അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Thursday 20 December 2012

പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ


1 
ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രന്‍ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.
2
നീ അവന്നു നല്കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ.
3
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു.
4
ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്!വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
5
ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ.
6
നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കു ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
7
നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കല്‍ നിന്നു ആകുന്നു എന്നു അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു.
8
നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കു കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു ഞാന്‍ നിന്റെ അടുക്കല്‍ നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
9
ഞാന്‍ അവര്‍ക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകകൊണ്ടു അവര്‍ക്കു വേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നതു.
10
എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു.
11
ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ.
12
അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല.
13
ഇപ്പോഴോ ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു; എന്റെ സന്തോഷം അവര്‍ക്കു ഉള്ളില്‍ പൂര്‍ണ്ണമാകേണ്ടതിന്നു ഇതു ലോകത്തില്‍വെച്ചു സംസാരിക്കുന്നു.
14
ഞാന്‍ അവര്‍ക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
15
അവരെ ലോകത്തില്‍ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നതു.
16
ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
17
സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
18
നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
19
അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്നു ഞാന്‍ അവര്‍ക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
20
ഇവര്‍ക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്കു വേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു.
21
നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ.
22
നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്നു;
23
നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്‌നേഹിക്കുന്നതുപോലെ അവരെയും സ്‌നേഹിക്കുന്നു എന്നും ലോകം അറിവാന്‍, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
24
പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്‌നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
25
നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
26
നീ എന്നെ സ്‌നേഹിക്കുന്ന സ്‌നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്റെ നാമം അവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.



യോഹന്നാന്റെ സുവിശേഷം പതിനേഴാം അധ്യായം മുഴുവനും യേശു പിതാവിന്റെ മുമ്പില്‍ നടത്തുന്ന ഒരു പ്രാര്‍ത്ഥനയാണ്. ഈ പ്രാര്‍ത്ഥന കഴിഞ്ഞ ഉടനെ യേശുവിന്റെ പീഡാസഹനം ആരംഭിക്കുകയാണ്. യേശു ഈ പ്രാര്‍ത്ഥനയില്‍ പ്രത്യേകം പരാമര്‍ശിക്കുന്ന ചില വ്യക്തികള്‍ ഉണ്ട്: പിതാവ്, യേശു, ഇവര്‍, ലോകം, ദുഷ്ടര്‍. ഇവര്‍ എന്നു പറഞ്ഞാല്‍, യേശുവില്‍ വിശ്വസിക്കുകയും യേശുവിന്റെ വചനം അനുസരിച്ച് ജീവിക്കുകയും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യര്‍. ലോകം എന്നുവച്ചാല്‍, ദൈവത്തില്‍ വിശ്വസിക്കുകയോ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയോ ചെയ്യാത്ത മനുഷ്യര്‍.
ഈ രണ്ട് കൂട്ടരും ഇടകലര്‍ന്നാണ് ജീവിക്കുന്നത്. ആകെയുള്ള മനുഷ്യരില്‍, ഇവര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ എണ്ണത്തില്‍ കുറവും ലോകം എന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ എണ്ണത്തില്‍ കൂടുതലുമാണ്. അതിനാല്‍, ഇവര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ ലോകം എന്ന വിഭാഗത്തില്‍ പെടുന്നവരുടെ സ്വാധീനത്തില്‍ പെട്ടുപോകുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതുകൊണ്ടാണ് തന്നെ വിശ്വസിക്കുന്നവരെ ലോകത്തില്‍നിന്ന്, ദുഷ്ടരില്‍നിന്ന് കാത്തുകൊള്ളണം എന്ന് യേശു പ്രാര്‍ത്ഥിച്ചത്.

പ്രസ്തുത പ്രാര്‍ത്ഥനയിലെ ഒരു വചനം ഇങ്ങനെയാണ്: അവരെല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

ഈ വചനത്തില്‍ യേശു പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:
ഒന്ന്, യേശുവും പിതാവും തമ്മിലുള്ള അതിശക്തമായ ആത്മബന്ധം. യേശു പറയുന്നു: പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നു. 
രണ്ട്, ഇതുപോലെ, യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരും പിതാവിനോടും യേശുവിനോടും പരിശുദ്ധാത്മാവിനോടും ആഴമായ ആത്മബന്ധം ഉള്ളവര്‍ ആകണം. 
മൂന്ന്, ഇങ്ങനെ ഒരു ആത്മബന്ധം ഉണ്ടെങ്കില്‍ അതുവഴി ലോകം അഥവാ യേശുവിനെ അംഗീകരിക്കാത്തവര്‍ കൂടി യേശുവിനെ അറിയുകയും അംഗീകരിക്കുകയും ചെയ്യും. 

യേശു പ്രാര്‍ത്ഥിക്കുന്നത് ശ്രദ്ധിക്കുക: അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയണം. അങ്ങനെ എന്നു പറയുമ്പോള്‍ എങ്ങനെ? യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരും പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടും ആഴമായി ബന്ധപ്പെട്ട് ജീവിക്കണം. അപ്പോള്‍ അവരുടെ ജീവിതം കൂടുതല്‍ മികച്ചതാകും. ഈ നല്ല ജീവിതം ക്രിസ്തുവിനെ അറിയാത്തവരും അംഗീകരിക്കാത്തവരും കാണുകയും യേശുവിനോടും പിതാവിനോടും പരിശുദ്ധാത്മാവിനോടുമുള്ള ആഴമായ ആത്മബന്ധമാണ് ഈ മനോഹര ജീവിതത്തിന്റെ കാരണമെന്ന് അവര്‍ കണ്ടെത്തുകയും അത് അവര്‍ക്ക് പ്രചോദനമാകുകയും ചെയ്യും. അവരും യേശുവിനെ അറിയുവാനും അംഗീകരിക്കുവാനും തയാറാകും. ഈ അറിവ് മനസില്‍ വച്ചുകൊണ്ട്, യേശുവിന്റെ പ്രാര്‍ത്ഥനയിലെ ആ വാചകം (17:21) ഒന്നുകൂടി ശ്രദ്ധിക്കാം: അവരെല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

അതിനാല്‍, യേശുവിനെ അറിഞ്ഞിട്ടില്ലാത്തവര്‍ അറിയുന്നതിനും വിശ്വസിച്ചിട്ടില്ലാത്തവര്‍ വിശ്വസിക്കുന്നതിനും അവസരം ഉണ്ടാകണമെങ്കില്‍, അങ്ങനെ എല്ലാ മനുഷ്യരും യേശുവിനെ സ്വീകരിക്കണമെങ്കില്‍, ക്രൈസ്തവരായിക്കുന്നവര്‍ ത്രീതൈ്വക ദൈവത്തോട് ആഴമായ ആത്മബന്ധം ഉള്ളവര്‍ ആകണം. ദൈവവുമായുള്ള ഈ ആത്മബന്ധം, വിശ്വാസികള്‍ തമ്മിലുള്ള ആഴമായ ആത്മബന്ധത്തിന് കാരണമാകും. ഇതര ജനവിഭാഗങ്ങളോടും നല്ല ആത്മബന്ധത്തിന് കാരണമാകും. ഈ മൂന്നു വിധത്തിലുള്ള ആഴമായ ആത്മബന്ധങ്ങളും (ദൈവത്തോട്, വിശ്വാസികള്‍ തമ്മില്‍, ഇതര ജനങ്ങളോട്) മറ്റ് മനുഷ്യരെ സ്വാധീനിക്കും. അതുവഴി അവരും യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നതിന് കാരണമാകും.
പിതാവേ, അതുവഴി അങ്ങ് എന്നെ അയച്ചുവെന്ന് ലോകം അറിയട്ടെ എന്നാണ് യേശുവിന്റെ പ്രാര്‍ത്ഥന. പിതാവ്, എന്തിനാണ് പുത്രനെ അയച്ചത് എന്ന് എല്ലാവരും മനസിലാക്കണം. അത് തങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ് എന്ന് എല്ലാവരും അറിയണം. യേശുവിനെ രക്ഷകനായിട്ടാണ് പിതാവ് ലോകത്തിലേക്ക് അയച്ചത് എന്ന് എല്ലാവരും അറിയണം എന്ന് യേശു പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ മാത്രമാണല്ലോ യേശുവിന്റെ മനുഷ്യാവതാരത്തിനും സഹന-മരണങ്ങള്‍ക്ക് പൂര്‍ണഫലം ഉണ്ടാകുകയുള്ളൂ. അതിനാല്‍, ലോകരക്ഷയ്ക്ക് എല്ലാവരും യേശുവിനെ അറിയണം, സ്വീകരിക്കണം. അതിനുള്ള ഏറ്റവും നല്ല വഴി യേശുവിനെ അറിഞ്ഞവരും സ്വീകരിച്ചവരും ദൈവവുമായി നല്ല ആത്മബന്ധത്തില്‍ ജീവിക്കുന്നത് മറ്റുള്ളവര്‍ കാണാന്‍ അവസരം ഉണ്ടാവുക എന്നതാണ്. ദൈവവുമായി നല്ല ബന്ധത്തില്‍ ജീവിക്കുമ്പോള്‍, വിശ്വാസികള്‍ തമ്മിലും വിശ്വാസികളും ഇതരവിഭാഗങ്ങളും തമ്മിലും നല്ല ബന്ധമുണ്ടാകും. ഈ നല്ല ബന്ധത്തിലുള്ള ജീവിതം തന്നെയാണ് ഏറ്റവും വലിയ സുവിശേഷപ്രഘോഷണം.
ദൈവവുമായി നല്ല ബന്ധത്തില്‍ ജീവിക്കുന്ന ധാരാളം ക്രൈസ്തവര്‍ ഉണ്ട് എന്നത് സത്യമാണ്. എന്നാലും, ത്രിതൈ്വക ദൈവത്തിലെ മൂന്നാളുകള്‍ തമ്മിലുള്ള ആത്മബന്ധവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ തമ്മിലുള്ള ആത്മബന്ധം എത്രയോ കുറവാണ്. അഥവാ, എത്രയോ അധികം ആത്മബന്ധത്തില്‍ വളരുവാന്‍ നമുക്ക് കഴിയും. ചില ഉദാഹരണങ്ങള്‍ നോക്കാം. കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലുമുള്ള ഒന്നാകല്‍ എത്രയോ കുടുംബങ്ങളില്‍ മെച്ചപ്പെടുവാനുണ്ട്. ഇടവകയിലെ കുടുംബങ്ങള്‍ തമ്മില്‍ കൂടുതല്‍ ഒന്നാകുവാന്‍ കഴിയും. വിവിധ റീത്തുകളിലുള്ള വിശ്വാസികളും അധികാരികളും തമ്മില്‍ കൂടുതല്‍ ഒന്നാകുവാന്‍ കഴിയും. വിവിധ ക്രൈസ്തവസഭകള്‍ തമ്മില്‍ കൂടുതല്‍ ഒന്നാകുവാന്‍ കഴിയും. കാരണം, വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിന്റെ സ്വരങ്ങളും ഭിന്നത കാണിക്കുന്ന പ്രവര്‍ത്തനങ്ങളും യേശുവിനെ രക്ഷകനായി മറ്റുള്ളവര്‍ അംഗീകരിക്കുന്നതിന് തടസമാകുന്നു. റീത്തുകളുടെയും സഭകളുടെയും പേരിലുള്ള അകല്‍ച്ചയും തര്‍ക്കങ്ങളുമെല്ലാം ക്രൈസ്തവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം വലിയ ഉതപ്പിനും വിശ്വാസക്ഷയത്തിനും കാരണമായിട്ടുണ്ട്. ഇപ്പോഴും കാരണമായിത്തീരുകയും ചെയ്യുന്നുണ്ട്.

സ്‌നേഹത്തില്‍ വളരുമ്പോഴാണ് ഒന്നാകാന്‍ കഴിയുന്നത്. സ്‌നേഹത്തില്‍ വളര്‍ത്തുന്നത് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെയാണുതാനും. അതിനാല്‍, എല്ലാവരിലും പരിശുദ്ധാത്മാവ് കൂടുതലായി നിറയുന്നതിനുവേണ്ടി നാം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം. പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്‍ ഒന്നാണ് സ്‌നേഹം. ഈ സ്‌നേഹത്തിന്റെ കുറവാണ് അനേകം പ്രശ്‌നങ്ങളുടെയും ഭിന്നതകളുടെയും തര്‍ക്കങ്ങളുടെയുമെല്ലാം അടിസ്ഥാനകാരണം. ക്രൈസ്തവരുടെ ജീവിത-പ്രവര്‍ത്തന മാതൃകകള്‍ ആണ് സുവിശേഷവല്‍ക്കരണത്തിനുള്ള ഒരു നല്ല മാര്‍ഗം. അങ്ങനെയുള്ളവരുടെ ജീവിതം തന്നെ പ്രഘോഷണമായി മാറും. മറ്റുള്ളവര്‍ അത് ശ്രദ്ധിക്കും. അത്തരം ക്രൈസ്തവജീവിതം ഇല്ലാതെ വരുമ്പോള്‍ അതും ലോകം ശ്രദ്ധിക്കും. ഇന്നത്തെ ഒരു വലിയ പ്രതിസന്ധി ഈ ദുര്‍മാതൃക തന്നെയാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22