അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday 7 December 2014

ആത്മാവിന്റെ ഇരുണ്ട രാത്രികൾ



''അബ്രാഹം  ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു'' (റോമാ 4:3). ഈ വചനം കേൾക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ഒരു ചോദ്യമുണ്ട്; അതെന്താ   മറ്റാരും ദൈ വത്തിൽ വിശ്വസിച്ചിട്ടില്ലേ എന്ന്! സത്യമായും ദൈവത്തിൽ വിശ്വസിച്ചവർ അനേകരുണ്ട്. എന്നാൽ, വിശ്വാസത്തിന്റെ കാര്യത്തിൽ അബ്രാഹത്തിനു തുല്യനായി മറ്റാരുമില്ല. കഠിനമായ പരീക്ഷകളിലൂടെ കടന്നുപോയിട്ടും ഒട്ടും ചഞ്ചലപ്പെടാതെ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് ദൈവത്തിന് മഹത്വം നല്കി യ അബ്രാഹത്തിന് തുല്യനായി പഴയനിയമത്തിൽ വേറൊരു വ്യക്തിയെ കാണുക അസാധ്യംതന്നെ.

എല്ലാം അനുകൂലമായി ഭവിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവത്തിൽ വിശ്വസിക്കാനും അവിടുത്തെ മഹത്വപ്പെടുത്താനും എളുപ്പമാണ്. എന്നാൽ, പ്രതികൂലങ്ങൾ നിറഞ്ഞ പാതയിലൂടെ ഒറ്റയ്ക്ക് മുൻപോട്ടു നയിക്കപ്പെടുമ്പോൾ അതത്ര എളുപ്പമല്ല. അബ്രാഹത്തെ സംബന്ധിച്ചിടത്തോളം കഠിനമായ വിശ്വാസപോരാട്ടത്തിന്റെ വഴികളിലൂടെയാണ് അദ്ദേഹം നടത്തപ്പെട്ടത്. അപ്പോഴൊക്കെയും ഇടംവലം തിരിയാൻ തയാറാകാതെ തന്നെ വിളിച്ചവനിൽ വിശ്വസിച്ചുകൊണ്ട് തീവ്രശോധനകളെ അതിജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയതുകൊണ്ടാണ് അബ്രാഹം വിശ്വാസികളുടെ പിതാവായിത്തീ ർന്നത്. ഇപ്രകാരം ദൈവത്തിൽ മാത്രം വിശ്വസിച്ചുകൊണ്ട് കഠിനശോധനകളെ ധീരതയോടെ നേരിട്ട് ദൈവത്തിനു മഹത്വം കരേറ്റുന്നവരെക്കുറിച്ച് തിരുവചനത്തിലുള്ള സ്ഥിരീകരണം ഇതാണ്. ''നിങ്ങളിലാരാണ് ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ ദാസ ന്റെ വാക്ക് അനുസരിക്കുകയും ചെയ്യുന്നത്? പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവൻ തന്നെ'' (ഏശയ്യാ 50:10).

യേശു പറഞ്ഞു: ''ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല'' (യോഹ.8:12). എന്നാൽ പ്രകാശം തന്നെയായ യേശുവിൽ വിശ്വസിച്ച്, അവന്റെ കാലടികളെ അനുഗമിക്കാൻ തുടങ്ങുമ്പോഴാണ് നാം അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകാൻ ചിലപ്പോൾ ഇടവരുന്നത്. ആരുടെ കാല്പാദങ്ങളെ നോക്കി നാം യാത്ര തിരിച്ചുവോ ആ പാദങ്ങൾ അപ്രത്യക്ഷമാകുമ്പോഴും ഏതു പ്രകാശത്തിൽ നമ്മുടെ കണ്ണുകളെ നാം കേന്ദ്രീകരിച്ചിരുന്നുവോ ആ പ്രകാശം വഴിമാറി മുൻപിൽ അന്ധകാരം നിറയുമ്പോഴും നാം ഏറ്റുപറഞ്ഞ വിശ്വാസത്തിൽനിന്നും വ്യതിചലിക്കാതെ അവന്റെ നാമത്തെ ഏറ്റുപറഞ്ഞുകൊണ്ട് മുന്നോട്ടുപോവുക എന്നത് നിസാരമായ കാര്യമല്ല. ഇത്തരത്തിലുള്ള ഒരു വിശ്വാസയാത്രയെയാണ് ഒരു സീയോൻ സഞ്ചാരിയിൽനിന്നും ദൈവം പ്രതീക്ഷിക്കുന്നത്. നമ്മുടെ അഭീഷ്ടങ്ങളെല്ലാം സാധിതമാകുന്ന, കൈനീട്ടിയാൽ തൊടാൻ പാകത്തിന് ദൈവം നമ്മുടെ മുൻപേ നടക്കുന്ന, നമ്മുടെ പ്രാർത്ഥനകൾക്കെല്ലാം പ്രാർത്ഥിച്ചു തീരുംമുൻപേ ഉത്തരം ലഭിക്കുന്ന, എല്ലാവിധത്തിലും സൗഭാഗ്യപൂർണമായ ഒരു യാത്രയാണ് യേശുവിന്റെ പിന്നാലെ നാം നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ നമ്മൾ എല്ലാവരെയുംകാൾ ബുദ്ധിഹീനരത്രേ. ''ഈലോക ജീവിതത്തിനായി മാത്രം കർത്താവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നിങ്ങൾ എല്ലാവരെയുംകാൾ ഭാഗ്യഹീനരത്രേ!'' (1 കോറി.15:9 ). കാരണം, കർത്താവ് തന്നെ പിൻഗമിക്കാൻ ആഗ്രഹിക്കുന്നവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, ''ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (ലൂക്കാ 9:23) എന്ന്.

പൂർവപിതാവായ അബ്രാഹമിന്റെ യാത്ര ഇത്തരത്തിലുള്ളതായിരുന്നു. 75 വയസുള്ളപ്പോഴാണ് ദൈവം അബ്രാഹത്തെ വിളിച്ചത്. ''കർത്താവ് അബ്രാഹമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക'' ( ഉൽ.12:1). വാർധക്യത്തിൽ സ്വസ്ഥമായി കഴിയേണ്ട സമയത്താണ് വിദൂരദേശത്തേക്ക് സ്വന്തമായിരുന്നവരെയും നിലവിലുള്ള എല്ലാ സുരക്ഷിതത്വങ്ങളെയും ഉപേക്ഷിച്ച് പോകാനുള്ള കർത്താവിന്റെ ആഹ്വാനം അബ്രാഹം കേട്ടത്. ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം പുറപ്പെട്ടു. യാത്ര തുടങ്ങുമ്പോൾ അബ്രാഹത്തിന് അറിഞ്ഞുകൂടായിരുന്നു എങ്ങോട്ടാണ് പോകുന്നതെന്ന്.

കാത്തിരിപ്പിന്റെ കാലം

ദൈവം അബ്രാഹമിനോട് വാഗ്ദാനം ചെയ്തു, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അബ്രാഹമിന് സന്താനങ്ങളെ നല്കുമെന്ന്. താൻ വൃദ്ധനായിരിക്കുന്നുവെന്നും സാറായുടെ ഗർഭധാരണത്തിനുള്ള കാലഘട്ടങ്ങൾ കഴിഞ്ഞുപോയി എന്നു മനസിലാക്കിയിട്ടും അബ്രാഹം ദൈവം പറഞ്ഞതു വിശ്വസിച്ചു. ഇതേക്കുറിച്ച് തിരുവചനങ്ങളിലൂടെ ദൈവം നല്കുന്ന സാക്ഷ്യം ഇതാണ്. ''നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്ന് പറയപ്പെട്ടതനുസരിച്ച് താൻ അനേക ജനതകളുടെ പിതാവാകും എന്ന് പ്രതീക്ഷയ്ക്ക് സാധ്യതയില്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവൻ വിശ്വസിച്ചു. നൂറുവയസായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നുവെന്നും സാറായുടെ ഉദരം വന്ധ്യമാണെന്ന് അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുർബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവൻ ചിന്തിച്ചില്ല. മറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിക്കൊ ണ്ട് അവൻ വിശ്വാസത്താൽ ശക്തി പ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിന് കഴിയുമെന്ന് അവന് പൂർണബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്'' (റോമാ 4:18-23).

പക്ഷേ, ദൈവം വാഗ്ദാനം ചെയ്ത ആ കുഞ്ഞിനുവേണ്ടി ഒന്നോ രണ്ടോ വർഷങ്ങളല്ല, 25 വർഷങ്ങൾ അബ്രാഹത്തിന് കാത്തിരിക്കേണ്ടതായിവന്നു. ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പിന്റെ നൊമ്പരം എന്താണെന്ന് അല്പമെങ്കി ലും അതനുഭവിച്ചിട്ടുള്ളവർക്കേ നന്നായി മനസിലാക്കാൻ കഴിയൂ. അത്രത്തോളം ഒരു കുഞ്ഞിനുവേണ്ടിയുള്ള കാ ത്തിരിപ്പിൽ അവൻ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നവനെപ്പോലെയായി. എങ്കിലും അവൻ ദൈവത്തിൽ വിശ്വസിച്ചു. വേദനാപൂർണമായ നീണ്ട കാത്തിരിപ്പിന് അ ബ്രാഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസത്തെയോ ദൈവാശ്രയത്വത്തെയോ മാറ്റിക്കളയാനായില്ല. അതുകൊണ്ടാണ് അബ്രാഹത്തിന്റെ വിശ്വാസം അവനു നീതിയായി പരിണമിച്ചത്.

കുഞ്ഞു ജനിച്ചതിനുശേഷവും വിശ്വാസ പരീക്ഷണങ്ങൾ മാറിപ്പോയില്ല. സാറായുടെ അപേക്ഷയനുസരിച്ച് സാറായുടെ ദാസിയിൽ ജനിച്ച കുഞ്ഞിനെ അനാഥനായി വഴിയിലിറക്കിവിടേണ്ടിവന്നപ്പോൾ അബ്രാഹത്തിന്റെ പിതൃഹൃദയം എത്രയേറെ വേദനിച്ചിരിക്കും... സ്‌നേഹവാനായ ആ പിതാവിന്റെ ഹൃദയവേദനയെക്കുറിച്ച് നമ്മളാരും അധി കം ചിന്തിച്ചിട്ടില്ല. ദൈവം കല്പിച്ചു, അബ്രാഹം അനുസരിച്ചു, അത്രമാത്രം!

സാറായിൽ പിറന്ന തന്റെ സ്വന്തം മകനായ ഇസഹാക്കിനെപ്രതിയും ദൈവം കഠിനമായ പരീക്ഷണത്തിന് വിട്ടുകൊടുത്തു. ദൈവം പറഞ്ഞു ''നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് നീ മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ ഒരു ദഹനബലിയായി അർപ്പിക്കണം'' (ഉൽപത്തി 22:2).

ദൈവം പറഞ്ഞതുപോലെ അബ്രാഹം അനുസരിച്ചു. തകർന്ന ഹൃദയത്തോടെ മകനെയുംകൂട്ടി ബലിക്കുള്ള വിറകുമായി അദ്ദേഹം ദൈവം കാണിച്ചുകൊടുത്ത മലയിലേക്കു കയറിച്ചെന്നു. വിറകുകൊള്ളികൾകൊണ്ട് കിടക്കയുണ്ടാക്കി. താൻ സ്‌നേഹിച്ച മകന്റെ കൈകാലുകൾ ബ ന്ധിച്ച് വിറകിന്മേൽ അവനെ കിടത്തി. കഠാര കൈയിലെടുത്ത് കുഞ്ഞിന്റെ ചങ്കിനു നേരെ ആഞ്ഞതും ദൈവം അബ്രാഹമിന്റെ കൈ തടഞ്ഞു. ദൈവം തന്റെ ദൂതനിലൂടെ സംസാരിച്ചു. ''കുട്ടിയുടെമേൽ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്ക് ഉറപ്പായി. കാരണം നിന്റെ ഏകപുത്രനെ എനിക്കു തരാൻ നീ മടി കാണിച്ചില്ല'' (ഉൽപ. 22:12-13).

ആത്മാവിന്റെ ഇരുണ്ട രാത്രികൾ

കേൾക്കാൻ ഭംഗിയുള്ള ഒരു സംഭവകഥയാണ്. പക്ഷേ, അബ്രാഹം കടന്നുപോയ കഠിന നൊമ്പരങ്ങളൊന്നും ബൈബിളിലോ മറ്റെവിടെയെങ്കിലുമോ രേഖപ്പെടുത്തിയിട്ടില്ല. ഈ കഠിന വേദനകളിലും അബ്രാഹം ദൈവത്തിൽ വിശ്വസിക്കുകയും അവിടുത്തെ അനുസരിക്കുകയും ചെയ്തു. ഇതാണ് പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവന്റെ വിശ്വാസം!

ഇതുപോലെതന്നെ കൂരിരുട്ടിൽ സഞ്ചരിക്കാനിടവന്നിട്ടും കർത്താവിൽ പ്രത്യാശവയ്ക്കുകയും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം കഠിന ശോധനകളുടെ ഇടയിൽ കൈവിടാതെ കാക്കുകയും ചെയ്തവനാണ് യാക്കോബിന്റെ ഇളയ മകനായ ജോസഫ്. ജയിലിൽനിന്നും ഫറവോയുടെ സ്വപ്നം വ്യാഖ്യാനിക്കാൻ വിളിക്കപ്പെട്ടതുവരെ അവന്റെ യാത്ര കൂരിരുളിന്റെ പാതയിലൂടെയായിരുന്നു. ആദ്യം സഹോദരങ്ങളുടെ അസൂയയും പരിഹാസവും. പിന്നീട് കൂടെപ്പിറപ്പുകളിലൂടെയുള്ള വധശ്രമം, അതിനുശേഷം പൊട്ടക്കിണറ്റിൽ എറിയപ്പെട്ട അവസ്ഥ. അവിടെനിന്നും മിദിയാൻ കച്ചവടക്കാരുടെ കൈയിൽ അടിമയായി വില്ക്കപ്പെടുന്നു. പൊത്തിഫറിന്റെ ഭവനത്തിൽനിന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തടവറയിലേക്ക്. ഇങ്ങനെ നീണ്ട ഒരു കാലഘട്ടം ജോസഫിന്റെ യാത്ര പ്രകാശമില്ലാത്ത അന്ധകാരത്തിന്റെ വഴികളിലൂടെയായിരുന്നു. എന്നിട്ടും ജോസഫ് വിശ്വാസം കൈവിട്ടില്ല. തന്നോടുള്ള വിശ്വസ്തത കാത്തുസൂക്ഷിച്ച ജോസഫിനെ ദൈവം ഇരുൾമൂടിയ വഴികളിൽനിന്നും പൊക്കിയെടുത്ത് ഈജിപ്തിന്റെ അധിപനാക്കി മാറ്റി.

പുതിയ നിയമ കാലഘട്ടത്തിലേക്കു കടന്നുവരുമ്പോൾ വിശുദ്ധരായി പേരു വിളിക്കപ്പെട്ട് അൾത്താരയിൽ വണങ്ങുന്ന വിശുദ്ധന്മാരിൽ മിക്കവരുംതന്നെ 'ആത്മാവിന്റെ ഇരുണ്ട രാത്രികൾ' എന്ന തീവ്രതയേറിയ സഹനാനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ്. തീവ്രതയേറിയ സഹനത്തിനൊപ്പം ഇവർക്ക് ദൈവസാന്നിധ്യബോധംപോലും നഷ്ടപ്പെടുന്നു. ദൈവം ഉണ്ടോയെന്നുപോലും സംശയിച്ചുപോയ വിശുദ്ധന്മാരും  അക്കൂട്ടത്തിലുണ്ട്. അത്രയേറെ കഠോരമായിരുന്നു ഇരുണ്ട രാവുകളിലൂടെ കടന്നുപോകേണ്ടിവന്നപ്പോഴത്തെ അവസ്ഥ.

യേശുപോലും കുരിശിലെ അന്ധകാരപൂർണമായ മണിക്കൂറുകളുടെ അന്ത്യത്തിൽ 'എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് അവിടുന്ന് എന്നെ ഉപേക്ഷിച്ചു'വെന്ന് നിലവിളിച്ചുപോയി. പക്ഷേ അടുത്ത നിമിഷങ്ങളിൽ ഏതൊരു ദൈവം തന്നെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞുവോ ആ ദൈവത്തിന്റെ കരങ്ങളിലേക്ക് തന്റെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് യേശു ഇപ്രകാരം പ്രാർത്ഥിച്ചു; പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ഇതാണ് സഹനത്തിന്റെ തീവ്രത നിറഞ്ഞ കൂരിരുട്ടിൽ തപ്പിത്തടഞ്ഞിട്ടും ദൈവത്തിലുള്ള പ്രത്യാശയും അവിടുന്നിലുള്ള വിശ്വാസവും കൈവിടാത്ത ഒരുവന്റെ സഹനയാത്രയുടെ പര്യവസാനം.

ജോബ് തന്റെ വിശ്വാസപരീക്ഷണത്തിന്റെ തീവ്രമായ അവസ്ഥയിൽ പറഞ്ഞതുപോലെ നമുക്കും പറയാം:

''എനിക്കു ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നുവെന്നും അവസാനം എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാനറിയുന്നു.

എന്റെ ചർമം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽനിന്നും ഞാൻ ദൈവത്തെ കാണും. അവിടുത്തെ ഞാൻ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്റെ കണ്ണുകൾ ദർശിക്കും'' (ജോബ് 19:25-27).

Tuesday 25 November 2014

സഭാപ്രശ്‌നങ്ങള്‍

''സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍മാത്രം ജ്ഞാനിയായ ഒരുവന്‍പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നുവരുമോ? സഹോദരന്‍ സഹോദരനെതിരെ പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു; അതും വിജാതീയരുടെ ന്യായാസനത്തെ. നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രോഹം നിങ്ങള്‍ക്കു ക്ഷമിച്ചുകൂടാ? നിങ്ങള്‍തന്നെ സഹോദരരെപ്പോലും ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ?'' (1 കോറി.6:5-9).

പൗലോസ് ശ്ലീഹാ കേരള സഭയിലെ കക്ഷിവഴക്കുകാരോട് നേരിട്ടു മുന്നറിയിപ്പു നല്‍കുന്ന വാക്യങ്ങള്‍പോലെ ഇത് തോന്നുന്നു. ഇന്ത്യയുടെ പരമോന്നത കോടതിപോലും വിധിച്ചിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. പല കോടതികളുടെയും വിധിന്യായത്തില്‍ സുവിശേഷാധിഷ്ഠിത മാര്‍ഗത്തില്‍ കൂടെ പ്രശ്‌നം പരിഹരിക്കപ്പെടണം എന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുവിശേഷാത്മകമായ ചില നിര്‍ദ്ദേശങ്ങള്‍.

സ്‌നേഹം
''ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍ അവന്‍ കള്ളം പറയുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കുവാന്‍ സാധിക്കുകയില്ല'' (1 യോഹ.4:20). സഭാവഴക്കുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ദൈവവചനങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്നു തോന്നുന്നു. സ്‌നേഹത്തിന്റെ മാര്‍ഗം ദൈവ മക്കള്‍ വെടിയുന്നുവെന്നത് വേദനാജനകമാണ്.

''നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യപ്പെടുക. പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക'' (മത്താ.5:23-24). സഭ ബലിയര്‍പ്പകരുടെ സമൂഹമാണ്. ബലിയര്‍പ്പിക്കാനുള്ള യോഗ്യത സഹോദരങ്ങളോടു രമ്യപ്പെടുക എന്നതാണ്. സഹോദരങ്ങളോടു രമ്യപ്പെടാതെ അര്‍പ്പിക്കുന്ന ബലി ദൈവതിരുമുമ്പില്‍ സ്വീകാര്യമാകില്ലല്ലോ. സഭയിലെ വഴക്കുകളും അനൈക്യങ്ങളും ഒരന്തവുമില്ലാതെ നീണ്ടുപോകുമ്പോള്‍ മുകളില്‍ പറഞ്ഞ ദൈവവചനങ്ങളുടെ പ്രസക്തിയെന്താണ്? പിതാക്കന്മാരും വൈദികരുമടങ്ങുന്ന ഇടയന്മാര്‍ ദൈവജനത്തോട് എന്താണ് സുവിശേഷം പ്രസംഗിക്കുന്നത്? അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എങ്ങനെയാണ് ഉത്തരം പറയുക. 
എതിര്‍പക്ഷത്തുള്ളവരെ ശത്രുക്കളായി കരുതാനല്ലേ സഭാനേതാക്കന്മാര്‍ പഠിപ്പിക്കുന്നതും ആഹ്വാനം ചെയ്യുന്നതും. ''മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പാകെ പ്രകാശിക്കട്ടെ'' (മത്താ. 5:16) എന്നാണല്ലോ ദൈവവചനം പറയുന്നത്. 
യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ നിന്നും അവിടുത്തെ അനുയായികള്‍ വളരെയേറെ മാറിപ്പോകുന്നു എന്നതാണ് വാസ്തവം.

ക്ഷമയും സഹനവും

സുവിശേഷാധിഷ്ഠിതമാര്‍ഗങ്ങളാണ് ക്ഷമയുടെയും സഹനവും. പത്രോശ്ലീഹാ യേശുക്രിസ്തുവിനോടു ചോദിച്ചു, തെറ്റു ചെയ്യുന്ന സഹോദരനോട് ഏഴുപ്രാവശ്യം ക്ഷമിച്ചാല്‍ മതിയോ എന്ന്. ക്രിസ്തുവിന്റെ വചനങ്ങള്‍ എല്ലാ നിയമങ്ങളെയും മറികടക്കുന്നതായിരുന്നു; ഏഴ് എഴുപതു പ്രാവശ്യമെന്നാല്‍ എപ്പോഴും ക്ഷമിക്കണമെന്നര്‍ത്ഥം. സഭാവഴക്കുകളുടെ ചരിത്രം പരിശോധിച്ചാല്‍ ക്ഷമയും സഹനവും ഇല്ലാത്തതാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നതു മനസിലാക്കാം. 

വട്ടിപ്പണക്കേസും സമുദായക്കേസും പള്ളിത്തര്‍ക്കങ്ങളും സ്വത്തുതര്‍ക്കങ്ങളും തെരുവുയുദ്ധങ്ങളുമൊക്കെ ദൈവഹിതത്തിനെതിരായിരുന്നുവെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരേ കുടുംബത്തില്‍ തന്നെയുള്ളവര്‍ രണ്ടും അതില്‍ കൂടുതലും ചേരികളിലായി.

സഭാമക്കള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകേണ്ടവരാണ് (മത്താ.5:13-15). പക്ഷേ, അവര്‍ ഉറകെട്ട ഉപ്പായും കരിന്തിരി കത്തുന്ന വിളക്കായും മാറിക്കൊണ്ടിരിക്കുന്നു. തിന്മയെ തിന്മകൊണ്ട് നേരിടുകയാണ് കക്ഷിവഴക്കുകള്‍ നടത്തുന്നവര്‍ ചെയ്യുന്നത്.

''ശത്രുക്കളെ സ്‌നേഹിക്കുവിന്‍. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍'' (മത്താ.5:44). ശത്രുക്കളെപ്പോയിട്ട് സ്വന്തം സഹോദരങ്ങളെപ്പോലും സ്‌നേഹിക്കാനാവുന്നില്ല. സഹോദരങ്ങളുടെ കുറവുകള്‍ ക്ഷമിക്കാനാവുന്നില്ല. ഒരേ പൈതൃകവും ഒരേ ചരിത്രവും ഒരേ ആരാധനക്രമവും ഒരേ ദൈവശാസ്ത്രവുമൊക്കെ ഉള്ളവരാണ്  കക്ഷിവഴക്കുകാര്‍. പിന്നെന്തിന്റെ പേരിലാണ് വഴക്കടിക്കുന്നത്?

സത്യം
''യേശു പറഞ്ഞു; വഴിയും സത്യവും ജീവനും ഞാനാണ്'' (യോഹ.14:6). ദൈവമാണ് സത്യം. ''സത്യമേവ ജയതേ'' എന്നാണല്ലോ ഭാരതസംസ്‌കാരം പഠിപ്പിക്കുന്നത്. സത്യം തന്നെയായ ദൈവത്തിനു മാത്രമേ അന്തിമ വിജയമുണ്ടാകൂ. കോടതികളില്‍ ഒരുപക്ഷേ താല്‍ക്കാലിക നേട്ടമുണ്ടാകാം. രാഷ്ട്രീയക്കാരുടെയും ഗവണ്‍മെന്റിന്റെയും ഇടപെടലുകള്‍വഴി ഒരു ഭാഗത്തിന് അനുകൂലമായ നിലപാടുകളുണ്ടാകാം. പക്ഷേ ദൈവത്തിന്റെ പക്ഷം അഥവാ സത്യത്തിന്റെ പക്ഷത്തിനു മാത്രമേ അന്തിമ ജയമുണ്ടാകൂ.

സത്യത്തിന്റെ മാര്‍ഗത്തെക്കുറിച്ചു പറയുമ്പോള്‍ സഭകളുടെ ചരിത്രവും പഠനവിഷയമാക്കേണ്ടതാണ്. സഭാചരിത്രത്തെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും പഠിക്കാനോ മനസിലാക്കാനോ പലരും ശ്രമിക്കുന്നില്ല. ഒരു കള്ളം പല പ്രാവശ്യം ആവര്‍ത്തിച്ചു പറയുമ്പോള്‍ ഒരുപക്ഷേ അതാണ് സത്യമെന്ന ചിന്തയുണ്ടാകാം. 

പലപ്പോഴും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമൊക്കെ പയറ്റുന്ന തന്ത്രമാണിത്. ക്രൈസ്തവ സഭകള്‍ കോടതികളില്‍ വിജയിക്കുന്നതിനുവേണ്ടിയും സ്വന്തം ഭാഗത്തെ ന്യായീകരിക്കുന്നതിനുവേണ്ടിയുമൊക്കെ ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ അത് തലമുറകളോടു ചെയ്യുന്ന കടുത്ത അപരാധമാണ്. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും അത് വെളിച്ചത്തു വരും. കാരണം ദൈവവും ദൈവത്തില്‍ നിന്നുള്ളതും മാത്രമേ നിലനില്‍ക്കുകയുള്ളൂ.
സത്യമറിയാമായിരുന്നിട്ടും ചിലര്‍ സത്യത്തെ തമസ്‌കരിക്കുകയാണ്. സാഹചര്യമനുസരിച്ച് സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടി കക്ഷികള്‍ മാറി മാറി ചാടുകയാണ്. ഉറങ്ങിയവരെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പ്രയാസമാണ്. സ്വന്തം സ്ഥാനം ഉറപ്പിക്കുക എന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് സത്യത്തോടൊപ്പം നില്‍ക്കുന്നത്. സത്യം ജയിക്കുന്നതിനുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്ത്, വേണ്ടിവന്നാല്‍ സ്ഥാനമാനങ്ങള്‍പോലും ത്യജിക്കുവാനുള്ള മനസുണ്ടാകണം.

ദൈവവചനാധിഷ്ഠിതം
യേശുക്രിസ്തു പറഞ്ഞു: "അന്തഃഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തഃഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല'' (മത്താ.12:25). യേശുക്രിസ്തു ഒരു സഭയേ സ്ഥാപിച്ചിട്ടുള്ളൂ; കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ സത്യസഭ. പത്രോസ് തലവനായുള്ള അപ്പസ്‌തോലസംഘത്തെയാണ് യേശുക്രിസ്തു തന്റെ സഭയെ ഭരമേല്പിച്ചത്. ''ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്. ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും'' (മത്താ.16:18-19). അപ്പസ്‌തോലസംഘത്തില്‍ പത്രോസിനുള്ള സ്ഥാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശുദ്ധ ഗ്രന്ഥത്തിലും സഭയുടെ പാരമ്പര്യങ്ങളിലും ഇക്കാര്യം പലയാവര്‍ത്തി എടുത്തുപറയുന്നുണ്ട്.
സുവിശേഷാധിഷ്ഠിതമായ മാര്‍ഗത്തെ കണ്ണുണ്ടായിട്ടും കാണുന്നില്ല, കാതുണ്ടായിട്ടും കേള്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ദൈവവചനം തിരിച്ചറിയാതിരുന്ന, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരെപ്പോലെ കണ്ണുകള്‍ അടയ്ക്കപ്പെട്ടവരുടെയും ഹൃദയം മന്ദീഭവിക്കപ്പെട്ടവരുടെയും അനുഭവമാണ് പലര്‍ക്കും. ഇനിയും കണ്ണുകളും ഹൃദയവും തുറക്കപ്പെടണമെങ്കില്‍ ദൈവത്തിന്റെ ശക്തമായ ഇടപെടലുകള്‍ അത്യാവശ്യമാണ്.

പ്രാര്‍ത്ഥന
പ്രാര്‍ത്ഥനയുടെ മാര്‍ഗം സുവിശേഷാധിഷ്ഠിത മാര്‍ഗങ്ങളിലൊന്നാണ്. യേശുക്രിസ്തുവിന്റെ ഹൃദയപൂരിതമായ പ്രാര്‍ത്ഥനയില്‍ തന്നില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയെക്കുറിച്ച് പരാമര്‍ശമുണ്ട്. ''പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങു കാത്തുകൊള്ളണമേ'' (യോഹ.17:11). ''അവരെല്ലാവരും ഒന്നായിരിക്കുവാന്‍വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (യോഹ.17:21). കേരളസഭയില്‍,  അനൈക്യത്തിന്റെ ദുരാത്മാവ് ശക്തമാണ്. ''ഉപവാസവും പ്രാര്‍ത്ഥനയുംകൊണ്ടല്ലാതെ ഈ ജാതി പുറത്തു പോകുകയില്ല'' എന്നതാണല്ലോ ദൈവവചനം. ''അന്തഃഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തഃഛിദ്രമുള്ള ഭവനം വീണുപോകും'' (ലൂക്കാ 11:17). ''എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു'' (ലൂക്കാ 11:23).

സഭയില്‍ ശക്തമായ പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ട്. അനൈക്യം ശിഷ്യന്മാരുടെ കാലത്തുതന്നെ ആരംഭിച്ചിരുന്നല്ലോ. ഭാവിയില്‍ അവയൊക്കെ സംഭവിക്കുമെന്നു മുന്‍കൂട്ടി കണ്ടാണ് യേശുക്രിസ്തു പ്രാര്‍ത്ഥിച്ചത്. സഭയിലെ ഭിന്നത അവസാനിക്കണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ ശക്തമായ പ്രാര്‍ത്ഥനായജ്ഞത്തിന് മുന്നിട്ടിറങ്ങട്ടെ.

സംഭാഷണം
പ്രാര്‍ത്ഥന ദൈവത്തോടുള്ള സംഭാഷണമാണ്. ദൈവത്തിന്റെ മനസറിയാനുള്ള വഴിയാണത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംഭാഷണം പരസ്പരം മനസിലാക്കാനും വിട്ടുവീഴ്ചകള്‍ ചെയ്യാനും ഇടയാക്കും. ശത്രുതയിലുള്ള ലോകരാജ്യങ്ങള്‍ തമ്മില്‍പ്പോലും മധ്യസ്ഥര്‍വഴിയും അല്ലാതെയും സംഭാഷണം നടക്കുന്നു. എന്നിട്ടും യേശുക്രിസ്തുവിന്റെ സ്‌നേഹവും ക്ഷമയും കരുണയും പ്രസംഗിക്കുന്ന സഭകള്‍ തമ്മില്‍ എന്തുകൊണ്ട് സംഭാഷണങ്ങള്‍ നടക്കുന്നില്ല? ഒരേ വിശ്വാസവും പാരമ്പര്യവും സംസ്‌കാരവും ആരാധനക്രമപൈതൃകവും ദൈവശാസ്ത്ര ചിന്താഗതികളുമുള്ള, യേശുക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റുന്ന സഭകള്‍ക്ക് എന്തുകൊണ്ട് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകൂടാ? 

അണ്ഡകടാഹത്തെ സൃഷ്ടിച്ചവനായ ദൈവംതമ്പുരാന് ഭൂമിയില്‍ വെറും പൂഴിയായ മനുഷ്യരിലൊരുവനായി അവതരിക്കുവാനും അവനുവേണ്ടി പാടുപീഡകള്‍ സഹിക്കാനും ഒരു അപ്പക്കഷണത്തോളം, ഒരിറ്റ് വീഞ്ഞിനോളം ചെറുതാകാനും സാധിക്കുമെങ്കില്‍ മനുഷ്യര്‍ക്ക്, എല്ലാവരുടെയും ശുശ്രൂഷകരായി ജീവിക്കുന്ന പിതാക്കന്മാര്‍ക്കും വൈദികര്‍ക്കുമൊക്കെ അല്പം താഴുവാനും ചെറുതാകുവാനും എന്തുകൊണ്ട് സാധിക്കുന്നില്ല?
സംഭാഷണങ്ങള്‍ക്ക് നല്‍കേണ്ടതായ ഒരു പ്രാധാന്യം കക്ഷിവഴക്കുകളിലേര്‍പ്പെടുന്ന സഭകള്‍ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എതിര്‍ഭാഗത്തുള്ളവരുടെ ആവശ്യങ്ങളോട് യാതൊരുവിധ അനുഭാവവുമില്ല, വിട്ടുവീഴ്ചകള്‍ ഒരു തരത്തിലുമില്ല, ഞങ്ങള്‍ പറയുന്നതുമാത്രമാണ് ന്യായം തുടങ്ങിയ ശൈലി എത്രത്തോളം ന്യായമാണ്?

ചുരുക്കത്തില്‍, സുവിശേഷാധിഷ്ഠിത മാര്‍ഗങ്ങളിലൂടെയല്ലാതെ സഭാപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകില്ല. നീതിന്യായ കോടതികള്‍ക്കോ ജനകീയ സമരങ്ങള്‍ക്കോ രാഷ്ട്രീയ നേതാക്കന്മാര്‍ക്കോ സമുദായ നേതാക്കന്മാര്‍ക്കോ പോലിസ് ഉദ്യോഗസ്ഥര്‍ക്കോ ഒന്നും അത് പരിഹരിക്കാനാവില്ല. 

പരിശുദ്ധാത്മശക്തിയില്‍ ആശ്രയിച്ച്, ദൈവവചനത്തെ മുറുകെ പിടിച്ച് സഭാമക്കള്‍ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും സാഹോദര്യഭാവത്തിലും പ്രശ്‌നങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കട്ടെ. അപ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

Saturday 8 November 2014

വിശുദ്ധി



''നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്'' (പുറ.3:5). 

ദൈവിക അനുഭവങ്ങളും വരദാനങ്ങളും അഭിലഷിക്കുന്നവര്‍ ആത്മാവില്‍നിന്ന് അശുദ്ധിയുടെ ആവരണങ്ങള്‍ മാറ്റിക്കളയുവാന്‍ അതീവ ശ്രദ്ധയുള്ളവരാകണം. കാരണം, ''വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല'' (ഹെബ്രാ.12:14).

വിശ്വാസജീവിതത്തിന്റെ പ്രായോഗികതലത്തിലെ വിജയപരാജയങ്ങളുടെയും സാക്ഷ്യ ആധികാരികതയുടെയും  മാനദണ്ഡമാണ് വിശുദ്ധി. ദൈവൈക്യത്തിന്റെ അടിസ്ഥാനം വിശുദ്ധിയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദൈവസ്‌നേഹം നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയുടെ ജീവിതശൈലിയുടെ അന്തഃസത്തയാണ് വിശുദ്ധി.

ഉള്ള് അശുദ്ധമായാലും പുറമേ മാന്യതയുടെ മുഖംമൂടി അണിയുന്നത് നമ്മുടെ ശീലമാണ്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഈ മുഖംമൂടി അണിയലിന് സഹായകഘടകങ്ങളാക്കി നാം കൂടെ കൊണ്ടുനടക്കുന്നു. കാലിലെ മന്ത് മറച്ചുവയ്ക്കാന്‍ വീതിയില്‍ കസവുകര തുന്നിച്ചേര്‍ത്ത ഡബിള്‍മുണ്ട് ഉടുക്കുന്നതുപോലെയാണിത്. എന്നാല്‍ ഹൃദയങ്ങള്‍ പരിശോധിക്കുന്ന കര്‍ത്താവ്, ഹൃദയരഹസ്യങ്ങള്‍ അറിയുന്ന കര്‍ത്താവ്, നമ്മുടെ പ്രവൃത്തികളെ വിവേചിച്ചറിയുന്നു. പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കും അവിടുന്ന് പ്രതിഫലം നല്കുന്നത്.

വൈകുന്നേരങ്ങളില്‍ ഗ്രാമവാസികള്‍ ഒരുമിച്ചുകൂടി വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന വടവൃക്ഷത്തിന്റെ കീഴില്‍ ഒരു സ്വര്‍ണത്തളിക കിടക്കുന്നു! വാര്‍ത്ത കേട്ടവര്‍ ഓടിവന്ന് ആ അമൂല്യവസ്തുവിനെ അത്ഭുതത്തോടെ നോക്കി. തിളക്കമുള്ള പൊന്‍തളിക! അതു സ്വന്തമാക്കുവാന്‍ എല്ലാവരും ആഗ്രഹിച്ചു. പക്ഷേ, ഒരു പ്രശ്‌നം ആര് സ്വര്‍ണത്തളിക കൈയിലെടുത്താലും നിറം മങ്ങി കാരിരുമ്പുപോലെയാകുന്നു. ഒപ്പം, ഒരു തിരിച്ചറിവും. സ്വര്‍ണത്തളികമേല്‍ സ്പര്‍ശിച്ചവരാരും അത്ര നല്ലവരായിരുന്നില്ല. അതുകൊണ്ട് അധികംപേര്‍ സ്വര്‍ണത്തളിക സ്വന്തമാക്കുവാന്‍ മുന്നോട്ടു വരാതെയായി. അവസാനം ഗ്രാമത്തിലെ പാവപ്പെട്ട വിധവയെക്കൊണ്ട് ഗ്രാമമുഖ്യന്‍ തളിക എടുപ്പിച്ചു. അത്ഭുതം എന്നു പറയട്ടെ, തളികയ്ക്ക് ഒരു മാറ്റവുമുണ്ടായില്ല. അതിന്റെ മാറ്റ് വര്‍ധിക്കുകയാണുണ്ടായത്.

വേദപാരംഗതയായ അമ്മത്രേസ്യ പുണ്യവതി പറയുന്നു: ''മനുഷ്യന്റെ ആത്മാവ് ഒരു സ്ഫടികക്കല്ലില്‍ തീര്‍ത്ത മനോഹരമായ ദേവാലയമാണ്. അതില്‍ രാജാധിരാജനായി വാഴുവാന്‍ ഈശോ ആഗ്രഹിക്കുന്നു.'' നമ്മുടെ ഉള്ള് ശുദ്ധമായാല്‍ മാത്രമാണ് നമ്മില്‍ ദൈവികസാന്നിധ്യം ഉണ്ടാകുക. നമ്മില്‍ പരിശുദ്ധി ഉണ്ടെങ്കില്‍ മാത്രമാണ് ദൈവാനുഗ്രഹങ്ങളാകുന്ന അമൂല്യനിധികള്‍ സ്വന്തമാക്കുവാന്‍ സാധിക്കുക. ദൈവിക സാന്നിധ്യമില്ലാതെ ജീവിക്കുന്നവര്‍ ദൈവത്തിന് ഇഷ്ടമില്ലാത്ത അശുദ്ധിയുടെ അടിമത്തത്തില്‍ കഴിയുന്നവരാണ്. ദൈവത്തിന് ഇഷ്ടമില്ലാത്തത് കാത്തുസൂക്ഷിക്കുന്നത് വൈക്കോലിനകത്ത് തീക്കട്ട സൂക്ഷിക്കുന്നതിനോട് സമാനമാണെന്ന് വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ പറയുന്നു. നമ്മിലുള്ള എല്ലാ അശുദ്ധികളും നമ്മെ നശിപ്പിക്കുവാന്‍ ശക്തിയുള്ള നരകാഗ്‌നിയുടെ തീജ്വാലകളാണ്.

കുടുംബങ്ങളിലും സമൂഹങ്ങളിലും അസാന്മാര്‍ഗികതയും അക്രമണസ്വഭാവങ്ങളും വര്‍ധിച്ചുവരുന്നത് മനുഷ്യനില്‍ കുമിഞ്ഞു കൂടുന്ന അശുദ്ധിയില്‍ നിന്നാണ്. ദൈവാരൂപിയെ ഉള്ളില്‍നിന്ന് നഷ്ടപ്പെടുത്തിക്കളഞ്ഞവര്‍ അധമസ്വഭാവങ്ങളുടെ അടിമകളായിത്തീരുന്നു. മാതാപിതാക്കളില്‍ ഹൃദയപരിശുദ്ധി ഇല്ലെങ്കില്‍, അവര്‍ക്ക് മാതൃകാപരമായ ജീവിതം മക്കള്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ സാധിക്കുകയില്ല. മക്കള്‍ക്കായി മാതാപിതാക്കള്‍ എന്തൊക്കെ നല്കിയാലും എത്രയൊക്കെ സമ്പാദിച്ചാലും ഉത്തമമായ വിശ്വാസജീവിതത്തില്‍ അനുകരണീയരാകുവാന്‍ പരാജയപ്പെട്ടാല്‍ മക്കള്‍ക്കും വഴിതെറ്റും. അതുകൊണ്ട് സ്വഭാവശുദ്ധിയില്‍ അടിസ്ഥാനമിട്ട വിശ്വാസജീവിതത്തില്‍ മാതാപിതാക്കള്‍ എന്നും ശ്രദ്ധാലുക്കളായിരിക്കണം.

''ദൈവം ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും'' (2 കോറി.10:13). നമുക്കൊക്കെ ദൈവിക പരിധികളും അതിരുകളും ഉണ്ട്. ദൈവം നിശ്ചയിച്ചു നല്കിയ പരിധി ലംഘിച്ചപ്പോഴാണ് ഹവ്വാ സാത്താന്റെ സ്വാധീനത്തിലകപ്പെട്ടത്. ദൈവിക സീമയ്ക്കപ്പുറത്തേക്ക് പുറപ്പെടുന്നത് മൂഢതയാണ്. സ്വമഹത്വാന്വേഷണം, അഹങ്കാരം, സ്വാര്‍ത്ഥത എന്നിവയൊക്കെയാണ് ദൈവിക അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പോകുവാന്‍ ഒരുമ്പെടുന്നവര്‍ക്ക് പ്രചോദനമായിത്തീരുന്ന പ്രേരണകള്‍. നാം ദൈവത്തിന്റെ അരൂപിയുടെ അധികാരമണ്ഡലത്തില്‍ അധിവസിക്കുന്നവര്‍ ആയിത്തീര്‍ന്നാല്‍ അശുദ്ധികള്‍ നമ്മെ അടിമപ്പെടുത്തുകയില്ല.








''ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല. ഒരുവന്‍ വലതുവശത്തുനിന്ന് 
കവര്‍ന്നുതിന്നുന്നു. എന്നാല്‍ വിശപ്പ് ശമിക്കുന്നില്ല. ഇടതുവശത്തുനിന്ന് പിടിച്ചു വിഴുങ്ങുന്നു. എന്നാല്‍, തൃപ്തിയാകുന്നില്ല. ഓരോരുത്തനും അപരന്റെ മാംസം ഭക്ഷിക്കുന്നു'' (ഏശയ്യാ 9:20). മനസില്‍ അശുദ്ധി കാത്തുസൂക്ഷിക്കുന്നവന്‍ അപരനെ ഇല്ലായ്മ ചെയ്യുവാന്‍ തക്കം നോക്കുന്നവനായിരിക്കും. ഇത്തരം പ്രവണതകളില്‍ തങ്ങളെത്തന്നെ തളച്ചിട്ടവര്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെട്ടവരും മറ്റുള്ളവരെ മുതലെടുത്ത് ഇരകളാക്കുന്നവരും ആയിരിക്കും. ''സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധത്താല്‍ ദേശം കത്തിയെരിയുന്നു'' (ഏശയ്യാ 9:19). അശുദ്ധികള്‍ക്കും ആസക്തികള്‍ക്കും അസുരസ്വഭാവങ്ങള്‍ക്കും അടിമപ്പെട്ടവര്‍ ദൈവകൃപയില്‍നിന്ന് അകന്നവരും കര്‍ത്താവിന്റെ കോപത്തിന് പാത്രീഭൂതരും ആയിത്തീരുന്നു. കാരണം, അശുദ്ധിയില്‍ ജീവിക്കുന്നവര്‍ ദൈവാത്മാവ് വസിക്കുന്ന ദൈവത്തിന്റെ ആലയമായ സ്വശരീരത്തെയും അപരന്റെ ശരീരത്തെയും നശിപ്പിക്കുന്നവരാണ്. ''ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും...'' (1 കോറി.3:1617).



നമ്മുടെ ഉള്ളും ഉള്ളതും പരിശുദ്ധമാക്കി തീര്‍ക്കാം. ജഡികാസക്തികള്‍ ഉള്ളില്‍ സൂക്ഷിക്കുകയും പുറമെ മാന്യതയുടെ മുഖംമൂടി അണിയുകയും ചെയ്യുന്ന കപടതയില്‍നിന്ന് നമ്മെ മോചിതരാക്കാം. പരിശുദ്ധ അമ്മയെപോലെ 'ഇതാ കര്‍ത്താവിന്റെ ദാസി' എന്നുള്ള മനോഭാവത്തില്‍ ജീവിച്ച് ആന്തരികശുദ്ധിയുള്ളവരാകാം. ചിത്തശുദ്ധി, മനഃശുദ്ധി, ദേഹശുദ്ധി പാലിച്ചുകൊണ്ട് നമുക്ക് ദൈവാരൂപിയാല്‍ നയിക്കപ്പെടുന്നവരും ദൈവികകൃപകള്‍ സ്വീകരിക്കുവാന്‍ അര്‍ഹതയുള്ളവരും
ആയിത്തീരാം.

Sunday 14 September 2014

ഒരേ ഛായ; ഒരേ ഭാവം


ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവാണ് ഇത് .30 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .. നഷ്ടപ്പെട്ടുപോയ അവസരങ്ങള്‍, കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ ദിനരാത്രങ്ങള്‍. സമയം കടന്നുപോകുന്നല്ലോ, ഒന്നും ചെയ്തുതീര്‍ക്കാനാവുന്നില്ലല്ലോ എന്ന ആകുലതയാണ് മനംനിറയെ.

വെളിപാടു പുസ്തകത്തില്‍ 'ലവൊദീക്യാ'യിലെ സഭയ്ക്കു നല്കുന്ന മുന്നറിയിപ്പ് എന്നെ ചുട്ടുപൊള്ളിക്കുന്നു: ''നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും...''
(വെളിപാട് 3:1516).

എനിക്ക് ജാള്യത തോന്നുന്നുണ്ട്. നിനക്കുവേണ്ടി ഇതുവരെ ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിന്റെ ജാള്യം. ചില 'ചെറിയ' മനുഷ്യരുടെ വലിയ സാക്ഷ്യങ്ങള്‍ എന്നെ ഭൂമിയോളം ചെറുതാക്കുന്നതങ്ങനെയാണ്.
ഇറാഖില്‍  നിന്നുള്ളതായിരുന്നു ആ വീഡിയോ. അതു കാണേണ്ടിയിരുന്നില്ല എന്നു തോന്നി പിന്നീട് പലപ്പോഴും. കാണാതിരുന്നുവെങ്കില്‍ എന്റെ ഉറക്കം നഷ്ടപ്പെടുമായിരുന്നില്ല; എന്റെ നെഞ്ചിന്‍കൂട്ടിനുള്ളിലൊരു നിലവിളി സദാ ഉയര്‍ന്നുവരുമായിരുന്നില്ല! കണ്ണില്‍നിന്നു മറയുന്നില്ല, ആ ദൃശ്യങ്ങള്‍.

നാട്ടിന്‍പുറത്തെ ഒരു ജംഗ്ഷന്‍. അവിടെ വന്യമായ രൂപഭാവങ്ങളുള്ള ഒരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ നിരാലംബരായ ഏതാനും 'ചെറിയ' മനുഷ്യര്‍. ആള്‍ക്കൂട്ടത്തില്‍ നിന്നൊരു പാദം ഉയര്‍ന്നുതാണു. 'ഇര' മുഖംകുത്തി നിലത്തേക്ക്. ആരോ കാര്‍ക്കിച്ചു തുപ്പുന്നു. മീശ മുളക്കാത്ത ഒരു പയ്യന്‍ ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുവന്ന് ആഞ്ഞുചവിട്ടുകയാണ്. മറ്റൊരുവന്‍ ഇരുമ്പുവടികൊണ്ട് ഇരയുടെ കൈകാലുകള്‍ തച്ചുടയ്ക്കുന്നു.

എന്നെ കരയിക്കുന്നത് അതൊന്നുമല്ല. ഇത്രയൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടും നിലത്തുവീണു പിടയുന്നതല്ലാതെ തിരിച്ചാക്രമിക്കാനോ കുതറിയോടാനോ അസഭ്യവാക്കു പറയാനോ മുതിരുന്നില്ല ഇരകള്‍! ജീവന്‍ രക്ഷിക്കാന്‍ ഏതു മനുഷ്യനും സ്വയം പ്രതിരോധിക്കും. ഈ മനുഷ്യര്‍ അതുപോലും ചെയ്യുന്നില്ലല്ലോ, ദൈവമേ!

ഇറാഖിലെ മുഖങ്ങള്‍ക്കും കാല്‍വരിയിലെ മുഖത്തിനും ഒരേ ഛായ; ഒരേ ഭാവം. ഇവര്‍ക്കു മുന്‍പില്‍ ഞാന്‍, ഈശോയെ ഒന്നു ശിരസു നമിക്കട്ടെ; നിശബ്ദമായൊന്നു കരയട്ടെ. എന്റെ മന്ദോഷ്ണതയോര്‍ത്ത് ഹൃദയം നുറുങ്ങിയൊന്നു നിലവിളിക്കട്ടെ.

നിനക്കുവേണ്ടി ഒരുപാടു സഹിച്ചവനായിരുന്നു പൗലോസ്; നീ വഴിയില്‍ വച്ചു പിടിച്ചെടുത്ത സാവൂള്‍. അവന്‍ പറഞ്ഞതാണു സത്യം: ''ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു'' (ഫിലിപ്പി 1:29).

ക്രിസ്തുവിനുവേണ്ടി സഹിക്കുകയെന്നതും അനുഗ്രഹമാണ്; മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, അനുഗ്രഹിക്കപ്പെട്ടവര്‍ക്കു മാത്രമേ ക്രിസ്തുവിനെപ്രതി സഹിക്കാന്‍ ആവുകയുള്ളൂ. ഇപ്പോള്‍ എനിക്ക് സകലതും വ്യക്തമാവുന്നുണ്ട്; നീ എന്നെയും അനുഗ്രഹിക്കുന്നതിനെയോര്‍ത്ത്. നന്ദി, ഇനി എനിക്ക് സഹനങ്ങളെപ്രതി പരാതികളില്ല...

''എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും'' (മത്തായി 5:1112).

ഇറാഖിലെ ആ നിരാലംബരായ രക്തസാക്ഷികള്‍, അവര്‍ നിന്നോടൊത്തു പറുദീസയിലാണെന്ന് എനിക്കുറപ്പുണ്ട് . അതായിരുന്നു പീഡനമേല്ക്കുമ്പോഴും അവരുടെ മുഖത്തുണ്ടായിരുന്ന ഭാവം.
ഇവര്‍ക്കു മുന്‍പിലാണ് ''ഞാന്‍ പിഴയാളി'' എന്നു നാനൂറുവട്ടം ആവര്‍ത്തിക്കാന്‍ എന്റെ ഹൃദയം മന്ത്രിക്കുന്നത്. കാരണമുണ്ട്; മഹാനഗരങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്രകളില്‍, എയര്‍പോര്‍ട്ടുകളിലെ വിരസമായ കാത്തിരിപ്പു മുറികളില്‍; ഒരിടത്തും ജപമാല കീശയ്ക്കുള്ളില്‍നിന്നു പുറത്തെടുക്കാന്‍ അനുവദിക്കുന്നില്ല എന്റെയുള്ളിലെ നാഗരിക മനുഷ്യന്‍.

എനിക്ക് നിന്റെ നാമധേയം വെറുതെ ലഭിച്ച ഒരു മേല്‍വിലാസം; സല്‍പേരിനു ലഭിച്ച 'വിലയില്ലാത്ത' പതക്കം. ശരിയാണ്, ഞാന്‍ തണുപ്പും ചൂടുമില്ലാത്ത 'മന്ദോഷ്ണന്‍.' എന്നെക്കുറിച്ചാണ് നീ ആ ഉപമ പറഞ്ഞത്; തോട്ടത്തിനു നടുവില്‍ നില്ക്കുന്ന ഫലം കായ്ക്കാത്ത അത്തിമരം!

ആരെങ്കിലും എന്റെ സ്വഭാവത്തെപ്പറ്റി അല്പമെന്തെങ്കിലുമൊന്നു കനപ്പിച്ചു പറഞ്ഞാല്‍ മതി, വാടുകയായി എന്റെ മുഖം. നീ പറഞ്ഞ ആ 'കപടനാട്യക്കാരന്‍' ഞാനാണ് കര്‍ത്താവേ... മാപ്പ്! ''എന്റെ നാമം നിമിത്തം നിങ്ങള്‍ സര്‍വരാലും ദ്വേ ഷിക്കപ്പെടും. അവസാനംവരെ സഹി ച്ചുനില്ക്കുന്നവന്‍ രക്ഷപ്പെടും'' (മത്തായി 10:22).

എനിക്ക് സര്‍വരുടെയും പ്രീതി നേടാനാണ് താല്പര്യം. അതിനുവേണ്ടി എത്രയെത്ര കീഴ്‌വഴങ്ങലുകള്‍, വിട്ടുവീഴ്ചകള്‍, ചതഞ്ഞ നയതന്ത്രജ്ഞതയുടെ പുഞ്ചിരികള്‍. അതെ, ഞാന്‍ തന്നെയാണ് കപടനാട്യക്കാരന്‍. ക്രിസ്തുസാക്ഷിയാകാന്‍ ആവാത്ത ഞാനെങ്ങനെയാണ് രക്തസാക്ഷിയാവുക?


മനുഷ്യരുടെ മുന്‍പില്‍ നിന്നെ ഏറ്റുപറയാന്‍ മടിക്കുന്നവരെ ദൈവപിതാവിന്റെ മുന്‍പില്‍ സാക്ഷിക്കുവാന്‍ നീ മടിക്കുമോ, കര്‍ത്താവേ? അങ്ങനെയെങ്കില്‍ ഇനിയും എത്രയാവര്‍ത്തി ഞാന്‍ 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ' എന്നു നെഞ്ചിലിടിച്ചു കരയേണ്ടിവരും.

ലോകം എന്നെ വെറുത്തുകൊള്ളട്ടെ, പുച്ഛിച്ചു തരംതാഴ്ത്തിക്കൊള്ളട്ടെ. അപവാദങ്ങളുടെ അരക്കില്ലങ്ങളില്‍ എന്നെ എരിയിച്ചുകളയട്ടെ. എന്നാലും നിന്റെ നാമത്തെപ്രതി ഇനി ഒരിക്കലും ലജ്ജിക്കുകയില്ല ഞാന്‍.

ഞാന്‍ ലോകത്തിന്റേതല്ല; വാസ്തവം. എന്നാലും എന്റെ താല്പര്യങ്ങളത്രയും ലോകത്തോടാണ്. അതിന്റെ ഭ്രമിപ്പിക്കുന്ന കാഴ്ചകളില്‍, ത്രസിപ്പിക്കുന്ന രസങ്ങളില്‍, ലഹരി പതയുന്ന ആസക്തികളില്‍, ചുട്ടുപൊള്ളിക്കുന്ന അഴകളവുകളില്‍!
എനിക്കു മതിയായി. നീ കാണിച്ചു തരുന്ന ആ ഇടുങ്ങിയ വാതില്‍ മതിയെനിക്ക്. നടന്നു നീങ്ങുന്തോറും ചുരുങ്ങിച്ചുരുങ്ങി വരികയാണ് ആ വഴി.

വിശുദ്ധ പൗലോസ് പറഞ്ഞതാണ് സ ത്യം. ''എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു'' (1 തെസ. 3:7).
അതൊരു വലിയ ദര്‍ശനമാണ്. ഞെരുക്കപ്പെടുന്നെങ്കിലും തകര്‍ക്കപ്പെടാത്തവന്റെ കരുത്ത്.

''ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു'' (2 കോറി. 4:810).

അപ്പോള്‍ അതാണു കാര്യം. ക്രിസ്തുവിനെപ്രതി ഞാന്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ ഉറപ്പാണ്. അവന്‍ എന്നില്‍ ജീവിക്കുന്നുണ്ട്. ഉള്ളിലുള്ള പക്ഷിക്കുനേരെയാണ് വേടന്റെ അമ്പുകളത്രയും. പക്ഷേ, കൊള്ളുന്നതാവട്ടെ കൂട്ടിലാണെന്നുമാത്രം. ഇനിയും നമ്മുടെ ചുവടുകള്‍ ഒരു ചാട്ടവാറടിയുടെ മുഴക്കം പ്രതീക്ഷിച്ചുവേണം. ഒരു കുരിശിന്റെ നിഴല്‍ നിന്റെ വഴികളില്‍ എന്നുമുണ്ടാകുമെന്നു സാരം.

രക്തസാക്ഷിത്വത്തിന്റെ ചുവന്ന പട്ടികയില്‍ ഇടംപിടിച്ചു, അപ്പസ്‌തോലന്മാരില്‍ പതിനൊന്നുപേരും. ആദ്യ മാര്‍പാപ്പമാരില്‍ 13 പേര്‍ക്കാണ് അതിനു ഭാഗ്യമുണ്ടായത്. സ്‌തേഫാനോസിന്റെ ചോരച്ചാലുകള്‍ മുതല്‍ ഇറാഖിലെ നിണമണിഞ്ഞ വഴിത്താരകള്‍വരെ എത്രയെത്ര രക്തപുഷ്പങ്ങള്‍! എനിക്കെന്നാണാവോ അത്തരത്തിലൊരു നിയോഗം. അതിനു തക്കവണ്ണമൊരു പുണ്യയോഗ്യത ഉണ്ടായിട്ടു വേണ്ടേ?

അവന്റെ വഴികള്‍ ഋജുവായൊരു രേഖയല്ല; സഹനപ്പെരുങ്കടല്‍ നീന്തിവേണം അവിടെയെത്താന്‍. എണ്ണമറ്റവിധമുള്ള പ്രഹരങ്ങള്‍. തൊട്ടുമുന്‍പില്‍ കാണുന്ന മരണവക്ത്രങ്ങള്‍. ജാഗരണത്തിലും വിശപ്പിലും നിലവിളിയിലും നിണച്ചാലുകളിലും കടന്നുപോകേണ്ടവനാണ് നീ.

കുരിശിന്റെ വഴിയിലെ പതിനാലു സ്ഥ ലങ്ങള്‍ ഞാനും കടന്നുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ ക്രിസ്തു എന്നില്‍ ജീവിക്കുന്നില്ലെന്നുവേണം കരുതാന്‍. ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും ഉപവാസത്തിലും നഗ്‌നതയിലും തണുപ്പിലും നിനക്കായി സാക്ഷ്യം നല്കാന്‍ ഇതാ എന്റെ ജീവിതം; നിനക്ക്, പൂര്‍ണമായി ഉപയോഗിക്കാന്‍...

Wednesday 3 September 2014

ദൈവവിളി





നാടകീയമായി ദൈവം സാമുവലിനെ വിളിക്കുന്നത് വിശുദ്ധ ലിഖിതത്തില്‍ നാം വായിക്കുന്നുണ്ട് (1 സാമു.3). ദൈവം സാമുവലിനോട് സംസാരിക്കുന്നു. പക്ഷേ, ആ ബാലന് അത് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതുവരെ കര്‍ത്താവിന്റെ സ്വരം അവന് വെളിവാക്കപ്പെട്ടിരുന്നില്ല എന്നാണ് വിശുദ്ധ ലിഖിതം പറയുന്നത്. രണ്ട് പ്രാവശ്യം കര്‍ത്താവ് അവനെ വിളിച്ചപ്പോഴും ഏലിയാണെന്ന് കരുതി അദ്ദേഹത്തിനടുത്തേക്ക് സാമുവല്‍ ചെല്ലുന്നു. അപ്പോള്‍ ഏലിക്ക് മനസിലായി സാമുവലിനെ വിളിക്കുന്നത് കര്‍ത്താവാണെന്ന്. അതിനാല്‍ ഇനി ആ സ്വരം കേള്‍ക്കുമ്പോള്‍, ''കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു'' (1 സാമു.3:9) എന്നു പറയാന്‍ ഏലി അവനോട് നിര്‍ദേശിക്കുന്നു. കര്‍ത്താവിന്റെ സ്വരം മനസിലാക്കാനും അതിന് ക്രിയാത്മകമായ ഉത്തരം കൊടുക്കാനും അങ്ങനെ ഏലി സാമുവലിന് പരിശീലനം നല്കുന്നു.



ദൈവവിളികള്‍ കുറഞ്ഞുവരുന്ന കാലമാണിത്. എന്നാല്‍, ദൈവം വിളിക്കാത്തതല്ല, വിളിക്കപ്പെടുന്നവര്‍ക്ക് അതിന് ഉത്തരം കൊടുക്കാനോ അഥവാ ഉത്തരം കൊടുക്കാന്‍ തക്കവിധം തുറവിയുള്ളവരാകാനോ സാധിക്കാത്തതാണ് ഈ പ്രതിസന്ധിയുടെ കാരണം. കൂദാശകള്‍ പരികര്‍മം ചെയ്യാന്‍ ആവശ്യത്തിന് വൈദികരും ശുശ്രൂഷകള്‍ ഏറ്റെടുക്കാന്‍ സമര്‍പ്പിതരുമൊന്നുമില്ലാത്ത അവസ്ഥ ഉണ്ടയേക്കാം എന്ന ചിന്ത പലരെയും അസ്വസ്ഥരാക്കുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ പൂര്‍വികരുടെ ഉദാരമനസ്‌കതയാണ് ഇന്ന് നാം കാണുന്ന ദേവാലയങ്ങളും പള്ളിക്കൂടങ്ങളുമൊക്കെ. കാരണം, സഭാശുശ്രൂഷക്കായി വിട്ടുകൊടുത്ത അവരുടെ മക്കളാണ് അതെല്ലാം രൂപപ്പെടുത്തിയത്. മകനോ മകളോ വൈദികാന്തസിലേക്കോ സന്യാസാന്തസിലേക്കോ വിളിക്കപ്പെടുന്നത് അഭിമാനമായി കണ്ടിരുന്ന അവരുടെ സന്മനസിന് നാം അവരോട് നന്ദിയുള്ളവരായിരിക്കണം. നമ്മുടെ തലമുറയിലും അതുപോലെ സന്യാസ പൗരോഹിത്യവിളികളുണ്ടാകാന്‍ തക്ക തുറവിയുള്ളവരുമാകണം. ദൈവവിളികളുടെ കുറവില്‍ നമുക്കും ഉത്തരവാദിത്വമുണ്ട്, അത് ആരുടെയെങ്കിലുംമേല്‍ കെട്ടിവയ്ക്കാന്‍ കഴിയില്ല.



പുണ്യത്തിന്റെ ഭവനം

ക്രിസ്തുവിന്റെ സഭയെ സേവിക്കാനുള്ള വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇന്നത്തെ യുവജനങ്ങളെ എങ്ങനെയാണ് നാം സഹായിക്കുക? 'പുണ്യത്തിന്റെ ഭവന'മായ കു ടുംബ സാഹചര്യം നാം ആദ്യം നല്കണം. കൂദാശകളെ കേന്ദ്രമാക്കിക്കൊണ്ടുള്ള പുണ്യജീവിതം നയിക്കാന്‍ ഭാവിയിലെ സഭാ നേതാക്കള്‍ പഠിക്കുന്നത് വീടുകളില്‍നിന്നാണ്. നമ്മുടെ ജ്ഞാനസ്‌നാന പ്രതിജ്ഞക്കനുസരിച്ച് സധൈര്യം ജീവിക്കുന്നതില്‍നിന്നാണ് യഥാര്‍ത്ഥ സമാധാനവും സന്തോഷവും വരുന്നതെന്ന് ജീവിതത്തിലൂടെ പുതിയ തലമുറയെ പഠിപ്പിക്കണം. സ്‌നാപകയോഹന്നാന്‍ പറഞ്ഞതുപോലെ  'ഇതാ, ദൈവത്തിന്റെ കുഞ്ഞാട്' എന്ന് യേശുവിനെ ചൂണ്ടിക്കാണിക്കാന്‍ വിളിക്കപ്പെട്ടവരാണ് മാതാപിതാക്കള്‍. സമൂഹത്തിനും ഇതേ ഉത്തരവാദിത്വമുണ്ട്. ജീവിതാന്തസ് തെരഞ്ഞെടുക്കാന്‍ സമയമായവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നത് മുതിര്‍ന്നവരായിരിക്കുമല്ലോ, പ്രധാനമായും മാതാപിതാക്കള്‍. അതിനാല്‍ അവരുടെ ജീവിതം അതിനുതകുന്നതായിരിക്കണം. അവര്‍ സ്വയമായി ദൈവത്തിന്റെ പ്രേരണകളെ മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിക്കുമ്പോഴാണ് യുവജനങ്ങളെ അങ്ങനെ ചെയ്യാന്‍ സഹായിക്കാന്‍ കഴിയുക. അതിനാല്‍ സാമുവലിനെ ദൈവസ്വരം മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിപ്പിച്ച ഏലിയെപ്പോലെ ആയിത്തീരാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്.



മഹത്തായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. വിവാഹജീവിതമായാലും ദൈവത്തിന്റെ സഭയിലെ സേവനമായാലും ഉദാരരായിരിക്കാനുള്ള ഒരു വിളി ദൈവം നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ളതിനപ്പുറം പോയി ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കാന്‍ ഒരു അതിസ്വാഭാവികമായ വിളി ചിലര്‍ക്ക് നല്കപ്പെടുന്നു; മാളത്തില്‍ വസിക്കുന്നവനെപ്പോലെയാകാനും മറ്റുള്ളവരുടെ പാപത്തിന്റെ ഭാരം വഹിക്കാനും. യേശുവിന്റെ മരണത്തിന്റെ ബലി വൈദികന്‍ ലോകത്തിനു മുഴുവനും നല്കുന്നു. സമര്‍പ്പിതയായ ഒരു സ്ത്രീ തന്റെ ത്യാഗത്തിലൂടെ പ്രായം കുറഞ്ഞവരും കൂടിയവരുമായ ആയിരക്കണക്കിന് വ്യക്തികള്‍ക്ക് അമ്മയാകുന്നു. അവരുടെ സേവനത്തിന് എന്തു പകരം വയ്ക്കാന്‍ കഴിയും? നാം  വൈദികരുടെ ത്യാഗത്തിന്റെ സദ്ഫലങ്ങള്‍ ഭക്ഷിച്ച് വളരുന്നവരും വളര്‍ന്നവരല്ലേ? അതിനാല്‍ പഴയകാലത്തെ മാതാപിതാക്കളുടെ മാതൃക ഇന്നത്തെ മാതാപിതാക്കളും പിന്‍ചെല്ലണം.



ഒരു പുതിയ വസന്തം

നിര്‍ഭാഗ്യവശാല്‍, യുവജനങ്ങള്‍ ദൈവവിളിയെ ''വന്ന് കാണുക'' എന്ന ക്ഷണമായിട്ട് കാണുമ്പോള്‍ സ്വന്തം ഭവനത്തില്‍നിന്ന് പലപ്പോഴും നിരുത്സാഹപ്പെടുത്തല്‍ ഉണ്ടാകുന്നു. ''അത് ഒരു ഏകാന്തജീവിതമാണ്, നിനക്ക് അവിടെ സന്തോഷമായിരിക്കില്ല,'' അതുമല്ലെങ്കില്‍ ''എനിക്ക് പേരക്കുട്ടികളെ വേണം'' എന്നിങ്ങനെ. എന്നാല്‍, പൂര്‍വ്വികര്‍ മക്കളെ സമര്‍പ്പിതജീവിതത്തിലേക്ക് വിടുന്നതില്‍ ഉദാരരായിരുന്നു. ദൈവത്തിനായി സ്വയം സമര്‍പ്പിക്കുന്ന കുടുംബാംഗത്തെ വലിയ അനുഗ്രഹമായി അവര്‍ കണ്ടു. തിരിച്ച് എന്താണ് നമുക്ക് ലഭിച്ചത്. അനേകം ദേവാലയങ്ങളും അവിടെ ആത്മീയാവശ്യങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും ലഭിച്ചില്ലേ? നമുക്കും ഉദാരതയുടെ ആ മാതൃക പിന്‍തുടരാന്‍ ശ്രമിക്കാം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രവചിച്ച ഒരു 'പുതിയ വസന്തകാല'ത്തിന്റെ ഭാഗമാകാം. ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിച്ചും പ്രോത്സാഹിപ്പിച്ചും അടുത്ത തലമുറക്കായി നമുക്ക് കരുതിവയ്ക്കാം. നാം ദൈവത്തിന്റെ വിളിയോട് ക്രിയാത്മകമായി പ്രതികരിക്കുമെങ്കില്‍ നമ്മുടെ മക്കളെയും വരും തലമുറകളെയും സേവിക്കാന്‍ അനേകം വൈദികരും സന്യസ്തരും ഉണ്ടാകും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്വപ്നം കണ്ട ഒരു പുതുവസന്തകാലം അതുവഴി യാഥാര്‍ത്ഥ്യമാകട്ടെ.

Monday 2 June 2014

കുരിശടയാളം പൈശാചികശക്തികൾക്കെതിരായ ആയുധം


വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സെന്‍ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാന്‍ ആഗ്രഹിച്ച ചക്രവര്‍ത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ, തന്റെ ആകാംക്ഷയെ ശമിപ്പിക്കാന്‍ തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രിക ശക്തിയെക്കുറിച്ചും പ്രേതാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അദ്ദേഹം മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു.

രാത്രി ഒരു ക്ഷേത്രാങ്കണത്തില്‍ അവര്‍ എത്തിയപ്പോള്‍ ദുഷ്ടാരൂപികളെ വിളിച്ചുവരുത്തുന്ന മന്ത്രങ്ങളും ആഭിചാരകര്‍മങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിരവധി പൈശാചികാരൂപികള്‍ അവിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഭയംകൊണ്ട് ജൂലിയന്‍ അറിയാതെ കുരിശുവരച്ചുപോയി. കുരിശു വരച്ചയുടനെ പ്രേതാത്മാക്കളെല്ലാം അപ്രത്യക്ഷരായി. മന്ത്രവാദി ജൂലിയനെ ശാസിച്ചു. നസ്രായന്റെ അടയാളം വരച്ചാല്‍ പ്രേതാത്മാക്കള്‍ക്ക് അവിടെ നില് ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇനി അങ്ങനെ ചെയ്യരുതെന്നും പറഞ്ഞു. വീണ്ടും അയാള്‍ പൂജകള്‍ ചെയ്ത് പ്രേതാത്മാക്കളെ വിളിച്ചു വരുത്താന്‍ തുടങ്ങി. എന്നാല്‍ ഭയം നിറഞ്ഞപ്പോള്‍ ജൂലിയന്‍ വീണ്ടും അറിയാതെ കുരിശുവരച്ചു. പ്രേതാരൂപികളെല്ലാം പിന്നെയും അപ്രത്യക്ഷരായി.

ഈ സംഭവത്തില്‍നിന്ന് കുരിശടയാളത്തിന്റെ ശക്തി മനസിലാകുമല്ലോ. ഇനി, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക:

''കുരിശടയാളം നിങ്ങളുടെ വിമോചനത്തിന്റെ അടയാളമാണ്. അത് വരയ്ക്കുമ്പോള്‍ നിങ്ങളുടെ മോചനദ്രവ്യമായി എന്താണ് നല്കിയതെന്ന് ഓര്‍മിക്കുക. അപ്പോള്‍ നിങ്ങള്‍ മറ്റാരുടെയും അടിമയാകില്ല. അതിനാല്‍ നിങ്ങളുടെ വിരലുകൊണ്ടു മാത്രമല്ല, വിശ്വാസംകൊണ്ടും കുരിശുവരയ്ക്കുക. നിങ്ങളുടെ നെറ്റിയില്‍ ഈ അടയാളം പതിച്ചാല്‍ അശുദ്ധമായ അരൂപികള്‍ക്ക് നിങ്ങളുടെ മുന്‍പില്‍ നില്ക്കാന്‍ ധൈര്യമുണ്ടാവുകയില്ല. തന്നെ മുറിവേല്‍പ്പിച്ച ആയുധവും തനിക്കു മരണശിക്ഷ വിധിച്ച വാളും പിശാച് ആ കുരിശില്‍ കാണുന്നുണ്ട്.''

യഥാര്‍ത്ഥ ശത്രു
നിരന്തരമായ ഒരു പോരാട്ടത്തിന്റെ ജീവിതമാണ് ആത്മീയജീവിതം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വ്യവസ്ഥിതികളെയും എതിരാളികളായി കാണാന്‍ കഴിയുന്ന നമുക്ക് പലപ്പോഴും അവയുടെ പിന്നിലുള്ള ദുഷ്ടാരൂപികളെ തിരിച്ചറിയാന്‍ സാധിക്കാറില്ല. പൗലോസ് ശ്ലീഹാ പറയുന്നു:

''കര്‍ത്താവിലും അവിടുത്തെ ശക്തി യുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാല്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും'' (എഫേ. 6:1013).

നമ്മുടെ പോരാട്ടത്തില്‍ പക്ഷേ, നാം കുരിശെന്ന ആയുധം ഉപയോഗിക്കാറില്ല. പലര്‍ക്കും പിശാചുണ്ടെന്ന ബോധ്യമില്ല എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം.

1 യോഹന്നാന്‍ 3:8 ല്‍ ഇങ്ങനെ പറയുന്നു: പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.
ചിലര്‍ക്ക് പിശാചുണ്ടെന്നറിയാം. പക്ഷേ, നിത്യജീവിതത്തില്‍ അവന്റെ സാന്നിധ്യമുണ്ടെന്ന ബോധ്യമില്ല. വേറെ ചിലര്‍ക്കാകട്ടെ തങ്ങള്‍ യുദ്ധമുഖത്തിലാണെന്ന ബോധ്യം ഇല്ല. അതിനാല്‍ ആയുധമുണ്ടെങ്കിലും അതിന്റെ ശക്തി അറിയാമെങ്കിലും ഉപയോഗിക്കാറില്ല.

ആരാണ് സാത്താന്‍?
'ഡയബോളോസ്' എന്ന ഗ്രീക്കു പദത്തില്‍ നിന്നും രൂപംകൊണ്ടതാണ് പിശാ ച് എന്നര്‍ത്ഥമുള്ള 'ഡെവിള്‍'.  'മാര്‍ഗതടസം ഉണ്ടാക്കുക' എന്നാണ് ഈ മൂലപദത്തിന്റെ ശരിയായ അര്‍ത്ഥം. ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ തടസം നില്ക്കുന്നവന്‍. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളെ തകിടം മറിക്കുന്നവന്‍. യേശു പറഞ്ഞു: ''അവന്‍ ആദിമുതലേ കൊലപാതകിയും നുണയനും നുണയരുടെ പിതാവുമാണ്'' (യോഹ. 8:44).
സാത്താന്റെ അടിമത്തത്തില്‍നിന്നും മനുഷ്യന് രക്ഷ നല്കാനാണ് ക്രിസ്തു കുരിശില്‍ മരിച്ചത്.

ദൈവപുത്രന്റെ ജീവനെടുത്താല്‍ താന്‍ എന്നേക്കുമായി വിജയിക്കുമെന്ന് സാത്താന്‍ കരുതി. എന്നാല്‍, പാപമില്ലാത്തവനായ ക്രിസ്തുവിന്റെമേല്‍ തനിക്കവകാശമില്ല എന്ന സത്യം പിശാച് മറന്നു. യേശുവിന്റെ കുരിശുമരണം വഴി തന്റെ കീഴിലുള്ള പാപികളായ മനുഷ്യരുടെ കടം വീട്ടപ്പെടുമെന്നും താന്‍ പരാജിതനായിത്തീരുമെന്നും അറിയാതിരുന്നതിനാ ലാണ് സാത്താന്‍ യഹൂദ അധികാരികളെയും റോമന്‍ പടയാളികളെയും കൂടുതല്‍ പ്രകോപിപ്പിച്ച് യേശുവിന്റെ അതിദാരുണമായ മരണത്തിന് പശ്ചാത്തലമൊരുക്കിയത്.

അങ്ങനെ 2000 ത്തില്‍പരം വര്‍ഷങ്ങള്‍ക്കുമുന്‍പ് കുരിശ് സാത്താന്റെ തകര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു. അന്നുമുതല്‍ കുരിശും ക്രൂശിതരൂപവും അവനെ തളര്‍ ത്തിക്കളയുകയാണ്.
''ക്രൂശില്‍ യേശു സാത്താനെ കീഴടക്കുകയും അവന്റെ പരാജയത്തെ വിളംബരം ചെയ്യുകയും ചെയ്തു. അതിനാല്‍ കുരിശ് വിശ്വാസികളുടെ അടയാളവും പിശാചുക്കളുടെ ഭീതികാരണവുമാണ്'' (ജറുസലേമിലെ വിശുദ്ധ സിറിള്‍).
കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം (എ.ഡി. 347407) പഠിപ്പിക്കുന്നതിങ്ങനെയാണ്:

''കുരിശടയാളം വരയ്ക്കാതെ ഒരിക്കലും നിങ്ങളുടെ ഭവനം വിട്ടിറങ്ങരുത്. അത് നിങ്ങള്‍ക്കൊരു വടിയും ആയുധവും ആര്‍ക്കും കീഴടക്കാനാകാത്ത കോട്ടയും ആയിരിക്കും. ഈ വിധം ശക്തമായ ആയുധം ധരിച്ചിരിക്കുന്നത് കാണുമ്പോള്‍ മനുഷ്യരോ പിശാചുക്കളോ നി ങ്ങളെ ആക്രമിക്കാന്‍ ധൈര്യപ്പെടുകയില്ല. പൈശാചികശക്തികള്‍ക്കെതിരെ പോരാടാനും നീതിയുടെ കിരീടത്തിനായി യുദ്ധം ചെയ്യാനും തയാറായി നില്ക്കുന്ന ഒരു പോരാളിയാണ് നിങ്ങളെന്ന് ഈ അടയാളം നിങ്ങളെ പഠിപ്പിക്കട്ടെ.''

''കുരിശ് എന്താണ് ചെയ്തതെന്ന കാര്യത്തില്‍ നിങ്ങള്‍ അജ്ഞരാണോ? കുരിശ് മരണത്തെ പൂര്‍ണമായും കീഴടക്കുകയും പാപത്തെ തകര്‍ക്കുകയും നരകത്തെ ശൂന്യമാക്കുകയും സാത്താനെ ബഹിഷ്‌ക്കരിക്കുകയും പ്രപഞ്ചത്തെ വീണ്ടെടുക്കുകയും ചെയ്തു. അതിന്റെ ശക്തിയെ ഇനിയും നിങ്ങള്‍ സംശയിക്കേണ്ടതുണ്ടോ?''

സഭാപിതാക്കന്മാരും ആദിമ െ്രെകസ്തവരും കണ്ടെത്തിയ കുരിശിന്റെ ശക്തിയെ നാമെത്രയോ നിസ്സാരമായിട്ടാണ് കാണുക! യൂറോപ്പിലെയും അമേരിക്കയിലെയും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ക്ലാസ് മുറികളില്‍നിന്നും ക്രൂശിതരൂപങ്ങള്‍ നീക്കംചെയ്യാന്‍ ശക്തമായ പ്ര ക്ഷോഭണങ്ങള്‍ നടന്നുവരികയാണ്. സെമിത്തേരിയുടെ മധ്യത്തില്‍ ഉയര്‍ന്നുനില് ക്കുന്ന ക്രൂശിതരൂപങ്ങള്‍ മറ്റു മതസ്ഥര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നാരോപിച്ച് നീക്കം ചെയ്യാന്‍ കേസുകള്‍ കൊടുക്കുന്നതും നാം വായിച്ചറിയുന്നു. ചില രാജ്യങ്ങളില്‍ ക്രൂശിതരൂപം പരസ്യമായി പ്രകടിപ്പിക്കുവാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് മറ്റു മതങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ ചിഹ്നങ്ങളോട് തോന്നാത്ത അസഹിഷ്ണത കുരിശിനോടുമാത്രം തോന്നുന്നു? സാത്താന്റെ പരാജയചിഹ്നവും ക്രിസ്തുവിന്റെ വിജയചിഹ്നവുമായ കുരിശിനെ സാത്താന്‍ ഭയപ്പെടുന്നു എന്നതാണ് കാരണം. കുരിശിനെ മറയ്ക്കാനുള്ള സാത്താന്യ പ്രേര ണ കുരിശുവിരോധികളില്‍ ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

ഭവനങ്ങളുടെ വെഞ്ചരിപ്പ്
തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തില്‍ ഭവനങ്ങളിലേ ക്കും സ്ഥലങ്ങളിലേക്കും കടന്നുവരാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പാ പങ്ങളും പാപത്താല്‍ ബന്ധിക്കപ്പെട്ടവരുടെ സമ്പര്‍ക്കങ്ങളും ദുഷ്ടാരൂപികള്‍ക്ക് കടന്നുവരാന്‍ വാതിലുകള്‍ തുറന്നു കൊടുക്കും. ദൈവകല്പനയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥലത്തു നടക്കുമ്പോള്‍ അവിടെ ദൈവികസാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാകാം. അങ്ങനെയുള്ള ഇടങ്ങളില്‍ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വര്‍ധിക്കും. അതുപോലെതന്നെ അന്ധകാരശക്തികളുടെ നേരിട്ടുള്ള ആക്രമണങ്ങളും ദുഷ്ടമനുഷ്യരിലൂടെയുള്ള പ്രവര്‍ ത്തനങ്ങളും എവിടെയും എപ്പോഴും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഭയിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്.

വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തി യുംകൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്റെ വെഞ്ചരിപ്പുവഴി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ വിവരണാതീതമാണ്. ഭവനങ്ങള്‍ വെഞ്ചരിക്കുമ്പോള്‍ രോഗപീഡകള്‍ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാകുന്നതും അനേകരുടെ ജീവിതാനുഭവമാണ്. കൃഷിനാശം, ബിസിനസിലെ തകര്‍ച്ചകള്‍ ഇവയൊക്കെ പൗരോഹിത്യത്തിന്റെ അധികാരശക്തിയാല്‍ വെഞ്ചരിപ്പിലൂടെ മാറിപ്പോകുന്നുണ്ട്. പലപ്പോഴും വീട് വെഞ്ചരിപ്പ് വെറുമൊരു ചടങ്ങായിട്ടാണ് അറിവില്ലാത്ത വിശ്വാസികള്‍ കാണുന്നത്. സഭയുടെ അധികാരവും ശക്തിയും മുഖേന ദൈവത്തിന്റെ അഭിക്ഷിക്തനിലൂടെ ലഭിക്കുന്ന ഈ വലിയ അവസരം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ തിന്മയുടെ എത്രയോ പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കപ്പെടുമായിരുന്നു!

എല്ലാ വെഞ്ചരിപ്പു കര്‍മങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്രകുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്.

കുരിശെന്ന കോട്ട


എന്റെ സുഹൃത്തായ ഒരു വൈദികന്റെ അനുഭവമാണിത്: പലപ്പോഴായി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയുടെ ഭവനം അദ്ദേഹം സന്ദര്‍ശിക്കാനിടയായി. അച്ചന്‍ ആ പെണ്‍കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയില്‍ മുഴങ്ങും. അപ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ അവള്‍ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചന്‍ അവളുടെമേല്‍ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാല്‍ മുദ്രകുത്തി പ്രാ ര്‍ത്ഥിച്ചു. പോരാന്‍നേരം ഭവനത്തിന്റെ പ്രധാനവാതിലില്‍ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. അത് ആ പെണ്‍കുട്ടി കാണുകയോ അറിയുകയോ ചെ യ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം ആ വൈദികന്‍ വീണ്ടും ആ ഭവനത്തിലെത്തി. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞതിപ്രകാരമാണ്:

''ഇപ്പോള്‍ എനിക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ബെഡ്‌റൂമില്‍ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചന്‍ വീടിന്റെ വാതിലില്‍ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങള്‍കൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളില്‍ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!

പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകള്‍ പലപ്പോഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടില്‍ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കില്‍ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോള്‍ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോള്‍ അതിന്റെ ഫലദായകത്വം അപൂര്‍ണമാകും.

വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയില്‍ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കില്‍ അടയാളം പതിപ്പിക്കാറുള്ളത്. അതിനാല്‍ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല.

മോഷ്ടിക്കാന്‍ പോകുന്നവന്‍ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി കുരിശുവരച്ച് സംരക്ഷണം തേടുന്നതുപോലെ പരിഹാസ്യമാണ് ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിക്കുന്നത്. ജപമാലയും ക്രൂശിതരൂപങ്ങളുമെല്ലാം വെഞ്ചരിച്ച് ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെ വിശുദ്ധീകരിക്കപ്പെടാന്‍ ക്രിസ്തുവിനു വിട്ടുകൊടുക്കാതിരുന്നാല്‍ അര്‍ത്ഥശൂന്യമാകും എല്ലാം.

പ്രാര്‍ത്ഥന
രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ.
''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1 നന്മ.

ആത്മാവിന്റെ രോഗത്തിനുള്ള മരുന്ന്


ഒരു രോഗം വന്നാല്‍ ഏറ്റവും ആദ്യം മനുഷ്യര്‍ ചിന്തിക്കുന്നത് ആശുപത്രിയെക്കുറിച്ചും, ഡോക്ടറെക്കുറിച്ചുമല്ലേ? പെട്ടന്നുതന്നെ രോഗവിമുക്തരാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണത്. ഗുരുതരമായ രോഗമാണെങ്കില്‍ അതിവേഗം എല്ലാവരും ആശുപത്രിയിലേക്കോടും. ഇതുപോലൊരു ജാഗ്രത ആത്മീയ ജീവിതത്തില്‍ പാപത്തെക്കുറിച്ചും ഉണ്ടാകണം.

ആത്മാവില്‍ ചെറിയൊരു കളങ്കം കണ്ടെത്തുമ്പോള്‍തന്നെ അതീവ ജാഗ്രതയോടെ അതിനെ തുടച്ചുമാറ്റണം. കണ്ണട ഉപയോഗിക്കുന്ന വ്യക്തിക്ക് തന്റെ കണ്ണടയിലുള്ള ചെറിയ പാടുകള്‍പോലും അസ്വസ്ഥത സൃഷ്ടിക്കും. അത് കാഴ്ചയ്ക്ക് തടസമാണല്ലോ. ആത്മാവിലെ കളങ്കവും ഇങ്ങനെതന്നെ. പാപങ്ങള്‍ സുഗമമായ ആത്മീയ യാത്രയെ തടസപ്പെടുത്തും. മാരകപാപമാണെങ്കില്‍ അതിവേഗം കുമ്പസാരക്കൂടിനെ സമീപിക്കണം. ലഘുപാപങ്ങളാണെങ്കില്‍ പശ്ചാത്തപിച്ച് തത്തുല്യമായ സുകൃതങ്ങള്‍ പരിഹാരമായി ചെയ്യുകയും പിന്നീട് അവസരം കിട്ടുമ്പോള്‍ ഏറ്റുപറയുകയും വേണം. ചെറിയ രോഗമാണെങ്കില്‍ മിക്കവരും ഡോക്ടറെ കാണാറില്ല. പക്ഷേ, അതു ഗുരുതരമാകാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സ്വയം ചികിത്സകള്‍ ചെറിയ രോഗങ്ങള്‍ക്കുമാത്രമേ ഫലപ്രദമാകുകയുള്ളൂ. ഗൗരവമുള്ള മുറിവാണെങ്കില്‍ ഡോക്ടറെ കാണാതിരിക്കുന്നത് ജീവനുതന്നെ ഹാനികരമായിരിക്കുന്നതുപോലെ മാരകപാപം കുമ്പസാരിക്കാതെ വച്ചുകൊണ്ടിരിക്കുന്നത് ആത്മാവിനെ അപകടത്തിലാക്കും. പാപം നമ്മുടെ ജീവന്‍ അപഹരിക്കുമെന്ന് വചനം പറയുന്നു, ''സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും'' (പ്രഭാ. 21:2).  ഭൗതികജീവിതത്തില്‍ ഒരു ഡോക്ടര്‍ക്കുള്ള സ്ഥാനമാണ് ആത്മീയ ജീവിതത്തില്‍ വൈദികര്‍ക്കുള്ളത്.

ആരും ആവശ്യപ്പെടാതെ ദൈവം സ്ഥാപിച്ച് നല്കിയിട്ടുള്ള കൂദാശയാണ് കുമ്പസാരം. അത് അവിടുത്തെ കരുണയുടെയും സ്‌നേഹത്തിന്റെ യും പ്രകടനമാണ്. മനുഷ്യര്‍ ബലഹീനരായതുകൊണ്ട് വീണുപോകുമെന്നും എന്നിരുന്നാല്‍ത്തന്നെയും ആരും വിഷമിക്കരുതെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.  നരകത്തില്‍ കഴിയുന്ന ആത്മാക്കളോട് പുറത്തൊരു വൈദികന്‍ കാത്തുനില്ക്കുന്നുണ്ട്, ആര്‍ക്കെങ്കിലും കുമ്പസാരിക്കണമെങ്കില്‍ കുമ്പസാരിക്കാം എന്നു പറഞ്ഞാല്‍, ആരെങ്കിലും പിന്നെ നരകത്തില്‍ കാണുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ അവരില്‍ ഏറ്റവും കഠിനമായ പാപം ചെയ്ത വ്യക്തിപോലും തന്റെ പാപം ഏറ്റുപറയുമെന്ന് തീര്‍ച്ച. ലോകം മുഴുവനോടും അത് വിളിച്ചുപറയാനും അവര്‍ തയാറായേക്കാം. നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ പാപം ഏറ്റുപറയുന്നതിന്റെ വേദന തുലോം നിസ്സാരമാണ്. ''പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്'' (പ്രഭാ. 21:10).

നഷ്ടപ്പെട്ടുപോയ ആത്മാക്കള്‍ക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അവസരമുണ്ട്. നരകത്തിലുള്ളവര്‍ വിലപിക്കുന്നതിങ്ങനെയാകാം, 'ഓ വൈദികരേ നിങ്ങളെ ഞങ്ങള്‍ ജീവിതകാലത്ത് അറിയാതെയും കാണാതെയും പോയിരുന്നെങ്കില്‍! എങ്കില്‍ ഞങ്ങളുടെ പാപം ഇത്രമേല്‍ കഠിനമാകുമായിരുന്നില്ല. അവസരമുണ്ടായിട്ടും നിങ്ങളോട് അവ ഏറ്റുപറയാതിരുന്നതിനാലാണല്ലോ ഞങ്ങള്‍ക്ക് ഇത്രയും സഹിക്കേണ്ടി വരുന്നത്.'
ആത്മാവിന്റെ മുറിവുണക്കുന്ന കുമ്പസാരമെന്ന കൂദാശ നമുക്കുണ്ട്. മുറിവുകളുമായി നടന്ന് അവയെ നാം വഷളാക്കരുത്. പാപം കുമ്പസാരത്തില്‍ ഏറ്റുപറയുന്നതിനു പകരം വീണ്ടും അതില്‍ തുടരുന്നത് മുറിവില്‍ കത്തികൊണ്ട് വീണ്ടും മുറിവുണ്ടാക്കുന്നതുപോലെയാണ്. വ്രണം വലുതാകുകയും ഒന്നും ചെയ്യാന്‍ വയ്യാതാവുകയും ചെയ്യും. കുമ്പസാരത്തിനുശേഷം വീണ്ടും വീണ്ടും പാപം ചെയ്യുന്നത് മുറിവു വച്ചുകെട്ടിത്തന്നതിനുശേഷം അതിനെ അഴിച്ച് മുറിവ് വലുതാക്കുന്നതുപോലെയാണ്. നമ്മുടെ ആത്മാവിന്റെ മുറിവുകള്‍ സുഖപ്പെടുവാന്‍ നാം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ ഫലപ്രദമാകണമെങ്കില്‍ രോഗി പഥ്യം നോക്കുകയും ജാഗ്രതയോടെ പെരുമാറുകയും വേണം.

ചിലര്‍ക്കെങ്കിലും തങ്ങള്‍ പാപികളാണെന്ന ബോധ്യമില്ല. ദാവീദിന് പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് രക്ഷപ്പെടാനായത്. ദാവീദ് പറയുന്നു, ''എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്'' (സങ്കീ. 51:3). രോഗം വന്നിട്ട് അത് തിരിച്ചറിയാതെ ജീവിക്കുന്ന അവരുടെ അവസ്ഥ എത്ര അപകടകരമാണ്. ചിലരെങ്കിലും പാപാവസ്ഥയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ തയാറാകുന്നു. ആരോഗ്യമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണം രോഗികളായവര്‍ കഴിക്കുന്നു. മരുന്നുമാറി കഴിക്കുന്നതുപോലെ അത് അവരെ അസ്വസ്ഥതപ്പെടുത്തും.

മാരകപാപം മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്ന വ്യക്തി ആ കൂദാശയെ അവഹേളിക്കുകയാണ്. പാപം ചെയ്യുന്നതിനെക്കാള്‍ ഭയാനകമാണ് അതു മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്നത്. എന്തിനുവേണ്ടിയാണോ കുമ്പസാരമെന്ന കൂദാശ നല്കപ്പെട്ടിരിക്കുന്നത് അതിനെ തിരസ്‌കരിച്ചുകൊണ്ട് ഒരാള്‍ക്ക് എങ്ങനെയാണ് ഈ കൂദാശയെ സമീപിക്കാനാകുക? പാപം ഏറ്റുപറയുന്നതില്‍ ഒരു കബളിപ്പിക്കലും പാടില്ല. നമ്മുടെ പാപം അതിന്റെ എല്ലാ ഗൗരവത്തോടും കൂടി വൈദികനെ അറിയിക്കുന്നതും ന്യായീകരിക്കാതിരിക്കുന്നതും യഥാര്‍ത്ഥ പശ്ചാത്താപത്തിന്റെ അടയാളമാണ്. ഒരു പാപം വരുത്തിവയ്ക്കുന്ന ആത്മാവിന്റെ നാശത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ കുമ്പസാരിക്കുവാന്‍ നാം മടിക്കില്ല എന്നു മാത്രമല്ല, കുമ്പസാരക്കൂട്ടിലേക്ക് ഓടിയെത്തും.

വളരെ നാളുകളായി വൃത്തിഹീനമായിക്കിടന്ന ഭവനം അടിച്ചുവാരി വൃത്തിയാക്കിയെന്നിരിക്കട്ടെ. എങ്കിലും അവിടെ ചെറിയ ദുര്‍ഗന്ധം അവശേഷിക്കും. ഇതുപോലെ നാം നല്ലൊരു കുമ്പസാരം നടത്തിയാലും പുണ്യാഭ്യസനം വഴി ആത്മാവിനെ സുഗന്ധപൂരിതമാക്കേണ്ടിയിരിക്കുന്നു. എങ്കില്‍മാത്രമേ അഭിമാനിക്കാന്‍ വകയുണ്ടാകൂ. പാപം ചെയ്യുമ്പോള്‍ ഹൃദയത്തില്‍ മുള്ളുകൊള്ളുന്നതുപോലെ അനുഭവപ്പെടണം. ഈ മുള്ളില്ലാത്തതിനാല്‍ പാപം സുഖം തരുന്ന പ്രവൃത്തിയായി മാറിയിരിക്കുന്നു. വിശുദ്ധരുടെ ഹൃദയത്തില്‍ ഈ മുള്ളുണ്ടായിരുന്നു. പാപത്തെക്കുറിച്ചുള്ള ചിന്തപോലും അവരെ അസ്വസ്ഥതപ്പെടുത്തുമായിരുന്നു. പാപത്തെ ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ആത്മവിശ്വാസവും ധൈര്യവും കൈവരും. മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക അസ്വസ്ഥതകളുടെയും കാരണം പാപത്തെ ഉപേക്ഷിക്കാന്‍ മനസുകാണിക്കുന്നില്ല എന്നതാണ്. ''ആരും പിന്തുടരാത്തപ്പോഴും ദുഷ്ടന്‍ പേടിച്ചോടുന്നു; നീതിമാന്മാരാകട്ടെ സിംഹത്തെപ്പോലെ ധീരരാണ്.'' (സുഭാ.28:1).

Sunday 26 January 2014

പ്രശ്‌നമൊഴിഞ്ഞ ജീവിതം


മുക്കുവന് ഒരു ദിവസം വല്ലാത്ത ക്ഷീണം തോന്നി. കടലില്‍ പോകാനോ മത്സ്യം പിടിക്കാനോ ഒട്ടും പറ്റാത്തതുപോലെ. അയാള്‍ മകനോട് പറഞ്ഞു: ''മോനേ, ഇന്ന് നീ കടലില്‍ പോയി വല്ലതും പിടിച്ചുകൊണ്ടുവാ. എനിക്കൊട്ടും വയ്യ.'' വലയുമെടുത്ത് മകന്‍ പോകുന്നതു കണ്ടപ്പോള്‍ പിതാവിന് സന്തോഷം തോന്നി. മോന്‍ വളര്‍ന്നു വലുതായിരിക്കുന്നു! താന്‍ പലപ്പോഴും മകനെ കൂട്ടത്തില്‍ കൊണ്ടുപോയി മത്സ്യം പിടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ഒറ്റയ്ക്ക് വിട്ടിട്ടില്ല. ഇതാ, ഒറ്റയ്ക്ക് കടലില്‍ പോയി അധ്വാനിക്കാനും കുടുംബം നോക്കാനും ഒരാള്‍ കൂടി. ആശ്വാസത്തോടെ മുക്കുവന്‍ തന്റെ കുടിലിനുള്ളില്‍ കയറിക്കിടന്നു. പക്ഷേ, കിടന്നിട്ടൊരു സ്വസ്ഥത വന്നില്ല. ഒറ്റയ്ക്ക് കടലില്‍ പോയ മകനെക്കുറിച്ചൊരു ആകുലതയും ആകാംക്ഷയും... പിതാവ് കടല്‍ത്തീരത്തേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍ അതാ വെറുതെ കടലിലേക്ക് നോക്കിനില്ക്കുന്ന മകന്‍!

''മോനേ, നീ ഇതുവരെയും തോണിയിറക്കിയില്ലേ? എന്താ ഇങ്ങനെ നോക്കിനില്ക്കുന്നത്?''

''അപ്പാ, ഞാന്‍ കടലിലെ തിരമാലയൊന്ന് അടങ്ങാന്‍ കാത്തുനില്ക്കുകയായിരുന്നു.''

മറുപടി കേട്ട പിതാവ് വേദനയോടെ പറഞ്ഞു: ''മോനേ, ഇങ്ങനെയാണെങ്കില്‍ നീയൊരിക്കലും നല്ല മുക്കുവനാവുകയില്ല. തിരയൊഴിഞ്ഞ കടലു നോക്കിയിരിക്കുന്നവന് ഒരിക്കലും തോണിയിറക്കാന്‍ കഴിയില്ല. തിരമാലകളെ കീഴടക്കുന്നവനാണ് നല്ല മുക്കുവന്‍.''

ചെറുപ്പക്കാരന്റെ മണ്ടത്തരമോര്‍ത്ത് നമുക്ക് ചിരി വരുന്നുണ്ടാകും. പക്ഷേ, നമ്മളിലും ആ ചെറുപ്പക്കാരന്‍ ജീവിക്കുന്നില്ലേ? അനുകൂലമായ സാഹചര്യമുണ്ടായിട്ട് സുവിശേഷം പ്രസംഗിക്കാന്‍ നോക്കിയിരിക്കുന്നവര്‍...

കടബാധ്യതയെല്ലാം തീര്‍ന്നതിനുശേഷം കര്‍ത്താവിനും അവിടുത്തെ ശുശ്രൂഷകള്‍ക്കും എന്തെങ്കിലും നല്കാമെന്ന് തീരുമാനിച്ചിട്ടുള്ളവര്‍...

എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും പേടിച്ച് ഒതുങ്ങിക്കൂടുന്നവര്‍...

പ്രാര്‍ത്ഥിക്കുവാനും ആത്മീയമായി വളരുവാനും അനുകൂലമായ സാഹചര്യമില്ലാത്തതോര്‍ത്ത് വിഷമിക്കുന്നവരും പ്രലോഭനങ്ങള്‍ ഉള്ളതിനാല്‍ വിശുദ്ധിയില്‍ വളരാനാകില്ലെന്ന് ധരിച്ചിരിക്കുന്നവരും, തിരമാലകള്‍ അടങ്ങിയതിനുശേഷം കടലില്‍ വഞ്ചിയിറക്കാന്‍ കാത്തിരിക്കുന്ന യുവാവിനെപ്പോലെയാണ്.

പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഈലോക ജീവിതത്തില്‍ എപ്പോഴും ഉണ്ടാകാം. സാഹചര്യങ്ങള്‍ നമുക്ക് അനുകൂലമല്ലാതെ വരികയും സ്വാഭാവികമാണ്. ഒരു വിശ്വാസി സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും ഭയപ്പെടരുത്. തിരമാലകള്‍ക്കു മുകളിലൂടെ നടന്നവന്‍ കൂടെയുണ്ടെങ്കില്‍ തിരകളെ നോക്കി നാമെന്തിന് ഭയപ്പെടണം? ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ  ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും'' (ഏശയ്യാ 41:10) എന്നരുളിയ തമ്പുരാനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നാമെന്തിന് പ്രശ്‌നങ്ങളോര്‍ത്ത് ദുര്‍ബലചിത്തരാകണം?

''ഞാന്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ഇല്ല'' (ഹെബ്രാ.13:5) എന്ന് വാക്കുതന്നവന്‍ വിശ്വസ്തനാകയാല്‍ നാമെന്തിന് സംഭ്രാന്തരാകണം? ഭാവിയെ ഓര്‍ത്ത് പേടിക്കരുത്; പ്രതിബന്ധങ്ങളുടെ മുന്നില്‍ പതറുകയും ചെയ്യരുത്. എല്ലാം ശരിയാകാന്‍വേണ്ടി കാത്തിരിക്കരുത്. കാരണം, കാലം ആര്‍ക്കുവേണ്ടിയും കാത്തിരിക്കാറില്ല. നന്മ ചെയ്യാനും പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങള്‍ പാഴാക്കുന്നത് ഭോഷത്തമാണ്. ഇതാണ് സുപ്രധാനകാലം. ''ഉണര്‍ന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു'' (ഏശയ്യാ 60:1).

പ്രാര്‍ത്ഥന
കര്‍ത്താവേ, ആയുസ് കടന്നുപോകുന്നത് ഞങ്ങള്‍ അറിയുന്നില്ല. ക്ഷമിക്കാനും സ്‌നേഹിക്കാനും നന്മ ചെയ്യാനും അധ്വാനിക്കാനും ഇപ്പോള്‍ ഞങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നാളെ അവസരം കിട്ടണമെന്നില്ല എന്ന ബോധ്യം ഞങ്ങള്‍ക്കു നല്കണമേ. ജീവിതം ഉയര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മുകളിലൂടെ ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേന്‍.

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22