അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Monday, 11 June 2012

നല്ല സമരിയാക്കാരന്റെ ഉപമ


"അപ്പോള്‍ ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്നു അവനെ പരീക്ഷിക്കുവാന്‍ ചോദിച്ചു,ഗുരോ നിത്യജീവന്‍ അവകാശമാകുവാന്‍ ഞാന്‍ എന്തുചെയ്യണം?അവന്‍ ചോദിച്ചു നിയമത്തില്‍ എന്തു എഴുതിയിരിക്കുന്നു?നീ എന്തു വായിക്കുന്നു?അവന്‍ ഉത്തരം പറഞ്ഞു നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം.നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും;അവന്‍ പ്രതിവചിച്ചു നീ ശരിയായിതന്നെ ഉത്തരം പറഞ്ഞു ഇതനുസരിച്ച് പ്രവര്‍ത്തിക്കുക നീ ജീവിക്കും.എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാനാഗ്രഹിച്ചു യേശുവിനോടു ചോദിച്ചു ആരാണ് എന്റെ അയല്‍ക്കാരന്‍?യേശു പറഞ്ഞു ഒരുവന്‍ ജറുസലേമില്‍നിന്ന് ജറീക്കോയിലേക്ക് പോവുകയായിരുന്നു,അവന്‍ കവര്‍ച്ചക്കാരുടെ കൈയ്യില്‍ അകപ്പെട്ടു അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് അവനെ പ്രഹരിച്ചു അര്‍ദ്ധപ്രാണനാക്കിയിട്ടുപൊയ്ക്കളഞ്ഞു,ഒരു പുരോഹിതന്‍ ആ വഴിയെവന്നു അവനെക്കണ്ട് മറുവശത്തുക്കുടി കടന്നുപോയി,അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍ അവനെക്കാണ്ടെങ്കിലും കടന്നുപോയി,എന്നാല്‍ ഒരു സമറിയാകാരന്‍ യാത്രാമദ്ധ്യേ അവന്‍ കിടന്ന സ്ഥലത്തുവന്നു അവനെക്കണ്ട് മനസ്സലിഞ്ഞ് അടുത്തുചെന്നു എണ്ണയും വീഞ്ഞും വച്ച് അവന്റെ മുറിവുകള്‍ വച്ചുകെട്ടി.അവന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.അടുത്തദിവസം സത്രസൂക്ഷിപ്പുകാരന്റെ കൈയ്യില്‍ രണ്ടു ദനാറാ കൊടുത്തിട്ടുപറഞ്ഞു ഇവന്റെ കാര്യം നോക്കിക്കൊളനം കൂടുതലായി എന്തെങ്കിലും ചിലവാകുന്നുവെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.കവര്‍ച്ചക്കാരുടെ കൈയ്യില്ലകപ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?അവനോടു കരുണകാണിച്ചവന്‍ എന്നു ആ നിയമജ്ഞന്‍ പറഞ്ഞു.യേശു പറഞ്ഞു നീയും പോയി അതുപോലെ ചെയ്യുക."

ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഒരു വചനം .അല്ലെങ്കില്‍ തീരെ ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ പതിഞ്ഞ ഒരു വചനം ..എന്നെ പോലെ തന്നെ ഇത് വായിക്കുന്ന പലരും ആദ്യം മനപാഠം ആക്കിയ വചനമാകാം ഇത് ആദ്യം തന്നെ ഇതിലെ ചോദ്യ കര്‍ത്താവിനെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ..പലപ്പോഴും ഇതിലെ നിയമജ്ഞന്‍ എന്നെ കുറ്റപ്പെടുതാറുണ്ട് പരിഹസിക്കാറുണ്ട് ..കാരണം ഞാനും , നമ്മളില്‍ ചിലരും ആരും ശ്രദ്ധിക്കാതെ പോയ ഈ നിയമജ്ഞന്‍ ആണ് എന്ന് നമ്മള്‍ മനസിലാക്കരുണ്ടോ ?മനസ്സിലായില്ല അല്ലേ ? ഈ ബ്ലോഗിലും ഇത് പോലെ മറ്റു പല ബ്ലോഗിലും പോയി വായിച്ചു പഠിച്ചു മനപാഠം ആക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ ജീവതത്തില്‍ എത്ര മാത്രം പരിവര്‍ത്തനം വരുത്താറുണ്ട് ?ഇതിലെ നിയമജ്ഞനും ഇത് പോലെ തന്നെ ..ഈ ഒരു കഥ അവന്റെ കണ്ണ് നനച്ചതായോ ,പത്രൊസിനെയും സക്കെവൂസിനെയും പോലെ അവന്‍ മാറിയതായോ പരാമര്‍ശം ഇല്ല ..നമ്മളെ പോലെ അറിവ് കൂട്ടുവാന്‍ മാത്രമാണ് അയാളും ശ്രമിച്ചത് .അല്ലെങ്കില്‍ പിന്നീടു ഒരു സമയത്തിലേക്ക് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കനായുള്ള ഒരു കഥയായി ..ഇനി വചനത്തിന്റെ കേന്ദ്രത്തിലേക്ക് കടക്കാം ..


ഈ വചനത്തിനു രണ്ടു ഭാഗങ്ങള്‍ ആണ് ..ഒന്ന്  പല ക്രൈസ്തവനും പലപ്പോഴും ഇടര്‍ച്ച വരുന്ന ഒരു ഭാഗമാണ് ഇവിടെ ആദ്യം പറഞ്ഞിരിക്കുന്നത് .


നിത്യജീവന്‍ അവകാശമാകുവാന്‍ ഞാന്‍ എന്തുചെയ്യണം?


വളരെ നിസാരമെന്നു തോന്നാവുന്ന രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ മതി എന്ന് കര്‍ത്താവു പറയുന്നു .ഒന്ന് നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം.രണ്ടു നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും; വളരെ എളുപ്പം അല്ലേ?ഇതില്‍ ദൈവത്തിനെ സ്നേഹിക്കുന്നത് നമ്മുക്ക് പിന്നീടൊരിക്കല്‍ കാണാം ..ആദ്യം ആരാണ് നല്ല ഒരു അയല്‍ക്കാരന്‍ എന്ന് നോക്കാം ..ഈ വചനം എന്നെ സന്തോഷിപ്പിക്കുന്നത് രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ഇതിന്റെ പ്രസക്തി നഷ്ട്ടപെട്ടില്ല എന്നത് തന്നെ ..നിങ്ങള്ക്ക് ചുറ്റുമുള്ള ഇതു വഴിയില്‍ നോക്കിയാലും നിങ്ങള്ക്ക് ഇപ്പോളും കാണാന്‍ സാധിക്കും ,നല്ല സമരിയക്കാരനെ അല്ല മറിച്ചു ആ  വീണു കിടക്കുന്ന യാത്രകാരനെയും ആ പുരോഹിതരെയും ആ ലേവ്യരെയും .. ഈ ഉപമയിലെ കഥാപാത്രങ്ങള്‍ നമുക്ക്‌ പരിചിതരാണ്‌. കവര്‍ച്ചക്കാര്‍, മതപ്ര തിനിധികള്‍, സത്രം സൂക്ഷിപ്പുകാരന്‍, നല്ല സമരിയാ ക്കാരന്‍ എന്നിവരാണവര്‍. .ഇവര്‍   മൂന്നു മനോഭാവങ്ങള്‍ പുലര്‍ത്തുന്നവര്‍ ആണ് ..



കവര്‍ച്ചക്കാര്‍


ലോകമെങ്ങും ഉള്ള ഈ കവര്‍ച്ചക്കാര്‍ക്ക്   ഒരു മനോഭാവവേ ഉള്ളു . "നിന്റെതെല്ലാം എന്റെതാണ് ". ഇപ്പോള്‍ നിങ്ങള്ക്ക് തോന്നും ശരിയാണ് ..എനിക്കറിയാം പക്ഷെ നിങ്ങള്‍ക്കും ഈ മനോഭാവമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ ഒന്ന് ഞെട്ടും അല്ലേ ? കവര്‍ച്ചക്കാരുടെ മുന്‍പില്‍ എത്തപ്പെട്ട വഴിയാത്രക്കാരനായ മനുഷ്യന്‍, അവരുടെ ഉപയോഗത്തിനും ചൂഷണത്തിനും മാത്ര മുള്ള ഒരു വസ്‌തുവായിരുന്നു. ആരാണ്‌, എന്താണ്‌, എങ്ങോട്ടു ള്ള യാത്രയാണ്‌, ഈ സാധു മനുഷ്യന്റേത്‌ എന്നതൊന്നും അവരുടെ പരിധിയില്‍ പെടുന്ന കാര്യമല്ല. അവര്‍ക്ക്‌ വേണ്ടത്‌ ഏതു വിധേനയെങ്കിലും കൈക്കലാക്കുക എന്നതുമാത്രമാണവരുടെ ലക്ഷ്യം. അവരാഗ്രഹിച്ചത്‌ കിട്ടിക്കഴിയുമ്പോള്‍ ഉപേക്ഷിച്ച്‌ കടന്നുകളയാനും മടിയില്ല. ആരോ ഒരാള്‍ എന്നൊരു തലത്തില്‍ മാത്രമാണ്‌ കവര്‍ച്ചക്കാര്‍ ഈ മനുഷ്യനെ കാണുന്നത്‌. അതായത്‌ എന്റെ ആരുമല്ല അയാള്‍ എന്ന്‌ സാരം. ഞാന്‍ എത്രമാത്രം ദുഷ്ടത നിറഞ്ഞ വ്യക്തിയാണെങ്കിലും, ഞാനറിയുന്ന ഒരാളോട്‌, അല്ലെങ്കില്‍ എന്റെ ഒരു ബന്ധുവിനോട്‌, എന്റെ സ്വന്തത്തില്‍പെട്ട ഒരാളോട്‌ കവര്‍ച്ചക്കാരന്റെ രീതിയില്‍ പെരുമാറാന്‍ എനിക്ക്‌ കഴിയുമോ? (ഇന്ന്‌ പലര്‍ക്കും അതിനു കഴിയുന്നു എന്ന പരമാര്‍ത്ഥം വിസ്‌മരിക്കുന്നില്ല). നല്ലൊരു വിശകലനത്തിന്‌ നമ്മെത്തന്നെ വിധേയമാക്കിയാല്‍ മനസിലാകും, നമ്മില്‍നിന്ന്‌ അപരനിലേക്ക്‌ പുറപ്പെടുന്ന മലിനമായ പല കാര്യങ്ങളുടെയും കാരണം അവനും അവളും എന്റെ ആരുമല്ല എന്നതുതന്നെയെന്ന്‌. ഇന്നത്തെ സാമൂഹികമായ പല കാര്യ ങ്ങളുടെയും അടിത്തറ ഇതിനു സമാനംതന്നെയാണ്‌. ആരെയും ചൂഷണം ചെയ്യാനും, മോശമായി പറയാനും നമുക്ക്‌ കഴിയുന്നത്‌ അവരൊന്നും എന്റെ ഹൃദയത്തോട്‌ അത്ര അടുത്തുള്ളവരല്ലാത്തതിനാലല്ലേ..? 


മാത്രവുമല്ല നിന്റെ ജീവിതത്തിലേക്ക് ഒന്ന് നോക്ക് ..മറ്റുള്ളവരുടെ അധ്വാനത്തില്‍ അസ്സൂയപെടുന്നുണ്ടേല്‍ ,സ്വയം അധ്വാനിക്കാതെ മറ്റുള്ളവരുടെ അധ്വാനത്തില്‍ നിന്ന് കൈ ഇട്ടു വാരുനുണ്ടേല്‍ ,ജോലിക്ക് ന്യായമായ കൂലി കൊടുക്കാത്തവര്‍ ,ജോലി ഇട്ടിട്ടു ഉടമയെ വഞ്ചിക്കുന്നവര്‍ ,ജോലി സമയത്ത് ബ്ലോഗ്‌ എഴുതുന്നവര്‍ (ഞാന്‍ തന്നെ ),അത് വായിക്കുന്നവര്‍ (നീ തന്നെ ),ദശാംശം കൊടുക്കാത്തവര്‍ ,കടമകള്‍ നിര്‍വഹിക്കാത്തവര്‍ ,മാതാപിതാക്കളെ ,ജീവിത പങ്കാളിയെ ,മക്കളെ എന്നിങ്ങനെ നമ്മള്‍ നോക്കുവാന്‍ കടപെട്ടവരെ നോക്കാത്തവര്‍ ഇവര്‍ എല്ലാം കവര്ച്ചകാരന് എന്ന് മറക്കാതെ  ഇരിക്കുക ..ദശാംശം എന്നത് നിന്റെ ഏതാനും ചില്ലിതുട്ടുകള്‍ അല്ല ..നിനക്ക് ലഭിക്കുന്ന എല്ലാത്തിന്റെയും ഒരു പങ്കു .നിന്റെ സമ്പാദ്യം ,അറിവ് ,സമയം ,വാഹനം അങ്ങനെ എല്ലാത്തിന്റെയും ...അല്ലാതെ ഏതോ പാവപെട്ടവന് നീട്ടിയ ഏതാനും ചില്ലി തുട്ടുകള്‍ കാണിച്ചു നീ ഞെളിഞ്ഞിരിക്കുമ്പോള്‍ ഓര്‍ക്കുക മല്ലാക്കി വിളിച്ച ദൈവത്തിനെ കൊള്ളയടിക്കുന്നവനെ എന്നാ വാക്ക് അന്തരീക്ഷത്തില്‍ മുഴുങ്ങുന്നുണ്ട് എന്ന്..





മതപ്ര തിനിധികള്‍, സത്രം സൂക്ഷിപ്പുകാരന്‍

ഇവരാണ് രണ്ടാമത്തെ വിഭാഗം .ഇവര്‍ സ്വയം ന്യായികരിക്കുന്നവരാണ് .മറ്റുള്ളവരുടെ സഹായം ഇവര്‍ തേടാറില്ല .മറ്റുള്ളവരെ ഇവര്‍ സഹായിക്കാറും ഇല്ല . എന്‍റെ എല്ലാം എന്‍റെതും നിന്‍റെ എല്ലാം നിന്‍റെതും എന്ന തത്വത്തിലും മനോഭാവത്തിലും ജീവിക്കുന്നവര്‍ ആണ് ഇവര്‍ .മത പ്രതിനിധികളായി കടന്നുവരുന്ന പുരോഹിതനും ലേവായനും അവരുടെ മുന്‍പില്‍ മുറിവേറ്റ്‌ മൃതപ്രായനായി കിടക്കുന്ന ആ മനുഷ്യന്‍ ഒഴിവാക്കപ്പെടേണ്ട ഒരു പ്രശ്‌നമായിരുന്നു. അവരുടെ വിലപ്പെട്ട സമയം അവിടെ ചെലവഴിച്ചാല്‍ അവര്‍ മതപരമായി നിറവേറ്റേണ്ട കര്‍മ്മങ്ങള്‍ക്ക്‌ തടസം സംഭവിക്കും. അത്‌ സമൂഹത്തില്‍തന്നെ മുറുമുറുപ്പു സൃഷ്ടിക്കാം. അവരെ സംബന്ധിച്ച്‌ വഴിയിലെ മനുഷ്യനെ ഒഴിവാക്കുന്നത്‌ എന്തുകൊണ്ടും നല്ലതാണ്‌. അല്ലെങ്കില്‍ അതൊരു തീരാത്ത പ്രശ്‌നമായി അവരോടൊപ്പം നില്‌ക്കും. സത്രം സൂക്ഷിപ്പുകാരന്റെ മുന്‍പില്‍ എത്തുന്ന ഓരോരു ത്തര്‍ക്കും അവര്‍ കൊടുക്കുന്ന നാണയത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്‌തുകൊടുക്കുക എന്നത്‌ അയാളുടെ ധര്‍മ്മമാണ്‌. എന്നാല്‍, അന്നേദിവസം അവിടെ എത്തിക്കപ്പെട്ട മുറിവേറ്റ മനുഷ്യനെ ശുശ്രൂഷിച്ചാല്‍ അവനൊന്നും തരില്ലെങ്കിലും പണിക്കൂലി ഒന്നുപോലും കുറയാതെ കിട്ടുമെന്ന ഉറപ്പുണ്ട്‌. സൗജന്യമായി ശുശ്രൂഷിക്കപ്പെടേണ്ട ഒരു യാത്രികന്‍മാത്രമാ ണവന്‍. ഇതൊരുതരം നിസംഗതയാര്‍ന്ന പ്രവൃത്തിയാണ്‌. മറ്റൊ രു വാക്കില്‍ പറഞ്ഞാല്‍ സ്‌നേഹരഹിതമായ ശുശ്രൂഷ. തന്നോ ടാവശ്യപ്പെട്ടതും ആവശ്യപ്പെടുന്നതും മാത്രം ചെയ്യുക എന്നതിനപ്പുറം ഒന്നും തന്നില്‍ നിക്ഷിപ്‌തമല്ല എന്ന്‌ സത്രം സൂക്ഷിപ്പുകാരനറിയാം. മുന്‍പിലെത്തപ്പെടുന്ന നിസഹായരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ ചെയ്യേണ്ടതായ കടമയൊന്നും അവനില്ല. ഒരു സാധാരണ ജോലി ക്കാരന്‍ മാത്രമാണവന്‍. പലതരത്തിലുള്ള ശുശ്രൂഷകളുടെ മേഖലയില്‍ വ്യാപരിക്കുന്നവരാണ്‌ പലരും. എന്റെ ശുശ്രൂഷയുടെ ഭാഗമാകുന്നവര്‍ ആരുമാകട്ടെ, അവര്‍ക്ക്‌ വേണ്ടത്‌ ഞാന്‍ ചെയ്‌തു കൊടുക്കുന്നു. എങ്കിലും അവരുടെ ജീവിതത്തെ ഒരിക്കലും സ്‌പര്‍ശിക്കാത്ത തരത്തിലുള്ള ശുശ്രൂഷയായിരിക്കുമത്‌ എന്നതുറപ്പാണ്‌. ഞാനുമൊരു സത്രം സൂക്ഷിപ്പുകാരന്‍ മാത്രമായി മാറിപ്പോകുന്നു.

നമ്മുടെ ജീവിത യാത്രകളിലും മിക്കപ്പോഴും സംഭവിക്കുന്നത്‌ ഇതുപോലെയൊക്കെത്തന്നെയല്ലേ? ഒരു കരം നീട്ടിയാല്‍, ഞാനൊന്നു മനസായാല്‍ രക്ഷകിട്ടാന്‍ സാധ്യതയുള്ള അനേകര്‍ നമ്മുടെ സമൂഹത്തില്‍ തന്നെയില്ലേ? അത്തരമൊരു നന്മക്ക്‌ മുതിരാതെ അതൊക്കെ പ്രശ്‌നങ്ങളാകും എന്നുപറഞ്ഞും എനിക്ക്‌ ചെയ്‌താല്‍ തീരാത്ത അനേകം കാര്യങ്ങള്‍ ഉണ്ട്‌, അതിന്റെ ഒപ്പം ഇതുകൂടെ വലിച്ചുവച്ചാല്‍ ശരിയാകില്ല എന്നു കരുതിയും നാം ആ വാതില്‍ വലിച്ചടക്കുകയല്ലേ പതിവ്‌? അന്നത്തെ മത പ്രതിനിധികളായി കടന്നുപോയ ആ പുരോഹിതന്റെയും ലേവായന്റെയും സ്ഥാനത്ത്‌ എന്റെ സാന്നിധ്യം ഇന്ന്‌ ശരിക്കും ചേര്‍ന്നുനില്‌ക്കുന്നതുപോലെ. മുറിവേറ്റുകിടക്കുന്നവരുടെ അവസ്ഥ അന്നും ഇന്നും ഒരുപോലെതന്നെ. അവരെന്നും ഒഴിവാക്കപ്പെടേണ്ട പ്രശ്‌നം തന്നെയാണ്‌
മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് ജനനം മുതല്‍ മരണം വരെ മറ്റുള്ളവരുടെ സഹായം ആവനും അവന്‍റെ സഹായം മറ്റുള്ളവര്‍ക്കും ആവശ്യമാണ് .ആയതിനാല്‍ പരസ്പരം സഹായത്തിനു വേണ്ടി വിളിക്കപെട്ടിരിക്കുന്നമനുഷ്യര്‍ ഭിന്നിച്ചു നില്‍ക്കുന്നത്ദൈവവിളിക്ക് എതിരാണ്.





സമരിയാക്കാരന്‍

കവര്‍ച്ചക്കാരുടെ കയ്യിലകപ്പെട്ട്‌, എല്ലാം നഷ്ടമായി മൃതപ്രായനായി വഴിയില്‍ കിടക്കുന്ന മനുഷ്യനെ കണ്ടെത്തുന്ന സമരിയാക്കാരന്‍. അവന്റെയുള്ളില്‍ പലതരത്തിലുള്ള ചിന്തകള്‍ പരസ്‌പരം മല്ലടിച്ചിട്ടുണ്ടാകാം. സമരിയാക്കാരന്റെ ഉള്ളില്‍ വിജയം വരിക്കുന്ന ചിന്ത ഇതാണ്‌. ``ഈ വിജനമായ വഴിയില്‍ ഏതെല്ലാമോ രീതി യില്‍ എല്ലാം നഷ്ടമായി അല്‌പപ്രാണനായി കിടക്കുന്നത്‌ സ്‌നേഹവും പരിഗണനയും കാരുണ്യവും അര്‍ഹിക്കുന്ന, എന്നെപ്പോലൊരു മനുഷ്യന്‍തന്നെയാണ്‌.'' ഈ ബോധവും ബോധ്യവുമാണ്‌ നല്ല അയ ല്‍ക്കാരനാകാന്‍ ആ സമരിയാക്കാരന്‌ പ്രചോദനമായത്‌. ഇവിടെ ആണ് നമ്മുക്ക് ആ മൂന്നാമത്തെ തത്വം കാണാന്‍ സാധിക്കുക .എന്റെതെല്ലാം നിന്റെതാണ് ..സമരിയക്കാരും യഹൂദരും ശത്രുകള്‍ ആണ് .എന്നാല്‍ ഇവിടെ ഒരു സമരിയാക്കാരന്‍ തന്റെ ശത്രുവിനെ സഹായിക്കുന്നു ..മാത്രവും അല്ല തന്റെ അധ്വാന ഫലം അവനുമായി പങ്കു വക്കുന്നു .അപൂര്‍വമായെങ്കിലും മറ്റൊരു മനുഷ്യനുവേണ്ടി നന്മചെയ്യുമ്പോള്‍ സമരിയാക്കാരന്റെ കുപ്പായം നമ്മളും അണിയുകയാണ്‌. നാം നല്ല അയല്‍ക്കാരായി രൂപപ്പെടുകയാണാ നിമിഷം.ചില വ്യക്തികളെയൊക്കെ പ്രശ്‌നങ്ങളാണെന്നും പ്രശ്‌നക്കാരാണ ന്നും പറഞ്ഞ്‌ സമൂഹം ഭ്രഷ്ട്‌കല്‌പിച്ച്‌ പലപ്പോഴും മാറ്റിനിര്‍ത്താറില്ലേ? അതാണവരില്‍ ഏല്‌പിക്കപ്പെടുന്ന ഏറ്റവും ആഴമേറിയ മുറിവെന്ന്‌ ഞാന്‍ മനസിലാക്കുന്നു. കാരണം എന്തുമാകട്ടെ, ആ മാറ്റിനിര്‍ത്തല്‍ എന്തെങ്കിലും നന്മ പുറപ്പെടുവിക്കുമെന്ന്‌ ഞാന്‍ കരുതുന്നില്ല. പിന്നീടുള്ള അവരുടെ ജീവിതം വിലയിരുത്തിയാല്‍ ആ മാറ്റിനിര്‍ ത്തലും പ്രശ്‌നക്കാരെന്ന ലേബലും അവരെ കുറേക്കൂടി മോശമാക്കി മാറ്റിയിരിക്കുന്നതായി കാണാനാകും. അവരെ മാറ്റിനിര്‍ത്താനായി വ്യക്തമായതും സത്യമായതുമായ കാരണങ്ങള്‍ നമുക്ക്‌ നിരത്താ നുണ്ടാകും. തിരസ്‌കരണത്തിന്റേതും മാറ്റിനിര്‍ത്തപ്പെടലിന്റേതുമായ അവരുടെ മുറിവുകളില്‍ അല്‌പം എണ്ണയും വീഞ്ഞുമൊഴിച്ച്‌ കെട്ടാനും അവര്‍ക്ക്‌ വേണ്ടതായ സ്‌നേഹവും കാരുണ്യവും മാനുഷിക പരിഗണനയും നല്‌കാനും തയ്യാറാകുന്ന ആര്‍ക്കും ഇന്നും നല്ല സമരി യാക്കാരന്‍ എന്ന പദവി സ്വന്തമാക്കാനാകും എന്ന്‌ ഈശോ പഠിപ്പിക്കുകയാണിവിടെ. ഈ ഉപമയിലെ കഥാപാത്രങ്ങളുടെ പലവിധത്തിലുള്ള പ്രതിരൂപ ങ്ങള്‍ നമ്മുടെ ഉള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും എന്നുമുണ്ടാകും. അതി ല്‍നിന്നും ഈശോ മാതൃകാരൂപമായി അവതരിപ്പിക്കുന്ന നല്ല സമരിയാ ക്കാരന്റെ കണ്ണുകളോടെ സഹജീവികളെ കാണാനും അവരുടെ ജീവിത സാഹചര്യം എന്തുതന്നെ ആയിരുന്നാലും അലിവോടെയും സ്‌നേഹത്തോടെയും പരിഗണിക്കാനും സാധിക്കുന്നതല്ലേ ഈശോയെ എനിക്കറിയാം എന്ന്‌ പറയുന്നതിന്റെ ചുരുക്കം. അപ്പോള്‍ ഞാനും നല്ല സമരിയാക്കാരനും തമ്മില്‍ അല്‌പംപോലും ദൂരമുണ്ടാകുകയുമില്ല.


ആഴത്തിലേക്ക്

 (ഇതില്‍ എതിരഭിപ്രായം ഉള്ളവര്‍ കാണും ..എന്റെ ബ്ലോഗ്‌ ,എന്റെ തോന്നല്‍ ..ഞാന്‍ പിന്നെ എവിടെയാ പറയുക ????)

ഇ ഒരു ഉപമയിലേക്ക് ആഴത്തില്‍ ഇറങ്ങിയാല്‍ യേശു രക്ഷകര രഹസ്യം മനോഹരമായി ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു ..ഈ കഥയിലെ യാത്രകാരന്‍ മനുഷ്യരുടെ പ്രതിനിധി അയ ആദത്തെ സൂചിപ്പിക്കുന്നു .ജറുസലേം സ്വര്‍ഗത്തെയും ജറിക്കോ നരകത്തെയും സൂചിപ്പിക്കുന്നു ..ആദം പാപം ചെയ്തു സ്വര്‍ഗത്തെ വിട്ടു നരകത്തിലേക്ക് യാത്രയാകുന്നു മാര്‍ഗമധ്യേ എന്ന് പറയുന്നതാണ് ഭൂമി ..അവിടെ വച്ച് കവര്‍ച്ച ക്കാര്‍ ആകുന്ന പിശാശു ആദത്തെ (മനുഷ്യനെ ) ഉപദ്രവിക്കുന്നു .ആദം അതാ വഴിയില്‍ പാപത്തിന്റെ മുറിവുകള്‍ ഏറ്റു മരിക്കാറായി കിടക്കുന്നു .. ഒരു പുരോഹിതനും ലെവയനും വന്നു നോക്കി രക്ഷിക്കാന്‍ പറ്റിയില്ല ..ഇതാണ് ലാസറിന്റെ ഉപമയില്‍ കര്‍ത്താവു പറയുന്ന നിയമവും പ്രവാചകന്മാരും ..പിന്നീടു ഒരാള്‍ വരുന്നു ..നമ്മുടെ ഹീറോ ..നല്ല സമരിയാക്കാരന്‍ ..എന്റെ , നിന്റെ ,നമ്മുടെ യേശു ..അവന്‍ എണ്ണയും വീഞ്ഞും കൊണ്ട് മുറിവ് വച്ച് കെട്ടുന്നു ..എണ്ണയും വീഞ്ഞും ശരിക്കും പുരോഹിതരും ദിവ്യ ബലിയും അല്ലെ? പിന്നീടു അവന്‍ സഭ ആകുന്ന സത്രത്തില്‍ എത്തിക്കുന്നു ..സഭ സത്രമാണേല്‍ സത്രം സൂക്ഷിപ്പുകാരന്‍ ആരാണ് പത്രോസ് അല്ലെ മാര്‍പ്പാപ്പ ...പോകുമ്പോള്‍ കൊടുത്ത രണ്ടു ദനാറ ആണ് കര്‍ത്താവു ആദ്യം പറഞ്ഞ രണ്ടു കല്പനകള്‍ ..ഒന്ന് നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം.രണ്ടു നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും; ..വീണ്ടും വരാമെന്ന് പറയുന്നത് കര്‍ത്താവിന്റെ മഹത്വ പൂര്‍ണം ആയ രണ്ടാം വരവിനെ സൂചിപ്പിക്കുന്നു ..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22