കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ദ്ധക്യകാലം തരണം ചെയ്യുവാന്‍ എന്നെ സഹായിക്കണമേ. എന്റെ കഴിവുകള്‍ ബലഹീനമായിത്തീരുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടും സമചിത്തതയോടുംകൂടി ആ വസ്തുത അംഗീകരിക്കുവാന്‍ എന്നെ പ്രാപ്തനാക്കണമേ. നാവിനെ നിയന്ത്രിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആദരിക്കുവാന്‍ എന്നെ തല്പരനാക്കിയാലും.
മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനുള്ള വ്യഗ്രതയില്‍നിന്ന് എന്നെ രക്ഷിക്കണമേ. എന്റെ ആശയങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്പ്പിക്കാതെ, അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരെ സഹായിക്കാന്‍ കഴിവു തരണമേ. അന്യരെ വിമര്‍ശിക്കാതെ, അവരെപ്പറ്റി ഉപവിയോടെ സംസാരിക്കാന്‍ എന്നെ പഠിപ്പിച്ചാലും. എന്റെ വേദനകള്‍ പരാതികൂടാതെ സഹിക്കുവാന്‍ ശക്തി നല്കണമേ. മറ്റുള്ളവര്‍ എന്റെ കുറ്റങ്ങളും കുറവുകളും പറയുമ്പോള്‍ ശാന്തതയോടെ അവരോടൊപ്പം ചിരിക്കുവാന്‍ എന്നെ പ്രാപ്തനാക്കണമേ.
''എല്ലാം പൂര്‍ത്തിയായി; അങ്ങേ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ ഭരമേല്പിക്കുന്നു'' എന്നു സ്വര്‍ഗസ്ഥനായ പിതാവിനോടു പറഞ്ഞുകൊണ്ട് ജീവന്‍ വെടിഞ്ഞ കര്‍ത്താവേ, അവിടുത്തെ മാതൃകയനുസരിച്ച്, ''ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി'' എന്ന് പൗലോസ് ശ്ലീഹായെപ്പോലെ പറഞ്ഞുകൊണ്ട് മരിക്കുവാനുള്ള അനുഗ്രഹം തരണമെന്ന് അങ്ങയോടു ഞാനപേക്ഷിക്കുന്നു.
നന്മരണത്തിന്റെ മധ്യസ്ഥനായ മാര്‍ യൗസേപ്പിതാവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
No comments:
Post a Comment