കരുണയുടെ ജപമാല
(മാതാവിന്റെ ജപമാല ഉപയോഗിച്ചാണ് കരുണയുടെ ജപമാല ചൊല്ലേണ്ടത്)
ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി
1സ്വർഗ്ഗസ്ഥനായ പിതാവേ, 1 നന്മ നിറഞ്ഞ മറിയം, 1 വിശ്വാസപ്രമാണം.
ജപമാലയുടെ വലിയ മണികളിൽ:
നിത്യപിതാവേ, എന്റേയും ലോകം ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കർത്താവീശോമിശിഹായുടെ തിരുശ്ശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും പീഡാസഹനങ്ങളും അങ്ങേയ്ക്കു ഞാൻ കാഴ്ച വയ്ക്കുന്നു.
ചെറിയ മണികളിൽ: ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി, പിതാവേ.. ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
ഇങ്ങനെ അഞ്ചു ദശകങ്ങളും ചൊല്ലുക.
അതിനുശേഷം:
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
ഏറ്റവും ഒടുവിൽ: ഈശോയെ, അങ്ങിൽ ഞാൻ ശരണപ്പെടുന്നു. (3 പ്രാവശ്യം)
തിത്വസ്തുതി.
ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് 1931 മുതൽ 1938 വരെയുള്ള കാലയളവിൽ ഈശോ പ്രത്യക്ഷപ്പെട്ട് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിരവധി സന്ദേശങ്ങൾ നൽകുകയുണ്ടായി. തന്റെ കുമ്പസാരക്കാനായ ഫാദർ മൈക്കിൾ സൊപോക്കോയുടെ നിർദ്ദേശപ്രകാരം സിസ്റ്റർ ഫൗസ്റ്റീന ആറു നോട്ടുബുക്കുകളിലായി ഈ സന്ദേശങ്ങൾ രേഖപ്പെടുത്തിവച്ചു. പാപികളോട് എത്ര വലിയ സ്നേഹമാണ് ഈശോയ്ക്കുള്ളതെന്നും അവർ അനുതപിച്ച് രക്ഷയുടെ മാർഗ്ഗത്തിലേക്ക് വരണമെന്ന് എത്ര ഉൽക്കടമായി അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും ഈ സന്ദേശങ്ങളിൽ നിന്നു വ്യക്തമാണ്.
ഈ സന്ദേശങ്ങളോടൊപ്പം ഈശോ പറഞ്ഞുകൊടുത്ത് എഴുതിച്ച പ്രാർത്ഥനകളാണ് കരുണയുടെ ജപമാലയും നൊവേനപ്രാർത്ഥനകളും.
നമ്മുടെ കർത്താവിന്റെ വാഗ്ദാനം:-
"എന്റെ കാരുണ്യം അപേക്ഷിക്കുന്ന ആത്മാവ്, പറഞ്ഞറിയിക്കാനാവാത്ത ആനന്ദം എനിക്കു നൽകുന്നു. അതിന്റെ പ്രതീക്ഷയിൽ കവിഞ്ഞുള്ള അനുഗ്രഹങ്ങൾ ഞാനതിനു നൽകുന്നു. ഏറ്റവും വലിയ പാപിയായിരുന്നാലും എന്റെ കരുണയിൽ ആശ്രയിക്കുന്നപക്ഷം എനിക്കതിനെ ശിക്ഷിക്കാൻ സാധിക്കയില്ല. അളവില്ലാത്തതും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവുമായ എന്റെ കരുണയാൽ ഞാൻ ആ ആത്മാവിനെ നീതീകരിക്കാൻ ശ്രമിക്കുന്നു."
"വൈദികർ, എന്റെ അളവില്ലാത്ത കരുണയെക്കുറിച്ച് പാപികളായ ആത്മാക്കളോട് പ്രസംഗിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു."
"കരുണയുടെ ജപമാല ചൊല്ലുന്നവർ, അവരുടെ ജീവിതകാലം മുഴുവനും, പ്രത്യേകമായി അവരുടെ മരണവിനാഴികയിൽ, എന്റെ കരുണയാൽ സംരക്ഷിക്കപ്പെടും."
"മരണാസന്നരായ ആളുകളുടെ ചാരെ നിന്ന് ഈ ജപമാല ചൊല്ലുമ്പോൾ ദൈവകോപം ശമിപ്പിക്കപ്പെടുകയും ദൈവത്തിന്റെ ആഴമളക്കാനാവാത്ത കരുണ അവരെ പൊതിയുകയും ചെയ്യും."
No comments:
Post a Comment