അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label സ്വര്‍ഗരാജ്യം. Show all posts
Showing posts with label സ്വര്‍ഗരാജ്യം. Show all posts

Tuesday, 7 August 2012

നീ ഇനിയും സര്‍വ്വശക്തനോടു വാദിക്കുമോ



ജോബിന്റെ പുസ്തകം 38 മുതല്‍ 41 വരെയുള്ള അദ്ധ്യായങ്ങളില്‍ നാല് പ്രസംഗകര്‍( ദൈവത്തെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ട്) ജോബിനോട് സംസാരിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ദൈവം സംസാരിക്കുന്നത്. ശ്രദ്ധിക്കുക, ദൈവം ഒരിക്കല്‍പോലും ജോബ്‌  എന്തെങ്കിലും രഹസ്യപാപം ചെയ്തിട്ടുണ്ടെന്നു കുറ്റപ്പെടുത്തുകയോ പാപത്തിന്റെ ശിക്ഷയാണ് അവന്‍ അനുഭവിക്കുന്നതെന്നു പറയുകയോ ചെയ്തില്ല. എന്നാല്‍ ദൈവം സംസാരിച്ച ഉടനെ ജോബിന്  പാപബോധമുണ്ടാകുകയും അനുതപിക്കുകയും ചെയ്തു. ആളുകളോട് എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ പ്രസംഗിക്കണമെന്നും പഠിപ്പിക്കുന്ന എത്ര നല്ല പാഠമാണിത്. ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികള്‍ അല്ല. 



പല പ്രസംഗകരും മറ്റുള്ളവര്‍ ചെയ്ത പാപങ്ങള്‍ എന്നു ഭാവനയില്‍ ചിലതു കണ്ടുകൊണ്ട് ആളുകള്‍ക്കു പാപബോധം വരുത്തുവാന്‍ പ്രസംഗിക്കുന്നു. അത്തരം ഒരു സമീപനം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ദൈവത്തിന്റെ മുമ്പാകെ കുറ്റപ്പെടുത്തുന്ന ആത്മാവുമായി നിന്നു എന്ന കുറ്റം അവന്റെ മേല്‍ വരുന്നു എന്നു മാത്രം. ദൈവം തന്റെ മഹാദയയിലും കരുണയിലും മനുഷ്യരോട് സംസാരിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയാണ്. അപ്പോള്‍ മനുഷ്യനു തികഞ്ഞ പാപബോധമുണ്ടായി ഇങ്ങനെ പറയുന്നു: ''ഓ ദൈവമേ, ഞാന്‍ ദുഷിച്ചവന്‍, ഞാന്‍ ഒന്നുമില്ലാത്തവന്‍, ഞാന്‍ അനുതപിക്കുന്നു, എന്നോടു ക്ഷമിക്കേണമേ.'' ദൈവം തന്റെ ദയയിലൂടെ മനുഷ്യരെ മാനസാന്തരത്തിലേക്കു നടത്തുന്നു.


ഈ അദ്ധ്യായങ്ങളില്‍ ദൈവം ജോബിനോട്  ചോദിച്ച മൂന്ന് അടിസ്ഥാനചോദ്യങ്ങള്‍ ഇവയാണ്.

1. സൃഷ്ടിയുടെ പിന്നിലുള്ള അത്ഭുതങ്ങളെ നിനക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആത്മീയയാഥാര്‍ത്ഥ്യങ്ങളെ എങ്ങനെ മനസ്സിലാക്കും?

2. എന്റെ സൃഷ്ടിയെ ഞാന്‍ നിയന്ത്രിക്കുന്നുവെങ്കില്‍, നിന്റെ ആടുകളുടെ മേല്‍ പതിച്ച മിന്നലിന്റെ മേലും നിന്റെ ദാസന്മാരെ കൊന്ന ശെബായരുടെയും കല്ദയരുടെയും മേലും നിന്റെ മക്കളുടെ മേല്‍ അടിച്ച കൊടുങ്കാറ്റിന്റെ മേലും എനിക്കു നിയന്ത്രണമില്ലെന്നാണോ നീ കരുതുന്നത്?

3. ഞാന്‍ സൃഷ്ടിച്ച ഒരു മുതലയുടെ മുമ്പില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നീ എങ്ങനെ എന്റെ മുമ്പില്‍ നില്‍ക്കും?

ദൈവം സൃഷ്ടിയുടെ മേലുള്ള തന്റെ പരമാധികാരവും നിയന്ത്രണവും ജോബിനെ  കാണിച്ചുകൊടുത്തു. അതു മാത്രമാണ് വേണ്ടിയിരുന്നത്. അപ്പോള്‍ ജോബ്‌  താഴ്മയുള്ളവനായിത്തീര്‍ന്നു. നാലു പ്രസംഗങ്ങളുടെ മണിക്കൂറുകള്‍ നീണ്ട നേരിട്ടുള്ള ആക്രമണത്താല്‍ ഒന്നും സാധിച്ചില്ല. എന്നാല്‍ ദൈവത്തിന്റെ നേരിട്ടല്ലാതെയുള്ള സമീപനം ചില നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം സാധിച്ചു. ദൈവത്തിനു തന്റെ എല്ലാ സൃഷ്ടികളിന്മേലുമുള്ള പരമാധികാരത്തിലുള്ള നമ്മുടെ വിശ്വാസമാണ് നാം പ്രശ്‌നങ്ങളെയോ കഷ്ടതയെയോ ശത്രുക്കളെയോ നേരിടുമ്പോള്‍ നമ്മുടെ ഹൃദയത്തെ സ്വസ്ഥതയില്‍ നിര്‍ത്തുന്നത്.

ദൈവം ജോബിനോട്  ചോദിച്ചു: ''നീ ഇനിയും സര്‍വ്വശക്തനോടു വാദിക്കുമോ''? എല്ലാ തര്‍ക്കത്തിനും ഉടന്‍ ഉടന്‍ മറുപടി ഉണ്ടായിരുന്ന ജോബ്‌  ഇപ്പോള്‍ നിശ്ശബ്ദനായി. ഇപ്പോള്‍ അവന്‍ പറയുന്നു ''ദൈവമേ ഞാന്‍ ആരുമല്ല; എനിക്കോന്നും പറയാനില്ല; ഞാന്‍ ഇനി ഒന്നും സംസാരിക്കുകയില്ല''.


നമ്മുടെ ഒന്നുമില്ലായ്മ നാം അംഗീകരിക്കണമെന്നും അങ്ങനെ ദൈവം നമ്മുടെ ജീവിതത്തില്‍ എല്ലാമായിത്തീരണമെന്നുമുള്ള പാഠമാണ് വേദപുസ്തകത്തിലെ ആദ്യം എഴുതപ്പെട്ട പുസ്തകത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തിന് ആരെയെങ്കിലും ഉപയോഗിക്കണമെങ്കില്‍ ആദ്യം അയാളെ ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിക്കണം.

പൗലൊസ് പറഞ്ഞു: '' അപ്പോളോസ്  ആരാണ് ? പൌലോസ്‌ ആരാണ് ? കര്‍ത്താവു തന്നതനുസരിച്ചു നിങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ശുശ്രുഷകര്‍ മാത്രം .ഞാന്‍ നട്ടു അപ്പോളോസ് നനച്ചു എന്നാല്‍ ദൈവമാണ്  വളര്‍ത്തിയത്‌ അത് കൊണ്ട് നടുന്നവനോ നനക്കുന്നവനോ അല്ല വളര്തുന്നവനായ ദൈവത്തിന്നു പ്രാധാന്യം ''(1കൊരി. 3:5,6).മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സുവിശേഷീകരണം നടത്തുന്നവനോ വേദപുസ്തകം പഠിപ്പിക്കുന്നവനോ ഒന്നുമല്ല, ദൈവമാണ് എല്ലാം. മുഴുവന്‍ മഹത്വവും അവിടുത്തേക്കുള്ളതാണ്. അതാണ് പൗലൊസിന്റെ ജീവിതത്തിലെ രഹസ്യം. തന്റെ ജീവിതത്തിന്റെ അവസാനം വരെ അവന്‍ ഒന്നുമില്ലാത്തവനായിരുന്നു.

എവിടെയെങ്കിലും ചില ആത്മാക്കളെ രക്ഷിച്ചതിന്റെ പ്രശംസ നേടുന്നതിനു ചില സുവിശേഷകന്മാര്‍ വലിയ ഉത്സാഹം കാണിക്കാറുണ്ട്. കേരളത്തിന്‌ പുറത്തു കര്‍ത്താവിന്റെ സഭകള്‍ തമ്മില്‍ അടിയാണ് .ചിലര്‍ പറയുന്നു ഞങ്ങളെ വളര്‍ത്തുന്നില്ല മറ്റു സഭകള്‍ പറയുന്നു ഞങ്ങളുടെ അനുവാദമില്ലാതെ അവര്‍ പുരോഹിതരെ കൊണ്ട് വരുന്നു.വിശ്വാസികളെ നോക്കുകുത്തികള്‍ ആക്കിക്കൊണ്ട് അവര്‍ വളരുന്നു എന്നാല്‍ എന്താണ് അവര്‍ വളര്‍ത്തുന്നത് കര്‍ത്താവിന്റെ സഭയോ ?സ്വന്തം രൂപതയുടെ അല്ലേല്‍ റീത്ത് ന്റെ കീഴില്‍ വിശ്വാസികളെ നിര്‍ത്തിയത് കൊണ്ട് അവര്‍ എന്താണ് നേടാന്‍ പോകുന്നത് ..സീറോ മലബാര്‍ മുതല്‍ ഓര്‍ത്തഡോക്സ് യാകൊബായ ലത്തീന്‍ ക്നാനായ തുടങ്ങിയ എല്ലാവരോടും കൂടിയാണ് ഞാന്‍ ചോദിക്കുന്നെ ???ഒരു പള്ളിയില്‍ അന്ത്യ കര്‍മം നടത്താന്‍ പോലീസ് വരുന്നതാണോ കര്‍ത്താവിന്റെ കുഞ്ഞാടുകളുടെ മാതൃക ?ഇതിനാണോ കര്‍ത്താവു കാല്‍വരിയില്‍ മരിച്ചത് ??


 ചിലര്‍  ഇങ്ങനെ പരാതിപ്പെടുന്നു: ''എന്റെ സഭയിലെ പള്ളികള്‍  മറ്റേ സഭക്കാര്‍ തട്ടി എടുത്തു ..ഇല്ലേ ഗള്‍ഫിലെ തല മൂത്ത കമ്മ്യൂണിറ്റി ചേട്ടന്മാര്‍ പറയും എന്റെ ഗ്രൂപ്പിലെ ആള്‍ക്കാരെ അവര്‍  തട്ടിക്കൊണ്ടുപോയി.'' എന്തുകൊണ്ടാണ് ക്രിസ്തീയപ്രവര്‍ത്തകര്‍ ഇങ്ങനെ സംസാരിക്കുന്നത്? കാരണം അവര്‍ ഇനിയും പൂജ്യം ആയിട്ടില്ല എന്നതുതന്നെ. അവര്‍ എന്റെ സഭ എന്നു പറയുമ്പോള്‍ ഏതു സഭയെക്കുറിച്ചാണ് പറയുന്നത്? എന്റെ ഗ്രൂപ്പ്‌ എന്ന് പറയുന്നത് ഇതു ഗ്രൂപ്പ്‌ ആണ് എന്റെ റീത്ത് എന്ന് പറയുന്നത് ഇതു റീത്ത് ആണ് .. യേശുക്രിസ്തുവിന്റെ സഭയെക്കുറിച്ച് നമക്കറിയാം. എന്നാല്‍ ഏതാണ് അവരുടെ സഭ? തീര്‍ച്ചയായും എല്ലാവരും 'അവരുടെ സഭ'യില്‍ നിന്നുമെടുക്കപ്പെട്ട് യേശുക്രിസ്തുവിന്റെ സഭയില്‍ ആകണം. 'അവരുടെ സഭ'യെന്നത് ഇല്ലാതാകണം.

താന്‍ വളരെ നിസ്സാരനാണെന്ന് അംഗീകരിക്കുവാനും ഇനി സ്വയം നീതീകരിക്കയില്ല എന്നു തീരുമാനിക്കുവാനും ജോബ്‌ വളരെക്കാലം എടുത്തു. അതുകൊണ്ട് ജോബ്‌ തന്റെ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ ''കേള്‍ക്കുവാന്‍ വേഗതയുള്ളവനും പറയുവാന്‍ താമസമുള്ളവനുമായിരുന്നു''(യാക്കോ.1:19). ആറ് അദ്ധ്യായങ്ങളിലുള്ള ജോബിന്റെ  നീണ്ട പ്രസംഗമാണ് വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും നീണ്ട സ്വയംനീതീകരണം.(അദ്ധ്യായം 26-31). അതിലുടനീളം സ്വയനീതിയുടെ ദുര്‍ഗന്ധമുണ്ട്. എന്നാല്‍ ജോബിന്  തന്റെ നിഗളം മണക്കുവാന്‍ കഴിഞ്ഞില്ല.

അവസാനം ഈ സ്വയംനീതിക്കാരനായ മനുഷ്യന്‍ ഒരു പൂജ്യമായിത്തീര്‍ന്നു. ആരുടെ പ്രസംഗം വഴിയാണ്? ദര്‍ശനങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞ മനുഷ്യനിലൂടെയോ? പിതാക്കന്മാരുടെ പാരമ്പര്യത്തെ വിശുദ്ധമായി കണ്ടവനിലൂടെയോ? സ്വയം പ്രവാചകനായി അവരോധിച്ചവനിലൂടെയോ? അതോ ഏറ്റവും ശരിയായ കാര്യങ്ങള്‍ മാത്രം പറഞ്ഞ മനുഷ്യനിലൂടെയോ? ഈ നാലു പ്രസംഗകര്‍ക്കും ജോബിനെ  സഹായിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തിനു മാത്രമേ ജോബിനെ  സഹായിക്കാന്‍ കഴിഞ്ഞുള്ളു. അവിടുന്ന് അഞ്ചാമത്തെ പ്രസംഗകനായിരുന്നു. ദൈവത്തെയാണ് നാം അനുഗമിക്കേണ്ടത്. ''ദൈവത്തെ അനുഗമിക്കുക''(എഫേ.5:1).
മറ്റ് പ്രസംഗകരുടെ നീണ്ട പ്രസംഗങ്ങള്‍ക്കു സാധിക്കാഞ്ഞത് ദൈവത്തിന്റെ ചെറിയ സന്ദേശത്തിലൂടെ സാധിച്ചത് എത്ര ആശ്ചര്യകരമാണ്. എന്താണ് ഇതിനു കാരണം? ഉത്തരമിതാണ് ദൈവം job സ്‌നേഹിച്ചു. മറ്റു നാലു പ്രസംഗകര്‍ക്കും അതിനു കഴിഞ്ഞില്ല. നാം ഹൃദയപൂര്‍വ്വം ആളുകളെ സ്‌നേഹിക്കുമ്പോള്‍ അവര്‍ക്കു നല്‍കാന്‍ കൃത്യമായ വാക്കുകളെ ദൈവം നല്‍കും. നാം അവരെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവരെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമായിരിക്കും ചെയ്യുക. അവരെ അനുഗ്രഹിക്കുവാന്‍ നമുക്കു കഴിയുകയില്ല. അതുകൊണ്ട് നാം ശുശ്രൂഷിക്കുന്ന ആളുകളെ സ്‌നേഹിക്കുവാന്‍ നമുക്കു പഠിക്കാം. അപ്പോള്‍ അവരോടു സംസാരിക്കുവാനുള്ള വാക്കുകള്‍ ദൈവം തന്നെ നമുക്കു നല്‍കും.

ദൈവത്തിന്റെ ഒരു പ്രവാചകനു ഹൃദയത്തില്‍ ദൈവവചനവും ദൈവജനവും ഉണ്ടായിരിക്കണം. അപ്പോള്‍ ദൈവം അവനു പ്രവചനപരമായ സന്ദേശങ്ങള്‍ നല്‍കും.

നാലു പ്രസംഗകരും ജോബിന്  പാപബോധം വരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ ദൈവമോ അവനെ ആരാധകനാക്കുവാനാണ് ശ്രമിച്ചത്. അതില്‍ ദൈവം വിജയിക്കുകയും ചെയ്തു.അവിശ്വാസമുള്ള ഈ തലമുറയ്ക്കു നമ്മളും കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ദൈവം സര്‍വ്വശക്തനും പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പരമാധികാരിയുമാണെന്നാണ്. നമ്മുടെ ശത്രുവിന്റെ ഭീഷണിപ്പെടുത്തലില്‍ ഭയപ്പെടരുത്. കാരണം പരമാധികാരിയായ നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് അനുവാദം കൊടുക്കാതെ നമ്മുടെ തലയിലെ ഒരു മുടിയില്‍ തൊടാന്‍പോലും ആര്‍ക്കും കഴിയുകയില്ല. എപ്പോഴും വിമര്‍ശിക്കുന്ന സ്വഭാവത്തില്‍നിന്നും കരുണയോടെ പെരുമാറുവാന്‍ നമുക്കു പഠിക്കാം. യഥാര്‍ത്ഥവസ്തുതകള്‍ മനസ്സിലാക്കാതെ ഒന്നിനെയും വിധിക്കരുത്. വസ്തുതകള്‍ എല്ലാം നമുക്കറിയാമെങ്കിലും നാം അറിയാത്ത ചില വസ്തുതകള്‍ കൂടി കണ്ടേക്കാം എന്നു സമ്മതിക്കുക. അതുകൊണ്ട് എപ്പോഴും നമ്മെത്തന്നെ താഴ്ത്തി ഇങ്ങനെ പറയുക: ''ദൈവമേ, ഞാനൊന്നുമല്ല, എന്റെ കൈകൊണ്ട് വായ് പൊത്തി ഞാന്‍ മിണ്ടാതിരിക്കും''.

ജോബ്‌  ഇങ്ങനെയും പറഞ്ഞു ''ദൈവമേ ഞാന്‍ അങ്ങയെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ എന്റെ കണ്ണാല്‍ അങ്ങയെ കാണുന്നു''( ജോബ്‌  . 42:5).ദൈവത്തെ കേള്‍ക്കുന്നതും ദൈവത്തെ വ്യക്തിപരമായി അറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പത്മോസ്ദ്വീപില്‍വച്ച് യോഹന്നാന്‍ ദൈവത്തെ കണ്ടപ്പോള്‍ കമിഴ്ന്നു വീണ് നമസ്‌കരിച്ചു. ജോബ്‌  ദൈവത്തെ വീണ് നമസ്‌കരിച്ചു. ദൈവത്തെ കുറ്റപ്പെടുത്തി സംസാരിച്ച എല്ലാ വാക്കുകളും വിട്ട് ജോബ്‌ ആഴത്തില്‍ അനുതപിച്ചു.(42:6). നാം കാണുന്നപോലെ ദൈവം ഉടനെ അവനോട് എല്ലാം ക്ഷമിക്കുന്നു.

Monday, 23 July 2012

സ്വര്‍ഗരാജ്യം





മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍ 

1 സ്വര്‍ഗരാജ്യം, തന്‍െറ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്‌ഥഌ സദൃശം.

2 ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക്‌ അയച്ചു.

3 മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്‌ഥലത്ത്‌ അലസരായി നില്‍ക്കുന്നതുകണ്ട്‌ അവരോടു പറഞ്ഞു:

4 നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി.

5 ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെ ചെയ്‌തു.

6 ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട്‌ അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്‌?

7 ഞങ്ങളെ ആരും വേലയ്‌ക്കു വിളിക്കാത്തതുകൊണ്ട്‌ എന്ന്‌ അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.

8 വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍െറ ഉടമസ്‌ഥന്‍ കാര്യസ്‌ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച്‌ അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക.

9 പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക്‌ ഓരോ ദനാറ ലഭിച്ചു.

10 തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന്‌ ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി.

11 അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്‌ഥനെതിരേ പിറുപിറുത്തു-

12 അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്‌തുള്ളൂ; എന്നിട്ടും പകലിന്‍െറ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട്‌ അവരെ നീ തുല്യരാക്കിയല്ലോ.

13 അവന്‍ അവരിലൊരുവനോട്‌ ഇങ്ങനെ മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാന്‍ നിന്നോട്‌ ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്‌ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്‌?

14 നിനക്ക്‌ അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവഌം നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ്‌ എനിക്കിഷ്‌ടം.

15 എന്‍െറ വസ്‌തുവകകള്‍കൊണ്ട്‌ എനിക്കിഷ്‌ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട്‌ നീ എന്തിന്‌ അസൂയപ്പെടുന്നു?

16 ഇപ്രകാരം, പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും. 


മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്‌ത ജോലിക്കാര്‍ക്ക്‌ കൊ ടുത്ത പ്രതിഫലത്തെപ്പറ്റിയുള്ളതല്ല ഈ സുവിശേഷഭാഗം. അത്‌ ഒരു ഉപമയാണ്‌. ഈ ഉപമ പറഞ്ഞതാകട്ടെ, സ്വര്‍ഗത്തി ലെ പ്രവേശനത്തെപ്പറ്റി പറയുവാനും. മത്തായി 20:1 വചനം അതിനാല്‍ ശ്രദ്ധ അര്‍ഹിക്കുന്ന വചനമാണ്‌: സ്വര്‍ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്ക്‌ ജോലിക്കാരെ വിളിക്കുവാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥന്‌ സദൃശം. അതിനാല്‍, ഈ സുവിശേഷഭാഗത്തിലൂടെ യേശു പറയുന്നത്‌, സ്വര്‍ഗരാജ്യത്തിലെ പ്രവേശനത്തെപ്പറ്റിയും അവിടെ ലഭിക്കുന്ന പ്രതിഫലത്തെപ്പറ്റിയുമാണ്‌. അത്‌ മനസിലാക്കുവാനായി മുന്തിരിത്തോട്ടത്തില്‍ ഒരേ ദിവസം വിവിധ മണിക്കൂറുകളില്‍ വന്ന്‌ ജോലി ആരംഭിക്കുകയും എന്നിട്ടും ഒരേ പ്രതിഫലം പറ്റുകയും ചെയ്‌ത ജോലിക്കാരുടെ ഉപമ യേശു പറയുകയാണ്‌.


മാനുഷികമായി ചിന്തിക്കുമ്പോള്‍, വിവിധ അളവ്‌ സമയം ജോലി ചെയ്‌തവര്‍ക്ക്‌ ഒരേ അളവില്‍ കൂലി കൊടുക്കുന്നത്‌ അംഗീകരിക്കുവാന്‍ വിഷമമുള്ള കാര്യമാണ്‌. അതുകൊണ്ടാണ്‌ പതിനൊന്നാം മണിക്കൂറില്‍ ജോലി ആരംഭിച്ചവര്‍ക്ക്‌ (20:6) ഓരോ ദനാറ കൂലി കൊടുത്തപ്പോള്‍ നേരത്തെ ജോലിയില്‍ പ്രവേശിച്ചവര്‍ കൂടുതല്‍ പ്രതിഫലം പ്രതീക്ഷിച്ചത്‌. എന്നാല്‍, അവര്‍ക്കും ജോലിക്ക്‌ അവരെ നിയോഗിക്കുമ്പോള്‍ വാഗ്‌ദാനം ചെയ്‌തിരുന്ന പ്രതിഫലമായ ഓരോ ദനാറ(20:2) തന്നെയാണ്‌ നല്‍കിയത്‌. യജമാനന്റെ ഈ പ്രവൃത്തിയാണ്‌ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്‌തവരെ ചൊടിപ്പിച്ചത്‌. അപ്പോള്‍ വീട്ടുടമസ്ഥന്‍ ചോദിക്കുന്ന ചോദ്യം പ്രക്തമാണ്‌: സ്‌നേഹിതാ, ഞാന്‍ നിന്നോട്‌ ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറക്കല്ലേ നീ എന്നോട്‌ സമ്മതിച്ചിരുന്നത്‌? (20:13). തുടര്‍ന്ന്‌ വീട്ടുടമസ്ഥന്‍ പറഞ്ഞ വിശദീകരണവും ശ്രദ്ധ അര്‍ഹിക്കുന്നതാണ്‌: അവസാനം വന്ന ഇവനും നിനക്ക്‌ നല്‍കിയതുപോലെ കൊടുക്കുവാനാണ്‌ എനിക്കിഷ്‌ടം. എന്റെ വസ്‌തുവകകള്‍കൊണ്ട്‌ എനിക്കിഷ്‌ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട്‌ നീ എന്തിന്‌ അസൂയപ്പെടുന്നു?



എന്തുകൊണ്ടാണ്‌ എല്ലാവരും രാവിലെ ജോലിക്ക്‌ വരാതിരുന്നത്‌ എന്ന്‌ നമുക്ക്‌ ചോദിക്കാം. ഈ സുവിശേഷഭാഗം ശ്രദ്ധയോടെ വായിക്കുമ്പോള്‍ അതിനുള്ള ഉത്തരവും നമുക്കു ലഭിക്കുന്നു. ഇതൊക്കെയാണ്‌ ഉത്തരങ്ങള്‍: ചിലര്‍ അലസത കാരണമാണ്‌ രാവിലെ ജോലിക്ക്‌ പോകാതിരുന്നത്‌ (20:3). മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത്‌ അലസരായി നില്‍ക്കുന്നത്‌ കണ്ടു. ആറാം മണിക്കൂറിലും ഒന്‍പതാം മണിക്കൂറിലും പുറത്തേക്ക്‌ ഇറങ്ങിയപ്പോഴും അലസത കാരണം ജോലിക്ക്‌ പോകാതിരുന്നവരെ വീട്ടുടമ കണ്ടു. പതിനൊന്നാം മണിക്കൂറില്‍ പുറത്തിറങ്ങിയപ്പോഴും ജോലിക്ക്‌ പോകാതെ നില്‍ക്കുന്നവരെ വീട്ടുടമ കണ്ടു. അവര്‍ ജോലിക്ക്‌ പോകാതിരുന്നത്‌ അലസതകൊണ്ട്‌ അല്ലായിരുന്നു. അവരെ ആരും ജോലിക്ക്‌ വിളിച്ചിരുന്നില്ല (20:7). ആരെങ്കിലും ജോലിക്ക്‌ വിളിക്കും എന്ന പ്രതീക്ഷയോടെ, ജോലിക്ക്‌ വിളിക്കണം എന്ന ആഗ്രഹത്തോടെ, ആണ്‌ അവര്‍ ചന്തസ്ഥലത്ത്‌ വന്നുനിന്നത്‌. പക്ഷേ, ആരും വിളിച്ചിരുന്നില്ല; അതുകൊണ്ട്‌ അവര്‍ ചന്തസ്ഥലത്തുതന്നെ നില്‍ക്കുകയായിരുന്നു. അതിനാല്‍, ജോലിക്ക്‌ പോകാതെ ചന്തസ്ഥലത്ത്‌ കാണപ്പെട്ടവര്‍ രണ്ടു വിഭാഗക്കാര്‍ ഉണ്ട്‌: അലസതകൊണ്ട്‌ പോകാതിരുന്നവരും ആരും ജോലിക്ക്‌ വിളിക്കാതിരുന്നതുകൊണ്ട്‌ പോകാതിരുന്നവരും. ഈ രണ്ട്‌ കൂട്ടരെയും വീട്ടുടമ ജോലിക്ക്‌ പറഞ്ഞയക്കുകയും ഒരേ കൂലി നല്‍കുകയും ചെയ്യുന്നു. അലസത കാണിച്ചവരോടും ജോലി കിട്ടാതെ വിഷമിച്ചവരോടുമെല്ലാം വീട്ടുടമ കരുണ കാണിക്കുകയാണ്‌. അലസത കാണിച്ചവരോടും ജോലി ലഭിക്കാതിരുന്നവരോടും കരുണ കാണിച്ചപ്പോള്‍, മുഴുവന്‍ ദിവസം ജോലി ചെയ്‌തവരോടും നീതി കാണിച്ചു. വാഗ്‌ദാനം ചെയ്‌തിരുന്ന ഓരോ ദനാറ അവര്‍ക്കും നല്‍കി.

20:1 ല്‍ പറയുന്നതുപോലെ, സ്വര്‍ഗരാജ്യത്തിലെ പ്രവേശനത്തെപ്പറ്റി വ്യക്തമാക്കുവാനാണ്‌ യേശു ഈ ഉപമ പറഞ്ഞത്‌. അതായത്‌, വിവിധ സമയത്ത്‌ ജോലിക്ക്‌ വന്നവര്‍ക്കെല്ലാം ഒരേ കൂലി കൊടുത്ത്‌ നന്മയും ദയയും പരിഗണനയും കാ ണിച്ച വീട്ടുടമസ്ഥനെപോലെയാണ്‌ ദൈവം ഓരോരുത്തരെയും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിപ്പിക്കുക. ഇത്‌ കുറച്ചുകൂടി വിശദമാക്കാം.പ്രഭാതത്തില്‍ ജോലിക്ക്‌ കയറിയവര്‍ക്ക്‌ വീട്ടുടമ വാഗ്‌ദാനം ചെയ്‌തത്‌ ഓരോ ദനാറ കൂലിയാണ്‌. വൈകുന്നേരം അത്‌ കൊടുക്കുകയും ചെയ്‌തു. ദൈവവചനമനുസരിച്ച്‌ ജീവിക്കുന്നവര്‍ക്കെല്ലാം ദൈവം വാഗ്‌ദാനം ചെയ്‌തത്‌ സ്വര്‍ഗഭാഗ്യമാണ്‌. അവര്‍ക്കെല്ലാം വാഗ്‌ദാനം ചെയ്‌ത സ്വര്‍ഗഭാഗ്യം ദൈവം നല്‍കും. ഓര്‍ക്കുക, സ്വര്‍ഗരാജ്യത്തില്‍ ദൈവത്തോട്‌ ഒന്നിച്ചുള്ള വാസത്തെക്കാളും അത്‌ നല്‍കുന്ന സന്തോഷങ്ങളെക്കാളും വലുതായി ഒന്നും ദൈവം നമുക്ക്‌ വാഗ്‌ദാനം ചെയ്‌തിട്ടില്ല.



ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഇതാണ്‌: എത്ര വര്‍ഷം ക്രൈസ്‌തവജീവിതം നയിച്ചു, അഥവാ വിശുദ്ധ ജീവിതം നയിച്ചു എന്നതനുസരിച്ചല്ല സ്വര്‍ഗരാജ്യത്തിലേക്ക്‌ ദൈവം ഒരാളെ പ്രവേശിപ്പിക്കുകയോ പ്രവേശിപ്പിക്കാതിരിക്കുകയോ ചെയ്യുന്നത്‌. ഓരോ വ്യക്തിയും മരിക്കുമ്പോള്‍ ഉള്ള ആത്മീയ അവസ്ഥ അനുസരിച്ചാണ്‌. അനേകവര്‍ഷം വിശുദ്ധജീവിതം നയിച്ച വ്യക്തിപോലും മരിക്കുമ്പോള്‍ പാപാവസ്ഥയില്‍ ആണെങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. എന്നാല്‍, മരണനിമിഷം വരെ പാപാവസ്ഥയില്‍ ജീവിച്ച വ്യക്തി, മരണസമയതെങ്കിലും പശ്ചാത്തപിച്ച്‌ പാപമോചനം നേടിയാല്‍ സ്വര്‍ഗത്തില്‍ എത്തുകയും ചെയ്യും. നല്ല പ്രായം മുഴുവനും ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കാതെ ജീവിക്കുന്ന മനുഷ്യരും അവസാനകാലത്ത്‌ മാനസാന്തരപ്പെട്ട്‌ വിശുദ്ധ ജീവിതം നയിച്ചാല്‍, അവര്‍ക്ക്‌ കിട്ടുന്നതും സ്വര്‍ഗഭാഗ്യമാണ്‌. അതിനാല്‍, എത്രകാലം വിശുദ്ധ ജീവിതം ജീവിച്ചു എന്നതല്ല പരിഗണിക്കപ്പെടുന്നത്‌; മരിക്കുമ്പോള്‍ ഏത്‌ അവസ്ഥയിലാണ്‌ എന്നതാണ്‌ പരിഗണിക്കപ്പെടുന്നത്‌.

ഒരു പാപവും ചെയ്യാത്ത പരിശുദ്ധ ദൈവമാതാവിനും നീതിമാനായ യൗസേപ്പിനും പൂര്‍വപിതാവായ അബ്രാഹത്തിനും ഏലിയാ, ജറെമിയ, ഐസയാ തുടങ്ങിയ ശക്തരായ പ്രവാചകന്മാര്‍ക്കും മരണത്തിന്‌ മിനിട്ടുകള്‍ക്കോ മണിക്കൂറുകള്‍ക്കോ മുമ്പുമാത്രം പശ്ചാത്തപിച്ച്‌ കുമ്പസാരിക്കുന്ന പാപികള്‍ക്കും സാമാന്യം നല്ല അളവില്‍ വിശുദ്ധ ജീവിതം നയിക്കുന്ന സാധാരണ വിശ്വാസികള്‍ക്കും വൈദിക-സന്യാസ ജീവിതത്തിന്റെ ത്യാഗങ്ങള്‍ അനുഭവിക്കുന്ന വ്യക്തികള്‍ക്കും എല്ലാം കര്‍ത്താവ്‌ വാഗ്‌ദാനം ചെയ്‌തത്‌ ഒന്നുമാത്രമാണ്‌ - സ്വര്‍ഗരാജ്യം.

ജോലിക്ക്‌ പോകാന്‍ ചിലര്‍ അലസതകൊണ്ടും മറ്റു ചിലര്‍ ആരും വിളിക്കാത്തതുകൊണ്ടും താമസിച്ചു. വീട്ടുടമ ചെന്ന്‌ വിളിച്ചപ്പോള്‍ രണ്ടുകൂട്ടരും പോയി. ഇതുപോലെ, പലരും ക്രൈസ്‌തവ-വിശുദ്ധ ജീവിതത്തിലേക്ക്‌ വരാത്തത്‌, അവരെ ആരും അതിനായി വിളിക്കാത്തതുകൊണ്ടോ അവരുടെതന്നെ മടികൊണ്ടോ ആയിരിക്കാം. അങ്ങനെയുള്ളവര്‍ നശിച്ചുപോകുന്നതിലല്ല, അവര്‍ സ്വര്‍ഗത്തില്‍ എത്തുന്നതിലാണ്‌ നാം സന്തോഷിക്കേണ്ടത്‌. അവര്‍ സ്വര്‍ഗത്തില്‍ എത്താന്‍ നാം കാരണക്കാര്‍ ആവുകയും വേണം. അതിനാല്‍, ആത്മീയമായ അസൂയ, അവസാനംവരെ ഉഴപ്പിയവര്‍ അനേക വര്‍ഷം വിശുദ്ധ ജീവിതം നയിക്കാന്‍ കഷ്‌ടപ്പെട്ടവരോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിലുള്ള വിഷമം നമുക്ക്‌ വേണ്ട. അവര്‍ക്ക്‌ സ്വര്‍ഗം കിട്ടിയതുകൊണ്ട്‌, നമ്മള്‍ ആരുടെയും സ്വര്‍ഗീയ സന്തോഷത്തിന്‌ കുറവ്‌ ഉണ്ടാവുകയില്ല. ഉള്ളത്‌ എല്ലാവര്‍ക്കുമായി വീതിക്കുന്നതുകൊണ്ട്‌ അധികംപേര്‍ വന്നാല്‍ നമ്മുടെ വീതം കുറയില്ലേ എന്ന ശങ്ക വേണ്ട. ദൈവത്തിന്‌ ദാരിദ്ര്യമില്ല. എന്തിന്റെയും സമൃദ്ധിയേ ഉള്ളൂ.
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22