അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label കൃപ. Show all posts
Showing posts with label കൃപ. Show all posts

Wednesday, 26 December 2012

ആത്മീയദാനങ്ങള്‍








 മാര്‍ക്കോസ് 16.14-19

സ്വര്‍ഗാരോഹണത്തിന് മുമ്പ് യേശു അപ്പസ്‌തോലന്മാരോട് അവസാനമായി സംസാരിക്കുന്ന കാര്യങ്ങളാണ് ഈ സുവിശേഷഭാഗത്ത് ഉള്ളത്. മൂന്ന് പ്രധാന കാര്യങ്ങളാണ് യേശു പറയുന്നത്.

ഒന്ന്, അപ്പസ്‌തോലന്മാര്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കണം.

രണ്ട്, പ്രസംഗിക്കപ്പെടുന്ന സുവിശേഷം കേട്ട് വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും.

മൂന്ന്, വിശ്വസിക്കുന്നവര്‍ക്ക് പ്രത്യേക സിദ്ധികള്‍ ലഭിക്കും.

 അവര്‍ക്ക് യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കാന്‍ കഴിവ് കിട്ടും. അവര്‍ക്ക് ഭാഷാവരം കിട്ടും. സര്‍പ്പങ്ങളെ കൈയിലെടുക്കുവാന്‍ ധൈര്യം കിട്ടും; കൈയിലെടുത്താലും സര്‍പ്പങ്ങള്‍ അവരെ ഉപദ്രവിക്കുകയില്ല. മരണകാരണമാകാവുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ പോലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്ന രോഗികള്‍ക്ക് സൗഖ്യം ലഭിക്കും.

പ്രേഷിതദൗത്യം

ഈ വചനങ്ങളില്‍ ഒന്നാമത്തേത്, പ്രേഷിതദൗത്യം ഏല്‍പിക്കല്‍ ആണ്. സകല സൃഷ്ടികളോടും സുവിശേഷം പറയണം. ആരെങ്കിലും അയക്കപ്പെടുകയും പോവുകയും പറയുകയും ചെയ്‌തെങ്കില്‍ മാത്രമേ ആര്‍ക്കെങ്കിലുമൊക്കെ സുവിശേഷം കേള്‍ക്കാനും വിശ്വസിക്കാനും കഴിയൂ. അങ്ങനെ സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ആണ് നിത്യരക്ഷ നേടുക. ഇക്കാരണത്താല്‍, സുവിശേഷം പറയാന്‍ ആരെങ്കിലും എല്ലാക്കാലത്തും അയക്കപ്പെടണം. സുവിശേഷപ്രഘോഷണത്തിന് പോകാനും സുവിശേഷം പ്രസംഗിക്കാനും ആളുകള്‍ വേണം. റോമാക്കാര്‍ക്കുള്ള ലേഖനം 10:9-15 വചനങ്ങള്‍ ശ്രദ്ധിക്കുക: ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേല്‍ അവിടുന്ന് തന്റെ സമ്പത്ത് വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും. എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും?
സ്വന്തം കുഞ്ഞിന് യേശുവിനെ പരിചയപ്പെടുത്തുന്ന അമ്മ സുവിശേഷപ്രസംഗകയാണ്. വേദപാഠം പഠിപ്പിക്കുന്ന അധ്യാപകരും വൈദികരും സിസ്റ്റര്‍മാരും ഭക്തസംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരും നല്ല ക്രൈസ്തവജീവിതം നയിക്കുകയും ക്രിസ്തുവിനെപ്പറ്റി മക്കളോട് പറയുകയും ചെയ്യുന്ന അപ്പനുമെല്ലാം സുവിശേഷപ്രഘോഷകരാണ്. അങ്ങനെയുള്ളവരുടെയെല്ലാം പാദങ്ങള്‍ പൗലോസ് ശ്ലീഹായുടെ ഭാഷയില്‍ സുന്ദരങ്ങള്‍ ആണ്.

വിശ്വസിക്കുന്നവര്‍ 
യേശു പറഞ്ഞ രണ്ടാമത്തെ കാര്യം ഇതാണ്: സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ രക്ഷപെടും. അങ്ങനെയാണെങ്കില്‍ ഓരോ അപ്പനും അമ്മയും വലിയ സുവിശേഷപ്രസംഗകര്‍ ആകണം. കാരണം, അവരിലൂടെയാണ് അവരുടെ മക്കള്‍ ആദ്യമേ സുവിശേഷം കേട്ട് വിശ്വസിക്കേണ്ടത്. വളര്‍ന്നു വരുമ്പോഴും സുവിശേഷത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനും മാതാപിതാക്കളുടെ പങ്ക് പ്രധാനമാണ്. വൈദികര്‍, സിസ്റ്റര്‍മാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ക്കും കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരെ വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്.

ആത്മീയദാനങ്ങള്‍

യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശു നല്‍കുന്ന വാഗ്ദാനങ്ങള്‍ ആണ് മൂന്നാമത്തേത്. പിശാചിനെ പുറത്താക്കാനുള്ള ശക്തി, സര്‍പ്പത്തെ കൈയിലെടുത്താല്‍ പോലും അത് കടിക്കാത്ത സ്ഥിതി, മരണകാരണമാകാവുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ പോലും ആപത്ത് സംഭവിക്കാത്ത അവസ്ഥ, കൈവപ്പ് പ്രാര്‍ത്ഥനയിലൂടെ രോഗികളെ സുഖപ്പെടുത്താനുള്ള കൃപ... ഈ കൃപകളില്‍ ഒന്നുംതന്നെ മഹാഭൂരിപക്ഷം വിശ്വാസികള്‍ക്കും ഇല്ല എന്നതാണ് സത്യം. പ്രാര്‍ത്ഥനയിലൂടെ രോഗികളെ സുഖപ്പെടുത്താനുള്ള കൃപ കുറച്ചു പേരിലൂടെ പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു. ആ കൃപയുള്ളവരുടെ പ്രാര്‍ത്ഥനയിലൂടെ അനേകം രോഗികള്‍ സൗഖ്യം പ്രാപിക്കുന്നത് നാം കാണുന്നുമുണ്ട്. പിശാചുക്കളെ ബന്ധിക്കാനും പുറത്താക്കാനുമുള്ള കൃപയും കുറച്ചു പേരിലൂടെ പ്രവര്‍ത്തിക്കുന്നതായി നമുക്ക് അറിയാം.

ഈ പശ്ചാത്തലത്തില്‍ നമുക്ക് സ്വയം ചോദിക്കാവുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. യേശു പല ഉന്നതമായ കൃപകളും സിദ്ധികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും അവയില്‍ പലതും മഹാഭൂരിപക്ഷം വിശ്വാസികളിലും കാണാത്തത് എന്തുകൊണ്ട്? യേശു അവ നല്‍കാന്‍ തയാറാകാത്തതാണോ അഥവാ അവ ഏറ്റുവാങ്ങാന്‍ നമുക്ക് കരുത്ത് ഇല്ലാത്തതാണോ പ്രശ്‌നം? വിശ്വസിക്കുന്നവര്‍ക്ക് യേശു ഇവ വാഗ്ദാനം ചെയ്ത സ്ഥിതിക്ക് അത് തരാതിരിക്കാനുള്ള നിലപാട് യേശു എടുക്കുകയില്ല. അതിനാല്‍ ദൈവം തരാന്‍ ആഗ്രഹിക്കുന്നത് ഏറ്റുവാങ്ങാനുള്ള നമ്മുടെ യോഗ്യതക്കുറവ് ആയിരിക്കണം കാരണം. അതായത്, സുവിശേഷവചനങ്ങളിലും യേശുവിന്റെ ശക്തിയിലുമുള്ള നമ്മുടെ വിശ്വാസം ഇനിയും ആഴപ്പെടേണ്ടിയിരിക്കുന്നു. യേശുവിന്റെയും ദൈവവചനത്തിന്റെയും ശക്തിയില്‍ ഉള്ള വിശ്വാസത്തില്‍ ആഴപ്പെടുന്നതനുസരിച്ച് പലര്‍ക്കും ഈ സിദ്ധികളില്‍ ചിലത് ലഭിക്കുന്നതായി നാം കാണുന്നുണ്ട്. ഉദാഹരണത്തിന് വിശ്വാസം ഇല്ലാതെ ജീവിച്ചവരും നാമമാത്രമായ വിശ്വാസംകൊണ്ട് ജീവിച്ചിരുന്നവരുമായ പലരും ധ്യാനാനുഭവങ്ങളുടെ ഫലമായി വചനത്തിലും യേശുവിലുമുള്ള വിശ്വാസത്തില്‍ വളരെയധികം ആഴപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി രോഗശാന്തിവരം, ആത്മാക്കളെ തിരിച്ചറിയാനുള്ള വരം, ഭാഷാവരം, പിശാചുക്കളെ ബന്ധിക്കാനുള്ള വരം ഇങ്ങനെ പലതും അവര്‍ക്ക് ലഭിക്കുന്നതായും നാം കാണുന്നുണ്ട്. യേശു വാഗ്ദാനം ചെയ്തതും പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ട ആത്മീയദാനങ്ങള്‍ക്കുവേണ്ടി നമ്മള്‍ അധികമൊന്നും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറില്ല.

ഇത്തരം ആത്മീയ സിദ്ധികള്‍ നമുക്ക് ഉണ്ടെങ്കില്‍ നമ്മുടെ ജീവിതം കൂടുതല്‍ മനോഹരമാകും എന്നത് ഓര്‍ക്കാം. തന്നെയുമല്ല, ഇത്തരം സിദ്ധികള്‍ ഉള്ളവര്‍ക്ക് മറ്റുള്ളവരുടെ ജീവിതക്ലേശങ്ങള്‍ കുറയ്ക്കാനും അവരുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാനും കഴിയും. ഉദാഹരണത്തിന്, രോഗശാന്തി വരമുള്ള ഒരു വൈദികനും ഒരു സിസ്റ്ററിനും ഒരു അല്മായനും ഒരു കുടുംബനാഥനും ഒരു കുടുംബനാഥയ്ക്കും എത്രയോ പേരുടെ ജീവിതത്തിന്റെ പ്രയാസങ്ങള്‍ കുറയ്ക്കാനും ജീവിതം കൂടുതല്‍ നല്ലതാക്കാനും കഴിയും. സത്യത്തില്‍, അങ്ങനെയുള്ള സിദ്ധികളുള്ള വൈദികരും സിസ്റ്റര്‍മാരും അല്മായ ശുശ്രൂഷകരും കുടുംബനാഥന്മാരും കുടുംബനാഥമാരുമെല്ലാം നമ്മുടെയിടയില്‍ എണ്ണത്തില്‍ എത്രയോ കുറവാണ്. ഇങ്ങനെയുള്ള ആത്മീയ സിദ്ധികള്‍ ഉണ്ടെന്ന് നാം അറിയണം. അത് ദൈവം നല്‍കുന്ന ദാനമാണെന്ന് വിശ്വസിക്കണം. അത്തരം ആത്മീയദാനങ്ങള്‍ ലഭിക്കുന്നതിന് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ചില ആത്മീയ കൃപകള്‍ എങ്കിലും ഓരോരുത്തര്‍ക്കും ദൈവം നല്‍കും.

Saturday, 17 November 2012

ദൈവമേ, എന്തുകൊണ്ട് ഈ ഞാന്‍?


ഒരു സായാഹ്നം. ഉള്ളില്‍ നെരിപ്പോടുകണക്കെ എരിയുന്ന ഒരു വേര്‍പാടിന്റെ വേദനയുടെ വിനാഴികയില്‍ മൊബൈലില്‍ തെളിഞ്ഞ എസ്.എം.എസ് ഇപ്രകാരമായിരുന്നു. 'ജീവിതത്തിന്റെ വഴിത്താരകളില്‍നിന്ന് ദൈവം എന്തെങ്കിലും തിരിച്ചെടുക്കുമ്പോള്‍ വേദനിക്കാതിരിക്കുക. ഓര്‍ക്കുക, ദൈവം നിന്റെ കരങ്ങള്‍ ശൂന്യമാക്കുകയാണ്. കൂടുതല്‍ മനോഹരമായത് എന്തിനോവേണ്ടി...' വേര്‍പ്പാടുകളുടെയും വേദനകളുടെയും മുദ്രകള്‍കൊണ്ട് ഹൃദയം അലങ്കരിക്കുന്ന ഒരു സുഹൃത്തിന്റെ ആശ്വാസവചസുകള്‍. എന്തോ വല്ലാത്ത ശക്തിയുണ്ടായിരുന്നു അതിന്. എന്തിനും ഏതിനും നീറുന്ന സഹനങ്ങള്‍ക്കും പൊള്ളുന്ന നൊമ്പരങ്ങള്‍ക്കും ഒക്കെ പിന്നില്‍ എന്തോ ദൈവം ഒളിപ്പിച്ചുവയ്ക്കുന്നുണ്ട് എന്ന് അവന്‍ എന്നെയറിയിക്കുകയായിരുന്നു. പിന്നെ നേരില്‍ കണ്ടപ്പോള്‍ ഇരുകരങ്ങളും ചേര്‍ത്തുപിടിക്കുമ്പോള്‍ അത്രയ്ക്കു ബലമുണ്ടായിരുന്നു ആ മൗനത്തിനുപോലും.

ചില കൃപകള്‍ക്കു തമ്പുരാന്‍ അത്രയൊന്നും സുഖകരമല്ലാത്ത, ആകര്‍ഷണീയമല്ലാത്ത പുറംചട്ടകള്‍കൊണ്ട് മറയിടാറുണ്ടോ എന്നൊരു സംശയം ബാക്കിയാവുന്നുണ്ട്. യാഥാര്‍ത്ഥ്യമോ കഥയോ എന്നറിയില്ല. പക്ഷേ, വല്ലാതെ സ്പര്‍ശിച്ച ഏതാനും വരികളുണ്ട്- ഉന്നതവിജയത്തോടെ പഠനം പൂര്‍ത്തിയാക്കിയ ഒരു യുവാവ്. ആനാളുകളില്‍ ഒരു സ്‌പോര്‍ടസ്‌കാര്‍ അവനെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അവന്റെ പിതാവിനാകട്ടെ അതിനു തക്ക സാമ്പത്തികശേഷിയുമുണ്ടായിരുന്നു. ഉന്നതവിജയത്തിന്റെ സന്തോഷത്തോടൊപ്പം ഈ ആഗ്രഹവും അവന്‍ പിതാവിനെ അറിയിച്ചിരുന്നു. അത് സാധ്യമാംവിധം ചില സൂചനകളും അവനു ലഭിച്ചു. അങ്ങനെ ഒരു സുദിനം വന്നെത്തി. അവാര്‍ഡ്ദാന ചടങ്ങിന്റെ ദിനം. ആഘോഷമായ ചടങ്ങുകള്‍ക്കൊടുവില്‍ ആ സായാഹ്നം പിതാവ് അവനെ ചാരേ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു- നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. ശേഷം ഒരു സമ്മാനപ്പൊതി അവനു കൈമാറി. സന്തോഷത്തോടെ ആ സമ്മാനപ്പൊതി തുറന്ന അവന്റെ മുഖം പെട്ടെന്നു വാടി. ചെറിയ ഒരു ബൈബിള്‍. വല്ലാത്ത ദേഷ്യത്തോടെ അവന്‍ അലറി: 'ഇത്രയും കാശുണ്ടായിട്ടും ഒരു ബൈബിളോ'? ഒരു കൊടുങ്കാറ്റുകണക്കെ ആ സമ്മാനം ഉപേക്ഷിച്ച് അവന്‍ ആ വീടിന്റെ വാതില്‍ കടന്നുപോയി. മറ്റെങ്ങോട്ടോ... കാലം ഒരുപാടു യാത്രയായി. അവന്‍ ഒത്തിരി വളര്‍ന്നു. ബിസിനസുകളില്‍ വിജയം അവനെ തേടിയെത്തി. മനോഹരമായ വീടും കുടുംബവുമൊക്കെയായി. അനുഗ്രഹത്തിന്റെ നാളുകള്‍. പക്ഷേ എന്തോ ഒന്നിന്റെ കുറവ്. ആ മനസ് പിതാവിന്റെ അരികിലേക്ക് യാത്രയായി. വിട്ടിറങ്ങിപ്പോന്ന ആ വാതില്‍ അവനെ തിരികെ വിളിച്ചു. അവന്‍ പിതാവിന്റെ അരികിലേക്ക് യാത്രയാവാന്‍ തീരുമാനിച്ചു. ഒരുക്കങ്ങള്‍ ആരംഭിക്കുംമുമ്പേ അവനെ തേടി ആ സന്ദേശം എത്തി. പിതാവ് മരിച്ചു. എല്ലാം നിനയ്ക്കായി മാറ്റിവച്ചിരിക്കുന്നു. എത്രയും വേഗം തിരികെ വരുക. നീറിപ്പുകയുന്ന മനസോടെ അവന്‍ സ്വഭവനത്തിലേക്കു യാത്രയായി. അന്ത്യശുശ്രൂഷകള്‍ അവസാനിച്ചു. ഏതാനും ദിനങ്ങള്‍ക്കുശേഷം രണ്ടുവരി കത്തെങ്കിലും തനിക്കായി പ്രതീക്ഷിച്ചുകൊണ്ട് പരിശോധിക്കുമ്പോള്‍ അവന്‍ പഴയ ബൈബിള്‍ കണ്ടു. എങ്ങനെ ഉപേക്ഷിച്ചുപോയോ അതേ രീതിയില്‍ കണ്ണില്‍ കണ്ണീരോടെ നെഞ്ചില്‍ നീറുന്ന കനലോടെ അവന്‍ അതു തുറന്നു പേജുകള്‍ ഒന്നൊന്നായി മറിക്കാന്‍ തുടങ്ങി. പെട്ടെന്ന് ഏറ്റവും ഒടുവിലത്തെ പുറംചട്ടയില്‍ ഒട്ടിച്ചുവച്ചിരുന്ന ഒരു കവറില്‍നിന്നും ഒരു താക്കോല്‍ താഴേക്കു വീണു. താക്കോലിനൊപ്പം താന്‍ പണ്ടു മോഹിച്ചിരുന്ന കാറിന്റെ ഡീലറിന്റെ പേരുള്ള ഒരു കാര്‍ഡും. തന്റെ അവാര്‍ഡു സ്വീകരണതിയതി തെളിഞ്ഞു നിന്ന ആ കാര്‍ഡില്‍ ഇപ്രകാരം അച്ചടിച്ചിരിക്കുന്നു: PAID IN FULL. മനസിലൂടെ ഒരു മിന്നല്‍പ്പിണര്‍കടന്നുപോയി. വല്ലാതെ കുത്തിനോവിച്ചു. ദൈവകാരുണ്യത്തിന് തമ്പുരാന്‍ പലപ്പോഴും അത്രയൊന്നും മനോഹരമല്ലാത്ത പുറംചട്ടകള്‍കൊണ്ട് ആവരണം ഇടാറുണ്ട് എന്നതാണ് സത്യമെന്നു തോന്നുന്നു.

ജീവിതത്തിന്റെ വഴിത്താരയില്‍ എവിടെയോവച്ച് ഈ സത്യം വെളിപ്പെട്ടു കിട്ടിയതുകൊണ്ടാവാം നിര തീര്‍ത്ത നീറുന്ന സഹനങ്ങളുടെ നടുവിലും ജോബ് ഇങ്ങനെ മൊഴിയുന്നത്- ദൈവത്തിന്റെ കരം എന്റെമേല്‍ പതിച്ചിരിക്കുന്നു (19:11). ആശ്വസിക്കാന്‍ ഒരു കണികപോലും ബാക്കിയില്ല. എന്നിട്ടും എന്തു ബലമാണ് ആ വാക്കുകള്‍ക്ക്, ചില വാഗ്വാദങ്ങള്‍ ദൈവത്തോട് ഉണ്ടെങ്കില്‍പ്പോലും. അവിടെയും അവസാനിക്കുന്നില്ല. ''എനിക്കു ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍ നിന്നു ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെതന്നെ എന്റെ കണ്ണുകള്‍ ദര്‍ശിക്കും'' (19:25-27). വിശ്വാസത്തിന്റെ വല്ലാത്തൊരു ബലമുണ്ടിവിടെ... നീറുന്ന സഹനങ്ങള്‍ക്ക് നടുവില്‍ നിന്ന് ദൈവത്തെ നോക്കി, ദൈവമേ, എനിക്ക് ഇത്രയധികം സഹനങ്ങളുണ്ട് എന്നു പറയുന്നതല്ല. മറിച്ച് ആ സഹനങ്ങളെ നോക്കി, നൊമ്പരപ്പെടുത്തുന്ന സഹനങ്ങളേ, നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല. ഇതിനെല്ലാം ഉത്തരമുള്ള ഒരു ദൈവം എനിക്കുണ്ട് എന്നു പറയുന്നതാണ് വിശ്വാസം എന്നു മൗനമായി മൊഴിയുന്ന ജോബിന്റെ ചിത്രം വല്ലാത്തൊരു അസൂയ ജനിപ്പിക്കുന്നു.

ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍ ചിലര്‍ സ്വീകരിക്കുന്ന ആത്മീയ നിലപാടുകള്‍ വല്ലാതെ അത്ഭുതപ്പെടുത്തും. വായനയില്‍ എവിടെയോവച്ച് ഇഷ്ടപ്പെട്ടുപോയ ഈ മനുഷ്യന്‍ ആരെയും ഒന്നു സ്പര്‍ശിക്കും, തീര്‍ച്ച. അതുകൊണ്ടുതന്നെ എഴുതാതിരിക്കാനാവുന്നില്ല. പുത്തന്‍യുഗത്തില്‍ ജോബിന്റെ പുനര്‍ജന്മം പോല്‍ ഒരു മനുഷ്യന്‍- ആര്‍തര്‍ ആഷേ. ടെന്നീസ് ലോകത്തിന്റെ നെറുകയില്‍ വെന്നിക്കൊടി പാറിച്ച ജേതാവ്. വിംബിള്‍ടണ്‍ കിരീടമടക്കം ഒത്തിരിയധികം കിരീടനേട്ടങ്ങള്‍. പെട്ടെന്ന് ഒരു ദിനം ഹൃദയസംബന്ധമായ രോഗംമൂലം തളര്‍ന്നുവീഴുന്നു. പിന്നീട് നടത്തിയ ശസ്ത്രക്രിയയില്‍ രക്തംദാനം ചെയ്തയാള്‍ ആ മനുഷ്യന് സമ്മാനിച്ചത് എയ്ഡ്‌സ് എന്ന മാരകരോഗവും. പിന്നെ തന്റെ പ്രിയ ആരാധകരുടെ സാന്ത്വനസന്ദേശങ്ങളുടെ ഒഴുക്കായിരുന്നു. അതിലൊന്ന് ഇങ്ങനെയും. ആര്‍തര്‍ എന്തേ ഇങ്ങനെ? എന്തുകൊണ്ട് ഇത്രമാത്രം ക്രൂരമായി ദൈവം നിന്നോടു പെരുമാറുന്നു? ആര്‍ക്കും ഉത്തരമില്ലാത്ത ആ സമസ്യക്ക് ആര്‍തറിന് ഉത്തരമുണ്ടായിരുന്നു. ലോകത്തെങ്ങുമായി അഞ്ചുകോടി പേര്‍ ടെന്നീസ് കളിക്കാന്‍ ആരംഭിച്ചു. അമ്പതുലക്ഷം പേര്‍ കളി പഠിച്ചു. അമ്പതിനായിരത്തോളം പേര്‍ കളികള്‍ക്ക് ക്ഷണിക്കപ്പെട്ടു. അഞ്ഞൂറോളം പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും, അമ്പതോളം പേര്‍ കിരീടത്തിനായി പൊരുതും. നാലുപേര്‍ സെമിഫൈനലില്‍. രണ്ടുപേര്‍ മാത്രം ഫൈനലില്‍. ഫൈനലില്‍ ജയിച്ച് വിംബിള്‍ഡണ്‍ കപ്പുമായി ലോകത്തിന്റെ നെറുകയില്‍ നിന്നപ്പോള്‍ ദൈവത്തോട് ഞാന്‍ ചോദിച്ചില്ല: ദൈവമേ, എന്തുകൊണ്ട് ഈ ഞാന്‍? എങ്കില്‍ ഈ മാരകരോഗത്തിന്റെ പിടിയിലമരുമ്പോഴും എനിക്കു ദൈവത്തോട് ചോദ്യങ്ങളില്ല. എല്ലാമറിയുന്നവന്റെ അടുക്കല്‍ ഇതിനൊരു ഉത്തരമുണ്ടാവും എന്നൊരു തിരിച്ചറിവ് മൗനമായി ആര്‍തര്‍ അവശേഷിപ്പിക്കുന്നുണ്ട്.

ഈ മനോഭാവത്തെ, ഈ ധൈര്യത്തെ എന്താണ് വിളിക്കേണ്ടത്? ഈ കൃപയ്ക്ക് എന്തുപേരാണ് നല്‍കേണ്ടത്? ഇതായിരിക്കണം അതിജീവനത്തിന്റെ കൃപ. ഏതൊരു ദുരന്തത്തിനും ഒരുവന്റെയുള്ളിലെ നന്മയുടെ പ്രകാശം ഊതിക്കെടുത്താനാവാത്തവിധം തമ്പുരാന്‍ മുദ്രവച്ചു കൊടുക്കുന്ന അതിജീവനത്തിന്റെ കൃപ. ഇത് ഒരുവന്റെ ചുറ്റുപാടുകളെ അവനറിയാതെതന്നെ ഒത്തിരി പ്രകാശമാനമാക്കുന്നു.
എവിടെയാണ് ഒരുവന്‍ അസ്വസ്ഥനാകുന്നത്? എന്നാണ് ഒരുവന്‍ ഉത്തരങ്ങള്‍ക്കായി കുറെ ചോദ്യങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചുവയ്ക്കുന്നത്? അത് ജീവിതത്തിന്റെ കനല്‍വഴികളിലാണ്.

പലപ്പോഴും മനുഷ്യന്‍ കണ്ടെടുക്കുന്ന ഉത്തരങ്ങളൊന്നും ഈ കരിനിഴല്‍ വീണ കനല്‍വഴികളില്‍ ഇത്തിരിപോലും വെളിച്ചം വിതറുന്നുമില്ല. പക്ഷേ, ദൈവത്തിന്റെ ചോദ്യങ്ങള്‍ പോലും ഒരുവന്റെ ഈ കനല്‍വഴികളെ വല്ലാതെ പ്രകാശമാനമാക്കുന്നുണ്ട്. അതാവണം മനുഷ്യരുടെ ഉത്തരങ്ങളൊക്കെ മുറിവില്‍ ഉരസുന്ന മണല്‍ത്തരിപോല്‍ ജോബിനെ അസ്വസ്ഥനാക്കുമ്പോള്‍ നീണ്ട നിശബ്ദതയ്ക്കുശേഷം ചില ചോദ്യങ്ങളുമായി ദൈവം അധരം തുറക്കുമ്പോള്‍ എല്ലാ സമസ്യകള്‍ക്കും ഉത്തരമായി എന്ന രീതിയില്‍ ജോബ് നിശബ്ദനാകുന്നത്. എന്തിന്, ദൈവത്തിന്റെ ചില മൗനംപോലും വല്ലാതെ പ്രകാശം ചൊരിയുന്നുണ്ട് എന്നുവേണം കരുതാന്‍. അല്ലെങ്കില്‍പ്പിന്നെ എന്താണ് പിതാവിന്റെ മൗനത്തിനപ്പുറവും 'പിതാവേ അങ്ങേ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു' എന്ന ക്രിസ്തുവിന്റെ അന്ത്യമൊഴികള്‍ക്കു നിദാനം. കൃപകള്‍ക്കുമേല്‍ ചില വ്രണിതാനുഭവങ്ങള്‍കൊണ്ട് പുറംചട്ട നെയ്യുന്ന തമ്പുരാന്റെയീ കുഞ്ഞിക്കുസൃതി ഒരുപക്ഷേ തിരിച്ചറിഞ്ഞിട്ടാവാം ഇവരൊക്കെ അധരം പൊത്തുന്നതും ആത്മാവിനെ സമര്‍പ്പിക്കുന്നതും.
കൃപകളിലേക്ക് സഞ്ചരിച്ചെത്തേണ്ട ദൂരത്തെ സഹനമെന്നാരോ വിളിച്ചു- ഇത്തരം ചില അനുമാനങ്ങള്‍ ഗുരുക്കന്മാര്‍ ലോകത്ത് ബാക്കിവയ്ക്കുന്നുണ്ട്. ഒത്തിരി സഹനവഴികള്‍ താണ്ടി വിമര്‍ശനങ്ങളെ ദര്‍ശനങ്ങളാക്കിയും അധിക്ഷേപങ്ങളെ നിക്ഷേപങ്ങളാക്കിയും ജന്മം സഫലമാക്കിയ ഒരു ഗുരുവിനെ സമീപിച്ച് ചില ശിഷ്യന്മാര്‍ ആ ഓര്‍മകളെക്കുറിച്ച് ഉന്നയിക്കുമ്പോള്‍ മറുപടിയായി വന്ന ഗുരുവാക്യങ്ങള്‍ ഇപ്രകാരമായിരുന്നു- ഞാന്‍ ദൈവത്തോട് ശക്തിക്കായി അപേക്ഷിച്ചു. ദൈവം എനിക്ക് ഒത്തിരി കഷ്ടതകള്‍ നല്‍കി, എന്നെ ബലമുള്ളവനാക്കാന്‍ ഞാന്‍ ദൈവത്തോട് ഐശ്വര്യവും സമൃദ്ധിയും അപേക്ഷിച്ചു. ദൈവമെനിക്ക് ബുദ്ധിശക്തിയും കരബലവും നല്‍കി, എന്നെ സമൃദ്ധിയിലേക്ക് നയിക്കാന്‍. ഞാന്‍ ധൈര്യത്തിനായി അപേക്ഷിച്ചു. ദൈവം ഒത്തിരി അപകടസാഹചര്യങ്ങളിലൂടെ എന്നെ കടത്തിവിട്ടു, എന്നെ ധൈര്യവാനാക്കാന്‍.
ഞാന്‍ സ്‌നേഹത്തിനായി ചോദിച്ചു. ദൈവമെനിക്ക് ചുറ്റും നീറുന്ന ഒട്ടനവദി മനസുകളെ കാണിച്ചുതന്നു, അവരെ സഹായിച്ച് സ്‌നേഹത്തിലേക്ക് എന്നെ നയിക്കാന്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ ചോദിച്ചതെല്ലാം അപ്പാടെ കിട്ടിയില്ലെങ്കിലും... അത്ര മനോഹരമല്ലാത്ത പുറംചട്ടകള്‍ പൊതിഞ്ഞ് എനിക്ക് ആവശ്യമുള്ളതെല്ലാം തമ്പുരാന്‍ എനിക്കു തന്നു. ഓര്‍ക്കുക, പെയ്‌തൊഴിഞ്ഞ മഴമേഘങ്ങള്‍ക്ക് ശേഷമേ മഴവില്ലിന്റെ മനോഹാരിത പ്രപഞ്ചത്തില്‍ മിഴി തുറക്കൂ. ചില കാറ്റും പേമാരിയുമൊക്കെ മനോഹരമായ മഴവില്ലിലേക്കുള്ള സഞ്ചാരദൂരങ്ങള്‍ മാത്രം.
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22