അധ്യാപക ദിനം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് സ്‌കൂളുമായി ബന്ധപ്പെട്ട ചിന്തകളായിരിക്കും. നമ്മള്‍ ഓരോ അധ്യയനവര്‍ഷാരംഭത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ കാര്യങ്ങളാണ്. എന്നാല്‍, ദിവസങ്ങള്‍ക്കു മുമ്പ് വ്യത്യസ്തമായ ഒരു ഇമെയില്‍ ലഭിച്ചു. അതിലുണ്ടായിരുന്നത് അധ്യാപകരുടെ പ്രാര്‍ത്ഥനയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വഴികാണിക്കുന്നതിന് കൃപ ലഭിക്കുന്നതിനായി ഒരധ്യാപകന്‍ ദൈവത്തോട് നടത്തുന്ന പ്രാര്‍ത്ഥന. അതിന്റെ ചുരുക്കം ഇങ്ങനെയാണ്. ''ഈ ഭൂമിയില്‍ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ എന്നെ സഹായിക്കണമേ. അതിലൂടെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടുവാനും, ഏതവസ്ഥയിലും ശരിയായ വഴി തിരിച്ചറിയാനും അവര്‍ക്കു കഴിയട്ടെ. പാഠപുസ്തകങ്ങളില്‍ ഒതുങ്ങാതെ യഥാര്‍ത്ഥ സത്യം മനസിലാക്കുവാന്‍ കഴിയുംവിധം അവര്‍ക്കു വഴികാട്ടിയാകുവാന്‍ എന്നെ അനുഗ്രഹിച്ചാലും. ഭൂമിയുടെ മനോഹാരിത ആസ്വദിക്കുവാന്‍ കഴിയുംവിധം അവരിലെ സൗന്ദര്യബോധം വളര്‍ത്തുവാന്‍ എന്നെ പ്രാപ്തനാക്കണമേ. അവര്‍ കുറച്ചുകൂടി നല്ല മനുഷ്യരായിത്തീര്‍ന്ന് ലോകത്തിന് അനുഗ്രഹങ്ങളായി മാറട്ടെ.''
അധ്യാപക സമൂഹം ഈ പ്രാര്‍ത്ഥന ഹൃദയപൂര്‍വം ഏറ്റെടുത്താല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിനുള്ള തുടക്കമാകുമത്. അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ കഴിയുന്നവരാണ് അധ്യാപകര്‍. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് വളര്‍ന്നുവരുന്ന തലമുറയാണെന്നത് സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്ന വാചകമാണ്. എങ്കില്‍ തലമുറകളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്നവരാണ് അധ്യാപകര്‍. ഒരു കുട്ടിയുടെ കഴിവും കഴിവുകേടുകളും സാധ്യതകളും ഒരുപക്ഷേ, മാതാപിതാക്കന്മാരെക്കാളും കൂടുതല്‍ മനസിലാക്കാന്‍ കഴിയുന്നത് അധ്യാപകര്‍ക്കായിരിക്കും. എത്ര കഴിവുള്ളവര്‍ക്കും എല്ലാ മേഖലയിലും ഒരുപോലെ ശോഭിക്കാന്‍ കഴിയില്ല. മികച്ച പത്രപ്രവര്‍ത്തകനെന്ന് പേരു സമ്പാദിച്ച ഒരാള്‍ അതിനു പകരം ഡോക്ടറാകുകയായിരുന്നെങ്കില്‍ ആ മേഖലയില്‍ പേരെടുക്കണമെന്നില്ല. പത്രപ്രവര്‍ത്തകന് പ്രശസ്തനാകാന്‍ കഴിഞ്ഞത് അഭിരുചിക്കനുസരിച്ചുള്ള മേഖലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. അതുകൊണ്ടാണ് ജീവിതത്തിന്റെ ഗതിമാറ്റിമറിക്കാനും ലോകത്ത് പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനും ചില തിരഞ്ഞെടുപ്പുകള്‍ കാരണമാകുമെന്ന് പറയുന്നത്.
പ്രശസ്തരും പ്രഗത്ഭരുമായ അനേകര്‍ തങ്ങള്‍ക്കു വഴികാട്ടികളായി മാറിയ അധ്യാപകരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവരുടെ തിരഞ്ഞെടുപ്പുകളുടെ പിന്നില്‍ അധ്യാപകരുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഭാഗമായ പല പേരുകളും നാം കേള്‍ക്കുമായിരുന്നില്ല. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രമല്ല അധ്യാപകര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നത്. മെഡിക്കല്‍ കോളജില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ ആ പ്രൊഫഷനോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥത കുറച്ചു വിദ്യാര്‍ത്ഥികളെ എങ്കിലും സ്വാധീനിക്കും. അതിലൂടെ ഭാവിയില്‍ കുറച്ചുകൂടി നല്ല ഡോക്ടര്‍മാരെ ലോകത്തിന് ലഭിക്കും. പല പദവികളും വഹിക്കുന്നവരെ ബഹുമാനിക്കുന്നത് അവരുടെ അധികാരമുള്ള കാലത്ത് മാത്രമായിരിക്കും. പക്ഷേ റിട്ടയര്‍ ചെയ്താലും പഠിപ്പിച്ച അധ്യാപരോടുള്ള ബഹുമാനം ആരും കുറയ്ക്കാറില്ല. അധ്യാപകരുടെ സാധ്യതകളിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.
ഗുരുക്കന്മാരെ ആദരവോടെ കാണുകയും അവരുടെ അനുഗ്രഹത്തിന് വലിയ ഗൗരവം കല്പിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമ്മുടേത്. നിര്‍ഭാഗ്യവശാല്‍ അതിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചകള്‍ ഒരുപരിധിവരെ കാരണമായിട്ടുണ്ട്. പലതും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കിലും മാതാപിതാ ഗുരു ദൈവമെന്ന് ചൊല്ലിപഠിച്ച സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാരായതുകൊണ്ടായിരിക്കാം ആ വീഴ്ചകള്‍ക്ക് കൂടുതല്‍ ഗൗരവം ഉണ്ടാകുന്നത്. എല്ലാവര്‍ക്കും മാതൃകകളാകേണ്ടവര്‍ക്ക് സംഭവിക്കുന്ന ചെറിയ ദിശാഭ്രംശങ്ങള്‍പ്പോലും സമൂഹത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അധ്യാപകസമൂഹത്തിനുണ്ടായ അപചയത്തിന് ചൂണ്ടിക്കാണിക്കാന്‍ പലവിധ കാരണങ്ങളുണ്ട്. യൂണിയന്‍ പ്രവര്‍ത്തനം, ജോലിയില്‍ സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ, സ്വകാര്യ മേഖലയില്‍ നിലനില്ക്കുന്ന മതിയായ ശമ്പളം ഇല്ലാത്ത സാഹചര്യങ്ങള്‍, ജോലി ലഭിക്കുന്നതിനുള്ള അധികയോഗ്യതയായി സമ്പത്ത് മാറുന്നത് എന്നു തുടങ്ങീ അനേകം കാര്യങ്ങള്‍ പറയാന്‍ കഴിയും. സമര്‍പ്പണമനോഭാവം ഇല്ലാത്ത, അധ്യാപനത്തെ വെറും ജോലിയായി കരുതുന്ന ധാരാളം പേര്‍ ആ മേഖലയില്‍ എത്തിയതും തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. എവിടെയാണ് വീഴ്ചകള്‍ സംഭവിച്ചതെന്ന് അധ്യാപകരും പരിശോധിക്കണം.
അധ്യാപന രംഗം കൂടുതല്‍ വിശുദ്ധീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് ഗവണ്‍മെന്റിനും സഭയ്ക്കും സമൂഹത്തിനുമൊക്കെ അവരുടേതായ പങ്കുവഹിക്കാനുണ്ട്. സമൂഹത്തെ മൂല്യവല്ക്കരിക്കണമെങ്കില്‍ പുതിയ തലമുറയെ ആ വഴിയിലൂടെ നടത്തണം. മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസക്കുറവ് കാണിക്കുന്ന കൊച്ചുകുട്ടികള്‍പ്പോലും അധ്യാപകരെ അവിശ്വസിക്കാറില്ല. വിശുദ്ധ മനസുള്ള അധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചാല്‍ തീര്‍ച്ചയായും അവരിലും ആ ഘടകങ്ങള്‍ സ്വാധീനം ചെലുത്തും. മക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ ഇനി അധ്യാപകര്‍ക്കുകൂടി ഇടംനല്കാം. മക്കളുടെ അധ്യാപകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ഓരോ കുടുംബവും തീരുമാനമെടുക്കണം. മക്കള്‍ പഠനം കഴിഞ്ഞവരാണെങ്കില്‍ പഠിപ്പിച്ച അധ്യാപകരെ ഓര്‍ത്ത് ദൈവത്തിന് നന്ദിപറയണം. സമൂഹം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയാല്‍ ദൈവം ഇടപെടും. എല്ലാ കുറവുകളും അതിലൂടെ പരിഹരിക്കപ്പെടും.
No comments:
Post a Comment