അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label സെമിനാരി. Show all posts
Showing posts with label സെമിനാരി. Show all posts

Monday, 3 July 2017

രമ്യത

എന്റെ ജീവിതത്തിലെ ഏറ്റവും ചേതോഹരമായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. 1982-ൽ ഞാൻ പത്താംക്ലാസ് പരീക്ഷയെഴുതി. ആ വർഷം ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഒരു കൂട്ടുകാരൻ ഞാനുമായി പിണങ്ങി. പരസ്പരം സംസാരം ഇല്ലാതായി. കൂട്ടുകാർ തമ്മിലുള്ള വഴക്ക് പിന്നീട് വീട്ടുകാർ തമ്മിലായി. പരസ്പരം സംസാരിക്കില്ല. അന്ന് അതൊന്നും ഒരു വിഷയമല്ലായിരുന്നു. വഴക്കിന് വഴക്ക്, വെറുപ്പിന് വെറുപ്പ്, അത്രയേ ചിന്തിച്ചുള്ളൂ. ആ വർഷം അതായത് 1982 ജൂൺ 15-ന് വൈദികനാകാനുള്ള ആഗ്രഹത്താൽ ഞാൻ സെമിനാരിയിൽ ചേർന്നു.
സെമിനാരി ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ദിനവുമുള്ള പ്രഭാത ധ്യാനം. ഒരു ദിവസം ധ്യാനിക്കാനായി കിട്ടിയത് മത്തായി 5:21-26 വചനങ്ങളായിരുന്നു. സഹോദരനുമായി രമ്യതപ്പെടുക എന്നാണ് ആ ഖണ്ഡികയുടെ ശീർഷകം. സഹോദരനുമായി സ്‌നേഹത്തിലായിരിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. ഞാൻ ചിന്തിച്ചു, ‘എന്റെ കൂട്ടുകാരനുമായി ഞാൻ വഴക്കിലാണ്. ഈ വഴക്കോടുകൂടി എനിക്കൊരു നല്ല വൈദികനാകാൻ പറ്റില്ല.’ എനിക്കാകെ വിഷമമായി. ഇനി എന്തു ചെയ്യും?
അന്നുതന്നെ തീരുമാനമെടുത്തു, ക്രിസ്മസിന് അവധിക്കു പോകുമ്പോൾ എല്ലാം ക്ഷമിച്ച് അവരുടെ വീട്ടിൽ പോകും, സംസാരിക്കും എന്ന്. 1982-ലെ ക്രിസ്മസ് അവധിക്ക് വീട്ടിൽ പോയി. പോയപോലെതന്നെ തിരിച്ചുവന്നു, ക്ഷമിച്ചില്ല, സംസാരിച്ചില്ല. എന്റെ ഇളയപ്പന്റെ കുഞ്ഞുമകൾ എന്നോട് പറഞ്ഞു, ”ചേട്ടാ, അച്ചനാകാൻ പോയിട്ട് വഴക്കു കൂടി നടക്കുന്നത് ശരിയല്ല.” അതെനിക്കുമറിയാം. എന്നിട്ടും എനിക്ക് ക്ഷമിക്കാൻ പറ്റിയില്ല.
എന്റെ തീരുമാനമെല്ലാം അതേപോലെ പോയി. അവധി കഴിഞ്ഞ് സെമിനാരിയിൽ വന്നു. പണ്ടത്തെക്കാൾ കൂടുതലായി എന്റെ ഹൃദയം അസ്വസ്ഥമാകാൻ തുടങ്ങി. കൂട്ടുകാരനോട് ക്ഷമിച്ച് സ്‌നേഹിക്കാതെ എനിക്ക് നല്ല അച്ചനാകാൻ പറ്റില്ല എന്ന ചിന്ത എന്നെ വിഷമിപ്പിച്ചു. എനിക്കൊരു നല്ല അച്ചനാകുകയും വേണം. ഇനി എന്തുചെയ്യും?
ചോദ്യം ഈശോയോടായപ്പോൾ
ഒരു ദിവസം ഞാൻ ഈശോയോട് പ്രാർത്ഥിച്ചു. ഈശോയേ, ഞാൻ എന്തു ചെയ്യണം? അവിടുന്ന് എനിക്കൊരു വചനഭാഗം തന്നു. ലൂക്കാ 6:27-36. അതിലെ ഒരു വചനം എന്നെ സ്പർശിച്ചു. ”അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” (6:28). അന്നുമുതൽ എന്റെ കൂട്ടുകാരനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. ”എന്റെ ഈശോയേ, എന്റെ കൂട്ടുകാരനെ അനുഗ്രഹിക്കണമേ” ഇതായിരുന്നു എന്റെ പ്രാർത്ഥന. ഇത് ഞാൻ എന്നും പ്രാർത്ഥിച്ചു.
ഈസ്റ്റർ അവധിയുടെ സമയമായപ്പോൾ മനസിൽ തോന്നി ഇപ്രാവശ്യം കൂട്ടുകാരനോട് ക്ഷമിക്കണമെന്ന്. അവധിക്ക് വീട്ടിൽ ചെന്നു. പോയി സംസാരിക്കാൻ പറ്റുന്നില്ല. വല്ലാത്ത തടസം. അവസാനം വിചാരിച്ചു, പെസഹാവ്യാഴാഴ്ച അവരുടെ വീട്ടിൽ അപ്പവും പാലും കഴിക്കാൻ പോകാം. അങ്ങനെ വഴക്ക് മാറുമല്ലോ. ചുറ്റുമുള്ള എല്ലാ വീട്ടിലും പോയി. അവിടെമാത്രം പോയില്ല. ഉള്ളിൽ വേദനയും വിഷമവും കൂടി.
പിറ്റേന്ന് ദുഃഖവെള്ളി. ആ ദുഃഖവെള്ളി എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതായിരുന്നു. ഞാൻ അൾത്താര ബാലൻ അല്ലാതിരുന്നതിനാൽ സെമിനാരിയിൽ പോകുന്നതിനുമുമ്പ് ഞാൻ അൾത്താരയിൽ കയറിയിട്ടേയില്ലായിരുന്നു. എന്നാൽ സെമിനാരിയിൽനിന്ന് അവധിക്ക് ചെന്നപ്പോൾ, വികാരിയച്ചൻ എന്നോട് പറഞ്ഞു: ”പീഡാനുഭവ ചരിത്രത്തിലെ ചില ഭാഗങ്ങൾ ബ്രദർ വായിച്ചോ.” എനിക്ക് വളരെ സന്തോഷമായി. അൾത്താരയിൽ കയറാൻ പറ്റുമല്ലോ. നേരത്തേ തന്നെ അച്ചന്റെ കൈയിൽനിന്ന് പുസ്തകം വാങ്ങി, ഭാഗങ്ങൾ അടയാളപ്പെടുത്തി വായിച്ച് പരിശീലിച്ചു. പീഡാനുഭവ തിരുക്കർമങ്ങളിലെല്ലാം പങ്കെടുത്തു. ദേവാലയത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ് എല്ലാവരും പോയിട്ടും ഞാൻ അല്പനേരംകൂടി ദേവാലയത്തിലിരുന്ന് ഈശോയ്ക്ക് നന്ദി പറഞ്ഞു.
പെട്ടെന്ന് എന്റെ കൂട്ടുകാരന്റെ ഓർമവന്നു. അതോടൊപ്പം ഈശോ എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി: ”ക്ഷമിക്കുക.” ഈശോയുടെ കുരിശിലെ പ്രാർത്ഥന എന്റെ ചെവിയിൽ മുഴങ്ങി. ”പിതാവേ, അവരോട് ക്ഷമിക്കണമേ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23:34). ഞാൻ ഈശോയോട് പ്രാർത്ഥിച്ചു: ”ഈശോയേ, ക്ഷമിക്കാൻ എന്നെ സഹായിക്കണമേ.” എന്തോ ഒരു ശക്തി എനിക്ക് ലഭിച്ചു. ഞാൻ സാവധാനം പുറത്തിറങ്ങി. കൂട്ടുകാരന്റെ വീട്ടിൽ പോകണം, സംസാരിക്കണം. ഈ ഒരൊറ്റ വിചാരമേ മനസിൽ ഉള്ളൂ.
യുദ്ധക്കളത്തിൽ
ഞാൻ ഈ തീരുമാനത്തോടെ പുറത്തിറങ്ങിയ ഉടനെ എന്റെ ഹൃദയം രണ്ടു ഭാഗമായി തിരിഞ്ഞതുപോലെ എനിക്ക് തോന്നി. എന്നിൽ ശക്തമായി യുദ്ധം ആരംഭിച്ചു. എന്റെ ഹൃദയത്തിന്റെ വലതുവശത്തുനിന്ന് ഒരു ശബ്ദം എന്നോട് പറയുകയാണ്: ”നീ അവരുടെ വീട്ടിൽ പോകണം, ക്ഷമിക്കണം, സംസാരിക്കണം” എന്ന്.
ഉടൻ ഇടതുഭാഗത്തുനിന്ന്: ”നീ എന്തിനാണ് പോകുന്നത്? എന്തിനാ ക്ഷമിക്കുന്നത്? നീ തെറ്റൊന്നും ചെയ്തില്ലല്ലോ?”
ഉടൻ വലതുഭാഗം: ”ഈശോ തെറ്റൊന്നും ചെയ്യാഞ്ഞിട്ടും ക്ഷമിച്ചില്ലേ? നീയും ക്ഷമിക്കണം, സ്‌നേഹിക്കണം.”
ഇടതുഭാഗം: ”നീ ചെന്നാൽ അവർ നിന്നെ അടിച്ചിറക്കും. നോക്കിക്കോ, അവർക്ക് നിന്നെ കാണണ്ട.”
ഈ യുദ്ധത്തിനിടയിൽ ഞാൻ നടന്ന് അവരുടെ വീടടുക്കാറായി. ഞാൻ വീട്ടിൽ പോകുന്ന വഴിയാണ് അവരുടെ വീട്. റോഡരികിൽത്തന്നെ. ആ വീടിന്റെ മുൻപിൽ എത്തിയപ്പോൾ ”പോകരുത്” എന്ന ശബ്ദം കൂടിവന്നു. എവിടെനിന്ന് ശക്തി കിട്ടിയെന്ന് എനിക്കറിയില്ല. ഞാൻ അവരുടെ മുറ്റത്തേക്ക് കയറി. ഉടൻതന്നെ എന്റെ ഹൃദയത്തിന്റെ ഇടതുവശത്തെ ശബ്ദം ഇല്ലാതായി. വലിയ സമാധാനവും ശാന്തിയും എന്നിൽ നിറഞ്ഞു.
ഞാൻ അവരുടെ വാതിലിൽ മുട്ടി. അകത്തുനിന്ന് ആരാണെന്ന് ചോദിച്ചു. ഞാൻ പേരു പറഞ്ഞു. അവർ ഏറെ സ്‌നേഹത്തോടെ, സന്തോഷത്തോടെ എന്നെ വീട്ടിൽ സ്വീകരിച്ചു. ഒരുപാട് സംസാരിച്ചു. ചായ കഴിച്ചു. ക്ഷമ ചോദിക്കുകയോ പറയുകയോ ചെയ്തില്ല. എന്നാൽ എല്ലാം സംഭവിച്ചു. ഹൃദയത്തിൽ വീണ്ടും സ്‌നേഹം പൂത്തു.
ഇത്രയും വർഷങ്ങൾക്കുശേഷവും മധുരിമ നഷ്ടമാ കാതെ എന്നിൽ നിറഞ്ഞുനില്ക്കുന്ന സന്തോഷത്തിന്റെ ദുഃഖവെള്ളിയുടെ ഓർമയാണിത്. എന്റെ സന്യാസ, പൗരോഹിത്യ, മിഷനറി ജീവിതത്തിന്റെ ശക്തിയാണിത്. എന്റെ ഈശോ കാൽവരിക്കുരിശിൽനിന്ന് എനിക്ക് തന്ന സമ്മാനം. ആദ്യമായി അൾത്താരയോട് ചേർന്നുനിന്ന ദിവസം, ഈശോ എന്നെ പഠിപ്പിച്ചു – അൾത്താര ക്ഷമയുടെ ഇടമാണെന്ന്. ഒത്തിരി പേരുടെ ജീവിതങ്ങളിൽ ക്ഷമയുടെ കതിരു വീശുവാൻ ഈ ക്ഷമാനുഭവം എനിക്ക് ശക്തി തന്നിട്ടുണ്ട്. ഇതൊരു ദൈവികസന്ദേശമാണ്. ഇതാണ് വെറുപ്പിന്റെ, പകയുടെ ഇടങ്ങളിൽ ക്രിസ്ത്യാനി ജീവിതത്തിലൂടെ നല്‌കേണ്ട സന്ദേശം.
ഫാ. ജോർജ് ആലുക്ക സി.എസ്.റ്റി
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22