അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label തിരുഹൃദയ നൊവേന. Show all posts
Showing posts with label തിരുഹൃദയ നൊവേന. Show all posts

Tuesday, 7 August 2012

നീ ഇനിയും സര്‍വ്വശക്തനോടു വാദിക്കുമോ



ജോബിന്റെ പുസ്തകം 38 മുതല്‍ 41 വരെയുള്ള അദ്ധ്യായങ്ങളില്‍ നാല് പ്രസംഗകര്‍( ദൈവത്തെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ട്) ജോബിനോട് സംസാരിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ദൈവം സംസാരിക്കുന്നത്. ശ്രദ്ധിക്കുക, ദൈവം ഒരിക്കല്‍പോലും ജോബ്‌  എന്തെങ്കിലും രഹസ്യപാപം ചെയ്തിട്ടുണ്ടെന്നു കുറ്റപ്പെടുത്തുകയോ പാപത്തിന്റെ ശിക്ഷയാണ് അവന്‍ അനുഭവിക്കുന്നതെന്നു പറയുകയോ ചെയ്തില്ല. എന്നാല്‍ ദൈവം സംസാരിച്ച ഉടനെ ജോബിന്  പാപബോധമുണ്ടാകുകയും അനുതപിക്കുകയും ചെയ്തു. ആളുകളോട് എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ പ്രസംഗിക്കണമെന്നും പഠിപ്പിക്കുന്ന എത്ര നല്ല പാഠമാണിത്. ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികള്‍ അല്ല. 



പല പ്രസംഗകരും മറ്റുള്ളവര്‍ ചെയ്ത പാപങ്ങള്‍ എന്നു ഭാവനയില്‍ ചിലതു കണ്ടുകൊണ്ട് ആളുകള്‍ക്കു പാപബോധം വരുത്തുവാന്‍ പ്രസംഗിക്കുന്നു. അത്തരം ഒരു സമീപനം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ദൈവത്തിന്റെ മുമ്പാകെ കുറ്റപ്പെടുത്തുന്ന ആത്മാവുമായി നിന്നു എന്ന കുറ്റം അവന്റെ മേല്‍ വരുന്നു എന്നു മാത്രം. ദൈവം തന്റെ മഹാദയയിലും കരുണയിലും മനുഷ്യരോട് സംസാരിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയാണ്. അപ്പോള്‍ മനുഷ്യനു തികഞ്ഞ പാപബോധമുണ്ടായി ഇങ്ങനെ പറയുന്നു: ''ഓ ദൈവമേ, ഞാന്‍ ദുഷിച്ചവന്‍, ഞാന്‍ ഒന്നുമില്ലാത്തവന്‍, ഞാന്‍ അനുതപിക്കുന്നു, എന്നോടു ക്ഷമിക്കേണമേ.'' ദൈവം തന്റെ ദയയിലൂടെ മനുഷ്യരെ മാനസാന്തരത്തിലേക്കു നടത്തുന്നു.


ഈ അദ്ധ്യായങ്ങളില്‍ ദൈവം ജോബിനോട്  ചോദിച്ച മൂന്ന് അടിസ്ഥാനചോദ്യങ്ങള്‍ ഇവയാണ്.

1. സൃഷ്ടിയുടെ പിന്നിലുള്ള അത്ഭുതങ്ങളെ നിനക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആത്മീയയാഥാര്‍ത്ഥ്യങ്ങളെ എങ്ങനെ മനസ്സിലാക്കും?

2. എന്റെ സൃഷ്ടിയെ ഞാന്‍ നിയന്ത്രിക്കുന്നുവെങ്കില്‍, നിന്റെ ആടുകളുടെ മേല്‍ പതിച്ച മിന്നലിന്റെ മേലും നിന്റെ ദാസന്മാരെ കൊന്ന ശെബായരുടെയും കല്ദയരുടെയും മേലും നിന്റെ മക്കളുടെ മേല്‍ അടിച്ച കൊടുങ്കാറ്റിന്റെ മേലും എനിക്കു നിയന്ത്രണമില്ലെന്നാണോ നീ കരുതുന്നത്?

3. ഞാന്‍ സൃഷ്ടിച്ച ഒരു മുതലയുടെ മുമ്പില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നീ എങ്ങനെ എന്റെ മുമ്പില്‍ നില്‍ക്കും?

ദൈവം സൃഷ്ടിയുടെ മേലുള്ള തന്റെ പരമാധികാരവും നിയന്ത്രണവും ജോബിനെ  കാണിച്ചുകൊടുത്തു. അതു മാത്രമാണ് വേണ്ടിയിരുന്നത്. അപ്പോള്‍ ജോബ്‌  താഴ്മയുള്ളവനായിത്തീര്‍ന്നു. നാലു പ്രസംഗങ്ങളുടെ മണിക്കൂറുകള്‍ നീണ്ട നേരിട്ടുള്ള ആക്രമണത്താല്‍ ഒന്നും സാധിച്ചില്ല. എന്നാല്‍ ദൈവത്തിന്റെ നേരിട്ടല്ലാതെയുള്ള സമീപനം ചില നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം സാധിച്ചു. ദൈവത്തിനു തന്റെ എല്ലാ സൃഷ്ടികളിന്മേലുമുള്ള പരമാധികാരത്തിലുള്ള നമ്മുടെ വിശ്വാസമാണ് നാം പ്രശ്‌നങ്ങളെയോ കഷ്ടതയെയോ ശത്രുക്കളെയോ നേരിടുമ്പോള്‍ നമ്മുടെ ഹൃദയത്തെ സ്വസ്ഥതയില്‍ നിര്‍ത്തുന്നത്.

ദൈവം ജോബിനോട്  ചോദിച്ചു: ''നീ ഇനിയും സര്‍വ്വശക്തനോടു വാദിക്കുമോ''? എല്ലാ തര്‍ക്കത്തിനും ഉടന്‍ ഉടന്‍ മറുപടി ഉണ്ടായിരുന്ന ജോബ്‌  ഇപ്പോള്‍ നിശ്ശബ്ദനായി. ഇപ്പോള്‍ അവന്‍ പറയുന്നു ''ദൈവമേ ഞാന്‍ ആരുമല്ല; എനിക്കോന്നും പറയാനില്ല; ഞാന്‍ ഇനി ഒന്നും സംസാരിക്കുകയില്ല''.


നമ്മുടെ ഒന്നുമില്ലായ്മ നാം അംഗീകരിക്കണമെന്നും അങ്ങനെ ദൈവം നമ്മുടെ ജീവിതത്തില്‍ എല്ലാമായിത്തീരണമെന്നുമുള്ള പാഠമാണ് വേദപുസ്തകത്തിലെ ആദ്യം എഴുതപ്പെട്ട പുസ്തകത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തിന് ആരെയെങ്കിലും ഉപയോഗിക്കണമെങ്കില്‍ ആദ്യം അയാളെ ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിക്കണം.

പൗലൊസ് പറഞ്ഞു: '' അപ്പോളോസ്  ആരാണ് ? പൌലോസ്‌ ആരാണ് ? കര്‍ത്താവു തന്നതനുസരിച്ചു നിങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ശുശ്രുഷകര്‍ മാത്രം .ഞാന്‍ നട്ടു അപ്പോളോസ് നനച്ചു എന്നാല്‍ ദൈവമാണ്  വളര്‍ത്തിയത്‌ അത് കൊണ്ട് നടുന്നവനോ നനക്കുന്നവനോ അല്ല വളര്തുന്നവനായ ദൈവത്തിന്നു പ്രാധാന്യം ''(1കൊരി. 3:5,6).മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സുവിശേഷീകരണം നടത്തുന്നവനോ വേദപുസ്തകം പഠിപ്പിക്കുന്നവനോ ഒന്നുമല്ല, ദൈവമാണ് എല്ലാം. മുഴുവന്‍ മഹത്വവും അവിടുത്തേക്കുള്ളതാണ്. അതാണ് പൗലൊസിന്റെ ജീവിതത്തിലെ രഹസ്യം. തന്റെ ജീവിതത്തിന്റെ അവസാനം വരെ അവന്‍ ഒന്നുമില്ലാത്തവനായിരുന്നു.

എവിടെയെങ്കിലും ചില ആത്മാക്കളെ രക്ഷിച്ചതിന്റെ പ്രശംസ നേടുന്നതിനു ചില സുവിശേഷകന്മാര്‍ വലിയ ഉത്സാഹം കാണിക്കാറുണ്ട്. കേരളത്തിന്‌ പുറത്തു കര്‍ത്താവിന്റെ സഭകള്‍ തമ്മില്‍ അടിയാണ് .ചിലര്‍ പറയുന്നു ഞങ്ങളെ വളര്‍ത്തുന്നില്ല മറ്റു സഭകള്‍ പറയുന്നു ഞങ്ങളുടെ അനുവാദമില്ലാതെ അവര്‍ പുരോഹിതരെ കൊണ്ട് വരുന്നു.വിശ്വാസികളെ നോക്കുകുത്തികള്‍ ആക്കിക്കൊണ്ട് അവര്‍ വളരുന്നു എന്നാല്‍ എന്താണ് അവര്‍ വളര്‍ത്തുന്നത് കര്‍ത്താവിന്റെ സഭയോ ?സ്വന്തം രൂപതയുടെ അല്ലേല്‍ റീത്ത് ന്റെ കീഴില്‍ വിശ്വാസികളെ നിര്‍ത്തിയത് കൊണ്ട് അവര്‍ എന്താണ് നേടാന്‍ പോകുന്നത് ..സീറോ മലബാര്‍ മുതല്‍ ഓര്‍ത്തഡോക്സ് യാകൊബായ ലത്തീന്‍ ക്നാനായ തുടങ്ങിയ എല്ലാവരോടും കൂടിയാണ് ഞാന്‍ ചോദിക്കുന്നെ ???ഒരു പള്ളിയില്‍ അന്ത്യ കര്‍മം നടത്താന്‍ പോലീസ് വരുന്നതാണോ കര്‍ത്താവിന്റെ കുഞ്ഞാടുകളുടെ മാതൃക ?ഇതിനാണോ കര്‍ത്താവു കാല്‍വരിയില്‍ മരിച്ചത് ??


 ചിലര്‍  ഇങ്ങനെ പരാതിപ്പെടുന്നു: ''എന്റെ സഭയിലെ പള്ളികള്‍  മറ്റേ സഭക്കാര്‍ തട്ടി എടുത്തു ..ഇല്ലേ ഗള്‍ഫിലെ തല മൂത്ത കമ്മ്യൂണിറ്റി ചേട്ടന്മാര്‍ പറയും എന്റെ ഗ്രൂപ്പിലെ ആള്‍ക്കാരെ അവര്‍  തട്ടിക്കൊണ്ടുപോയി.'' എന്തുകൊണ്ടാണ് ക്രിസ്തീയപ്രവര്‍ത്തകര്‍ ഇങ്ങനെ സംസാരിക്കുന്നത്? കാരണം അവര്‍ ഇനിയും പൂജ്യം ആയിട്ടില്ല എന്നതുതന്നെ. അവര്‍ എന്റെ സഭ എന്നു പറയുമ്പോള്‍ ഏതു സഭയെക്കുറിച്ചാണ് പറയുന്നത്? എന്റെ ഗ്രൂപ്പ്‌ എന്ന് പറയുന്നത് ഇതു ഗ്രൂപ്പ്‌ ആണ് എന്റെ റീത്ത് എന്ന് പറയുന്നത് ഇതു റീത്ത് ആണ് .. യേശുക്രിസ്തുവിന്റെ സഭയെക്കുറിച്ച് നമക്കറിയാം. എന്നാല്‍ ഏതാണ് അവരുടെ സഭ? തീര്‍ച്ചയായും എല്ലാവരും 'അവരുടെ സഭ'യില്‍ നിന്നുമെടുക്കപ്പെട്ട് യേശുക്രിസ്തുവിന്റെ സഭയില്‍ ആകണം. 'അവരുടെ സഭ'യെന്നത് ഇല്ലാതാകണം.

താന്‍ വളരെ നിസ്സാരനാണെന്ന് അംഗീകരിക്കുവാനും ഇനി സ്വയം നീതീകരിക്കയില്ല എന്നു തീരുമാനിക്കുവാനും ജോബ്‌ വളരെക്കാലം എടുത്തു. അതുകൊണ്ട് ജോബ്‌ തന്റെ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ ''കേള്‍ക്കുവാന്‍ വേഗതയുള്ളവനും പറയുവാന്‍ താമസമുള്ളവനുമായിരുന്നു''(യാക്കോ.1:19). ആറ് അദ്ധ്യായങ്ങളിലുള്ള ജോബിന്റെ  നീണ്ട പ്രസംഗമാണ് വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും നീണ്ട സ്വയംനീതീകരണം.(അദ്ധ്യായം 26-31). അതിലുടനീളം സ്വയനീതിയുടെ ദുര്‍ഗന്ധമുണ്ട്. എന്നാല്‍ ജോബിന്  തന്റെ നിഗളം മണക്കുവാന്‍ കഴിഞ്ഞില്ല.

അവസാനം ഈ സ്വയംനീതിക്കാരനായ മനുഷ്യന്‍ ഒരു പൂജ്യമായിത്തീര്‍ന്നു. ആരുടെ പ്രസംഗം വഴിയാണ്? ദര്‍ശനങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞ മനുഷ്യനിലൂടെയോ? പിതാക്കന്മാരുടെ പാരമ്പര്യത്തെ വിശുദ്ധമായി കണ്ടവനിലൂടെയോ? സ്വയം പ്രവാചകനായി അവരോധിച്ചവനിലൂടെയോ? അതോ ഏറ്റവും ശരിയായ കാര്യങ്ങള്‍ മാത്രം പറഞ്ഞ മനുഷ്യനിലൂടെയോ? ഈ നാലു പ്രസംഗകര്‍ക്കും ജോബിനെ  സഹായിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തിനു മാത്രമേ ജോബിനെ  സഹായിക്കാന്‍ കഴിഞ്ഞുള്ളു. അവിടുന്ന് അഞ്ചാമത്തെ പ്രസംഗകനായിരുന്നു. ദൈവത്തെയാണ് നാം അനുഗമിക്കേണ്ടത്. ''ദൈവത്തെ അനുഗമിക്കുക''(എഫേ.5:1).
മറ്റ് പ്രസംഗകരുടെ നീണ്ട പ്രസംഗങ്ങള്‍ക്കു സാധിക്കാഞ്ഞത് ദൈവത്തിന്റെ ചെറിയ സന്ദേശത്തിലൂടെ സാധിച്ചത് എത്ര ആശ്ചര്യകരമാണ്. എന്താണ് ഇതിനു കാരണം? ഉത്തരമിതാണ് ദൈവം job സ്‌നേഹിച്ചു. മറ്റു നാലു പ്രസംഗകര്‍ക്കും അതിനു കഴിഞ്ഞില്ല. നാം ഹൃദയപൂര്‍വ്വം ആളുകളെ സ്‌നേഹിക്കുമ്പോള്‍ അവര്‍ക്കു നല്‍കാന്‍ കൃത്യമായ വാക്കുകളെ ദൈവം നല്‍കും. നാം അവരെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവരെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമായിരിക്കും ചെയ്യുക. അവരെ അനുഗ്രഹിക്കുവാന്‍ നമുക്കു കഴിയുകയില്ല. അതുകൊണ്ട് നാം ശുശ്രൂഷിക്കുന്ന ആളുകളെ സ്‌നേഹിക്കുവാന്‍ നമുക്കു പഠിക്കാം. അപ്പോള്‍ അവരോടു സംസാരിക്കുവാനുള്ള വാക്കുകള്‍ ദൈവം തന്നെ നമുക്കു നല്‍കും.

ദൈവത്തിന്റെ ഒരു പ്രവാചകനു ഹൃദയത്തില്‍ ദൈവവചനവും ദൈവജനവും ഉണ്ടായിരിക്കണം. അപ്പോള്‍ ദൈവം അവനു പ്രവചനപരമായ സന്ദേശങ്ങള്‍ നല്‍കും.

നാലു പ്രസംഗകരും ജോബിന്  പാപബോധം വരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ ദൈവമോ അവനെ ആരാധകനാക്കുവാനാണ് ശ്രമിച്ചത്. അതില്‍ ദൈവം വിജയിക്കുകയും ചെയ്തു.അവിശ്വാസമുള്ള ഈ തലമുറയ്ക്കു നമ്മളും കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ദൈവം സര്‍വ്വശക്തനും പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പരമാധികാരിയുമാണെന്നാണ്. നമ്മുടെ ശത്രുവിന്റെ ഭീഷണിപ്പെടുത്തലില്‍ ഭയപ്പെടരുത്. കാരണം പരമാധികാരിയായ നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് അനുവാദം കൊടുക്കാതെ നമ്മുടെ തലയിലെ ഒരു മുടിയില്‍ തൊടാന്‍പോലും ആര്‍ക്കും കഴിയുകയില്ല. എപ്പോഴും വിമര്‍ശിക്കുന്ന സ്വഭാവത്തില്‍നിന്നും കരുണയോടെ പെരുമാറുവാന്‍ നമുക്കു പഠിക്കാം. യഥാര്‍ത്ഥവസ്തുതകള്‍ മനസ്സിലാക്കാതെ ഒന്നിനെയും വിധിക്കരുത്. വസ്തുതകള്‍ എല്ലാം നമുക്കറിയാമെങ്കിലും നാം അറിയാത്ത ചില വസ്തുതകള്‍ കൂടി കണ്ടേക്കാം എന്നു സമ്മതിക്കുക. അതുകൊണ്ട് എപ്പോഴും നമ്മെത്തന്നെ താഴ്ത്തി ഇങ്ങനെ പറയുക: ''ദൈവമേ, ഞാനൊന്നുമല്ല, എന്റെ കൈകൊണ്ട് വായ് പൊത്തി ഞാന്‍ മിണ്ടാതിരിക്കും''.

ജോബ്‌  ഇങ്ങനെയും പറഞ്ഞു ''ദൈവമേ ഞാന്‍ അങ്ങയെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ എന്റെ കണ്ണാല്‍ അങ്ങയെ കാണുന്നു''( ജോബ്‌  . 42:5).ദൈവത്തെ കേള്‍ക്കുന്നതും ദൈവത്തെ വ്യക്തിപരമായി അറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പത്മോസ്ദ്വീപില്‍വച്ച് യോഹന്നാന്‍ ദൈവത്തെ കണ്ടപ്പോള്‍ കമിഴ്ന്നു വീണ് നമസ്‌കരിച്ചു. ജോബ്‌  ദൈവത്തെ വീണ് നമസ്‌കരിച്ചു. ദൈവത്തെ കുറ്റപ്പെടുത്തി സംസാരിച്ച എല്ലാ വാക്കുകളും വിട്ട് ജോബ്‌ ആഴത്തില്‍ അനുതപിച്ചു.(42:6). നാം കാണുന്നപോലെ ദൈവം ഉടനെ അവനോട് എല്ലാം ക്ഷമിക്കുന്നു.

Friday, 1 June 2012

ഈശോയുടെ തിരുഹൃദയ നൊവേന






ഈ വരുന്ന ജൂണ്‍ മാസം 15  തിയതി ഇശോയുടെ തിരു ഹൃദയത്തിന്‍റെ തിരുനാളാണ് .  ജൂണ്‍ മാസം തിരു ഹൃദയത്തിന്‍റെ മാസവും ..ഇനി   15 ദിവസത്തേക്ക് ഈ  നൊവേന ചൊല്ലിയാലോ ???

പ്രാരംഭ ഗാനം
(മറിയമേ നിന്റെ..... എന്ന രീതി)
ഈശോതന്‍ ദിവ്യ ഹൃദയമേ നിന്നെ
സ്നേഹിപ്പാന്‍ കൃപയേകണേ
നിന്‍ തിരുരക്തം വിലയായ് നല്‍കി നീ
ലോകത്തിന്‍ പാപം മോചിച്ചു.

കല്‍പ്പന തെല്ലും പാലിക്കാതെ ഞാന്‍
ഇന്നോളമങ്ങേ ദ്രോഹിച്ചു
പാപങ്ങളെല്ലാം വിസ്മരിച്ചെന്നെ
പൂര്‍ണ്ണമായ് കൈക്കൊണ്ടീടണേ,

കനിവോടെ എന്നെ കാക്കണേ എന്റെ
യാചനയെല്ലാം കേള്‍ക്കണേ
ഇനിമേലിന്നുതൊട്ടൊരുനാളുമങ്ങേ
പിരിയാതിരിപ്പാന്‍ തുണയേകൂ.

പ്രാരംഭ പ്രാര്‍ത്ഥന

അനന്ത നന്മസ്വരൂപിയായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങേ എക പുത്രനെ ഈ ലോകത്തിലേക്കയച്ച് പാപാന്ധകാരത്തില്‍ നിപതിച്ച മനുഷ്യരാശിയെ രക്ഷിക്കാന്‍ തിരുമനസായതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ രക്ഷയും ആശ്രയവുമായ ഈശോയെ, പാപികളായ ഞങ്ങളോരോരുത്തരെയും അങ്ങ് കാത്തുരക്ഷിക്കണമേ. അങ്ങേ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈശോയുടെ തിരുഹൃദയ ഭക്തരായ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അങ്ങ് കൈക്കൊള്ളണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങളപേക്ഷിക്കുന്ന കാര്യങ്ങള്‍ ....., സാധിച്ചുതന്ന്  ഞങ്ങള്‍ക്കു സമാധാനവും സഹായവും നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
1 സ്വര്‍ഗ. 1 നന്മ. 1 ത്രിത്വ.

സമൂഹ പ്രാര്‍ത്ഥന

(ഈശോ വിശുദ്ധ മര്‍ഗരീത്താ മരിയത്തിന്നു പ്രത്യക്ഷപ്പെട്ട് നല്‍കിയ 12 വാഗ്ദാനങ്ങളെക്കുറിച്ച് നമുക്കു ധ്യാനിക്കാം.) .

1. "എന്റെ ദിവ്യഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും ഞാന്‍ പ്രദാനംചെയ്യും" എന്നരുളിച്ചെയ്ത ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

2. "അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം നല്‍കും" എന്നരുളിച്ചെയത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

3. "അവരുടെ സങ്കടങ്ങളില്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കും" എന്നരുളിച്ചെയത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

4. "ജീവിതകാലത്തും പ്രത്യേകം അവരുടെ മരണസമയത്തും ഞാന്‍ അവര്‍ക്ക് ഉറപ്പുള്ള സങ്കേതമായിരിക്കും എന്നരുളി ചെയ്ത" ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

5. "അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്‍ അനവധി ആശീര്‍വാദങ്ങള്‍ നല്‍കും എന്നരുളിചെയ്ത" ഈശോയെ,
സമൂ" ഞങ്ങളെ അനുഗ്രഹിക്കണമേ.

6. "പാപികള്‍ എന്റെ ഹൃദയത്തില്‍ അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും" എന്നരുളിച്ചെയ്ത ഈശോയെ'
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

7. "മന്ദതയുള്ള ആത്മാക്കള്‍ തീക്ഷ്ണതയുള്ളവരാകും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

8. "തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗം പരിപൂര്‍ണ്ണതയുടെ പദവിയില്‍ പ്രവേശിക്കും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

9."എന്റെ തിരുഹൃദയരൂപം പ്രതിഷ്ഠിച്ചു വണങ്ങുന്ന ഭവനങ്ങളില്‍ എന്റെ ആശീര്‍വാദമുണ്ടാകും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

10. "കഠിനഹൃദയരായ പാപികളെ മനസ്സുതിരിക്കുന്നതിനുള്ള വരം വൈദികര്‍ക്കു ഞാന്‍ നല്‍കും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

11. "തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

12. "ഒന്‍പത് ആദ്യവെള്ളിയാഴ്ച തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനം വരെയുള്ള നിലനില്പിന്റെ വരം നല്‍കും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

"വഴിയും സത്യവും ജീവനും ഞാനാകുന്നു" എന്നും "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം", എന്നും "എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് അപേക്ഷിക്കുന്നതെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും" എന്നും അരുള്‍ചെയ്ത ഈശോനാഥാ, അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൈക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

ലുത്തീനിയ

കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കാം.
സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: കാലിത്തൊഴുത്തില്‍ പിറന്ന്, 33 വത്സരം ഇഹലോകത്തില്‍ ജീവിച്ച്, കാല്‍വരിയില്‍ കുരിശില്‍ മരിച്ച്, മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റ്, ഞങ്ങളെ രക്ഷിച്ച ഈശോനാഥാ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: ഞങ്ങളുടെ നിരവധിയായ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമെന്നും, മേലില്‍ പാപത്തില്‍ വീഴാതെ ഞങ്ങളെ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: പ്രകൃതിക്ഷോഭം, തീരാരോഗങ്ങള്‍, അപകടങ്ങള്‍, ദാരിദ്ര്യം ഇവയില്‍നിന്നും മോചനം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: നല്ലകാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിയണെമേ.

കാര്‍മ്മി: എല്ലാ മനുഷ്യരും സഹോദരസ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും സാധുജനാനുകമ്പയിലും വളര്‍ന്നുവരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: ഞങ്ങളുടെ മക്കള്‍ സ്നേഹത്തിലും അനുസരണയിലും ദൈവഭക്തിയിലും അധികാരാദരവിലും വളര്‍ന്നുവരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: എല്ലാ വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും പഠനത്തില്‍ സമര്‍ത്ഥരും സഹപാഠികളോടു സ്നേഹമുള്ളവരും അദ്ധ്യാപകരോട് ആദരവുള്ളവരുമായി വളര്‍ന്നുവരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: ഈ നൊവേനയില്‍ സംബന്ധിച്ച് പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ സാധിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

എന്റെ ഈശോയെ, ഗാഗുല്‍ത്താമലയില്‍ രണ്ടു കള്ളന്മാരുടെ നടുവില്‍ കുരിശിന്മേല്‍ തൂങ്ങിക്കിടന്ന് അങ്ങേ തിരുഹൃദയം കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട്, അവസാനതുള്ളി രക്തംവരെ ചിന്തി മനുഷ്യകുലത്തെ രക്ഷിച്ചതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ പാപങ്ങളുടെ കാഠിന്യത്താലാണ് അങ്ങ് ഇത്ര കഠോരമായ പീഡകള്‍ സഹിച്ചത് എന്ന് ഓര്‍ത്ത് ഞങ്ങള്‍ പൊറുതിയപേക്ഷിക്കുന്നു. കരുണാവാരിധി്യും പാപങ്ങള്‍ പൊറുക്കുന്നവനുമായ ദൈവമേ, അങ്ങേ സന്നിധിയില്‍ കേണപേക്ഷിക്കുന്ന ഞങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും സ്വര്‍ഗ്ഗഭാഗ്യത്തിന് അര്‍ഹരാക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

സമാപന പ്രാര്‍ത്ഥന

സ്നേഹംനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങേ തിരുമുമ്പില്‍  സാഷ്ടാംഗം പ്രണമിച്ച് എന്റെ പൂര്‍ണ്ണഹൃദയത്തോടെ അങ്ങയെ ആരാധിക്കുന്നു. അങ്ങേ ദിവ്യഹൃദയത്തില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. കാരുണ്യവാനായ ഈശോയെ, പാപത്താല്‍ വിരൂപമായിരിക്കുന്നതും കോപാഗ്നിയാല്‍ ജ്വലിക്കുന്നതുമായ എന്റെ ഹൃദയത്തെ കടാക്ഷിക്കണമേ. എന്റെ നല്ല ഈശോയെ, എന്റെ എല്ലാ ദുര്‍ഗുണങ്ങളും നീങ്ങുന്നതിനും അങ്ങേ സ്നേഹശീലവും ക്ഷമയും കണ്ടുപഠിക്കുന്നതിനും വേണ്ട അനുഗ്രഹം നല്‍കണമേ. അങ്ങേ മഹത്വത്തിനും ശക്തിക്കു യോജിച്ചവിധം അങ്ങയെ സ്നേഹിക്കത്തക്ക ഒരു ഹൃദയം എനിക്കു നല്‍കണമേ. കര്‍ത്താവേ അങ്ങേ അനന്തകൃപയാല്‍ എന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് എന്നെ അനുഗ്രഹിക്കണമേ. ആരാധനയക്കു പാത്രമായ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങ് എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യക്തമായി അറിയുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും കനിഞ്ഞ് അനുഗ്രഹിക്കണമേ. ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന .......... ആവശ്യം അങ്ങേ കൃപാകടാക്ഷത്താല്‍ സാധിച്ചുതന്ന് ഞങ്ങളെ രക്ഷിക്കണമെന്നുഞങ്ങള്‍ വിനയപുരസരം അപേക്ഷിക്കുന്നു. ആമ്മേന്‍.

സമാപന ഗാനം

(രീതി: അദ്ധ്വാനിക്കുന്നവര്‍ക്കും.... )
കാരുണ്യനിധിയാമീശോ
കാത്തരുളീടുക നീ
നിത്യമായ് സ്നേഹിച്ചീടാന്‍
ഞങ്ങളില്‍ കൃപയേകൂ നീ.

സാത്താനാല്‍ ബന്ധിതനായ
പാപവഴി നടന്നു
ബന്ധനം നീക്കിയെന്നെ
നേര്‍വഴി കാട്ടേണമേ.

സ്നേഹത്തിന്‍ സന്ദേശങ്ങള്‍
മാനവര്‍ക്കേകിയോനെ
ആലംബഹീനര്‍ ഞങ്ങള്‍
നിത്യം വണങ്ങീടുന്നു.
  

വിശുദ്ധ കുർബാനയുടെ തിരുനാൾ കഴിഞ്ഞു 8-ാം ദിവസം വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ കൊണ്ടാടുന്നു .ഈ പ്രത്യേക ദിവസം തിരഞ്ഞെടുത്തത് ഈശോതന്നെയാണെന്നു മാർഗ്ഗറീത്ത മറിയം അലക്കോക്ക് എന്ന പുണ്യവതിയുടെ വെളിപാടുകളിൽനിന്നു വിശദമാണ് .ഫ്രാൻസിൽ പാരലെമോണിയായിലെ വിസിറ്റേഷൻ മഠത്തിലെ ഒരംഗമായിരുന്ന ഈ സഹോദരിക്കു 1673 മുതൽ 1675 വരെ ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായി .ഈശോ തന്റെ ഹൃദയം നെഞ്ചിൽവച്ചു ഒരു വിരലുകൊണ്ടു താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണു കാണപ്പെട്ടത് .ഹൃദയത്തിന്റെ ഞെട്ടിൽ ഒരു കുരിശുണ്ടായിരുന്നു .അതിന്റെ കടയ്ക്കൽനിന്നു സ്നേഹാഗ്നിജ്വാല ഉയർന്നു പൊന്തി കുരിശിനെ വിഴുങ്ങാൻ ശ്രമിക്കുന്നതായി തോന്നും ഒരു മുൾമുടി ഹൃദയത്തെ വലയം ചെയ്തിരുന്നു .വിശുദ്ധ മർഗ്ഗറീത്തായുടെ വിവരണമനുസരിച്ചാണ് ഈശോയുടെ തിരുഹൃദയം ഇന്നു ചിത്രീകരിച്ചിട്ടുള്ളത് . ഈശോയ്ക്കു മനുഷ്യരോടുള്ള സ്നേഹത്തിന്റെ പ്രതീകമായ മാംസള ഹൃദയമാണു തിരുഹൃദയ ഭക്തിയുടെ വിഷയം .ഈ ഭക്തി പതിനൊന്നാം ശതാബ്ദം മുതൽ പ്രകടമാകാൻ തുടങ്ങി .1298-ൽ മരിച്ച വിശുദ്ധ മെക്ക്ടിൽഡും 1302-ൽ മരിച്ച വിശുദ്ധ ജെർത്രൂദും ഈ ഭക്തി അഭ്യസിച്ചിരുന്നു .വിശുദ്ധ ജോൺ യൂഡ്സ് ആരംഭിച്ച ഈശോയുടേയും മറിയത്തിന്റേയും സഭയിൽ തിരുഹൃദയത്തിരുനാളിനു പ്രത്യേക കുർബാനയും കാനോന നമസ്കാരവുമുണ്ടായിരുന്നു .മാർസെയിലെ വന്ദ്യയായ ആൻ മഡെലെയിൻ റാമുസാത്ത് തിരുഹൃദയഭക്തി പ്രചരണത്തിനു വളരെ സഹായിച്ചു .1856-ൽ തിരുഹൃദയത്തിരുനാൾ സാർവ്വത്രിക സഭയിൽ ആഘോഷിക്കണമെന്നു നിശ്ചയിച്ചു . 1899-ൽ പതിമൂന്നാം ലെയോ മാർപ്പാപ്പ മനുഷ്യവർഗ്ഗം മുഴുവനും തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുകയും ചെയ്തു .

12 വാഗ്ദാനങ്ങൾ

മാർഗ്ഗറീത്ത മറിയം അലക്കോക്കിന് ഈശോയുടെ തിരുഹൃദയം പ്രത്യക്ഷപ്പെടുന്നു .ഈശോയുടെ തിരുഹൃദയം 12 വാഗ്ദാനങ്ങൾ തന്റെ ഭക്തർക്കുവേണ്ടി വിശുദ്ധ മാർഗ്ഗരീത്തായോടു പറഞ്ഞിരുന്നു.


  1. അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ അനുഗ്രഹങ്ങൾ ഞാൻ നൽകും .
  2. അവരുടെ കുടുംബങ്ങളിൽ ഞാൻ സമാധാനം പുലർത്തും .
  3. അവരുടെ ക്ലേശങ്ങളിലെല്ലാം ഞാൻ അവരെ ആശ്വസിപ്പിക്കും .
  4. ജീവിതത്തിൽ വിശിഷ്യ മരണനേരത്തും ഞാൻ അവരുടെ ദൃഢമായ അഭയമായിരിക്കും .
  5. അവരുടെ എല്ലാ പരിശ്രമങ്ങളേയും സമൃദ്ധമായി ഞാൻ അനുഗ്രഹിക്കും .
  6. പാപികൾ എന്റെ ഹൃദയത്തിൽ കാരുണ്യത്തിന്റെ അതിരറ്റ ഒരു സമുദ്രത്തെ ദർശിക്കും .
  7. മന്ദഭക്തർ തീഷ്ണതയുള്ളവരാകും .
  8. തീഷ്ണതയുള്ള ആത്മാക്കൾ അതിവേഗം മഹാപരിപൂർണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും.
  9. എന്റെ ഹൃദയത്തിന്റെ ഒരു ചിത്രംവച്ചു വണങ്ങുന്ന ഭവനങ്ങളെ ഞാൻ ആശീർവദിക്കും .
  10. കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള ശക്തി ഞാൻ പുരോഹിതർക്കു നല്കും .
  11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ ഹൃദയത്തിൽ ഉല്ലിഖിതമാകും അവ നീക്കപ്പെടുന്നതല്ല .
  12. ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ അത്യാവശ്യമായ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല .
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22