''നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്'' (പുറ.3:5).
ദൈവിക അനുഭവങ്ങളും വരദാനങ്ങളും അഭിലഷിക്കുന്നവര്‍ ആത്മാവില്‍നിന്ന് അശുദ്ധിയുടെ ആവരണങ്ങള്‍ മാറ്റിക്കളയുവാന്‍ അതീവ ശ്രദ്ധയുള്ളവരാകണം. കാരണം, ''വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല'' (ഹെബ്രാ.12:14).
വിശ്വാസജീവിതത്തിന്റെ പ്രായോഗികതലത്തിലെ വിജയപരാജയങ്ങളുടെയും സാക്ഷ്യ ആധികാരികതയുടെയും മാനദണ്ഡമാണ് വിശുദ്ധി. ദൈവൈക്യത്തിന്റെ അടിസ്ഥാനം വിശുദ്ധിയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദൈവസ്‌നേഹം നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയുടെ ജീവിതശൈലിയുടെ അന്തഃസത്തയാണ് വിശുദ്ധി.
ഉള്ള് അശുദ്ധമായാലും പുറമേ മാന്യതയുടെ മുഖംമൂടി അണിയുന്നത് നമ്മുടെ ശീലമാണ്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഈ മുഖംമൂടി അണിയലിന് സഹായകഘടകങ്ങളാക്കി നാം കൂടെ കൊണ്ടുനടക്കുന്നു. കാലിലെ മന്ത് മറച്ചുവയ്ക്കാന്‍ വീതിയില്‍ കസവുകര തുന്നിച്ചേര്‍ത്ത ഡബിള്‍മുണ്ട് ഉടുക്കുന്നതുപോലെയാണിത്. എന്നാല്‍ ഹൃദയങ്ങള്‍ പരിശോധിക്കുന്ന കര്‍ത്താവ്, ഹൃദയരഹസ്യങ്ങള്‍ അറിയുന്ന കര്‍ത്താവ്, നമ്മുടെ പ്രവൃത്തികളെ വിവേചിച്ചറിയുന്നു. പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കും അവിടുന്ന് പ്രതിഫലം നല്കുന്നത്.
വൈകുന്നേരങ്ങളില്‍ ഗ്രാമവാസികള്‍ ഒരുമിച്ചുകൂടി വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന വടവൃക്ഷത്തിന്റെ കീഴില്‍ ഒരു സ്വര്‍ണത്തളിക കിടക്കുന്നു! വാര്‍ത്ത കേട്ടവര്‍ ഓടിവന്ന് ആ അമൂല്യവസ്തുവിനെ അത്ഭുതത്തോടെ നോക്കി. തിളക്കമുള്ള പൊന്‍തളിക! അതു സ്വന്തമാക്കുവാന്‍ എല്ലാവരും ആഗ്രഹിച്ചു. പക്ഷേ, ഒരു പ്രശ്‌നം ആര് സ്വര്‍ണത്തളിക കൈയിലെടുത്താലും നിറം മങ്ങി കാരിരുമ്പുപോലെയാകുന്നു. ഒപ്പം, ഒരു തിരിച്ചറിവും. സ്വര്‍ണത്തളികമേല്‍ സ്പര്‍ശിച്ചവരാരും അത്ര നല്ലവരായിരുന്നില്ല. അതുകൊണ്ട് അധികംപേര്‍ സ്വര്‍ണത്തളിക സ്വന്തമാക്കുവാന്‍ മുന്നോട്ടു വരാതെയായി. അവസാനം ഗ്രാമത്തിലെ പാവപ്പെട്ട വിധവയെക്കൊണ്ട് ഗ്രാമമുഖ്യന്‍ തളിക എടുപ്പിച്ചു. അത്ഭുതം എന്നു പറയട്ടെ, തളികയ്ക്ക് ഒരു മാറ്റവുമുണ്ടായില്ല. അതിന്റെ മാറ്റ് വര്‍ധിക്കുകയാണുണ്ടായത്.
വേദപാരംഗതയായ അമ്മത്രേസ്യ പുണ്യവതി പറയുന്നു: ''മനുഷ്യന്റെ ആത്മാവ് ഒരു സ്ഫടികക്കല്ലില്‍ തീര്‍ത്ത മനോഹരമായ ദേവാലയമാണ്. അതില്‍ രാജാധിരാജനായി വാഴുവാന്‍ ഈശോ ആഗ്രഹിക്കുന്നു.'' നമ്മുടെ ഉള്ള് ശുദ്ധമായാല്‍ മാത്രമാണ് നമ്മില്‍ ദൈവികസാന്നിധ്യം ഉണ്ടാകുക. നമ്മില്‍ പരിശുദ്ധി ഉണ്ടെങ്കില്‍ മാത്രമാണ് ദൈവാനുഗ്രഹങ്ങളാകുന്ന അമൂല്യനിധികള്‍ സ്വന്തമാക്കുവാന്‍ സാധിക്കുക. ദൈവിക സാന്നിധ്യമില്ലാതെ ജീവിക്കുന്നവര്‍ ദൈവത്തിന് ഇഷ്ടമില്ലാത്ത അശുദ്ധിയുടെ അടിമത്തത്തില്‍ കഴിയുന്നവരാണ്. ദൈവത്തിന് ഇഷ്ടമില്ലാത്തത് കാത്തുസൂക്ഷിക്കുന്നത് വൈക്കോലിനകത്ത് തീക്കട്ട സൂക്ഷിക്കുന്നതിനോട് സമാനമാണെന്ന് വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ പറയുന്നു. നമ്മിലുള്ള എല്ലാ അശുദ്ധികളും നമ്മെ നശിപ്പിക്കുവാന്‍ ശക്തിയുള്ള നരകാഗ്‌നിയുടെ തീജ്വാലകളാണ്.
കുടുംബങ്ങളിലും സമൂഹങ്ങളിലും അസാന്മാര്‍ഗികതയും അക്രമണസ്വഭാവങ്ങളും വര്‍ധിച്ചുവരുന്നത് മനുഷ്യനില്‍ കുമിഞ്ഞു കൂടുന്ന അശുദ്ധിയില്‍ നിന്നാണ്. ദൈവാരൂപിയെ ഉള്ളില്‍നിന്ന് നഷ്ടപ്പെടുത്തിക്കളഞ്ഞവര്‍ അധമസ്വഭാവങ്ങളുടെ അടിമകളായിത്തീരുന്നു. മാതാപിതാക്കളില്‍ ഹൃദയപരിശുദ്ധി ഇല്ലെങ്കില്‍, അവര്‍ക്ക് മാതൃകാപരമായ ജീവിതം മക്കള്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ സാധിക്കുകയില്ല. മക്കള്‍ക്കായി മാതാപിതാക്കള്‍ എന്തൊക്കെ നല്കിയാലും എത്രയൊക്കെ സമ്പാദിച്ചാലും ഉത്തമമായ വിശ്വാസജീവിതത്തില്‍ അനുകരണീയരാകുവാന്‍ പരാജയപ്പെട്ടാല്‍ മക്കള്‍ക്കും വഴിതെറ്റും. അതുകൊണ്ട് സ്വഭാവശുദ്ധിയില്‍ അടിസ്ഥാനമിട്ട വിശ്വാസജീവിതത്തില്‍ മാതാപിതാക്കള്‍ എന്നും ശ്രദ്ധാലുക്കളായിരിക്കണം.
''ദൈവം ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും'' (2 കോറി.10:13). നമുക്കൊക്കെ ദൈവിക പരിധികളും അതിരുകളും ഉണ്ട്. ദൈവം നിശ്ചയിച്ചു നല്കിയ പരിധി ലംഘിച്ചപ്പോഴാണ് ഹവ്വാ സാത്താന്റെ സ്വാധീനത്തിലകപ്പെട്ടത്. ദൈവിക സീമയ്ക്കപ്പുറത്തേക്ക് പുറപ്പെടുന്നത് മൂഢതയാണ്. സ്വമഹത്വാന്വേഷണം, അഹങ്കാരം, സ്വാര്‍ത്ഥത എന്നിവയൊക്കെയാണ് ദൈവിക അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പോകുവാന്‍ ഒരുമ്പെടുന്നവര്‍ക്ക് പ്രചോദനമായിത്തീരുന്ന പ്രേരണകള്‍. നാം ദൈവത്തിന്റെ അരൂപിയുടെ അധികാരമണ്ഡലത്തില്‍ അധിവസിക്കുന്നവര്‍ ആയിത്തീര്‍ന്നാല്‍ അശുദ്ധികള്‍ നമ്മെ അടിമപ്പെടുത്തുകയില്ല.
''ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല. ഒരുവന്‍ വലതുവശത്തുനിന്ന്
കവര്‍ന്നുതിന്നുന്നു. എന്നാല്‍ വിശപ്പ് ശമിക്കുന്നില്ല. ഇടതുവശത്തുനിന്ന് പിടിച്ചു വിഴുങ്ങുന്നു. എന്നാല്‍, തൃപ്തിയാകുന്നില്ല. ഓരോരുത്തനും അപരന്റെ മാംസം ഭക്ഷിക്കുന്നു'' (ഏശയ്യാ 9:20). മനസില്‍ അശുദ്ധി കാത്തുസൂക്ഷിക്കുന്നവന്‍ അപരനെ ഇല്ലായ്മ ചെയ്യുവാന്‍ തക്കം നോക്കുന്നവനായിരിക്കും. ഇത്തരം പ്രവണതകളില്‍ തങ്ങളെത്തന്നെ തളച്ചിട്ടവര്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെട്ടവരും മറ്റുള്ളവരെ മുതലെടുത്ത് ഇരകളാക്കുന്നവരും ആയിരിക്കും. ''സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധത്താല്‍ ദേശം കത്തിയെരിയുന്നു'' (ഏശയ്യാ 9:19). അശുദ്ധികള്‍ക്കും ആസക്തികള്‍ക്കും അസുരസ്വഭാവങ്ങള്‍ക്കും അടിമപ്പെട്ടവര്‍ ദൈവകൃപയില്‍നിന്ന് അകന്നവരും കര്‍ത്താവിന്റെ കോപത്തിന് പാത്രീഭൂതരും ആയിത്തീരുന്നു. കാരണം, അശുദ്ധിയില്‍ ജീവിക്കുന്നവര്‍ ദൈവാത്മാവ് വസിക്കുന്ന ദൈവത്തിന്റെ ആലയമായ സ്വശരീരത്തെയും അപരന്റെ ശരീരത്തെയും നശിപ്പിക്കുന്നവരാണ്. ''ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും...'' (1 കോറി.3:1617).
നമ്മുടെ ഉള്ളും ഉള്ളതും പരിശുദ്ധമാക്കി തീര്‍ക്കാം. ജഡികാസക്തികള്‍ ഉള്ളില്‍ സൂക്ഷിക്കുകയും പുറമെ മാന്യതയുടെ മുഖംമൂടി അണിയുകയും ചെയ്യുന്ന കപടതയില്‍നിന്ന് നമ്മെ മോചിതരാക്കാം. പരിശുദ്ധ അമ്മയെപോലെ 'ഇതാ കര്‍ത്താവിന്റെ ദാസി' എന്നുള്ള മനോഭാവത്തില്‍ ജീവിച്ച് ആന്തരികശുദ്ധിയുള്ളവരാകാം. ചിത്തശുദ്ധി, മനഃശുദ്ധി, ദേഹശുദ്ധി പാലിച്ചുകൊണ്ട് നമുക്ക് ദൈവാരൂപിയാല്‍ നയിക്കപ്പെടുന്നവരും ദൈവികകൃപകള്‍ സ്വീകരിക്കുവാന്‍ അര്‍ഹതയുള്ളവരും
ആയിത്തീരാം.
No comments:
Post a Comment