അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label ദൈവവിളിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. Show all posts
Showing posts with label ദൈവവിളിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. Show all posts

Wednesday, 3 September 2014

ദൈവവിളി





നാടകീയമായി ദൈവം സാമുവലിനെ വിളിക്കുന്നത് വിശുദ്ധ ലിഖിതത്തില്‍ നാം വായിക്കുന്നുണ്ട് (1 സാമു.3). ദൈവം സാമുവലിനോട് സംസാരിക്കുന്നു. പക്ഷേ, ആ ബാലന് അത് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതുവരെ കര്‍ത്താവിന്റെ സ്വരം അവന് വെളിവാക്കപ്പെട്ടിരുന്നില്ല എന്നാണ് വിശുദ്ധ ലിഖിതം പറയുന്നത്. രണ്ട് പ്രാവശ്യം കര്‍ത്താവ് അവനെ വിളിച്ചപ്പോഴും ഏലിയാണെന്ന് കരുതി അദ്ദേഹത്തിനടുത്തേക്ക് സാമുവല്‍ ചെല്ലുന്നു. അപ്പോള്‍ ഏലിക്ക് മനസിലായി സാമുവലിനെ വിളിക്കുന്നത് കര്‍ത്താവാണെന്ന്. അതിനാല്‍ ഇനി ആ സ്വരം കേള്‍ക്കുമ്പോള്‍, ''കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു'' (1 സാമു.3:9) എന്നു പറയാന്‍ ഏലി അവനോട് നിര്‍ദേശിക്കുന്നു. കര്‍ത്താവിന്റെ സ്വരം മനസിലാക്കാനും അതിന് ക്രിയാത്മകമായ ഉത്തരം കൊടുക്കാനും അങ്ങനെ ഏലി സാമുവലിന് പരിശീലനം നല്കുന്നു.



ദൈവവിളികള്‍ കുറഞ്ഞുവരുന്ന കാലമാണിത്. എന്നാല്‍, ദൈവം വിളിക്കാത്തതല്ല, വിളിക്കപ്പെടുന്നവര്‍ക്ക് അതിന് ഉത്തരം കൊടുക്കാനോ അഥവാ ഉത്തരം കൊടുക്കാന്‍ തക്കവിധം തുറവിയുള്ളവരാകാനോ സാധിക്കാത്തതാണ് ഈ പ്രതിസന്ധിയുടെ കാരണം. കൂദാശകള്‍ പരികര്‍മം ചെയ്യാന്‍ ആവശ്യത്തിന് വൈദികരും ശുശ്രൂഷകള്‍ ഏറ്റെടുക്കാന്‍ സമര്‍പ്പിതരുമൊന്നുമില്ലാത്ത അവസ്ഥ ഉണ്ടയേക്കാം എന്ന ചിന്ത പലരെയും അസ്വസ്ഥരാക്കുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ പൂര്‍വികരുടെ ഉദാരമനസ്‌കതയാണ് ഇന്ന് നാം കാണുന്ന ദേവാലയങ്ങളും പള്ളിക്കൂടങ്ങളുമൊക്കെ. കാരണം, സഭാശുശ്രൂഷക്കായി വിട്ടുകൊടുത്ത അവരുടെ മക്കളാണ് അതെല്ലാം രൂപപ്പെടുത്തിയത്. മകനോ മകളോ വൈദികാന്തസിലേക്കോ സന്യാസാന്തസിലേക്കോ വിളിക്കപ്പെടുന്നത് അഭിമാനമായി കണ്ടിരുന്ന അവരുടെ സന്മനസിന് നാം അവരോട് നന്ദിയുള്ളവരായിരിക്കണം. നമ്മുടെ തലമുറയിലും അതുപോലെ സന്യാസ പൗരോഹിത്യവിളികളുണ്ടാകാന്‍ തക്ക തുറവിയുള്ളവരുമാകണം. ദൈവവിളികളുടെ കുറവില്‍ നമുക്കും ഉത്തരവാദിത്വമുണ്ട്, അത് ആരുടെയെങ്കിലുംമേല്‍ കെട്ടിവയ്ക്കാന്‍ കഴിയില്ല.



പുണ്യത്തിന്റെ ഭവനം

ക്രിസ്തുവിന്റെ സഭയെ സേവിക്കാനുള്ള വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇന്നത്തെ യുവജനങ്ങളെ എങ്ങനെയാണ് നാം സഹായിക്കുക? 'പുണ്യത്തിന്റെ ഭവന'മായ കു ടുംബ സാഹചര്യം നാം ആദ്യം നല്കണം. കൂദാശകളെ കേന്ദ്രമാക്കിക്കൊണ്ടുള്ള പുണ്യജീവിതം നയിക്കാന്‍ ഭാവിയിലെ സഭാ നേതാക്കള്‍ പഠിക്കുന്നത് വീടുകളില്‍നിന്നാണ്. നമ്മുടെ ജ്ഞാനസ്‌നാന പ്രതിജ്ഞക്കനുസരിച്ച് സധൈര്യം ജീവിക്കുന്നതില്‍നിന്നാണ് യഥാര്‍ത്ഥ സമാധാനവും സന്തോഷവും വരുന്നതെന്ന് ജീവിതത്തിലൂടെ പുതിയ തലമുറയെ പഠിപ്പിക്കണം. സ്‌നാപകയോഹന്നാന്‍ പറഞ്ഞതുപോലെ  'ഇതാ, ദൈവത്തിന്റെ കുഞ്ഞാട്' എന്ന് യേശുവിനെ ചൂണ്ടിക്കാണിക്കാന്‍ വിളിക്കപ്പെട്ടവരാണ് മാതാപിതാക്കള്‍. സമൂഹത്തിനും ഇതേ ഉത്തരവാദിത്വമുണ്ട്. ജീവിതാന്തസ് തെരഞ്ഞെടുക്കാന്‍ സമയമായവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നത് മുതിര്‍ന്നവരായിരിക്കുമല്ലോ, പ്രധാനമായും മാതാപിതാക്കള്‍. അതിനാല്‍ അവരുടെ ജീവിതം അതിനുതകുന്നതായിരിക്കണം. അവര്‍ സ്വയമായി ദൈവത്തിന്റെ പ്രേരണകളെ മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിക്കുമ്പോഴാണ് യുവജനങ്ങളെ അങ്ങനെ ചെയ്യാന്‍ സഹായിക്കാന്‍ കഴിയുക. അതിനാല്‍ സാമുവലിനെ ദൈവസ്വരം മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിപ്പിച്ച ഏലിയെപ്പോലെ ആയിത്തീരാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്.



മഹത്തായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. വിവാഹജീവിതമായാലും ദൈവത്തിന്റെ സഭയിലെ സേവനമായാലും ഉദാരരായിരിക്കാനുള്ള ഒരു വിളി ദൈവം നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ളതിനപ്പുറം പോയി ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കാന്‍ ഒരു അതിസ്വാഭാവികമായ വിളി ചിലര്‍ക്ക് നല്കപ്പെടുന്നു; മാളത്തില്‍ വസിക്കുന്നവനെപ്പോലെയാകാനും മറ്റുള്ളവരുടെ പാപത്തിന്റെ ഭാരം വഹിക്കാനും. യേശുവിന്റെ മരണത്തിന്റെ ബലി വൈദികന്‍ ലോകത്തിനു മുഴുവനും നല്കുന്നു. സമര്‍പ്പിതയായ ഒരു സ്ത്രീ തന്റെ ത്യാഗത്തിലൂടെ പ്രായം കുറഞ്ഞവരും കൂടിയവരുമായ ആയിരക്കണക്കിന് വ്യക്തികള്‍ക്ക് അമ്മയാകുന്നു. അവരുടെ സേവനത്തിന് എന്തു പകരം വയ്ക്കാന്‍ കഴിയും? നാം  വൈദികരുടെ ത്യാഗത്തിന്റെ സദ്ഫലങ്ങള്‍ ഭക്ഷിച്ച് വളരുന്നവരും വളര്‍ന്നവരല്ലേ? അതിനാല്‍ പഴയകാലത്തെ മാതാപിതാക്കളുടെ മാതൃക ഇന്നത്തെ മാതാപിതാക്കളും പിന്‍ചെല്ലണം.



ഒരു പുതിയ വസന്തം

നിര്‍ഭാഗ്യവശാല്‍, യുവജനങ്ങള്‍ ദൈവവിളിയെ ''വന്ന് കാണുക'' എന്ന ക്ഷണമായിട്ട് കാണുമ്പോള്‍ സ്വന്തം ഭവനത്തില്‍നിന്ന് പലപ്പോഴും നിരുത്സാഹപ്പെടുത്തല്‍ ഉണ്ടാകുന്നു. ''അത് ഒരു ഏകാന്തജീവിതമാണ്, നിനക്ക് അവിടെ സന്തോഷമായിരിക്കില്ല,'' അതുമല്ലെങ്കില്‍ ''എനിക്ക് പേരക്കുട്ടികളെ വേണം'' എന്നിങ്ങനെ. എന്നാല്‍, പൂര്‍വ്വികര്‍ മക്കളെ സമര്‍പ്പിതജീവിതത്തിലേക്ക് വിടുന്നതില്‍ ഉദാരരായിരുന്നു. ദൈവത്തിനായി സ്വയം സമര്‍പ്പിക്കുന്ന കുടുംബാംഗത്തെ വലിയ അനുഗ്രഹമായി അവര്‍ കണ്ടു. തിരിച്ച് എന്താണ് നമുക്ക് ലഭിച്ചത്. അനേകം ദേവാലയങ്ങളും അവിടെ ആത്മീയാവശ്യങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും ലഭിച്ചില്ലേ? നമുക്കും ഉദാരതയുടെ ആ മാതൃക പിന്‍തുടരാന്‍ ശ്രമിക്കാം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രവചിച്ച ഒരു 'പുതിയ വസന്തകാല'ത്തിന്റെ ഭാഗമാകാം. ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിച്ചും പ്രോത്സാഹിപ്പിച്ചും അടുത്ത തലമുറക്കായി നമുക്ക് കരുതിവയ്ക്കാം. നാം ദൈവത്തിന്റെ വിളിയോട് ക്രിയാത്മകമായി പ്രതികരിക്കുമെങ്കില്‍ നമ്മുടെ മക്കളെയും വരും തലമുറകളെയും സേവിക്കാന്‍ അനേകം വൈദികരും സന്യസ്തരും ഉണ്ടാകും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്വപ്നം കണ്ട ഒരു പുതുവസന്തകാലം അതുവഴി യാഥാര്‍ത്ഥ്യമാകട്ടെ.

Sunday, 13 May 2012

ദൈവവിളിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ലോകരക്ഷകനായ ഈശോ,അങ്ങില്‍നിന്നു ലഭിച്ചിട്ടുള്ള സകല അനുഗ്രഹങ്ങള്‍ക്കും പ്രത്യേകിച്ച്,സത്യവിശ്വാസത്തിനും ഞങ്ങള്‍ നന്ദി പറയുന്നു.ആ വിശ്വാസത്തില്‍ ദൃഡമായി നിലനില്‍ക്കുന്നതിനും,
വളര്‍ന്നുവരുന്നതിനുമുള്ള കൃപാവരം ഞങ്ങള്‍ക്കു നല്കണമേ.കര്‍ത്താവേ,ഇനിയും അസംഖ്യം ജനങ്ങള്‍ അങ്ങയെ
അറിയാതെയും അറിയുന്നതിനുള്ള മാര്‍ഗ്ഗമില്ലാതെയും ജീവിക്കുന്നുണ്ടെന്ന് അങ്ങ് ഓര്‍ക്കണമേ.വിളവിലേയ്ക്ക് 
വേലക്കാരെ അയയ്ക്കുവാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കണമെന്ന് അങ്ങ് ആവശ്യപ്പെട്ടുവല്ലോ.പരിശുദ്ധ
കന്യകാമറിയത്തിന്റെയും വിശുദ്ധ യൌസേപ്പിന്റെയും ഇന്ത്യയുടെ അപ്പസ്തോലനായ വി.തോമാശ്ലീഹായുടെയും സാര്‍വ്വത്രിക മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥരായ ഉണ്ണീശോയുടെ വി.കൊച്ചുത്രേസ്യ,വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ എന്നിവരുടെയും മാദ്ധ്യസ്ഥ്യം വഴി അങ്ങയുടെ പ്രേഷിതരാകുന്നതിന് ഉത്തമരായ അനവധി യുവതിയുവാക്കളെ സന്നദ്ധരാക്കണമേ.ആല്‍മാക്കളുടെ രക്ഷയ്ക്കായി തീക്ഷണതയോടെ വേല ചെയ്യുന്നതിനുള്ള അനുഗ്രഹം അവര്‍ക്കു നല്കണമേ.ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്നും ഇടവകയില്‍ നിന്നും പ്രേഷിത രംഗങ്ങളില്‍ വേല ചെയ്യുന്നതിന് തീക്ഷ്ണമതികളായ ധാരാളം പ്രേഷിതരെ വിളിക്കുകയും ചെയ്യണമേ.ആമ്മേന്‍ .
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22