അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label ദൈവികപദ്ധതി. Show all posts
Showing posts with label ദൈവികപദ്ധതി. Show all posts

Tuesday, 31 January 2017

നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'




ജോലിക്ക് പോകാന്‍ തിരക്ക് പിടിച്ചൊരുങ്ങുന്ന ആ പ്രഭാതത്തില്‍ പരിഭവം നിറഞ്ഞ മുഖവുമായി അമ്മ മുന്നിലെത്തി. ''എന്റെ മോളേ, നീ ആ ജാതകം ഇങ്ങനെ ഒളിപ്പിച്ചു വയ്ക്കാതെ ഒന്നെടുത്തു താ. ക്രിസ്തുവില്‍ വിശ്വസിക്കുന്നുവെങ്കിലും നാം ഇപ്പോഴും ഹൈന്ദവര്‍തന്നെയായതിനാല്‍ ഹൈന്ദവക്രമങ്ങള്‍ പിന്‍തുടര്‍ന്നാലേ നിന്റെ വിവാഹം നടക്കൂ.
അതൊന്ന് നടന്ന് കണ്ടാല്‍ എനിക്കും നിന്റെ അച്ഛനും എത്ര സമാധാനമാകുമെന്ന് എന്റെ മോളെന്താ ഓര്‍ക്കാത്തേ?''

അക്രൈസ്തവരായ ഞങ്ങളുടെ കുടുംബം ഈശോയെ കണ്ടുമുട്ടി സ്നേഹിക്കുകയും ജീവിതത്തിന്റെ നാഥനായി സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞതാണ്. പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒന്നും ഞങ്ങളനുഭവിച്ചറിഞ്ഞ കര്‍ത്താവിന്റെ സ്നേഹത്തില്‍നിന്ന് ഞങ്ങളെ പിന്‍മാറ്റിയില്ല. മറിച്ച് കടുത്ത അഗ്‌നിപരീക്ഷണങ്ങള്‍ വേദനകളില്‍ വിട്ടകലാതെ ചേര്‍ത്തുപിടിച്ച് ഒപ്പം നടക്കുന്ന ആ വാത്സല്യസാന്നിധ്യം അനുഭവിച്ചറിയാനുള്ള അവസരങ്ങളായി പരിണമിച്ചു. കഴിഞ്ഞുപോയ ചുരുങ്ങിയ വര്‍ഷങ്ങളിലൂടെ ദൈവവും കര്‍ത്താവുമെന്നതിലുപരി ഈശോ എനിക്ക് വാത്സല്യനിധിയായ പിതാവും കരുതുന്ന സഹോദരനും ഒരു നിമിഷംപോലും വേര്‍പിരിയാതെ എന്നോടൊപ്പം നടക്കുന്ന ഏറ്റവും പ്രിയസുഹൃത്തും ഒക്കെയായി തീര്‍ന്നു.

ഓരോ മനുഷ്യനെയും ദൈവം നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചുവെന്നും തന്റെ നിശ്ചയം ഓരോ ജീവിതത്തിലും അവിടുന്ന് കൃത്യമായി നിറവേറ്റുമെന്നും കര്‍ത്താവ് ബോധ്യം തന്ന നാളുകളില്‍ ഞാനെടുത്തു മാറ്റിയതാണ് 'ജാതകം'. വിശുദ്ധ ഗ്രന്ഥത്തിലെ ഈ വചനങ്ങളായിരുന്നു അതിനെനിക്ക് പ്രചോദനമായത്: ''എനിക്ക് രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു'' (സങ്കീ. 139:16).


അച്ഛനമ്മമാരെ ഞാന്‍ ഒത്തിരിയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, മുന്നോട്ട് നോക്കാന്‍ ഇനി ഒന്നുമില്ലെന്ന വിധത്തില്‍ തകര്‍ന്നുപോയ ഞങ്ങളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥവും പ്രത്യാശയും നല്കി വഴി നടത്തുന്ന, അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന് മുന്‍പേ എന്നെ അറിഞ്ഞ് സ്നേഹിച്ചു തുടങ്ങിയ എന്റെ കര്‍ത്താവിനെ മനുഷ്യബുദ്ധിയില്‍ എഴുതിവച്ച ഒരു ജാതകക്കുറിപ്പിലാശ്രയിച്ച് വേദനിപ്പിക്കാന്‍ എനിക്കത്രപോലുമാവില്ല.

പ്രശ്നപരിഹാരം

ഇങ്ങനെ ജാതകപ്രശ്നം അസ്വസ്ഥതയായപ്പോള്‍, ഞാന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ത്തന്നെ അഭയംതേടി. ''എന്റെ ഈശോ, ഈ വിഷയം ഞാനങ്ങയുടെ കരങ്ങളില്‍ വിട്ടുതരുന്നു. ജാതകം അമ്മയ്ക്ക് എടുത്തു കൊടുത്തേക്കാം. പക്ഷേ, എന്റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും എല്ലാം അങ്ങ് അറിയുന്നുണ്ട്. എന്റെ വിവാഹം നടത്താന്‍ അങ്ങ് തീരുമാനിച്ചാല്‍പ്പിന്നെ ഇതൊന്നും വേണ്ടെന്നും എനിക്കറിയാം. അങ്ങയുടെ ഹിതമല്ലാത്ത ഒന്നും എന്റെ ജീവിതത്തില്‍ കടന്നുവരരുതേ...'
ഇങ്ങനെ പ്രാര്‍ത്ഥിച്ച് അമ്മയ്ക്ക് ഞാന്‍ ജാതകം എടുത്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് ആര്‍ക്കോ കൊടുക്കാന്‍ ജാതകത്തിനായി അമ്മ അലമാര തുറക്കുമ്പോള്‍ ഞാനും വീട്ടിലുണ്ടായിരുന്നു. ''എന്റെ കര്‍ത്താവേ...!'' എന്ന അമ്മയുടെ അമ്പരന്നുള്ള വിളികേട്ട് അങ്ങോട്ട് കടന്നുചെന്ന ഞാന്‍ കണ്ടത് വളരെ വിചിത്രമായ ഒരു കാഴ്ചയാണ്. നീല നിറത്തിലുള്ള പ്ലാസ്റ്റിക് പുറംചട്ടയുള്ള ആ കൊച്ചുപുസ്തകത്തിന്റെ പുറംചട്ടയൊഴികെ എല്ലാ താളുകളും ചിതലരിച്ചപോലെ പൊടിഞ്ഞിരിക്കുന്നു. ഒരു വരിപോലും അതില്‍നിന്ന് വായിച്ചെടുക്കാനാവില്ല. ചുറ്റിനും ഇരുന്ന തുണികള്‍ക്ക് ഒരു കുഴപ്പവുമില്ല താനും.

ഈ സംഭവത്തിനുശേഷം ഒരു വര്‍ഷം തികയുന്നതിനുമുന്‍പ് കര്‍ത്താവ് എന്റെ വിവാഹം നടത്തി. ഹൈന്ദവനായി ജനിച്ചുവളര്‍ന്ന, എന്നാല്‍ ജീവിതത്തിന്റെ ഇരുള്‍വീണ ഒരു വഴിത്താരയില്‍വച്ച് യേശു എന്ന സത്യപ്രകാശത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനും അനുഗ്രഹം ലഭിച്ച ഒരാളെ കര്‍ത്താവ് എനിക്ക് ജീവിതപങ്കാളിയായി നല്കി. ഈശോയിലുള്ള ഉറച്ച വിശ്വാസം എന്ന ഒറ്റ പൊരുത്തത്തില്‍ ഞങ്ങള്‍ ഒന്നിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മാമോദീസ സ്വീകരിക്കാനുള്ള അനുഗ്രഹവും കര്‍ത്താവ് നല്കി. അവിടുന്ന് സമ്മാനിച്ച രണ്ട് കുഞ്ഞുങ്ങളുമൊത്ത് ദൈവകൃപയാല്‍ ഞങ്ങള്‍ സന്തോഷമായി ജീവിക്കുന്നു.

കര്‍ത്താവിന്റെ ഉള്ളംകൈയില്‍

ഇന്ന് ക്രൈസ്തവരായ പലരും വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നതും വാരഫലത്തിലൂടെയും കൈനോട്ടത്തിലൂടെയും മറ്റും ഭാവി അറിയാന്‍ താല്പര്യം കാണിക്കുന്നതും കാണുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കാറുണ്ട്. പെറ്റമ്മയെക്കാള്‍ നമ്മെ സ്നേഹിക്കുന്ന കര്‍ത്താവിന്റെ പരിപാലനയിലുള്ള അവിശ്വാസമല്ലേ ഇത്തരം കുറുക്കു വഴികളിലൂടെ ഭാവി അറിയാനും ആസൂത്രണം ചെയ്യാനുമൊക്കെ പ്രേരിപ്പിക്കുന്നത്?

സ്വന്തം ഭാവിയും ഭൂതകാലവുമൊക്കെ വിവരിച്ചു കേള്‍ക്കാന്‍ മറ്റൊരാള്‍ക്ക് മുന്‍പില്‍ കൈ നിവര്‍ത്തി നില്ക്കുമ്പോള്‍ ഒന്നോര്‍ക്കണം - നമ്മുടെതന്നെ ഹസ്തരേഖകളില്‍ നമ്മുടെ ജീവിതം കുറിച്ചിടുകയല്ല, സ്വന്തം കൈവെള്ളയില്‍ നാം ഓരോരുത്തരെയും രേഖപ്പെടുത്തി വ്യക്തിപരമായി കരുതുകയാണ് അവിടുന്ന് ചെയ്യുന്നത്. ''ഇതാ നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു'' (ഏശ. 49:16).

ആകാശത്തിലെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അടിസ്ഥാനപ്പെടുത്തിയുള്ള ഭാവിപ്രവചനങ്ങളുടെ പിറകെ ഓടുമ്പോള്‍ ഓരോ ക്രിസ്ത്യാനിയും മറന്നുപോകുന്ന സത്യമിതാണ് - മനുഷ്യരുടെ ശാസ്ത്രവും കണക്കുകളും ഒക്കെ തെറ്റിപ്പോകാം. എന്നാല്‍, ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമെല്ലാം സൃഷ്ടിച്ച പ്രപഞ്ച നാഥനായ കര്‍ത്താവിന്റെ കണക്കുകള്‍ അണുവിടപോലും പിഴക്കില്ല.






എനിക്കായുള്ള പദ്ധതി

നമ്മെക്കുറിച്ച് വ്യക്തവും മനോഹരവുമായ പദ്ധതി ഒരുക്കി നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നവനാണ് അവിടുന്ന്. ''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'' (ജറെ. 29:11). ഈ പദ്ധതി വെളിപ്പെട്ടു കിട്ടാന്‍ ഹൃദയം തുറന്നൊന്ന് വിളിച്ചാല്‍ മാത്രം മതി. കര്‍ത്താവ് പറയുന്നു: ''എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്കും. നിന്റെ ബുദ്ധിയ്ക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും'' (ജറെ. 33:3).

വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ നമ്മളന്വേഷിക്കുന്ന ഏത് ചോദ്യത്തിനും ഉത്തരമരുളുന്നവനാണ് കര്‍ത്താവ്. ഈ ഉത്തരങ്ങള്‍ മുഖ്യമായും നാം കണ്ടെത്തുക വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ ഹൃദയത്തില്‍ ശക്തമായി ഉയരുന്ന പരിശുദ്ധാത്മാവിന്റെ തോന്നലുകളായും അതുമല്ലെങ്കില്‍ ദൈവത്തോട് ചേര്‍ന്നു ജീവിക്കുന്ന മറ്റ് സഹോദരങ്ങളിലൂടെയുമൊക്കെ ദൈവഹിതം വെളിപ്പെട്ട് കിട്ടാറുണ്ട്. അതിനാല്‍ പരിമിതമായ നമ്മുടെ കഴിവുകളിലും സമ്പത്തിലും ആശ്രയിച്ച് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്തും അതിനായി കഠിനപ്രയത്നം ചെയ്തും നമ്മള്‍ സമയം പാഴാക്കുന്നതെന്തിന്?

സര്‍വശക്തനും നമ്മുടെ പിതാവുമായ കര്‍ത്താവിന്റെ കരങ്ങളില്‍ നമ്മുടെ ജീവിതങ്ങളെ വിട്ടുകൊടുക്കാം. ദൈവപരിപാലനയില്‍ പരിപൂര്‍ണ വിശ്വാസത്തോടെ ആശ്രയിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ ദൈവമക്കളാകാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് കൂട്ടായിരിക്കട്ടെ.

സുഗന്ധി മരിയ വിജയ്




Saturday, 23 June 2012

മനുഷ്യാവതാരമെന്ന ദൈവികപദ്ധതി



മനുഷ്യന്‍ ചന്ദ്രനിലെത്തിയത്‌ വലിയൊരു വിസ്‌മയമാണെങ്കില്‍ അതിലും വലിയ വിസ്‌മയമാണ്‌ ദൈവം ഭൂമിയിലെത്തിയത്‌. മനുഷ്യരെ ചന്ദ്രനിലെത്തിക്കുകയായിരുന്നു അപ്പോളോ പദ്ധതി ഉന്നംവച്ചതെങ്കില്‍, സകല മനുഷ്യരെയും സുരക്ഷിതരായി അതിനപ്പുറത്ത്‌ സ്വര്‍ഗസൗഭാഗ്യത്തിലെത്തിക്കുകയാണ്‌ മനുഷ്യാവതാരമെന്ന ദൈവികപദ്ധതി ലക്ഷ്യമിട്ടത്‌.

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള അമേരിക്കന്‍ ബഹിരാകാശപദ്ധതിയായിരുന്നു പ്രൊജക്‌ട്‌ അപ്പോളോ. അതിന്റെ അഞ്ചാമത്തെ കുതിപ്പാണ്‌ അപ്പോളോ II . മൈക്കിള്‍ കോളിന്‍സ്‌, എഡ്വിന്‍ ആല്‍ഡ്രിന്‍, നീല്‍ ആംസ്റ്റ്രോങ്‌ എന്നീ മൂന്നു ഗഹനസഞ്ചാരികള്‍ കയറിയ പ്രസ്‌തുത വാഹനം 1969 ജൂലൈ 16 ന്‌ കെന്നഡി സെന്ററില്‍നിന്ന്‌ ഉയര്‍ന്നുപൊങ്ങി- കൃത്യം 9.32 ന്‌. ഈഗിള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട അപ്പോളോ II ജൂലൈ 20 നാണ്‌ ചന്ദ്രനില്‍ എത്തിയത്‌. അമേരിക്കന്‍ സമയം 4.17 പി.എമ്മിന്‌ ആംസ്റ്റ്രോങ്‌ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. ആറര മണിക്കൂറിനുശേഷം എഡ്വിന്‍ ആല്‍ഡ്രീനും ആംസ്റ്റ്രോങിനെ അനുഗമിച്ചു. ഒന്നര മണിക്കൂര്‍ സമയമാണ്‌ എഡ്വിന്‍ ചന്ദ്രനില്‍ ചിലവഴിച്ചത്‌.

തുടര്‍ന്നു പത്തുപേരെക്കൂടി അമേരിക്ക ചന്ദ്രനില്‍ എത്തിച്ചിട്ടുണ്ട്‌. അപ്പോളോ 12 ല്‍ ചാള്‍സ്‌ കൊണ്‍റാഡ്‌, അലന്‍ ബീന്‍ എന്നിവരും അപ്പോളോ 14 ല്‍ അലന്‍ ഷെപ്പേര്‍ഡ്‌, എഡ്‌ഗാര്‍ മിച്ചല്‍ എന്നിവരും അപ്പോളോ 15 ല്‍ ഡേവിഡ്‌ സ്‌കോട്ട്‌, ജയിംസ്‌ ഈര്‍വിന്‍ എന്നിവരും അപ്പോളോ 16ല്‍ ജോണ്‍ യംങ്‌, ചാള്‍സ്‌ ഡ്യൂക്ക്‌, അപ്പോളോ 17 ല്‍ ഹാരിസണ്‍ സ്‌മിത്ത്‌ യൂജിന്‍ സെര്‍നര്‍ എന്നിവരും ചന്ദ്രനിലിറങ്ങി (ചാള്‍സ്‌ കൊണ്‍റാഡ്‌, അലന്‍ ഷെപ്പേര്‍ഡ്‌, ജയിംസ്‌ ഈര്‍വിന്‍ എന്നിവര്‍ ഇന്നു ജീവിച്ചിരിപ്പില്ല).

വലിയ പ്രശ്‌നമൊന്നും കൂടാതെ എല്ലാവരും അവിടെപ്പോയി സുരക്ഷിതരായി മടങ്ങിവന്നു. 2009ജൂലൈ 16 ലെ ഒരഭിമുഖത്തില്‍ ആംസ്റ്റ്രോങ്‌ തന്നെ പറഞ്ഞതുപോലെ അതു സാധിച്ചത്‌, അവിടെപ്പോയ ആരുടെയും പ്രത്യേക സാമര്‍ത്ഥ്യം കൊണ്ടൊന്നുമല്ല; നാസയിലെ കണ്‍ട്രോള്‍ റൂമില്‍നിന്നു കിട്ടിയ കല്‌പനകള്‍ കൃത്യമായി പാലിക്കപ്പെട്ടതുകൊണ്ടും സജ്ജീകരണങ്ങള്‍ സംപൂര്‍ണമായിരുന്നതുകൊണ്ടുമാണ്‌. ലഭിച്ച ആജ്ഞകളനുസരിച്ചുതന്നെ അവര്‍ ഭക്ഷണം കഴിച്ചു, വിശ്രമിച്ചു, ഇറങ്ങി. തിരിച്ചു കയറി.

നിര്‍ദ്ദേശങ്ങള്‍ക്കതീതമായി അവര്‍ ഒന്നും ചെയ്യുവാന്‍ മുതിര്‍ന്നില്ല- കുട്ടികളെപ്പോലെ അവര്‍ അനുസരിച്ചു. എന്തായിരുന്നു കാരണം? ബുദ്ധിക്കുറവുകൊണ്ടൊന്നുമല്ല. തങ്ങള്‍ അവിടുത്തുകാരല്ലെന്നും നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ച്‌ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ തങ്ങള്‍ പുറപ്പെട്ട ലോകത്തില്‍ ജീവനോടെ തിരിച്ചെത്തുകയില്ലെന്നും അവര്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു- അതാണ്‌ അവരെ നയിച്ചതും വിജയിപ്പിച്ചതും.
ഒരു കണക്കിനു നാമും ഈ ഭൂമിയില്‍ അതുപോലെയല്ലേ- തികച്ചും അന്യഗ്രഹജീവികള്‍! ദൈവത്തിന്റെ പദ്ധതിയനുസരിച്ച്‌ ഈ ലോകത്തില്‍ വന്നെത്തിയവരാണു നാം- ഒരു നിശ്ചിത സമയത്ത്‌ ഇവിടെനിന്നും മടങ്ങേണ്ടവര്‍. അതൊന്നും നാം തീരുമാനിച്ച വിധത്തിലും സമയത്തുമല്ല.

അപ്പോളോയില്‍നിന്ന്‌ ആംസ്റ്റ്രോങ്‌ ചാന്ദ്ര വാഹനത്തിലേക്ക്‌ കടന്നത്‌ ഹ്യൂസ്റ്റണിലെ നിയന്ത്രണകേന്ദ്രത്തില്‍നിന്നു നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ മാത്രമാണ്‌. അതുപോലെ ച ന്ദ്രനില്‍ കാലുകുത്തിയതും (4.17 pm). അ ങ്ങനെതന്നെ എഡ്വിനും പ്രവര്‍ത്തിച്ചു. ചി ലതെല്ലാം കണ്ടറിഞ്ഞു കൈവശപ്പെടുത്തി മടങ്ങുകയായിരുന്നു അവരുടെ ദൗത്യം. നി ര്‍ദ്ദേശിച്ചതുപോലെ, നിര്‍ദ്ദേശിച്ച അളവി ലും തൂക്കത്തിലും അവരതു നിര്‍വഹിച്ചു.
അവരെപ്പോലെ ചില ദൗത്യവുമായിട്ടാണ്‌ നാമും ഈ ലോകത്തിലേക്ക്‌ അയയ്‌ക്കപ്പെട്ടിരിക്കുന്നത്‌- ചിലതൊക്കെ നേടി മടങ്ങുവാന്‍. ചുരുക്കം ചിലതേ നമുക്കു കൂട്ടത്തില്‍ കൊണ്ടുപോകാനാകൂ. അവിടെയായിരിക്കണം നമ്മുടെ സജീവശ്രദ്ധ.

അനുവദനീയമായ വിധത്തിലും സമയത്തിലും എല്ലാം നടന്നുകണ്ട്‌ ആസ്വദിക്കുവാന്‍ നമുക്കും അവസരമുണ്ട്‌- അവര്‍ ചെ യ്‌തതുപോലെ. എങ്കിലും, അവര്‍ക്കുണ്ടായിരുന്ന പരിസരബോധം നമുക്കും വേണം-എപ്പോഴും: ``തങ്ങള്‍ ഇവിടെനിന്നു മടങ്ങേണ്ടവരാണ്‌; നാസയുടെ അദൃശ്യകരങ്ങളാണ്‌ തങ്ങളെ താങ്ങിക്കൊണ്ടിരിക്കുന്നത്‌.''

മറ്റാര്‍ക്കും പാടികേള്‍പ്പിക്കാനാവാത്ത, പൂര്‍ത്തിയാക്കാനാവാത്ത ഒന്നിനുവേണ്ടിയാണ്‌ നാം അയ്‌ക്കപ്പെട്ടിരിക്കുന്നത്‌. കോടാനുകോടി മനുഷ്യര്‍ ഇപ്പോഴും ദൈവത്തിന്റെ ഭാവനയില്‍മാത്രം സ്ഥിതിചെയ്യുന്നു. അവരില്‍നിന്നു നാം മാത്രം ജീവിതത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വിളിക്കപ്പെട്ടപ്പോള്‍ നമ്മെ സംബന്ധിച്ചുള്ള ചില ദൈവിക പദ്ധതികള്‍കൂടി വെളിച്ചം കാണുകയായിരുന്നു- വെളിവാക്കപ്പെടുകയായിരുന്നു. ആദ്യത്തെ ആകാശയാത്ര ആംസ്റ്റ്രോങിനെയും ആല്‍ഡ്രിനെയും കോളിന്‍സിനെയും കേന്ദ്രീകരിച്ചായിരുന്നതുപോലെ തന്നെ.

വെറുതെ ആരും ഒരു മേശ നിര്‍മിക്കുകയോ വാങ്ങുകയോ ഇല്ല. അതിനെപ്പറ്റി നിയതമായ ചില ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആരംഭത്തിലേ ഉണ്ടാകും. അതിന്‌ ഉതകത്തക്ക രീതിയിലാണ്‌, അതു മുന്‍നിറുത്തിയാണ്‌ ഒരാള്‍ അതു നിര്‍മിച്ചു തുടങ്ങുക. സ്രഷ്‌ടാവായ ദൈവത്തിനും ഇതുപോലെ തന്റെ എല്ലാ സൃഷ്‌ടികളെയും കുറിച്ച്‌ ഒരു കാഴ്‌ചപ്പാടുണ്ട്‌.

പ്രവാചകന്‍ പറയുകയാണ്‌: ``നിങ്ങളെക്കുറിച്ചുള്ള ഒരു പദ്ധതി എന്റെ മനസിലുണ്ട്‌- നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'' (ജറെമിയാ 29:11). അത്‌ നമ്മെ ഉരുവാക്കി ലോകത്തിലേക്കയ്‌ക്കുമ്പോള്‍ സ്രഷ്‌ടാവിനുണ്ടായിരുന്ന പദ്ധതിയാണ്‌. അതേക്കുറിച്ച്‌ തികഞ്ഞ ഒരു തിരിച്ചറിവ്‌ നമുക്കുണ്ടാകണം- നമ്മുടെ എല്ലാ നീക്കങ്ങളിലും അതു നിഴലിക്കുകയും വേണം.
തികച്ചും അപകടകാരിയായ സമയമായിരുന്നു ഗഗനസഞ്ചാരികള്‍ ചന്ദ്രനില്‍ ചിലവഴിച്ച നിമിഷങ്ങളത്രയും. സൂര്യനില്‍ നിന്നുയരുന്ന റേഡിയേഷനും ജീവനാശിയായ വിഷക്കാറ്റും ശൂന്യാകാശത്തിലൂടെ പ്രസരിക്കുന്ന മാരകരശ്‌മികളും ഒക്കെ അപായം സൃഷ്‌ടിക്കുമായിരുന്നു. ഇത്തിരി വിശ്രമിക്കാമെന്നു കരുതി പരിസരം മറന്ന്‌ `പടച്ചട്ട' ഊരി ഒന്നിരുന്നിരുന്നെങ്കില്‍ നിത്യനാശമായിരുന്നു നേരിടുക- അവരുടെ പൊടിപോലും ഭൂമിയിലെത്തുമായിരുന്നില്ല! ഏതു നിമിഷവും എന്തും സംഭവിക്കാം. അതുകൊണ്ട്‌ വളരെ കരുതലോടെയാണ്‌ അവര്‍ നീങ്ങിയത്‌- അപായസൂചനകളും അറിയിപ്പുകളും കൃത്യമായി കണക്കിലെടുത്തുകൊണ്ട്‌.
കോളിന്‍സും ആല്‍ഡ്രിനും ആംസ്റ്റ്രോങും പുറപ്പെട്ട നിമിഷം മുതല്‍ നാസയിലുള്ളവര്‍ വിശ്രമമെന്തെന്നറിഞ്ഞിട്ടില്ല. സാധിക്കുന്നത്ര സഹായങ്ങളൊക്കെ എത്തിച്ചുകൊടുത്തുകൊണ്ട്‌ നിതാന്തജാഗ്രത പുലര്‍ത്തി അവര്‍ ഉണര്‍ന്നിരുന്നു.

റോബര്‍ട്ടു ഫാല്‍ക്കണറില്‍ ജോര്‍ജ്‌ മക്‌ഡൊനാള്‍ഡ്‌ ഇങ്ങനെയെഴുതി: ``നമ്മെ സൃഷ്‌ടിച്ചുവിട്ട ദൈവത്തിന്‌ നമ്മെക്കുറിച്ച്‌ നിരന്തര ജാഗരൂകതയുണ്ട്‌.'' നാസയിലുണ്ടായിരുന്നതിനെ അതിശയിക്കുന്ന ശ്രദ്ധ. അവിടുന്ന്‌ എപ്പോഴും ഉണര്‍ന്നിരിക്കുന്നു. അതുകൊണ്ട്‌, മക്‌ഡൊനാള്‍ഡ്‌ പറയുന്നതുപോലെ നാം ഒന്നും ഭയപ്പെടേണ്ട കാര്യമില്ല. തിരിച്ചു ചെല്ലുന്ന നിമിഷംവരെ അവിടുന്നു നമ്മുടെ കാര്യത്തില്‍ സദാ ശ്രദ്ധാലുവാണ്‌.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചൈനയിലെത്തി നിസ്‌തുല സേവനം കാഴ്‌ചവച്ച വ ലിയൊരു പ്രേഷിതനാണ്‌ വില്യം ബ്രയിസ്റ്റഡ്‌. ഒരു മിഷനറിയാകാനാണ്‌ തന്റെ ദൈവവിളിയെന്നു മനസിലാക്കിയ വില്യം തന്റെ എല്ലാ ജീവിതാഭിലാഷങ്ങളും സ്വപ്‌നങ്ങളും മാറ്റിവയ്‌ക്കുകയാണ്‌: ``എന്നെ സംബന്ധിക്കുന്ന ദൈവികപദ്ധതി ഞാന്‍ നിഷ്‌ഫലമാക്കുകയില്ല.'' മെയ്‌ഡ്‌ ഇന്‍ വെയ്‌റ്റിംങ്‌ എന്ന ഗ്രന്ഥത്തില്‍ ജോണ്‍ ഗ്ലാസ്‌വര്‍ത്തി ലേഡി ചേര്‍വെല്‍ എന്ന മഹതിയും മകള്‍ ഡിന്നിയും തമ്മിലുള്ള ഒരു സംഭാഷണം അവതരിപ്പിക്കുന്നതു ശ്രദ്ധേയമാണ്‌. ചേര്‍വെല്‍ ഉപദേശിക്കുകയാണ്‌: ``മകളേ, നമ്മെപ്പറ്റിയുള്ള ഒരു ദൈവികപദ്ധതിയുണ്ട്‌- അതനുസരിച്ചേ നീങ്ങാവൂ.''
മനുഷ്യന്‍ ചന്ദ്രനിലെത്തിയതു വലിയൊരു കാര്യമാണ്‌. A giant leap for mankind എന്ന്‌ ഉദ്‌ഘോഷിച്ച ആംസ്റ്റ്രോങിനോടു കൂട്ടിച്ചേര്‍ത്തുകൊണ്ട്‌, പിന്നീട്‌ അപ്പോളോ 15 ല്‍ അവിടെ എത്തിയ ജയിംസ്‌ ഈര്‍വിന്‍ പറയുകയാണ്‌: ``മനുഷ്യന്‍ ചന്ദ്രനിലെത്തിയതു വലിയൊരു വിസ്‌മയമാണെങ്കില്‍ അതിലും വലിയ വിസ്‌മയമാണ്‌ ദൈവം ഭൂമിയിലെത്തിയത്‌.'' മനുഷ്യരെ ചന്ദ്രനിലെത്തിക്കുകയായിരുന്നു അപ്പോളോ പദ്ധതി ഉന്നംവച്ചതെങ്കില്‍, സകല മനുഷ്യരെയും സുരക്ഷിതരായി അതിനപ്പുറത്ത്‌ സ്വര്‍ഗസൗഭാഗ്യത്തിലെത്തിക്കുകയാണ്‌ മനുഷ്യാവതാരമെന്ന ദൈവികപദ്ധതി ലക്ഷ്യമിട്ടത്‌.

``കര്‍ത്താവേ, അങ്ങേ വഴി ഞങ്ങളെ പഠിപ്പിക്കേണമേ'' എന്ന്‌ സങ്കീര്‍ത്തകനോടൊപ്പം നമുക്കു പ്രാര്‍ത്ഥിക്കാം (സങ്കീ. 27:11). ദൈവത്തിന്റെ പദ്ധതിയനുസരിച്ച്‌ അവിടുത്തെ വഴികളിലൂടെമാത്രം ലക്ഷ്യം തെറ്റാതെ സഞ്ചരിച്ച്‌ സ്വര്‍ഗലോകത്തില്‍ സുരക്ഷിതരായി എത്തിച്ചേരുവാന്‍ നമുക്കു കഴിയുമാറാകട്ടെ
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22