മനുഷ്യന്‍ ചന്ദ്രനിലെത്തിയത് വലിയൊരു വിസ്‌മയമാണെങ്കില്‍ അതിലും വലിയ വിസ്‌മയമാണ് ദൈവം ഭൂമിയിലെത്തിയത്. മനുഷ്യരെ ചന്ദ്രനിലെത്തിക്കുകയായിരുന്നു അപ്പോളോ പദ്ധതി ഉന്നംവച്ചതെങ്കില്‍, സകല മനുഷ്യരെയും സുരക്ഷിതരായി അതിനപ്പുറത്ത് സ്വര്‍ഗസൗഭാഗ്യത്തിലെത്തിക്കുകയാണ് മനുഷ്യാവതാരമെന്ന ദൈവികപദ്ധതി ലക്ഷ്യമിട്ടത്.
മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള അമേരിക്കന്‍ ബഹിരാകാശപദ്ധതിയായിരുന്നു പ്രൊജക്‌ട് അപ്പോളോ. അതിന്റെ അഞ്ചാമത്തെ കുതിപ്പാണ് അപ്പോളോ II . മൈക്കിള്‍ കോളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍, നീല്‍ ആംസ്റ്റ്രോങ് എന്നീ മൂന്നു ഗഹനസഞ്ചാരികള്‍ കയറിയ പ്രസ്‌തുത വാഹനം 1969 ജൂലൈ 16 ന് കെന്നഡി സെന്ററില്‍നിന്ന് ഉയര്‍ന്നുപൊങ്ങി- കൃത്യം 9.32 ന്. ഈഗിള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട അപ്പോളോ II ജൂലൈ 20 നാണ് ചന്ദ്രനില്‍ എത്തിയത്. അമേരിക്കന്‍ സമയം 4.17 പി.എമ്മിന് ആംസ്റ്റ്രോങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. ആറര മണിക്കൂറിനുശേഷം എഡ്വിന്‍ ആല്‍ഡ്രീനും ആംസ്റ്റ്രോങിനെ അനുഗമിച്ചു. ഒന്നര മണിക്കൂര്‍ സമയമാണ് എഡ്വിന്‍ ചന്ദ്രനില്‍ ചിലവഴിച്ചത്.
തുടര്‍ന്നു പത്തുപേരെക്കൂടി അമേരിക്ക ചന്ദ്രനില്‍ എത്തിച്ചിട്ടുണ്ട്. അപ്പോളോ 12 ല്‍ ചാള്‍സ് കൊണ്‍റാഡ്, അലന്‍ ബീന്‍ എന്നിവരും അപ്പോളോ 14 ല്‍ അലന്‍ ഷെപ്പേര്‍ഡ്, എഡ്‌ഗാര്‍ മിച്ചല്‍ എന്നിവരും അപ്പോളോ 15 ല്‍ ഡേവിഡ് സ്‌കോട്ട്, ജയിംസ് ഈര്‍വിന്‍ എന്നിവരും അപ്പോളോ 16ല്‍ ജോണ്‍ യംങ്, ചാള്‍സ് ഡ്യൂക്ക്, അപ്പോളോ 17 ല്‍ ഹാരിസണ്‍ സ്‌മിത്ത് യൂജിന്‍ സെര്‍നര്‍ എന്നിവരും ചന്ദ്രനിലിറങ്ങി (ചാള്‍സ് കൊണ്‍റാഡ്, അലന്‍ ഷെപ്പേര്‍ഡ്, ജയിംസ് ഈര്‍വിന്‍ എന്നിവര്‍ ഇന്നു ജീവിച്ചിരിപ്പില്ല).
വലിയ പ്രശ്‌നമൊന്നും കൂടാതെ എല്ലാവരും അവിടെപ്പോയി സുരക്ഷിതരായി മടങ്ങിവന്നു. 2009ജൂലൈ 16 ലെ ഒരഭിമുഖത്തില്‍ ആംസ്റ്റ്രോങ് തന്നെ പറഞ്ഞതുപോലെ അതു സാധിച്ചത്, അവിടെപ്പോയ ആരുടെയും പ്രത്യേക സാമര്‍ത്ഥ്യം കൊണ്ടൊന്നുമല്ല; നാസയിലെ കണ്‍ട്രോള്‍ റൂമില്‍നിന്നു കിട്ടിയ കല്‌പനകള്‍ കൃത്യമായി പാലിക്കപ്പെട്ടതുകൊണ്ടും സജ്ജീകരണങ്ങള്‍ സംപൂര്‍ണമായിരുന്നതുകൊണ്ടുമാണ്. ലഭിച്ച ആജ്ഞകളനുസരിച്ചുതന്നെ അവര്‍ ഭക്ഷണം കഴിച്ചു, വിശ്രമിച്ചു, ഇറങ്ങി. തിരിച്ചു കയറി.
നിര്‍ദ്ദേശങ്ങള്‍ക്കതീതമായി അവര്‍ ഒന്നും ചെയ്യുവാന്‍ മുതിര്‍ന്നില്ല- കുട്ടികളെപ്പോലെ അവര്‍ അനുസരിച്ചു. എന്തായിരുന്നു കാരണം? ബുദ്ധിക്കുറവുകൊണ്ടൊന്നുമല്ല. തങ്ങള്‍ അവിടുത്തുകാരല്ലെന്നും നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ച് എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ തങ്ങള്‍ പുറപ്പെട്ട ലോകത്തില്‍ ജീവനോടെ തിരിച്ചെത്തുകയില്ലെന്നും അവര്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു- അതാണ് അവരെ നയിച്ചതും വിജയിപ്പിച്ചതും.
ഒരു കണക്കിനു നാമും ഈ ഭൂമിയില്‍ അതുപോലെയല്ലേ- തികച്ചും അന്യഗ്രഹജീവികള്‍! ദൈവത്തിന്റെ പദ്ധതിയനുസരിച്ച് ഈ ലോകത്തില്‍ വന്നെത്തിയവരാണു നാം- ഒരു നിശ്ചിത സമയത്ത് ഇവിടെനിന്നും മടങ്ങേണ്ടവര്‍. അതൊന്നും നാം തീരുമാനിച്ച വിധത്തിലും സമയത്തുമല്ല.
അപ്പോളോയില്‍നിന്ന് ആംസ്റ്റ്രോങ് ചാന്ദ്ര വാഹനത്തിലേക്ക് കടന്നത് ഹ്യൂസ്റ്റണിലെ നിയന്ത്രണകേന്ദ്രത്തില്‍നിന്നു നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ മാത്രമാണ്. അതുപോലെ ച ന്ദ്രനില്‍ കാലുകുത്തിയതും (4.17 pm). അ ങ്ങനെതന്നെ എഡ്വിനും പ്രവര്‍ത്തിച്ചു. ചി ലതെല്ലാം കണ്ടറിഞ്ഞു കൈവശപ്പെടുത്തി മടങ്ങുകയായിരുന്നു അവരുടെ ദൗത്യം. നി ര്‍ദ്ദേശിച്ചതുപോലെ, നിര്‍ദ്ദേശിച്ച അളവി ലും തൂക്കത്തിലും അവരതു നിര്‍വഹിച്ചു.
അവരെപ്പോലെ ചില ദൗത്യവുമായിട്ടാണ് നാമും ഈ ലോകത്തിലേക്ക് അയയ്‌ക്കപ്പെട്ടിരിക്കുന്നത്- ചിലതൊക്കെ നേടി മടങ്ങുവാന്‍. ചുരുക്കം ചിലതേ നമുക്കു കൂട്ടത്തില്‍ കൊണ്ടുപോകാനാകൂ. അവിടെയായിരിക്കണം നമ്മുടെ സജീവശ്രദ്ധ.
അനുവദനീയമായ വിധത്തിലും സമയത്തിലും എല്ലാം നടന്നുകണ്ട് ആസ്വദിക്കുവാന്‍ നമുക്കും അവസരമുണ്ട്- അവര്‍ ചെ യ്‌തതുപോലെ. എങ്കിലും, അവര്‍ക്കുണ്ടായിരുന്ന പരിസരബോധം നമുക്കും വേണം-എപ്പോഴും: ``തങ്ങള്‍ ഇവിടെനിന്നു മടങ്ങേണ്ടവരാണ്; നാസയുടെ അദൃശ്യകരങ്ങളാണ് തങ്ങളെ താങ്ങിക്കൊണ്ടിരിക്കുന്നത്.''
മറ്റാര്‍ക്കും പാടികേള്‍പ്പിക്കാനാവാത്ത, പൂര്‍ത്തിയാക്കാനാവാത്ത ഒന്നിനുവേണ്ടിയാണ് നാം അയ്‌ക്കപ്പെട്ടിരിക്കുന്നത്. കോടാനുകോടി മനുഷ്യര്‍ ഇപ്പോഴും ദൈവത്തിന്റെ ഭാവനയില്‍മാത്രം സ്ഥിതിചെയ്യുന്നു. അവരില്‍നിന്നു നാം മാത്രം ജീവിതത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വിളിക്കപ്പെട്ടപ്പോള്‍ നമ്മെ സംബന്ധിച്ചുള്ള ചില ദൈവിക പദ്ധതികള്‍കൂടി വെളിച്ചം കാണുകയായിരുന്നു- വെളിവാക്കപ്പെടുകയായിരുന്നു. ആദ്യത്തെ ആകാശയാത്ര ആംസ്റ്റ്രോങിനെയും ആല്‍ഡ്രിനെയും കോളിന്‍സിനെയും കേന്ദ്രീകരിച്ചായിരുന്നതുപോലെ തന്നെ.
വെറുതെ ആരും ഒരു മേശ നിര്‍മിക്കുകയോ വാങ്ങുകയോ ഇല്ല. അതിനെപ്പറ്റി നിയതമായ ചില ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആരംഭത്തിലേ ഉണ്ടാകും. അതിന് ഉതകത്തക്ക രീതിയിലാണ്, അതു മുന്‍നിറുത്തിയാണ് ഒരാള്‍ അതു നിര്‍മിച്ചു തുടങ്ങുക. സ്രഷ്‌ടാവായ ദൈവത്തിനും ഇതുപോലെ തന്റെ എല്ലാ സൃഷ്‌ടികളെയും കുറിച്ച് ഒരു കാഴ്‌ചപ്പാടുണ്ട്.
പ്രവാചകന്‍ പറയുകയാണ്: ``നിങ്ങളെക്കുറിച്ചുള്ള ഒരു പദ്ധതി എന്റെ മനസിലുണ്ട്- നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'' (ജറെമിയാ 29:11). അത് നമ്മെ ഉരുവാക്കി ലോകത്തിലേക്കയ്‌ക്കുമ്പോള്‍ സ്രഷ്‌ടാവിനുണ്ടായിരുന്ന പദ്ധതിയാണ്. അതേക്കുറിച്ച് തികഞ്ഞ ഒരു തിരിച്ചറിവ് നമുക്കുണ്ടാകണം- നമ്മുടെ എല്ലാ നീക്കങ്ങളിലും അതു നിഴലിക്കുകയും വേണം.
തികച്ചും അപകടകാരിയായ സമയമായിരുന്നു ഗഗനസഞ്ചാരികള്‍ ചന്ദ്രനില്‍ ചിലവഴിച്ച നിമിഷങ്ങളത്രയും. സൂര്യനില്‍ നിന്നുയരുന്ന റേഡിയേഷനും ജീവനാശിയായ വിഷക്കാറ്റും ശൂന്യാകാശത്തിലൂടെ പ്രസരിക്കുന്ന മാരകരശ്‌മികളും ഒക്കെ അപായം സൃഷ്‌ടിക്കുമായിരുന്നു. ഇത്തിരി വിശ്രമിക്കാമെന്നു കരുതി പരിസരം മറന്ന് `പടച്ചട്ട' ഊരി ഒന്നിരുന്നിരുന്നെങ്കില്‍ നിത്യനാശമായിരുന്നു നേരിടുക- അവരുടെ പൊടിപോലും ഭൂമിയിലെത്തുമായിരുന്നില്ല! ഏതു നിമിഷവും എന്തും സംഭവിക്കാം. അതുകൊണ്ട് വളരെ കരുതലോടെയാണ് അവര്‍ നീങ്ങിയത്- അപായസൂചനകളും അറിയിപ്പുകളും കൃത്യമായി കണക്കിലെടുത്തുകൊണ്ട്.
കോളിന്‍സും ആല്‍ഡ്രിനും ആംസ്റ്റ്രോങും പുറപ്പെട്ട നിമിഷം മുതല്‍ നാസയിലുള്ളവര്‍ വിശ്രമമെന്തെന്നറിഞ്ഞിട്ടില്ല. സാധിക്കുന്നത്ര സഹായങ്ങളൊക്കെ എത്തിച്ചുകൊടുത്തുകൊണ്ട് നിതാന്തജാഗ്രത പുലര്‍ത്തി അവര്‍ ഉണര്‍ന്നിരുന്നു.
റോബര്‍ട്ടു ഫാല്‍ക്കണറില്‍ ജോര്‍ജ് മക്‌ഡൊനാള്‍ഡ് ഇങ്ങനെയെഴുതി: ``നമ്മെ സൃഷ്‌ടിച്ചുവിട്ട ദൈവത്തിന് നമ്മെക്കുറിച്ച് നിരന്തര ജാഗരൂകതയുണ്ട്.'' നാസയിലുണ്ടായിരുന്നതിനെ അതിശയിക്കുന്ന ശ്രദ്ധ. അവിടുന്ന് എപ്പോഴും ഉണര്‍ന്നിരിക്കുന്നു. അതുകൊണ്ട്, മക്‌ഡൊനാള്‍ഡ് പറയുന്നതുപോലെ നാം ഒന്നും ഭയപ്പെടേണ്ട കാര്യമില്ല. തിരിച്ചു ചെല്ലുന്ന നിമിഷംവരെ അവിടുന്നു നമ്മുടെ കാര്യത്തില്‍ സദാ ശ്രദ്ധാലുവാണ്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചൈനയിലെത്തി നിസ്‌തുല സേവനം കാഴ്‌ചവച്ച വ ലിയൊരു പ്രേഷിതനാണ് വില്യം ബ്രയിസ്റ്റഡ്. ഒരു മിഷനറിയാകാനാണ് തന്റെ ദൈവവിളിയെന്നു മനസിലാക്കിയ വില്യം തന്റെ എല്ലാ ജീവിതാഭിലാഷങ്ങളും സ്വപ്‌നങ്ങളും മാറ്റിവയ്‌ക്കുകയാണ്: ``എന്നെ സംബന്ധിക്കുന്ന ദൈവികപദ്ധതി ഞാന്‍ നിഷ്‌ഫലമാക്കുകയില്ല.'' മെയ്‌ഡ് ഇന്‍ വെയ്‌റ്റിംങ് എന്ന ഗ്രന്ഥത്തില്‍ ജോണ്‍ ഗ്ലാസ്‌വര്‍ത്തി ലേഡി ചേര്‍വെല്‍ എന്ന മഹതിയും മകള്‍ ഡിന്നിയും തമ്മിലുള്ള ഒരു സംഭാഷണം അവതരിപ്പിക്കുന്നതു ശ്രദ്ധേയമാണ്. ചേര്‍വെല്‍ ഉപദേശിക്കുകയാണ്: ``മകളേ, നമ്മെപ്പറ്റിയുള്ള ഒരു ദൈവികപദ്ധതിയുണ്ട്- അതനുസരിച്ചേ നീങ്ങാവൂ.''
മനുഷ്യന്‍ ചന്ദ്രനിലെത്തിയതു വലിയൊരു കാര്യമാണ്. A giant leap for mankind എന്ന് ഉദ്‌ഘോഷിച്ച ആംസ്റ്റ്രോങിനോടു കൂട്ടിച്ചേര്‍ത്തുകൊണ്ട്, പിന്നീട് അപ്പോളോ 15 ല്‍ അവിടെ എത്തിയ ജയിംസ് ഈര്‍വിന്‍ പറയുകയാണ്: ``മനുഷ്യന്‍ ചന്ദ്രനിലെത്തിയതു വലിയൊരു വിസ്‌മയമാണെങ്കില്‍ അതിലും വലിയ വിസ്‌മയമാണ് ദൈവം ഭൂമിയിലെത്തിയത്.'' മനുഷ്യരെ ചന്ദ്രനിലെത്തിക്കുകയായിരുന്നു അപ്പോളോ പദ്ധതി ഉന്നംവച്ചതെങ്കില്‍, സകല മനുഷ്യരെയും സുരക്ഷിതരായി അതിനപ്പുറത്ത് സ്വര്‍ഗസൗഭാഗ്യത്തിലെത്തിക്കുകയാണ് മനുഷ്യാവതാരമെന്ന ദൈവികപദ്ധതി ലക്ഷ്യമിട്ടത്.
``കര്‍ത്താവേ, അങ്ങേ വഴി ഞങ്ങളെ പഠിപ്പിക്കേണമേ'' എന്ന് സങ്കീര്‍ത്തകനോടൊപ്പം നമുക്കു പ്രാര്‍ത്ഥിക്കാം (സങ്കീ. 27:11). ദൈവത്തിന്റെ പദ്ധതിയനുസരിച്ച് അവിടുത്തെ വഴികളിലൂടെമാത്രം ലക്ഷ്യം തെറ്റാതെ സഞ്ചരിച്ച് സ്വര്‍ഗലോകത്തില്‍ സുരക്ഷിതരായി എത്തിച്ചേരുവാന്‍ നമുക്കു കഴിയുമാറാകട്ടെ
No comments:
Post a Comment