അമ്മയില്ലാത്തവരായി ആരുമില്ല. ജന്മംകൊണ്‌ടും കര്‍മ്മംകൊണ്‌ടും അമ്മയാകാം. ഇന്ന് രണ്‌ട് അമ്മമാരുടെ തിരുന്നാള്‍ ആഘോഷിക്കുന്ന സുദിനമാണ്. ഒന്ന് വിശ്വാസികളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുന്നാള്‍. രണ്‌ട് ജന്മനാടിനെ അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് കൊണ്‌ടുവന്ന ഭാരതാമ്പയുടെ സ്വാതന്ത്ര്യദിനം.
അമ്മയുടെ സ്‌നേഹം അളക്കാനാവാത്തതാണ്. പ്രതിനന്ദി പ്രകാശിപ്പിക്കാനാവാത്തതാണ്. എത്ര നന്ദി പറഞ്ഞാലും കാത്തുപരിപാലിച്ചാലും മതിയാവാത്തതുമാണ്. അമ്മയെ കൊന്ന് ഹൃദയമെടുത്ത് ഹൃദയത്തിന്റെ ജീവന്‍ നിലയ്‌ക്കുന്നതിന് മുമ്പ് തന്റെ കൈകളില്‍ ഏല്‍പിക്കണമെന്ന കാമുകിയുടെ വാക്കുകേട്ട മകന്‍, തിടുക്കത്തില്‍ അമ്മയെകൊന്ന് ഹൃദയമെടുത്ത് ഓടുന്നു. ഓട്ടത്തിനിടയില്‍ കാല്‍തട്ടി വീഴുമ്പോള്‍ കൈയിലിരുന്ന ഹൃദയം ചോദിച്ചു. മകനേ നിനക്ക് വേദനിച്ചോ? തന്റെ ജീവനെക്കാള്‍ മകന്റെ വേദന കാണുന്ന ഹൃദയമാണ് ഓരോ അമ്മയുടേതും.
1950 നവംബര്‍ 1ന് പോപ്പ് 12-ാം പിയൂസ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. ഇത് മാര്‍പാപ്പയുടെ പുതിയ കണ്‌ടുപിടുത്തമായിരുന്നില്ല. മറിച്ച് കാലാകാലങ്ങളായി പാരമ്പര്യങ്ങളിലൂടെ വിശ്വസിച്ച് പാലിച്ചുപോന്നത് വ്യക്തമായി പ്രഖ്യാപിക്കുകയായിരുന്നു. സ്വര്‍ഗ്ഗാരോപണം എന്നാല്‍ മാതാവ് ദൈവത്തിന്റെ ശക്തിയില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നര്‍ത്ഥം (Assumption). യേശുവാകട്ടെ സ്വര്‍ഗ്ഗാരോഹണമാണ് നടത്തിയത്. ്‌അതായത് സ്വന്തം ശക്തിയാല്‍ സ്വര്‍ഗ്ഗത്തില്‍ കരേറി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് കത്തോലിക്കാ മതബോധനഗ്രന്ഥം പറയുന്നിതിപ്രകാരമാണ്. `ഭാഗ്യവതിയായ കന്യകയുടെ സ്വര്‍ഗ്ഗാരോപണം അവളുടെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള മുന്നാസ്വാദനമാണ്. കൃപാവാരത്തിന്റെ ക്രമത്തില്‍ മറിയം വിശ്വാസികളുടെ അമ്മയുമാണ്`. ജന്മം മുതല്‍ പാപരഹിതയായി ജനിച്ചതിന്റെയും നിത്യകന്യകയായി ജിവിച്ചതിന്റെയും പ്രതിഫലമാണ് മറിയത്തിന്റെ സ്വര്‍ഗ്ഗപ്രാപ്‌തി. രക്ഷിക്കപ്പെട്ട സമൂഹത്തിലെ ആദ്യഫലമായ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം സഭാപിതാക്കന്‍മാരുടെ പഠനത്തിലും, വി. ഗ്രന്ഥത്തിലും അധിഷ്‌ഠിതമാണ്. മറിയത്തിന്റെ ഉറക്കം, മറിയത്തിന്റെ കടന്നുപോകല്‍, മറിയത്തിന്റെ നിദ്രയുടെ തിരുനാള്‍, എന്നിങ്ങനെ മറ്റ് പല പേരിലും സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ചരിത്രത്തില്‍ അറിയപ്പെട്ടിരുന്നു.
മറിയം എന്ന പേരിനര്‍ത്ഥം ശക്തയായവള്‍ എന്നാണ്. ദൈവപുത്രനെ ഉദരത്തില്‍ സംവഹിക്കാന്‍ ലോകരക്ഷയ്‌ക്ക് സഹരക്ഷകയായി പ്രവര്‍ത്തിക്കാന്‍ ശക്തയായവളായിരുന്നു മറിയം എന്ന് നമുക്ക് കാണാന്‍ കഴിയും. കാലിത്തൊഴുത്ത് മുതല്‍ കാല്‍വരിവരെ ദൈവപുത്രന്റെ സഹനത്തില്‍ ഒപ്പം ശക്തി നല്‍കി പുത്രനെ ലോകരക്ഷയ്‌ക്കായി ഒരുക്കിയവളാണ് മറിയം.
ഈശോയുടെ അമ്മ, വിശ്വാസികളുടെ അമ്മ
വൈക്കം മുഹമ്മദ് ബഷീര്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മ വിവരിക്കുന്നതിപ്രകാരമാണ്. ബഷീര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യസമരത്തിനായി വേദിവിട്ടിറങ്ങി. ജയില്‍ വാസമനുഭവിച്ചു. ആഴ്‌ചകളും മാസങ്ങളും കടന്നുപോയി. അവസാനം ഒരുനാള്‍ രാത്രി എല്ലാവരും ഉറങ്ങി എന്നുകരുതി അടുക്കള പുറത്തെ വാതിലിലൂടെ അകത്തുകടക്കാനായി ശ്രമിച്ചപ്പോള്‍ ബഷീര്‍ കണ്‌ട കാഴ്‌ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മകനുവേണ്‌ടി ചോറുവിളമ്പി വിളക്ക് കത്തിച്ച് രാത്രിയിലും കാത്തിരിക്കുന്ന ഉമ്മയെയാണ് ബഷീര്‍ കണ്‌ടത്. തനിക്കുവേണ്‌ടി ഇത് ദിവസവും ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മയുടെ സ്‌നേഹം എത്ര ആഴമുള്ളതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
കാല്‍വരികുരിശിന്‍ ചുവട്ടില്‍വച്ച് ഈശോ യോഹന്നാന് മറിയത്തെ ഏല്‍പിച്ചുകൊടുത്തുകൊണ്‌ട് വിശ്വാസികളുടെ മാതാവായി മറിയത്തെ ഉയര്‍ത്തി (യോഹ 18:1-19). ഇക്കാരണത്താല്‍ പില്‍ക്കാലത്ത് ശിഷ്യന്‍മാരുടെ അമ്മയുടെ സെഹിയോന്‍ മാളികയിലും, സുവിശേഷ പ്രഘോഷനരംഗത്തും, സഭാസമൂഹത്തിന്റെ ആത്മീയ മാതാവായി അമ്മയായി കന്യാമറിയത്തെ ശിഷ്യസമൂഹം സ്വീകരിച്ചു. യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്‌ശേഷം ശിഷ്യരോടൊപ്പം മാളിക മുറിയില്‍ പ്രാര്‍ത്ഥിക്കുന്നതും (അപ്പ 1:14) മാതൃമാധ്യസ്‌തമായി നിലകൊള്ളുന്നതും മറിയത്തില്‍ കാണാം. ക്രിസ്‌തു എന്ന ഏക മാധ്യസ്‌തന്റെ (1തിമോ 2:5-6) യോഗ്യതകളാണ് മറിയത്തിന്റെ സ്വാധീനത്തിന്റെ ഉത്ഭവസ്ഥാനമെന്ന് സഭ പഠിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈശോ തലവനായിട്ടുള്ള സമൂഹത്തിന്റെ അമ്മയാണ് മറിയം. വി. ആഗസ്‌തിനോസ് പഠിപ്പിക്കുന്നു `ക്രിസ്‌തുവിന്റെ അവയവങ്ങളായ സഭാസമൂഹത്തിന്റെ അമ്മയാണ് മറിയം`.
മറിയത്തോട് പ്രാര്‍ത്ഥിക്കുകയല്ല മറിയത്തിന്റെ പ്രാര്‍ത്ഥനാ സഹായം അഥവാ മദ്ധ്യസ്ഥം തേടുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നേടുന്നതിനുവേണ്‌ടി പരി. അമ്മയുടെ പ്രാര്‍ത്ഥനാ സഹായം നമ്മള്‍ തേടുന്നു. ഇത് വ്യക്തമാക്കുന്ന വചനഭാഗമാണ് യോഹ 2:3-ല്‍ കാനായിലെ മറിയത്തിന്റെ അഭ്യര്‍ത്ഥന. കുറവുകള്‍ കണ്‌ടെത്തുന്ന മാതാവ് അത് ഈശോയെ അറിയിക്കുന്നു; ഈശോ ഇടപെടണമെന്ന് മറിയം ആഗ്രഹിക്കുന്നു; മറിയം ഒരു വിവരം അറിയിക്കുന്നു എന്നതല്ല പിന്നെയോ പ്രവര്‍ത്തിക്കുവാന്‍ അവള്‍ ആദരപൂര്‍വ്വം ആവശ്യപ്പെടുകയായിരുന്നു. ഈശോ ഉടനെ മറിയത്തിന്റെ അപേക്ഷ മാനിച്ച് അത്ഭുതം പ്രവര്‍ത്തിക്കുന്നു. യാമപ്രാര്‍ത്ഥനയില്‍ എല്ലാ കാലത്തേയും ബുധനാഴ്‌ച മാതാവിന്റെ വണക്കത്തിനായി പ്രത്യേക സ്ഥാനം ഉണ്‌ട്. അതില്‍ ദെനഹക്കാലത്തെ ലെലിയ പ്രാര്‍ത്ഥനയിലെ ഒരു ഗാനം ഈ ഭാഗത്തെ സൂചിപ്പിക്കുന്നു.
നാഥന്‍ കാനാ നഗരത്തില്‍
കല്യാണത്തിന്‍ സുദിനത്തില്‍
കരുണാപൂര്‍വ്വമെഴുന്നള്ളി
ക്ഷണിതാക്കള്‍ക്ക് പകര്‍ന്നേകാന്‍
വീഞ്ഞു തികഞ്ഞില്ലെന്നേവം
മറിയംതന്‍ പ്രിയസുതനെയ-
ന്നവന്‍ പോടറിയിച്ചിടുകയാല്‍
മിശിഹാ വെള്ളം വീഞ്ഞാക്കി
ഗ്രഹനാഥനുള്‍ക്കുളിരേകി
നാഥാ, ഞങ്ങളുമിതുപോല്‍ നിന്‍
കൃപ നുകരാനിടയാക്കട്ടെ.
പ. മറിയത്തിലെ ഏഴു പുണ്യങ്ങള്‍
1. വിശ്വാസം: ഈശോയുടെ ജനനം, മരണം, കുരിശിന്‍ ചുവട്ടില്‍.
2. ദൃഡമായ പ്രതീക്ഷ: യസേപ്പിനോടുള്ള മനോഭാവം, കാലിതൊഴുത്ത്, പലായനം, കാനായിലെ കല്യാണം.
3. ഉപവി: i) ദൈവസ്‌നേഹം - പ്രാര്‍ത്ഥന ii) പരസ്‌നേഹം - എലിസബത്ത്
4. എളിമ: ഇതാ കര്‍ത്താവിന്റെ ഭാവി.
5. അനുസരണ: ഗബ്രിയേല്‍ ദൂതന്റെ വാക്ക്, പലായനം.
6. ദാരിദ്ര മനോഭാവം: ചങ്ങാലികളെ സമര്‍പ്പിക്കുന്നു.
7. വിശിഷ്‌ഠമായ പ്രാര്‍ത്ഥന: സ്‌തോത്ര ഗീതം.
മറിയത്തിന്റെ വിശേഷണങ്ങള്‍
1. ദൈവകൃപ നിറഞ്ഞവള്‍ (ലൂക്കാ 1:28)
2. കര്‍ത്താവ് കൂടെയുള്ളവള്‍ (ലൂക്കാ 1:29)
3. വിധേയത്വമുള്ളവള്‍ (ലൂക്കാ 1:38)
4. വിശ്വാസമുള്ളവള്‍ (ലൂക്കാ 1:45)
5. ആരാധിക്കുന്നവള്‍ (ലൂക്കാ 1:46-56)
6. യഹൂദ പാരമ്പര്യം അനുസരിക്കുന്നവള്‍ (ലൂക്കാ 2:22-31)
7. പൂര്‍ണ്ണമായ സമര്‍പ്പണം (ലൂക്കാ 1:38)
8. സ്‌നേഹത്തിന്റെ പുത്രി (ലൂക്കാ 2:35)
9. മനുഷ്യ സ്‌നേഹിയായ മറിയം (ലൂക്കാ 1:39, യോഹ 2:1-10)
10. ആദ്യ സക്രാരിയാണ് മറിയം
11. സ്വര്‍ഗ്ഗത്തിന്റെ വാതിലാണ് മറിയം (മാര്‍ അപ്രേം)
12. മറിയം ദിവ്യകാരുണ്യത്തിന്റെ നാഥ (ജോണ്‍ പോള്‍ കക)
13. രണ്‌ടാമത്തെ ജീവന്‍ നല്‍കുന്ന ഹവ്വ (രക്തസാക്ഷിയായ വി. ജസ്‌റ്റിന്‍)
14. അമലോത്ഭവ (വിശ്വാസസത്യം, മാര്‍ അപ്രേം)
thanks ullas
ReplyDelete