അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label വിശ്വാസം. Show all posts
Showing posts with label വിശ്വാസം. Show all posts

Sunday, 14 September 2014

ഒരേ ഛായ; ഒരേ ഭാവം


ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവാണ് ഇത് .30 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .. നഷ്ടപ്പെട്ടുപോയ അവസരങ്ങള്‍, കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ ദിനരാത്രങ്ങള്‍. സമയം കടന്നുപോകുന്നല്ലോ, ഒന്നും ചെയ്തുതീര്‍ക്കാനാവുന്നില്ലല്ലോ എന്ന ആകുലതയാണ് മനംനിറയെ.

വെളിപാടു പുസ്തകത്തില്‍ 'ലവൊദീക്യാ'യിലെ സഭയ്ക്കു നല്കുന്ന മുന്നറിയിപ്പ് എന്നെ ചുട്ടുപൊള്ളിക്കുന്നു: ''നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും...''
(വെളിപാട് 3:1516).

എനിക്ക് ജാള്യത തോന്നുന്നുണ്ട്. നിനക്കുവേണ്ടി ഇതുവരെ ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിന്റെ ജാള്യം. ചില 'ചെറിയ' മനുഷ്യരുടെ വലിയ സാക്ഷ്യങ്ങള്‍ എന്നെ ഭൂമിയോളം ചെറുതാക്കുന്നതങ്ങനെയാണ്.
ഇറാഖില്‍  നിന്നുള്ളതായിരുന്നു ആ വീഡിയോ. അതു കാണേണ്ടിയിരുന്നില്ല എന്നു തോന്നി പിന്നീട് പലപ്പോഴും. കാണാതിരുന്നുവെങ്കില്‍ എന്റെ ഉറക്കം നഷ്ടപ്പെടുമായിരുന്നില്ല; എന്റെ നെഞ്ചിന്‍കൂട്ടിനുള്ളിലൊരു നിലവിളി സദാ ഉയര്‍ന്നുവരുമായിരുന്നില്ല! കണ്ണില്‍നിന്നു മറയുന്നില്ല, ആ ദൃശ്യങ്ങള്‍.

നാട്ടിന്‍പുറത്തെ ഒരു ജംഗ്ഷന്‍. അവിടെ വന്യമായ രൂപഭാവങ്ങളുള്ള ഒരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ നിരാലംബരായ ഏതാനും 'ചെറിയ' മനുഷ്യര്‍. ആള്‍ക്കൂട്ടത്തില്‍ നിന്നൊരു പാദം ഉയര്‍ന്നുതാണു. 'ഇര' മുഖംകുത്തി നിലത്തേക്ക്. ആരോ കാര്‍ക്കിച്ചു തുപ്പുന്നു. മീശ മുളക്കാത്ത ഒരു പയ്യന്‍ ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുവന്ന് ആഞ്ഞുചവിട്ടുകയാണ്. മറ്റൊരുവന്‍ ഇരുമ്പുവടികൊണ്ട് ഇരയുടെ കൈകാലുകള്‍ തച്ചുടയ്ക്കുന്നു.

എന്നെ കരയിക്കുന്നത് അതൊന്നുമല്ല. ഇത്രയൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടും നിലത്തുവീണു പിടയുന്നതല്ലാതെ തിരിച്ചാക്രമിക്കാനോ കുതറിയോടാനോ അസഭ്യവാക്കു പറയാനോ മുതിരുന്നില്ല ഇരകള്‍! ജീവന്‍ രക്ഷിക്കാന്‍ ഏതു മനുഷ്യനും സ്വയം പ്രതിരോധിക്കും. ഈ മനുഷ്യര്‍ അതുപോലും ചെയ്യുന്നില്ലല്ലോ, ദൈവമേ!

ഇറാഖിലെ മുഖങ്ങള്‍ക്കും കാല്‍വരിയിലെ മുഖത്തിനും ഒരേ ഛായ; ഒരേ ഭാവം. ഇവര്‍ക്കു മുന്‍പില്‍ ഞാന്‍, ഈശോയെ ഒന്നു ശിരസു നമിക്കട്ടെ; നിശബ്ദമായൊന്നു കരയട്ടെ. എന്റെ മന്ദോഷ്ണതയോര്‍ത്ത് ഹൃദയം നുറുങ്ങിയൊന്നു നിലവിളിക്കട്ടെ.

നിനക്കുവേണ്ടി ഒരുപാടു സഹിച്ചവനായിരുന്നു പൗലോസ്; നീ വഴിയില്‍ വച്ചു പിടിച്ചെടുത്ത സാവൂള്‍. അവന്‍ പറഞ്ഞതാണു സത്യം: ''ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു'' (ഫിലിപ്പി 1:29).

ക്രിസ്തുവിനുവേണ്ടി സഹിക്കുകയെന്നതും അനുഗ്രഹമാണ്; മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, അനുഗ്രഹിക്കപ്പെട്ടവര്‍ക്കു മാത്രമേ ക്രിസ്തുവിനെപ്രതി സഹിക്കാന്‍ ആവുകയുള്ളൂ. ഇപ്പോള്‍ എനിക്ക് സകലതും വ്യക്തമാവുന്നുണ്ട്; നീ എന്നെയും അനുഗ്രഹിക്കുന്നതിനെയോര്‍ത്ത്. നന്ദി, ഇനി എനിക്ക് സഹനങ്ങളെപ്രതി പരാതികളില്ല...

''എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും'' (മത്തായി 5:1112).

ഇറാഖിലെ ആ നിരാലംബരായ രക്തസാക്ഷികള്‍, അവര്‍ നിന്നോടൊത്തു പറുദീസയിലാണെന്ന് എനിക്കുറപ്പുണ്ട് . അതായിരുന്നു പീഡനമേല്ക്കുമ്പോഴും അവരുടെ മുഖത്തുണ്ടായിരുന്ന ഭാവം.
ഇവര്‍ക്കു മുന്‍പിലാണ് ''ഞാന്‍ പിഴയാളി'' എന്നു നാനൂറുവട്ടം ആവര്‍ത്തിക്കാന്‍ എന്റെ ഹൃദയം മന്ത്രിക്കുന്നത്. കാരണമുണ്ട്; മഹാനഗരങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്രകളില്‍, എയര്‍പോര്‍ട്ടുകളിലെ വിരസമായ കാത്തിരിപ്പു മുറികളില്‍; ഒരിടത്തും ജപമാല കീശയ്ക്കുള്ളില്‍നിന്നു പുറത്തെടുക്കാന്‍ അനുവദിക്കുന്നില്ല എന്റെയുള്ളിലെ നാഗരിക മനുഷ്യന്‍.

എനിക്ക് നിന്റെ നാമധേയം വെറുതെ ലഭിച്ച ഒരു മേല്‍വിലാസം; സല്‍പേരിനു ലഭിച്ച 'വിലയില്ലാത്ത' പതക്കം. ശരിയാണ്, ഞാന്‍ തണുപ്പും ചൂടുമില്ലാത്ത 'മന്ദോഷ്ണന്‍.' എന്നെക്കുറിച്ചാണ് നീ ആ ഉപമ പറഞ്ഞത്; തോട്ടത്തിനു നടുവില്‍ നില്ക്കുന്ന ഫലം കായ്ക്കാത്ത അത്തിമരം!

ആരെങ്കിലും എന്റെ സ്വഭാവത്തെപ്പറ്റി അല്പമെന്തെങ്കിലുമൊന്നു കനപ്പിച്ചു പറഞ്ഞാല്‍ മതി, വാടുകയായി എന്റെ മുഖം. നീ പറഞ്ഞ ആ 'കപടനാട്യക്കാരന്‍' ഞാനാണ് കര്‍ത്താവേ... മാപ്പ്! ''എന്റെ നാമം നിമിത്തം നിങ്ങള്‍ സര്‍വരാലും ദ്വേ ഷിക്കപ്പെടും. അവസാനംവരെ സഹി ച്ചുനില്ക്കുന്നവന്‍ രക്ഷപ്പെടും'' (മത്തായി 10:22).

എനിക്ക് സര്‍വരുടെയും പ്രീതി നേടാനാണ് താല്പര്യം. അതിനുവേണ്ടി എത്രയെത്ര കീഴ്‌വഴങ്ങലുകള്‍, വിട്ടുവീഴ്ചകള്‍, ചതഞ്ഞ നയതന്ത്രജ്ഞതയുടെ പുഞ്ചിരികള്‍. അതെ, ഞാന്‍ തന്നെയാണ് കപടനാട്യക്കാരന്‍. ക്രിസ്തുസാക്ഷിയാകാന്‍ ആവാത്ത ഞാനെങ്ങനെയാണ് രക്തസാക്ഷിയാവുക?


മനുഷ്യരുടെ മുന്‍പില്‍ നിന്നെ ഏറ്റുപറയാന്‍ മടിക്കുന്നവരെ ദൈവപിതാവിന്റെ മുന്‍പില്‍ സാക്ഷിക്കുവാന്‍ നീ മടിക്കുമോ, കര്‍ത്താവേ? അങ്ങനെയെങ്കില്‍ ഇനിയും എത്രയാവര്‍ത്തി ഞാന്‍ 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ' എന്നു നെഞ്ചിലിടിച്ചു കരയേണ്ടിവരും.

ലോകം എന്നെ വെറുത്തുകൊള്ളട്ടെ, പുച്ഛിച്ചു തരംതാഴ്ത്തിക്കൊള്ളട്ടെ. അപവാദങ്ങളുടെ അരക്കില്ലങ്ങളില്‍ എന്നെ എരിയിച്ചുകളയട്ടെ. എന്നാലും നിന്റെ നാമത്തെപ്രതി ഇനി ഒരിക്കലും ലജ്ജിക്കുകയില്ല ഞാന്‍.

ഞാന്‍ ലോകത്തിന്റേതല്ല; വാസ്തവം. എന്നാലും എന്റെ താല്പര്യങ്ങളത്രയും ലോകത്തോടാണ്. അതിന്റെ ഭ്രമിപ്പിക്കുന്ന കാഴ്ചകളില്‍, ത്രസിപ്പിക്കുന്ന രസങ്ങളില്‍, ലഹരി പതയുന്ന ആസക്തികളില്‍, ചുട്ടുപൊള്ളിക്കുന്ന അഴകളവുകളില്‍!
എനിക്കു മതിയായി. നീ കാണിച്ചു തരുന്ന ആ ഇടുങ്ങിയ വാതില്‍ മതിയെനിക്ക്. നടന്നു നീങ്ങുന്തോറും ചുരുങ്ങിച്ചുരുങ്ങി വരികയാണ് ആ വഴി.

വിശുദ്ധ പൗലോസ് പറഞ്ഞതാണ് സ ത്യം. ''എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു'' (1 തെസ. 3:7).
അതൊരു വലിയ ദര്‍ശനമാണ്. ഞെരുക്കപ്പെടുന്നെങ്കിലും തകര്‍ക്കപ്പെടാത്തവന്റെ കരുത്ത്.

''ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു'' (2 കോറി. 4:810).

അപ്പോള്‍ അതാണു കാര്യം. ക്രിസ്തുവിനെപ്രതി ഞാന്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ ഉറപ്പാണ്. അവന്‍ എന്നില്‍ ജീവിക്കുന്നുണ്ട്. ഉള്ളിലുള്ള പക്ഷിക്കുനേരെയാണ് വേടന്റെ അമ്പുകളത്രയും. പക്ഷേ, കൊള്ളുന്നതാവട്ടെ കൂട്ടിലാണെന്നുമാത്രം. ഇനിയും നമ്മുടെ ചുവടുകള്‍ ഒരു ചാട്ടവാറടിയുടെ മുഴക്കം പ്രതീക്ഷിച്ചുവേണം. ഒരു കുരിശിന്റെ നിഴല്‍ നിന്റെ വഴികളില്‍ എന്നുമുണ്ടാകുമെന്നു സാരം.

രക്തസാക്ഷിത്വത്തിന്റെ ചുവന്ന പട്ടികയില്‍ ഇടംപിടിച്ചു, അപ്പസ്‌തോലന്മാരില്‍ പതിനൊന്നുപേരും. ആദ്യ മാര്‍പാപ്പമാരില്‍ 13 പേര്‍ക്കാണ് അതിനു ഭാഗ്യമുണ്ടായത്. സ്‌തേഫാനോസിന്റെ ചോരച്ചാലുകള്‍ മുതല്‍ ഇറാഖിലെ നിണമണിഞ്ഞ വഴിത്താരകള്‍വരെ എത്രയെത്ര രക്തപുഷ്പങ്ങള്‍! എനിക്കെന്നാണാവോ അത്തരത്തിലൊരു നിയോഗം. അതിനു തക്കവണ്ണമൊരു പുണ്യയോഗ്യത ഉണ്ടായിട്ടു വേണ്ടേ?

അവന്റെ വഴികള്‍ ഋജുവായൊരു രേഖയല്ല; സഹനപ്പെരുങ്കടല്‍ നീന്തിവേണം അവിടെയെത്താന്‍. എണ്ണമറ്റവിധമുള്ള പ്രഹരങ്ങള്‍. തൊട്ടുമുന്‍പില്‍ കാണുന്ന മരണവക്ത്രങ്ങള്‍. ജാഗരണത്തിലും വിശപ്പിലും നിലവിളിയിലും നിണച്ചാലുകളിലും കടന്നുപോകേണ്ടവനാണ് നീ.

കുരിശിന്റെ വഴിയിലെ പതിനാലു സ്ഥ ലങ്ങള്‍ ഞാനും കടന്നുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ ക്രിസ്തു എന്നില്‍ ജീവിക്കുന്നില്ലെന്നുവേണം കരുതാന്‍. ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും ഉപവാസത്തിലും നഗ്‌നതയിലും തണുപ്പിലും നിനക്കായി സാക്ഷ്യം നല്കാന്‍ ഇതാ എന്റെ ജീവിതം; നിനക്ക്, പൂര്‍ണമായി ഉപയോഗിക്കാന്‍...

Sunday, 20 January 2013

വിശ്വാസ ദീപം 1


വിശ്വാസ വര്‍ഷം

വിശ്വാസമെന്നത് മനുഷ്യ ജീവിതത്തെ നയിക്കാനും, നിയന്ത്രിക്കുവാനും, മാറ്റിമറിക്കുവാനും കരുത്തുള്ള ഒന്നാണ് . 'വിശ്വാസ' മെന്ന ദൃഡനിശ്ചയത്തെ ജീവിത യാത്രയില്‍ കൈമോശം വന്ന് ഇരുളിന്റെ അഗാധതയിലേയ്ക്ക് ഇറങ്ങിപ്പോകുവാന്‍ ബഹുഭൂരിഭാഗവും പലപ്പോഴും നിര്‍ബന്ധിതരാകുന്നു.ആഗോള കാത്തോലിക്ക സഭയില്‍ 11 ഒക്ടോബര്‍ 2012 മുതല്‍ ഒരു വര്‍ഷം (2013 നവംബര്‍ 24 വരെ) നീണ്ടുനില്‍ക്കുന്ന വിശ്വാസവര്‍ഷാചരണം നടത്തുകയാണ് .

എന്ത് കൊണ്ട് 11 ഒക്ടോബര്‍ 2012 ?

അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് 11 ഒക്ടോബര്‍ 2012 ദിനത്തിലാണ് കത്തോലിക്കാസഭയില്‍ ഒട്ടേറെ നവീകരണങ്ങള്‍ക്ക് തുടക്കമിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു തുടക്കമായതെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്,തീര്‍ന്നില്ല ; വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, വിശ്വാസ വഴികളില്‍ വെളിച്ചം വിതറാനായി പ്രസിദ്ധീകരിച്ച കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം എന്ന പ്രമാണ രേഖയുടെ പ്രസിദ്ധീകരണത്തിന്റെ ഇരുപതാം വാര്‍ഷിക ദിനം കൂടിയാണ് 11 ഒക്ടോബര്‍ 2012. വിശ്വാസവര്‍ഷം അവസാനിക്കുന്ന 2012 നവംബര്‍ 24 എന്ന ദിവസമാകട്ടെ; യേശു ക്രിസ്തുവിന്റെ രാജത്വതിരുന്നാളാണെന്ന പ്രത്യേകതയുമുണ്ട്. വാസ്തവത്തില്‍ 2011 ഒക്ടോബര്‍ 11 ന് ആഗോള കത്തോലിക്കാസഭയുടെ പരമാചാര്യന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ' വിശ്വാസത്തിന്റെ വാതില്‍' എന്ന അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചതുമുതല്‍ 'വിശ്വാസവര്‍ഷ'ത്തിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ അനേകം കടന്നെങ്കിലും തിരുസഭയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അലയടികള്‍ ഇന്നും അതെ ചൈതന്യത്തില്‍ തുടരുന്നു. എല്ലാ മനുഷ്യരും യേശുക്രിസ്തുവിനെ അറിയണമെന്നും ഓരോ ക്രിസ്ത്യാനിയും യേശുക്രിസ്തുവിനെ പ്രഘോഷിക്കണമെന്നും തിരുസഭ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ മരുഭൂമിയില്‍ നിന്നും ക്രിസ്തുവിന്റെ സമൃദ്ധിയിലേക്ക് ഓരോ വ്യക്തിയും പ്രത്യേക ചെയതന്യത്തിടെ കടന്നുവരണമെന്ന് ബനടിക്റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നു. മാര്‍പാപ്പ ആഗ്രഹിക്കുന്നത് ഒരു പുതിയ സുവുശേഷവല്‍ക്കരണമാണ്. ന്ഷ്ടപെട്ടുപോയ വിശ്വാസത്തെ തിരിച്ചു കൊണ്ടുവരാനും, ഒപ്പം വിശ്വാസം ഇതുവരെ എത്തിപ്പെടാത്ത മേഖലകളില്‍ വിശ്വാസം എത്തിക്കുകയും ചെയ്യുന്ന ഒരു സുവിശേഷവല്‍ക്കരണം.

ചുരുക്കത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, നഷ്ട്പ്പെട്ട വിശ്വാസത്തെ വീണ്ടെടുത്തുകൊണ്ട് , മങ്ങിയ വിശ്വാസത്തെ തെളിയിച്ചുകൊണ്ട്‌, വിശ്വാസാനുഭവം ആചരിച്ചുകൊണ്ടുള്ള ഒരു നീണ്ട സംവത്സരത്തിനൊടുവില്‍ ക്രിസ്തുവിനെ രാജാധിരാജനായി പ്രഖ്യാപിച്ചു കൊണ്ട് വിശ്വാസ വര്‍ഷത്തിന്റെ ആചരണങ്ങള്‍ സമാപിക്കും, ഒപ്പം ഒരു പുതിയ വിശ്വാസ ജീവിതത്തിനു തുടക്കവുമാകും. ഇതാണ് ; ഇതായിരിക്കണം വിശ്വാസ വര്‍ഷം 2012 - 2013 ന്റെ ലക്‌ഷ്യം.


ഈ അവസരത്തില്‍ സ്വയം വിശ്വാസത്തില്‍ വളരുക അതോടൊപ്പം കര്‍ത്താവു നല്‍കിയ സഹോദരങ്ങളെ വിശ്വാസത്തില്‍ അഴപെടുത്തുക എന്നാ ലക്ഷ്യത്തിനു വേണ്ടി ബ്ലോഗില്‍ ഇന്നുമുതല്‍ വിശ്വാസത്തിന്റെ ഒരു പരമ്പര ഈ വിശ്വാസ വര്‍ഷത്തില്‍ വായനക്കാരില്‍ എത്തും. കുടുംബം, സഭ, സമൂഹം എന്നിവയിലൂന്നിയുള്ള ഒരു വിശ്വാസയാത്രയായിരിക്കും ഈ പരമ്പര. "വിശ്വാസ ദീപം ' എന്നായിരിക്കും ഈ പരമ്പരയുടെ പൊതു തലക്കെട്ട്‌. .ഇതില്‍ ആദ്യ ബ്ലോഗാണിത്. തുടര്‍ന്നെഴുതുന്നതിനായുള്ള കൃപാവരത്തിനായി പ്രാര്‍ത്ഥിക്കുമല്ലോ ?

സ്നേഹത്തോടെ 
ഉല്ലാസ് 

Wednesday, 26 December 2012

ആത്മീയദാനങ്ങള്‍








 മാര്‍ക്കോസ് 16.14-19

സ്വര്‍ഗാരോഹണത്തിന് മുമ്പ് യേശു അപ്പസ്‌തോലന്മാരോട് അവസാനമായി സംസാരിക്കുന്ന കാര്യങ്ങളാണ് ഈ സുവിശേഷഭാഗത്ത് ഉള്ളത്. മൂന്ന് പ്രധാന കാര്യങ്ങളാണ് യേശു പറയുന്നത്.

ഒന്ന്, അപ്പസ്‌തോലന്മാര്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കണം.

രണ്ട്, പ്രസംഗിക്കപ്പെടുന്ന സുവിശേഷം കേട്ട് വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും.

മൂന്ന്, വിശ്വസിക്കുന്നവര്‍ക്ക് പ്രത്യേക സിദ്ധികള്‍ ലഭിക്കും.

 അവര്‍ക്ക് യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കാന്‍ കഴിവ് കിട്ടും. അവര്‍ക്ക് ഭാഷാവരം കിട്ടും. സര്‍പ്പങ്ങളെ കൈയിലെടുക്കുവാന്‍ ധൈര്യം കിട്ടും; കൈയിലെടുത്താലും സര്‍പ്പങ്ങള്‍ അവരെ ഉപദ്രവിക്കുകയില്ല. മരണകാരണമാകാവുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ പോലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്ന രോഗികള്‍ക്ക് സൗഖ്യം ലഭിക്കും.

പ്രേഷിതദൗത്യം

ഈ വചനങ്ങളില്‍ ഒന്നാമത്തേത്, പ്രേഷിതദൗത്യം ഏല്‍പിക്കല്‍ ആണ്. സകല സൃഷ്ടികളോടും സുവിശേഷം പറയണം. ആരെങ്കിലും അയക്കപ്പെടുകയും പോവുകയും പറയുകയും ചെയ്‌തെങ്കില്‍ മാത്രമേ ആര്‍ക്കെങ്കിലുമൊക്കെ സുവിശേഷം കേള്‍ക്കാനും വിശ്വസിക്കാനും കഴിയൂ. അങ്ങനെ സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ആണ് നിത്യരക്ഷ നേടുക. ഇക്കാരണത്താല്‍, സുവിശേഷം പറയാന്‍ ആരെങ്കിലും എല്ലാക്കാലത്തും അയക്കപ്പെടണം. സുവിശേഷപ്രഘോഷണത്തിന് പോകാനും സുവിശേഷം പ്രസംഗിക്കാനും ആളുകള്‍ വേണം. റോമാക്കാര്‍ക്കുള്ള ലേഖനം 10:9-15 വചനങ്ങള്‍ ശ്രദ്ധിക്കുക: ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേല്‍ അവിടുന്ന് തന്റെ സമ്പത്ത് വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും. എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും?
സ്വന്തം കുഞ്ഞിന് യേശുവിനെ പരിചയപ്പെടുത്തുന്ന അമ്മ സുവിശേഷപ്രസംഗകയാണ്. വേദപാഠം പഠിപ്പിക്കുന്ന അധ്യാപകരും വൈദികരും സിസ്റ്റര്‍മാരും ഭക്തസംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരും നല്ല ക്രൈസ്തവജീവിതം നയിക്കുകയും ക്രിസ്തുവിനെപ്പറ്റി മക്കളോട് പറയുകയും ചെയ്യുന്ന അപ്പനുമെല്ലാം സുവിശേഷപ്രഘോഷകരാണ്. അങ്ങനെയുള്ളവരുടെയെല്ലാം പാദങ്ങള്‍ പൗലോസ് ശ്ലീഹായുടെ ഭാഷയില്‍ സുന്ദരങ്ങള്‍ ആണ്.

വിശ്വസിക്കുന്നവര്‍ 
യേശു പറഞ്ഞ രണ്ടാമത്തെ കാര്യം ഇതാണ്: സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ രക്ഷപെടും. അങ്ങനെയാണെങ്കില്‍ ഓരോ അപ്പനും അമ്മയും വലിയ സുവിശേഷപ്രസംഗകര്‍ ആകണം. കാരണം, അവരിലൂടെയാണ് അവരുടെ മക്കള്‍ ആദ്യമേ സുവിശേഷം കേട്ട് വിശ്വസിക്കേണ്ടത്. വളര്‍ന്നു വരുമ്പോഴും സുവിശേഷത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനും മാതാപിതാക്കളുടെ പങ്ക് പ്രധാനമാണ്. വൈദികര്‍, സിസ്റ്റര്‍മാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ക്കും കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരെ വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്.

ആത്മീയദാനങ്ങള്‍

യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശു നല്‍കുന്ന വാഗ്ദാനങ്ങള്‍ ആണ് മൂന്നാമത്തേത്. പിശാചിനെ പുറത്താക്കാനുള്ള ശക്തി, സര്‍പ്പത്തെ കൈയിലെടുത്താല്‍ പോലും അത് കടിക്കാത്ത സ്ഥിതി, മരണകാരണമാകാവുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ പോലും ആപത്ത് സംഭവിക്കാത്ത അവസ്ഥ, കൈവപ്പ് പ്രാര്‍ത്ഥനയിലൂടെ രോഗികളെ സുഖപ്പെടുത്താനുള്ള കൃപ... ഈ കൃപകളില്‍ ഒന്നുംതന്നെ മഹാഭൂരിപക്ഷം വിശ്വാസികള്‍ക്കും ഇല്ല എന്നതാണ് സത്യം. പ്രാര്‍ത്ഥനയിലൂടെ രോഗികളെ സുഖപ്പെടുത്താനുള്ള കൃപ കുറച്ചു പേരിലൂടെ പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു. ആ കൃപയുള്ളവരുടെ പ്രാര്‍ത്ഥനയിലൂടെ അനേകം രോഗികള്‍ സൗഖ്യം പ്രാപിക്കുന്നത് നാം കാണുന്നുമുണ്ട്. പിശാചുക്കളെ ബന്ധിക്കാനും പുറത്താക്കാനുമുള്ള കൃപയും കുറച്ചു പേരിലൂടെ പ്രവര്‍ത്തിക്കുന്നതായി നമുക്ക് അറിയാം.

ഈ പശ്ചാത്തലത്തില്‍ നമുക്ക് സ്വയം ചോദിക്കാവുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. യേശു പല ഉന്നതമായ കൃപകളും സിദ്ധികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും അവയില്‍ പലതും മഹാഭൂരിപക്ഷം വിശ്വാസികളിലും കാണാത്തത് എന്തുകൊണ്ട്? യേശു അവ നല്‍കാന്‍ തയാറാകാത്തതാണോ അഥവാ അവ ഏറ്റുവാങ്ങാന്‍ നമുക്ക് കരുത്ത് ഇല്ലാത്തതാണോ പ്രശ്‌നം? വിശ്വസിക്കുന്നവര്‍ക്ക് യേശു ഇവ വാഗ്ദാനം ചെയ്ത സ്ഥിതിക്ക് അത് തരാതിരിക്കാനുള്ള നിലപാട് യേശു എടുക്കുകയില്ല. അതിനാല്‍ ദൈവം തരാന്‍ ആഗ്രഹിക്കുന്നത് ഏറ്റുവാങ്ങാനുള്ള നമ്മുടെ യോഗ്യതക്കുറവ് ആയിരിക്കണം കാരണം. അതായത്, സുവിശേഷവചനങ്ങളിലും യേശുവിന്റെ ശക്തിയിലുമുള്ള നമ്മുടെ വിശ്വാസം ഇനിയും ആഴപ്പെടേണ്ടിയിരിക്കുന്നു. യേശുവിന്റെയും ദൈവവചനത്തിന്റെയും ശക്തിയില്‍ ഉള്ള വിശ്വാസത്തില്‍ ആഴപ്പെടുന്നതനുസരിച്ച് പലര്‍ക്കും ഈ സിദ്ധികളില്‍ ചിലത് ലഭിക്കുന്നതായി നാം കാണുന്നുണ്ട്. ഉദാഹരണത്തിന് വിശ്വാസം ഇല്ലാതെ ജീവിച്ചവരും നാമമാത്രമായ വിശ്വാസംകൊണ്ട് ജീവിച്ചിരുന്നവരുമായ പലരും ധ്യാനാനുഭവങ്ങളുടെ ഫലമായി വചനത്തിലും യേശുവിലുമുള്ള വിശ്വാസത്തില്‍ വളരെയധികം ആഴപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി രോഗശാന്തിവരം, ആത്മാക്കളെ തിരിച്ചറിയാനുള്ള വരം, ഭാഷാവരം, പിശാചുക്കളെ ബന്ധിക്കാനുള്ള വരം ഇങ്ങനെ പലതും അവര്‍ക്ക് ലഭിക്കുന്നതായും നാം കാണുന്നുണ്ട്. യേശു വാഗ്ദാനം ചെയ്തതും പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ട ആത്മീയദാനങ്ങള്‍ക്കുവേണ്ടി നമ്മള്‍ അധികമൊന്നും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറില്ല.

ഇത്തരം ആത്മീയ സിദ്ധികള്‍ നമുക്ക് ഉണ്ടെങ്കില്‍ നമ്മുടെ ജീവിതം കൂടുതല്‍ മനോഹരമാകും എന്നത് ഓര്‍ക്കാം. തന്നെയുമല്ല, ഇത്തരം സിദ്ധികള്‍ ഉള്ളവര്‍ക്ക് മറ്റുള്ളവരുടെ ജീവിതക്ലേശങ്ങള്‍ കുറയ്ക്കാനും അവരുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാനും കഴിയും. ഉദാഹരണത്തിന്, രോഗശാന്തി വരമുള്ള ഒരു വൈദികനും ഒരു സിസ്റ്ററിനും ഒരു അല്മായനും ഒരു കുടുംബനാഥനും ഒരു കുടുംബനാഥയ്ക്കും എത്രയോ പേരുടെ ജീവിതത്തിന്റെ പ്രയാസങ്ങള്‍ കുറയ്ക്കാനും ജീവിതം കൂടുതല്‍ നല്ലതാക്കാനും കഴിയും. സത്യത്തില്‍, അങ്ങനെയുള്ള സിദ്ധികളുള്ള വൈദികരും സിസ്റ്റര്‍മാരും അല്മായ ശുശ്രൂഷകരും കുടുംബനാഥന്മാരും കുടുംബനാഥമാരുമെല്ലാം നമ്മുടെയിടയില്‍ എണ്ണത്തില്‍ എത്രയോ കുറവാണ്. ഇങ്ങനെയുള്ള ആത്മീയ സിദ്ധികള്‍ ഉണ്ടെന്ന് നാം അറിയണം. അത് ദൈവം നല്‍കുന്ന ദാനമാണെന്ന് വിശ്വസിക്കണം. അത്തരം ആത്മീയദാനങ്ങള്‍ ലഭിക്കുന്നതിന് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ചില ആത്മീയ കൃപകള്‍ എങ്കിലും ഓരോരുത്തര്‍ക്കും ദൈവം നല്‍കും.

Wednesday, 3 October 2012

കുടുംബത്തെയും തലമുറകളേയും രക്ഷിക്കുന്ന കുമ്പസാരം


ആത്മാര്‍ത്ഥമായ ഒരു കുമ്പസാരത്തിന് വരുംതലമുറകളെവരെ രക്ഷിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയണം.

ഒന്ന് കുമ്പസാരിക്കാന്‍ എനിക്കൊരിടം വേണം.സാന്ത്വനം പകരുന്ന ഒരു നെഞ്ചിന്റെ ചൂട്, സാരമില്ലെന്ന് ആശ്വസിപ്പിക്കാന്‍ ഒരു തലോടല്‍.അല്ലെങ്കില്‍ കണ്ണീരുകൊണ്ട് കഴുകി ചുംബനം കൊണ്ട് തുടയ്ക്കാന്‍ വിശുദ്ധമായ പാദം.

അങ്ങനെയാണ് മേരി, വഴിതെറ്റിപ്പോയ അവള്‍ ഗുരുവിനെ തേടിയെത്തിയത്. അവന്‍ ആ നാട്ടിന്‍പുറങ്ങളില്‍ എന്നുമുണ്ടായിരുന്നു. മുഴങ്ങുന്ന അവന്റെ വചനങ്ങള്‍ക്ക് കാതോര്‍ത്തു പുരുഷാരങ്ങളും. എന്നിട്ടും മേരി അവനെ കണ്ടില്ല.

ഇന്നലെ വരെ എല്ലാവരും മേരിയെത്തേടി എത്തുകയായിരുന്നു.
ഇന്ന് ആദ്യമായി മേരി ഒരാളെ തേടിയെത്തിയിരിക്കുന്നു. ആ വൈകുന്നേരം കഥയാകെ മാറുകയാണ്. ഒരു പൂര്‍ണ കുമ്പസാരം. ഒരുപാട് ഇടറിപ്പോയ അവളുടെ ആദ്യകുമ്പസാരം. അവള്‍ അധികമൊന്നും പറഞ്ഞില്ല. പറഞ്ഞതിലേറെ കരഞ്ഞു. എല്ലാം അറിയുന്ന ദൈവം അവളുടെ പാപം കണ്ടു. അതിനപ്പുറം അനുതപിക്കുന്ന അവളുടെ ഹൃദയം കണ്ടു. ആ ഹൃദയത്തിനുള്ളില്‍ വിശുദ്ധി കണ്ടു. സുവിശേഷം ഈ കണ്ടുമുട്ടല്‍ കോറിയിടുന്നത് ഇങ്ങനെ:
''അവന്‍ ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണത്തിന് ഇരിക്കവേ, ഒരു വെണ്‍ കല്‍ഭരണി നിറയെ വിലയേറിയ ശുദ്ധ നാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ഭരണി തുറന്ന് അത് അവന്റെ ശിരസില്‍ ഒഴിച്ചു'' (മര്‍ക്കോസ് 14:3).

ലൂക്കാ സുവിശേഷകന്‍ കുറച്ചുകൂടി നാടകീയതയോടെ ഈ രംഗം വിവരിക്കുന്നതിങ്ങനെ: ''അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ട് നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു''(ലൂക്കാ 7:38).

ഇത്രയും മനോഹരമായി നിങ്ങളും ഞാനും കുമ്പസാരിച്ചിട്ടില്ല. നമ്മുടെ പാപസങ്കീര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥത കുറഞ്ഞ വാചകങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. കണ്ണുനീര്‍ വീഴാത്ത കുമ്പസാരക്കൂടുകള്‍ ദൈവത്തിന്റെ ഹൃദയം തുറക്കാന്‍ പര്യാപ്തമാണോ എന്ന് പലകുറി ചിന്തിക്കണം നമ്മള്‍.
ഈ ആദ്യകുമ്പസാരത്തിന് സാക്ഷികളായവരോട് ക്രിസ്തു പറഞ്ഞു.

''ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്പം സ്‌നേഹിക്കുന്നു'' (ലൂക്കാ 7:47).
കുമ്പസാരം കഴിഞ്ഞു; ഇനി പാപമോചനം.

''അവന്‍ അവളോട് പറഞ്ഞു. നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു'' (ലൂക്കാ 7:48).
പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ക്ക് പ്രതിഫലം സമാധാനം. ഹൃദയത്തിന്റെ നീറ്റല്‍ അവസാനിച്ചിരിക്കുന്നു. ഈ സായന്തനത്തിന് എന്ത് ഭംഗി! ലോകം കുറേക്കൂടി മനോഹരമായതുപോലെ..
ഉള്ളില്‍ കുടിപാര്‍ത്തിരുന്ന സാത്താന്‍ പടിയിറങ്ങിപ്പോയിരിക്കുന്നു. ശരീരം എന്ന വാക്കിന് പുതിയൊരു അര്‍ത്ഥം.
ദൈവത്തിന്റെ ആലയം. മനസ് നിര്‍മലമായ ഒരു ശ്രീകോവില്‍; അവിടെ ദൈവസ്‌നേഹത്തിന്റെ മന്ത്രണം. ഇത് പുതിയൊരു മേരി. പുതിയ വിശുദ്ധ.
''അവന്‍ അവളോട് പറഞ്ഞു. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക'' (ലൂക്കാ 7:50).
ഓരോ കുമ്പസാരക്കൂടും ഇനി വിശുദ്ധിയില്‍ പുനര്‍ജനിക്കാനുള്ള സങ്കേതങ്ങള്‍. ഓര്‍മിക്കുക, ഉള്ളില്‍ ദൈവത്തോടുള്ള സ്‌നേഹം നിറയാത്ത കുമ്പസാരങ്ങള്‍ വെറും ഏറ്റുപറച്ചിലുകള്‍ മാത്രമായി തരംതാഴ്ന്നുപോകാം. അതുകൊണ്ട്, ഉള്ളുലയുന്ന കുമ്പസാരങ്ങള്‍ക്ക് ഇനി ഹൃദയം ഒരുക്കുക.

ബൈബിള്‍ മറ്റൊരു പെണ്ണിനെ കാട്ടിത്തരുന്നുണ്ട്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരുവള്‍; മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട സ്ത്രീ. അവള്‍ക്കുപിന്നില്‍ ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടമുണ്ട്. ഒരൊറ്റ വാക്കുകൊണ്ട് ക്രിസ്തു പുരുഷാരത്തെ മടക്കി. ''നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ''(യോഹ. 8:7).
അവിടെ അരങ്ങേറുകയാണ് മറ്റൊരു കുമ്പസാരം. ദൈവത്തിനു മുന്നില്‍ തലകുമ്പിട്ടുനില്ക്കുന്ന ഒരു സ്ത്രീ. യേശു പറഞ്ഞു. ''ഞാനും നിന്നെ വിധിക്കുന്നില്ല. പോയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്'' (യോഹ. 8:11).

മറ്റൊരാളെ ക്രിസ്തു വീട്ടില്‍ച്ചെന്ന് കുമ്പസാരിപ്പിക്കുന്നു. അക്കാലം വരെയും സമ്പത്ത് മാത്രം ദൈവം എന്ന് കരുതിയിരുന്ന ഒരാള്‍. പേര് സക്കേവൂസ്. ഒരല്‍പം പൊക്കം മാത്രമായിരുന്നു അയാള്‍ക്ക് കുറവ്. ക്രിസ്തു എന്ന അവധൂതനെ അടുത്തുകാണാന്‍ മരത്തില്‍ കയറുകയാണ് അയാള്‍. ഇലച്ചാര്‍ത്തിനിടയില്‍ ഒളിച്ചിരുന്നിട്ടും ക്രിസ്തു അയാളെ കാണാതിരുന്നില്ല.
അവന്‍ അയാളെ കണ്ടു, വിളിച്ചു, രക്ഷിച്ചു.
''സക്കേവൂസ്, വേഗം ഇറങ്ങിവരിക, ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു''
(ലൂക്കാ 19:5).

സക്കേവൂസിന് സ്വീകാര്യമായിരുന്നു അത്. ക്രിസ്തുവിന്റെ ഒരൊറ്റ വാക്കില്‍ സക്കേവൂസ് അനുതപിച്ചു.
സക്കേവൂസ് എഴുന്നേറ്റ് പറഞ്ഞു. '' കര്‍ത്താവേ, ഇതാ എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ച് എടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു'' (ലൂക്കാ 19:8).
പശ്ചാത്താപം മാത്രമായിരുന്നില്ല അത്. പ്രായശ്ചിത്തവും ഉടനടി ചെയ്തു. പാപിയായ സക്കേവൂസ് ഇതാ, രക്ഷിക്കപ്പെട്ടവരുടെ ഗണത്തില്‍ എത്തിയിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ കുമ്പസാരം.
യേശു അവനോട് പറഞ്ഞു. ''ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു'' (ലൂക്കാ 19:9).
ഓര്‍മിക്കുക, നിന്റെ കുമ്പസാരം നിന്റെ കുടുംബത്തെയും തലമുറകളെയും രക്ഷിക്കും.
മറ്റൊരു ചുങ്കം പിരിവുകാരന്‍; പേര് ലേവി. ക്രിസ്തു അവനെ സ്വന്തം കൂട്ടത്തില്‍ ചേര്‍ത്തുനിര്‍ത്തി. ശിഷ്യരില്‍ ഒരാളായി. വിചിത്രമായ മറ്റൊരു കുമ്പസാരം യോഹന്നാന്‍ വരച്ചുകാട്ടുന്നുണ്ട്. യേശു സമരിയായിലൂടെ കടന്നുപോവുകയാണ്. യാക്കോബിന്റെ കിണര്‍ ആ ഗ്രാമത്തിലാണ്. അവിടെയും പാപത്തില്‍ ജീവിച്ച ഒരുവള്‍ ക്രിസ്തുവിനെ കണ്ടുമുട്ടുന്നുണ്ട്.
യേശു അവളുടെ ഉള്ളം കണ്ടു. അവള്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു. മാത്രമല്ല, സുവിശേഷം സമരിയായില്‍ അറിയിക്കുന്നതും അവളാണ്.
കുമ്പസാരം ഏറ്റുപറച്ചിലാണ്. അനുരഞ്ജനം ആണ്. അതുകൊണ്ടാണ്, സ്‌നാപകയോഹന്നാന്‍ ജോര്‍ദാനില്‍ മാമോദീസ സ്വീകരിച്ചവരോട് പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിച്ചത്.
''യൂദയാ മുഴുവനിലെയും ജറുസലേമിലെയും ജനങ്ങള്‍ അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍ വച്ച് സ്‌നാനം സ്വീകരിച്ചു''. (മര്‍ക്കോസ് 1:5).
ആദിമ ക്രൈസ്തവ സമൂഹത്തിലും കുമ്പസാരം പ്രധാനപ്പെട്ട ഒന്നായിരുന്നു. ''കൂടാതെ, വിശ്വാസം സ്വീകരിച്ച പലരും വന്നു, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ് കുറ്റം സമ്മതിച്ചു'' (അപ്പ. പ്രവ. 19:18).
രോഗം സൗഖ്യപ്പെടാന്‍ പാപം ഏറ്റുപറയുക അനിവാര്യമാണ്. യാക്കോബ് ശ്ലീഹ ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ''നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്'' (യാക്കോബ് 5:16).
പാപിയില്‍നിന്ന് നീതിമാനിലേക്ക് ഒരു കുമ്പസാരക്കൂടിന്റെ അകലം മാത്രം. യോഹന്നാന്‍ നമ്മോട് പറയുന്നു. ''നാം പാപങ്ങള്‍ ഏറ്റുപയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളില്‍നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും'' (1 യോഹ: 1:9).

Sunday, 29 July 2012

നിങ്ങള്‍ പണിയുന്നത് ബാബേലോ ജറുസലേമോ ?


 ഉല്പത്തി 11:4 ല്‍ ഭൂമിയിലെ മനുഷ്യര്‍ ഒരു ഗോപുരം പണിയാന്‍ തീരുമാനിച്ചതായി നാം വായിക്കുന്നു.
'അവര്‍ പരസ്പരം പറഞ്ഞു: വരുവിന്‍ നമുക്കൊരു പട്ടണവും ആകാശത്തോളമെത്തുന്ന ഒരു ഗോപുരവും പണിയാം. അവരുടെ ഗോപുരം ദൈവത്തിങ്കലേക്കുള്ള കവാടം ആകണമെന്ന് അവര്‍ ആഗ്രഹിച്ചു. മാനുഷികപ്രയത്‌നത്താല്‍ ദൈവത്തിങ്കലേക്ക് എത്താന്‍ ശ്രമിക്കുന്നത് എല്ലാ വ്യാജമതങ്ങളുടെയും രീതിയാണ്. വ്യാജമതങ്ങളെല്ലാം സ്വയപ്രയത്‌നത്തിലൂന്നിയുള്ളതാണ്. അല്ലാതെ വിശ്വാസത്തിലും ദൈവാശ്രയത്തിലുമുള്ളതല്ല. വ്യാജമതങ്ങളിലെ നേതാക്കന്മാര്‍ സിനിമാതാരങ്ങളെപ്പോലെ വ്യക്തിപ്രഭാവം കൊണ്ടു ശക്തരായ വ്യക്തികളാണ്. അവര്‍ പൗലൊസിനെപ്പോലെ ബലഹീനരും സ്വാധീനിക്കാന്‍ കഴിവില്ലാത്തവരുമല്ല. അല്ലെങ്കില്‍ പത്രോസിനെപ്പോലെ പൊതുജനാഭിപ്രായമില്ലാത്തവരുമല്ല. വ്യാജമതങ്ങളുടെ നേതാക്കന്മാര്‍ പ്രശസ്തിയും മഹത്വവും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ദൈവത്തിന്റെ പ്രവാചകന്മാര്‍ എപ്പോഴും തെറ്റിധരിക്കപ്പെടുകയും ദുരുപദേശക്കാര്‍ എന്നു വിളിക്കപ്പെടുകയും ചെയ്തവരാണ്. യേശുവും അപ്പൊസ്തലന്മാരും അങ്ങനെയായിരുന്നു.

ബാബേലില്‍ വലിയ ഐക്യമുണ്ടാകാം. അവര്‍ക്ക് ഒരു ഭാഷയായിരുന്നു എന്നാണ് നാം ഇവിടെ കാണുന്നത്.(ഉല്‍പ്പ.11:1). കേവലം സംസാരത്തില്‍ മാത്രമല്ല മാനുഷികമായ ബുദ്ധിയിലും കഴിവിലും മഹത്വത്തിലും എല്ലാം ഒരേ ഭാഷ. ഇതാണ് ലോകത്തിന്റെ ഭാഷ. ദൗര്‍ഭാഗ്യവശാല്‍ ഇന്നു പല ക്രൈസ്തവരും   ഈ ഭാഷയിലാണു സംസാരിക്കുന്നത്. യേശുക്രിസ്തുവോ തന്റെ ബലഹീനതയില്‍ ക്രൂശിക്കപ്പെട്ടു. കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഉണ്ടായിരുന്നില്ല. ആളുകളുടെ കാലുകള്‍ കഴുകിയ ഒരു ദാസനായിരുന്നു അദ്ദേഹം. തന്നെത്തന്നെ വിളിച്ചിരുന്നതു മനുഷ്യപുത്രനെന്നല്ലാതെ മറ്റു സ്ഥാനപ്പേരുകളിലൊന്നുമായിരുന്നില്ല. ഇതൊക്കെയാണ് ഒരു യഥാര്‍ത്ഥ ദൈവദാസന്റെ അടയാളങ്ങള്‍.

ബാബേലില്‍  അവര്‍ പറയുന്നു: ''വരുവിന്‍ നമുക്കു പണിയാം''. അവിടെ ഒരു കാര്യവും ദൈവത്തോട് ആലോചന ചോദിക്കുന്നില്ല. അവര്‍തന്നെ സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടം പണിയും. വ്യാജമതങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിസ്സഹായതയോടെ ദൈവത്തില്‍ ആശ്രയിക്കുന്നില്ല. അവരും പ്രാര്‍ത്ഥിക്കുന്നുണ്ടാവാം. എല്ലാ മതങ്ങള്‍ക്കും പ്രാര്‍ത്ഥനയുണ്ട്. എന്നാല്‍ അവ അര്‍ത്ഥശൂന്യമായിരിക്കും. ബാലിന്റെ പ്രവാചകന്മാര്‍ കര്‍മ്മേല്‍പര്‍വ്വതത്തില്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഏലിയാവ് ഒരു മിനിട്ടു പ്രാര്‍ത്ഥിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും തീയിറങ്ങി. നമ്മില്‍ ചിലര്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കുന്നതില്‍ അഭിമാനം കൊള്ളുന്നുണ്ടാകാം. അതു നല്ലതാണ്. യേശുവും രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്കു വിലയുണ്ടാകണമെങ്കില്‍ അതു നിസ്സഹായാവസ്ഥയില്‍ നിന്നുകൊണ്ടു സഹായത്തിനും നടത്തിപ്പിനും ദൈവത്തില്‍ ആശ്രയിക്കുന്ന ഒന്നാകണം. ബാബിലോണ്യര്‍ ഒരിക്കലും ദൈവഹിതം അന്വേഷിക്കുന്നില്ല. അവര്‍ മാനുഷികകഴിവിലാണ് ആശ്രയിക്കുന്നത്. വ്യാജമതങ്ങള്‍ മനുഷ്യനില്‍ നിന്നാണ് ആരംഭിക്കുന്നത.് അല്ലാതെ ദൈവത്തില്‍നിന്നല്ല. അവരുടെ മുദ്രാവാക്യം 'ആദിയില്‍ മനുഷ്യന്‍' എന്നാണ.് അല്ലാതെ 'ആദിയില്‍ ദൈവമെന്നല്ല'(ഉല്പ്പത്തി 1:1ല്‍ കാണുന്നതുപോലെ). വ്യാജമതങ്ങള്‍ മനുഷ്യനില്‍ നിന്നുംഉത്ഭവിക്കുന്നു. മനുഷ്യശക്തിയാല്‍ മനുഷ്യരുടെ മഹത്വത്തിനായി പ്രചരിപ്പിക്കപ്പെടുന്നു.

പുല്ല്, വൈക്കോല്‍ എന്നിവ കൊണ്ടും അല്ലെങ്കില്‍ സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ല് എന്നിവകൊണ്ടും ഉള്ള പണിയെക്കുറിച്ചു വേദപുസ്തകം പറയുന്നുണ്ട്.(1കൊരി. 3:12).സ്വര്‍ണ്ണം വെള്ളി വിലയേറിയ കല്ല് എന്നിവകൊണ്ടുള്ള പണി എന്നു പറഞ്ഞാല്‍ എന്താണ്? ഉത്തരം റോമാലേഖനം 11:36 ല്‍ കാണാം. ''ദൈവത്തില്‍നിന്നും ദൈവത്തിലൂടെ ദൈവത്തിലേക്ക്'' ഇങ്ങനെയാണ് യെരുശലേം (യഥാര്‍ത്ഥ ദൈവസഭ) പണിയപ്പെടുന്നത്. ഇതിന്റെ നേരേ എതിരാണ് ''മനുഷ്യനില്‍ നിന്നും മനുഷ്യനിലൂടെ മനുഷ്യനിലേക്ക്'', ഇങ്ങനെയാണ് ബാബിലോണ്‍ പണിയപ്പെടുന്നത്.

ബാബേല്‍  മനുഷ്യന്റെ ഭാവനയ്ക്കനുസരിച്ചാണു പണിയപ്പെടുന്നത്. അനേകം ക്രിസ്തീയസംഘടനകളും മനുഷ്യന്റെ ഭാവനയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.കര്‍ത്താവിന്‍റെ ശരീരത്തെക്കാളും   രക്തത്തെക്കാളും വില അവര്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ക്ക്  കൊടുക്കുന്നു ..കര്‍ത്താവിന്‍റെ പ്രബോധങ്ങളും സഭയും തള്ളി കളഞ്ഞു സ്വയം സഭ ആകുന്നു ..തങ്ങളുടെ സ്ഥാനങ്ങള്‍ക്ക് ഇളക്കം തട്ടാതെ ഇരിക്കാന്‍ തങ്ങളുടെ മക്കളെ അവിടെ നിയോഗിക്കുന്നു ..തങ്ങളുടെ ഇഷ്ട്ടങ്ങള്‍ക്ക് അനുസരിച്ച് വചനം വളച്ചൊടിക്കുന്നു ..വിശ്വസിക്കുന്ന ഏവനും സമൃദമായി ലഭിക്കേണ്ട ആത്മാവിനെ ഒരു കുളത്തിലോ അറ്റിലോ മുങ്ങിയലെ ലഭിക്കു എന്ന് പറഞ്ഞു അടിമപെടുതുന്നു . അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകളെക്കാള്‍ ബഹുരാഷ്ട്രകമ്പനികളുടെ തത്വങ്ങളാണ് അവര്‍ അനുസരിക്കുന്നത്. അപ്പൊസ്തലന്മാര്‍ പണിത സഭ പോലെയല്ല, ഒരു വ്യവസായ സ്ഥാപനം പോലെ അവര്‍ സംഘടനയെ നയിക്കുന്നു. എന്തുകൊണ്ടാണ് യേശു തന്റെ സുവിശേഷം പരസ്യപ്രചാരണക്കാരെ ഏല്‍പിക്കാതിരുന്നത്. പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ ചെയ്തതിലും നന്നായി അവര്‍ കാര്യങ്ങള്‍ ചെയ്യുകയില്ലേ? പല തവണ ബലഹീനത കാണിച്ച പത്രോസിനെക്കാള്‍ എത്രയോ ബലവാന്മാര്‍ ഉണ്ടായിട്ടും സഭ പണിതത് ആ കേപ്പയില്‍ ആണ് .കര്‍ത്താവിനു വേണേല്‍ സഭ പലരുടെ ചുമതലയില്‍ ആക്കാമായിരുന്നു ..  എന്നാല്‍ അതു മാനുഷികരീതിയിലായിരിക്കും. ദൈവത്തിന്റെ വഴി വ്യത്യസ്തമാണ്.

വളരെ കുറച്ചു പേര്‍ക്കു മാത്രമേ ദൈവത്തിന്റെ വഴി അറിയുകയുള്ളു. കാരണം വളരെ കുറച്ചുപേര്‍ മാത്രമേ ദൈവത്തെ അറിയുന്നുള്ളു. ദൈവത്തേക്കാള്‍ തനിക്കൊരു മതം വേണമെന്നുള്ളവനാണ് മനുഷ്യന്‍. ദൈവത്തോടുകൂടെ ജീവിക്കുന്നത് അത്ര സുഖകരമല്ല. എന്നാല്‍ മതത്തോടുകൂടെ ജീവിക്കുന്നതു വളരരെ സുഖപ്രദമാണ്.കത്തോലിക്കാ സഭയുടെ പ്രബോധങ്ങള്‍ പാലിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് .കാരണം അത് കര്‍ത്താവില്‍ നിന്നും ആധ്മാവില്‍ നിന്നും ഉള്ളതാണ് . ദൈവത്തോടുകൂടെ ജീവിച്ചുകൊണ്ടു നിങ്ങള്‍ക്കു ലോകത്തിലെ ഒരു വലിയ ആളാകാന്‍ സാധ്യമല്ല. എന്നാല്‍ ചില  ക്രിസ്തുമതവുമായി നിങ്ങള്‍ക്കു വളരെ പ്രശസ്തനാകാന്‍ കഴിയും. ആളുകള്‍ക്കു ദൈവത്തെ വേണ്ട. പല വിശ്വാസികള്‍ക്കുപോലും ദൈവത്തെക്കാളധികം ക്രിസ്തീയതയാണ് വേണ്ടത്. യേശുവിന്റെ നുകം തങ്ങളുടെ മേല്‍ വയ്ക്കുവാന്‍ അവര്‍ക്കു മനസ്സില്ല.അത് കൊണ്ട് തന്നെ അവര്‍ ജനിച്ചു വളര്‍ന്നപ്പോള്‍ മുതലുള്ള വിശ്വാസത്തെ പോലും ചവിട്ടി മെതിച്ചു കൊണ്ട് ലഘുവായ നുകം തേടി പോകുന്നു ..

ബാബേല്‍  മനുഷ്യന്റെ ശക്തിയിലാണ് പണിയപ്പെടുന്നത്. അതിനു പരിശുദ്ധാത്മാവിന്റെ അഭിഷേകമോ ദൈവം നല്‍കുന്ന അത്ഭുതവരങ്ങളോ ഒന്നും ആവശ്യമില്ല. സ്വാഭാവികകഴിവുകള്‍ കൊണ്ടും നല്ല സംഗീതം കൊണ്ടും ചില ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ കൊണ്ടും എല്ലാ കാര്യങ്ങളും നടത്തും. ഇന്നത്തെ ദൈവികവേലയുടെ നിലവാരമില്ലായ്കയില്‍ അത്ഭുതപ്പെടേണ്ട. ആദിമ അപ്പൊസ്തലന്മാര്‍ അറിഞ്ഞ ശക്തിയെക്കുറിച്ചു നമുക്കിന്ന് അറിവില്ല. വ്യാജപ്രവാചകന്മാരെ അവരുടെ ഫലം കൊണ്ടു തിരിച്ചറിയാം എന്നു യേശു പറഞ്ഞതാണു കാരണം. പരിശുദ്ധാത്മാവിന്റെ സ്‌നാനം ലഭിച്ചവരെന്നു പറയുന്ന പലരിലും ഇന്നു പണസ്‌നേഹം വളരെ പ്രകടമായി കാണാം. തീര്‍ച്ചയായും അത്തരം ഫലം ദൈവത്തില്‍ നിന്നുള്ളതല്ല. ഒരു  മനുഷ്യന്‍ മാനവും ശക്തിയും മഹത്വവും ആഗ്രഹിക്കുന്നു. ഇതു പരിശുദ്ധാത്മാവിന്റെ ഫലങ്ങളല്ല. അപ്പോള്‍ അവരുടെ ശക്തി മറ്റേതെങ്കിലും ആത്മാവില്‍ നിന്നുള്ളതായിരിക്കും.

മനുഷ്യരുടെ മഹത്വത്തിനായി പണിയുന്നതാണ് 
ബാബേല്‍  . ''നമുക്കൊരു പേരുണ്ടാക്കാം'' എന്നാണ് ഉല്‍പ്പത്തി 11 ന്റെ 4ല്‍ നാം വായിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നെബുക്കദ്‌നേസര്‍ താന്‍ നിര്‍മ്മിച്ച ബാബിലോണ്‍ പട്ടണത്തെ വീക്ഷിക്കുന്നതായി ദാനിയേല്‍ 4ല്‍ നാം വായിക്കുന്നു. ആ പട്ടണം 25 കിലോമീറ്റര്‍ നീളവും വീതിയും ഉള്ള ചതുരാകൃതിയില്‍ പണിത ഒന്നായിരുന്നു. അതിനു ചുറ്റും 87 അടി കനവും 350 അടി ഉയരവും ഉള്ള ഒരു മതിലുണ്ടായിരുന്നു. ലോകാത്ഭുതങ്ങളിലൊന്നായ തൂങ്ങിക്കിടക്കുന്ന ഉദ്യാനം അതിനുള്ളിലായിരുന്നു. നെബുക്കദ്‌നേസര്‍ ഇങ്ങനെ പറഞ്ഞു 'ഇത് എന്റെ ശക്തിയുടെ പ്രഭാവത്താല്‍ എന്റെ പ്രതാപമഹത്വത്തിനായി ഞാന്‍ തന്നെ നിര്‍മ്മിച്ച ബാബിലോണ്‍ അല്ലയോ?' അതു മനുഷ്യനില്‍ നിന്നും മനുഷ്യനാല്‍ മനുഷ്യനിലേക്കുള്ളതാണ്. ബാബേല്‍ഗോപുരം പണിതു 2500 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നെബുക്കദ്‌നേസര്‍ ജീവിച്ചത്. എന്നാല്‍ അവനിലും അതേ ആത്മാവ് ആണ് ഉണ്ടായിരുന്നത്. ആ ആത്മാവു ഇന്നും ക്രൈസ്തവലോകത്തു വ്യാപരിക്കുന്നു. അതുകൊണ്ടാണ് ബാബിലോണ്‍ 'മനുഷ്യനില്‍ നിന്നും മനുഷ്യനാല്‍ മനുഷ്യനിലേക്ക്' ആയിരിക്കുന്നത്. ജറുസലേം ഇതിനു നേരേ വിപരീതം ആണ്.

മനുഷ്യര്‍ ചെയ്ത വേല കാണുന്നതിനു ദൈവം ഇറങ്ങിവന്നു എന്നു നാം ഉല്‍പ്പത്തി 11 ന്റെ 5 ല്‍ വായിക്കുന്നു. നാം എന്തു പണിതാലും അതു പരിശോധിക്കുന്നതിനു ദൈവം ഇറങ്ങിവരുമെന്ന് ഓര്‍ക്കുക. നമ്മുടെ ദേവാലയത്തിന്റെ  വലിപ്പം നോക്കാനല്ല ദൈവം ഇറങ്ങിവരുന്നത്. എന്നാല്‍ അതിന്റെ പിന്നിലുള്ള മനുഷ്യന്റെ മനോഭാവം എന്താണെന്നാണ് പരിശോധിക്കുകയാണ് ദൈവം ചെയ്യുന്നത്. ആരുടെ മഹത്വത്തിനായിട്ടാണ് ഇതു പണിതിരിക്കുന്നതെന്നു പരിശോധിക്കുന്നു. വലിപ്പമാണ് നോക്കുന്നതെങ്കില്‍ ബാബേല്‍ഗോപുരം വളരെ ആകര്‍ഷകമായിരുന്നു. എന്നാല്‍ ദൈവം മറ്റു ചിലതാണ് നോക്കുന്നത്. ഇന്നും ദൈവം അതാണ് പരിശോധിക്കുന്നത്

Saturday, 21 July 2012

വിശ്വാസം





"വിശ്വസിച്ചാല്‍ നീ ദൈവമഹത്വം കാണുംമെന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലേ ." (ലുക്ക 11:40.) ശരീരത്തിന് ശ്വാസം പോലെയാണ് - മനസിനും ,ഹൃദയത്തിനും വിശ്വാസം. എന്നാല്‍ വിരോധാഭാസം മറ്റൊന്നാണ്. ' ശ്വാസം മുട്ടുമ്പോഴാണ് ' പലപ്പോഴും വിശ്വാസം വര്‍ധിക്കുക...! റേഷന്‍ കടയില്‍ നിന്നു സാധനങ്ങള്‍ കിട്ടാന്‍ റേഷന്‍ കാര്‍ഡു നല്‍കണം , ഇതു പോലെ, ദൈവകരങ്ങളില്‍ നിന്നും അസാധാരണ അനുഗ്രഹങ്ങള്‍ നമ്മള്‍ ചോദിക്കുമ്പോള്‍ ദൈവം നമ്മോടു വിശ്വാസത്തിന്റെ കാര്‍ഡു ചോദിക്കും..! നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

Tuesday, 8 May 2012

ക്രിസ്തു തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു വിശുദ്ധ മാര്‍ക്കോസ് 2, 1-12

ചെന്നൈയിലെ ചോളമണ്ടലം ആര്‍ട്ടിസ്റ്റ് ഗ്രാമം മികവുറ്റ ചിത്രകാരന്മാര്‍ ഒരുമിച്ച് പാര്‍ത്തിരുന്ന സ്ഥലമാണ്. രണ്ടു കലാകാരന്മാരായ സ്നേഹിതര്‍ ഒരുമിച്ച് ഒരു വീട്ടില്‍ പാര്‍ത്തിരുന്നു - വളരെ നിലവാരമുള്ള കലാകാരന്മാര്‍. അവരില്‍ ഒരാള്‍ രോഗഗ്രസ്ഥനായി. തനിക്കിനി രക്ഷയില്ലെന്ന് അയാള്‍ സ്വയം വിധിപ്രസ്താവിച്ചു. പ്രത്യാശയറ്റാല്‍ പിന്നെ വൈദ്യശാസ്ത്രത്തിനുപോലും ഒന്നും ചെയ്യാനാവില്ലല്ലോ. കൂട്ടുകാരന്‍ ചിത്രരചനയില്‍ മുഴുകുമ്പോള്‍, എന്നും രോഗിയായ സുഹൃത്ത് ജാലകത്തിലൂടെ അങ്ങകലെ നോക്കിനില്ക്കും. അകലെയുള്ളൊരു വൃക്ഷത്തിലേയ്ക്കാണ് അയാള്‍ ദൃഷ്ടിപതിക്കുന്നത്. മരത്തില്‍ന്നും ധാരളമായി പൊഴുഞ്ഞുവീഴുന്ന ഇളകള്‍ നോക്കി നോക്കി അയാള്‍ സമയം ചിലവൊഴിച്ചു. അവസാനത്തെ ഇല കൊഴിയുന്ന ദിനത്തിനായി അയാള്‍ കാത്തിരുന്നു. അന്ന് തന്‍റെയും ജീവിതവും പൊഴിഞ്ഞു വീഴും എന്നൊരു തോന്നാല്‍ അയാളുടെ മനസ്സില്‍ വിഷാദപൂര്‍വ്വം തങ്ങിനിന്നിരുന്നു. വൃക്ഷത്തിലെ ഇലകള്‍ പൊഴിഞ്ഞു തീരാറായപ്പോള്‍ അയാളുടെ മനസ്സും പ്രത്യാശയറ്റ് കൂരിരുട്ടിലാണ്ടു. 


ഒരു സായാഹ്നത്തില്‍ അയാള്‍ ശ്രദ്ധിച്ചു – ഇനി ഒരിലമാത്രമേ ബാക്കിയുള്ളൂ. അടുത്ത പ്രഭാതത്തില്‍ അതും സംഭവിക്കും. അതോടെ തന്‍റെയും ജീവിതവും....
ആ രാത്രിയില്‍ അയാള്‍ ഉറങ്ങിയില്ല. ദുഃഖാര്‍ത്ഥനും ക്ഷീണിതനുമായി പ്രഭാതത്തില്‍ അയാള്‍ എഴുന്നേറ്റു. അയാളെ അത്ഭുതപ്പെടുത്തിയ ദൃശ്യം ആ ഇല വീണില്ല, എന്ന സത്യമാണ്. ആ വൃക്ഷത്തില്‍ ആഞ്ഞടിച്ച കാറ്റിനെയും കോളിനെയും അതിജീവിച്ച് അതാ, ആ ഒരിലമാത്രം വീണില്ല. ആ വൃക്ഷത്തില്‍ ആഞ്ഞടിച്ച പ്രതിസന്ധികളെ അതിജീവിച്ച് അതാ, ആ ഇല ഉണര്‍വ്വോടെ നില്ക്കുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്ക് കീഴ്പ്പെടാതിരുന്ന തളിരില ആ കാലാകാരന്‍റെ മനസ്സിന് ആത്മബലമേകി. പിന്നെ ജീവിതത്തില്‍ അയാള്‍ ദൃഢമായ ചുവടുകള്‍വയ്ക്കുവാന്‍ തുടങ്ങി. അയാള്‍ നിറക്കൂട്ടുകള്‍ കൈയ്യിലെടുത്തു. വൃക്ഷത്തോട് ഒട്ടിനില്കുന്ന പച്ചില അയാള്‍ ക്യാന്‍വാസില്‍ പകര്‍ത്തി. അതില്‍ നിപതിച്ച ദൈവികതയുടെ സൂര്യകിരണങ്ങള്‍ പച്ചിലയ്ക്ക് വര്‍ണ്ണാഭ പകര്‍ന്നപ്പോള്‍ ക്യാന്‍വാസില്‍ ചാര്‍ത്തിയ നിറക്കൂട്ടിലൂടെ ആ മനുഷ്യനും നവജീവിന്‍റെ ഭാവാത്മ സൃഷ്ടിയായി മാറി. 


ക്രിസ്തു തന്‍റെ പരസ്യജീവിതകാലത്ത് ധാരാളം രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തുന്നതായിട്ട് സുവിശേഷത്തില്‍ വായിക്കുന്നു. ഗലീലിയാ തീരത്തുള്ള കഫര്‍ണാം ഗ്രാമത്തില്‍വച്ച് തളര്‍വാദരോഗിയെ സുഖപ്പെടുത്തിയതായി മാര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു.


ദൈവമാണ് മനുഷ്യര്‍ക്ക് ജീവന്‍ നല്കിയതെന്നും, അവിടുന്ന് ഈ ലോകത്ത് മനുഷ്യരുടെമദ്ധ്യേ വസിച്ചുകൊണ്ട് അവര്‍ക്ക് ജീവന്‍ നല്കുവാനും, അത് സമൃദ്ധമായി നല്കുവാനും ആഗ്രഹിക്കുന്നുവെന്നും ഇന്നത്തെ സുവിശേഷ സംഭവം വ്യക്തമാക്കുന്നു. 


കഫാര്‍ണാമിലെ വീടിന്‍റെ അകത്തിരിക്കുന്ന ക്രിസ്തുവിന്‍റെ സന്നിധിയിലേയ്ക്ക് മേല്‍ക്കൂരപൊളിച്ച് ഒരു രോഗിയെ എത്തിച്ച സംഭവമാണ് മാര്‍ക്കാസിന്‍റെ സുവിശേഷത്തില്‍ വായിക്കുന്നത്. വീടിന്‍റെ മേല്‍ക്കൂര പൊളിച്ചിറങ്ങുന്നത് സാധാരണഗതിയില്‍ കള്ളന്മാരാണ്. അങ്ങനെയാണല്ലോ സമൂഹം മനസ്സിലാക്കുന്നത്. എന്നാല്‍ അക്കാലത്ത് പലസ്തീനിയന്‍ സംവിധാനത്തില്‍ വളരെ ലളിതവും ലഘുവുമായ വീടിന്‍റെ മേല്‍വിരി അല്ലെങ്കില്‍ ‘റ്റെറസ്’ എളുപ്പത്തില്‍ മാറ്റാവുന്നതായിരുന്നു. മരുപ്രദേശത്തെ ചൂടില്‍നിന്നും രക്ഷിക്കുക മാത്രമാണ് മേല്‍ക്കൂരയുടെ ഉദ്ദേശ്യം. വൃക്ഷങ്ങളുടെ ശിഖരങ്ങളും മുളകളും മണ്ണുംകൊണ്ട് മേഞ്ഞ മേല്‍ക്കൂര വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതായിരുന്നു. 
വളരെ ലാളിത്യമാര്‍ന്ന അന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍, രോഗിയെ രക്ഷിക്കാനുള്ള കഫര്‍ണാമിലെ ജനങ്ങളുടെ തീവ്രമായ ആഗ്രഹവും അതിനുള്ള സഹകരണവും ഉത്സാഹവും സര്‍വ്വോപരി ഒരു കൊച്ച് സമൂഹത്തിന് ക്രിസ്തുവിലുള്ള അഗാധമായ വിശ്വാസവുമാണ് ഇവിടെ വെളിപ്പെടുന്നത്. രോഗിയെ അകലെനിന്ന് ചുമന്നുകൊണ്ടു വന്നവര്‍ക്കും വീടിനകത്തും വീടിന്‍റെ പുറത്തും ഉണ്ടായിരുന്നവര്‍ക്കും, വീട്ടുടമസ്ഥനും, എല്ലാവര്‍ക്കും ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങളായി തളര്‍വാദം പിടിപെട്ട് കിടപ്പിലായവന് ക്രിസ്തുവില്‍നിന്നും സൗഖ്യം നേടിക്കൊടുക്കണം എന്നുമാത്രം. അവന് പുതുജീവന്‍ ലഭിക്കുവാനുള്ള അതിയായ ആഗ്രവും ആഴമായ വിശ്വാസവുമാണ് ഈ സാഹസത്തിന് അവരെ പ്രേരിപ്പിക്കുന്നത്. 


ആഴമായ വിശ്വാസം ആത്മാര്‍ത്ഥമായ പ്രവൃത്തിയിലേയ്ക്കു നയിക്കുന്നു. വളരെ ബുദ്ധിമുട്ടിയാണെങ്കിലും അവിടെ ഒരു ചെറുസമൂഹം കൂട്ടമായി പരിശ്രമിക്കുകയാണ്. തങ്ങളെ സഹോദരനെ രക്ഷിക്കാന്‍വേണ്ടിയും, അവനായി ക്രിസ്തുവില്‍നിന്ന് അനുഗ്രഹവും സൗഖ്യവും നേടുവാനുംവേണ്ടി എല്ലാവരും സഹകരിക്കുന്നു. ചിലര്‍ വീടിന്‍റെ കൂര പൊളിച്ചു മാറ്റുന്നു. കുറെപ്പേര്‍ താല്ക്കാലിക മഞ്ചലില്‍ ജീവഛവമായി കിടന്നവനെ, പൊളിച്ച മേല്‍ക്കൂരയിലൂടെ ക്രിസ്തുവിന്‍റെ സന്നിധിയലെത്തിക്കാന്‍ താഴേയ്ക്കിറക്കുന്നു. മറ്റുചിലര്‍ അതിനായി തങ്ങളുടെ സ്ഥാനത്തുനിന്നും എഴുന്നേറ്റ് മാറിയപ്പോള്‍, കുറേപ്പേര്‍ ചെറിയ വീട്ടില്‍നിന്നും പുറത്തേയ്ക്കിറങ്ങി നിന്നു. 
മേല്‍ക്കൂര പോളിച്ചു മാറ്റപ്പെട്ടതുപോലെ, സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകളെല്ലാം ഒന്നൊന്നായി അഴിച്ചു മാറ്റപ്പെട്ടു. അവര്‍ വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി. ഒരുമയിലും സാഹോദര്യത്തിലുമാണ് ഓരോ കാര്യങ്ങള്‍ അവിടെ നീങ്ങിയത്. സാഹോദര്യത്തിന്‍റേയും കൂട്ടായ്മയുടേയും അത്ഭുതകരമായ സൗഖ്യദാനത്തിന് വഴിയൊരുക്കുകയായിരുന്നു അവരെല്ലാവരും. 


ആ ജനങ്ങളുടെ വിശ്വാസം കണ്ടിട്ട് – ക്രിസ്തുവിന്‍റെ മനസ്സലിഞ്ഞു. അവിടുന്നു പറഞ്ഞു. 
മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. സുഖപ്പെടുത്താന്‍ പറ്റാത്ത രോഗങ്ങളെല്ലാം പാപത്തിന്‍റെ ശിക്ഷയെന്ന് യഹൂദജനം വിശ്വസിച്ചിരുന്ന കാലത്ത്, അതേ ഭാഷയിലും ശൈലിയിലും ക്രിസ്തുവും അവരോട് സംവദിക്കുകയാണ്. അവന്‍റെ കെട്ടുകളഴിച്ച് അവനെ സ്വതന്ത്രനാക്കി, എഴുന്നേല്‍പ്പിച്ചു പറഞ്ഞയച്ചു. യേശുവിന്‍റെ ദിവ്യകരസ്പര്‍ശത്താല്‍ സൗഖ്യംപ്രാപിച്ചവന്‍ ദൈവത്തെ മഹത്വപ്പെടുത്തിയെന്ന് മാര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു.


ഉടലിന്‍റേയും മനസ്സിന്‍റേയും ആത്മാവിന്‍റേയും ഭിഷഗ്വരനാണു ക്രിസ്തു. അനുദിന വ്യവഹാരങ്ങളില്‍ സൗഖ്യദാനത്തിനും പാപമോചനത്തിനുമായി ക്രിസ്തു ഉപയോഗിച്ച മനഃശാസ്ത്രപരമായ സമീപനത്തെക്കുറിച്ച് എത്രമാത്രം അപഗ്രഥനങ്ങളാണ് ബൈബിള്‍ വിജ്ഞാനീയത്തില്‍ നാം കാണുന്നത്. ശരീരത്തെയും മനസ്സിനെയു ആത്മാവിനെയും അവിടുന്ന് തൊട്ടു സുഖപ്പെടുത്തി. തന്‍റെകൂടെ കുരിശില്‍ക്കിടന്ന് കരുണയ്ക്കായി കേണു കരഞ്ഞ നല്ല കള്ളന് തന്‍റെ ഒപ്പം ആയിരിക്കുവാനുള്ള സൗഖ്യത്തിന്‍റെ അവസാനത്തെ ആയുര്‍വ്വേദം അവിടുന്നു നല്കി. 
രോഗീപരിചരണ മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതു കുടുംബത്തിലായാലും സ്ഥാപനത്തിലായാലും ക്രിസ്തു തന്‍റെ സമീപനത്തിലും ജീവിതത്തിലും വ്യക്തമായ ദിശാബോധം നല്കുന്നുണ്ട്. ഈ മേഖലയില്‍ ക്രിസ്തുവാകുന്ന മഹാവൈദ്യനില്‍നിന്നും ദക്ഷിണവച്ച് അഭ്യസിക്കാന്‍ ആയിരം പാഠങ്ങളുണ്ട്. 


ഏതൊരൗഷധവും ഫലവത്താകുന്നത് വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും മനസ്സോടെ അതു സേവിക്കുമ്പോഴാണ്. മനുഷ്യജീവിതങ്ങള്‍ ഈ ഭൂമിയില്‍ താല്കാലികമാണ്, കടന്നുപോകുന്നതാണ്. രോഗവും വാര്‍ദ്ധക്യവും വേദനയും മരണവും മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. പ്രത്യാശ കൈവെടിയാത്തവന് രക്ഷയുണ്ട്. സ്രഷ്ടാവായ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ജീവിതത്തെ ഏറ്റെടുക്കുക, ഒപ്പം അവയിലെ സുഖദുഃഖങ്ങളും...
പാപത്തിന്‍റെയും തിന്മയുടെയും ബന്ധനങ്ങള്‍ അഴിക്കുവാന്‍ കഴിവുള്ള ക്രിസ്തുവിന്‍റെ സ്നേഹവും കരുണയും, സൗഖ്യമേകുന്ന അവിടുത്തെ വചനവും ഉള്‍ക്കൊള്ളുവാനുള്ള വിശ്വാസം നമുക്കു വളര്‍ത്തിയെടുക്കാം. ക്രിസ്തു നല്കുന്ന സൗഖ്യം രക്ഷണീയമാണ്, രക്ഷാകരമാണ്. 
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22