അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ. Show all posts
Showing posts with label വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ. Show all posts

Tuesday, 23 October 2012

വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ


'യോര്‍ക്കിന്റെ മുത്ത്' എന്നാണ് വിശുദ്ധ മാര്‍ഗരറ്റ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ മിഡില്‍ടണ്‍ ആണ് വിശുദ്ധയുടെ ജന്മസ്ഥലം. 1555ല്‍ പ്രൊട്ടസ്റ്റന്റ് മാതാപിതാക്കളുടെ മകളായിട്ടാണ് മാര്‍ഗരറ്റ് ജനിച്ചത്. പിതാവ് മെഴുകുതിരി നിര്‍മാതാവായിരുന്നു. 15-ാമത്തെ വയസില്‍ അവള്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ ജോണ്‍ ക്ലിതെറോയുടെ ഭാര്യയായി. കശാപ്പുകാരനായിരുന്നു ജോണ്‍, അതിനായി കാലികളെ വളര്‍ത്തുന്ന ജോലിയും ചെയ്തിരുന്നു. അദ്ദേഹം സ്‌നേഹമുള്ള ഭര്‍ത്താവായിരുന്നു. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ റോമന്‍ കത്തോലിക്കാ സമര്‍പ്പിതനായിരുന്നെങ്കിലും ജോണ്‍ പ്രൊട്ടസ്റ്റന്റ് അനുയായിയായിത്തന്നെ തുടര്‍ന്നു. ജോണിന്റെയും മാര്‍ഗരറ്റിന്റെയും ദാമ്പത്യത്തെ മൂന്ന് മക്കളെ നല്കി ക്കൊണ്ട് ദൈവം അനുഗ്രഹിച്ചു.

പ്രൊട്ടസ്റ്റന്റ് വിശ്വാസസംഹിതകള്‍ എപ്പോഴൊക്കെയോ അവളുടെ മനസ് അസ്വസ്ഥമാക്കിയിരുന്നിരിക്കണം. അതുകൊണ്ടായിരിക്കാം അവളും കത്തോലിക്കാ വിശ്വാസത്തില്‍ ആകൃഷ്ടയാകുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തത്. അ ക്കാലത്ത് ഇംഗ്ലണ്ടിലെ വടക്കുഭാഗത്ത് റോമന്‍ കത്തോലിക്കര്‍ പീഡനമേറ്റുകൊണ്ടിരിക്കുകയായിരുന്നു. മാര്‍ഗരറ്റ് അവരുടെ സുഹൃത്തായി. അവളുടെ ഒരു മകന്‍, ഹെന്റി സെമിനാരിയില്‍ ചേര്‍ന്നു. യോര്‍ക്കിലെ ഷാംബിളിലുള്ള തന്റെ ഭവനത്തില്‍ നിരന്തരം മാര്‍ഗരറ്റ് വിശുദ്ധ ബലികള്‍ ക്രമീകരിച്ചു. തന്റെ ഭവനത്തിന്റെയും അയല്‍ഭവനത്തിന്റെയും അടുത്തടുത്തുള്ള ഭിത്തിയില്‍ വലിയ ദ്വാരമുണ്ടായിരുന്നു. ഈ ദ്വാരം വഴി തന്റെ ഭവനത്തിലുണ്ടായിരുന്ന പുരോഹിതനെ അവള്‍ അയല്‍വീട്ടിലേക്ക് മാറ്റി ഒരു റെയ്ഡില്‍നിന്ന് രക്ഷിച്ചു.

അസാധാരണമായ ധീരതയോടെ...


1586ല്‍ കത്തോലിക്കാ വൈദികര്‍ക്ക് അഭയം നല്കിയതിന് മാര്‍ഗരറ്റ് അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കപ്പെട്ടു. ആ കേസില്‍ തന്റെ ഭാഗത്തുനിന്നൊരു വാദം മാര്‍ഗരറ്റ് വേണ്ടെന്നു വച്ചു. സാ ക്ഷി പറയുന്നതിന്റെ പേരില്‍ തന്റെ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനായിരുന്നു അവളങ്ങനെ ചെയ്തത്. മാര്‍ഗരറ്റ് മരണശിക്ഷക്ക് വിധിക്കപ്പെട്ടു. അധികം വൈകാതെ അവളുടെ മരണദിനം വന്നുചേര്‍ന്നു. അവളെ വിവസ്ത്രയാക്കി, ഒരു തൂവാല മുഖത്ത് കെട്ടി. ധീരതയോടെ മരണത്തെ നേരിടാന്‍ അവള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുള്ള, കൂര്‍ത്ത ഒരു പാറയുടെ മുകളില്‍ അവളെ കിടത്തിയിട്ട് അതിനുമുകളില്‍ ഒരു വാതില്‍ വച്ചു. പിന്നീട് അതിനുമുകളില്‍ ഓരോന്നോരോന്നായി കല്ലുകളും പാറകളും വച്ച് താങ്ങാനാകാത്ത ഭാരം ചെലുത്തിയപ്പോള്‍ അടിയില്‍ വച്ച പാറക്കഷണം മാര്‍ഗരറ്റിന്റെ മുതുക് തകര്‍ത്തു. അങ്ങനെ 15 മിനിറ്റിനുള്ളില്‍ മാര്‍ഗരറ്റ് ധീരമായി മരണം വരിച്ചു. അവിസ്മരണീയമയ ആ ദിനം ഒരു ദുഃഖവെള്ളിയാഴ്ചയായിരുന്നു. ഉത്ഥിതനായ കര്‍ത്താവിന്റെ മരണത്തെ ഓര്‍ക്കുന്ന ആ ദിവസംതന്നെ അവിടുത്തൊടൊപ്പമുള്ള നിത്യസന്തോഷത്തിലേക്ക് അവള്‍ പ്രവേശിച്ചു. ആ മൃതശരീരം അതിനുമുകളില്‍നിന്ന് ഭാരം നീക്കുന്നതുവരെ 6 മണിക്കൂര്‍ അവിടെത്തന്നെ കിടന്നു. പിന്നീട് അവളുടെ കൈ അടര്‍ത്തിയെടുത്ത് സൂക്ഷിച്ചു. ഇന്നും ആ തിരുശേഷിപ്പ് യോര്‍ക്കിലെ ഭാര്‍ മഠത്തിന്റെ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്നു.

ദൈവസ്‌നേഹത്തെപ്രതി ജീവിതം ബലിയായി നല്കാന്‍ അവള്‍ തയാറായി. ഈ ധീരത തിരുസഭയില്‍ വിശുദ്ധയായി നാമകരണം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് നയിച്ചു. നടപടികളെല്ലാം വിജയകരമായി പൂര്‍ത്തിയായതോടെ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും മറ്റ് രക്തസാക്ഷികള്‍ക്കൊപ്പം 1970ല്‍ മാര്‍ഗരറ്റ് ക്ലിതെറോയെയും സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. കാത്തലിക് വിമെന്‍സ് ലീഗിന്റെ പ്രത്യേക മധ്യസ്ഥയായ ഈ പുണ്യവതിയുടെ തിരുനാള്‍ദിനം മാര്‍ച്ച് 26 ആണ്. കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നുകൊണ്ട് തന്റെ ജീവന്‍വരെ കര്‍ത്താവിനോടുള്ള സ്‌നേഹത്തെപ്രതി ബലിയായി നല്കാന്‍ ധീരത പ്രകടിപ്പിച്ച ഈ പുണ്യവതിയുടെ മാതൃക നമ്മെ ആവേശം കൊള്ളിക്കട്ടെ.
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22