''ഞങ്ങള്‍ പരസ്പരം നോക്കിയപ്പോള്‍ ത ന്നെ ഹൃദയങ്ങള്‍ ഗ്രഹിച്ചു. അവന്‍ ഏതുതരം മനുഷ്യനാണെന്ന് എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു. അവന്‍ ബലഹീനനായതിനാല്‍ എനിക്ക് അവനോടു സഹതാപം തോന്നി. ഭരണകാര്യങ്ങളിലും വിധി നടത്തുന്നതിലും പരിചയസമ്പന്നനായ അയാള്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ ഞാന്‍ നിര്‍ദോഷിയാണെന്നു മനസിലായി. അവന് എന്നോടു സഹതാപം തോന്നി. ആദ്യം തുടങ്ങി എന്നെ രക്ഷിക്കാന്‍ അവന്‍ ശ്രമിച്ചു. കുറ്റവാളികളെ വിധിക്കാനുള്ള അധികാരം റോമായ്ക്കായിരുന്നു. എന്നിട്ടും നിങ്ങളുടെ നിയമപ്രകാരം അവനെ വിധിക്കുക എന്നു പറഞ്ഞ് എന്നെ രക്ഷിക്കാന്‍ അവന്‍ ശ്രമിച്ചു. യഹൂദര്‍ക്ക് ദൈവത്തെയും ജനങ്ങളെയും റോമായെയും ഭയമായിരുന്നു. കുറ്റം റോമായുടെമേല്‍ ഇരിക്കട്ടെ എന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നതിനാല്‍ അവര്‍ ഒഴിഞ്ഞുമാറി. (സ്റ്റെഫാനോസിനെയും ചെറിയ യാക്കോബുശ്ലീഹായെയും കല്ലെറിഞ്ഞു കൊല്ലാന്‍ ഇവര്‍ ഒരു റോമന്‍ നിയമവും പാലിച്ചില്ല). മാനുഷികതാല്‍പര്യങ്ങളില്‍നിന്നും ഉദ്യോഗത്തിന്റെ അഹങ്കാരത്തില്‍നിന്നും അജ്ഞാനികളുടെ അബദ്ധങ്ങളില്‍നിന്നും അവന്‍ വിമുക്തനായിരുന്നുവെങ്കില്‍ അവന് എന്നെ മനസിലാക്കുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് യൂദാസും പീലാത്തോസും ആവശ്യമായിരുന്നു. പീഡകള്‍ സഹിക്കുന്നതിന് ഈ ഞാനും. വേദനകള്‍ ഹൃദയത്തില്‍ ഒതുക്കുവാന്‍ എന്റെ പാവപ്പെട്ട അമ്മയും. (ദൈവമനുഷ്യന്റെ സ്‌നേഹഗീത).
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ഏകനായി, വ്രണിത മാനസനായി എന്റെ മുമ്പില്‍ നില്‍ക്കുന്ന ഈശോയെ പീലാത്തോസ് സൂക്ഷിച്ചുനോക്കി. ഈശോയില്‍ ചുമത്തിയിരിക്കുന്ന ആരോപണങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വം കേട്ടു. ദൈവദൂഷണം, രാജ്യമെങ്ങും കുഴപ്പം സൃഷ്ടിക്കല്‍, റോമായ്‌ക്കെതിരെയുള്ള പ്രഖ്യാപനം, സ്വയം മിശിഹായാണെന്ന് പറഞ്ഞ് സാധുജനങ്ങളെ വഴിതെറ്റിക്കല്‍ ഇതെല്ലാം അസത്യമാണെന്ന് പീലാത്തോസിന് മനസിലായിരുന്നു. പത്തുവര്‍ഷത്തെ യൂദയാ ഭരണത്തില്‍നിന്ന് പീലാത്തോസ് ജനങ്ങളെ ശരിക്കും പഠിച്ചിരുന്നു. സത്യത്തെ വളച്ചൊടിക്കാനും നുണ പറയുവാനും ഇവര്‍ സമര്‍ത്ഥരാണ്. ഇതുതന്നെയാണ് കാലങ്ങള്‍ക്കുശേഷം ഇവരെക്കുറിച്ച് ഹിറ്റ്‌ലര്‍ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നതും.
ഈശോ വിപ്ലവകാരിയായിരുന്നെങ്കില്‍ ചാരന്മാരില്‍ ഒരാളെങ്കിലും തനിക്കു റിപ്പോര്‍ട്ടു തരുമായിരുന്നു. ഭൂമിയിലെ ബഹുമതികള്‍ അന്വേഷിക്കാത്ത ശാന്തനും കാരുണ്യവാനുമായ മനുഷ്യന്‍- അധികാരികളോടു ബഹുമാനവും അനുസരണയും കാണിക്കണമെന്നു സ്വയം പ്രവൃത്തിയാല്‍ മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുന്ന വ്യക്തി എന്നാണ് തന്റെ പട്ടാളക്കാരില്‍നിന്നും തന്റെ സ്‌നേഹിതരായ നല്ലവരായ യഹൂദപ്രമാണികളില്‍നിന്നും അദ്ദേഹം അറിഞ്ഞു. നാട്ടില്‍ ഭയപ്പെടേണ്ടാത്ത ഏകവ്യക്തി ഈശോ ആണെന്നാണ് ഈശോയെ സ്‌നേഹിച്ചിരുന്ന തന്റെ പ്രിയ പത്‌നിയായ ക്ലോഡിയ പറഞ്ഞിരുന്നത്. അവരുടെ വാക്കില്‍ അദ്ദേഹത്തിന് പൂര്‍ണവിശ്വാസമുണ്ടായിരുന്നു.
ഈശോ പാലസ്തീന മുഴുവന്‍ നടന്നു ചെയ്തിരുന്ന അത്ഭുത പ്രവൃത്തികളും രോഗശാന്തികളും അദ്ദേഹം അറിഞ്ഞിരുന്നു. ക്ലോഡിയായുടെ മൂകനും ബധിരനുമായ അടിമയ്ക്ക് സംസാരശേഷി നല്‍കിയത് അദ്ദേഹം നേരിട്ടു കണ്ടതാണല്ലോ. സീസറിന് എതിരായി ഒരു വാക്കുപോലും ഈശോ പറഞ്ഞിരുന്നില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ദേവാലയത്തില്‍ ജനമധ്യത്തില്‍ വച്ചാണ് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നാ ഈശോ പറഞ്ഞത്. ഈശോയ്ക്ക് രാജാവാകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഈശോ അപ്പം വര്‍ധിപ്പിച്ച സമയത്ത് യോഹന്നാന്‍ വ്യക്തമായി പറയുന്നുണ്ട് ''അവര്‍ വന്ന് തന്നെ രാജാവാക്കാന്‍ വേണ്ടി ബലമായി പിടിച്ചുകൊണ്ടു പോകാന്‍ ഭാവിക്കുന്നു എന്നു മനസിലാക്കിയ യേശു മലമുകളിലേക്കു പിന്‍വാങ്ങി.''
ഓശാന ഞായറില്‍ പതിവില്ലാത്ത ബഹളം കേട്ട് പീലാത്തോസ് ജനാലയില്‍ക്കൂടി പുറത്തേക്കു നോക്കിയപ്പോള്‍ കോമളഗാത്രനായ ഒരു യുവാവ് സാധുക്കളായ ഒരുപറ്റം ജനങ്ങളുടെ ഓശാന വിളികളോടുകൂടി കഴുതപ്പുറത്ത് വരുന്നത് കണ്ടു. നിന്റെ മിശിഹാരാജാവിന്റെ വാഹനം കഴുതയാണോ എന്ന് ചോദിച്ച് ഭാര്യയെ ചൊടിപ്പിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരാള്‍ക്കെതിരെയാണ് ഈ ആരോപണങ്ങള്‍...
ഈശോയെ രക്ഷിക്കാന്‍ പീലാത്തോസ് അങ്ങേയറ്റം പരിശ്രമിച്ചതായി സുവിശേഷങ്ങള്‍ തെളിവു നല്‍കുന്നു. പക്ഷേ അവിടെയെല്ലാം ജനം പീലാത്തോസിനെ തോല്‍പ്പിച്ചു. നിര്‍ദോഷിയുടെ രക്തം കുടിക്കാന്‍ വിറളി പിടിച്ചിരുന്ന ജനത. ഈശോയെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നു മനസിലാക്കിയ യഹൂദര്‍ അവരുടെ അവസാന ആയുധം പുറത്തെടുത്തു. ഇവനെ മോചിപ്പിക്കുന്ന പക്ഷം നീ സീസറിന്റെ വിരോധിയായിത്തീരും. ഇതില്‍ അദ്ദേഹം വീണു. നേരായ മാര്‍ഗത്തില്‍കൂടിയായിരുന്നില്ല ഈ പദവിയില്‍ അയാള്‍ എത്തിച്ചേര്‍ന്നത്. നിരപരാധിയെ ക്രൂശിലേറ്റിയാലും തന്റെ പദവി നിലനിര്‍ത്തണമെന്നേ അയാള്‍ ആഗ്രഹിച്ചുള്ളൂ. ഒരു യഹൂദനുവേണ്ടി റോമാക്കാരനായ താന്‍ എന്തിന് തന്റെ ഭാവി നശിപ്പിക്കുന്നു എന്ന് അദ്ദേഹം ചിന്തിച്ചുകാണും. സത്യത്തിന് യാതൊരു വിലയും അയാള്‍ കല്‍പ്പിച്ചിരുന്നില്ല. ഈശോ പറയുന്നു, സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു. പീലാത്തോസ് ഈശോയോടു ചോദിച്ചു, എന്താണു സത്യം.? പക്ഷേ, ഈശോയുടെ മറുപടി കേള്‍ക്കാ ന്‍ അയാള്‍ നിന്നില്ല. സത്യവുമായി വലിയ ബന്ധമൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല.
''ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല'' എന്നു പറഞ്ഞ് അയാള്‍ കൈകഴുകി. ഭാവിതലമുറ തന്നെ പഴിക്കാതിരിക്കട്ടെ എന്നദ്ദേഹം വിചാരിച്ചുകാണും. കേള്‍ക്കേണ്ട താമസം ''അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ'' എന്ന് ജനം അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു. സ്വര്‍ഗസ്ഥനായ പിതാവ് ഇതെല്ലാം കേട്ടു.
ഏ.ഡി. 70 മുതല്‍ 1948 വരെ സ്വന്തമായി ഒരു രാജ്യമില്ലാതെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും അലഞ്ഞുതിരിഞ്ഞു പലരുടെയും കൈയില്‍ നിന്നും യഹൂദജനത പീഡനങ്ങള്‍ ഏറ്റുവാങ്ങി. ബലിയര്‍പ്പണത്തിന് ഒരു ദേവാലയമില്ലാത്ത ഒരു ജനത ലോകത്തില്‍ ഇവര്‍ മാത്രമേയുള്ളൂ. 1933-1945 കാലഘട്ടത്തില്‍ ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയ 60 ലക്ഷം യഹൂദരെ അനുസ്മരിക്കുന്ന ജറുസലേമിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ തറയില്‍ 60 ലക്ഷം മാര്‍ബിള്‍ കഷണങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. മന്ദബുദ്ധികളും വികലാംഗരുമായ 15 ലക്ഷം കുട്ടികളെ അനുസ്മരിപ്പിക്കുന്ന ദീനരോദനം. മരിച്ച കുട്ടികളുടെ പേരുകള്‍ ഓരോന്നായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ഇടറിയ മാതൃരോദനം കേള്‍ക്കാം. മനുഷ്യമനസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു ക്രൂരതയാണത്.
ലാസറിന്റെ ഉയിര്‍പ്പിന്റെ രാത്രി ഈശോയുടെ ശത്രുക്കള്‍ പീലാത്തോസിനെ സമീപിച്ചു. ജനങ്ങള്‍ ഈശോയില്‍ വിശ്വസിച്ചു. റോമന്‍ സാമ്രാജ്യത്തിന്റെ അധിപനാക്കാന്‍ വൈകില്ല എന്ന് ബോധിപ്പിച്ചു. കേട്ടമാത്രയില്‍ത്തന്നെ പീലാത്തോസ് എല്ലാവരെയും ആട്ടിയോടിച്ചു. അന്നാസും കയ്യാഫാസും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു (ദൈവമനുഷ്യന്റെ സ്‌നേഹഗീത). അന്നു കാണിച്ച ആ ചങ്കൂറ്റം ഇന്ന് അയാള്‍ക്ക് കാണിക്കാമായിരുന്നു. ''ഞാന്‍ നിര്‍ദോഷിയായ ഈ മനുഷ്യനെ സ്വതന്ത്രനാക്കി വിടുന്നു. നിങ്ങള്‍ പിരിഞ്ഞുപോകുന്നില്ലെങ്കില്‍ റോമിന്റെ കാര്‍ക്കശ്യം രുചിച്ചറിയും എന്നു പറയാമായിരുന്നു. അധികാരമോഹി അല്ലായിരുന്നെങ്കില്‍- നീതിമാന്‍ ആയിരുന്നെങ്കില്‍ തനിക്കു ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളെക്കുറച്ച് പരിഗണിക്കുകയില്ലായിരുന്നു. എന്നിട്ട് പീലാത്തോസിന് എന്തു നേട്ടമുണ്ടായി? അനീതി ചെയ്ത പീലാത്തോസിനെ റോമ തിരിച്ചു വിളിച്ചു തടവറയിലാക്കി. കലിഗുളയുടെ കാലത്ത് തടവറയില്‍ കിടന്ന് ആത്മഹത്യ ചെയ്തു. ജീവിതത്തിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും താങ്ങും തണലുമായിരുന്ന ഭാര്യ നീതിമാനോടു അനീതി കാണിച്ചതിന്റെ പേരില്‍ പീലാത്തോസിനെ ഉപേക്ഷിച്ചുപോയി എന്നാണ് വാള്‍തോര്‍ത്തയ്ക്കും ആന്‍ കാതറൈനും കൊടുത്ത ദര്‍ശനങ്ങളില്‍ കാണുന്നത്. വിരോധംകൊണ്ടു ലഹരി പിടിച്ച ജനങ്ങളുടെ മുമ്പില്‍ അയാള്‍ നിസഹായനായി. ലോകചരിത്രത്തില്‍ ഏതാനും മണിക്കൂര്‍കൊണ്ട് ഒരാളെ മരണത്തിനു വിധിച്ച ഏക വ്യക്തി പീലാത്തോസ് മാത്രമായിരിക്കും. പീലാത്തോസ് ഈശോയുടെ കുരിശിന്റെ മുകളില്‍ എഴുതിവച്ച ശീര്‍ഷകം തിരുത്തി എഴുതിക്കാന്‍ യഹൂദപ്രമാണികള്‍ ആവുംവിധം പരിശ്രമിച്ചുവെങ്കിലും ഞാനെഴുതിയത് എഴുതി എന്നാണ് അദ്ദേഹം പറഞ്ഞത്. അത്രയും പറയുവാനുള്ള ധൈര്യമെങ്കിലും അദ്ദേഹം കാണിച്ചു. അരിമത്തിയക്കാരന്‍ ജോസഫിന് ഈശോയുടെ ശരീരം കുരിശിന്‍ നിന്നിറക്കാനുള്ള അനുവാദവും കൊടുത്തു.
കാരുണ്യവാനായ ഈശോ അയാളില്‍ ചില നന്മകള്‍ കണ്ടു. മാനുഷികമായ അദ്ദേഹത്തിന്റെ ബലഹീനതയെ അവഗണിച്ച് അദ്ദേഹത്തിന്റെ നല്ല പെരുമാറ്റത്തിന് നല്‍കിയ സമ്മാനമായിരിക്കാം പ്രാര്‍ത്ഥനയില്‍ ഇടം കിട്ടാന്‍ കാരണം. അന്റോണിയ കോട്ടയില്‍ ഇരുന്നുകൊണ്ടാണ് പീലാത്തോസ് ഈശോയെ മരണത്തിനു വിധിച്ചത്. ഇന്നതിന്റെ ഏതാനും ചില അവശിഷ്ടങ്ങള്‍ മാത്രമേ അവിടെയുള്ളൂ.
No comments:
Post a Comment