പരിശുദ്ധാത്മാവ് ഒരു വക്തിയോ ശക്തിയോ ?
പരിശുദ്ധാത്മാവിനെ ദൈവശക്തിയായിട്ടാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. സുവിശേഷങ്ങളിലും പരിശുദ്ധാത്മ ശക്തിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. പരിശുദ്ധാത്മാവ് ശിഷ്യരുടെമേല്‍ വന്ന് നിറഞ്ഞപ്പോള്‍ അവര്‍ ശക്തിപ്രാപിച്ചതായി ദൈവവചനത്തില്‍ നാം വായിക്കുന്നു. പരിശുദ്ധാത്മാവ് ശക്തിയാണ്, ധൈര്യമാണ്. അതുകൊണ്ടാണ് അവിടുന്ന് വന്ന് നിറയുമ്പോള്‍ നാം ശക്തരും ധീരരുമായി മാറുന്നതെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു.
കാറ്റ് പോലെയുള്ള ശക്തിയല്ല പരിശുദ്ധാത്മാവ്. വ്യക്തിത്വമില്ലാത്ത ശക്തിയുമല്ല.ഒരു വികാരവുമല്ല. യേശു പറയുന്നു, ഞാന്‍ നിങ്ങള്‍ക്കായി ഒരു സഹായകനെ അയക്കും. നിങ്ങളെ ഞാന്‍ അനാഥരായി വിടുകയില്ലെന്ന്. സഹായകന്‍ വെറുമൊരു ശക്തിയല്ല, വ്യക്തിത്വമുള്ള, ആലോചിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവനാണ്. ഈ പരിശുദ്ധാത്മാവിനെ ത്രീത്വത്തിലെ മൂന്നാം ആളായി നാം വിശ്വസിക്കുന്നത് അതുകൊണ്ടാണ്. എന്നും കൂടെയായിരിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്റെ കൂടെ നിന്ന്, എനിക്ക് തുണയായി, എന്നെ പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്നില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനാല്‍ എല്ലാം എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.
എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം?
പ്രധാനമായും രണ്ട് ദൗത്യങ്ങളാണ് പരിശുദ്ധാത്മാവിന് ഉള്ളത്. ഒന്ന് ശക്തിപ്പെടുത്തുക, രണ്ട് വചനപ്രഘോഷണത്തിന് വ്യക്തികളെ ഒരുക്കുക. ഇന്നും അതു തന്നെയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. എന്റെ ഉള്ളില്‍ വസിച്ച് എന്നെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിനെയാണ് ആദ്യമായി ഞാന്‍ കാണേണ്ടത്. വ്യക്തിപരമായ രൂപാന്തരീകരണമാണ് പരിശുദ്ധാത്മ ആവാസത്തിലൂടെ നടക്കുന്നത്. യഥാര്‍ത്ഥ ശിഷ്യത്വത്തിലേക്ക് നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഇതാണ് നമ്മില്‍ വരങ്ങളും ദാനങ്ങളുമായി പ്രവര്‍ത്തിക്കുന്നത്.
ആത്മാവിനാല്‍ നിറയുമ്പോഴാണ് ഓരോ വ്യക്തിയുടെയും ജീവിതം ഫലവത്താകുന്നത്. വ്യക്തിതലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനെ നാമിവിടെ കണ്ടുമുട്ടുന്നു. അതേ സമയം സുവിശേഷ പ്രഘോഷണത്തിന് നമ്മെ ഒരുക്കുന്ന ശക്തിയായിട്ടാണ് സുവിശേഷങ്ങള്‍ പരിശുദ്ധാത്മാവിനെ ചിത്രീകരിക്കുന്നത്. പ്രധാനമായും ലൂക്കാ സുവിശേഷകനാണ് സുവിശേഷ പ്രഘോഷണത്തില്‍ പരിശുദ്ധാത്മാവിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെ കഴിയും?
പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ കഴിയണമെങ്കില്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്ന് ഹൃദയത്തില്‍ വിശ്വസിക്കണം. യേശുവിന്റെ വാക്കുകളില്‍ വിശ്വസിക്കുക. ബൈബിളിലൂടെയും സഭാ പ്രബോധനങ്ങളിലൂടെയുമാണ് യേശുവിന്റെ വാക്കുകള്‍ നമുക്ക് കേള്‍ക്കാനാകുന്നത്. ഇതിന് കണ്ണും കാതും തുറന്ന് വയ്ക്കണം. പരിശുദ്ധാത്മാവ് എന്നോട് സംസാരിക്കുന്നു, എന്നെ നയിക്കുന്നു എന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസില്‍ ഉണ്ടാകണം. 'ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ, എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഞാനൊഴുക്കും'' തുടങ്ങിയ വചനങ്ങളിലൂടെ വിശുദ്ധ യോഹന്നാന്‍ സുവിശേഷകനും വിശുദ്ധ ലൂക്കാ സുവിശേഷകനും നമ്മെ പരിശുദ്ധാത്മാവിന്റെ നയിക്കപ്പെടലിന് ഒരുങ്ങണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു.
വിശ്വാസവും ആഗ്രഹവും പ്രാര്‍ത്ഥനയും ഇതിന് അത്യാവശ്യമാണ്. പരിശുദ്ധാത്മാവിനായി കാത്തിരിക്കാന്‍ നാം തയ്യാറാകണം. അതോടൊപ്പം സമൂഹത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. കൂദാശകളിലൂടെയാണ് ഓരോ വ്യക്തികളിലേക്കും പരിശുദ്ധാത്മാവി ന്റെ അഭിഷേകം ഉണ്ടാകുന്നത്. 'സ്ഥൈര്യലേപനം' എന്ന കൂദാശയില്‍ വൈദികന്റെ കൈവയ്പ് വഴി ദൈവം പരിശുദ്ധാത്മാവിനെ നമുക്ക് നല്കുന്നു. പക്ഷേ ഈ പരിശുദ്ധാത്മാവിനെക്കുറിച്ച് നാം പലപ്പോഴും വേണ്ടത്ര ബോധവാന്മാരല്ല. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളില്‍ കനല്‍മൂടി കിടക്കുന്നു. അതിനെ ഉണര്‍ത്തണം. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് നാം എപ്പോഴും കാതോര്‍ക്കണം.
നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്റെ തഴക്കദോഷങ്ങളും കടുംപിടുത്തങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളുമാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകാതെ പോകുന്നതിന്റെ കാരണമെന്ന് അറിയണം. ഏകാഗ്രതയോടെ പരിശുദ്ധാത്മ സ്വരത്തിനുവേണ്ടി ശ്രദ്ധിക്കണം. നിശബ്ദതയില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഒരു മൗന സംസ്‌കാരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് എനിക്ക് തോന്നാറുണ്ട്. ആന്തരികമായി നമ്മുടെ ഹൃദയത്തില്‍ മന്ത്രിക്കുന്ന പരിശുദ്ധാത്മ ശബ്ദം അപ്പോള്‍ നമുക്ക് ശ്രവിക്കാന്‍ കഴിയും. ഏകാഗ്രതയില്ലാതെ ദൈവം പറയുന്നത് കേള്‍ക്കാനാവില്ലല്ലോ. എനിക്ക് കിട്ടുന്ന പ്രചോദനമനുസരിച്ച് ഞാന്‍ മുന്നോട്ട് പോകണം. പരിശുദ്ധ അമ്മയില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന മനോഭാവത്തോടെ അമ്മ ശ്രവിച്ചു.
സാധാരണയായി ദൈവാത്മാവ് ശാന്തമായിട്ടും സൗമ്യമായിട്ടുമാണ് നമ്മില്‍ പ്രവര്‍ത്തിക്കുന്നത്. ആത്മാവിന് വഴങ്ങുന്നതിന് അനുസരിച്ച് അവിടുത്തെ പ്രവര്‍ത്തനം നമ്മില്‍ ശക്തിപ്പെടും. പശ്ചാത്താപവും പാപബോധവും ദൈവത്തോട് രമ്യപ്പെടാനുള്ള ആഗ്രഹവും ഇതിന് ആവശ്യമാണ്. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് വയലുകള്‍ കര്‍ഷകന്‍ ഒരുക്കുന്നതുപോലെ നമ്മുടെ ഹൃദയത്തെയും ഇതിന് ഒരുക്കണം. പറയുന്നത് കേള്‍ക്കാനുള്ള സന്നദ്ധത ഉണ്ടാകണം. വിനയം, വിധേയത്വം ഇവയും ആവശ്യമാണ്. ഞാന്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കാള്‍ കൂടുതലായി പരിശുദ്ധാത്മാവ് എന്നെയാണ് എടുത്ത് ഉപയോഗിക്കേണ്ടതെന്ന് അപ്പോള്‍ നമുക്ക് വ്യക്തമാകും.
സഭയ്ക്ക് പുറത്ത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ?
'പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എല്ലായിടത്തുമുണ്ട്. 'കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു' (യോഹ. 3:8) സൃഷ്ടികര്‍മ്മത്തിന്റെ ആരംഭം മുതലേ പരിശുദ്ധാത്മാവിന്റെ ഈ പ്രവര്‍ത്തനം ലോകത്തില്‍ ഉണ്ടായിട്ടുണ്ട്. യേശുവിലും ശിഷ്യന്മാരിലും പ്രവര്‍ത്തിച്ചത് ഇതേ പരിശുദ്ധാത്മാവാണ്. ഇന്ന് മറ്റ് മതങ്ങളിലും നേതാക്കളിലും ഇതേ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ നമ്മോട് പറയുന്നതും അത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊട്ടിത്തെറിച്ച് പുതിയ രൂപങ്ങള്‍ ഉണ്ടാകുന്നത്.
തിന്മയുടെ ശക്തി മരണത്തിലേക്കും നന്മയുടെ ശക്തി ജീവനിലേക്കും നയിക്കുമെന്ന് നമുക്കറിയാം. നന്മതിന്മയുടെ യുദ്ധഭൂമിയായിട്ടാണ് ബൈബിള്‍ ഭൂതലത്തെ എടുത്തുകാട്ടുന്നത്. അനേകം വ്യക്തികള്‍ക്ക് നന്മയ്ക്ക് വേണ്ടിയും നീതിക്കു വേണ്ടിയും പോരാടാന്‍ പ്രചോദനം നല്കുന്നത് പരിശുദ്ധാത്മാവാണ്. അനേകരെ മൂല്യങ്ങള്‍ക്കായി നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്. ദൈവഹിതം നിറവേറ്റാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. സത്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നിലയുറപ്പിക്കാന്‍ അനേകരെ ശക്തരാക്കുന്നതും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളാണ്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ സഭയ്ക്ക് പുറത്തും ദൈവരാജ്യമുണ്ടെന്ന് ഈ ആത്മാവ് നമ്മെ ഓര്‍മ്മിപ്പക്കുന്നു. അദൃശ്യമായ സഭയെന്നും അറിയപ്പെടാത്ത വിശ്വാസികളെന്നും നാം പറയുന്നത് അതുകൊണ്ടാണ്.
പരിശുദ്ധാത്മാവ് ഒരേസമയം വ്യക്തിയും ശക്തിയുമാണെന്ന് പറയുന്നതെന്തുകൊണ്ട്.?
= യേശുവിന്റെ സ്വര്‍ഗാരോഹണത്തിന് മുമ്പ് ഒലിവുമലയില്‍ വച്ച് അവിടുന്ന് ശ്ലീഹന്മാരെ അനുഗ്രഹിച്ച് നല്‍കിയ സാര്‍വത്രിക നിര്‍ദേശത്തില്‍ നാം ഇങ്ങനെ കാണുന്നു. ''നിങ്ങള്‍ പോയി സര്‍വജനപദങ്ങളെയും ശിഷ്യപ്പെടുത്തി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ ജ്ഞാനസ്‌നാനപ്പെടുത്തുവിന്‍'' (മത്താ.28:19). ജ്ഞാനസ്‌നാനവാക്യത്തില്‍ നിന്ന്, പരിശുദ്ധാരൂപി പിതാവിനും പുത്രനും സമാനമായ വ്യക്തിയാണെന്ന് വ്യക്തമാണ്. ഏതൊരുവന്റെയും ക്രിസ്തീയതയിലേക്കുള്ള പ്രവേശം ത്രിതൈ്വക ദൈവത്തിലുള്ള മുദ്രിതാനുഭവമാണ്. നിഖ്യാ സൂനഹദോസ് പ്രഖ്യാപിക്കുന്നു. ''...കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. അവിടുന്ന് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നു. പിതാവിനോടും പുത്രനോടും സമാനനായി ആരാധിതനും മഹത്വീകൃതനുമാകുന്നു.''അവിടുന്ന് പ്രവാചകന്മാരിലൂടെ സംസാരിച്ചു. എഡി 381 ലെ കോണ്‍സ്റ്റന്റിനോപ്പിള്‍ കൗണ്‍സില്‍ നിഖ്യാ സൂനഹദോസിന്റെ ഈ പ്രഖ്യാപനം സ്ഥിരീകരിച്ചു. 1943 സെപ്തംബര്‍ 30 ല്‍ പ്രസിദ്ധീകൃതമായ, 12ാം പിയൂസ് മാര്‍പാപ്പയുടെ 'ദിവിനോ അഫല്‍ത്തെ സ്പിരിത്തു' എന്ന ചാക്രികലേഖനം മുഖ്യമായും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പഠനമാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (19621965) 16 പ്രമാണരേഖകളിലും നിറഞ്ഞുനില്‍ക്കുന്ന പഠനങ്ങളാണ് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ളത്. 1973 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞത് 'പരിശുദ്ധാരൂപിയോടുള്ള സവിശേഷമായ ഭക്തിയും പുതിയ പഠനങ്ങളും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു' എന്നാണ്. പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ച് യേശു പറഞ്ഞു. ''എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും.'' (യോഹ. 14:26).
വേദപുസ്തകത്തില്‍ ആദ്യന്തം പരിശുദ്ധാത്മാവിനെ പരാമര്‍ശിക്കുമ്പോഴൊക്കെ 'ദൈവത്തിന്റെ ശക്തി', 'കര്‍ത്താവിന്റെ ബലം' എന്നീ പ്രയോഗങ്ങള്‍ ധാരാളം കാണാന്‍ കഴിയും. അത് പ്രവര്‍ത്തനനിരതവും ചലനാത്മകവുമാണെന്നും വിശുദ്ധ ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സര്‍വവും ഉണ്ടായത് ദൈവത്തിന്റെ അരൂപിയായ വചനത്താലാണല്ലോ. ആദിയില്‍ ദൈവത്തിന്റെ അരൂപി ജലവിതാനങ്ങളില്‍ ചലനാത്മകനായിരുന്നു. മാലാഖാ പരിശുദ്ധ കന്യാമറിയത്തോട് സംസാരിക്കുമ്പോള്‍ പറയുന്നതും, ദൈവാത്മാവിന്റെ ശക്തിയെക്കുറിച്ചാണ്.''പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.'' (ലൂക്കാ. 1:35).
ജോയേല്‍ പ്രവാചകന്റെ പ്രവചനം പരിശുദ്ധാത്മാവിന്റെ ആഗമനത്തിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നു. ''എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.'' (അപ്പ: 2:18). ഇത് വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ആനന്ദത്തിന്റെയും അരൂപിയാണ്.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ ആദ്യന്തം കാണുന്ന പരിശുദ്ധാത്മശക്തി ശിഷ്യ സമൂഹത്തിന് പ്രസംഗിക്കാനും രോഗശാന്തി നല്‍കാനും തിന്മകളകറ്റാനും യേശുവിന് സാക്ഷ്യം നല്‍കാനും കൂട്ടായ്മ വളര്‍ത്താനുമൊക്കെ ഉപയോഗിക്കുന്നു. വ്യക്തിയും ശക്തിയുമായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന് വേണ്ടിയാണ് നാം ദിനവും പ്രാര്‍ത്ഥിക്കേണ്ടത്.
എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം ?
= പരിശുദ്ധാരൂപിക്ക് ഇന്ന് സഭയിലും സമൂഹത്തിലും വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാ മനുഷ്യഹൃദയങ്ങളിലും ദൈവ ചൈതന്യം നിവേശിപ്പിക്കാന്‍ പരിശുദ്ധാത്മാവിന് മാത്രമേ കഴിയൂ. യേശു ശിഷ്യരോട് പറഞ്ഞു. ''മനുഷ്യര്‍ക്ക് പാപബോധവും നീതിബോധവും ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ വേണ്ടി ഞാന്‍ എന്റെ സഹായകനെ നിങ്ങളുടെ അടുക്കലേക്കയയ്ക്കും'' (യോഹ. 16:711). പരിശുദ്ധാത്മാവിന്റെ ഈ സഹായമില്ലെങ്കില്‍ നമുക്ക് വഴിതെറ്റുമെന്ന് തീര്‍ച്ചയാണ്. ദൈവവചനം പറയുന്നു. ''യേശു കര്‍ത്താവാണെന്ന് പറയാന്‍ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയുമില്ല.''(1 കോറി 12:3). ഓരോരുത്തര്‍ക്കും ആത്മീയവരദാനങ്ങള്‍ നല്‍കപ്പെടുന്നത് ക്രിസ്തുവിന്റെ ഭൗതികശരീരം പണിതുയര്‍ത്താന്‍ ആണെന്ന് കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തിലും നാം വായിക്കുന്നു.
പരിശുദ്ധാത്മാവ് വന്നു നിറയുമ്പോഴാണ് സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളാല്‍ നാം നിറയുന്നത്. സഹായകനായ പരിശുദ്ധാത്മാവ് ഒരിക്കലും നമ്മെ മറന്നുകളയുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. രൂപരഹിതവും ശൂന്യവുമായിരുന്ന ഭൂമിക്ക് രൂപവും ഭാവവും നല്‍കിയതും ദൈവസാന്നിധ്യം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തതും ഈ പരിശുദ്ധാത്മാവാണെന്ന് തിരുവചനത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. സഭയുടെ നിരന്തര സാന്നിധ്യത്തിന്റെ അടയാളം കൂടിയാണ് ഈ പരിശുദ്ധാരൂപി. പുതുജീവന്‍ നല്‍കുകയും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും അമ്മയെപ്പോലെ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് ഈ സഹായകനാണ്. എവിടെ സമൂഹമുണ്ടോ അവിടെ ദൈവത്തിലേക്ക് ചേര്‍ന്ന് നില്‍ക്കാന്‍ നമ്മെ സഹായിക്കുന്നത് ഈ അരൂപിയുടെ സാന്നിധ്യമാണ്. അതാണിന്ന് പരിശുദ്ധാത്മാവിന്റെ പ്രധാന ദൗത്യവും.
പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെയാണ് കഴിയുന്നത്?
= പരിശുദ്ധാത്മാവ് സ്‌നേഹത്തിന്റെ അരൂപിയാണ്. സെന്റ് പോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''ദൈവസ്‌നേഹമാകുന്ന പരിശുദ്ധാത്മാവ് നമ്മില്‍ ചൊരിയപ്പെട്ടിരിക്കുന്നു.'' (റോമ 5:5). ഈ പ്രസ്താവനയ്ക്ക് മുമ്പ് നമ്മുടെ മാനസികാവസ്ഥയുടെ ഒരു വിശകലനം അദ്ദേഹം നടത്തുന്നുണ്ട്. നമ്മുടെ കഷ്ടതകളില്‍ നമുക്ക് അഭിമാനിക്കാം. കാരണം, കഷ്ടത സഹനശീലം ഉളവാക്കുന്നു. സഹനശീലത്തില്‍ നിന്ന് സ്വഭാവഗുണം ഉളവാക്കുന്നു. സ്വഭാവഗുണത്തില്‍ നിന്ന് പ്രത്യാശ ജനിക്കുന്നു. ഈ പ്രത്യാശയില്‍ നിരാശയ്ക്കിടമില്ല. കാരണം നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ യാണ് ദൈവസ്‌നേഹം ചൊരിയപ്പെടുന്നത്.
സഭയ്ക്ക് പുറമെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമുണ്ടെന്ന് വിശ്വസിക്കാമോ.?
= തീര്‍ച്ചയായും. ദൈവത്തോട് മനുഷ്യനെ അടുപ്പിക്കാനുള്ള ദൈവികപദ്ധതിയാണ് പരിശുദ്ധാത്മാവ്. ഇന്ന് സഭയിലും സമൂഹത്തിലുമെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നമുക്ക് വ്യക്തമായി കാണാം. എന്നാല്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ നന്മയുടെ വഴികളിലൂടെ സഭയ്ക്ക് പുറത്തും ആത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
No comments:
Post a Comment