ദൈവവിളികള്‍ കുറഞ്ഞുവരുന്ന കാലമാണിത്. എന്നാല്‍, ദൈവം വിളിക്കാത്തതല്ല, വിളിക്കപ്പെടുന്നവര്‍ക്ക് അതിന് ഉത്തരം കൊടുക്കാനോ അഥവാ ഉത്തരം കൊടുക്കാന്‍ തക്കവിധം തുറവിയുള്ളവരാകാനോ സാധിക്കാത്തതാണ് ഈ പ്രതിസന്ധിയുടെ കാരണം. കൂദാശകള്‍ പരികര്‍മം ചെയ്യാന്‍ ആവശ്യത്തിന് വൈദികരും ശുശ്രൂഷകള്‍ ഏറ്റെടുക്കാന്‍ സമര്‍പ്പിതരുമൊന്നുമില്ലാത്ത അവസ്ഥ ഉണ്ടയേക്കാം എന്ന ചിന്ത പലരെയും അസ്വസ്ഥരാക്കുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ പൂര്‍വികരുടെ ഉദാരമനസ്‌കതയാണ് ഇന്ന് നാം കാണുന്ന ദേവാലയങ്ങളും പള്ളിക്കൂടങ്ങളുമൊക്കെ. കാരണം, സഭാശുശ്രൂഷക്കായി വിട്ടുകൊടുത്ത അവരുടെ മക്കളാണ് അതെല്ലാം രൂപപ്പെടുത്തിയത്. മകനോ മകളോ വൈദികാന്തസിലേക്കോ സന്യാസാന്തസിലേക്കോ വിളിക്കപ്പെടുന്നത് അഭിമാനമായി കണ്ടിരുന്ന അവരുടെ സന്മനസിന് നാം അവരോട് നന്ദിയുള്ളവരായിരിക്കണം. നമ്മുടെ തലമുറയിലും അതുപോലെ സന്യാസ പൗരോഹിത്യവിളികളുണ്ടാകാന്‍ തക്ക തുറവിയുള്ളവരുമാകണം. ദൈവവിളികളുടെ കുറവില്‍ നമുക്കും ഉത്തരവാദിത്വമുണ്ട്, അത് ആരുടെയെങ്കിലുംമേല്‍ കെട്ടിവയ്ക്കാന്‍ കഴിയില്ല.
പുണ്യത്തിന്റെ ഭവനം
ക്രിസ്തുവിന്റെ സഭയെ സേവിക്കാനുള്ള വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇന്നത്തെ യുവജനങ്ങളെ എങ്ങനെയാണ് നാം സഹായിക്കുക? 'പുണ്യത്തിന്റെ ഭവന'മായ കു ടുംബ സാഹചര്യം നാം ആദ്യം നല്കണം. കൂദാശകളെ കേന്ദ്രമാക്കിക്കൊണ്ടുള്ള പുണ്യജീവിതം നയിക്കാന്‍ ഭാവിയിലെ സഭാ നേതാക്കള്‍ പഠിക്കുന്നത് വീടുകളില്‍നിന്നാണ്. നമ്മുടെ ജ്ഞാനസ്‌നാന പ്രതിജ്ഞക്കനുസരിച്ച് സധൈര്യം ജീവിക്കുന്നതില്‍നിന്നാണ് യഥാര്‍ത്ഥ സമാധാനവും സന്തോഷവും വരുന്നതെന്ന് ജീവിതത്തിലൂടെ പുതിയ തലമുറയെ പഠിപ്പിക്കണം. സ്‌നാപകയോഹന്നാന്‍ പറഞ്ഞതുപോലെ 'ഇതാ, ദൈവത്തിന്റെ കുഞ്ഞാട്' എന്ന് യേശുവിനെ ചൂണ്ടിക്കാണിക്കാന്‍ വിളിക്കപ്പെട്ടവരാണ് മാതാപിതാക്കള്‍. സമൂഹത്തിനും ഇതേ ഉത്തരവാദിത്വമുണ്ട്. ജീവിതാന്തസ് തെരഞ്ഞെടുക്കാന്‍ സമയമായവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നത് മുതിര്‍ന്നവരായിരിക്കുമല്ലോ, പ്രധാനമായും മാതാപിതാക്കള്‍. അതിനാല്‍ അവരുടെ ജീവിതം അതിനുതകുന്നതായിരിക്കണം. അവര്‍ സ്വയമായി ദൈവത്തിന്റെ പ്രേരണകളെ മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിക്കുമ്പോഴാണ് യുവജനങ്ങളെ അങ്ങനെ ചെയ്യാന്‍ സഹായിക്കാന്‍ കഴിയുക. അതിനാല്‍ സാമുവലിനെ ദൈവസ്വരം മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിപ്പിച്ച ഏലിയെപ്പോലെ ആയിത്തീരാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
മഹത്തായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. വിവാഹജീവിതമായാലും ദൈവത്തിന്റെ സഭയിലെ സേവനമായാലും ഉദാരരായിരിക്കാനുള്ള ഒരു വിളി ദൈവം നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ളതിനപ്പുറം പോയി ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കാന്‍ ഒരു അതിസ്വാഭാവികമായ വിളി ചിലര്‍ക്ക് നല്കപ്പെടുന്നു; മാളത്തില്‍ വസിക്കുന്നവനെപ്പോലെയാകാനും മറ്റുള്ളവരുടെ പാപത്തിന്റെ ഭാരം വഹിക്കാനും. യേശുവിന്റെ മരണത്തിന്റെ ബലി വൈദികന്‍ ലോകത്തിനു മുഴുവനും നല്കുന്നു. സമര്‍പ്പിതയായ ഒരു സ്ത്രീ തന്റെ ത്യാഗത്തിലൂടെ പ്രായം കുറഞ്ഞവരും കൂടിയവരുമായ ആയിരക്കണക്കിന് വ്യക്തികള്‍ക്ക് അമ്മയാകുന്നു. അവരുടെ സേവനത്തിന് എന്തു പകരം വയ്ക്കാന്‍ കഴിയും? നാം വൈദികരുടെ ത്യാഗത്തിന്റെ സദ്ഫലങ്ങള്‍ ഭക്ഷിച്ച് വളരുന്നവരും വളര്‍ന്നവരല്ലേ? അതിനാല്‍ പഴയകാലത്തെ മാതാപിതാക്കളുടെ മാതൃക ഇന്നത്തെ മാതാപിതാക്കളും പിന്‍ചെല്ലണം.
ഒരു പുതിയ വസന്തം
നിര്‍ഭാഗ്യവശാല്‍, യുവജനങ്ങള്‍ ദൈവവിളിയെ ''വന്ന് കാണുക'' എന്ന ക്ഷണമായിട്ട് കാണുമ്പോള്‍ സ്വന്തം ഭവനത്തില്‍നിന്ന് പലപ്പോഴും നിരുത്സാഹപ്പെടുത്തല്‍ ഉണ്ടാകുന്നു. ''അത് ഒരു ഏകാന്തജീവിതമാണ്, നിനക്ക് അവിടെ സന്തോഷമായിരിക്കില്ല,'' അതുമല്ലെങ്കില്‍ ''എനിക്ക് പേരക്കുട്ടികളെ വേണം'' എന്നിങ്ങനെ. എന്നാല്‍, പൂര്‍വ്വികര്‍ മക്കളെ സമര്‍പ്പിതജീവിതത്തിലേക്ക് വിടുന്നതില്‍ ഉദാരരായിരുന്നു. ദൈവത്തിനായി സ്വയം സമര്‍പ്പിക്കുന്ന കുടുംബാംഗത്തെ വലിയ അനുഗ്രഹമായി അവര്‍ കണ്ടു. തിരിച്ച് എന്താണ് നമുക്ക് ലഭിച്ചത്. അനേകം ദേവാലയങ്ങളും അവിടെ ആത്മീയാവശ്യങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും ലഭിച്ചില്ലേ? നമുക്കും ഉദാരതയുടെ ആ മാതൃക പിന്‍തുടരാന്‍ ശ്രമിക്കാം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രവചിച്ച ഒരു 'പുതിയ വസന്തകാല'ത്തിന്റെ ഭാഗമാകാം. ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിച്ചും പ്രോത്സാഹിപ്പിച്ചും അടുത്ത തലമുറക്കായി നമുക്ക് കരുതിവയ്ക്കാം. നാം ദൈവത്തിന്റെ വിളിയോട് ക്രിയാത്മകമായി പ്രതികരിക്കുമെങ്കില്‍ നമ്മുടെ മക്കളെയും വരും തലമുറകളെയും സേവിക്കാന്‍ അനേകം വൈദികരും സന്യസ്തരും ഉണ്ടാകും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്വപ്നം കണ്ട ഒരു പുതുവസന്തകാലം അതുവഴി യാഥാര്‍ത്ഥ്യമാകട്ടെ.
No comments:
Post a Comment