതിച്ചു'' (അപ്പ. പ്രവ. 19:18).
രോഗം സൗഖ്യപ്പെടാന്‍ പാപം ഏറ്റുപറയുക അനിവാര്യമാണ്. യാക്കോബ് ശ്ലീഹ ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ''നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്'' (യാക്കോബ് 5:16).
പാപിയില്‍നിന്ന് നീതിമാനിലേക്ക് ഒരു കുമ്പസാരക്കൂടിന്റെ അകലം മാത്രം. യോഹന്നാന്‍ നമ്മോട് പറയുന്നു. ''നാം പാപങ്ങള്‍ ഏറ്റുപയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളില്‍നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും'' (1 യോഹ: 1:9).
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22