അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday 25 August 2012

പാദുവായിലെ വിശുദ്ധ അന്തോണീസ്


ജനനം : 1195
മരണം ജൂണ്‍ 13 ,1231
വിശുദ്ധ പദവി :മെയ്‌  30 ,1232   ഒമ്പതാം പീയുസ് മാര്‍പ്പാപ്പ (ഗ്രിഗോറി) 


പ്രാരംഭ ഗാനം
( അദ്ധ്വാനിക്കുന്നവര്‍ക്കും... എ.മ.)
പാദുവാപ്പതിയെ, ദൈവ
സ്നേഹത്തിന്‍ കേദാരമെ
നേര്‍വഴി കാട്ടേണമെ
പരിശുദ്ധ അന്തോനീസെ.....


അമലോത്ഭവ കന്യകതന്റെ
മാനസ പുത്രനായ
പരിശുദ്ധ അന്തോനീസെ
ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണെ

(പാദുവാപ്പതിയെ..)
പൈതലാം യേശുവിനെ
തൃകൈയില്‍ ഏന്തിയോനെ
തൃപ്പാത പിന്‍തുടരാന്‍
ത്രാണിയുണ്ടാകേണമെ .....

(പാദുവാപ്പതിയെ..)

ക്രൂശിന്റെ അടയാളത്താല്‍
ദുഷ്ടത നീക്കിയോനെ
ആലംബഹീനര്‍ക്കെന്നും
മദ്ധ്യസ്ഥനാകേണമെ

(പാദുവാപ്പതിയെ..)


പ്രാരംഭ പ്രാര്‍ത്ഥന

അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിനെ ഞങ്ങള്‍ക്കെന്നും സഹായമരുളുന്ന മദ്ധ്യസ്ഥനായി നല്‍കിയ ദൈവമെ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങു ഞങ്ങള്‍ക്കുനല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ നന്ദിപറയുന്നു. ഞങ്ങളുടെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള പാപങ്ങളെയോര്‍ത്തു കണ്ണിരോടെ പശ്ചാത്തപിച്ചു മാപ്പുചോദിക്കുന്നു. ഞങ്ങളുടെ അനുദിനജീവിതത്തെ അങ്ങ്‌ ആശീര്‍വദിച്ചനുഗ്രഹിക്കേണമെ. ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ, അങ്ങേ പൈതൃകമായ പരിപാലനയില്‍, എന്നും ജീവിക്കുന്നതിനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ. വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രൂഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്ന്, അങ്ങയുടെയും മനുഷ്യരുടെയും മുമ്പില്‍, കുറ്റമറ്റവരായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമെ.

കാരുണ്യവാനായ ദൈവമേ, വിശുദ്ധ അന്തോനീസു വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
മദ്ധ്യസ്ഥ പ്രാര്‍ത്ഥന

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയാണന്ന് ഞങ്ങള്‍ അറിയുന്നു. ഈശോയുടെ സന്നിധിയിലുള്ള അങ്ങയുടെ മദ്ധ്യസ്ഥ ശക്തിയില്‍ ദൃഢമായി ശരണപ്പെട്ടുകൊണ്ട് ഞങ്ങള്‍ അങ്ങേ മുമ്പില്‍ നില്ക്കുന്നു. ദിവ്യനാഥനോടുള്ള അഗാധമായ സ്നേഹവും സഹോദരങ്ങളോടുള്ള കാരുണ്യവും മൂലം ഏതൊരത്ഭുതവും പ്രവര്‍ത്തിക്കുന്നതിനുള്ള അമൂല്യമായ വരം ലഭിച്ചിരിക്കുന്ന വിശുദ്ധ അന്തോനീസേ, ആവശ്യനേരങ്ങളില്‍ ഞങ്ങളുടെ സഹായത്തിനെത്തണമെ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും പ്രത്യേകമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായ അനുഗ്രഹം... ( ഇവിടെ ആവശ്യം പറയുക...) സാധിച്ചുകിട്ടുന്നതിന് പരമപിതാവിന്റെ സന്നിധിയില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് തകര്‍ന്ന ഹൃദയത്തോടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമൂഹ പ്രാര്‍ത്ഥന
പരമകാരുണ്യവാനായ ദൈവമേ, അങ്ങേ വിശ്വസ്ത ശുശ്രൂഷകനായ വിശുദ്ധ അന്തോനീസിന്റെ മദ്ധ്യസ്ഥം യാചിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍ക്ക് അദേഹത്തിന്റെ അപേക്ഷമൂലം ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്‍കണമെ. ഞങ്ങള്‍ അങ്ങുമായി ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിച്ച്‌ മറ്റുള്ളവരിലേക്കും വിശുദ്ധി പ്രസരിപ്പിക്കുവാനും നിത്യ സൗഭാഗ്യം അനുഭവിക്കുവാനും ഞങ്ങള്‍ക്കിടയാക്കണമേ. ആമ്മേന്‍
ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,


സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ (പ്രതിവചനം: "ഞങ്ങളെ അനുഗ്രഹിക്കേണമേ")
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ


പരിശുദ്ധ മറിയമേ, (പ്രതിവചനം: "ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ")
ഞങ്ങളുടെ പിതാവായ വിശുദ്ധ അന്തോനീസേ,
ദൈവജനനിയുടെ ഭക്തനായ വിശുദ്ധ അന്തോനീസേ,
അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വിശുദ്ധ അന്തോനീസേ,
സങ്കടപ്പെടുന്നവര്‍ക്ക് ആശ്വാസമായ വിശുദ്ധ അന്തോനീസേ,
അനേകം കഠിന പാപികളെ മാനസാന്തരപ്പെടുത്തിയ വിശുദ്ധ അന്തോനീസേ,
അനേകം അത്ഭുതങ്ങളാല്‍ ഈശോയുടെ സുവിശേഷം പ്രസംഗിച്ച വിശുദ്ധ അന്തോനീസേ,
ദാരിദ്ര്യത്തെ സന്തോഷത്തോടു കൂടി സ്വീകരിച്ച വിശുദ്ധ അന്തോനീസേ,
ക്ലേശിതരും ദു:ഖിതരുമായ അനേകരെ ആശ്വസിപ്പിക്കുന്ന വിശുദ്ധ അന്തോനീസേ,
ആത്മാക്കളെ രക്ഷിക്കണമെന്നുള്ള ആശയാല്‍ അപ്പസ്തോലനായ വിശുദ്ധ അന്തോനീസേ,
ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകം പേരുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം നിറച്ച വിശുദ്ധ അന്തോനീസേ,
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവികവരം ലഭിച്ച വിശുദ്ധ അന്തോനീസേ,
കാണാതെ പോയ വസ്തുക്കളെ തിരികെ നല്‍കുവാനുള്ള പ്രത്യേക വരം ലഭിച്ച വിശുദ്ധ അന്തോനീസേ,
ആത്മീയവും ശാരീരികവുമായ രോഗങ്ങളാല്‍ വലയുന്നവരെ സുഖപ്പെടുത്തുന്ന വിശുദ്ധ അന്തോനീസേ,
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ പിശാചുക്കളെ അകറ്റിയവനായ വിശുദ്ധ അന്തോനീസേ,

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ.
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍
പാദുവാപ്പതിയായിരിക്കുന്ന വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.



പ്രാര്‍ത്ഥിക്കാം

പിതാവായ ദൈവമേ, അങ്ങേ വിശ്വസ്തദാസനായ വിശുദ്ധ അന്തോനീസിന് വണക്കം ചെയ്യുന്ന അങ്ങേ മക്കളായ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമെന്നും, ആ വിശുദ്ധന്റെ മദ്ധ്യസ്ഥം വഴിയായി ഞങ്ങളപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നും, നിത്യമായി ജീവിച്ചുവാഴുന്ന അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
സമാപന പ്രാര്‍ത്ഥന

അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ അങ്ങയുടെ തിരുസ്വരൂപത്തിന്‍ മുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്ത്,ഞങ്ങളുടെ നിസ്സഹായാവസ്ഥയില്‍ അങ്ങയുടെ സഹായം തേടുന്നു. അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ. എല്ലാ ക്ലേശങ്ങളും നൈരാശ്യങ്ങളും പരീക്ഷകളും ഞങ്ങളില്‍ നിന്നും അകറ്റിക്കളയണമെ. ആവശ്യനേരങ്ങളില്‍ അങ്ങയോട് അപേക്ഷിക്കുന്നവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന് അങ്ങ് ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല എന്ന് ഓര്‍ക്കേണമേ. സജീവമായ വിശ്വാസത്തോടെ ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ അങ്ങേ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായിരിക്കുന്ന അനുഗ്രഹങ്ങള്‍ ........ കാരുണ്യവാനായ ദൈവത്തില്‍ നിന്നും ലഭിച്ചുതന്ന് ഞങ്ങള്‍ക്ക്‌ സഹായവും സമാധാനവും നല്‍കണമെന്ന് ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്റെ അഗാധ ഭക്തനായിരുന്ന വിശുദ്ധ അന്തോനീസേ, അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങള്‍ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും അങ്ങയോടുള്ള ഭക്തിവഴിയായി ദിവ്യകാരുണ്യനാഥനായ ഈശോയെ കൂടുതല്‍ സ്നേഹിക്കുവാന്‍ പരിശ്രമിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമാപന ഗാനം
( സ്നേഹപിതാവിന്‍ ഭവനത്തില്‍ ... എ.മ.)
ലോകപിതാവിന്‍ തിരുമുമ്പില്‍
എത്രയുമെളിയൊരു പ്രേഷിതനായ്
സുവിശേഷത്തിന്‍ സന്ദേശം
പതിതര്‍ക്കേകിയ പുണ്യാത്മാ


സ്നേഹവുമതുപോല്‍ ഉപവിയിലും
സ്വര്‍ഗ്ഗീയാഗ്നി തെളിച്ചവനെ
ഇരുളുനിറഞ്ഞൊരു വീഥികളില്‍
കൈത്തിരികാട്ടി നയിക്കണമേ
ഈശോതന്‍പ്രിയ സ്നേഹിതരായ്
നിര്‍മ്മല ജീവിത പാതകളില്‍
ഇടറാതെന്നും ജീവിക്കാന്‍
മാദ്ധ്യസ്ഥം നീയരുളണമെ


നഷ്ടപ്പെട്ടവ കണ്ടെത്താന്‍
നന്മയും തിന്മയും കണ്ടെത്താന്‍
ഉള്‍ക്കണ്ണിന്‍ പ്രഭ ചോരിയണമേ
ജീവിതവിജയം നല്‍കണമേ...



ഫ്രാന്‍സിസ്കന്‍ സന്ന്യാസിയും വിശുദ്ധനും സഭയുടെ വേദ പരംഗതനും . 

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ ജീവിതത്തിലെ ഒരു സംഭവം നിങ്ങളുടെ ധ്യാനത്തിനായി സമര്‍പ്പിക്കട്ടെ. അന്തോനീസ് പുണ്യാളനെക്കുറിച്ചോര്‍ക്കുമ്പോള്‍ പെട്ടെന്ന് പാദുവാ ആണ് നമ്മുടെ മനസില്‍ ഓടിവരുന്നത്. എന്നാല്‍, അദ്ദേഹം ജനിച്ചത് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഒരു പ്രഭുകുടുംബത്തിലാണ്. പോർട്ടുഗലിലെ ലിസ്ബൺ പട്ടണത്തിൽ മാർട്ടിൻ-ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15-ന് ജനിച്ചു .കുലീന കുടുംബത്തിലെ അംഗമായ അന്തോണിയുടെ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെർണാണ്ടോ എന്ന പേരിലാണ് അന്തോണി അറിയപ്പെട്ടിരുന്നത്. അമ്മ നന്നേ ചെറുപ്പത്തിൽത്തന്നെ പരിശുദ്ധാത്മാവിന് അന്തോണിയെ സമർപ്പിച്ചിരുന്നു .എന്തെങ്കിലും കാര്യത്തിന് ഫെർണാഡോ കരയുമ്പോൾ മാതാവിന്റെ സ്വരൂപം കാണിച്ചാൽ അവൻ കരച്ചിൽ നിർത്തുമായിരുന്നു .വിശ്വാസത്തിന്റെ ബാലപാഠങ്ങൾ ആ ബാലൻ വേഗം സ്വന്തമാക്കി .സ്കൂളിൽവച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മതവിഷയങ്ങളും ഫെർണാഡോ പഠിച്ചു .ബുദ്ധശാലിയായ അവന് നല്ല ഓർമ്മശക്തിയും ഉണ്ടായിരുന്നു. അൾത്താരബാലനായി ശുശ്രൂഷ ചെയ്തതിനാൽ വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടാൻ ഫെർണാണ്ടോയ്ക്ക് സാധിച്ചു .


ഏ­ക­ദേ­ശം 20 വ­യ­സു­ള്ള­പ്പോള്‍ അ­ദ്ദേ­ഹം വി. കുര്‍­ബാ­ന­മധ്യേ സു­വി­ശേ­ഷ­വാ­യ­നയില്‍ ഇ­പ്ര­കാ­രം കേട്ടു. ''നീ പ­രി­പൂര്‍­ണ്ണ­നാകാന്‍ ആ­ഗ്ര­ഹി­ക്കു­ന്നെങ്കില്‍ നി­ന­ക്കു­ള്ള സ­മ­സ്­തവും വി്്­റ്റ് ദ­രി­ദ്രര്‍­ക്ക് കൊ­ടു­ക്കു­ക. അ­തു­കേ­ട്ട ആന്റ­ണി­യു­ടെ ഹൃദ­യം ത­പിച്ചു. ത­നി­ക്കു­ള്ള വ­സ്­തു­ക്ക­ളെല്ലാം വി­റ്റ് ദ­രി­ദ്രര്‍­ക്ക് കൊ­ടുത്തു. യേശുവിനു വേണ്ടി വളരെ പാവപ്പെട്ടവനായി ആന്റണി ജീവിച്ചു.ദൈവവിളിയുടെഭാഗമായി ഫെർണാഡോ അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേരാൻ ആഗ്രഹിച്ചു .മാതാപിതാക്കള്‍ക്ക് ഫെര്‍ണാണ്ടോയെക്കുറിച്ച് ലൗകികമായ അനവധി സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാല്‍, കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസസഭയില്‍ ചേര്‍ന്ന് വൈദികനായി.1210-ൽ സെന്റ് വിൻസെന്റ് ആശ്രമത്തിൽ ചേർന്നു .പിന്നീട് പോർട്ടുഗലിലെ കോയിംബ്ര എന്ന സ്ഥലത്തേക്ക് മാറ്റം കിട്ടി. 

സംതൃപ്തി നഷ്ടപ്പെടുത്തിയ സുരക്ഷിതത്വം

അഗസ്റ്റീനിയന്‍ ആശ്രമത്തിലെ താരതമ്യേന സുരക്ഷിതമായ ജീവിതം ഫെര്‍ണാണ്ടോ അച്ചന് തൃപ്തി നല്കിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് അഞ്ച് ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ അന്തിയുറങ്ങുവാന്‍ വന്നത്. ആഫ്രിക്കയിലെ മൊറോക്കോയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ പോവുകയായിരുന്നു അവര്‍. അവിടെവച്ച് യേശുവിനുവേണ്ടി രക്തസാക്ഷികളാകുവാന്‍ അവര്‍ തീവ്രമായി ആഗ്രഹിച്ചു. അവരുടെ വാക്കുകളും ലക്ഷ്യവും ഫെര്‍ണാണ്ടോ അച്ചനെ ഹഠാദാകര്‍ഷിച്ചു. തനിക്കും ഒരു രക്തസാക്ഷിയാകുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. കുറെ നാളുകള്‍ കഴിഞ്ഞശേഷം രക്തസാക്ഷികളായ ഈ അഞ്ചു സഹോദരന്മാരുടെയും ഭൗതികശരീരങ്ങള്‍ ആശ്രമത്തില്‍ ആദരപൂര്‍വം എത്തിച്ചു. അവരുടെ രക്തസാക്ഷിത്വം ഫെര്‍ണാണ്ടോ അച്ചന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി.  രക്തസാക്ഷിയാകണമെന്ന ആഗ്രഹത്തോടുകൂടി ഇദ്ദേഹം 1220-ൽ ഫ്രാൻസിസ്കൻ സമൂഹത്തിൽ ചേർന്നു. 
മൊറോക്കോയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ അയയ്ക്കണമെന്ന അപേക്ഷയോടെ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. എങ്കിലും വേദശാസ്ത്രപണ്ഡിതൻ എന്ന നിലയിൽ ബൊളോഞ്ഞാ മോണ്ട് വെല്ലിയർ, പാദുവ എന്നീ വിദ്യാപീഠങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. അപ്പോള്‍ ഒരു പുതിയ പേര് സ്വീകരിക്കുന്നത് നല്ലതാണെന്ന് അദ്ദേഹത്തിന് തോന്നി. ഈജിപ്തിലെ മരുഭൂമിയില്‍ സന്യാസിയായി ജീവിച്ച വിശുദ്ധ ആന്റണിയുടെ പേരുതന്നെ അദ്ദേഹം സ്വീകരിച്ചു. അങ്ങനെയാണ് ഫെര്‍ണാണ്ടോ അച്ചന്‍ ആന്റണി അച്ചനായി മാറിയത്.

കൊടുങ്കാറ്റില്‍ തകര്‍ന്ന കപ്പല്‍

ഫ്രാന്‍സീഷ്യന്‍ സഭയിലെ ഒരു പുരോഹിതനായി മാറിയ ആന്റണി ആഫ്രിക്കയിലേക്കാണ് തന്റെ പ്രേഷിതദൗത്യവുമായി ആദ്യം പോയത്.  
മേലധികാരികളുടെ അനുവാദത്തോടെ ആന്റണിയച്ചന്‍ മൊറോക്കോയിലേക്ക് യാത്രയായി. ക്ലേശകരമായ കപ്പല്‍യാത്രയ്ക്കുശേഷം, മരുഭൂമിയിലൂടെയുള്ള ദീര്‍ഘയാത്ര അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തു. കഠിനമായ പനിമൂലം കിടപ്പിലായി. അവിടെ ഒരു ദിവസം പോലും സുവിശേഷം പ്രസംഗിക്കുവാന്‍ സാധിക്കാതെ അദ്ദേഹം തിരിച്ച് പോര്‍ച്ചുഗലിലേക്ക് കപ്പല്‍ കയറി. ദൈവം എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്തത്? എന്തിനായിരുന്നു ഈ കഷ്ടപ്പാടുകളൊക്കെ? ഈ വിധ ചിന്തകളാല്‍ കലങ്ങിമറിഞ്ഞ മനസുമായി അദ്ദേഹം കപ്പല്‍ കയറി. പക്ഷേ, ദൈവത്തിന് അദ്ദേഹത്തെക്കുറിച്ചുള്ളത് വ്യത്യസ്തമായ പദ്ധതിയായിരുന്നു. അദ്ദേഹം കയറിയ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട് തകര്‍ന്നു. പോര്‍ച്ചുഗലിലെത്തുവാന്‍ കപ്പല്‍ കയറിയ ആന്റണിയച്ചനെ ദൈവം എത്തിച്ചത് ഇറ്റലിയിലെ മെസ്സീന എന്ന തുറമുഖനഗരത്തിലാണ്. സാന്‍പവോളയിലെ ഒരു ഗുഹയിലുള്ള ആശ്രമത്തില്‍ ഒന്‍പതു മാസത്തോളം അദ്ദേഹം ജീവിച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്തു. വിറകുവെട്ടുക, മുറികള്‍ വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ അദ്ദേഹം തന്നെ ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം ആശ്രമം വിട്ടത്. ഒരു ദിവസം ദേവാലയത്തില്‍ സുവിശേഷപ്രസംഗം നടത്തേണ്ടിയിരുന്ന പുരോഹിതന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്തോണി പ്രസംഗിക്കാന്‍ തയാറായി. അതോടെ അദ്ദേഹത്തിന്റെ പ്രസംഗ ചാതുര്യം ഏവര്‍ക്കു ബോധ്യമായി. മറ്റു സ്ഥലങ്ങളില്‍ പോയി മതപ്രഭാഷണം നടത്തുന്ന ചുമതല അന്തോണിക്കു ലഭിച്ചു. അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം വന്‍ജനക്കൂട്ടം തടിച്ചുകൂടി. പല ഭാഷകളില്‍ ആന്റണി പ്രസംഗിക്കുമായിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ കേട്ട ധാരാളം പേര്‍ക്ക് മാനസാന്തരം ഉണ്ടാവുകയും ഇദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനകള്‍ വഴി ഒട്ടേറെ അത്ഭുത സിദ്ധികള്‍ സംഭവിക്കുകയും ചെയ്തു. ആ നിലയിൽ ഇറ്റലിയിൽ ഇദ്ദേഹം പ്രസിദ്ധനായിത്തീർന്നു.വചനപ്രഘോഷണത്തിൽ വളരെ സാമർത്ഥ്യമുള്ള ആളായിരുന്നു അന്തോണീസ് .അവിടെവച്ച് അദ്ദേഹം ആറ് ഫ്രാന്‍സിസ്‌കന്‍ സഹോദരന്മാരെ കണ്ടുമുട്ടി. സഭാസ്ഥാപകനായ ഫ്രാന്‍സീസ് അസീസി വിളിച്ചുചേര്‍ത്ത വാര്‍ഷിക സഭാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോവുകയായിരുന്ന അവരോടൊപ്പം അദ്ദേഹവും ചേര്‍ന്നു. ദൈവം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നു ഈ കൂടിക്കാഴ്ച: ഫ്രാന്‍സീസ് അസീസിയും ആന്റണിയച്ചനും തമ്മിലുള്ള സമാഗമം. അദ്ദേഹം ഫ്രാന്‍സില്‍ വചനപ്രഘോഷണത്തിനായി നിയോഗിക്കപ്പെട്ടു. ആല്‍ബിജിനിയനിസം, മനിക്കേയിസം തുടങ്ങിയ പഷാണ്ഡതകള്‍ ജനങ്ങളെ വഴിതെറ്റിക്കുന്ന കാലമായിരുന്നു അത്. ആന്റണിയച്ചന്‍ അവയ്‌ക്കെതിരെ ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ വാഗ്‌ധോരണിയും പാണ്ഡിത്യവും സഭയിലുള്ളവരെ ഉറപ്പിച്ചു നിര്‍ത്തുകയും സഭവിട്ടുപോയവരെ തിരികെ കൊണ്ടുവരികയും ചെയ്തു. പക്ഷികളോടും മത്സ്യങ്ങളോടുപോലും വചനം പ്രഘോഷിച്ച അതുല്യനായ വചനപ്രഘോഷകനായിരുന്നു അദ്ദേഹം. ..വിശുദ്ധ ഫ്രാൻസിസ് അന്തോണിയെ ഇതിനാൽ അഭിനന്ദിച്ചിട്ടുണ്ട് .വിവിധ ഭാഷകളിൽ അന്തോണി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് .മൊറോക്കോയില്‍വച്ച് രക്തസാക്ഷിയാവുക എന്നതല്ലായിരുന്നു അദ്ദേഹത്തെപ്പറ്റിയുള്ള ദൈവഹിതം.





പാദുവാനഗരത്തിന്റെ നാമത്തോടു ചേർന്നാണ് അന്തോണീസ് അറിയപ്പെടുന്നത് .1230 കാലത്താണ് അന്തോണി പാദുവായിലെത്തുന്നത് .പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത് .കാരണം ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമർശിക്കുകയും ചെയ്യിരുന്നു .മാത്രവുമല്ല ഒത്തിരി അത്ഭുതങ്ങൾ അവിടെ പ്രവർത്തിക്കുകയും ചെയ്തു .ഫ്രാൻസിസ്കൻ സമൂഹത്തിന്റെ മേധാവിയായിരുന്ന എലിയാസ് അക്കാലത്ത് ആവിഷ്കരിച്ച വ്രതകാഠിന്യം കുറയ്ക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ തീവ്രവാദിയായി ഇദ്ദേഹം നിലകൊണ്ടു.നിരന്തരമായ അധ്വാനത്തിന്‍റെയും തന്മൂലമുണ്ടായ രോഗത്തിന്‍റെയും ഫലമായി 36-ാം വയസ്സില്‍ 1231 ജൂൺ 13-ന് പാദുവയ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്ന്യാസിമഠത്തിൽവച്ച് ഇദ്ദേഹം നിര്യാതനായി. . ഇദ്ദേഹത്തിന്‍റെ തിരു ശരീരം പാദുവായിലെ വിശുദ്ധ കന്യകയുടെ ദേവാലയത്തിലാണ് അടക്കിയത്. അവിടെക്കൂടി സഹായം അപേക്ഷിച്ച അനേകം പേര്‍ക്ക് അദ്ദേഹം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.
ഇത് സംഭവിച്ചത് ഒരു ചൊവ്വാഴ്ചയാണ്. അതുകൊണ്ടാണ് ഭക്തര്‍ ചൊവ്വാഴ്ച ഈ വിശുദ്ധന്‍റെ ദിനമായി കണക്കാക്കുന്നത്.

അതിനെ തുടർന്ന് പാദുവയിലെ വിശുദ്ധ അന്തോണിയോസ് എന്നിദ്ദേഹം അറിയപ്പെട്ടു. സെന്‍റ് ആന്‍റണി ഓഫ് ലിസ്ബണ്‍ എന്ന പേരില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. .അടുത്ത വർഷം ഗ്രിഗറി IX മാർപാപ്പാ ഇദ്ദേഹത്തെ പുണ്യവാളനായി അംഗീകരിച്ചു. മരിച്ച് ഒരു കൊല്ലം തികയുന്നതിന് മുമ്പ് വാഴ്ത്തപ്പെട്ട രണ്ടു പേരില്‍ ഒരാളാണ് സെന്‍റ് ആന്‍റണി.ജൂൺ 13 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആചരിച്ചു വരുന്നു. 1946 ജനുവരി 12-ന് പോപിയൂസ് VII അന്തോണിയോസിനെ ഡോക്ടർ ഒഫ് ദി ചർച്ച് ആയി പ്രഖ്യാപിച്ചു. ഇദ്ദേഹത്തോടു പ്രാർഥിച്ചാൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ മധ്യസ്ഥനായി വി. ആന്റണിയെയാണ് കരുതപ്പെടുന്നത്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ യേശുവിനെ കുറിച്ചുപഠിപ്പിക്കാനായി ആന്റണി പ്രസംഗക്കുറിപ്പുകള്‍ തയാറാക്കി. എന്നാല്‍, പ്രസംഗിക്കേണ്ടതിന്റെ തലേദിവസം ആ കുറിപ്പുകള്‍ ആരോ മനഃപൂര്‍വം മോഷ്ടിച്ചുകൊണ്ടു പോയി. ആന്റണി ദുഃഖിതനായി. കുറിപ്പുകള്‍ മോഷ്ടിച്ച വ്യക്തി തന്റെ നേരെ ആരോ വാള്‍ ഉയര്‍ത്തിവരുന്നതായി സ്വപ്നത്തില്‍ കണ്ട് ആ കുറിപ്പുകള്‍ ആന്റണിയെ തിരികെ ഏല്‍പി­ച്ചു. രണ്ടും മൂന്നും ദിവ­സം കൂ­ടു­മ്പോള്‍ കു­റെ അ­പ്പവും വെ­ള്ള­വും മാ­ത്ര­മാ­ണ് ആന്റ­ണി ക­ഴി­ച്ചി­രു­ന്നത്. സ­ന്യാ­സ­ജീ­വി­തത്തില്‍ ആ­കൃ­ഷ്ടനാ­യ ആന്റ­ണി ഏ­കാ­ന്ത­ജീ­വി­തം ന­യിച്ചു. ആന്റ­ണി­യെ അ­നു­ക­രി­ച്ച് അ­നേ­കര്‍ ദെര്‍ എല്‍ മെമൂണ്‍ എ­ന്ന മ­ലയില്‍ ചെ­ന്നു. ആന്റ­ണി അ­വര്‍­ക്കാ­യി ഒ­രു സ­ന്യാ­സ മു­റ ക്ര­മ­പ്പെ­ടുത്തി. ത­ന്റെ ശി­ഷ്യ­ന്മാ­രെയും കൂ­ട്ടി ആന്റ­ണി  വ­നത്തില്‍ താ­മ­സിച്ചു. ദെര്‍ മാര്‍ അ­ന്തോ­ണി­യൂ­സ് എ­ന്ന ആ­ശ്ര­മം ഇന്നും അ­വി­ടെ സ്ഥി­തി­ചെ­യ്യുന്നു.പാവപ്പെട്ടവരുടെ പുണ്യവാളനായും ഇദ്ദേഹം അറിയപ്പെടുന്നു.





വിശുദ്ധ അന്തോണിസിന്‍റെ പക്കല്‍ അപ്പവും പുസ്തകവും ലില്ലിപ്പൂവും ഉണ്ണിയേശുവിനെയും കാണിച്ചിരിക്കുന്നു. ദൈവമാതാവ് ഉണ്ണീശോയെ ഈ വിശുദ്ധന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നതായി ഒരാള്‍ക്ക് അനുഭവപ്പെട്ടു. അതുകൊണ്ടാണ് വിശുദ്ധന്‍റെ കൈയ്യില്‍ ഉണ്ണീശോയെ പിടിച്ചിരിക്കുന്ന ചിത്രം വരയ്ക്കുന്നത്.

പാദുവയിലെ അന്തോണി പുണ്യവാളന്‍ നഷ്ടപ്പെട്ടതെന്തും - സാധനങ്ങളാകട്ടെ, മനസ്സമാധാനമാകട്ടെ, ധൈര്യമാകട്ടെ എന്തും വീണ്ടെടുക്കാനും തിരിച്ചു നല്‍കാനും ആ പുണ്യാത്മാവ് സഹായമേകുന്നു.

വിശുദ്ധ അന്തോനിസേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ




Tuesday 21 August 2012

കുരിശടയാളം നിങ്ങളുടെ സംരക്ഷണവും കാവലും


വിശുദ്ധ ഗ്രിഗറി നസ്സിയാൻസെൻ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോൾ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാൻ ആഗ്രഹിച്ച ചക്രവർത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ, തന്റെ ആകാംക്ഷയെ ശമിപ്പിക്കാൻ തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രിക ശക്തിയെക്കുറിച്ചും പ്രേതാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അദ്ദേഹം മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു. 


രാത്രി ഒരു ക്ഷേത്രാങ്കണത്തിൽ അവർ എത്തിയപ്പോൾ ദുഷ്ടാരൂപികളെ വിളിച്ചുവരുത്തുന്ന മന്ത്രങ്ങളും ആഭിചാരകർമങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിരവധി പൈശാചികാരൂപികൾ അവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഭയംകൊണ്ട് ജൂലിയൻ അറിയാതെ കുരിശുവരച്ചുപോയി. കുരിശു വരച്ചയുടനെ പ്രേതാത്മാക്കളെല്ലാം അപ്രത്യക്ഷരായി. മന്ത്രവാദി ജൂലിയനെ ശാസിച്ചു. നസ്രായന്റെ അടയാളം വരച്ചാൽ പ്രേതാത്മാക്കൾക്ക് അവിടെ നില് ക്കാൻ കഴിയില്ലെന്നും അതിനാൽ ഇനി അങ്ങനെ ചെയ്യരുതെന്നും പറഞ്ഞു. വീണ്ടും അയാൾ പൂജകൾ ചെയ്ത് പ്രേതാത്മാക്കളെ വിളിച്ചു വരുത്താൻ തുടങ്ങി. എന്നാൽ ഭയം നിറഞ്ഞപ്പോൾ ജൂലിയൻ വീണ്ടും അറിയാതെ കുരിശുവരച്ചു. പ്രേതാരൂപികളെല്ലാം പിന്നെയും അപ്രത്യക്ഷരായി. 

ഈ സംഭവത്തിൽനിന്ന് കുരിശടയാളത്തിന്റെ ശക്തി മനസിലാകുമല്ലോ. ഇനി, വിശുദ്ധ ജോൺ ക്രിസോസ്റ്റം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക: 

''
കുരിശടയാളം നിങ്ങളുടെ വിമോചനത്തിന്റെ അടയാളമാണ്. അത് വരയ്ക്കുമ്പോൾ നിങ്ങളുടെ മോചനദ്രവ്യമായി എന്താണ് നല്കിയതെന്ന് ഓർമിക്കുക. അപ്പോൾ നിങ്ങൾ മറ്റാരുടെയും അടിമയാകില്ല. അതിനാൽ നിങ്ങളുടെ വിരലുകൊണ്ടു മാത്രമല്ല, വിശ്വാസംകൊണ്ടും കുരിശുവരയ്ക്കുക. നിങ്ങളുടെ നെറ്റിയിൽ ഈ അടയാളം പതിച്ചാൽ അശുദ്ധമായ അരൂപികൾക്ക് നിങ്ങളുടെ മുൻപിൽ നില്ക്കാൻ ധൈര്യമുണ്ടാവുകയില്ല. തന്നെ മുറിവേൽപ്പിച്ച ആയുധവും തനിക്കു മരണശിക്ഷ വിധിച്ച വാളും പിശാച് ആ കുരിശിൽ കാണുന്നുണ്ട്.''

യഥാർത്ഥ ശത്രു
നിരന്തരമായ ഒരു പോരാട്ടത്തിന്റെ ജീവിതമാണ് ആത്മീയജീവിതം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വ്യവസ്ഥിതികളെയും എതിരാളികളായി കാണാൻ കഴിയുന്ന നമുക്ക് പലപ്പോഴും അവയുടെ പിന്നിലുള്ള ദുഷ്ടാരൂപികളെ തിരിച്ചറിയാൻ സാധിക്കാറില്ല. പൗലോസ് ശ്ലീഹാ പറയുന്നു: 

''കർത്താവിലും അവിടുത്തെ ശക്തി യുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിൻ. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുനില്ക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാർക്കും സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാൽ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. തിന്മയുടെ ദിനത്തിൽ ചെറുത്തുനില്ക്കാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്ക്കാനും അങ്ങനെ നിങ്ങൾക്കു സാധിക്കും'' (എഫേ. 6:10-13).

നമ്മുടെ പോരാട്ടത്തിൽ പക്ഷേ, നാം കുരിശെന്ന ആയുധം ഉപയോഗിക്കാറില്ല. പലർക്കും പിശാചുണ്ടെന്ന ബോധ്യമില്ല എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം.

1 യോഹന്നാൻ 3:8 ൽ ഇങ്ങനെ പറയുന്നു: പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്.
ചിലർക്ക് പിശാചുണ്ടെന്നറിയാം. പക്ഷേ, നിത്യജീവിതത്തിൽ അവന്റെ സാന്നിധ്യമുണ്ടെന്ന ബോധ്യമില്ല. വേറെ ചിലർക്കാകട്ടെ തങ്ങൾ യുദ്ധമുഖത്തിലാണെന്ന ബോധ്യം ഇല്ല. അതിനാൽ ആയുധമുണ്ടെങ്കിലും അതിന്റെ ശക്തി അറിയാമെങ്കിലും ഉപയോഗിക്കാറില്ല.

ആരാണ് സാത്താൻ?
'ഡയബോളോസ്' എന്ന ഗ്രീക്കു പദത്തിൽ നിന്നും രൂപംകൊണ്ടതാണ് പിശാ ച് എന്നർത്ഥമുള്ള 'ഡെവിൾ'.  'മാർഗതടസം ഉണ്ടാക്കുക' എന്നാണ് ഈ മൂലപദത്തിന്റെ ശരിയായ അർത്ഥം. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ തടസം നില്ക്കുന്നവൻ. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളെ തകിടം മറിക്കുന്നവൻ. യേശു പറഞ്ഞു: ''അവൻ ആദിമുതലേ കൊലപാതകിയും നുണയനും നുണയരുടെ പിതാവുമാണ്'' (യോഹ. 8:44).
സാത്താന്റെ അടിമത്തത്തിൽനിന്നും മനുഷ്യന് രക്ഷ നല്കാനാണ് ക്രിസ്തു കുരിശിൽ മരിച്ചത്. 

ദൈവപുത്രന്റെ ജീവനെടുത്താൽ താൻ എന്നേക്കുമായി വിജയിക്കുമെന്ന് സാത്താൻ കരുതി. എന്നാൽ, പാപമില്ലാത്തവനായ ക്രിസ്തുവിന്റെമേൽ തനിക്കവകാശമില്ല എന്ന സത്യം പിശാച് മറന്നു. യേശുവിന്റെ കുരിശുമരണം വഴി തന്റെ കീഴിലുള്ള പാപികളായ മനുഷ്യരുടെ കടം വീട്ടപ്പെടുമെന്നും താൻ പരാജിതനായിത്തീരുമെന്നും അറിയാതിരുന്നതിനാ ലാണ് സാത്താൻ യഹൂദ അധികാരികളെയും റോമൻ പടയാളികളെയും കൂടുതൽ പ്രകോപിപ്പിച്ച് യേശുവിന്റെ അതിദാരുണമായ മരണത്തിന് പശ്ചാത്തലമൊരുക്കിയത്.

അങ്ങനെ 2000 ത്തിൽപരം വർഷങ്ങൾക്കുമുൻപ് കുരിശ് സാത്താന്റെ തകർച്ചയ്ക്ക് കാരണമായിത്തീർന്നു. അന്നുമുതൽ കുരിശും ക്രൂശിതരൂപവും അവനെ തളർ ത്തിക്കളയുകയാണ്.
''ക്രൂശിൽ യേശു സാത്താനെ കീഴടക്കുകയും അവന്റെ പരാജയത്തെ വിളംബരം ചെയ്യുകയും ചെയ്തു. അതിനാൽ കുരിശ് വിശ്വാസികളുടെ അടയാളവും പിശാചുക്കളുടെ ഭീതികാരണവുമാണ്'' (ജറുസലേമിലെ വിശുദ്ധ സിറിൾ).
കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന വിശുദ്ധ ജോൺ ക്രിസോസ്റ്റം (എ.ഡി. 347-407) പഠിപ്പിക്കുന്നതിങ്ങനെയാണ്:


''കുരിശടയാളം വരയ്ക്കാതെ ഒരിക്കലും നിങ്ങളുടെ ഭവനം വിട്ടിറങ്ങരുത്. അത് നിങ്ങൾക്കൊരു വടിയും ആയുധവും ആർക്കും കീഴടക്കാനാകാത്ത കോട്ടയും ആയിരിക്കും. ഈ വിധം ശക്തമായ ആയുധം ധരിച്ചിരിക്കുന്നത് കാണുമ്പോൾ മനുഷ്യരോ പിശാചുക്കളോ നി ങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടുകയില്ല. പൈശാചികശക്തികൾക്കെതിരെ പോരാടാനും നീതിയുടെ കിരീടത്തിനായി യുദ്ധം ചെയ്യാനും തയാറായി നില്ക്കുന്ന ഒരു പോരാളിയാണ് നിങ്ങളെന്ന് ഈ അടയാളം നിങ്ങളെ പഠിപ്പിക്കട്ടെ.'' 

''കുരിശ് എന്താണ് ചെയ്തതെന്ന കാര്യത്തിൽ നിങ്ങൾ അജ്ഞരാണോ? കുരിശ് മരണത്തെ പൂർണമായും കീഴടക്കുകയും പാപത്തെ തകർക്കുകയും നരകത്തെ ശൂന്യമാക്കുകയും സാത്താനെ ബഹിഷ്‌ക്കരിക്കുകയും പ്രപഞ്ചത്തെ വീണ്ടെടുക്കുകയും ചെയ്തു. അതിന്റെ ശക്തിയെ ഇനിയും നിങ്ങൾ സംശയിക്കേണ്ടതുണ്ടോ?'' 

സഭാപിതാക്കന്മാരും ആദിമ ക്രൈസ്തവരും കണ്ടെത്തിയ കുരിശിന്റെ ശക്തിയെ നാമെത്രയോ നിസ്സാരമായിട്ടാണ് കാണുക! യൂറോപ്പിലെയും അമേരിക്കയിലെയും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ക്ലാസ് മുറികളിൽനിന്നും ക്രൂശിതരൂപങ്ങൾ നീക്കംചെയ്യാൻ ശക്തമായ പ്ര ക്ഷോഭണങ്ങൾ നടന്നുവരികയാണ്. സെമിത്തേരിയുടെ മധ്യത്തിൽ ഉയർന്നുനില് ക്കുന്ന ക്രൂശിതരൂപങ്ങൾ മറ്റു മതസ്ഥർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നാരോപിച്ച് നീക്കം ചെയ്യാൻ കേസുകൾ കൊടുക്കുന്നതും നാം വായിച്ചറിയുന്നു. ചില രാജ്യങ്ങളിൽ ക്രൂശിതരൂപം പരസ്യമായി പ്രകടിപ്പിക്കുവാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് മറ്റു മതങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ ചിഹ്നങ്ങളോട് തോന്നാത്ത അസഹിഷ്ണത കുരിശിനോടുമാത്രം തോന്നുന്നു? സാത്താന്റെ പരാജയചിഹ്നവും ക്രിസ്തുവിന്റെ വിജയചിഹ്നവുമായ കുരിശിനെ സാത്താൻ ഭയപ്പെടുന്നു എന്നതാണ് കാരണം. കുരിശിനെ മറയ്ക്കാനുള്ള സാത്താന്യ പ്രേര ണ കുരിശുവിരോധികളിൽ ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല.

ഭവനങ്ങളുടെ വെഞ്ചരിപ്പ്
തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തിൽ ഭവനങ്ങളിലേ ക്കും സ്ഥലങ്ങളിലേക്കും കടന്നുവരാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പാ പങ്ങളും പാപത്താൽ ബന്ധിക്കപ്പെട്ടവരുടെ സമ്പർക്കങ്ങളും ദുഷ്ടാരൂപികൾക്ക് കടന്നുവരാൻ വാതിലുകൾ തുറന്നു കൊടുക്കും. ദൈവകല്പനയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഒരു സ്ഥലത്തു നടക്കുമ്പോൾ അവിടെ ദൈവികസാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാകാം. അങ്ങനെയുള്ള ഇടങ്ങളിൽ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വർധിക്കും. അതുപോലെതന്നെ അന്ധകാരശക്തികളുടെ നേരിട്ടുള്ള ആക്രമണങ്ങളും ദുഷ്ടമനുഷ്യരിലൂടെയുള്ള പ്രവർ ത്തനങ്ങളും എവിടെയും എപ്പോഴും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സഭയിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്. 

വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തി യുംകൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്റെ വെഞ്ചരിപ്പുവഴി ലഭിക്കുന്ന അനുഗ്രഹങ്ങൾ വിവരണാതീതമാണ്. ഭവനങ്ങൾ വെഞ്ചരിക്കുമ്പോൾ രോഗപീഡകൾ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാകുന്നതും അനേകരുടെ ജീവിതാനുഭവമാണ്. കൃഷിനാശം, ബിസിനസിലെ തകർച്ചകൾ ഇവയൊക്കെ പൗരോഹിത്യത്തിന്റെ അധികാരശക്തിയാൽ വെഞ്ചരിപ്പിലൂടെ മാറിപ്പോകുന്നുണ്ട്. പലപ്പോഴും വീട് വെഞ്ചരിപ്പ് വെറുമൊരു ചടങ്ങായിട്ടാണ് അറിവില്ലാത്ത വിശ്വാസികൾ കാണുന്നത്. സഭയുടെ അധികാരവും ശക്തിയും മുഖേന ദൈവത്തിന്റെ അഭിക്ഷിക്തനിലൂടെ ലഭിക്കുന്ന ഈ വലിയ അവസരം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കിൽ തിന്മയുടെ എത്രയോ പ്രവർത്തനങ്ങൾ നിർവീര്യമാക്കപ്പെടുമായിരുന്നു!

എല്ലാ വെഞ്ചരിപ്പു കർമങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്രകുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്.
കുരിശെന്ന കോട്ട

ഞാന്‍ വായിച്ചിട്ടുള്ള ഒരു വൈദികന്റെ അനുഭവമാണിത്: പലപ്പോഴായി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഒരു പെൺകുട്ടിയുടെ ഭവനം അദ്ദേഹം സന്ദർശിക്കാനിടയായി. അച്ചൻ ആ പെൺകുട്ടിക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ അവൾ പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോൾ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയിൽ മുഴങ്ങും. അപ്പോൾ അതിനെ എതിരിടാൻ കഴിയാതെ അവൾ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചൻ അവളുടെമേൽ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാൽ മുദ്രകുത്തി പ്രാ ർത്ഥിച്ചു. പോരാൻനേരം ഭവനത്തിന്റെ പ്രധാനവാതിലിൽ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാർത്ഥിച്ചു. അത് ആ പെൺകുട്ടി കാണുകയോ അറിയുകയോ ചെ യ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകൾക്കുശേഷം ആ വൈദികൻ വീണ്ടും ആ ഭവനത്തിലെത്തി. പെൺകുട്ടിയുടെ വിശേഷങ്ങൾ അന്വേഷിച്ചു. അപ്പോൾ അവൾ പറഞ്ഞതിപ്രകാരമാണ്: 

''ഇപ്പോൾ എനിക്ക് സുഖമായി കിടന്നുറങ്ങാൻ പറ്റുന്നുണ്ട്. ബെഡ്‌റൂമിൽ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചൻ വീടിന്റെ വാതിലിൽ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാൻ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങൾകൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളിൽ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!

പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകൾ പലപ്പോഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടിൽ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കിൽ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോൾ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോൾ അതിന്റെ ഫലദായകത്വം അപൂർണമാകും.

വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയിൽ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കിൽ അടയാളം പതിപ്പിക്കാറുള്ളത്. അതിനാൽ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താൽ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല. 

മോഷ്ടിക്കാൻ പോകുന്നവൻ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി കുരിശുവരച്ച് സംരക്ഷണം തേടുന്നതുപോലെ പരിഹാസ്യമാണ് ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികൾ നടക്കുന്ന സ്ഥലം പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിക്കുന്നത്. ജപമാലയും ക്രൂശിതരൂപങ്ങളുമെല്ലാം വെഞ്ചരിച്ച് ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെ വിശുദ്ധീകരിക്കപ്പെടാൻ ക്രിസ്തുവിനു വിട്ടുകൊടുക്കാതിരുന്നാൽ അർത്ഥശൂന്യമാകും എല്ലാം.

പ്രാർത്ഥന
രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു. പൈശാചികബന്ധനത്തിൽനിന്നും അതിന്റെ ശക്തിയിൽനിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവർക്കും വിജയം കൊടുക്കണമേ.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ, ദുർമരണങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ, രോഗങ്ങൾ, ഇടിമിന്നൽ ഇവയിൽനിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയിൽ പ്രാർത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ.
''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വർഗ. 1 നന്മ. 

Sunday 19 August 2012

ജ്വലിക്കുന്ന യൗവനം



ജ്വാലക്ക് രണ്ടു തരത്തിലുള്ള സ്വഭാവമാണുള്ളത്. പുതിയ വസ്തുവിന് രൂപം കൊടുക്കാനും മറ്റൊന്നിനെ നശിപ്പിച്ചുകളയാനും. പുതുമയെ സൃഷ്ടിക്കാനും പഴമയെ നശിപ്പിക്കാനും ജ്വാലക്ക് കഴിയും. നിയന്ത്രണാതീതമായ അഗ്നികുണ്ഠത്തിന് ഒരു പുതിയ വസ്തുവിന് രൂപം കൊടുക്കാന്‍ കഴിയില്ല. നിയന്ത്രണവിധേയമായ അഗ്നിക്ക് പുതുമക്ക് രൂപം നല്കാന്‍ കഴിയും..... 

യുവത്വം ആഘോഷമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനും ഇറങ്ങിച്ചെല്ലാനും തീക്ഷ്ണത കാണിക്കുന്ന അവസ്ഥ. വികാരാധീനനാവുന്ന, പ്രോത്സാഹിപ്പിക്കുന്ന, ഇളകിമറിയുന്ന, ചിലപ്പോള്‍ ആവേശം കാണിക്കുകയും മറ്റു ചിലപ്പോള്‍ കോപിക്കുകയും ഏത് കാര്യത്തെയും നേടിയെടുക്കാന്‍ മുന്നിട്ടിറങ്ങുകയുമൊക്കെ ചെയ്യുന്ന സമയം. കോപം വെറുപ്പില്‍നിന്നാണ് വരുന്നത്. കോപം ഒരുവനെയും അപരനെയും നശിപ്പിക്കും. എന്നാല്‍, ലക്ഷ്യബോധമുള്ള യൗവനം തന്നെയും മറ്റുള്ളവരെയും നന്മയിലേക്ക് നയിക്കും. തീക്ഷ്ണതയില്‍ ജ്വലിക്കുന്ന യൗവനങ്ങളെപ്പറ്റി ബൈബിളില്‍ വിവരിക്കുന്നുണ്ട്. 

എരിയുന്ന മുള്‍പ്പടര്‍പ്പ്

പുറപ്പാടിന്റെ പുസ്തകം മൂന്നാം അധ്യായത്തില്‍ എരിയുന്ന മുള്‍ച്ചെടിയുടെ അടുത്ത് നില്ക്കുന്ന ഒരു യുവാവിനെപ്പറ്റി പറയുന്നുണ്ട്. മലമുകളിലെ ചൂടില്‍ കത്തിനില്ക്കുന്ന മുള്‍പ്പടര്‍പ്പില്‍നിന്നാണ് യുവാവായ മോശയെ ദൈവം വിളിക്കുന്നത്. സംശയത്തിന്റെയും അവ്യക്തതയുടെയും താഴ്‌വരയായിരുന്നു മോശയപ്പോള്‍..... ശക്തമായ തീയില്‍ എരിഞ്ഞടങ്ങാതെ നില്ക്കുന്ന മുള്‍പ്പടര്‍പ്പ്..... ഏതു വിശ്വാസിയും ഒരു നിമിഷം അവിശ്വസിച്ചുപോകുന്ന ദൃശ്യം. യൂദന്‍മാരുടെ ആത്മീയതയെയും ഈജിപ്തുകാരുടെ താത്വികവും ശാസ്ത്രപരവുമായ പരിഷ്‌കാരങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുവാന്‍ മുന്‍കൈയെടുത്ത തീക്ഷ്ണശാലിയായ യുവാവ്. അയാളുടെ ഉള്ളിലെ ആത്മീയമനുഷ്യനും ചിന്തകനും തമ്മില്‍ യുദ്ധംതന്നെ നടന്നു. അയാള്‍ സംശയം തീര്‍ക്കാന്‍ മുള്‍പ്പടര്‍പ്പിന്റെ മറുവശത്തേക്ക് പോകുന്നു....യുക്തി അയാളെ 'എന്തുകൊണ്ടെ'ന്ന ചോദ്യത്തിലേക്ക് നയിച്ചു. അവന്റെ മനസറിഞ്ഞ ദൈവം പടര്‍പ്പിന്റെ നടുവില്‍ നിന്നുകൊണ്ട് അവനെ വിളിച്ചു. അവന്റെ ധൃതികള്‍ക്കും സംശയങ്ങള്‍ക്കും മുന്‍പിലാണ് ദൈവം പ്രത്യക്ഷപ്പെടുന്നതും ഉത്തരം നല്കുന്നതും. 


ദൈവം നമുക്ക് നല്കുന്ന വാഗ്ദാനങ്ങളും വചനങ്ങളും പദ്ധതികളും അവ കടന്നുവരുന്ന വഴികളും നമുക്കെപ്പോഴും മനസിലാക്കാന്‍ കഴിയണമെന്നില്ല. ചില നേരങ്ങളിലൊക്കെ നിസംഗത പാലിക്കേണ്ടിവരും. വിശദീകരണങ്ങള്‍ക്കപ്പുറമാകാം അവിടുത്തെ പദ്ധതികള്‍. ഏതൊരു യുവാവും ചിന്തിച്ചതുപോലെ മോശയും അന്വേഷണതീക്ഷ്ണതയില്‍ എടുത്തുചാടി. പക്ഷേ, പിന്നീടവന് ദൈവികശക്തി വെളിപ്പെട്ടു. മോശക്ക് വേണമെങ്കില്‍ ഓടിയൊളിക്കാമായിരുന്നു. അയാള്‍ മുള്‍പ്പടര്‍പ്പിന്റെ അര്‍ത്ഥം മനസിലാക്കിയപ്പോള്‍ തന്റെ ഉത്തരം ലഘുവാക്കിപ്പറഞ്ഞു, ''ഇതാ ഞാന്‍.'' ദൈവിക ഇടപെടല്‍ നമ്മുടെ ജോലി സാഹചര്യങ്ങളിലോ പഠനത്തിന്റെ മേഖലകളിലോ ആകാം. ദൈവത്തിന്റെ വിളിക്ക് കാതോര്‍ത്ത് പോസിറ്റീവായും എളിമയോടും തന്നിട്ടുള്ള കഴിവുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ജീവിതം ശോഭനമാകും. 


അഗ്നിത്തൂണ്


ആഴ്ന്നിറങ്ങുന്ന 'അഗ്നി' ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തെയും പരിപാലനയെയുമാണ് സൂചിപ്പിക്കുന്നത്. ദൈവം തന്റെ ജനത്തെ രാത്രിയുടെ കൂരിരുട്ടിലൂടെയും വിദൂരതയുടെ ഏകാന്തതയിലൂടെയും ഒരു അഗ്നിസ്തംഭമായി മുന്‍പേ നടന്ന് അവരെ നയിച്ചു. ഈ അഗ്നിയെ നയിക്കുന്ന ജ്വാലയായി പുറപ്പാടിന്റെ പുസ്തകം പതിമൂന്നാം അധ്യായം വിവരിക്കുന്നുണ്ട്. പ്രകാശത്തിലൂടെ നടക്കുന്നവര്‍ക്ക് അഗ്നിയുടെ ആവശ്യമില്ല. പക്ഷേ, ജ്വലിക്കുന്ന ഈ ദൈവികജ്വാലയില്ലാത്തവന്‍ നന്മയുടെ മാര്‍ഗത്തിലൂടെയാണ് നടക്കുന്നതെന്ന് പറയാനാവില്ല. 


യുവത്വത്തിന്റെ വഴികള്‍ പലപ്പോഴും ഇരുളിലേക്കുള്ള നടന്നകലലുകളാകാറുണ്ട്. നാം പലപ്പോഴും നമുക്കുമുന്‍പേ നടക്കുന്ന തൂണുകളായി മാറാറുണ്ട്. യുവത്വത്തിന് അവരുടേതായ പ്രത്യേക പകലുകളും ഇരുട്ടുകളുമൊക്കെയാണ്. ഇതിനിടയില്‍ അഗ്നിത്തൂണായ ദൈവത്തില്‍ ആശ്രയിക്കാതെ പോകാറുണ്ടോ? സ്വന്തം വഴികളിലൂടെ പോകുമ്പോള്‍ വഴികള്‍ അവ്യക്തമാകാനും തെറ്റിപ്പോകാനും സാധ്യതയുണ്ടെന്ന് മറക്കരുത്. 


പെന്തക്കോസ്തു ദിവസം ശിഷ്യന്‍മാരിലിറങ്ങിയ അഗ്നി 


പുതിയ കാഴ്ചപ്പാടുകളിലേക്കും മുന്നോട്ടുള്ള ജീവിതത്തില്‍ ഉടക്കിക്കിടക്കുന്ന വലകളിലേക്കുമൊക്കെ ഒരു നിമിഷം ചിന്തകള്‍ പല വിചാരങ്ങളായി തെറ്റിപ്പോയ സമയത്താണ് പരിശുദ്ധാത്മജ്വാല ശിഷ്യന്മാരുടെമേല്‍ ഇറങ്ങി അവരെ ശക്തിപ്പെടുത്തുന്നത്. പിന്നീടവര്‍ക്ക് വലകളെപ്പറ്റിയോ വള്ളങ്ങളെപ്പറ്റിയോ ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെയവര്‍ സ്വര്‍ഗരാജ്യത്തിന്റെ കാവല്ക്കാരും സുവിശേഷപ്രസംഗകരും ക്രിസ്തുവിനുവേണ്ടി ജ്വലിക്കുന്ന വാക്കുകളുമൊക്കെയായി മാറുകയാണുണ്ടായത്. 


പ്രിയപ്പെട്ട യുവാവേ, ദൈവം നിന്റെ മുമ്പില്‍ ജ്വാലയുടെ രൂപത്തിലും പ്രത്യക്ഷപ്പെടും. നിന്റെ കാല്‍ വഴുതാതെ കൂടെ നടക്കുന്ന വെളിച്ചമാണ് ദൈവം. നിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പല സൂചനകളുമായി നിന്റെ കൂടെയുള്ളവന്‍. നിന്റെ ഈ തീക്ഷ്ണതയും പ്രസരിപ്പും പ്രതിസന്ധികളുമൊക്കെ ദൈവം തരുന്നത് നമ്മെ അവിടുത്തോട് തോള് ചേര്‍ത്തുനിര്‍ത്താനാണ്. ഈ ജ്വാലയെ പുല്‍കാന്‍ സംശയത്തിന്റെ കണ്ണില്‍നിന്നും വിശ്വാസത്തിന്റെ കണ്ണുകളിലൂടെ അവിടുത്തെ അറിയണം.

Thursday 16 August 2012

ആത്മീയ ദാരിദ്ര്യം


ദാരിദ്ര്യം ദൈവാനുഗ്രഹത്തിന്റെ കുറവായും സമൃദ്ധി ദൈവത്തോടുള്ള വിശ്വസ്തതയ്ക്കു ലഭിക്കുന്ന അനുഗ്രഹങ്ങമായും പഴയനിയമ കാലഘട്ടത്തില്‍ കരുതിയിരുന്നു. എന്നാല്‍, യേശു ആദ്യത്തെ പ്രഭാഷണത്തില്‍ത്തന്നെ (മലയിലെ പ്രസംഗം) ''ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടേതാണ്'' (മത്തായി 5:3) എന്ന് പഠിപ്പിച്ചു. എന്താണ് ''ആത്മീയ ദാരിദ്ര്യം'' എന്നതിന് യേശു വ്യാഖ്യാനമൊന്നും നല്കിയില്ല. എങ്കിലും ഭൗതിക വസ്തുക്കളോടുള്ള ഭ്രമത്തില്‍നിന്നും അകല്‍ച്ച പാലിക്കുന്നവരാണ് യേശുവിനു പ്രിയപ്പെട്ടവര്‍ എന്ന് മത്തായി 6:24, 6:33, 25:40 മുതലായ പല വാക്യങ്ങളില്‍ അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ധനവാനും ലാസറും എന്ന ഉപമയിലും ദാരിദ്ര്യം 'ശാപ'മാണെന്ന ചിന്താഗതിയെ ഖണ്ഡിച്ചു.

എന്താണ് 'ആത്മാവില്‍ ദാരിദ്ര്യം?' ഈ അവസ്ഥയെന്നത് ഏറ്റവും വലിയ സ്വാതന്ത്ര്യമാണ്. മാനുഷിക തലത്തില്‍ ആനന്ദം നല്കാവുന്നത് എന്തൊക്കെയാണോ, അവയോടുള്ള ഭ്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം. സമ്പത്തു മുഴുവന്‍ ഉപേക്ഷിച്ച് ഭിക്ഷാംദേഹിയാകണമെന്നില്ല, സമ്പത്തിന്റെ അടിമയാവാതിരുന്നാല്‍ മതി. ഒരുവന്‍ വലിയ സമ്പന്നനായിരുന്നിട്ടും ആ സമ്പത്തിനു നേടിത്തരുവാന്‍, കഴിയുന്ന എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കുവാന്‍ തയാറാവുക എന്നത് ചെറിയ കാര്യമല്ല. ഇരട്ടി ത്യാഗം അതിലുണ്ട്. ''തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും'' (ലൂക്കാ 18:14) എന്ന വചനത്തില്‍ സമ്പത്തു മാത്രമല്ല, പ്രശസ്തി, പദവികള്‍, സല്‍പേര്, അംഗീകാരം ഇങ്ങനെ പലതും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അല്പം ചിന്തിച്ചാല്‍ വ്യക്തമാകും!

തന്റെ വരുതിയിലുള്ള സമ്പത്തും അധികാരവും ഉപയോഗിച്ച് അനീതികള്‍ തുടച്ചു മാറ്റുവാനും അശരണര്‍ക്ക് ആശ്വാസം നല്കുവാനും ദൈവനാമത്തിന്റെ മഹത്വത്തിനായി യത്‌നിക്കുന്നയാള്‍ 'ആത്മാവില്‍ ദരിദ്രനാണ്.' ലോകം നല്കുന്ന അംഗീകാരവും പ്രശസ്തിയും ആഗ്രഹിച്ചുള്ള പ്രവര്‍ത്തനങ്ങളല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ സമ്പത്തുപേക്ഷിച്ച് ദൈവത്തെ നേടിയ സക്കേവൂസിനെ യേശു അനുഗ്രഹിക്കുന്നുണ്ടല്ലോ.
സമ്പത്തിനെപ്പോലെതന്നെ മനുഷ്യന്‍ എന്നും നേടുവാന്‍ ആഗ്രഹിച്ചിട്ടുള്ള മറ്റു പലതുമുണ്ട് - അധികാരം, പ്രശസ്തി, സൗന്ദര്യം ഇവയൊക്കെ തേടിയുള്ള പ്രയാണമാണല്ലോ ലോകചരിത്രത്തിലെ ജൈത്രയാത്രകളും മഹായുദ്ധങ്ങളും അധിനിവേശങ്ങളുമൊക്കെത്തന്നെ. എന്നാല്‍, രാജാക്കന്മാരുടെ മുന്നില്‍ ഇവയൊക്കെ നിസാരങ്ങളാക്കി യേശു എന്ന മഹാസമ്പത്തുമാത്രം കൈവിടാതെ സൂക്ഷിച്ചവരാണ് റോമന്‍ സാമ്രാജ്യത്തിലെ പടത്തലവനായിരുന്ന വിശുദ്ധ സെബസ്ത്യാനോസ്, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്, ഇംഗ്ലണ്ടിലെ രാജാവ് ഹെന്‍ട്രി എട്ടാമന്റെ പ്രധാനമന്ത്രിയായിരുന്ന വിശുദ്ധ തോമസ് മൂര്‍, വിശുദ്ധയായ കാതറിന്‍ മുതലായവരും രക്തസാക്ഷികളായ മറ്റനേകം വിശുദ്ധരും.

തങ്ങള്‍ക്കുള്ള സമ്പത്ത് ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ടാല്‍ സമാധാനവും പ്രത്യാശയും നഷ്ടപ്പെട്ട്, അതിനിടയാക്കിയവരെ ശപിക്കുകയും ദൈവത്തെ വെറുക്കുകയും ചെയ്യുന്നവര്‍ സമ്പത്തിന്റെ ദാസ്യവൃത്തിയില്‍ കഴിയുന്നവരാണ്. നേരെമറിച്ച്, ദൈവപരിപാലനയില്‍ ആശ്രയിച്ച്, നീതിയുടെ മാര്‍ഗം ഉപേക്ഷിക്കാതെ പ്രത്യാശയോടെ ജീവിക്കുന്നവരാകട്ടെ 'ആത്മാവില്‍ ദാരിദ്ര്യം' എന്ന അവസ്ഥ നേടിയവരാണ്.
''എനിക്കു ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നുവെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്നും ഞാന്‍ ദൈവത്തെ കാണും'' എന്ന് ജോബ് ഉദ്‌ഘോഷിക്കുന്നു (ജോബ് 19:25-26). ദൈവം ജോബിന്റെ മൂന്നു സ്‌നേഹിതരെ ശാസിക്കുന്നുണ്ട്. ''എന്തെന്നാല്‍ നിങ്ങള്‍ എന്നെപ്പറ്റി എന്റെ ദാസന്‍ ജോബിനെപ്പോലെ ശരിയായിട്ടല്ല സംസാരിച്ചത്'' (42:8). ഒടുവില്‍ ഐശ്വര്യമെല്ലാം ദൈവം ജോബിനു തിരികെ നല്കുന്നു!

''ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍'' (മത്തായി 11:29) എന്നത് ആത്മാവില്‍ ദരിദ്രനാകുവാനുള്ള ആദ്യപാഠമായി കരുതാം. എളിമയെന്ന പുണ്യം അഭ്യസിക്കാതെ ആധ്യാത്മികവളര്‍ച്ച എങ്ങനെ ഉണ്ടാവും?

അരൂപിയിലുള്ള ദാരിദ്ര്യമാണ് പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാകുന്ന ദൈവത്തിന്റെ സുകൃതങ്ങള്‍ അഭ്യസിക്കുവാനുള്ള അടിസ്ഥാന യോഗ്യത. ദൈവരാജ്യത്തിലേക്കുള്ള വഴിയില്‍ അനേകം പടവുകള്‍ ചവിട്ടിക്കയറേണ്ടിയിരിക്കുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്നവരെയാവണം യേശു 'ഭാഗ്യവാന്മാരെ ന്നു' വിളിച്ചത്.

Wednesday 15 August 2012

ഈശോയുടെ അമ്മ, വിശ്വാസികളുടെ അമ്മ


അമ്മയില്ലാത്തവരായി ആരുമില്ല. ജന്മംകൊണ്‌ടും കര്‍മ്മംകൊണ്‌ടും അമ്മയാകാം. ഇന്ന്‌ രണ്‌ട്‌ അമ്മമാരുടെ തിരുന്നാള്‍ ആഘോഷിക്കുന്ന സുദിനമാണ്‌. ഒന്ന്‌ വിശ്വാസികളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുന്നാള്‍. രണ്‌ട്‌ ജന്മനാടിനെ അടിമത്വത്തില്‍ നിന്ന്‌ സ്വാതന്ത്ര്യത്തിലേക്ക്‌ കൊണ്‌ടുവന്ന ഭാരതാമ്പയുടെ സ്വാതന്ത്ര്യദിനം.

അമ്മയുടെ സ്‌നേഹം അളക്കാനാവാത്തതാണ്‌. പ്രതിനന്ദി പ്രകാശിപ്പിക്കാനാവാത്തതാണ്‌. എത്ര നന്ദി പറഞ്ഞാലും കാത്തുപരിപാലിച്ചാലും മതിയാവാത്തതുമാണ്‌. അമ്മയെ കൊന്ന്‌ ഹൃദയമെടുത്ത്‌ ഹൃദയത്തിന്റെ ജീവന്‍ നിലയ്‌ക്കുന്നതിന്‌ മുമ്പ്‌ തന്റെ കൈകളില്‍ ഏല്‍പിക്കണമെന്ന കാമുകിയുടെ വാക്കുകേട്ട മകന്‍, തിടുക്കത്തില്‍ അമ്മയെകൊന്ന്‌ ഹൃദയമെടുത്ത്‌ ഓടുന്നു. ഓട്ടത്തിനിടയില്‍ കാല്‍തട്ടി വീഴുമ്പോള്‍ കൈയിലിരുന്ന ഹൃദയം ചോദിച്ചു. മകനേ നിനക്ക്‌ വേദനിച്ചോ? തന്റെ ജീവനെക്കാള്‍ മകന്റെ വേദന കാണുന്ന ഹൃദയമാണ്‌ ഓരോ അമ്മയുടേതും.




1950 നവംബര്‍ 1ന്‌ പോപ്പ്‌ 12-ാം പിയൂസ്‌ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. ഇത്‌ മാര്‍പാപ്പയുടെ പുതിയ കണ്‌ടുപിടുത്തമായിരുന്നില്ല. മറിച്ച്‌ കാലാകാലങ്ങളായി പാരമ്പര്യങ്ങളിലൂടെ വിശ്വസിച്ച്‌ പാലിച്ചുപോന്നത്‌ വ്യക്തമായി പ്രഖ്യാപിക്കുകയായിരുന്നു. സ്വര്‍ഗ്ഗാരോപണം എന്നാല്‍ മാതാവ്‌ ദൈവത്തിന്റെ ശക്തിയില്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു എന്നര്‍ത്ഥം (Assumption). യേശുവാകട്ടെ സ്വര്‍ഗ്ഗാരോഹണമാണ്‌ നടത്തിയത്‌. ്‌അതായത്‌ സ്വന്തം ശക്തിയാല്‍ സ്വര്‍ഗ്ഗത്തില്‍ കരേറി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച്‌ കത്തോലിക്കാ മതബോധനഗ്രന്ഥം പറയുന്നിതിപ്രകാരമാണ്‌. `ഭാഗ്യവതിയായ കന്യകയുടെ സ്വര്‍ഗ്ഗാരോപണം അവളുടെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള മുന്നാസ്വാദനമാണ്‌. കൃപാവാരത്തിന്റെ ക്രമത്തില്‍ മറിയം വിശ്വാസികളുടെ അമ്മയുമാണ്‌`. ജന്മം മുതല്‍ പാപരഹിതയായി ജനിച്ചതിന്റെയും നിത്യകന്യകയായി ജിവിച്ചതിന്റെയും പ്രതിഫലമാണ്‌ മറിയത്തിന്റെ സ്വര്‍ഗ്ഗപ്രാപ്‌തി. രക്ഷിക്കപ്പെട്ട സമൂഹത്തിലെ ആദ്യഫലമായ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം സഭാപിതാക്കന്‍മാരുടെ പഠനത്തിലും, വി. ഗ്രന്ഥത്തിലും അധിഷ്‌ഠിതമാണ്‌. മറിയത്തിന്റെ ഉറക്കം, മറിയത്തിന്റെ കടന്നുപോകല്‍, മറിയത്തിന്റെ നിദ്രയുടെ തിരുനാള്‍, എന്നിങ്ങനെ മറ്റ്‌ പല പേരിലും സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ചരിത്രത്തില്‍ അറിയപ്പെട്ടിരുന്നു.

മറിയം എന്ന പേരിനര്‍ത്ഥം ശക്തയായവള്‍ എന്നാണ്‌. ദൈവപുത്രനെ ഉദരത്തില്‍ സംവഹിക്കാന്‍ ലോകരക്ഷയ്‌ക്ക്‌ സഹരക്ഷകയായി പ്രവര്‍ത്തിക്കാന്‍ ശക്തയായവളായിരുന്നു മറിയം എന്ന്‌ നമുക്ക്‌ കാണാന്‍ കഴിയും. കാലിത്തൊഴുത്ത്‌ മുതല്‍ കാല്‍വരിവരെ ദൈവപുത്രന്റെ സഹനത്തില്‍ ഒപ്പം ശക്തി നല്‍കി പുത്രനെ ലോകരക്ഷയ്‌ക്കായി ഒരുക്കിയവളാണ്‌ മറിയം.

ഈശോയുടെ അമ്മ, വിശ്വാസികളുടെ അമ്മ

വൈക്കം മുഹമ്മദ്‌ ബഷീര്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മ വിവരിക്കുന്നതിപ്രകാരമാണ്‌. ബഷീര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യസമരത്തിനായി വേദിവിട്ടിറങ്ങി. ജയില്‍ വാസമനുഭവിച്ചു. ആഴ്‌ചകളും മാസങ്ങളും കടന്നുപോയി. അവസാനം ഒരുനാള്‍ രാത്രി എല്ലാവരും ഉറങ്ങി എന്നുകരുതി അടുക്കള പുറത്തെ വാതിലിലൂടെ അകത്തുകടക്കാനായി ശ്രമിച്ചപ്പോള്‍ ബഷീര്‍ കണ്‌ട കാഴ്‌ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മകനുവേണ്‌ടി ചോറുവിളമ്പി വിളക്ക്‌ കത്തിച്ച്‌ രാത്രിയിലും കാത്തിരിക്കുന്ന ഉമ്മയെയാണ്‌ ബഷീര്‍ കണ്‌ടത്‌. തനിക്കുവേണ്‌ടി ഇത്‌ ദിവസവും ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മയുടെ സ്‌നേഹം എത്ര ആഴമുള്ളതാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു.

കാല്‍വരികുരിശിന്‍ ചുവട്ടില്‍വച്ച്‌ ഈശോ യോഹന്നാന്‌ മറിയത്തെ ഏല്‍പിച്ചുകൊടുത്തുകൊണ്‌ട്‌ വിശ്വാസികളുടെ മാതാവായി മറിയത്തെ ഉയര്‍ത്തി (യോഹ 18:1-19). ഇക്കാരണത്താല്‍ പില്‍ക്കാലത്ത്‌ ശിഷ്യന്‍മാരുടെ അമ്മയുടെ സെഹിയോന്‍ മാളികയിലും, സുവിശേഷ പ്രഘോഷനരംഗത്തും, സഭാസമൂഹത്തിന്റെ ആത്മീയ മാതാവായി അമ്മയായി കന്യാമറിയത്തെ ശിഷ്യസമൂഹം സ്വീകരിച്ചു. യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്‌ശേഷം ശിഷ്യരോടൊപ്പം മാളിക മുറിയില്‍ പ്രാര്‍ത്ഥിക്കുന്നതും (അപ്പ 1:14) മാതൃമാധ്യസ്‌തമായി നിലകൊള്ളുന്നതും മറിയത്തില്‍ കാണാം. ക്രിസ്‌തു എന്ന ഏക മാധ്യസ്‌തന്റെ (1തിമോ 2:5-6) യോഗ്യതകളാണ്‌ മറിയത്തിന്റെ സ്വാധീനത്തിന്റെ ഉത്ഭവസ്ഥാനമെന്ന്‌ സഭ പഠിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈശോ തലവനായിട്ടുള്ള സമൂഹത്തിന്റെ അമ്മയാണ്‌ മറിയം. വി. ആഗസ്‌തിനോസ്‌ പഠിപ്പിക്കുന്നു `ക്രിസ്‌തുവിന്റെ അവയവങ്ങളായ സഭാസമൂഹത്തിന്റെ അമ്മയാണ്‌ മറിയം`.

മറിയത്തോട്‌ പ്രാര്‍ത്ഥിക്കുകയല്ല മറിയത്തിന്റെ പ്രാര്‍ത്ഥനാ സഹായം അഥവാ മദ്ധ്യസ്ഥം തേടുകയാണ്‌ ചെയ്യുന്നത്‌. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നേടുന്നതിനുവേണ്‌ടി പരി. അമ്മയുടെ പ്രാര്‍ത്ഥനാ സഹായം നമ്മള്‍ തേടുന്നു. ഇത്‌ വ്യക്തമാക്കുന്ന വചനഭാഗമാണ്‌ യോഹ 2:3-ല്‍ കാനായിലെ മറിയത്തിന്റെ അഭ്യര്‍ത്ഥന. കുറവുകള്‍ കണ്‌ടെത്തുന്ന മാതാവ്‌ അത്‌ ഈശോയെ അറിയിക്കുന്നു; ഈശോ ഇടപെടണമെന്ന്‌ മറിയം ആഗ്രഹിക്കുന്നു; മറിയം ഒരു വിവരം അറിയിക്കുന്നു എന്നതല്ല പിന്നെയോ പ്രവര്‍ത്തിക്കുവാന്‍ അവള്‍ ആദരപൂര്‍വ്വം ആവശ്യപ്പെടുകയായിരുന്നു. ഈശോ ഉടനെ മറിയത്തിന്റെ അപേക്ഷ മാനിച്ച്‌ അത്ഭുതം പ്രവര്‍ത്തിക്കുന്നു. യാമപ്രാര്‍ത്ഥനയില്‍ എല്ലാ കാലത്തേയും ബുധനാഴ്‌ച മാതാവിന്റെ വണക്കത്തിനായി പ്രത്യേക സ്ഥാനം ഉണ്‌ട്‌. അതില്‍ ദെനഹക്കാലത്തെ ലെലിയ പ്രാര്‍ത്ഥനയിലെ ഒരു ഗാനം ഈ ഭാഗത്തെ സൂചിപ്പിക്കുന്നു.

നാഥന്‍ കാനാ നഗരത്തില്‍
കല്യാണത്തിന്‍ സുദിനത്തില്‍
കരുണാപൂര്‍വ്വമെഴുന്നള്ളി
ക്ഷണിതാക്കള്‍ക്ക്‌ പകര്‍ന്നേകാന്‍
വീഞ്ഞു തികഞ്ഞില്ലെന്നേവം
മറിയംതന്‍ പ്രിയസുതനെയ-
ന്നവന്‍ പോടറിയിച്ചിടുകയാല്‍
മിശിഹാ വെള്ളം വീഞ്ഞാക്കി
ഗ്രഹനാഥനുള്‍ക്കുളിരേകി
നാഥാ, ഞങ്ങളുമിതുപോല്‍ നിന്‍
കൃപ നുകരാനിടയാക്കട്ടെ.


പ. മറിയത്തിലെ ഏഴു പുണ്യങ്ങള്‍

1. വിശ്വാസം: ഈശോയുടെ ജനനം, മരണം, കുരിശിന്‍ ചുവട്ടില്‍.
2. ദൃഡമായ പ്രതീക്ഷ: യസേപ്പിനോടുള്ള മനോഭാവം, കാലിതൊഴുത്ത്‌, പലായനം, കാനായിലെ കല്യാണം.
3. ഉപവി: i) ദൈവസ്‌നേഹം - പ്രാര്‍ത്ഥന ii) പരസ്‌നേഹം - എലിസബത്ത്‌
4. എളിമ: ഇതാ കര്‍ത്താവിന്റെ ഭാവി.
5. അനുസരണ: ഗബ്രിയേല്‍ ദൂതന്റെ വാക്ക്‌, പലായനം.
6. ദാരിദ്ര മനോഭാവം: ചങ്ങാലികളെ സമര്‍പ്പിക്കുന്നു.
7. വിശിഷ്‌ഠമായ പ്രാര്‍ത്ഥന: സ്‌തോത്ര ഗീതം.

മറിയത്തിന്റെ വിശേഷണങ്ങള്‍

1. ദൈവകൃപ നിറഞ്ഞവള്‍ (ലൂക്കാ 1:28)
2. കര്‍ത്താവ്‌ കൂടെയുള്ളവള്‍ (ലൂക്കാ 1:29)
3. വിധേയത്വമുള്ളവള്‍ (ലൂക്കാ 1:38)
4. വിശ്വാസമുള്ളവള്‍ (ലൂക്കാ 1:45)
5. ആരാധിക്കുന്നവള്‍ (ലൂക്കാ 1:46-56)
6. യഹൂദ പാരമ്പര്യം അനുസരിക്കുന്നവള്‍ (ലൂക്കാ 2:22-31)
7. പൂര്‍ണ്ണമായ സമര്‍പ്പണം (ലൂക്കാ 1:38)
8. സ്‌നേഹത്തിന്റെ പുത്രി (ലൂക്കാ 2:35)
9. മനുഷ്യ സ്‌നേഹിയായ മറിയം (ലൂക്കാ 1:39, യോഹ 2:1-10)
10. ആദ്യ സക്രാരിയാണ്‌ മറിയം
11. സ്വര്‍ഗ്ഗത്തിന്റെ വാതിലാണ്‌ മറിയം (മാര്‍ അപ്രേം)
12. മറിയം ദിവ്യകാരുണ്യത്തിന്റെ നാഥ (ജോണ്‍ പോള്‍ കക)
13. രണ്‌ടാമത്തെ ജീവന്‍ നല്‍കുന്ന ഹവ്വ (രക്തസാക്ഷിയായ വി. ജസ്‌റ്റിന്‍)
14. അമലോത്ഭവ (വിശ്വാസസത്യം, മാര്‍ അപ്രേം)

Saturday 11 August 2012

നീ എങ്ങോട്ട് പോകുന്നു?



ജീവിതത്തില്‍ എങ്ങോട്ട് പോകും എന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന അനുഭവം പലര്‍ക്കും ഉണ്ടാകാറുണ്ട് .ചിലപ്പോള്‍ ഒക്കെ നമ്മള്‍ തീര്‍ത്തും ഒറ്റെപ്പെടുന്ന സമയമായിരിക്കും അത് .പ്രതേകിച്ചു ആരോടും ഒരു സഹായവും ചോദിക്കാന്‍ പറ്റാത്ത അവസ്ഥ .ആരോടും ഒന്നും പ്പരയന്‍ പറ്റാത്ത അവസ്ഥ .നമ്മളുടെ പ്രശ്നങ്ങള്‍ പറഞ്ഞാലും ഒരു സഹായത്തിനു പകരം കുറ്റപെടുതലുകള്‍ മാത്രം പകരം ലഭിക്കുന്ന അവസ്ഥ .



സുവിശേഷത്തിലും പലയിടത്തും നാം ഇത് കാണുന്നുണ്ട് .ജോബ്‌ മുതല്‍ ധൂര്‍ത്ത പുത്രന്‍ വരെ .അതുപോലെ ഒരു അവസ്ഥയിലൂടെ ആണ് ഹഗാറും കടന്നു പോയത് .അബ്രാഹത്തിനും ഭാര്യ സാറായ്ക്കും മക്കള്‍ ഉ ണ്ടാകും എന്ന് ദൈവം നല്കിയ വാഗ്ദാനം പല പ്രാവശ്യം ആവര്‍ത്തിച്ചെങ്കിലും മകന്‍ ജനിച്ചില്ല. അബ്രാഹത്തിനും സാറായ്ക്കും ആ പ്രതീക്ഷ നഷ്ടപ്പെട്ടു. ഒരിക്കല്‍ സാറാ അബ്രാഹത്തോട് പറഞ്ഞു: മക്കള്‍ ഉണ്ടാകുവാന്‍ ദൈവം എനിക്ക് വരം തന്നിട്ടില്ല (ഉല്‍പത്തി 16:2). അതിനാല്‍, ദാസിയായ ഹാഗാറിനെ ഭാര്യയായി കണ്ട് മക്കളെ ജനിപ്പിക്കുവാന്‍ സാറാതന്നെ അബ്രാഹത്തെ പ്രേരിപ്പിച്ചു (16:2). അബ്രാഹം സാറായുടെ വാക്ക് അനുസരിച്ചു. ഹാഗാര്‍ ഗര്‍ഭിണിയായി. ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ ഹാഗാര്‍ സാറായെ നിന്ദിക്കാന്‍ തുടങ്ങി

സാറാ അബ്രാഹത്തിന്റെയടുത്ത് ആവലാതിയുമായെത്തി. അബ്രാഹം പറഞ്ഞു: നിന്റെ ദാസി ഇപ്പോഴും നിന്റെ കീഴിലാണ്. നിന്റെ ഇഷ്ടംപോലെ അവളോട് പെരുമാറിക്കൊള്ളുക (16:6). തുടര്‍ന്ന് സാറാ, ഹാഗാറിനോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. ഹാഗാര്‍, സാറായെവിട്ട് ഓടിപ്പോയി. കര്‍ത്താവിന്റെ ദൂതന്‍ ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് ഹാഗാറിനെ കണ്ടെത്തി. ദൂതന്‍ വഴി കര്‍ത്താവ് അവളോട് ചോദിക്കുകയാണ്: സാറായുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്ന് വരുന്നു? എങ്ങോട്ട് പോകുന്നു? (16:8). അവള്‍ പ്രതിവചിച്ചു: ഞാന്‍ യജമാനത്തിയായ സാറായില്‍നിന്ന് ഓടിപ്പോവുകയാണ്. ദൂതന്‍ അവളോട് പറഞ്ഞു: നീ യജമാനത്തിയുടെ അടുത്തേക്ക് തിരിച്ചുപോയി അവള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുക.

സാറായുടെ ഔദാര്യമാണ് ഹാഗാറിന് ലഭിച്ചത്. വന്ന വഴി മറന്നതും അവളില്‍ ഉണ്ടായ അഹങ്കാരവുമാണ് ദുരിതത്തിന് കാരണമായത്. തന്റെ ചോദ്യത്തിലൂടെ, വന്ന വഴിയും പോകേണ്ട വഴി യും മറക്കേണ്ട എന്ന് ദൈവം ഹാഗാറിനെ പഠിപ്പിക്കുകയായിരുന്നു. സാറായുടെ ദാസിയാണ് നീ, അവളുടെ ഔദാര്യംകൊണ്ടാണ് നീ അമ്മയാകാന്‍ പോകുന്നത്. അതിനാല്‍ ചരിത്രം മറന്ന് പെരുമാറണ്ട എന്ന് ദൈവം ഓര്‍മിപ്പിക്കുകയായിരുന്നു. നന്ദികേട് കാണിച്ച്, ഒരു ആവേശത്തിന് ഓടിപ്പോയാല്‍ നിന്റെയും കുഞ്ഞിന്റെയും ഗതി എന്താകും? ഭാവിയെപ്പറ്റി ചിന്ത വേ ണ്ടേ എന്നെല്ലാമുള്ള മുന്നറിയിപ്പ് ദൈവം നല്കുകയാണ് രണ്ടാമത്തെ ചോദ്യത്തിലൂടെ: നീ എങ്ങോട്ട് പോകുന്നു?

ഏകദേശം ഇത് പോലെ തന്നെയാണ് ധൂര്‍ത്ത പുത്രനും കടന്നു പോയത്.  അമ്മയില്ലാത്ത വീടായിരുന്നു അത്‌. ഒരമ്മയുടെ സ്‌നേഹവും ഒരപ്പന്റെ കരുതലും ഒരുപോലെ നല്‍കുന്ന ഒരു പിതാവുണ്‌ടായിരുന്നു. എന്നാല്‍ ആ സ്‌നേഹത്തിന്റെ ഭാഷ മനസ്സിലാക്കാനാവാതെ ഇളയ മകന്‍ വീടു വിട്ടുപോകുന്നു. പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു. കണ്ണുനീരിന്റെ ചാലു വീണ മിഴികളുമായി ആ പിതാവ്‌ കാത്തിരുന്നു. മുറിവേറ്റ ഹൃദയത്തില്‍ നിന്നുയര്‍ന്ന അടങ്ങാത്ത പ്രാര്‍ത്ഥനയുടെ സുകൃതം കൊണ്‌ട്‌ ആ മകന്‍ തിരിച്ചെത്തുന്നു. ആ പിതാവിന്റെ മനസ്സിലെ സന്തോഷം കുടുംബത്തിന്റെ ആഘോഷമായി മാറി. പെട്ടെന്ന്‌ അതുനിലച്ചു. ഇത്തവണ കണക്കു പറച്ചിലുകളും പരാതികളുമായി മുത്തമകന്‍ പ്രത്യക്ഷപ്പെടുന്നു... ഇവരെ രണ്‌ടു പേരെയും നെഞ്ചോടു ചേര്‍ക്കാന്‍ കൊതിക്കുന്ന പിതാവ്‌... ....

യഹൂദപാരമ്പര്യം അനുസരിച്ച്‌ പിതാവിന്റെ കാലശേഷം മാത്രമേ മക്കള്‍ക്ക്‌ സ്വത്തില്‍ അവകാശമുള്ളൂ (പ്രഭാ 32/20-21). അതുപോലെ പിതാവിന്‌ അദ്ദേഹത്തിന്‌ ഇഷ്ടമുള്ളതുപോലെ ഓഹരി കൊടുക്കാനും അവകാശമില്ല. യഹൂദാചാരപ്രകാരം മൂത്ത മകന്‌ ഇരട്ടി ലഭിക്കാനുള്ള അവകാശമുണ്‌ട്‌ (നിയമ 21/17). ഇവിടെ പിതാവിനോട്‌ സ്വത്ത്‌ ചോദിക്കുന്ന ഇളയ മകന്‍ പിതാവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു. പിതാവിനെ മൃതനായി പരിഗണിക്കുന്നു. അവന്‍ ദൂരദേശത്തേക്ക്‌ യാത്രയാവുന്നു. `ദൂരത്തായിരിക്കുന്നവന്‍ ധൂര്‍ത്തനാണ്‌. അവന്‍ സ്വത്ത്‌ നശിപ്പിച്ചു കളയും, സ്വത്ത്‌ നശിപ്പിച്ചു കളയുന്നവന്‍ കഷ്ടത്തിലാവും, കഷ്ടത്തിലാവുന്നവന്‍ പന്നികളെ മേയ്‌ക്കും. പിതാവുമായുള്ള ബന്ധം മുറിച്ചവന്‍ സ്വന്തം നിലവാരം മറക്കേണ്‌ടി വന്നു. അവന്‍ യഹൂദനു നിഷിദ്ധമായ പന്നികളെ മേയ്‌ക്കേണ്‌ടി വന്നു.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതത്തിലെ അനുഭവം ഓര്‍ക്കുകയാണ്‌. വീട്ടുകാര്‍ തന്നെ ആവശ്യത്തിന്‌ സ്‌നേഹിക്കുന്നില്ല എന്ന കാരണത്താല്‍ ബഷീര്‍ വീട്‌ വിട്ടിറങ്ങി. പല സ്ഥലങ്ങളില്‍ കറങ്ങി നടന്നു. കൈയില്‍ ഉണ്‌ടായിരുന്ന അല്‌പം തുട്ടുകള്‍ തീര്‍ന്നു. ഒന്നും കഴിക്കാതെ രണ്‌ട്‌ ദിവസം തള്ളിനീക്കി. ഇനിയും ഭക്ഷണം കഴിക്കാതെ കഴിയാന്‍ വയ്യ. വിശപ്പിനിടയില്‍ ബഷീര്‍ ചിന്തിച്ചു: എത്ര കഷ്ടപ്പെട്ടാണ്‌ ബാപ്പയും ഉമ്മയും എന്നെ നോക്കുന്നത്‌. എന്നോട്‌ സ്‌നേഹമുള്ളതുകൊണ്‌ടല്ലേ അവര്‍ കഷ്ടപ്പെട്ട്‌ അദ്ധ്വാനിച്ച്‌ എനിക്ക്‌ ഭക്ഷണം നല്‍കുന്നത്‌.... . .പക്ഷെ ഇപ്പോള്‍ നീ എങ്ങോട്ട് പോകുന്നു? അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അവരെ ധിക്കരിച്ച്‌ ഇറങ്ങിപ്പോന്നത്‌ ശരിയായില്ല.. അന്നു രാത്രി ബഷീര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.. നേരം പാതിരയായി. അടുക്കളയുടെ വാതില്‍ മുട്ടി. ഉമ്മ വന്ന്‌ വാതില്‍ തുറന്നു... ഉമ്മാ എനിക്ക്‌ വിശക്കുന്നു.. നിനക്കുള്ള ഭക്ഷണം മേശപ്പുറത്തുണ്‌ട്‌. ഉമ്മയോട്‌ ചോദിച്ചു.. ഇന്ന്‌ ഞാന്‍ വരുമെന്ന്‌ ഉമ്മയ്‌ക്ക്‌ അറിയാമായിരുന്നോ... ഉമ്മ മറുപടി നല്‍കി. നീ വീട്‌ വിട്ടിറങ്ങിയ അന്നുമുതല്‍ നിന്റെ ഓഹരി മേശയില്‍ വിളമ്പി വച്ചിരുന്നു... പതിവുപോലെ ഇന്നും അത്‌ വിളമ്പി വച്ചിട്ടുണ്‌ട്‌.. ബഷീര്‍ ഉമ്മയെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു.. മനസ്സിലാക്കാതെ പോയ സ്‌നേഹത്തെയോര്‍ത്ത്‌.. 

പ്രിയമുള്ളവരെ, പരാജയത്തിന്റെ പന്നിക്കുഴിയില്‍ വച്ചാണ്‌ ധൂര്‍ത്ത പുത്രന്‍ ചിന്തിക്കുന്നത് ഞാന്‍ ഇപ്പോള്‍  എങ്ങോട്ട് പോകുന്നു? തന്റെ കൂടെയുള്ള ദൈവത്തിന്റെ സാന്നിദ്ധ്യം ധൂര്‍ത്തപുത്രന്‍ തിരിച്ചറിയുന്നത്‌. . ഈ സാന്നിദ്ധ്യം അവനില്‍ സൂബോധമായി മാറി. അവന്‍ പിതാവിന്റെ സന്നിധിയിലേക്ക്‌ തിരിച്ചുപോകുന്നു. ധൂര്‍ത്തപുത്രന്റെ മാനസാന്തരത്തില്‍ മൂന്ന്‌ തലങ്ങളുണ്‌ട്‌. (1) സുബോധമുണ്‌ടാകുന്നു. (2) പന്നിക്കുഴിയില്‍ നിന്നും എഴുന്നേല്‍ക്കുന്നു. (3) പിതാവിന്റെ അടുത്തേക്ക്‌ തിരിച്ചുപോകുന്നു. എല്ലാം നഷ്ടപ്പെട്ടവന്‌ അപ്പനിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ല. മകന്റെ തിരിച്ചുവരവ്‌ അപ്പന്റെ വിജയമാണ്‌. ധൂര്‍ത്ത പുത്രന്‍ തിരിച്ചെത്തിയതിനുശേഷമുള്ള അഘോഷം അപ്പന്റെ സ്‌നേഹത്തിന്റെ വിജയാഘോഷമാണ്‌. 
വഴിതെറ്റിപ്പോയ മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സ്‌നേഹനിധിയായ പിതാവ്‌. മകനെ ദൂരത്തുവച്ചു കണ്‌ടപ്പോള്‍ പിതാവ്‌ മനസ്സലിഞ്ഞ്‌ ഓടിച്ചെന്ന്‌ കെട്ടിപ്പിടിച്ച്‌ അവനെ ചുംബിച്ചു. മനസ്സില്‍ കരുതിക്കൂട്ടി ആലോചിച്ചുറപ്പിച്ചത്‌ അവതരിപ്പിക്കുന്നതിനു മുന്‍പ്‌, ചോദ്യങ്ങളോ, പരിഭവങ്ങളോ ഒന്നുമില്ലാതെ അവനെ സ്വീകരിക്കുന്നു.

തിരിച്ചെത്തുന്ന മകന്‌ വിരലിലെ മോതിരം നല്‍കുന്നതും ചെരിപ്പ്‌ അണിയിക്കുന്നതും നാട്ടുനടപ്പിന്‌ വിരുദ്ധമായിരുന്നു. കാരണം ഇത്‌ മൂത്ത മകന്റെ അവകാശത്തില്‍പെട്ടതാണ്‌. എന്നാല്‍ ഇളയ മക്കളോട്‌ പ്രീതി കാട്ടുന്ന ദൈവത്തെയാണ്‌ നാം പഴയ നിയമത്തില്‍ കാണുക. ഈ ബൈബിള്‍ പാരമ്പര്യത്തിന്റെ വെളിച്ചത്തിലാണ്‌ ധൂര്‍ത്തപുത്രന്റെ കഥയും അവതരിപ്പിക്കുന്നത്‌. ഇവിടെയും അന്തിമമായി ദൈവപ്രീതി ഇളയവന്‍ നേടുന്നു. പിതാവ്‌ അവനെ ബഹുമാനത്തോടെ സ്വീകരിക്കുന്നു. മേലങ്കി ഈ ബഹുമാനത്തെ സൂചിപ്പിക്കുന്നു. മോതിരം - അധികാരത്തെ സൂചിപ്പിക്കുന്നു. ഒരാള്‍ തന്റെ മോതിരം മറ്റൊരാള്‍ക്ക്‌ നല്‍കുന്നത്‌ തന്റെ അധികാരം വിനിയോഗിക്കാനുള്ള അനുമതിയായാണ്‌ (Power of attorney). ചെരിപ്പ്‌ ധരിപ്പിക്കുന്നു - പുത്രന്‍മാര്‍ക്ക്‌ മാത്രമേ ചെരിപ്പ്‌ ധരിക്കാന്‍ അനുവാദമുണ്‌ടായിരുന്നുള്ളു. അടിമയ്‌ക്ക്‌ ഒരിക്കലും ചെരിപ്പ്‌ ധരിക്കാന്‍ അനുവാദമില്ലായിരുന്നു. അടിമയുടെ സ്വപ്‌നമായിരുന്നു ഇത്‌: `ഒരിക്കല്‍ ദൈവം തങ്ങളുടെ കാലുകളില്‍ ചെരിപ്പ്‌ അണിയിക്കും എന്നത്‌`. കാരണം ചെരിപ്പ്‌ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണ്‌. എന്നെ ദാസനായി സ്വീകരിക്കണമെന്ന മകന്റെ ആഗ്രഹത്തിന്‌ വിരുദ്ധമായി നിറഞ്ഞ മനസ്സോടെ ആ പിതാവ്‌ മകന്റെ എല്ലാവിധ അധികാരങ്ങളോടും കൂടി അവനെ സ്വീകരിക്കുന്നു...

ധൂര്‍ത്തപുത്രന്‍ തന്റെ പുത്രസ്ഥാനം തിരിച്ചറിഞ്ഞ്‌ മടങ്ങിയെത്തുമ്പോള്‍ മൂത്തപുത്രന്‍ തന്റെ പുത്രസ്ഥാനം വെടിഞ്ഞ്‌ തന്നെത്തന്നെ ദാസനായി താഴ്‌ത്തുന്നു 'നിന്റെ പുത്രനെന്ന്‌ വിളിക്കപ്പെടാന്‍ ഞാന്‍ യോഗ്യനല്ല.' എന്ന്‌ ഇളയ പുത്രന്‍ യാചിക്കുമ്പോള്‍ ഞാന്‍ നിന്റെ ധാസ്യവേല ചെയ്യുന്നുവെന്നാണ്‌ മൂത്ത പുത്രന്റെ പ്രതികരണം. ഒരു പുത്രനായിരിക്കുന്നതിന്റെ സുഖം അവനെന്നെങ്കിലും അനുഭവിച്ചിരുന്നോ. സ്വന്തം വീട്ടില്‍ അവന്‍ അന്യനാകുന്നു. പിതാവിന്റെ കരുണയിലാണ്‌ അവന്‌ ദേഷ്യം. അനിയനെ ജ്യേഷ്‌ഠന്‍ സ്‌നേഹിച്ചിരുന്നില്ലെന്നതും അവന്റെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാണ്‌. കാരണം ഇവര്‍ രണ്‌ട്‌ പേരും ഒന്നും സംസാരിക്കുന്നതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നില്ല. ഇളയ മകനെ സ്വീകരിക്കാന്‍ ഇറങ്ങിച്ചെല്ലുന്ന പിതാവ്‌ മൂത്ത മകനേയും സ്വീകരിക്കാന്‍ ഇറങ്ങിച്ചെല്ലുന്നുണ്‌ട്‌.. നഷ്ടപ്പെട്ടത്‌ തിരിച്ചെടുക്കാന്‍ മാത്രമല്ല... നഷ്ടപ്പെടാതിരിക്കാനും ശ്രമിക്കണമല്ലോ... മൂത്ത മകന്റെ വാക്ക്‌ ശ്രദ്ധിക്കണം. എത്ര വര്‍ഷം ഞാന്‍ നിനക്ക്‌ ദാസ്യവേല ചെയ്യുന്നു (15/29). സ്‌നേഹമില്ലാതെ ചെയ്യുന്ന പ്രവൃത്തി ദാസ്യവൃത്തിയാണ്‌. മൂത്ത പുത്രന്‍ അനേകം വര്‍ഷങ്ങളായി ചെയ്‌തുകൊണ്‌ടിരിക്കുന്നത്‌ അതാണ്‌. ഫരിസേയരുടെ മതജീവിതവും നിയമാനുഷ്‌ഠാനവും ദൈവശിക്ഷയെ പേടിച്ചുള്ള ദാസ്യവൃത്തിയാണ്‌. നമ്മുടെ മതാനുഷ്‌ഠാനുങ്ങളും ആചാരങ്ങളും സ്‌നേഹത്തിന്റെ പ്രവൃത്തിയായിട്ടല്ല നാം ചെയ്യുന്നതെങ്കില്‍, ആദ്ധ്യാത്മിക ജീവിതം നാം ആസ്വദിക്കുന്നില്ലെങ്കില്‍ അതും ദാസ്യവൃത്തിയാണ്‌...

ധൂര്‍ത്തപുത്രന്റെ പാപമല്ല ഈ ഉപമയിലെ പരാമര്‍ശം... മറിച്ച്‌ പിതാവിന്റെ സ്‌നേഹമാണ്‌. ദൈവസ്‌നേഹത്തിന്റെ സമ്പൂര്‍ണ്ണതയാണ്‌ പിതാവ്‌... ഇത്രയും നല്ല ഒരു ദൈവചിത്രം. മടങ്ങിയെത്തുന്നവനെ മാറോടു ചേര്‍ക്കുന്ന ചിത്രം... ദൈവസ്‌നേഹസമ്പൂര്‍ണ്ണത പ്രകാശിപ്പിക്കുന്നു. ദൈവത്തെ ശപിക്കുന്നവനും, ശിക്ഷകനും തലമുറകളെ തകര്‍ക്കുന്നവനുമൊക്കെയായി ചിത്രീകരിക്കുന്ന ആത്മീയപാലകരും, ധ്യാനഗുരുക്കന്‍മാരും ഈ ഉപമ മനസ്സിരുത്തി വായിക്കണം.

`ആരുണ്‌ടീ ഉരുണ്‌ട ലോകത്ത്‌
ഉരുണ്‌ടു വീഴാത്തതായി`..
കുഞ്ഞുണ്ണി മാഷുടെ വാക്കുകള്‍...



നമ്മള്‍ ചിലപ്പോള്‍ വന്ന വഴി മറക്കാറുണ്ട്. പോകേണ്ട വഴികളെപ്പറ്റി നിശ്ചയമില്ലാതെ പെരുമാറുന്നു. വാശിയും അമിത ആത്മവിശ്വാസവും അഹങ്കാരവുമാണ് ഇങ്ങനെ പെരുമാറാന്‍ കാരണം. ദൈവം ഈ ചോദ്യങ്ങള്‍ നമ്മോടും ആവര്‍ത്തിക്കുന്നുണ്ട്. ജീവിതപങ്കാളിയെ വിട്ട് സ്വന്തം വഴിക്ക് പോകുന്നവരോട് ഈ ചോദ്യം ചോദിക്കുന്നു. പ്രേമബന്ധങ്ങളില്‍ പെട്ട് യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ടവരോടും ഈ ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്. ആത്മരക്ഷയില്‍ ശ്രദ്ധയില്ലാതെ പോകുന്നവരോട് ചോദിക്കുന്നുണ്ട്. പഠനം ഉഴപ്പുന്നവരോട്, പണിയെടുക്കാതെ അലസരായി കഴിയുന്നവരോട് ദൈവം ഈ ചോദ്യം ഇന്നും ആവര്‍ത്തിക്കുന്നു. വീണ്ടുവിചാരത്തിനും തിരിച്ചുപോക്കിനും ഈ ചിന്ത കാരണമാക..നാം പാപികളാണ്‌... പക്ഷെ ആ പാപത്തിന്റെ ചെളിക്കുഴികള്‍ കിടക്കേണ്‌ടവരല്ല നാം.. നമ്മെ കാത്തിരിക്കുന്ന ആ പിതാവിന്റെ സവിധത്തിലേക്ക്‌ തിരിച്ചു ചെല്ലാം... അവന്റെ അടുത്ത്‌ ചെന്ന്‌ ഒന്നു മനസ്സു തുറന്നു `കുമ്പസാരിക്കാം`.


Tuesday 7 August 2012

നീ ഇനിയും സര്‍വ്വശക്തനോടു വാദിക്കുമോ



ജോബിന്റെ പുസ്തകം 38 മുതല്‍ 41 വരെയുള്ള അദ്ധ്യായങ്ങളില്‍ നാല് പ്രസംഗകര്‍( ദൈവത്തെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ട്) ജോബിനോട് സംസാരിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ദൈവം സംസാരിക്കുന്നത്. ശ്രദ്ധിക്കുക, ദൈവം ഒരിക്കല്‍പോലും ജോബ്‌  എന്തെങ്കിലും രഹസ്യപാപം ചെയ്തിട്ടുണ്ടെന്നു കുറ്റപ്പെടുത്തുകയോ പാപത്തിന്റെ ശിക്ഷയാണ് അവന്‍ അനുഭവിക്കുന്നതെന്നു പറയുകയോ ചെയ്തില്ല. എന്നാല്‍ ദൈവം സംസാരിച്ച ഉടനെ ജോബിന്  പാപബോധമുണ്ടാകുകയും അനുതപിക്കുകയും ചെയ്തു. ആളുകളോട് എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ പ്രസംഗിക്കണമെന്നും പഠിപ്പിക്കുന്ന എത്ര നല്ല പാഠമാണിത്. ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികള്‍ അല്ല. 



പല പ്രസംഗകരും മറ്റുള്ളവര്‍ ചെയ്ത പാപങ്ങള്‍ എന്നു ഭാവനയില്‍ ചിലതു കണ്ടുകൊണ്ട് ആളുകള്‍ക്കു പാപബോധം വരുത്തുവാന്‍ പ്രസംഗിക്കുന്നു. അത്തരം ഒരു സമീപനം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ദൈവത്തിന്റെ മുമ്പാകെ കുറ്റപ്പെടുത്തുന്ന ആത്മാവുമായി നിന്നു എന്ന കുറ്റം അവന്റെ മേല്‍ വരുന്നു എന്നു മാത്രം. ദൈവം തന്റെ മഹാദയയിലും കരുണയിലും മനുഷ്യരോട് സംസാരിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയാണ്. അപ്പോള്‍ മനുഷ്യനു തികഞ്ഞ പാപബോധമുണ്ടായി ഇങ്ങനെ പറയുന്നു: ''ഓ ദൈവമേ, ഞാന്‍ ദുഷിച്ചവന്‍, ഞാന്‍ ഒന്നുമില്ലാത്തവന്‍, ഞാന്‍ അനുതപിക്കുന്നു, എന്നോടു ക്ഷമിക്കേണമേ.'' ദൈവം തന്റെ ദയയിലൂടെ മനുഷ്യരെ മാനസാന്തരത്തിലേക്കു നടത്തുന്നു.


ഈ അദ്ധ്യായങ്ങളില്‍ ദൈവം ജോബിനോട്  ചോദിച്ച മൂന്ന് അടിസ്ഥാനചോദ്യങ്ങള്‍ ഇവയാണ്.

1. സൃഷ്ടിയുടെ പിന്നിലുള്ള അത്ഭുതങ്ങളെ നിനക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആത്മീയയാഥാര്‍ത്ഥ്യങ്ങളെ എങ്ങനെ മനസ്സിലാക്കും?

2. എന്റെ സൃഷ്ടിയെ ഞാന്‍ നിയന്ത്രിക്കുന്നുവെങ്കില്‍, നിന്റെ ആടുകളുടെ മേല്‍ പതിച്ച മിന്നലിന്റെ മേലും നിന്റെ ദാസന്മാരെ കൊന്ന ശെബായരുടെയും കല്ദയരുടെയും മേലും നിന്റെ മക്കളുടെ മേല്‍ അടിച്ച കൊടുങ്കാറ്റിന്റെ മേലും എനിക്കു നിയന്ത്രണമില്ലെന്നാണോ നീ കരുതുന്നത്?

3. ഞാന്‍ സൃഷ്ടിച്ച ഒരു മുതലയുടെ മുമ്പില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നീ എങ്ങനെ എന്റെ മുമ്പില്‍ നില്‍ക്കും?

ദൈവം സൃഷ്ടിയുടെ മേലുള്ള തന്റെ പരമാധികാരവും നിയന്ത്രണവും ജോബിനെ  കാണിച്ചുകൊടുത്തു. അതു മാത്രമാണ് വേണ്ടിയിരുന്നത്. അപ്പോള്‍ ജോബ്‌  താഴ്മയുള്ളവനായിത്തീര്‍ന്നു. നാലു പ്രസംഗങ്ങളുടെ മണിക്കൂറുകള്‍ നീണ്ട നേരിട്ടുള്ള ആക്രമണത്താല്‍ ഒന്നും സാധിച്ചില്ല. എന്നാല്‍ ദൈവത്തിന്റെ നേരിട്ടല്ലാതെയുള്ള സമീപനം ചില നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം സാധിച്ചു. ദൈവത്തിനു തന്റെ എല്ലാ സൃഷ്ടികളിന്മേലുമുള്ള പരമാധികാരത്തിലുള്ള നമ്മുടെ വിശ്വാസമാണ് നാം പ്രശ്‌നങ്ങളെയോ കഷ്ടതയെയോ ശത്രുക്കളെയോ നേരിടുമ്പോള്‍ നമ്മുടെ ഹൃദയത്തെ സ്വസ്ഥതയില്‍ നിര്‍ത്തുന്നത്.

ദൈവം ജോബിനോട്  ചോദിച്ചു: ''നീ ഇനിയും സര്‍വ്വശക്തനോടു വാദിക്കുമോ''? എല്ലാ തര്‍ക്കത്തിനും ഉടന്‍ ഉടന്‍ മറുപടി ഉണ്ടായിരുന്ന ജോബ്‌  ഇപ്പോള്‍ നിശ്ശബ്ദനായി. ഇപ്പോള്‍ അവന്‍ പറയുന്നു ''ദൈവമേ ഞാന്‍ ആരുമല്ല; എനിക്കോന്നും പറയാനില്ല; ഞാന്‍ ഇനി ഒന്നും സംസാരിക്കുകയില്ല''.


നമ്മുടെ ഒന്നുമില്ലായ്മ നാം അംഗീകരിക്കണമെന്നും അങ്ങനെ ദൈവം നമ്മുടെ ജീവിതത്തില്‍ എല്ലാമായിത്തീരണമെന്നുമുള്ള പാഠമാണ് വേദപുസ്തകത്തിലെ ആദ്യം എഴുതപ്പെട്ട പുസ്തകത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തിന് ആരെയെങ്കിലും ഉപയോഗിക്കണമെങ്കില്‍ ആദ്യം അയാളെ ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിക്കണം.

പൗലൊസ് പറഞ്ഞു: '' അപ്പോളോസ്  ആരാണ് ? പൌലോസ്‌ ആരാണ് ? കര്‍ത്താവു തന്നതനുസരിച്ചു നിങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ശുശ്രുഷകര്‍ മാത്രം .ഞാന്‍ നട്ടു അപ്പോളോസ് നനച്ചു എന്നാല്‍ ദൈവമാണ്  വളര്‍ത്തിയത്‌ അത് കൊണ്ട് നടുന്നവനോ നനക്കുന്നവനോ അല്ല വളര്തുന്നവനായ ദൈവത്തിന്നു പ്രാധാന്യം ''(1കൊരി. 3:5,6).മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സുവിശേഷീകരണം നടത്തുന്നവനോ വേദപുസ്തകം പഠിപ്പിക്കുന്നവനോ ഒന്നുമല്ല, ദൈവമാണ് എല്ലാം. മുഴുവന്‍ മഹത്വവും അവിടുത്തേക്കുള്ളതാണ്. അതാണ് പൗലൊസിന്റെ ജീവിതത്തിലെ രഹസ്യം. തന്റെ ജീവിതത്തിന്റെ അവസാനം വരെ അവന്‍ ഒന്നുമില്ലാത്തവനായിരുന്നു.

എവിടെയെങ്കിലും ചില ആത്മാക്കളെ രക്ഷിച്ചതിന്റെ പ്രശംസ നേടുന്നതിനു ചില സുവിശേഷകന്മാര്‍ വലിയ ഉത്സാഹം കാണിക്കാറുണ്ട്. കേരളത്തിന്‌ പുറത്തു കര്‍ത്താവിന്റെ സഭകള്‍ തമ്മില്‍ അടിയാണ് .ചിലര്‍ പറയുന്നു ഞങ്ങളെ വളര്‍ത്തുന്നില്ല മറ്റു സഭകള്‍ പറയുന്നു ഞങ്ങളുടെ അനുവാദമില്ലാതെ അവര്‍ പുരോഹിതരെ കൊണ്ട് വരുന്നു.വിശ്വാസികളെ നോക്കുകുത്തികള്‍ ആക്കിക്കൊണ്ട് അവര്‍ വളരുന്നു എന്നാല്‍ എന്താണ് അവര്‍ വളര്‍ത്തുന്നത് കര്‍ത്താവിന്റെ സഭയോ ?സ്വന്തം രൂപതയുടെ അല്ലേല്‍ റീത്ത് ന്റെ കീഴില്‍ വിശ്വാസികളെ നിര്‍ത്തിയത് കൊണ്ട് അവര്‍ എന്താണ് നേടാന്‍ പോകുന്നത് ..സീറോ മലബാര്‍ മുതല്‍ ഓര്‍ത്തഡോക്സ് യാകൊബായ ലത്തീന്‍ ക്നാനായ തുടങ്ങിയ എല്ലാവരോടും കൂടിയാണ് ഞാന്‍ ചോദിക്കുന്നെ ???ഒരു പള്ളിയില്‍ അന്ത്യ കര്‍മം നടത്താന്‍ പോലീസ് വരുന്നതാണോ കര്‍ത്താവിന്റെ കുഞ്ഞാടുകളുടെ മാതൃക ?ഇതിനാണോ കര്‍ത്താവു കാല്‍വരിയില്‍ മരിച്ചത് ??


 ചിലര്‍  ഇങ്ങനെ പരാതിപ്പെടുന്നു: ''എന്റെ സഭയിലെ പള്ളികള്‍  മറ്റേ സഭക്കാര്‍ തട്ടി എടുത്തു ..ഇല്ലേ ഗള്‍ഫിലെ തല മൂത്ത കമ്മ്യൂണിറ്റി ചേട്ടന്മാര്‍ പറയും എന്റെ ഗ്രൂപ്പിലെ ആള്‍ക്കാരെ അവര്‍  തട്ടിക്കൊണ്ടുപോയി.'' എന്തുകൊണ്ടാണ് ക്രിസ്തീയപ്രവര്‍ത്തകര്‍ ഇങ്ങനെ സംസാരിക്കുന്നത്? കാരണം അവര്‍ ഇനിയും പൂജ്യം ആയിട്ടില്ല എന്നതുതന്നെ. അവര്‍ എന്റെ സഭ എന്നു പറയുമ്പോള്‍ ഏതു സഭയെക്കുറിച്ചാണ് പറയുന്നത്? എന്റെ ഗ്രൂപ്പ്‌ എന്ന് പറയുന്നത് ഇതു ഗ്രൂപ്പ്‌ ആണ് എന്റെ റീത്ത് എന്ന് പറയുന്നത് ഇതു റീത്ത് ആണ് .. യേശുക്രിസ്തുവിന്റെ സഭയെക്കുറിച്ച് നമക്കറിയാം. എന്നാല്‍ ഏതാണ് അവരുടെ സഭ? തീര്‍ച്ചയായും എല്ലാവരും 'അവരുടെ സഭ'യില്‍ നിന്നുമെടുക്കപ്പെട്ട് യേശുക്രിസ്തുവിന്റെ സഭയില്‍ ആകണം. 'അവരുടെ സഭ'യെന്നത് ഇല്ലാതാകണം.

താന്‍ വളരെ നിസ്സാരനാണെന്ന് അംഗീകരിക്കുവാനും ഇനി സ്വയം നീതീകരിക്കയില്ല എന്നു തീരുമാനിക്കുവാനും ജോബ്‌ വളരെക്കാലം എടുത്തു. അതുകൊണ്ട് ജോബ്‌ തന്റെ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ ''കേള്‍ക്കുവാന്‍ വേഗതയുള്ളവനും പറയുവാന്‍ താമസമുള്ളവനുമായിരുന്നു''(യാക്കോ.1:19). ആറ് അദ്ധ്യായങ്ങളിലുള്ള ജോബിന്റെ  നീണ്ട പ്രസംഗമാണ് വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും നീണ്ട സ്വയംനീതീകരണം.(അദ്ധ്യായം 26-31). അതിലുടനീളം സ്വയനീതിയുടെ ദുര്‍ഗന്ധമുണ്ട്. എന്നാല്‍ ജോബിന്  തന്റെ നിഗളം മണക്കുവാന്‍ കഴിഞ്ഞില്ല.

അവസാനം ഈ സ്വയംനീതിക്കാരനായ മനുഷ്യന്‍ ഒരു പൂജ്യമായിത്തീര്‍ന്നു. ആരുടെ പ്രസംഗം വഴിയാണ്? ദര്‍ശനങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞ മനുഷ്യനിലൂടെയോ? പിതാക്കന്മാരുടെ പാരമ്പര്യത്തെ വിശുദ്ധമായി കണ്ടവനിലൂടെയോ? സ്വയം പ്രവാചകനായി അവരോധിച്ചവനിലൂടെയോ? അതോ ഏറ്റവും ശരിയായ കാര്യങ്ങള്‍ മാത്രം പറഞ്ഞ മനുഷ്യനിലൂടെയോ? ഈ നാലു പ്രസംഗകര്‍ക്കും ജോബിനെ  സഹായിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തിനു മാത്രമേ ജോബിനെ  സഹായിക്കാന്‍ കഴിഞ്ഞുള്ളു. അവിടുന്ന് അഞ്ചാമത്തെ പ്രസംഗകനായിരുന്നു. ദൈവത്തെയാണ് നാം അനുഗമിക്കേണ്ടത്. ''ദൈവത്തെ അനുഗമിക്കുക''(എഫേ.5:1).
മറ്റ് പ്രസംഗകരുടെ നീണ്ട പ്രസംഗങ്ങള്‍ക്കു സാധിക്കാഞ്ഞത് ദൈവത്തിന്റെ ചെറിയ സന്ദേശത്തിലൂടെ സാധിച്ചത് എത്ര ആശ്ചര്യകരമാണ്. എന്താണ് ഇതിനു കാരണം? ഉത്തരമിതാണ് ദൈവം job സ്‌നേഹിച്ചു. മറ്റു നാലു പ്രസംഗകര്‍ക്കും അതിനു കഴിഞ്ഞില്ല. നാം ഹൃദയപൂര്‍വ്വം ആളുകളെ സ്‌നേഹിക്കുമ്പോള്‍ അവര്‍ക്കു നല്‍കാന്‍ കൃത്യമായ വാക്കുകളെ ദൈവം നല്‍കും. നാം അവരെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവരെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമായിരിക്കും ചെയ്യുക. അവരെ അനുഗ്രഹിക്കുവാന്‍ നമുക്കു കഴിയുകയില്ല. അതുകൊണ്ട് നാം ശുശ്രൂഷിക്കുന്ന ആളുകളെ സ്‌നേഹിക്കുവാന്‍ നമുക്കു പഠിക്കാം. അപ്പോള്‍ അവരോടു സംസാരിക്കുവാനുള്ള വാക്കുകള്‍ ദൈവം തന്നെ നമുക്കു നല്‍കും.

ദൈവത്തിന്റെ ഒരു പ്രവാചകനു ഹൃദയത്തില്‍ ദൈവവചനവും ദൈവജനവും ഉണ്ടായിരിക്കണം. അപ്പോള്‍ ദൈവം അവനു പ്രവചനപരമായ സന്ദേശങ്ങള്‍ നല്‍കും.

നാലു പ്രസംഗകരും ജോബിന്  പാപബോധം വരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ ദൈവമോ അവനെ ആരാധകനാക്കുവാനാണ് ശ്രമിച്ചത്. അതില്‍ ദൈവം വിജയിക്കുകയും ചെയ്തു.അവിശ്വാസമുള്ള ഈ തലമുറയ്ക്കു നമ്മളും കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ദൈവം സര്‍വ്വശക്തനും പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പരമാധികാരിയുമാണെന്നാണ്. നമ്മുടെ ശത്രുവിന്റെ ഭീഷണിപ്പെടുത്തലില്‍ ഭയപ്പെടരുത്. കാരണം പരമാധികാരിയായ നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് അനുവാദം കൊടുക്കാതെ നമ്മുടെ തലയിലെ ഒരു മുടിയില്‍ തൊടാന്‍പോലും ആര്‍ക്കും കഴിയുകയില്ല. എപ്പോഴും വിമര്‍ശിക്കുന്ന സ്വഭാവത്തില്‍നിന്നും കരുണയോടെ പെരുമാറുവാന്‍ നമുക്കു പഠിക്കാം. യഥാര്‍ത്ഥവസ്തുതകള്‍ മനസ്സിലാക്കാതെ ഒന്നിനെയും വിധിക്കരുത്. വസ്തുതകള്‍ എല്ലാം നമുക്കറിയാമെങ്കിലും നാം അറിയാത്ത ചില വസ്തുതകള്‍ കൂടി കണ്ടേക്കാം എന്നു സമ്മതിക്കുക. അതുകൊണ്ട് എപ്പോഴും നമ്മെത്തന്നെ താഴ്ത്തി ഇങ്ങനെ പറയുക: ''ദൈവമേ, ഞാനൊന്നുമല്ല, എന്റെ കൈകൊണ്ട് വായ് പൊത്തി ഞാന്‍ മിണ്ടാതിരിക്കും''.

ജോബ്‌  ഇങ്ങനെയും പറഞ്ഞു ''ദൈവമേ ഞാന്‍ അങ്ങയെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ എന്റെ കണ്ണാല്‍ അങ്ങയെ കാണുന്നു''( ജോബ്‌  . 42:5).ദൈവത്തെ കേള്‍ക്കുന്നതും ദൈവത്തെ വ്യക്തിപരമായി അറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പത്മോസ്ദ്വീപില്‍വച്ച് യോഹന്നാന്‍ ദൈവത്തെ കണ്ടപ്പോള്‍ കമിഴ്ന്നു വീണ് നമസ്‌കരിച്ചു. ജോബ്‌  ദൈവത്തെ വീണ് നമസ്‌കരിച്ചു. ദൈവത്തെ കുറ്റപ്പെടുത്തി സംസാരിച്ച എല്ലാ വാക്കുകളും വിട്ട് ജോബ്‌ ആഴത്തില്‍ അനുതപിച്ചു.(42:6). നാം കാണുന്നപോലെ ദൈവം ഉടനെ അവനോട് എല്ലാം ക്ഷമിക്കുന്നു.
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22