അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label പരിശുദ്ധാത്മാവ്. Show all posts
Showing posts with label പരിശുദ്ധാത്മാവ്. Show all posts

Sunday, 15 December 2013

പരിശുദ്ധാത്മാവിന് വിധേയപ്പെടുക; ജീവിതം അനുഗ്രഹിക്കപ്പെടും


 പരിശുദ്ധാത്മാവ് ഒരു വക്തിയോ ശക്തിയോ ?
പരിശുദ്ധാത്മാവിനെ ദൈവശക്തിയായിട്ടാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. സുവിശേഷങ്ങളിലും പരിശുദ്ധാത്മ ശക്തിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. പരിശുദ്ധാത്മാവ് ശിഷ്യരുടെമേല്‍ വന്ന് നിറഞ്ഞപ്പോള്‍ അവര്‍ ശക്തിപ്രാപിച്ചതായി ദൈവവചനത്തില്‍ നാം വായിക്കുന്നു. പരിശുദ്ധാത്മാവ് ശക്തിയാണ്, ധൈര്യമാണ്. അതുകൊണ്ടാണ് അവിടുന്ന് വന്ന് നിറയുമ്പോള്‍ നാം ശക്തരും ധീരരുമായി മാറുന്നതെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു.
കാറ്റ് പോലെയുള്ള ശക്തിയല്ല പരിശുദ്ധാത്മാവ്. വ്യക്തിത്വമില്ലാത്ത ശക്തിയുമല്ല.ഒരു വികാരവുമല്ല. യേശു പറയുന്നു, ഞാന്‍ നിങ്ങള്‍ക്കായി ഒരു സഹായകനെ അയക്കും. നിങ്ങളെ ഞാന്‍ അനാഥരായി വിടുകയില്ലെന്ന്. സഹായകന്‍ വെറുമൊരു ശക്തിയല്ല, വ്യക്തിത്വമുള്ള, ആലോചിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവനാണ്. ഈ പരിശുദ്ധാത്മാവിനെ ത്രീത്വത്തിലെ മൂന്നാം ആളായി നാം വിശ്വസിക്കുന്നത് അതുകൊണ്ടാണ്. എന്നും കൂടെയായിരിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്റെ കൂടെ നിന്ന്, എനിക്ക് തുണയായി, എന്നെ പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്നില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനാല്‍ എല്ലാം എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം?
പ്രധാനമായും രണ്ട് ദൗത്യങ്ങളാണ് പരിശുദ്ധാത്മാവിന് ഉള്ളത്. ഒന്ന് ശക്തിപ്പെടുത്തുക, രണ്ട് വചനപ്രഘോഷണത്തിന് വ്യക്തികളെ ഒരുക്കുക. ഇന്നും അതു തന്നെയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. എന്റെ ഉള്ളില്‍ വസിച്ച് എന്നെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിനെയാണ് ആദ്യമായി ഞാന്‍ കാണേണ്ടത്. വ്യക്തിപരമായ രൂപാന്തരീകരണമാണ് പരിശുദ്ധാത്മ ആവാസത്തിലൂടെ നടക്കുന്നത്. യഥാര്‍ത്ഥ ശിഷ്യത്വത്തിലേക്ക് നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഇതാണ് നമ്മില്‍ വരങ്ങളും ദാനങ്ങളുമായി പ്രവര്‍ത്തിക്കുന്നത്.

ആത്മാവിനാല്‍ നിറയുമ്പോഴാണ് ഓരോ വ്യക്തിയുടെയും ജീവിതം ഫലവത്താകുന്നത്. വ്യക്തിതലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനെ നാമിവിടെ കണ്ടുമുട്ടുന്നു. അതേ സമയം സുവിശേഷ പ്രഘോഷണത്തിന് നമ്മെ ഒരുക്കുന്ന ശക്തിയായിട്ടാണ് സുവിശേഷങ്ങള്‍ പരിശുദ്ധാത്മാവിനെ ചിത്രീകരിക്കുന്നത്. പ്രധാനമായും ലൂക്കാ സുവിശേഷകനാണ് സുവിശേഷ പ്രഘോഷണത്തില്‍ പരിശുദ്ധാത്മാവിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നത്.

 പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെ കഴിയും?
പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ കഴിയണമെങ്കില്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്ന് ഹൃദയത്തില്‍ വിശ്വസിക്കണം. യേശുവിന്റെ വാക്കുകളില്‍ വിശ്വസിക്കുക. ബൈബിളിലൂടെയും സഭാ പ്രബോധനങ്ങളിലൂടെയുമാണ് യേശുവിന്റെ വാക്കുകള്‍ നമുക്ക് കേള്‍ക്കാനാകുന്നത്. ഇതിന് കണ്ണും കാതും തുറന്ന് വയ്ക്കണം. പരിശുദ്ധാത്മാവ് എന്നോട് സംസാരിക്കുന്നു, എന്നെ നയിക്കുന്നു എന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസില്‍ ഉണ്ടാകണം. 'ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ, എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഞാനൊഴുക്കും'' തുടങ്ങിയ വചനങ്ങളിലൂടെ വിശുദ്ധ യോഹന്നാന്‍ സുവിശേഷകനും വിശുദ്ധ ലൂക്കാ സുവിശേഷകനും നമ്മെ പരിശുദ്ധാത്മാവിന്റെ നയിക്കപ്പെടലിന് ഒരുങ്ങണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു.

വിശ്വാസവും ആഗ്രഹവും പ്രാര്‍ത്ഥനയും ഇതിന് അത്യാവശ്യമാണ്. പരിശുദ്ധാത്മാവിനായി കാത്തിരിക്കാന്‍ നാം തയ്യാറാകണം. അതോടൊപ്പം സമൂഹത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. കൂദാശകളിലൂടെയാണ് ഓരോ വ്യക്തികളിലേക്കും പരിശുദ്ധാത്മാവി ന്റെ അഭിഷേകം ഉണ്ടാകുന്നത്. 'സ്ഥൈര്യലേപനം' എന്ന കൂദാശയില്‍ വൈദികന്റെ കൈവയ്പ് വഴി ദൈവം പരിശുദ്ധാത്മാവിനെ നമുക്ക് നല്കുന്നു. പക്ഷേ ഈ പരിശുദ്ധാത്മാവിനെക്കുറിച്ച് നാം പലപ്പോഴും വേണ്ടത്ര ബോധവാന്മാരല്ല. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളില്‍ കനല്‍മൂടി കിടക്കുന്നു. അതിനെ ഉണര്‍ത്തണം. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് നാം എപ്പോഴും കാതോര്‍ക്കണം.
നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്റെ തഴക്കദോഷങ്ങളും കടുംപിടുത്തങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളുമാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകാതെ പോകുന്നതിന്റെ കാരണമെന്ന് അറിയണം. ഏകാഗ്രതയോടെ പരിശുദ്ധാത്മ സ്വരത്തിനുവേണ്ടി ശ്രദ്ധിക്കണം. നിശബ്ദതയില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഒരു മൗന സംസ്‌കാരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് എനിക്ക് തോന്നാറുണ്ട്. ആന്തരികമായി നമ്മുടെ ഹൃദയത്തില്‍ മന്ത്രിക്കുന്ന പരിശുദ്ധാത്മ ശബ്ദം അപ്പോള്‍ നമുക്ക് ശ്രവിക്കാന്‍ കഴിയും. ഏകാഗ്രതയില്ലാതെ ദൈവം പറയുന്നത് കേള്‍ക്കാനാവില്ലല്ലോ. എനിക്ക് കിട്ടുന്ന പ്രചോദനമനുസരിച്ച് ഞാന്‍ മുന്നോട്ട് പോകണം. പരിശുദ്ധ അമ്മയില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന മനോഭാവത്തോടെ അമ്മ ശ്രവിച്ചു.

സാധാരണയായി ദൈവാത്മാവ് ശാന്തമായിട്ടും സൗമ്യമായിട്ടുമാണ് നമ്മില്‍ പ്രവര്‍ത്തിക്കുന്നത്. ആത്മാവിന് വഴങ്ങുന്നതിന് അനുസരിച്ച് അവിടുത്തെ പ്രവര്‍ത്തനം നമ്മില്‍ ശക്തിപ്പെടും. പശ്ചാത്താപവും പാപബോധവും ദൈവത്തോട് രമ്യപ്പെടാനുള്ള ആഗ്രഹവും ഇതിന് ആവശ്യമാണ്. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് വയലുകള്‍ കര്‍ഷകന്‍ ഒരുക്കുന്നതുപോലെ നമ്മുടെ ഹൃദയത്തെയും ഇതിന് ഒരുക്കണം. പറയുന്നത് കേള്‍ക്കാനുള്ള സന്നദ്ധത ഉണ്ടാകണം. വിനയം, വിധേയത്വം ഇവയും ആവശ്യമാണ്. ഞാന്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കാള്‍ കൂടുതലായി പരിശുദ്ധാത്മാവ് എന്നെയാണ് എടുത്ത് ഉപയോഗിക്കേണ്ടതെന്ന് അപ്പോള്‍ നമുക്ക് വ്യക്തമാകും.

 സഭയ്ക്ക് പുറത്ത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ?
'പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എല്ലായിടത്തുമുണ്ട്. 'കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു' (യോഹ. 3:8) സൃഷ്ടികര്‍മ്മത്തിന്റെ ആരംഭം മുതലേ പരിശുദ്ധാത്മാവിന്റെ ഈ പ്രവര്‍ത്തനം ലോകത്തില്‍ ഉണ്ടായിട്ടുണ്ട്. യേശുവിലും ശിഷ്യന്മാരിലും പ്രവര്‍ത്തിച്ചത് ഇതേ പരിശുദ്ധാത്മാവാണ്. ഇന്ന് മറ്റ് മതങ്ങളിലും നേതാക്കളിലും ഇതേ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ നമ്മോട് പറയുന്നതും അത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊട്ടിത്തെറിച്ച് പുതിയ രൂപങ്ങള്‍ ഉണ്ടാകുന്നത്.

തിന്മയുടെ ശക്തി മരണത്തിലേക്കും നന്മയുടെ ശക്തി ജീവനിലേക്കും നയിക്കുമെന്ന് നമുക്കറിയാം. നന്മതിന്മയുടെ യുദ്ധഭൂമിയായിട്ടാണ് ബൈബിള്‍ ഭൂതലത്തെ എടുത്തുകാട്ടുന്നത്. അനേകം വ്യക്തികള്‍ക്ക് നന്മയ്ക്ക് വേണ്ടിയും നീതിക്കു വേണ്ടിയും പോരാടാന്‍ പ്രചോദനം നല്കുന്നത് പരിശുദ്ധാത്മാവാണ്. അനേകരെ മൂല്യങ്ങള്‍ക്കായി നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്. ദൈവഹിതം നിറവേറ്റാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. സത്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നിലയുറപ്പിക്കാന്‍ അനേകരെ ശക്തരാക്കുന്നതും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളാണ്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ സഭയ്ക്ക് പുറത്തും ദൈവരാജ്യമുണ്ടെന്ന് ഈ ആത്മാവ് നമ്മെ ഓര്‍മ്മിപ്പക്കുന്നു. അദൃശ്യമായ സഭയെന്നും അറിയപ്പെടാത്ത വിശ്വാസികളെന്നും നാം പറയുന്നത് അതുകൊണ്ടാണ്.

പരിശുദ്ധാത്മാവ് ഒരേസമയം വ്യക്തിയും ശക്തിയുമാണെന്ന് പറയുന്നതെന്തുകൊണ്ട്.?
= യേശുവിന്റെ സ്വര്‍ഗാരോഹണത്തിന് മുമ്പ് ഒലിവുമലയില്‍ വച്ച് അവിടുന്ന് ശ്ലീഹന്മാരെ അനുഗ്രഹിച്ച് നല്‍കിയ സാര്‍വത്രിക നിര്‍ദേശത്തില്‍ നാം ഇങ്ങനെ കാണുന്നു. ''നിങ്ങള്‍ പോയി സര്‍വജനപദങ്ങളെയും ശിഷ്യപ്പെടുത്തി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ ജ്ഞാനസ്‌നാനപ്പെടുത്തുവിന്‍'' (മത്താ.28:19). ജ്ഞാനസ്‌നാനവാക്യത്തില്‍ നിന്ന്, പരിശുദ്ധാരൂപി പിതാവിനും പുത്രനും സമാനമായ വ്യക്തിയാണെന്ന് വ്യക്തമാണ്. ഏതൊരുവന്റെയും ക്രിസ്തീയതയിലേക്കുള്ള പ്രവേശം ത്രിതൈ്വക ദൈവത്തിലുള്ള മുദ്രിതാനുഭവമാണ്. നിഖ്യാ സൂനഹദോസ് പ്രഖ്യാപിക്കുന്നു. ''...കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. അവിടുന്ന് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നു. പിതാവിനോടും പുത്രനോടും സമാനനായി ആരാധിതനും മഹത്വീകൃതനുമാകുന്നു.''അവിടുന്ന് പ്രവാചകന്മാരിലൂടെ സംസാരിച്ചു. എഡി 381 ലെ കോണ്‍സ്റ്റന്റിനോപ്പിള്‍ കൗണ്‍സില്‍ നിഖ്യാ സൂനഹദോസിന്റെ ഈ പ്രഖ്യാപനം സ്ഥിരീകരിച്ചു. 1943 സെപ്തംബര്‍ 30 ല്‍ പ്രസിദ്ധീകൃതമായ, 12ാം പിയൂസ് മാര്‍പാപ്പയുടെ 'ദിവിനോ അഫല്‍ത്തെ സ്പിരിത്തു' എന്ന ചാക്രികലേഖനം മുഖ്യമായും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പഠനമാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (19621965) 16 പ്രമാണരേഖകളിലും നിറഞ്ഞുനില്‍ക്കുന്ന പഠനങ്ങളാണ് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ളത്. 1973 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞത് 'പരിശുദ്ധാരൂപിയോടുള്ള സവിശേഷമായ ഭക്തിയും പുതിയ പഠനങ്ങളും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു' എന്നാണ്. പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ച് യേശു പറഞ്ഞു. ''എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും.'' (യോഹ. 14:26).

വേദപുസ്തകത്തില്‍ ആദ്യന്തം പരിശുദ്ധാത്മാവിനെ പരാമര്‍ശിക്കുമ്പോഴൊക്കെ 'ദൈവത്തിന്റെ ശക്തി', 'കര്‍ത്താവിന്റെ ബലം' എന്നീ പ്രയോഗങ്ങള്‍ ധാരാളം കാണാന്‍ കഴിയും. അത് പ്രവര്‍ത്തനനിരതവും ചലനാത്മകവുമാണെന്നും വിശുദ്ധ ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സര്‍വവും ഉണ്ടായത് ദൈവത്തിന്റെ അരൂപിയായ വചനത്താലാണല്ലോ. ആദിയില്‍ ദൈവത്തിന്റെ അരൂപി ജലവിതാനങ്ങളില്‍ ചലനാത്മകനായിരുന്നു. മാലാഖാ പരിശുദ്ധ കന്യാമറിയത്തോട് സംസാരിക്കുമ്പോള്‍ പറയുന്നതും, ദൈവാത്മാവിന്റെ ശക്തിയെക്കുറിച്ചാണ്.''പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.'' (ലൂക്കാ. 1:35).
ജോയേല്‍ പ്രവാചകന്റെ പ്രവചനം പരിശുദ്ധാത്മാവിന്റെ ആഗമനത്തിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നു. ''എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.'' (അപ്പ: 2:18). ഇത് വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ആനന്ദത്തിന്റെയും അരൂപിയാണ്.

അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ ആദ്യന്തം കാണുന്ന പരിശുദ്ധാത്മശക്തി ശിഷ്യ സമൂഹത്തിന് പ്രസംഗിക്കാനും രോഗശാന്തി നല്‍കാനും തിന്മകളകറ്റാനും യേശുവിന് സാക്ഷ്യം നല്‍കാനും കൂട്ടായ്മ വളര്‍ത്താനുമൊക്കെ ഉപയോഗിക്കുന്നു. വ്യക്തിയും ശക്തിയുമായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന് വേണ്ടിയാണ് നാം ദിനവും പ്രാര്‍ത്ഥിക്കേണ്ടത്.

 എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം ?

= പരിശുദ്ധാരൂപിക്ക് ഇന്ന് സഭയിലും സമൂഹത്തിലും വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാ മനുഷ്യഹൃദയങ്ങളിലും ദൈവ ചൈതന്യം നിവേശിപ്പിക്കാന്‍ പരിശുദ്ധാത്മാവിന് മാത്രമേ കഴിയൂ. യേശു ശിഷ്യരോട് പറഞ്ഞു. ''മനുഷ്യര്‍ക്ക് പാപബോധവും നീതിബോധവും ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ വേണ്ടി ഞാന്‍ എന്റെ സഹായകനെ നിങ്ങളുടെ അടുക്കലേക്കയയ്ക്കും'' (യോഹ. 16:711). പരിശുദ്ധാത്മാവിന്റെ ഈ സഹായമില്ലെങ്കില്‍ നമുക്ക് വഴിതെറ്റുമെന്ന് തീര്‍ച്ചയാണ്. ദൈവവചനം പറയുന്നു. ''യേശു കര്‍ത്താവാണെന്ന് പറയാന്‍ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയുമില്ല.''(1 കോറി 12:3). ഓരോരുത്തര്‍ക്കും ആത്മീയവരദാനങ്ങള്‍ നല്‍കപ്പെടുന്നത് ക്രിസ്തുവിന്റെ ഭൗതികശരീരം പണിതുയര്‍ത്താന്‍ ആണെന്ന് കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തിലും നാം വായിക്കുന്നു.

പരിശുദ്ധാത്മാവ് വന്നു നിറയുമ്പോഴാണ് സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളാല്‍ നാം നിറയുന്നത്. സഹായകനായ പരിശുദ്ധാത്മാവ് ഒരിക്കലും നമ്മെ മറന്നുകളയുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. രൂപരഹിതവും ശൂന്യവുമായിരുന്ന ഭൂമിക്ക് രൂപവും ഭാവവും നല്‍കിയതും ദൈവസാന്നിധ്യം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തതും ഈ പരിശുദ്ധാത്മാവാണെന്ന് തിരുവചനത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. സഭയുടെ നിരന്തര സാന്നിധ്യത്തിന്റെ അടയാളം കൂടിയാണ് ഈ പരിശുദ്ധാരൂപി. പുതുജീവന്‍ നല്‍കുകയും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും അമ്മയെപ്പോലെ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് ഈ സഹായകനാണ്. എവിടെ സമൂഹമുണ്ടോ അവിടെ ദൈവത്തിലേക്ക് ചേര്‍ന്ന് നില്‍ക്കാന്‍ നമ്മെ സഹായിക്കുന്നത് ഈ അരൂപിയുടെ സാന്നിധ്യമാണ്. അതാണിന്ന് പരിശുദ്ധാത്മാവിന്റെ പ്രധാന ദൗത്യവും.


 പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെയാണ് കഴിയുന്നത്?

= പരിശുദ്ധാത്മാവ് സ്‌നേഹത്തിന്റെ അരൂപിയാണ്. സെന്റ് പോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''ദൈവസ്‌നേഹമാകുന്ന പരിശുദ്ധാത്മാവ് നമ്മില്‍ ചൊരിയപ്പെട്ടിരിക്കുന്നു.'' (റോമ 5:5). ഈ പ്രസ്താവനയ്ക്ക് മുമ്പ് നമ്മുടെ മാനസികാവസ്ഥയുടെ ഒരു വിശകലനം അദ്ദേഹം നടത്തുന്നുണ്ട്. നമ്മുടെ കഷ്ടതകളില്‍ നമുക്ക് അഭിമാനിക്കാം. കാരണം, കഷ്ടത സഹനശീലം ഉളവാക്കുന്നു. സഹനശീലത്തില്‍ നിന്ന് സ്വഭാവഗുണം ഉളവാക്കുന്നു. സ്വഭാവഗുണത്തില്‍ നിന്ന് പ്രത്യാശ ജനിക്കുന്നു. ഈ പ്രത്യാശയില്‍ നിരാശയ്ക്കിടമില്ല. കാരണം നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ യാണ് ദൈവസ്‌നേഹം ചൊരിയപ്പെടുന്നത്.

 സഭയ്ക്ക് പുറമെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമുണ്ടെന്ന് വിശ്വസിക്കാമോ.?

= തീര്‍ച്ചയായും. ദൈവത്തോട് മനുഷ്യനെ അടുപ്പിക്കാനുള്ള ദൈവികപദ്ധതിയാണ് പരിശുദ്ധാത്മാവ്. ഇന്ന് സഭയിലും സമൂഹത്തിലുമെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നമുക്ക് വ്യക്തമായി കാണാം. എന്നാല്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ നന്മയുടെ വഴികളിലൂടെ സഭയ്ക്ക് പുറത്തും ആത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.


Wednesday, 2 January 2013

പുതു വര്‍ഷത്തില്‍ പരിശുദ്ധ ആത്മാവിനാല്‍ നിറയാം





പുതിയ പന്തക്കുസ്താ

എന്താണ്പന്തക്കുസ്താ ? അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2:1-47 വചനങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംഭവിച്ച ദിവസം. യോഹന്നാന്‍ 16:8 ല്‍ യേശു നടത്തിയ വാഗ്ദാനം - ഞാന്‍ പോയാല്‍ അവനെ (പരിശുദ്ധാത്മാവിനെ) നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും - ആദ്യമായി നിറവേറ്റപ്പെട്ട ദിവസം. യോഹന്നാന്‍ 16:7 ല്‍ യേശു പറയുന്നു: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ പക്കലേക്ക് അയക്കും.

പരിശുദ്ധാത്മാവിനെ അപ്പസ്‌തോലന്മാരിലേക്കും മറ്റു വിശ്വാസികളിലേക്കും അയക്കും എന്നായിരുന്നു യേശുവിന്റെ വാഗ്ദാനം. പരിശുദ്ധാത്മാവിന് ഒരു വിശേഷണം യേശു പറഞ്ഞു: സഹായകന്‍. സഹായങ്ങള്‍ ചെയ്യുന്ന ആളാണല്ലോ സഹായകന്‍. പരിശുദ്ധാത്മാവിനെ മനുഷ്യരുടെ സഹായകനായിട്ടാണ് യേശു പറയുന്നത്. അതിനര്‍ത്ഥം, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന സകല വ്യക്തികള്‍ക്കും പരിശുദ്ധാത്മാവ് പലവിധ സഹായങ്ങള്‍ ചെയ്തുകൊടുക്കും എന്നാണ്. ഈ സഹായങ്ങള്‍ ഏതൊക്കെയാണ് എന്നറിയുകയും അത് വിശ്വസിക്കുകയും അവ ലഭിക്കാന്‍ ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വ്യക്തികളിലേക്ക് പരിശുദ്ധാത്മാവ് വരും. അവരില്‍ പരിശുദ്ധാത്മാവ് വസിക്കും. അവര്‍ക്ക് പലവിധത്തിലുള്ള സഹായങ്ങള്‍ പരിശുദ്ധാത്മാവ് നല്‍കും. ഈ സഹായങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തിന്റെ ഭാരങ്ങള്‍ കുറയ്ക്കുകയും ജീവിതത്തെ കൂടുതല്‍ സന്തോഷമുള്ളതും അനുഗ്രഹം നിറഞ്ഞതാക്കുകയും ഇത്തരം വ്യക്തികള്‍ മറ്റുള്ളവര്‍ക്ക് വലിയൊരു അനുഗ്രഹമായി മാറുകയും ചെയ്യും. നമ്മള്‍ എല്ലാവരുംതന്നെ ധാരാളം അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. ഭാരങ്ങള്‍ വഹിക്കുന്നവരാണ്. ശരീരത്തിലും മനസിലും ബുദ്ധിയിലും ആത്മാവിലും ഭാരം അനുഭവപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ലഭ്യമായ നന്മകള്‍ പോലും ആസ്വദിക്കാന്‍ പലപ്പോഴും നമുക്ക് കഴിയുന്നില്ല. അപൂര്‍വമായി സ്വസ്ഥത അനുഭവിക്കാന്‍ മറ്റുള്ളവരെ നാം അനുവദിക്കാറുമില്ല. സാഹചര്യങ്ങള്‍ അനുകൂലമായാല്‍, മറ്റുള്ളവര്‍ കുറേക്കൂടി നല്ലവരായാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ലഭിക്കുമായിരുന്നു എന്ന് നാം ചിന്തിക്കുന്നു. അതിനായി പലപ്പോഴും നമ്മള്‍ പ്രാര്‍ത്ഥിക്കാറുമുണ്ട്.

എന്നാലും, സാഹചര്യങ്ങള്‍ എപ്പോഴും അനുകൂലവും മറ്റുള്ളവരുടെ പെരുമാറ്റങ്ങള്‍ എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന വിധവും ആകുകയില്ല. അതിനാല്‍, സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കുമ്പോഴും മറ്റുള്ളവരുടെ സ്വഭാവം നമുക്ക് മനസിനിണങ്ങാത്തവിധം ആയിരിക്കുമ്പോഴും നമ്മില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകവും സാന്നിധ്യവും ഉണ്ടായിരുന്നാല്‍ നമുക്ക് ജീവിതം കൂടുതല്‍ മനോഹരമാകും. ആദ്യത്തെ പന്തക്കുസ്ത ദിവസം സംഭവിച്ച കാര്യങ്ങള്‍ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

യഹൂദന്മാരെ ഭയന്ന്, പുറത്തിറങ്ങാതെ, കതകടച്ച് പത്തു ദിവസത്തോളം സെഹിയോന്‍ മാളികയില്‍ അപ്പസ്‌തോലന്മാര്‍ കഴിഞ്ഞുകൂടി. യഹൂദര്‍ അവരെ ജീവിക്കാന്‍ അനുവദിക്കുകയില്ല എന്നവര്‍ കരുതിയിരുന്നു. ഭാവിയെപ്പറ്റി ഒരു ചിത്രവും അവര്‍ക്കില്ലായിരുന്നു. ഈ അവസ്ഥയിലാണ് അവര്‍ക്ക് പരിശുദ്ധാത്മാവിന്റെ അഭിഷേകവും ആ അഭിഷേകഫലമായി പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളും ലഭിക്കുന്നത്. അതോടെ അവര്‍ പുതിയ വ്യക്തികളായി. ആന്തരികസംഘര്‍ഷങ്ങള്‍ അവരെ വിട്ടുപോയി. അനേകം സിദ്ധികള്‍ അവര്‍ക്ക് കിട്ടി. പ്രസംഗിക്കാന്‍ പാടവം, ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാനുള്ള ശക്തി, ഏത് സഹനത്തിലൂടെയും ക്ഷമയോടെ കടന്നുപോകാനുള്ള ശക്തി, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കൃപ, രോഗശാന്തിവരം, ദുഷ്ടാരൂപികളെ തിരിച്ചറിയാനും ബന്ധിക്കാനുമുള്ള ശക്തി, വലിയ ജ്ഞാനം, ബുദ്ധി, അറിവ്, തെറ്റുപറ്റാത്ത തീരുമാനം എടുക്കാനുള്ള കൃപ, സഹനങ്ങളെ ധീരമായും പരാതിയില്ലാതെയും സ്വീകരിക്കാനുള്ള കൃപ തുടങ്ങി അനേക നന്മകള്‍. ഈ നന്മകള്‍ ലഭിച്ച അവര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റും കൂടിയിരുന്ന മൂവായിരത്തിലധികം യഹൂദന്മാരോട് യേശുവിനെപ്പറ്റി പ്രസംഗിച്ചു. മാനസാന്തരപ്പെടുവാനും യേശുവില്‍ വിശ്വസിക്കാനും പ്രചോദിപ്പിച്ചു. അപ്പോള്‍ പരിശുദ്ധാത്മാവ് കേള്‍വിക്കാരിലും പ്രവര്‍ത്തിച്ച് അവരിലും മാറ്റങ്ങള്‍ വരുത്തി. അവരില്‍ മൂവായിരം പേര്‍ അപ്പോള്‍ത്തന്നെ യേശുവില്‍ വിശ്വസിച്ചു. പിറകേ മറ്റനേകരും. അങ്ങനെ സഭയ്ക്ക് തുടക്കം കുറിച്ചു. ആദ്യ പന്തക്കുസ്താദിവസം അഗ്നിരൂപത്തിലാണ് പരിശുദ്ധാത്മാവ് അപ്പസ്‌തോലന്മാരിലേക്ക് എഴുന്നള്ളിവന്നത്. അഗ്നിക്ക് പല പ്രത്യേകതകളുണ്ട്. അത് ദഹിപ്പിക്കും, അത് ശുദ്ധീകരിക്കും, അത് ചൂടു പിടിപ്പിക്കും, അത് ആളിക്കത്തിക്കും, അത് വസ്തുവിനെ രൂപഭേദം വരുത്തും. അഗ്നിരൂപത്തില്‍ വന്നിറങ്ങിയ പരിശുദ്ധാത്മാവ് ഇത്തരം നിരവധി മാറ്റങ്ങളാണ് അപ്പസ്‌തോലന്മാരിലും മറ്റുള്ളവരിലും വരുത്തിയത്.

കരിസ്മാറ്റിക് പ്രാര്‍ത്ഥനാനുഭവത്തിലേക്ക് വന്നവരുടെയിടയില്‍ പ്രത്യേകിച്ച് യുവജനങ്ങളുടെയിടയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രചരിച്ച ഒരു ടി-ഷര്‍ട്ട് ഉണ്ടായിരുന്നു. ആ ഷര്‍ട്ടിന്റെ പ്രത്യേകത അതില്‍ എഴുതിവച്ചിരുന്ന മൂന്നു വാക്കുകളാണ് - ഫയര്‍ ഫ്രം എബൗവ് (ഉന്നതത്തില്‍നിന്നുള്ള ശക്തി). പരിശുദ്ധാത്മാവിനെയാണ് ഈ വാക്കുകളിലൂടെ ഉദ്ദേശിച്ചത്. സങ്കീര്‍ത്തനത്തില്‍ പറയുന്നുണ്ട്, കര്‍ത്താവേ, അങ്ങയുടെ ആത്മാവിനെ അയക്കേണമേ, അപ്പോള്‍ സകലതും സൃഷ്ടിക്കപ്പെടും, ഭൂമുഖം പുതുതാകുകയും ചെയ്യും. സകലത്തെയും നവീകരിക്കാനും പുതുക്കി പണിയാനും കഴിവുള്ള ഉന്നതത്തില്‍ നിന്നുള്ള അഗ്നിയാണ് പരിശുദ്ധാത്മാവ്. സകലത്തിലും പെട്ടവരാണ് നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരും എല്ലാ സാഹചര്യങ്ങളും. അതിനാല്‍ ഉന്നതത്തില്‍ നിന്നുള്ള ഈ അഗ്നി ആരിലേക്ക്, എവിടേക്ക് വരുന്നുവോ അവിടെ വലിയ മാറ്റങ്ങളുണ്ടാകും.
സഹായകന്‍ എന്നാണ് യേശു പരിശുദ്ധാത്മാവിനെപ്പറ്റി പറയുന്നത്. പരിശുദ്ധാത്മാവായ സഹായകന്‍ അഗ്നിയായി നമ്മിലേക്ക് വന്നാല്‍ വലിയ മാറ്റങ്ങള്‍ക്ക് നാം വിധേയപ്പെടും. ആ അഗ്നി നമ്മിലുള്ള രോഗങ്ങളും ആന്തരികമുറിവുകളും സുഖപ്പെടുത്തും. ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ആത്മശക്തി, ദൈവഭക്തി, ദൈവഭയം എന്നിവയില്‍ വളര്‍ത്തും. സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, വിശ്വസ്തത, ആത്മസംയമനം തുടങ്ങിയവ നമ്മില്‍ നിറയ്ക്കും. രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ തിരിച്ചറിഞ്ഞ് ബന്ധിക്കാനും ശക്തി കിട്ടും. വരാനിരിക്കുന്ന കാര്യങ്ങള്‍ പോലും വെളിപ്പെട്ടു കിട്ടും (പ്രവചനവരം). നിലവിലുള്ള പല കാര്യങ്ങളുടെയും സത്യാവസ്ഥ മനസിലാകും (അറിവിന്റെ വരം). ഏറ്റവും ഉചിതമായ തീരുമാനം എടുക്കാനുള്ള കൃപ (ആലോചന, ജ്ഞാനം) കിട്ടും. പ്രതികൂല സാഹചര്യങ്ങളെ ശാന്തമായി നേരിടാനുള്ള ശക്തി കിട്ടും. ചുരുക്കിപ്പറഞ്ഞാല്‍, ശരീരം, മനസ്, ബുദ്ധി, ആത്മാവ് എന്നിവയ്‌ക്കെല്ലാം നന്മകള്‍ ലഭിക്കും. ശരീരം, മനസ്, ബുദ്ധി, ആത്മാവ് എന്നിവയുടെ സുഖമാണല്ലോ മനുഷ്യന്റെ സുഖം. അതിനാല്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് നാനാവിധത്തില്‍ ഉപകരിക്കുന്ന വലിയൊരു സാന്നിധ്യവും വരദാനഫലങ്ങളുമാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ കിട്ടുക. അതിനാല്‍ ഈ പുതു വര്‍ഷത്തില്‍ യേശു വാഗ്ദാനം ചെയ്ത സഹായകനാകുന്ന അഗ്നി നമ്മിലും നിറയാന്‍ പ്രാര്‍ത്ഥിക്കാം. ആ അഗ്നി നമ്മിലുള്ള നന്മകളെ ജ്വലിപ്പിക്കട്ടെ! തിന്മകളെ ദഹിപ്പിക്കട്ടെ; തണുത്തുപോയതിനെ ചൂട് പിടിപ്പിക്കട്ടെ.


പരിശുദ്ധത്മാവേ,എഴുന്നള്ളി വരണമേ.
അങ്ങയുടെ പ്രകാശത്തിന്‍റെ കതിര്‍
സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ.
അഗതികളുടെ പിതാവേ,
ദാനങ്ങള്‍ കൊടുക്കുന്നവനേ,
ഹൃദയത്തിന്‍റെ പ്രകാശമേ എഴുന്നള്ളിവരേണമേ.


ആശ്വാസ ദായകാ
ആത്മാവിന്‍റെ മാധുര്യമേ
ഉഷ്ണത്തില്‍ തണുപ്പേ,
അവശതയില്‍ ആലംബമേ
എഴുന്നള്ളിവരണമേ.


ആന ന്ദ പൂര്‍ണ്ണമായ പ്രകാശമേ,
അങ്ങേ വിശ്വാസികളുടെ
ഹൃദയങ്ങളെ നിറയ്ക്കണമേ.
അങ്ങയുടെ അനുഗ്രഹം കൂടാതെ
മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല.


മാലിന്യമുള്ളത് കഴുകണമേ.
വാടിപ്പോയത് നനക്കണമേ.
രോഗമുള്ളത് സുഖപ്പെടുതണമേ.
കടുപ്പമുള്ളത് മയപ്പെടുത്തണമേ.
ആറിപ്പോയത് ചൂടാക്കണമേ.
വഴിതെറ്റി പ്പോയതു നെര്‍വഴിക്കാക്കണമേ.


അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക്
അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ.
പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ.
ആമ്മേന്‍ .

Sunday, 19 August 2012

ജ്വലിക്കുന്ന യൗവനം



ജ്വാലക്ക് രണ്ടു തരത്തിലുള്ള സ്വഭാവമാണുള്ളത്. പുതിയ വസ്തുവിന് രൂപം കൊടുക്കാനും മറ്റൊന്നിനെ നശിപ്പിച്ചുകളയാനും. പുതുമയെ സൃഷ്ടിക്കാനും പഴമയെ നശിപ്പിക്കാനും ജ്വാലക്ക് കഴിയും. നിയന്ത്രണാതീതമായ അഗ്നികുണ്ഠത്തിന് ഒരു പുതിയ വസ്തുവിന് രൂപം കൊടുക്കാന്‍ കഴിയില്ല. നിയന്ത്രണവിധേയമായ അഗ്നിക്ക് പുതുമക്ക് രൂപം നല്കാന്‍ കഴിയും..... 

യുവത്വം ആഘോഷമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനും ഇറങ്ങിച്ചെല്ലാനും തീക്ഷ്ണത കാണിക്കുന്ന അവസ്ഥ. വികാരാധീനനാവുന്ന, പ്രോത്സാഹിപ്പിക്കുന്ന, ഇളകിമറിയുന്ന, ചിലപ്പോള്‍ ആവേശം കാണിക്കുകയും മറ്റു ചിലപ്പോള്‍ കോപിക്കുകയും ഏത് കാര്യത്തെയും നേടിയെടുക്കാന്‍ മുന്നിട്ടിറങ്ങുകയുമൊക്കെ ചെയ്യുന്ന സമയം. കോപം വെറുപ്പില്‍നിന്നാണ് വരുന്നത്. കോപം ഒരുവനെയും അപരനെയും നശിപ്പിക്കും. എന്നാല്‍, ലക്ഷ്യബോധമുള്ള യൗവനം തന്നെയും മറ്റുള്ളവരെയും നന്മയിലേക്ക് നയിക്കും. തീക്ഷ്ണതയില്‍ ജ്വലിക്കുന്ന യൗവനങ്ങളെപ്പറ്റി ബൈബിളില്‍ വിവരിക്കുന്നുണ്ട്. 

എരിയുന്ന മുള്‍പ്പടര്‍പ്പ്

പുറപ്പാടിന്റെ പുസ്തകം മൂന്നാം അധ്യായത്തില്‍ എരിയുന്ന മുള്‍ച്ചെടിയുടെ അടുത്ത് നില്ക്കുന്ന ഒരു യുവാവിനെപ്പറ്റി പറയുന്നുണ്ട്. മലമുകളിലെ ചൂടില്‍ കത്തിനില്ക്കുന്ന മുള്‍പ്പടര്‍പ്പില്‍നിന്നാണ് യുവാവായ മോശയെ ദൈവം വിളിക്കുന്നത്. സംശയത്തിന്റെയും അവ്യക്തതയുടെയും താഴ്‌വരയായിരുന്നു മോശയപ്പോള്‍..... ശക്തമായ തീയില്‍ എരിഞ്ഞടങ്ങാതെ നില്ക്കുന്ന മുള്‍പ്പടര്‍പ്പ്..... ഏതു വിശ്വാസിയും ഒരു നിമിഷം അവിശ്വസിച്ചുപോകുന്ന ദൃശ്യം. യൂദന്‍മാരുടെ ആത്മീയതയെയും ഈജിപ്തുകാരുടെ താത്വികവും ശാസ്ത്രപരവുമായ പരിഷ്‌കാരങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുവാന്‍ മുന്‍കൈയെടുത്ത തീക്ഷ്ണശാലിയായ യുവാവ്. അയാളുടെ ഉള്ളിലെ ആത്മീയമനുഷ്യനും ചിന്തകനും തമ്മില്‍ യുദ്ധംതന്നെ നടന്നു. അയാള്‍ സംശയം തീര്‍ക്കാന്‍ മുള്‍പ്പടര്‍പ്പിന്റെ മറുവശത്തേക്ക് പോകുന്നു....യുക്തി അയാളെ 'എന്തുകൊണ്ടെ'ന്ന ചോദ്യത്തിലേക്ക് നയിച്ചു. അവന്റെ മനസറിഞ്ഞ ദൈവം പടര്‍പ്പിന്റെ നടുവില്‍ നിന്നുകൊണ്ട് അവനെ വിളിച്ചു. അവന്റെ ധൃതികള്‍ക്കും സംശയങ്ങള്‍ക്കും മുന്‍പിലാണ് ദൈവം പ്രത്യക്ഷപ്പെടുന്നതും ഉത്തരം നല്കുന്നതും. 


ദൈവം നമുക്ക് നല്കുന്ന വാഗ്ദാനങ്ങളും വചനങ്ങളും പദ്ധതികളും അവ കടന്നുവരുന്ന വഴികളും നമുക്കെപ്പോഴും മനസിലാക്കാന്‍ കഴിയണമെന്നില്ല. ചില നേരങ്ങളിലൊക്കെ നിസംഗത പാലിക്കേണ്ടിവരും. വിശദീകരണങ്ങള്‍ക്കപ്പുറമാകാം അവിടുത്തെ പദ്ധതികള്‍. ഏതൊരു യുവാവും ചിന്തിച്ചതുപോലെ മോശയും അന്വേഷണതീക്ഷ്ണതയില്‍ എടുത്തുചാടി. പക്ഷേ, പിന്നീടവന് ദൈവികശക്തി വെളിപ്പെട്ടു. മോശക്ക് വേണമെങ്കില്‍ ഓടിയൊളിക്കാമായിരുന്നു. അയാള്‍ മുള്‍പ്പടര്‍പ്പിന്റെ അര്‍ത്ഥം മനസിലാക്കിയപ്പോള്‍ തന്റെ ഉത്തരം ലഘുവാക്കിപ്പറഞ്ഞു, ''ഇതാ ഞാന്‍.'' ദൈവിക ഇടപെടല്‍ നമ്മുടെ ജോലി സാഹചര്യങ്ങളിലോ പഠനത്തിന്റെ മേഖലകളിലോ ആകാം. ദൈവത്തിന്റെ വിളിക്ക് കാതോര്‍ത്ത് പോസിറ്റീവായും എളിമയോടും തന്നിട്ടുള്ള കഴിവുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ജീവിതം ശോഭനമാകും. 


അഗ്നിത്തൂണ്


ആഴ്ന്നിറങ്ങുന്ന 'അഗ്നി' ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തെയും പരിപാലനയെയുമാണ് സൂചിപ്പിക്കുന്നത്. ദൈവം തന്റെ ജനത്തെ രാത്രിയുടെ കൂരിരുട്ടിലൂടെയും വിദൂരതയുടെ ഏകാന്തതയിലൂടെയും ഒരു അഗ്നിസ്തംഭമായി മുന്‍പേ നടന്ന് അവരെ നയിച്ചു. ഈ അഗ്നിയെ നയിക്കുന്ന ജ്വാലയായി പുറപ്പാടിന്റെ പുസ്തകം പതിമൂന്നാം അധ്യായം വിവരിക്കുന്നുണ്ട്. പ്രകാശത്തിലൂടെ നടക്കുന്നവര്‍ക്ക് അഗ്നിയുടെ ആവശ്യമില്ല. പക്ഷേ, ജ്വലിക്കുന്ന ഈ ദൈവികജ്വാലയില്ലാത്തവന്‍ നന്മയുടെ മാര്‍ഗത്തിലൂടെയാണ് നടക്കുന്നതെന്ന് പറയാനാവില്ല. 


യുവത്വത്തിന്റെ വഴികള്‍ പലപ്പോഴും ഇരുളിലേക്കുള്ള നടന്നകലലുകളാകാറുണ്ട്. നാം പലപ്പോഴും നമുക്കുമുന്‍പേ നടക്കുന്ന തൂണുകളായി മാറാറുണ്ട്. യുവത്വത്തിന് അവരുടേതായ പ്രത്യേക പകലുകളും ഇരുട്ടുകളുമൊക്കെയാണ്. ഇതിനിടയില്‍ അഗ്നിത്തൂണായ ദൈവത്തില്‍ ആശ്രയിക്കാതെ പോകാറുണ്ടോ? സ്വന്തം വഴികളിലൂടെ പോകുമ്പോള്‍ വഴികള്‍ അവ്യക്തമാകാനും തെറ്റിപ്പോകാനും സാധ്യതയുണ്ടെന്ന് മറക്കരുത്. 


പെന്തക്കോസ്തു ദിവസം ശിഷ്യന്‍മാരിലിറങ്ങിയ അഗ്നി 


പുതിയ കാഴ്ചപ്പാടുകളിലേക്കും മുന്നോട്ടുള്ള ജീവിതത്തില്‍ ഉടക്കിക്കിടക്കുന്ന വലകളിലേക്കുമൊക്കെ ഒരു നിമിഷം ചിന്തകള്‍ പല വിചാരങ്ങളായി തെറ്റിപ്പോയ സമയത്താണ് പരിശുദ്ധാത്മജ്വാല ശിഷ്യന്മാരുടെമേല്‍ ഇറങ്ങി അവരെ ശക്തിപ്പെടുത്തുന്നത്. പിന്നീടവര്‍ക്ക് വലകളെപ്പറ്റിയോ വള്ളങ്ങളെപ്പറ്റിയോ ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെയവര്‍ സ്വര്‍ഗരാജ്യത്തിന്റെ കാവല്ക്കാരും സുവിശേഷപ്രസംഗകരും ക്രിസ്തുവിനുവേണ്ടി ജ്വലിക്കുന്ന വാക്കുകളുമൊക്കെയായി മാറുകയാണുണ്ടായത്. 


പ്രിയപ്പെട്ട യുവാവേ, ദൈവം നിന്റെ മുമ്പില്‍ ജ്വാലയുടെ രൂപത്തിലും പ്രത്യക്ഷപ്പെടും. നിന്റെ കാല്‍ വഴുതാതെ കൂടെ നടക്കുന്ന വെളിച്ചമാണ് ദൈവം. നിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പല സൂചനകളുമായി നിന്റെ കൂടെയുള്ളവന്‍. നിന്റെ ഈ തീക്ഷ്ണതയും പ്രസരിപ്പും പ്രതിസന്ധികളുമൊക്കെ ദൈവം തരുന്നത് നമ്മെ അവിടുത്തോട് തോള് ചേര്‍ത്തുനിര്‍ത്താനാണ്. ഈ ജ്വാലയെ പുല്‍കാന്‍ സംശയത്തിന്റെ കണ്ണില്‍നിന്നും വിശ്വാസത്തിന്റെ കണ്ണുകളിലൂടെ അവിടുത്തെ അറിയണം.

Sunday, 15 July 2012

പരിശുദ്ധാത്മാവ്





"പരിശുദ്ധാത്മാവ്നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും" (അപ്പ.പ്രവര്‍ :1:8.) 'പൂരാഘോഷത്തിന് നടുവില്‍, തിടമ്പ് എഴുന്നള്ളിക്കുന്ന ആന ,ചുറ്റുപാടുമുള്ള ബെഹളങ്ങളല്ല ശ്രദ്ധിക്കുന്നത് ! മറിച്ച്‌ , മുകളിലിരിക്കുന്ന പാപ്പാന്റെ , മൃതുലമായ സ്പര്‍ശനത്തിലൂടെയും , ശാന്തമായ സ്വരമര്‍മ്മരങ്ങളിലൂടെയും വരുന്ന സന്തേശങ്ങളെ ആണ് ; മാര്‍ഗ്ഗ നിര്‍ദേശങ്ങളെ ആണ് ....!!! ലോകത്തിന്റെ ബഹളങ്ങളില്‍ ആയിരിക്കുമ്പോഴും നമുക്ക് അരൂപിയെ ശ്രവിച്ചു ജീവിക്കാം.' നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ .

Wednesday, 11 July 2012

പരിശുദ്ധത്മാവിനോടുള്ള ജപം




പരിശുദ്ധത്മാവേ,എഴുന്നള്ളി വരണമേ.
അങ്ങയുടെ പ്രകാശത്തിന്‍റെ കതിര്‍ 
സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ.
അഗതികളുടെ പിതാവേ,
ദാനങ്ങള്‍ കൊടുക്കുന്നവനേ,
ഹൃദയത്തിന്‍റെ പ്രകാശമേ എഴുന്നള്ളിവരേണമേ.


ആശ്വാസ ദായകാ 
ആത്മാവിന്‍റെ മാധുര്യമേ 
ഉഷ്ണത്തില്‍ തണുപ്പേ,
അവശതയില്‍ ആലംബമേ
 എഴുന്നള്ളിവരണമേ.


ആന ന്ദ പൂര്‍ണ്ണമായ പ്രകാശമേ,
അങ്ങേ വിശ്വാസികളുടെ 
ഹൃദയങ്ങളെ നിറയ്ക്കണമേ.
അങ്ങയുടെ അനുഗ്രഹം കൂടാതെ
 മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല.


മാലിന്യമുള്ളത് കഴുകണമേ.
വാടിപ്പോയത് നനക്കണമേ.
രോഗമുള്ളത് സുഖപ്പെടുതണമേ.
കടുപ്പമുള്ളത് മയപ്പെടുത്തണമേ.
ആറിപ്പോയത് ചൂടാക്കണമേ.
വഴിതെറ്റി പ്പോയതു നെര്‍വഴിക്കാക്കണമേ.


അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക് 
അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ.
പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ.
ആമ്മേന്‍ .

Sunday, 10 June 2012

എഴുതപെട്ട നിയമം മൃതിപ്പെടുത്തുന്നു .ആത്മാവ് ജീവിപ്പിക്കുന്നു . 2 കൊറി 3 : 6















എഴുതപെട്ട നിയമം മൃതിപ്പെടുത്തുന്നു .ആത്മാവ് ജീവിപ്പിക്കുന്നു . 2 കൊറി 3 : 6

യാഹൂവില്‍ കണ്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഇത് എഴുതുവാനായി കാരണം ..ആ വാര്‍ത്ത പാമ്പ് സ്‌നേഹിയായ ഒരു അമേരിക്കന്‍ പെന്തകോസ്ത് പാസ്റ്റര്‍ പാമ്പുകടിയേറ്റു മരിച്ച സംഭവമായിരുന്നു.എന്ന് കരുതി ഈ എഴുത്ത് പെന്തോകൊസ്ത്കാര്‍ക്ക് എതിരെ ഒന്നും അല്ല ..എനിക്ക് അവരോടു എതിര്‍പ്പുണ്ടെങ്കിലും വെറുപ്പില്ല.മാത്രവും അല്ല എനിക്ക് വളരെ പ്രിയപ്പെട്ട ഒത്തിരി സഹോദരങ്ങള്‍ പെന്തോകൊസ്ത് ആണ് താനും ..


എഴുതപെട്ട നിയമം മൃതിപ്പെടുത്തുന്നു .ആത്മാവ് ജീവിപ്പിക്കുന്നു . 2 കൊറി 3 : 6 അല്ലെങ്കില്‍ അക്ഷരം കൊല്ലുന്നു, ആത്മാവ് ജീവിപ്പിക്കുന്നു എന്ന വാക്യത്തിന്റെ വാക്യം ആണ് ഈ വാര്‍ത്ത‍ വായിച്ചപ്പോള്‍ എന്റെ ഉള്ളില്‍ വന്നത് ..ആദ്യം വായിച്ചപ്പോള്‍ ഒരു അപകടം എന്ന് കരുതിയെങ്കിലും പിന്നെ ബാക്കി വായിച്ചപ്പോള്‍ കൌതുകം നിറഞ്ഞു .. അമേരിക്കയില്‍ ആണ് ഇത് സംഭവിച്ചത്. മാര്‍ക്ക് വോള്‍ഫോര്‍ഡ് എന്ന ഒരു പെന്തകോസ്ത് പാസ്റ്റര്‍ ആണ് മരിച്ചത് .. പാസ്റ്ററും സഭാ വിശ്വാസികളും സഭായോഗത്തിനു വരുമ്പോള്‍ അവരുടെ കൈയില്‍ ഏതാനും ജീവനുള്ള വിഷപ്പാമ്പുകളും ഉണ്‍ടാകും. വിശ്വാസികള്‍ എല്ലാവരും പാമ്പുകളുമായി സഭായോഗത്തിന് എത്തിച്ചേര്‍ന്നു കഴിയുമ്പോള്‍ സഭാഹാള്‍ ‘‘വേലായുധന്റെ പാമ്പിന്‍കൂടു’’പോലെ കാണപ്പെടും എന്നതില്‍ സംശയമില്ല. മുഖ്യ പാസ്റ്റര്‍ മേശമേലും മൈക്ക് സ്റ്റാന്‍ഡിന്മേലും പ്രസംഗപീഠത്തിന്മേലും എല്ലാം പാമ്പുകളെ നിരത്തിവച്ചാണ് ശുശ്രൂഷകള്‍ ചെയ്യുന്നത്. ആരെങ്കിലും ഇവരേ വിമര്‍ശിച്ചാല്‍, വിമര്‍ശകന്‍ അവിശ്വാസിയായി മുദ്രകുത്തപ്പെടും. മാര്‍ക്കോസ് 16:17 ല്‍ ‘‘വിശ്വസിക്കുന്നവര്‍ സര്‍പ്പങ്ങളെ കൈയിലുടെക്കു’’മെന്ന് യേശുക്രിസ്തു പറയുന്നുണ്‍ടല്ലോ എന്നായിരിക്കും മറുചോദ്യം. മര്‍ക്കോസ് 16:17 ആക്ഷരികമായി സ്വീകരിച്ചവരാണ് പാസ്റ്റര്‍ മാര്‍ക്കിന്റെ സഭ.


മേയ് 27 ഞായറാഴ്ചയാണ് പാസ്റ്റര്‍ മാര്‍ക്ക് സഭായോഗത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന് 41 വയസേ പ്രായമുണ്‍ടായിരുന്നുള്ളൂ. ഇതേ കാരണത്താല്‍ 1983ല്‍ പാമ്പു കടിയേറ്റ് മരിച്ച തന്റെ പിതാവില്‍നിന്നുമാണ് ‘‘പാമ്പ് മിനിസ്ട്രി’’ പാസ്റ്റര്‍ മാര്‍ക്ക് ഏറ്റെടുക്കുന്നത്. ഇപ്പോള്‍ പാസ്റ്റര്‍ മാര്‍ക്കിന്റെ ഭാര്യയും രണ്‍ടു മക്കളും അനാഥരായി എന്നേ പറയേണ്‍ടതുള്ളൂ. വചനത്തേ തെറ്റായി വ്യാഖ്യാനിച്ച് സംഭവിച്ച അത്യാഹിതം എന്നല്ലാതെ എന്തു പറയാന്‍?


മര്‍ക്കോസ് 16:17ല്‍ പറയുന്ന സര്‍പ്പം എന്താണ്? സാത്താന്‍ ആണ് ഈ സര്‍പ്പം. സര്‍പ്പത്തെ സാത്താന്റെ പ്രതീകമായി ഉല്‍പ്പത്തി മുതല്‍ വെളിപ്പാടുവരെ വെളിപ്പെടുത്തിയിരിക്കുന്ന വിഷയമാകയാല്‍ പാസ്റ്റര്‍ മാര്‍ക്കിന്റെ പാമ്പു മിനിസ്ട്രി വചനത്തെ തെറ്റുദ്ധരിച്ചു സംഭവിച്ചതാണെന്ന് സംശയത്തിനിടയില്ലാത്ത വിധം പറയട്ടെ. അക്ഷരത്തെ അക്ഷരംപ്രതിയെടുത്തപ്പോള്‍ സംഭവിച്ചത് മരണമായിരുന്നു. സാത്താന്റെ തന്ത്രങ്ങളെ കീഴ്‌പ്പെടുത്താനുള്ള ക്രിസ്തുശിഷ്യന്റെ ആത്മീയ അധികാരമാണ് ഈ വാക്യത്തിലെ ആത്മാവ്. ഇത് ഗ്രഹിക്കുന്നവര്‍ ജീവിക്കും.


ഇത് പോലെ ഉള്ള പല തെറ്റി ധാരണകളും വചനത്തെ കുറിച്ച് പുലര്തുന്നവരുണ്ട്, ലക്ഷോപലക്ഷം ക്രൈസ്തവര്‍ തെറ്റിദ്ധരിച്ച ഒരു വാക്യമാണ് അപ്പൊസ്‌തൊല പ്രവൃത്തികളിലെ ഒരു പരാമര്‍ശം. പരിശുദ്ധാത്മാവ് നിറഞ്ഞവരെ പുതുവീഞ്ഞ് കുടിച്ചവര്‍ എന്ന് പറഞ്ഞതായി അധ്യായം 2, വാക്യം 13ല്‍ കാണുന്നു. ഇതിനെ അടിസ്ഥാന ഉപദേശമായെടുത്ത് പരിശുദ്ധാത്മാവ് നിറഞ്ഞാല്‍ മദ്യപന്മാരെപ്പോലെ ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കണമെന്നും ചിരിച്ചും കാല്‍ തറയില്‍ ഉറയ്ക്കാതെ നടക്കണമെന്നും തെറ്റിദ്ധരിച്ചവര്‍ ഏറെയാണ്. വാസ്തവത്തില്‍ ഇത് അവിശ്വാസികളായ ഒരുപറ്റം ആളുകളുടെ പരിഹാസവചനമായിരുന്നു. ഈ പരിഹാസപദം ഉപദേശമാക്കിയെടുത്തവരും പാമ്പ് മിനിസ്റ്ററായ പാസ്റ്റര്‍ മാര്‍ക്കും ഒരുപോലെ ക്രിസ്തുവിന്റെ പഠിപ്പിക്കലുകളെ തെറ്റിദ്ധരിച്ചു. പരിശുദ്ധാത്മവ് നിറഞ്ഞപ്പോള്‍ അപ്പൊസ്‌തൊലന്മാര്‍ക്ക് ശക്തി ലഭിച്ചു. ഈ ശക്തിയാണ് വന്‍കരകളെ കീഴടക്കാന്‍ അവര്‍ ഉപയോഗിച്ചത്. പുതുവീഞ്ഞ് കുടിച്ചവരെപ്പോലെ ഉന്മാദാവസ്ഥയില്‍ അല്ലായിരുന്നു അപ്പൊസ്‌തൊലന്മാര്‍ സുവിശേഷസത്യങ്ങള്‍ പ്രചരിപ്പിച്ചത്.


പരിശുദ്ധാത്മവ് വന്നുകഴിയുമ്പോള്‍ ശക്തി ലഭിക്കും എന്ന പദത്തെയും തെറ്റിദ്ധരിച്ച് സുവിശേഷ പ്രസംഗികള്‍ വേദികളില്‍ കിടിന്ന് അട്ടഹസിക്കുന്നത് ഇന്ന് പതിവാണ്. ഈ അട്ടഹാസമല്ല പരിശുദ്ധാത്മാവ് നല്‍കുന്ന ശക്തി. ക്രിസ്തുവിന്റെ സാക്ഷിയാകാനുള്ള ശക്തിയാണത്. സര്‍വ്വ ലോകവും പിശാചിന്റെ ശക്തിക്കു കീഴില്‍ കിടക്കുമ്പോള്‍ (1യോഹ 5:19) പരിശുദ്ധാത്മാവ് നല്‍കുന്ന ശക്തിയിലൂടെ പാപത്തെയും സാത്താന്റെ ശക്തിയെയും കീഴടക്കി ക്രിസ്തുവിന് സാക്ഷിയാകുവാനുള്ള ആഹ്വാനമാണ് യേശു നല്‍കിയത്. ഇത് തെറ്റിദ്ധരിച്ചതാണ് പരിശുദ്ധാത്മ ശക്തിയുടെ പേരില്‍ വേദികളില്‍ അട്ടഹാസം മുഴങ്ങാന്‍ കാരണമാകുന്നത്.



വേദികളില്‍ അട്ടഹസിക്കുന്നവരെ കാണുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് യേശുവിന്റെ മലയിലെ പ്രസംഗമാണ്. എത്രയോ ശാന്തമായിട്ടായിരുന്നു പരിശുദ്ധാവിന്റെ പൂര്‍ണതയില്‍ ജീവിച്ച യേശു പ്രസംഗിച്ചതും പഠിപ്പിച്ചതും. ആത്മാവില്‍ ദരിദ്രരര്‍ ഭാഗ്യവാന്മാര്‍ എന്ന് എത്രയോ ശാന്തതയോടെയാണ് യേശു പഠിപ്പിച്ചത്! സ്‌തെഫാനോസും പൗലോസും പ്രസംഗിച്ചതും എത്രയോ സുവ്യക്തമായിട്ടായിരുന്നു. പരിശുദ്ധാത്മാവ് നിറഞ്ഞ പത്രോസ് പ്രസംഗിച്ചത് എത്രയോ വ്യക്തതയോടെ ആയിരുന്നു. ഇവര്‍ ആരും പരിശുദ്ധാത്മാവിനെ തെറ്റിദ്ധരിച്ചില്ല. അതിനാല്‍ യേശുവിന്റെയും അപ്പൊസ്‌തൊലരുടെയും ശുശ്രൂഷകള്‍ ഏറെ ഫലപ്രദമായിത്തീര്‍ന്നു.


അക്ഷരത്തില്‍നിന്ന് ആത്മാവിനെ പ്രാപിക്കാന്‍ കഴിഞ്ഞാല്‍ അത് ഏറെ തേജസേറിയ ശുശ്രൂഷയായിരിക്കും. (2 കൊരി.3:8)

Saturday, 26 May 2012

പന്തക്കുസ്താത്തിരുനാള്‍



യോഹ 16:5-15


എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്.എന്നിട്ടും നീ എവിടെപ്പോകുന്നുവെന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല,ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദു:ഖപൂരിതമായിരിക്കുന്നു.എങ്കിലും സത്യം ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത് ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല.ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയക്കും.അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേല്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും,ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.ഇനിയും വളരെക്കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്,എന്നാല്‍ അവ ഉള്‍ക്കൊല്ലന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിവില്ല.സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കും,അവന്‍ സ്വമേധയാ ആയിരിക്കില്ല സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നതുമാത്രം സംസാരിക്കും.വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും.അവന്‍ എനിക്കുള്ളവയില്‍നിന്ന് സ്വീകരിച്ചു നിങ്ങളോടു പ്രഖ്യാപിക്കും.അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും,പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്.അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്ന് സ്വീകരിച്ചു അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.





രക്ഷാചരിത്രവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ഒരു തിരുനാളാണ് പന്തക്കുസ്ത. ഇസ്രായേല്‍ജനം വിളവെടുപ്പിനോടു ബന്ധപ്പെടുത്തി 'പന്തക്കുസ്താ' ത്തിരുനാള്‍ ആഘോഷിച്ചിരുന്നതായി നാം പഴയ നിയമത്തില്‍ വായിക്കുന്നുണ്ട്. 'പന്തക്കുസ്ത' എന്ന പദത്തിന്റെ അര്‍ത്ഥം അമ്പത് എന്നാണ്- അമ്പതാം ദിവസത്തെ തിരുനാള്‍. വിളവെടുപ്പിനോടനുബന്ധിച്ചുള്ള ആദ്യഫലസമര്‍പ്പണത്തിന്റെ തിരുനാളായിരുന്നു അത്. പിന്നീടാണ് ഇസ്രായേല്‍ ജനം ദൈവത്തിന്റെ ഉടമ്പടിപ്രകാരമുള്ള ദൈവജനമായിത്തീര്‍ന്നതിന്റെ ഓര്‍മ്മയാചരണമായി ഈ തിരുനാള്‍ രൂപാന്തരപ്പെട്ടത്.



പുതിയ നിയമത്തില്‍ ഈ തിരുനാളിനു 'പുതിയ' അര്‍ത്ഥം നല്കപ്പെട്ടു. ഉയിര്‍പ്പിനുശേഷം അമ്പതാം ദിവസമാണല്ലോ പരിശുദ്ധാത്മാവ് ശ്ളീഹന്‍മാരുടെമേല്‍ എഴുന്നള്ളിയത്. അന്നാണ് സഭ ഔദ്യാഗികമായി 'ഉദ്ഘാടനം' ചെയ്യപ്പെട്ടത്. പുതിയ ദൈവജനത്തിന്റെ ജന്മദിനമാണത്. അന്നു പിതാവായ ദൈവം, ദൈവസ്നേഹം വ്യക്തിത്വം ധരിച്ച പരിശുദ്ധാത്മാവില്‍ പുതിയ ഉടമ്പടിക്കു മുദ്രവച്ചു. ഈ ഉടമ്പടി കല്പലകകളിലല്ല, മനുഷ്യഹൃദയങ്ങളിലാണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. പന്തക്കുസ്തായ്ക്കുശേഷമാണ് പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ളീഹന്‍മാര്‍ പുതിയ ഉടമ്പടിയുടെ സന്ദേശവുമായി ലോകമെങ്ങും പോവുകയും സഭാസമൂഹങ്ങള്‍ക്ക് അടിസ്ഥാനമിടുകയും ചെയ്തത്. 'ശ്ളീഹാ' എന്ന പദത്തിന്റെ അര്‍ത്ഥംതന്നെ "അയയ്ക്കപ്പെട്ടവന്‍'' എന്നാണ്. മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിച്ച എല്ലാവരും "അയയ്ക്കപ്പെട്ടവര്‍'' ആണെന്ന വസ്തുത ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു.




പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍, ശ്ളീഹന്‍മാരും ദൈവജനവുമാകുന്ന സഭയും തമ്മിലുള്ള സുദൃഢമായ ബന്ധം, ആദിമസഭയുടെ ചൈതന്യവും കൂട്ടായ്മയും, സഭയുടെ പ്രേഷിതസ്വഭാവവും ദൌത്യവും എന്നിവയാണ് ഈ കാലത്തിലെ പ്രധാന ചിന്തകള്‍. തങ്ങളുടെ ഗുരുവിന്റെ സന്ദേശവുമായി ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച്, പുതിയ സഭാസമൂഹങ്ങള്‍ക്കു രൂപംകൊടുത്ത ശ്ളീഹന്മാരുടെ കൂട്ടായ്മയിലും ഐക്യത്തിലും നമുക്കും പങ്കുചേരാം. നമ്മള്‍ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണെന്ന സത്യം മുറുകെപിടിച്ചുകൊണ്ട്, അവിടുത്തെ നിരന്തരസഹായത്താല്‍, നമുക്കും ശ്ളീഹന്‍മാരെപ്പോലെ മിശിഹായെ പ്രഘോഷിക്കാം.
......................................................

പരിശുദ്ധാത്മാവ് ഏകദൈവമായപരിശുദ്ധ ത്രിത്വത്തിലെ ഒരു ആളത്വമാണ്‌; അതായത് പുത്രനായ ദൈവത്തോടും സംസർഗം പുലർത്തിക്കൊണ്ട് ദൈവത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്‌ പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിന് മനസ്സും, ഇച്ഛാശക്തിയും,വികാരങ്ങളും ഉള്ള ഒരു പൂർണ വ്യക്തിയായി ആണ്‌ കരുതുനത്. പരിശുദ്ധാത്മാവ് , പിതാവിനോടും പുത്രനോടും എല്ലാറ്റിലും സമത്വമുള്ള ദൈവമാകുന്നു.പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും വത്യസ്തമായി, പിതാവിൽ നിന്നും പുത്രനിൽ നിന്നും ആണ് പുറപെടുനത്.ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ്‌ വിശ്വാസികൾക്ക്‌ സകലവും ഉപദേശിച്ചു കൊടുക്കുകയും,സത്യത്തിൽ നടത്തുകയും,യേശു പറഞ്ഞതു ഒക്കെയും ഔർമ്മപ്പെടുത്തുകയും ചെയ്യും.

പരിശുദ്ധാത്മാവുമായുള്ള ആഴമായ ബന്ധം സ്ഥാപിക്കുവാന്‍ ഏത്‌ വ്യക്തിക്ക്‌ സാധിക്കുന്നുവോ അയാളാണ്‌ ആത്മീയയാത്രയില്‍ വിജയം നേടുന്നത്‌. ഇതിന്‌ ദൈവാത്മാവിനെക്കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാട്‌ അത്യാവശ്യമാണ്‌. പലരും പരിശുദ്ധാത്മാവിനെ ഒരു ശക്തിയായിട്ടാണ്‌ കാണുന്നത്‌. കാരണം, പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുവാന്‍ ജലം, കാറ്റ്‌, അഗ്നി, പ്രാവ്‌ തുടങ്ങിയ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. ഒരു ശക്തിയുമായി വ്യക്തിബന്ധം സ്ഥാപിക്കുവാന്‍ ഒരാള്‍ക്കും സാ ധിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവ്‌ വ്യക്തിയാണ്‌. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പറയുമ്പോള്‍ യേശു ഉപയോഗിക്കുന്ന വാക്ക്‌ `അത്‌' എന്നല്ല. പ്രത്യുത `അവന്‍' എന്നാണ്‌. അതിനാല്‍ ദൈവാത്മാവ്‌ യേശുവിനെപ്പോലെതന്നെ എന്റെകൂടെ നടക്കുന്ന വ്യക്തിയാണ്‌ എന്ന ബോധ്യം നാം ആദ്യം മനസില്‍ ഉറപ്പിക്കണം.
സുഹൃത്തിനോടെന്നതുപോലെ പരിശുദ്ധാത്മാവിനോട്‌ സംസാരിക്കുവാന്‍ പരിശീലിക്കണം. പ്രയാസകരമായ സാഹചര്യത്തില്‍പ്പെടുമ്പോള്‍ `പരിശുദ്ധാത്മാവേ എന്നെ സഹായിക്കണമേ' എന്ന്‌ പറയണം. നിശ്ചയമായും പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും.

പരിശുദ്ധാത്മാവ്‌ സര്‍വവ്യാപി ആണെന്ന്‌ സങ്കീ.139:7-8 വാക്യങ്ങളില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാം. "നിന്റെ ആത്മാവിനെ ഒളിച്ച്‌ ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ട്‌ ഞാന്‍ എവിടേക്കു ഓടും? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്‌; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്‌". 1കൊരി. 2:10-11 ല്‍ നിന്ന്‌ പരിശുദ്ധാത്മാവ്‌ സര്‍വജ്ഞാനിയാണ്‌ എന്ന്‌ മനസ്സിലാക്കവുന്നതാണ്‌. "ആത്മാവ്‌ സകലത്തേയും ദൈവത്തിന്റെ ആഴങ്ങളേയും ആരായുന്നു. മനുഷനിലുള്ളത്‌ അവനിലെ മനുഷാത്മാവല്ലാതെ മനുഷരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നെ ദൈവത്തിലുള്ളത്‌ ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല".

ദൈവത്തിന്റെ പരിശുദ്ധാത്മാവിന്‌ മനസ്സും, വികാരങ്ങളും, ഇച്ഛാശക്തിയും ഉള്ളതിനാല്‍ പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയാണ്‌ എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. പരിശുദ്ധാത്മാവ്‌ ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു (1കൊരി.2:10). പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുവാന്‍ സാധിക്കും (എഫേ.4:30). പരിശുദ്ധാത്മാവ്‌ നമുക്കായി പക്ഷവാദം ചെയ്യുന്നു (റോമ.8:26-27). പരിശുദ്ധാത്മാവ്‌ തന്റെ ഇഷ്ടാനുസരണം തീരുമാനങ്ങള്‍ എടുക്കുന്നു (1കൊരി.12:7-11). ത്രിത്വത്തിലെ മൂന്നാമനായ വ്യക്തിയാണ്‌ പരിശുദ്ധാത്മാവ്‌. പരിശുദ്ധാത്മാവ്‌ ദൈവം ആയതുകൊണ്ട്‌ യേശുകര്‍ത്താവു പറഞ്ഞതുപോലെ മറ്റൊരു കാര്യസ്ഥനായി പ്രവര്‍ത്തിക്കുവാന്‍ പരിശുദ്ധാത്മാവിനു സാധിക്കും (യോഹ.14:16,26; 15:26).

ശാരീരിക, മാനസിക വേദനകളുടെ ആധിക്യത്താല്‍ ആശ്വാസമില്ലാതെ കരയുന്ന നാളുകള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ട്‌. എന്റെ വേദന മാറ്റുവാന്‍ ഒരു വഴിയും കാണുന്നില്ല. ആര്‍ക്കും അതിന്‌ സാധിക്കുന്നുമില്ല. ഇവിടെ ചെയ്യേണ്ട ഒരു കാര്യമുണ്ട്‌. അത്‌ ശാന്തമായിരിക്കുക എന്നതാണ്‌. ഇവിടെ ദൈവത്തോട്‌ ഗുസ്‌തി പിടിച്ചിട്ട്‌ കാര്യവുമില്ല. പരാതിയും പിറുപിറുപ്പും ഉപേക്ഷിക്കുക. അവിടുന്ന്‌ ഇപ്പോഴും പ്രവര്‍ത്തനനിരതനാണെന്ന്‌ ഓര്‍ക്കുക. അവിടുത്തേക്ക്‌ രൂപപ്പെടുത്തുവാന്‍ പറ്റുന്ന രീതിയില്‍ വഴങ്ങിക്കൊടുക്കുക. തന്നെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ദൈവം എല്ലാം നന്മയ്‌ക്കായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന ബോധ്യം വന്നുനിറയുന്ന അവസ്ഥയാണ്‌ ശാന്തത. ഈ ബോധ്യവും ശാന്തതയും സ്വന്തം കഴിവിനാല്‍ നേടിയെടുക്കുവാന്‍ സാധിക്കുകയില്ല. കാരണം, കാര്യങ്ങള്‍ നാം പ്രതീക്ഷിച്ച വഴിക്ക്‌ പോകാതിരിക്കുമ്പോള്‍ വേവലാതിപ്പെടുക എന്നത്‌ മനുഷ്യസഹജമാണ്‌. ഇവിടെയും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും. `ദൈവാത്മാവേ, അങ്ങയുടെ ചിന്തകള്‍ എനിക്ക്‌ തരണമേ' എന്നുമാത്രം പ്രാര്‍ത്ഥിക്കുക. അവിടുന്ന്‌ നമ്മെ ഏറ്റെടുക്കും. നമ്മുടെ മനസ്‌ ശാന്തമായി, ദൈവതിരുമനസിന്‌ വിട്ടുകൊടുക്കുമ്പോള്‍ ദൈവം ജീവിതത്തില്‍ ഇടപെടുന്ന അനുഭവം നമുക്കുണ്ടാകും.

ഇപ്രകാരം ചെയ്യുന്ന ദൈവപൈതലിന്‌ മരുഭൂമിയാത്ര ഒരിക്കലും ദുഷ്‌കരമാവുകയില്ല. പകല്‍ മേഘസ്‌തംഭമായും രാത്രി അഗ്നിത്തൂണായും അവിടുന്ന്‌ കൂടെയുണ്ടാവും. നീ തളര്‍ന്നുവീഴാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല. അഥവാ തളര്‍ന്നു വീണാല്‍ ത്തന്നെ അവിടുത്തെ കൈകളിലേക്കാണ്‌ വീഴുക. അവിടുന്ന്‌ താങ്ങും. വീണ്ടും എഴുന്നേല്‌ക്കുവാനും നടക്കുവാനും ഓടുവാനുമുള്ള ശക്തി നല്‌കുകയും ചെയ്യും. തന്റെ പ്രവാചകനിലൂടെ അവിടുന്ന്‌ ഇത്‌ വെളിപ്പെടുത്തിയിരിക്കുന്നുത്‌ ഓര്‍ക്കുക (ഏശയ്യാ 40:29-31). വീണ്ടും സങ്കീര്‍ത്തകനിലൂടെ അവിടുന്ന്‌ ഇപ്രകാരം അരുള്‍ച്ചെയ്യുന്നു: ``അവിടുന്ന്‌ എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന്‌ എന്നെ ചാക്കുവസ്‌ത്രമഴിച്ച്‌ ആനന്ദമണിയിച്ചു'' (സങ്കീ.30:11). നമുക്ക്‌ പ്രാര്‍ത്ഥിക്കാം:

ഓ, പ്രിയ പരിശുദ്ധാത്മാവേ, അങ്ങ്‌ എന്റെ സ്‌നേഹിതനായി എന്റെ ജീവിതത്തിലേക്ക്‌ ഇപ്പോള്‍ത്തന്നെ കടന്നുവരണമേ. അങ്ങയോട്‌ സംസാരിക്കുവാന്‍ എന്നെ പഠിപ്പിച്ചാലും. അങ്ങയുടെ മൃദുവായ ശബ്‌ദം കേള്‍ക്കുവാന്‍ എന്നെ പരിശീലിപ്പിക്കണമേയെന്ന്‌ അങ്ങയോട്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സ്‌നേഹസാന്നിധ്യത്തിനായി ഞാന്‍ ദാഹിക്കുന്നു. ഞാന്‍ അങ്ങയെ ആരാധിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ ആരാധന. 






പരിശുദ്ധാരൂപിക്ക്‌ എതിരായ പാപങ്ങള്‍ ആറ്‌


സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).

സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.

ഒരു കാര്യം സത്യമാണെന്ന്‌ അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്‌.

അന്യരുടെ നന്‍മയിലുള്ള അസൂയ.

പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ‍ ജീവിക്കുന്നത്‌.

അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്‌.


പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്‌


1 ഉപവി

2 ആനന്ദം

3 സമാധാനം

4 ക്ഷമ

5 സഹനശക്തി

6 നന്‍മ

7 കനിവ്‌

8 സൗമ്യത

9 വിശ്വാസം

10 അടക്കം

11 ആത്മസംയമനം

12 കന്യാവ്രതം


(ഗലാത്യര്‍ 5:22-23)

പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ ഏഴ്‌

പരിശുദ്ധാത്മാവ് വിശ്വാസികൾക്ക് പല "ദാനങ്ങൾ" നൽകും.ഇ ദാനങ്ങൾ ചില പ്രത്യേക കഴിവുകൾ ആ വ്യക്തിക്ക് പ്രധാനം ചെയും.പുതിയ നിയമത്തിൽ 3 അതിമാനുഷ കൃപാവരങ്ങളെ പറ്റി പറയുന്നുണ്ട് അവ ഭാഷാ വരം,പ്രവചന വരം, രോഗ ശാന്തി വരം എന്നിവ ആകുന്നു.


1 ജ്ഞാനം 2. ബുദ്ധി 3. ആലോചന 4. ആത്മശക്തി 5. അറിവ്‌ 6. ഭക്തി 7. ദൈവഭയം (1കൊറി.12:1-11)

പന്തക്കുസ്ത തിരുനാള്‍ നൊവേന

പന്തക്കുസ്ത തിരുനാള്‍












പന്തക്കുസ്ത ദിനത്തിനോട് അനുബന്ധിച്ചുള്ള നൊവേന ഒന്‍പതാം ദിവസം




പന്തക്കുസ്ത ദിനത്തിനോട് അനുബന്ധിച്ചുള്ള നൊവേന എട്ടാം ദിവസം





Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22