അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday 6 June 2012

പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍

ഇന്ന് ജൂണ്‍ 7 സഭ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആയി ആഘോഷിക്കുന്നു ..

















'ആരാധന ക്രമത്തിന്റെ കേന്ദ്ര ബിന്ദുവാണ് പരിശുദ്ധ കുര്‍ബാന' എന്നാണു പത്താം പിയുസ്  പിതാവ് പറഞ്ഞിരിക്കുന്നത്. ആരാധന സ്രഷ്ടാവിനു മാത്രം അവകാശപെട്ടത് ആണ്.   "സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല" (പാദ്രെ പിയോ ).





"അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുബോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ചു ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു : വാങ്ങി ഭക്ഷിക്കുവിന്‍ ; ഇത് എന്‍റെ ശരീരമാണ് .അനന്തരം പാനപാത്രമെടുത്ത് കൃതജതാസ്തോത്രം ചെയ്തു അവര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇത് പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടബടിയുടെതുമായ എന്‍റെ രക്തമാണ് "(മത്താ 26:26-28). 


ക്രിസ്തുവിന്‍റെ ഏകബലിയര്‍പ്പണവും അള്‍ത്താരയിലെ ബലിയും രണ്ടു വ്യത്യസ്ത യാഥാര്ത്യങ്ങളല്ല; മറിച്ച്, ഏകബലിയര്‍പ്പണത്തിന്റെ സ്ഥലകാല വ്യത്യാസത്തില്‍ സംഭവിച്ചതും സംഭവിക്കുന്നതുമായ ഒരേ ദൈവിക യാഥാര്ത്യമാണ്. അതിനാല്‍ ഓരോ വിശുദ്ധ കുര്‍ബാനയും ക്രിസ്തുവിന്റെ ഗോല്‍ഗോഥായിലെ ഏകബലിയുടെ ദൈവികാവിഷ്കരണമാണ്. അതുകൊണ്ട് ,ക്രിസ്തുവിന്‍റെ ഗോല്‍ഗോഥായിലെ ബലിയര്‍പ്പണം വഴി മനുഷ്യവര്‍ഗത്തിന് ലഭിച്ച സര്‍വ്വകൃപകളും അനുഭവിച്ചറിയുന്നതിനു വിശുദ്ധ കുര്‍ബാനയിലൂടെ സാധിക്കുന്നു. കൂടാതെ,അവിടുത്തെ മുറിക്കപ്പെട്ട ശരീരത്തിലും ചിന്തപ്പെട്ട രക്തത്തിലും പങ്ക്കാരായി ദൈവികജീവനില്‍ നിറയുന്നതിനും ഇടയാക്കുന്നു. 

ഇത് കര്‍ത്താവിന്‍റെ പ്രവര്‍ത്തിയാണ്. വിശ്വസിക്കുന്നവന് ക്രിസ്തുവിന്റെ ഏകബലിയും അള്‍ത്താരയിലെ ബലിയും രണ്ടല്ല.മറിച്ച് ,ഒരേ ദൈവികബലിയുടെ രണ്ടു വശങ്ങള്‍ ആണ്. ഇന്ന് വിശുദ്ധ കുര്‍ബാനയിലൂടെ മാത്രമേ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഏകബലിയര്‍പ്പണത്തില്‍ പങ്കാളിയാകാനാകൂ. അതിനാല്‍ ഗോല്‍ഗോഥായിലെ ബലിവസ്തുവും ബലിയര്‍പ്പകനും ക്രിസ്തുവായിരുന്നതുപോലെ വിശുദ്ധ കുര്‍ബാനയിലെ യഥാര്‍ത്ഥ ബലിവസ്തുവും ബലിയര്‍പ്പകനും കര്‍ത്താവായ യേശുക്രിസ്തു തന്നെയാണ്. 

വിശുദ്ധ കുര്ബാനയാകുന്ന ഓരോ ബലിയും യേശുക്രിസ്തുവിന്റെ ഗോല്‍ഗോഥായിലെ ബലിയുടെ ആവര്‍ത്തനമല്ല. മറിച്ച് ക്രിസ്തുവിന്‍റെ ഏകബലിയര്‍പ്പണത്തിലുള്ള പങ്കുചെരലാണ്, ഉള്‍ചേരലാണ്. ഇന്നലെയും ഇന്നും നാളെയും ഒരാള്‍ തന്നെയായ യേശുക്രിതുവിന്റെ നിത്യമായ ബലിയിലെ പങ്കാളിത്തം വഴി വിശുദ്ധ കുര്‍ബാന ക്രിസ്തുവിന്റെ ഏകബലിയുടെ ഭാഗമായിത്തീരുന്നു.അങ്ങനെ ക്രിസ്തുവിന്റെ ഏകബലിയും വിശുദ്ധ കുര്‍ബാനയും ഒന്നായിത്തീരുന്നു. അതിനാല്‍ കര്‍ത്താവിന്റെ ബലി തന്നെയാണ് വിശുദ്ധ കുര്‍ബാന. കര്‍ത്താവിന്റെ കല്പ്പനപ്രകാരം അവിടുന്ന് ഭരമേല്‍പ്പിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ എന്നും എപ്പോഴും 'ഇന്ന്' മാത്രമുള്ള കര്ത്താവിന്റെ ഏകബലിയില്‍ നാമും പങ്കാളികളാകുന്നു. 


വിശുദ്ധ കുര്‍ബാന കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങാളാണ് എന്ന് തിരുവചനം ആവര്ത്തിച്ചുറപ്പിക്കുന്നു. 
"നാം അശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?" (1 കൊറി 10:16)



വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും കര്‍ത്താവിന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നതുകൊണ്ടാണ് നാം മുറിക്കുന്ന അപ്പം യേശുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വവും ,ആശീര്‍വദിക്കുന്ന പാനപാത്രം കര്‍ത്താവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വവുമായിത്തീരുന്നത്. അപ്പവും വാഞ്ഞും തന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുത്തുന്നതോടൊപ്പം നമ്മെയും ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായി രൂപപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ശരീരരക്ത്ങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്‌താല്‍ ലഭിക്കുന്ന അനുഗ്രഹങ്ങള്‍ യേശു വിവരിക്കുന്നു.



"യേശു പറഞ്ഞു :സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു,നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല‍. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് .അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും, എന്തെന്നാല്‍ ,എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്.എന്‍റെ രക്തം യഥാര്‍ത്ഥ പാനീയമാണ് എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു "(യോഹ 6:53-56).

വിശുദ്ധ കുര്‍ബാന കര്‍ത്താവിന്റെ ശരീരവും രക്തവും ആയതിനാല്‍ അവന്റെ ശരീര രക്തങ്ങളില്‍ പങ്കാളികളാകുന്ന എല്ലാവരും ക്രിസ്തുവിന്‍റെ മൌതികശരീരമായി രൂപം കൊള്ളുന്നു.ഒന്നാകുന്നു. ഇതാണ് ക്രിസ്തുവിലുള്ള ഐക്യം. ഇതാണ് സഭയുടെ അടിസ്ഥാന കൂട്ടായ്മ . 
അര്‍ത്ഥ തലങ്ങള്‍  


സുറിയാനി ഭാഷയിലെ കുര്‍ബാന , കാറെബ് (ആനയിക്കുക എന്നർത്ഥം) തന്നെ മലയാളത്തിലേക്കും ആദേശം ചെയ്യപ്പെട്ടു. അറബിയി കുര്‍ബാന എന്നാൽ ബലി എന്നാണർത്ഥം.എല്ലാ വിശ്വാസികൾക്കുംവേണ്ടി പരികർമ്മം ചെയ്യപ്പെടുന്നതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. മറ്റു തിരുക്കർമ്മങ്ങൾ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി പരികർമ്മം ചെയ്യപ്പെടുന്നു. ഈ  തിരുക്കർമ്മങ്ങളുടെ  പൂർത്തീകരണമായി വിശുദ്ധ കുർബാന നിലകൊള്ളുന്നു. അതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ബലി, അല്ലെങ്കിൽ രാജകീയ ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ കുർബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.

സീറോ മലബാർ, കിഴക്കിന്റെ അസ്സീറിയൻ എന്നീ സഭകൾ കൽദായ രീതി പിന്തുടരുമ്പോൾ, ഇന്ത്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, സീറോ മലങ്കര, മാർത്തോമ്മാ സുറിയാനി സഭ, മാരൊനൈറ്റ്, എന്നീ സഭകൾ സിറിയൻ രീതി പിന്തുടരുന്നു. സിറിയൻപദമായ കുർബാന ഹീബ്രു പദമായ കുർബാനിൽനിന്ന് ഉദ്ഭവിച്ചതാണ്. കുർബാന എന്ന വാക്കിൻറെ അർത്ഥം അർപ്പണംഎന്നാണ്.
from wikki 




സ്വര്‍ഗം ഭൂമിയിലേക്ക്‌ ഇറങ്ങി വരുന്നതിന്റെ അനുസ്മരണം ആണ് പുരോഹിതന്‍ വി:കുര്‍ബാനയുടെ തുടക്കത്തില്‍ സുശ്രൂഷകരോടോപ്പം മധുബഹായില്‍ നിന്നും ബെമ്മായിലെക്കുള്ള പ്രദിഷണം അനുസ്മരിക്കുന്നത്‌. പുരോഹിതന്‍ സ്വര്‍ഗത്തിന് അഭിമുഖ മായി നിന്നുകൊണ്ടാണ് വി:കുര്‍ബാന ചെല്ലുക. അതിന്റെ അര്‍ഥം വി:കുര്‍ബാന ഒരു തീര്‍ത്ഥാടനം ആണ്. പാപികളായ ജനങ്ങളെ ഭൂമിയില്‍ നിന്നും സ്വര്‍ഗത്തിലേക്ക് ഒരു തീര്‍ത്ഥാടനം ആയി നയിക്കുന്നതിന്‍റെ ഒര്മയായിട്ടു വേണം ആചരിക്കാന്‍.  പ്രദിക്ഷണങ്ങൾ സ്വർഗ്ഗോന്മുഖമായ പ്രയാണത്തിന്റെ പ്രതീകമാണ്. കുർബാനയ്ക്കകത്തതന്നെയുള്ള പ്രദക്ഷിണങ്ങൾ - സുവിശേഷ പ്രദക്ഷിണം, തിരുവസ്തുക്കൾ അൾത്താരയിലേയ്ക്ക് കൊണ്ടുവരുന്ന പ്രദക്ഷിണം, വിശുദ്ധകുർബാന വിതരണം ചെയ്യുന്നതിനായി മദ്ബഹായുടെ കവാടത്തിലേയ്ക്ക് കൊണ്ടൂവരുന്ന പ്രദക്ഷിണം – ഇവയുടെ അർത്ഥം വ്യക്തമായി മനസിലാക്കി അവ നടത്തുന്നതിനു പരിശ്രമിക്കുക 

അടയാളങ്ങളും പ്രതീകങ്ങളുമുപയോഗിച്ച് ഈശോയുടെ രക്ഷാകരസംഭവങ്ങള്‍ ആഘോഷിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ആളുകളെ കാര്‍മ്മികന്‍, ശുശ്രൂഷികള്‍, ഗായകസംഘം, സമൂഹം എന്നിങ്ങനെ നാല് വ്യത്യസ്ത ഗണത്തില്‍പ്പെടുത്താം. വ്യത്യസ്തങ്ങളായ യാഥാര്‍ത്ഥ്യങ്ങളെ സൂചിപ്പിക്കുന്ന ഈ ഗണങ്ങള്‍ക്ക് അവരുടേതായ ദൗത്യങ്ങളും നല്കിയിട്ടുണ്ട്.   വിശുദ്ധ കുർബാന ഒരാചരണവും ആഘോഷവുമാണല്ലോ. കാർമ്മികർ, ശുശ്രൂഷികൾ, സമൂഹം ഇങ്ങനെ മൂന്നു ഗണങ്ങളായിട്ടാണ് ഈ ആചരണം പൂർത്തിയാക്കുന്നത്. നാം ഏതുഗണത്തിലായാലും ശരി അതിന്റെ കടമകൾ പൂർണ്ണമായി നിർവ്വഹിക്കുമ്പൊഴാണ് നമ്മുടെ ആചരണം പൂർണ്ണമാകുന്നത്. പ്രാർത്ഥനകൾ ചൊല്ലുക മാത്രമല്ല ചില കർമ്മങ്ങളും എല്ലാ ഗണത്തിലും പെട്ടവർക്കും ചെയ്യേണ്ടതായിട്ടൂണ്ട്. അതു നാം വിശ്വസ്തതയോടെ നിറവേറ്റുമ്പോൾ നമ്മുടെ ആചരണം അനുഭവവേദ്യമാകും തീർച്ച.




വിശുദ്ധകുർബാനയിൽ അഞ്ചുപ്രാവശ്യം കാർമ്മികൻ സമൂഹത്തെ ആശീർവ്വദിക്കുന്നുണ്ട്. സുവിശേഷവായനയ്ക്കു മുൻപ് ഏവൻഗാലിയൻ പുസ്തകം കൊണ്ടൂം സമാധാനാശംസയുടെ രണ്ട് അവസരങ്ങളിലും, കുർബാന സ്വീകരണത്തിനു ക്ഷണിയ്ക്കുമ്പോഴും ഹൂത്താമാപ്രാർത്ഥനയുടെ അവസാനത്തിലുമാണ് ഈ ആശീർവാദങ്ങൾ നല്കുന്നത്. മൂന്നു പ്രാവശ്യം കാർമ്മികൻ സ്വയം കുരിശുവരയ്ക്കുന്നുണ്ട്. സുവിശേഷപുസ്തകം കൊണ്ടല്ലാതെ “സമാധാനം നിങ്ങളോടുകൂടെ” എന്നാശംസിച്ചാശീർവ്വദിക്കുന്ന രണ്ടവസരങ്ങൾക്കു തൊട്ടൂ മുൻപും അനുരഞ്ജനശുശ്രൂഷയിലെ “നമ്മുടെ കർത്താവീശോമിശിഹായുടേ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും …” എന്ന ആശംസാ പ്രാർത്ഥനയുടെ അവസരത്തിലുമാണ് കാർമ്മികൻ സ്വയം കുരിശൂവരയ്ക്കുന്നത്. ഈ അവസരങ്ങളിലെല്ലാം “കാർമ്മികൻ വലതു കൈവിടർത്തി ഉള്ളം കൈ പടിഞ്ഞാട്ടേയ്ക്ക് അഥവാ ജനങ്ങളുടെ നേരെ ആക്കി വിരലുകൾ ശിരസിനു മുകളിൽ കാണത്തക്കവിധം ഉയർത്തി” കുരിശുവരയ്ക്കണമെന്നാണ് കുർബാനപുസ്തകത്തിൽ നിർദ്ദേശിക്കുന്നത്. തന്റെ പിന്നിൽ തന്നോടൊത്ത് സ്വർഗ്ഗോനുഖമായി നിൽക്കുന്ന സമൂഹത്തെ മുഴുവൻ ഉൾപ്പെടുത്തിയുള്ള കുരിശുവരയായതുകൊണ്ടാണ് ഇപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
കാർമ്മികൻ ആശീർവദിക്കുന്ന അവസരത്തിൽ ആശീർവ്വാദം സ്വീകരിച്ചുകൊൻടൂം കാർമ്മികൻ സ്വയം കുരിശുവരയ്ക്കുമ്പോൾ അദ്ദേഹത്തോടു യോജിച്ചുകൊണ്ടൂം സമൂഹത്തിലെ ഓരോ അംഗവും സ്വയം കുരിശുവരച്ച് വിശുദ്ധീകരിക്കണം.


അള്‍ത്താര 



ദൈവത്തിനു ബലി അര്‍പ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള യാഗവേദി എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ബലിപീഠം, യാഗവേദി എന്നെല്ലാം അര്‍ഥമുളള അള്‍ത്തര്‍ എന്ന ലത്തീന്‍ പദത്തിന്റെ മലയാളതദ്ഭവം. ക്രൈസ്തവദേവാലയങ്ങളിലെ അതിവിശുദ്ധസ്ഥലത്തെ അര്‍പ്പണവേദിയെയാണ് സര്‍വസാധാരണമായി ഈ സംജ്ഞ സൂചിപ്പിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍, പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയില്‍, പ്രചാരമുള്ളതാണ് ഈ പദം. ഇതിനു തുല്യമായി മറ്റു പൗരസ്ത്യ ക്രൈസ്തവ സഭകള്‍ മദ്ബഹ എന്ന പദമാണ് ബലിപീഠത്തിനും ബലിപീഠം സ്ഥിതിചെയ്യുന്ന സ്ഥലത്തിനും നല്കിയിട്ടുളളത്. സിംഹാസനം എന്നര്‍ഥമുളള ത്രോണോസ് എന്ന ഗ്രീക് സംജ്ഞയും ബലിപീഠത്തിന് ഉപയോഗിച്ചു വരുന്നുണ്ട്. സൃഷ്ടികര്‍ത്താവായ ദൈവത്തോടുളള വിശ്വാസവും കൃതജ്ഞതയും പ്രകാശിപ്പിക്കുന്നതിനുള്ള ആരാധനയും സമര്‍പ്പണവുമാണ് യാഗത്തിന്റ മൗലികലക്ഷ്യം. അതിനനുസൃതമായ വിശുദ്ധിയും ലാളിത്യവും ആകര്‍ഷകത്വവും ആ കര്‍മത്തിനുണ്ടായിരിക്കും. ദൈവപ്രീതിക്കായും യാഗം നടത്താറുണ്ട്. ബലിവസ്തുക്കളെ ശുദ്ധിയുള്ള ഒരു പീഠത്തില്‍ അര്‍പ്പിച്ചുകൊണ്ട് കര്‍മിയാണ് ജനങ്ങള്‍ക്കുവേണ്ടി ഈ അര്‍ച്ചന നടത്തുന്നത്. സങ്കല്പത്തിന്റ ഗൗരവവും വിശ്വാസത്തിന്റെ ദാര്‍ഢ്യവും കൊണ്ട് ബലിവസ്തുക്കള്‍ക്കും ബലിപീഠത്തിനും പൂജ്യത വര്‍ധിക്കുന്നു. അതിനാല്‍ ദേവാലയത്തില്‍ ബലിപീഠത്തിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. ക്രൈസ്തവ ദേവാലയങ്ങളില്‍ സാധാരണയായി അള്‍ത്താര സ്ഥിതിചെയ്യുന്ന ഭാഗം വിശ്വാസികള്‍ പെരുമാറുന്ന ഭാഗത്തുനിന്നും അകന്ന് കൂടുതല്‍ സംവരണം ചെയ്യപ്പെട്ട ഒരു ഇടംപോലെ വേര്‍തിരിക്കപ്പെട്ടിരിക്കും. ഇതിനു 'മദ്ബഹ' എന്നാണ് പറയുന്നത്.

എ ന്റെ ഓര്‍മ്മക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍ എന്നുള്ള കര്‍ത്താവിന്റെ പെസഹ ആചരണത്തിന്റെ അനുസ്മരണം ആണ് തുടക്കത്തില്‍ ഉള്ള ഗാനം.അതായതു "അന്നാ പെസഹ തിരുനാളില്‍...."
ബലി അര്‍പ്പിക്കാന്‍ പോവുമ്പോള്‍ നീ നിന്റെ സഹോദരനോട് ഏതെങ്കിലും രീതിയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടെങ്കില്‍ ബലി വസ്തു അവിടെ വെച്ചിട്ട് നീ നിന്റെ സഹോദരനുമായി വന്നു രമ്യതപെട്ടിട്ടു വേണം ബലി അര്‍പ്പിക്കാന്‍ എന്ന് നമ്മളെ ദൈവം നമ്മളെ ഓര്‍മിപ്പിക്കുന്നു.

സര്‍വാധിപനം കര്‍ത്താവെ എന്നുള്ള ഗാനം ഉഥാന ഗീതം എന്നാണ് ഇതറിയപ്പെടുന്നത് . വിശുദ്ധ ബലിയിലെ ഒന്നാമത്തെ ദൂപാര്‍പ്പണം ഈ ഗാനത്തിന്‍റെ ഇടയിലാണ്. മധ്ബഹ വിരി തുറക്കുമ്പോള്‍ ശുശ്രൂഷി മധ്ബഹയും ഹൈക്കലയും ധൂപികുന്നു. ലേഖനം വായിക്കുമ്പോള്‍ കര്‍ത്താവിന്റെ ശ്ലീഹന്മാര്‍ ആണ് നമ്മളോട് സംസാരിക്കുന്നതു.  ലേഖനം വായന വഴി നമ്മളെ കര്‍ത്താവിന്‍റെ വാക്കുകള്‍ ശ്രവിക്കാന്‍ ആണ് അല്ലെങ്ങില്‍ കര്‍ത്താവിലേക്ക് പോകുവാന്‍ നമ്മളെ ഒരുക്കുന്നു. . പുരോഹിതന്‍ സുവിശേഷ ഗ്രന്ഥം കൊണ്ട് മുഖം മറച്ചു പിടിക്കുന്നത്‌ ക്രിസ്തുവാണ്‌ കേന്ദ്ര ബിന്ദു എന്ന് സൂചിപ്പിക്കുവാന്‍ വേണ്ടിയാണു.സുവിശേഷം പുരോഹിതന്‍ വായിക്കുമ്പോള്‍ കര്‍ത്താവാണ് നമ്മളോട് സംസാരിക്കുന്നത് . പുരോഹിതന്‍ വചനം വ്യാഖ്യാനിച്ചു തരുമ്പോള്‍ ക്രിസ്തു നമ്മള്‍ക്ക് മനസിലാക്കി തരുകയാണ്‌


കാറെസുസ എന്നാ വാക്കിന്റെ അര്‍ഥം പ്രഖോഷണ പ്രാര്‍ത്ഥന എന്നാണ്. നമ്മുടെ യാചനകള്‍ നമ്മള്‍ ദൈവത്തിനു അര്‍പ്പിക്കുക യാണ്. കാറസുസയുടെ അവസാനം പുരോഹിതന്‍ കൈകള്‍ വിരിച്ചു പിടിച്ചു കൊണ്ട് നമ്മളുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു സമര്‍പ്പിക്കുകയാണ് . കൈകള്‍ വിരിച്ചു പിടിക്കുന്നത്‌ കര്‍ത്താവിന്റെ കുരിശു മരണത്തിന്‍റെ പ്രതീകം ആണ്. 

പിന്നീടു പിലാസയിലും കാസയിലും അപ്പവും വീഞ്ഞും തയ്യാര്‍ ആക്കുന്നത് കര്‍ത്താവിന്‍റെ പീടാനുഭവത്തിന്‍റെ  ഓര്‍മ്മയെ ആണ് സൂചിപ്പിക്കുന്നത് . വീഞ്ഞില്‍ വെള്ളം ഒഴിക്കുന്നത് കര്‍ത്താവിന്റെ മാറില്‍ കുന്തം കൊണ്ട് കുത്തിയപ്പോള്‍ അവിടെ നിന്നും രക്തവും വെള്ളവും പുറപ്പെട്ടതിനെ സൂചിപ്പിക്കുന്നു. 

ബ ലിവസ്തുക്കളും ആയി അല്ത്തരയിലേക്ക് വൈദീകന്‍ കയറുമ്പോള്‍ ഈശോ ഗാഗുല്‍ത്ത മലയിലേക്കു സ്വയം ബലി ആയി സമര്‍പ്പിക്കപെടുന്നതിനെ സൂചിപ്പിക്കുന്നു. ഈശോയുടെ കുരിശു മരണത്തിന്റെ ആചരണം ആണ് അവിടന്ന് അങ്ങോട്ടുള്ള ആചരണങ്ങള്‍. അതായതു കാസയും പിലാസയും മൂന്നു പ്രാവശ്യം മുട്ടിക്കുന്നത്‌ ഈശോ ക്രുശിക്കപെട്ട മുന്നം മണിക്കൂറിനെ സൂചിപ്പിക്കുന്നു. ബാലിവസ്തുക്കള്‍ ശോശാപ്പു കൊണ്ട് മൂടുന്നത് കര്‍ത്താവിന്റെ തിരുശരിരം സംസകരിക്കുന്ന്തിനെ സൂചിപ്പിക്കുന്നു. അതി വിശുദ്ധ സ്ഥലമായ മധുബഹയില്‍ നിന്ന് ബലി അര്‍പ്പിക്കുന്നതിനു ഭക്തി, ശ്രദ്ധ, വിശുദ്ധി,ശുദ്ധമായ ഹ്രദയം ,വെടിപ്പായ മനസാക്ഷി എന്നിവയ്ക്ക് വേണ്ടിയാണു പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നത്‌. ആ പ്രാര്‍ത്ഥന ഇങ്ങനെ പോകുന്നു "കര്‍ത്താവായ ദൈവമേ കഴുകി വിശുദ്ധമായ ഹൃദയത്തോടും വെടുപ്പക്കപെട്ട മനസാഷിയോടും കൂടെ അതി വിശുദ്ധ സ്ഥലത്ത് പ്രവേശിച്ചു ഭക്തിയോടും ശ്രദ്ധയോടും വിശുധിയോടും കൂടെ അങ്ങയുടെ ബലിപീഠത്തിനു മുന്‍പില്‍ നില്‍ക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ" അള്‍ത്താര എത്രയോ അതി വിശുദ്ധമായ സ്ഥലം ആകുന്നു എന്ന് എവിടെ നമ്മളെ ഓര്‍മിപ്പിക്കുന്നു. 



അത് കഴിഞ്ഞു വിശ്വാസ പ്രമാണം.സ്വര്‍ഗസ്ഥനായ പിതാവില്‍ ആരംഭിച്ചു, പുത്രനായ ഈശോയില്‍ സാക്ഷാല്‍കരിക്കപെട്ട,പരിശുത്മാല്‍മാവില്‍ സഭയിലൂടെ ചേര്‍ന്ന് കര്‍ത്താവിന്റെ പ്രത്യഗമാനോതോടെ സ്വര്‍ഗത്തില്‍ പൂര്തിയാകുന്നതാണ് രക്ഷാകര പദ്ധതി . ഇതാണ് വിശ്വാസ പ്രമാണത്തിന്റെ കാതല്‍. 

സമാധാനം ആശസിക്കുമ്പോള്‍ മിശിഹ തന്നെ ആകുന്ന യഥാര്‍ഥ സമാധാനം ആണ് നമ്മള്‍ സ്വീകരിക്കുന്നതും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതും .പരസ്പരം സമാധാനം ആശംസിക്കുന്നത് പരസ്പരം കുറ്റങ്ങള്‍ ക്ഷമിച്ചു ,വെറുപ്പും വിദ്വേഷം നീക്കി, സ്നേഹവും ഐക്യവും ഉള്ള ഹൃദയത്തോടും ഒരേ അത്മാവോടും കൂടെ സമൂഹം ഒരുങ്ങി കഴിഞ്ഞു എന്ന് സൂചിപ്പിക്കുവാന്‍ വേണ്ടി ആകുന്നു. 

പിന്നീട് ബലിയര്‍പ്പനത്തിലെ ഏറ്റവും പ്രധാന ഭാഗതിലേക്ക് കടക്കുന്നു ..കര്‍ത്താവു പെസഹ ദിനത്തില്‍ തന്‍റെ ശരീരവും രക്തവും പരികര്‍മ്മം ചെയ്തതിനെ സമൂഹം അനുസ്മരിക്കുന്നു .ബലിയിലെ ഏറ്റവും കാതലായ ഒരു ഭാഗമാണിത് .

തുടര്‍ന്ന് വരുന്ന ഭാഗങ്ങളില്‍ എല്ലാം തന്നെ ദൈവത്തിനു നന്ദി പറയുകയാണ്. പാപികളും ആയോഗ്യരും ആയ നമ്മുക്ക് നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ആയി നന്ദി പറയുന്നു.

പരിശുത്മാല്‍മാവിനെ കൊണ്ടുവന്നാല്‍ മാത്രമേ സഭയോടുള്ള സ്നേഹവും, സഭയോട് ച്ചേര്‍ന്നു നിന്ന് കൊണ്ട് നമ്മള്‍ക്കു ബലി അര്‍പ്പിക്കാനും അങ്ങനെ കര്‍ത്താവിന്റെ രക്ഷാകര പദ്ധധിയുടെ പൂര്‍ത്തീകരണം വി: കുര്‍ബനയിലൂടെ നേടാന്‍ സാധിക്കുകയുള്ളൂ അതിനായി ആണ് നമ്മള്‍ ബലിയുടെ മധ്യത്തിലേക്ക്  പരിശുത്മാല്‍മാവിനെ  ക്ഷണിക്കുന്നത് .

പിന്നീടു എന്നെ സ്നേഹിക്കാന്‍ ഇത്രമാത്രം ചെറുതായ എന്‍റെ യേശു എന്നിലേക്ക്‌ കടന്നു വരുന്ന ഭാഗമാണ് .ദിവ്യ സക്രാരിയില്‍ എഴുനെള്ളി ഇരിക്കുന്ന ഈശോ എന്‍റെ ഹൃദയത്തിലേക്ക് എഴുന്നെള്ളി വരുന്നു ..

വി. കുര്‍ബാന സ്വീകരണത്തിനുള്ള നിബന്ധനകള്‍

ത്രെന്തോസ് സൂനഹദോസും വിശുദ്ധ പത്താം പിയൂസ് പാപ്പായും നല്‍കിയ നിബന്ധനകള്‍ വിശുദ്ധ കുര്‍ബാന സ്വീകരണം നിയമാനുസൃതവും ഭക്തിപൂര്‍വ്വവും ഫലദായകവുമാക്കാന്‍ ഏറെ സഹായകമാണ്.
(1) വരപ്രസാദാവസ്ഥയിലും ശരിയായ ഭക്തിയോടും കൂടി മുഴുവന്‍ കുര്‍ബാനയില്‍ പങ്കുചേരുന്നവര്‍ക്കാണ് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അനുവാദമുള്ളത്. 
(2) ഒരു പതിവുകര്‍മ്മമെന്ന നിലയിലോ സാമൂഹികമായ അംഗീകാരത്തിന്റെ ഭാഗമായോ വിശുദ്ധ കുര്‍ബാന സ്വീകരിക്കരുത്. മറിച്ച് ദൈവസ്‌നേഹത്താല്‍ പ്രേരിതരായി ദൈവൈക്യത്തിനുവേണ്ടിയുള്ള ആഗ്രഹത്തെ പ്രതിയായിരിക്കണം വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടത്. 
(3) മാരകപാപങ്ങള്‍ ഇല്ലാതിരിക്കുകയും അവയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ആഗ്രഹം ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്ന കാലത്തോളം വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ വിശ്വാസിക്ക് അവകാശമുണ്ട്. തന്മൂലം മാരകപാപമുള്ളവര്‍ കുമ്പസാരിച്ച് പാപമോചനം നേടാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ല. 
(4) വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് അര്‍ദ്ധരാത്രി മുതല്‍ ഉപവസിച്ച് ഒരുങ്ങണം (ഇപ്പോള്‍ ഈ നിയമം ലഘൂകരിച്ച്, വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു മുന്‍പ് ഒരു മണിക്കൂര്‍ സമയം ഉപവസിക്കണം എന്നാക്കിയിട്ടുണ്ട്). 
(5) വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം (ദിവ്യബലി കഴിഞ്ഞ്) നിശ്ചിത സമയം ഉപകാരസ്മരണ നടത്തണം. 
(6) ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ആരോഗ്യകാരണങ്ങളാലല്ലാതെ വിശുദ്ധ കുര്‍ബാന മുടക്കുന്നവര്‍ക്ക് കുമ്പസാരിച്ച് പാപമോചനം നേടാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അനുവാദമില്ല.

എത്രതവണ വി. കുര്‍ബാന സ്വീകരിക്കാം? 

1917 ലെ കാനന്‍ നിയമമനുസരിച്ച് മരണകരമായ സാഹചര്യങ്ങളില്‍ ഒരു വ്യക്തിക്ക് ഒരേ ദിനത്തില്‍ തന്നെ രണ്ടാംവട്ടവും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അനുവാദം നല്‍കിയിരുന്നു . ഉദാഹരണമായി, രാവിലെ വിശുദ്ധകുര്‍ബാന സ്വീകരിച്ച വ്യക്തി ഉച്ചകഴിഞ്ഞ് ഒരു അപകടത്തില്‍പെട്ടാല്‍ അദ്ദേഹത്തിനു വീണ്ടും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് അവകാശമുണ്ട്. എന്നാല്‍ പുതുക്കിയ കാനന്‍ നിയമസംഹിതകള്‍ (CIC, CCEO) മേല്‍ പറഞ്ഞ നിയമത്തിന് അല്പം കൂടി ഇളവ് അനുവദിക്കുന്നുണ്ട്. അജപാലനപരമായ ആവശ്യങ്ങളെപ്രതി പ്രതിദിനം കൂടുതല്‍ ദിവ്യബലി അര്‍പ്പിക്കേണ്ടിവരുന്ന പുരോഹിതര്‍ക്ക് എല്ലാ ദിവ്യബലിയിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കാം.
വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ എണ്ണം പ്രതിദിനം ഒന്നിലേറെ വര്‍ദ്ധിപ്പിക്കാനുള്ള വിശ്വാസികളുടെ ആഗ്രഹം അത്രമേല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്നുതന്നെയാണ് സഭയുടെ നിലപാട്. വിശുദ്ധ കുര്‍ബാന സ്വീകരണത്തെ മറ്റു ഭക്താഭ്യാസങ്ങള്‍ക്കു തുല്യമായി കാണാന്‍ ഇപ്രകാരമുള്ള നടപടികള്‍ നിമിത്തമാകാം. പ്രതിദിനം ഏഴുജപമാല ചെല്ലുന്നതുപോലെയോ രണ്ടുവട്ടം കുരിശിന്റെ വഴി നടത്തുന്നതുപോലെയോ ആവര്‍ത്തിക്കപ്പെടേണ്ട ഭക്തകൃത്യമായി വിശുദ്ധ കുര്‍ബാന സ്വീകരണം മാറാന്‍ പാടില്ല. വിശുദ്ധ കുര്‍ബാനയോടുള്ള അത്യഗാധവും അനന്യ ശ്രേഷ്ഠവുമായ ആരാധനാമനോഭാവത്തിനു ഭംഗം വരുത്തുന്ന നടപടിയായി വിശുദ്ധ കുര്‍ബാന സ്വീകരണം മാറാന്‍ പാടില്ല. ഒരു വ്യക്തിയുടെ അനുദിന ജീവിതത്തിലെ ഏറ്റവും പരമപ്രധാനമായ നിമിഷം വിശുദ്ധ കുര്‍ബാന സ്വീകരണ നിമിഷമാണ്. ദൈവൈക്യത്തില്‍ ലയിക്കാനുള്ള ആ വലിയ ഭാഗ്യത്തിന്റെ സ്മരണയില്‍ അനുദിന പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതാണ് ശരിയായ ആധ്യാത്മിക ശൈലി.


അതിനു ശേഷം സമാപന ആശിര്‍വധതോടെ ബലി പൂര്‍ത്തിയാക്കുന്നു .. ഉത്ഥിതനായ കര്‍ത്താവിനെ വിശുദ്ധ കുര്ബാനയിലൂടെ അനുഭവിച്ചറിഞ്ഞവര്‍ അപ്പസ്തോലഗണത്തോട് ചേര്‍ന്നു. "ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്,ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് "(ഗലാ 2:20).


പഴയ നിയമത്തിലെ ദഹന ബലികളും വിശുദ്ധ കുര്‍ബാനയും 


പഴയ നിയമത്തിലെ ബലികളെക്കള്‍ വിശുദ്ധ കുര്‍ബാന വിശുദ്ധം ആയിരിക്കുന്നത് അത് കര്‍ത്താവു അര്‍പ്പിച്ച ബലി ആണ് എന്നതാണ് ..കര്‍ത്താവു കാല്‍വരിയില്‍ അര്‍പ്പിച്ച ബലിയുടെ അനുസ്മരണമാണ് വിശുദ്ധ കുര്‍ബാന . പുതിയ നിയമത്തിലെ   പെസഹാ കുഞ്ഞാട്  എന്‍റെ യേശു തന്നെ ആണ് . 

ഏദനില്‍ ആദം ഭക്ഷിക്കാത്ത ജീവവൃക്ഷത്തിന്റെ ഫലത്തിലൂടെ (ഉല്‍പ 3:22) സൂചിപ്പിക്കപ്പെട്ട ,ദൈവികജീവന്‍ നല്‍കുന്ന ഫലം ക്രിസ്തുവിന്റെ ശരീരരക്തങ്ങളാണ് .അത്യുന്നതന്റെ പുരോഹിതനായ മല്‍ക്കിസദേക്ക്‌ സമര്‍പ്പിച്ച അപ്പത്തിനാലും വീഞ്ഞിനാലും സൂചിപ്പിക്കപ്പെട്ടതും(ഉല്‍പ 14:18)വിശുദ്ധ കുര്‍ബാനതന്നെ. ഇസ്രായേല്‍ ജനം ആചരിച്ച പെസഹായിലെ അറുക്കപ്പെട്ട കുഞ്ഞാടിലൂടെ വെളിവാക്കപ്പെട്ടതും ക്രിസ്തുവും അവിടുത്തെ ബാലിയര്‍പ്പണവുമാണ് (പുറ 12-1:28).തിരുസാന്നിദ്ധ്യ അപ്പം വിശുദ്ധ കുര്‍ബാനയുടെ മുന്കുറിയും അടയാളവുമാണ്.യഹോവയായ ദൈവത്തിന്റെ സാന്നിദ്ധ്യത്തെ അത് ഓര്‍മ്മിപ്പിച്ചിരുന്നു .അതുകൊണ്ട് , "തിരുസാന്നിദ്ധ്യത്തിന്റെ അപ്പം ഏപ്പോഴും എന്‍റെ മുന്‍പാകെ മേശപ്പുറത്ത് വച്ചിരിക്കണം" (പുറ 25:30) എന്ന് കര്‍ത്താവ് കല്‍പ്പിച്ചു.ലോകത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ദൈവത്തിനു സ്വീകാര്യമായ ബലിയര്‍പ്പിക്കപ്പെടും എന്ന് മലാക്കി പ്രവചിച്ചതും ഈ ബലിയെപ്പറ്റിയാണ് (മലാക്കി 1:11). 
 
കര്‍ത്താവു  പറയുന്നു, പ്രവചനത്തിൽ പറയുന്നതുപോലെ ദൈവം പറയുന്ന ദിവസം വരാൻ പോകുന്നു. "ഞാൻ ആട്ടിൻകുട്ടികളുടെയോ മുട്ടാടുകളുടെയോ ബലി ആഗ്രഹിക്കുന്നില്ല." അവൻ ഒരു ബലി മാത്രമേ ആവശ്യപ്പെടുന്നുള്ളൂ; പൂർണ്ണമായ ബലി. ആ നിമിഷം മുതൽ എല്ലാ ബലികളും ആത്മീയമായിരിക്കും. എന്നാൽ കർത്താവ് ഇഷ്ടപ്പെടുന്ന ബലി ഏതാണെന്ന് യുഗങ്ങൾക്കു മുമ്പേ പറയപ്പെട്ടിട്ടുണ്ട്. ദാവീദു് കരഞ്ഞുകൊണ്ട് വിളിച്ചുപറയുന്നു,


"നീ ഒരു ബലി ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാനതു നിനക്കു നൽകുമായിരുന്നു. എന്നാൽ ദഹനബലികൾ നിനക്കു സന്തോഷം വരുത്തുന്നില്ല." ദൈവത്തിനുള്ള ബലി അനുതാപമുള്ള ഒരാത്മാവാണ്.

ഞാൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു; "അനുസരണയും സ്നേഹവുമുള്ള ഒരാത്മാവ്. കാരണം, പാപപ്പരിഹാരത്തിനു മാത്രമല്ല ബലിയർപ്പിക്കുന്നത്, സ്തുതിയുടേയും സന്തോഷത്തിന്റെയും ബലികളും അർപ്പിക്കാൻ കഴിയും. ദൈവത്തിനുള്ള ബലി അനുതപിക്കുന്ന ഹൃദയമാണ്. 

പാപം ചെയ്തിട്ട് അനുതപിച്ച ഒരു ഹൃദയത്തെ നിങ്ങളുടെ പിതാവ് നിന്ദിക്കുകയില്ല. അതിനാൽ അവനെ സ്നേഹിക്കുന്ന, നിർമ്മലവും നീതി നിറഞ്ഞതുമായ ഒരു ഹൃദയത്തെ അവൻ എപ്രകാരമായിരിക്കും സ്വീകരിക്കുക? അതാണ് ദൈവത്തിനു് ഏറ്റം പ്രീതികരമായ ബലി. മനുഷ്യമനസ്സിനെ ദൈവതിരുമനസ്സിന് വിധേയമാക്കുന്ന അനുദിനബലി. അതിനാൽ വിശുദ്ധമായി ജീവിക്കുവിൻ.  ദൈവം മനുഷ്യഹൃദയങ്ങൾ കാണുന്നു. അതിനാൽ നിത്യമായി ജീവിക്കേണ്ടതിന് നിങ്ങൾ ആത്മാവിൽ പരിശുദ്ധിയുള്ളവരായിരിക്കുവിൻ."


യേശുക്രിസ്തു തന്റെ മനുഷ്യാവതാരത്തിലൂടെ രക്ഷയുടെ പൂര്‍ണതയിലേക്ക് മനുഷ്യരെ നയിച്ചു. "..അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു "(യോഹ 3:16). ഈ ഏകജാതനായ
കര്‍ത്താവായ യേശുക്രിസ്തു മനുഷ്യനായിത്തീര്‍ന്നു മനുഷ്യരിലോരുവനായി മനുഷ്യരുടെ ഇടയില്‍ വസിച്ചു. കര്‍ത്താവിന്റെ അത്താഴം (വിശുദ്ധ കുര്‍ബാന) ഗോല്‍ഗോഥായിലെ തന്‍റെ ബലിയര്‍പ്പണത്തിനു , കുരിശുമരണത്തിനു മുന്‍പ് യേശുക്രിസ്തു സ്ഥാപിച് തന്‍റെ ശിഷ്യരോട് തന്‍റെ രണ്ടാമത്തെ വരവുവരെ തുടരാന്‍ ആവശ്യപ്പെട്ട രക്ഷാകരമായ യാഥാര്ത്യമാണ്. ഇത് കര്‍ത്താവിന്‍റെ രക്ഷാകര പദ്ധതിയാണ്. ക്രിസ്തു അനുഭവത്തില്‍ നമ്മെ നിലനിര്‍ത്തുന്നതിന് വേണ്ടി വേണ്ടി യേശുക്രിസ്തു നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന രക്ഷാകര പദ്ധതിയാണിത്.


കര്‍ത്താവ് തന്‍റെ ശരീര രക്തങ്ങലെക്കുറിച്ചും അവയുടെ സ്വീകരണം വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ യഹൂദര്‍ പിറുപിറുത്തു.

 "സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്. ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി തന്റെ ശരീരം നമ്മുക്ക് ഭക്ഷണമായി തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു" (യോഹ 6:51-52).

 ഇതിനു മറുപടിയായി 

"യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം
ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല" (യോഹ 6:53).

തുടര്‍ന്ന് തന്റെ ശരീരരക്തങ്ങള്‍ സ്വീകരിച്ചാല്‍ നിത്യജീവനും ഉയിര്‍പ്പും ക്രിസ്തുസഹവാസവും ഉണ്ടാകുമെന്ന് വിവരിച്ചു

"ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കാന്‍ ആര്‍ക്കു കഴിയും ?" (യോഹ 6:60)"

ഇതിനു ശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി ;അവര്‍ പിന്നീടോരിക്കലും അവന്റെ കൂടെ നടന്നില്ല " (യോഹ 6:66)

"യേശു പന്ത്രണ്ടു പെരോടുമായി ചോദിച്ചു : നിങ്ങളും പോകാന്‍ അഗ്രഹിക്കുന്നുവോ : ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു:
കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട് .നീയാണ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു. "(യോഹ 6:67-69)

പുരോഹിതര്‍ ബലി അര്‍പ്പണ വേളയില്‍ അപ്പത്തെയും വീങ്ങിനെയും എടുത്തു വാഴ്ത്തി ഉയത്തി പറയുന്നു ഇത് യേശു ആണ്- ദൈവം ആണ് എന്ന്. നാം എത്രമാത്രം അതില്‍ ഉള്‍കൊള്ളുന്നു.. അനുകരിക്കുന്നു ... ആ ദൈവം നമ്മില്‍ വിശുദ്ധ കുബാന സ്വികരണത്തില്‍ വരുന്നു എന്ന് ചിന്തിക്കുന്നു ... അപ്പോള്‍ അര്‍പ്പകന്‍ - കൈകള്‍, ജീവിതം, എന്നിവ ചിന്തികുന്നതോടൊപ്പം സ്വികരികുന്നവരിലും ഉണ്ടാകണം. നാം ഈ ദൈവത്തെ സ്വികരിക്കുമ്പോള്‍ നാം എത്ര മാത്രം ശ്രധികണം... വചനം പറയുന്നപ്പോലെ നീ ഒന്ന് സ്പര്‍ശിച്ചാല്‍ മതി ഞാന്‍ ശുധനകാന്‍ .. നാം ഓര്‍ക്കുക .. ദൈവത്തെ ഭയ ഭക്തിയോടെ, നല്ല വിചാരത്തോടെ കൈക്കൊള്ളുക, സ്വികരികുക്ക, ആവോളം വിശുദ്ധിയില്‍ അര്‍പ്പകരെപോലെ ആകാം... ദൈവത്തെ നമ്മുടെ ഹൃദയത്തില്‍ ആദരവോടെ കൈകൊള്ളം...കാരണം ഇനി ഒരു ബലി അര്‍പ്പിക്കുവാന്‍ ഞാന്‍ വരുവോ ഇല്ലയോ എന്ന് അറിഞ്ഞു കൂടാ 




മലയാളം സീറോ മലബാര്‍ പാട്ട് കുര്‍ബാന






നന്ദി 

ഈ ദിനത്തില്‍ ബ്ലോഗ്‌ എഴുതാന്‍ പ്രചോദനം തന്ന ജോബി , എന്‍റെ ഇടവക വൈദികന്‍ ,ഫാ ജോവാക്യം പുഴക്കര ,കുഞ്ഞേട്ടന്‍ ,വിക്കിപീഡിയ ,നിത്യജീവന്‍ സഹോദരങ്ങള്‍  , എന്‍റെ കമ്മ്യൂണിറ്റി സുഹൃത്തുകള്‍,  ഇടയനിലെ സുഹൃത്തുകള്‍ ,പഴയ നോട്ട്ക്കള്‍ ,ശാലോം ,പേര് വെളിപെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ടു ബ്ലോഗ്‌ സുഹൃത്തുകള്‍ .

പരാതി 

കുര്‍ബാന പുസ്തകം തരാമെന്ന് പറഞ്ഞു പറ്റിച്ച ഒരു സഹോദരനോട് ..

2 comments:

  1. ലത്തീൻ കർബാനയെക്കുറിച്ചും ഒരു വിവരണം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്ന.

    ReplyDelete
  2. അന്ത്യാ അത്താഴാത്തിന്റെ ഓര്‍മ അല്ലയോ നമ്മള്‍ ആചരിക്കുന്നത്?
    അതെങ്ങനെ കാല്‍വരി ബലി ആകും?

    ReplyDelete

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22