അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday, 5 February 2013

ദേവാലയം


ലക്ഷക്കണക്കിന്‌ രൂപ മുടക്കി നിര്‍മ്മിച്ച ദൈവാലയത്തിലെ വിശ്വാസികളുടെ പെരുമാറ്റത്തെക്കുറിച്ച്‌ ഒരു വൈദികന്‍ ഒരിക്കല്‍ ഇപ്രകാരം പരിതപിച്ചു: ``ജനങ്ങളുടെ വിവേകം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നു തോന്നുന്നു. ഞാന്‍ പലതവണ മൈക്കിലൂടെ പറഞ്ഞിട്ടുള്ളതാണ്‌ ദൈവാലയത്തില്‍ ആരും ചെരിപ്പ്‌ ധരിക്കരുതെന്ന്‌. പക്ഷേ അത്‌ ആരും ഗൗനിക്കുന്നില്ല, പ്രത്യേകിച്ച്‌ വിവാഹാവസരങ്ങളില്‍.'' ദൈവാലയത്തിനു കൊടുക്കേണ്ട ബഹുമാനവും ആദരവും പല സ്ഥലങ്ങളിലും കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്ന്‌ ഈ വൈദികന്റെ വാക്കുകളും ചിലയിടങ്ങളിലെ അനുചിതമായ പെരുമാറ്റരീതികളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

ദൈവാലയം:

 ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്നയിടം ദൈവാലയം ദൈവത്തിനു പ്രതിഷ്‌ഠിക്കപ്പെട്ട ഭവനമാണ്‌. ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വിശ്വാസികള്‍ അനുഭവിച്ചറിയുന്നിടമാണത്‌. അതു വെറും കെട്ടിടമല്ല. പുരാതനകാലം മുതലേ സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരവും ചാരുതയാര്‍ന്നതുമായ ദൈവാലയങ്ങള്‍ കൂടിയാണ്‌. ക്രൈസ്‌തവ കാഴ്‌ചപ്പാടനുസരിച്ച്‌ ദൈവം വസിക്കുന്ന സ്ഥലമായ ദൈവാലയം ലൗകികമായ ഉപയോഗങ്ങളില്‍ നിന്നും വേര്‍തിരിച്ച്‌ പവിത്രീകരിച്ച്‌ വിശുദ്ധ തൈലംകൊണ്ട്‌ അഭിഷേകം ചെയ്‌ത്‌ ദൈവാരാധനയ്‌ക്കുള്ള സ്ഥലമായി പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നു. ആരാധനാസമൂഹത്തിന്‌ ഏറ്റവും പവിത്രമായ വേദിയാണത്‌. കാരണം, ദൈവജനത്തിന്‌ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുന്നതിനും ആരാധിക്കുന്നതിനും കൂദാശകള്‍ സ്വീകരിക്കുന്നതിനും ദൈവവചനം ശ്രവിക്കുന്നതിനുമുള്ള സ്ഥലം ആണ്‌ ദൈവാലയം. ക്രൈസ്‌തവ കാഴ്‌ചപ്പാടനുസരിച്ച്‌ നാം ഒറ്റയ്‌ക്കല്ല സമൂഹമായിട്ടാണ്‌ ദൈവാലയത്തില്‍ ആരാധനയര്‍പ്പിക്കുന്നത്‌. ലൗകികവ്യഗ്രതയില്‍ മുഴുകുന്ന, ഭൂമിയില്‍ സ്വര്‍ഗപ്രവേശനത്തിനായി യത്‌നിക്കുന്ന ക്രൈസ്‌തവര്‍ക്ക്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ ഒരുങ്ങുവാനുള്ള ഒരു ഭവനമാണ്‌ ദൈവാലയം. 

ദൈവാലയം നിത്യമായ സ്വര്‍ഗീയഭവനത്തിലേക്ക്‌ നമ്മെ നയിക്കുകയും സ്വര്‍ഗീയ ഭവനത്തിലെത്തുന്നതുവരെ നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ദൈവാലയത്തിലെ ആന്തരികസംവിധാനം ദൈവാലയം മറ്റൊരു യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുന്ന പ്രതീകമാണ്‌. ദൈവാലയം പ്രപഞ്ചത്തിന്റെയും തിരുസഭയുടെയും പ്രതീകമാണ്‌. ദൈവാലയത്തെയും അതിലെ ആന്തരികസംവിധാനങ്ങളെയും കര്‍മ്മാനുഷ്‌ഠാനങ്ങളെയും പ്രതീകാത്മകമായ അര്‍ത്ഥത്തിലാണ്‌ നാം കാണേണ്ടത്‌. ഇന്നു നാം നേരിടുന്ന വലിയ പ്രതിസന്ധി പലപ്പോഴും ദൈവാലയത്തിന്റെ ബാഹ്യരൂപത്തില്‍ മാത്രം ശ്രദ്ധിക്കുകയും അതിന്റെ ആന്തരികസംവിധാനം അവഗണിക്കുകയും ചെയ്യുക എന്നതാണ്‌. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ പ്രഥമവും പ്രധാനവുമായി വി. ബലി അര്‍പ്പിക്കാന്‍വേണ്ടിയാണ്‌ വിശ്വാസികള്‍ ദൈവാലയത്തില്‍ വരുന്നതെന്നാണ്‌. ക്രൈസ്‌തവവിശ്വാസത്തിന്റെ രത്‌നച്ചുരുക്കവും എല്ലാ ഭക്തിയുടെയും കേന്ദ്രബിന്ദുവും ആയ വി. കുര്‍ബാന പരികര്‍മ്മം ചെയ്യപ്പെടുന്നത്‌ ഈശോയോ സഭയോ സ്ഥാപിച്ചിട്ടുള്ള അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയുമാണ്‌. ദൈവാലയത്തിന്റെ ആന്തരികസംവിധാനവും ഘടനയും ദര്‍ശനവുമെല്ലാം മിശിഹാരഹസ്യം പ്രതിഫലിപ്പിക്കേണ്ടതാണ്‌. രക്ഷാകരചരിത്രത്തിലെ വിവിധ സംഭവങ്ങളും സ്ഥലങ്ങളുമായി ദൈവാലയം നമ്മെ ബന്ധിപ്പിക്കുന്നു. 

ദൈവാലയത്തിലെ ആന്തരികസംവിധാനങ്ങള്‍ക്ക്‌ പ്രതീകാത്മകമായ അര്‍ത്ഥമാണുള്ളത്‌. ഉദാഹരണമായി, ഒരു പൗരസ്‌ത്യ ദൈവാലയത്തിലെ ബലിയര്‍പ്പിക്കുന്ന സ്ഥലമായ `മദ്‌ബഹാ' സ്വര്‍ഗീയ ജറുസലേമിന്റെ പ്രതീകമാണ്‌. മദ്‌ബഹായിലെ `വിരി' അഥവാ `തിരശീല' ദൈവത്തിന്റെ രഹസ്യാത്മകതയെയും സര്‍വാധിശയത്വത്തെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. കാര്‍മികനെയും സമൂഹത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്‌ വി. കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന സമൂഹത്തിന്‌ നേതൃത്വം നല്‍കുന്ന ഗായകസംഘം നില്‍ക്കുന്ന സ്ഥലം `കെസ്‌ത്രോമ്മ' എന്ന പേരില്‍ അറിയപ്പെടുന്നു. ദൈവാലയത്തില്‍ ജനങ്ങള്‍ നില്‍ക്കുന്ന സ്ഥലമായ `ഹൈക്കലാ' ഭൂമിയുടെ പ്രതീകമാണ്‌. കെസ്‌ത്രോമ്മയുടെ തൊട്ടുതാഴെയായി സജ്ജീകരിച്ചിരിക്കുന്ന `ബേമ്മ'യില്‍ വെച്ചാണ്‌ യാമപ്രാര്‍ത്ഥനകള്‍ ഔദ്യോഗികമായി നടത്തുന്നതും വി. കുര്‍ബാനയുടെ ആദ്യഭാഗമായ വചനശുശ്രൂഷ നടത്തുന്നതും. ദൈവാലയത്തിലെ പ്രതീകാത്മകതയും വിശുദ്ധ കലയും ദൈവാലയത്തിന്റെ ആന്തരികസജ്ജീകരണത്തെക്കുറിച്ച്‌ പ്രസിദ്ധ ആരാധനക്രമപണ്‌ഡിതനായ ലൂയി ബുയേ പ്രസ്‌താവിക്കുന്നത്‌ സിനഗോഗ്‌ (പഴയനിയമത്തിലെ) ഒരിക്കലും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള സ്ഥലമോ മതപ്രബോധനം നിര്‍വഹിക്കുന്നതിനുള്ള പാഠശാലയോ ആയിരുന്നില്ലെന്നാണ്‌. എന്നാല്‍ എപ്പോഴും ഇതിന്റെ സജ്ജീകരണം ദൈവസാന്നിധ്യോന്മുഖമായിരുന്നു. 

സിനഗോഗില്‍ `നിയമഗ്രന്ഥം' സൂക്ഷിച്ചിരിക്കുന്ന സങ്കേതം ഒരു തരത്തിലുള്ള വാഗ്‌ദാനപേടകത്തെ ഉള്‍ക്കൊള്ളുന്നു എന്ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ തന്റെ `ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌. അതായത്‌ ദൈവത്തിന്റെ യഥാര്‍ത്ഥ സാന്നിധ്യമാണത്‌. തന്മൂലം ദൈവത്തിന്റെ അത്ഭുതാവഹമായ സാന്നിധ്യത്തിന്‌ അനുയോജ്യമാംവിധം ആദരവിന്റെ അടയാളങ്ങള്‍കൊണ്ട്‌ അത്‌ വലയം ചെയ്യപ്പെട്ടിരിക്കുന്നു. കലാകാരന്മാരുടെ ഭാവനയല്ല, മറിച്ച്‌ രഹസ്യങ്ങളെക്കുറിച്ചുള്ള ധാരണയും അവബോധവുമാണ്‌ ദൈവാലയനിര്‍മ്മാണത്തില്‍ വേണ്ടതെന്ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പയും ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ ദൈവാലയത്തിന്റെ ആന്തരികഘടനയെയും സജ്ജീകരണങ്ങളെയും മനഃപൂര്‍വം വിവാദമാക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്‌. `ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന തന്റെ ഗ്രന്ഥത്തില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ പറയുന്നു: ``നമ്മുടെ ശ്രദ്ധാവിഷയം കര്‍ത്താവാണ്‌. അവിടുന്നാണ്‌ ചരിത്രത്തിലെ ഉദയസൂര്യന്‍. അതുകൊണ്ടാണ്‌ പീഡാനുഭവത്തെ സൂചിപ്പിക്കുന്ന സ്ലീവാ നമുക്കുള്ളത്‌. നമുക്കുവേണ്ടി തന്റെ പാര്‍ശ്വം കുത്തിത്തുളക്കപ്പെടാന്‍ അനുവദിച്ച, പീഡയനുഭവിക്കുന്ന കര്‍ത്താവിനെ ആ സ്ലീവാ പ്രതിനിധാനം ചെയ്യുന്നു... പീഡാനുഭവത്തിന്റെ കുരിശുപോലെ തന്നെ വിജയത്തിന്റെ കുരിശും നമുക്കുണ്ട്‌. ഈ സ്ലീവാ കര്‍ത്താവിന്റെ ദ്വിതീയാഗമനത്തെ സൂചിപ്പിക്കുകയും അതിലേക്ക്‌ നമ്മുടെ നയനങ്ങളെ നയിക്കുകയും ചെയ്യുന്നു'' (ലിറ്റര്‍ജിയുടെ ചൈതന്യം, പേജ്‌-82).വിശുദ്ധമായവയെക്കുറിച്ചുള്ള അവബോധം ഏറെ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌ എന്ന്‌ പലരും പരിദേവനം ചെയ്യാറുണ്ട്‌. 

ഇങ്ങനെയുള്ള വിലാപങ്ങള്‍ക്കിടയിലും ദൈവാലയത്തോട്‌ കാണിക്കേണ്ട ആദരവ്‌ യഥാവിധി നിര്‍വഹിക്കുന്നുണ്ടോ എന്ന്‌ ആത്മശോധന ചെയ്യേണ്ടതുണ്ട്‌. ക്രൈസ്‌തവരെ സംബന്ധിച്ച്‌ ദൈവാലയം വിശ്വാസത്തിന്റെ ശക്തമായ പ്രതീകവും ആവിഷ്‌ക്കാരവുമാണ്‌. എന്നാല്‍ കുറച്ചുനാളുകളായി ദൈവാലയത്തോടുള്ള നമ്മുടെ നിലപാടുകള്‍ ചില സ്ഥലങ്ങളിലെങ്കിലും പരിധി വിടുന്നില്ലേ എന്നു സംശയിക്കേണ്ടതുണ്ട്‌. പ്രൊട്ടസ്റ്റന്റു ചിന്തയുടെയോ പെന്തക്കോസ്‌തല്‍ ആശയങ്ങളുടെയോ ഫലമായിട്ടാകാം നമ്മില്‍ പലരും ദൈവാലയത്തെ ഒരു `ഹാള്‍' ആയിട്ടാണു കാണുന്നത്‌. ചില അവസരങ്ങളില്‍ ദൈവാലയത്തിനു കൊടുക്കേണ്ട ഭക്തിയും ആദരവും നമുക്ക്‌ കൈമോശം വന്നുപോകുന്നു. ദൈവാലയത്തെ ഒരു `കെട്ടിടം' മാത്രമായി കാണാനുള്ള പ്രലോഭനത്തിന്‌ ഇന്നു പലരും വശംവദരരാണെന്നു തോന്നുന്നു. ദൈവാലയത്തിനു പൂര്‍വികര്‍ കൊടുത്തിരുന്ന പാവനതയും ആദരവും കൈമോശം വന്നിട്ടുണ്ടെന്നത്‌ സത്യമാണ്‌. `ദൈവം എല്ലായിടത്തുമുണ്ടെ'ന്ന വിശാലകാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ ചിന്തിക്കുമ്പോള്‍ ദൈവാലയത്തിലെ അവരുടെ പെരുമാറ്റം ``ദൈവം ഒരിടത്തുമില്ല'' എന്ന പ്രതീതിയാണ്‌ ജനിപ്പിക്കുന്നത്‌! ദൈവാലയത്തില്‍വച്ച്‌ ക്ലാസുകള്‍ നടത്തുന്നതും അവധിക്കാല ക്യാമ്പുകള്‍ നടത്തുന്നതും സംഘടനകളുടെ മീറ്റിംഗ്‌ കൂടുന്നതും സമ്മാനം കൊടുക്കുന്നതും കൈയടിക്കുന്നതുമെല്ലാം ഇന്ന്‌ ചിലയിടങ്ങളിലെല്ലാം സാധാരണമായ കാഴ്‌ചയാണ്‌. വിശ്വാസപരിശീലന ക്ലാസുകള്‍ മറ്റ്‌ സൗകര്യമില്ലാത്തതിനാല്‍ ദൈവാലയത്തില്‍വച്ച്‌ നടത്തുന്നത്‌ മനസിലാക്കാവുന്നതാണ്‌. എന്നാല്‍ മറ്റ്‌ ആവശ്യങ്ങള്‍ക്കായി ദൈവാലയം ഉപയോഗിക്കുന്നതിന്‌ ഒട്ടും നീതീകരണമില്ല. വിവാഹത്തിനുശേഷം ദൈവാലയത്തില്‍ നടത്തുന്ന `ഫോട്ടോയെടുപ്പ്‌' പലപ്പോഴും ബഹളമയമായ ഒരന്തരീക്ഷത്തിലാണ്‌ നടക്കുന്നത്‌. അതുപോലെ ചില പള്ളികളില്‍ വിവാഹരജിസ്റ്ററില്‍ വധൂവരന്മാരും സാക്ഷികളും ഒപ്പുവയ്‌ക്കുന്നതും ദൈവാലയത്തിനുള്ളിലാണ്‌. ഇവിടെയെല്ലാം സംഭവിക്കുന്നത്‌ `വിശുദ്ധമായതിനെക്കുറിച്ചുള്ള അവബോധം' നഷ്‌ടപ്പെടാന്‍ നാം ബോധപൂര്‍വം ഇടവരുത്തുന്നുവെന്നതാണ്‌. വിവാഹപരികര്‍മ്മത്തിനുശേഷം ദൈവാലയത്തിനുള്ളില്‍ ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ അനുവദിക്കാത്ത ചില രൂപതകളുടെ നിലപാട്‌ മാതൃകാപരമാണ്‌. അതായത്‌, വിവാഹപരികര്‍മ്മത്തിന്റെ അവസരത്തില്‍ നിശ്ചയിക്കപ്പെട്ടതനുസരിച്ച്‌ ഫോട്ടോയോ വീഡിയോയോ എടുക്കാവുന്നതാണ്‌. വിവാഹപരികര്‍മ്മത്തിനുശേഷം വധൂവരന്മാരും ബന്ധുജനങ്ങളും സൗകര്യപ്രദമായി ദൈവാലയത്തിനു പുറത്തോ പ്രധാന വാതിലിന്റെ മുമ്പില്‍ നിന്നോ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതു നല്ലതായിരിക്കും. 

സ്വര്‍ഗീയ ജറുസലേമിന്റെ മാതൃകയാണ്‌ ദൈവാലയങ്ങള്‍. ദൈവവചനത്താലും കൂദാശകളാലും ഓരോ വിശ്വാസിയും പോഷിപ്പിക്കപ്പെടുന്ന വിശുദ്ധ ഭവനമാണത്‌. വ്യക്തിപരമായി സ്വാംശീകരിക്കുന്ന വി ശ്വാസം ഓരോരുത്തരും സമൂഹമായി പ്രകടിപ്പിക്കുന്ന വേദിയും. എന്നാല്‍ ഇന്ന്‌ ആധുനികതയുടെയും തെറ്റായ ദൈവശാസ്‌ത്ര കാഴ്‌ചപ്പാടുകളുടെയും വേലിയേറ്റത്തില്‍ ദൈവാലയവും ഗുരുതരമായ ഭീഷണിക്കു വിധേയമായിരിക്കുന്നു. ദൈവാലയം ഇന്ന്‌ അതിന്റെ ലക്ഷ്യത്തില്‍നിന്ന്‌ മാറ്റി മറിക്കപ്പെട്ട്‌ അര്‍ത്ഥം നഷ്‌ടപ്പെടുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്‌. ഉപഭോഗസംസ്‌കാരത്തിന്റെ പിടിയില്‍പ്പെട്ട്‌ പല പാശ്ചാത്യരാജ്യങ്ങളിലെ ദൈവാലയങ്ങള്‍ക്കും സംഭവിച്ച `ദൈവത്തെ നഷ്‌ടപ്പെടുത്തുക' എന്ന രോഗം നമ്മെയും പിടികൂടുമോ എന്നാണ്‌ ആശങ്കപ്പെടേണ്ടത്‌. ചുറ്റുമുള്ള നിരീശ്വരപ്രസ്ഥാനങ്ങളും യുക്തിയില്‍ മാത്രം അധിഷ്‌ഠിതമായ സിദ്ധാന്തങ്ങളും ദൈവാലയങ്ങളുടെ തകര്‍ച്ചയും മതത്തിന്റെ നാശവും സ്വപ്‌നം കാണുന്നവരാണ്‌. ശൂന്യമായ ദൈവാലയങ്ങള്‍ തങ്ങളുടെ സ്വപ്‌നത്തിന്‌ ആക്കം കൂട്ടുമെന്നവര്‍ കരുതുന്നു. `ദൈവം മനുഷ്യന്റെ ഉള്ളിലാണുള്ളത്‌, കല്ലും തടിയും കൊണ്ടു നിര്‍മ്മിച്ച ദൈവാലയങ്ങളിലല്ല' എന്നുരുവിടുന്ന പുരോഗമനവാദികളായ കവികളും സാഹിത്യകാരന്മാരും നമ്മുടെ ചുറ്റുമുണ്ടല്ലോ. ദൈവാലയത്തില്‍നിന്നും ദൈവത്തെ അടര്‍ത്തി മാറ്റിക്കൊണ്ട്‌ വ്യക്തിയുടെ ഹൃദയത്തില്‍ `സ്വകാര്യദൈവ'ത്തെ കുടിയിരുത്താന്‍ അവര്‍ ഒട്ടൊക്കെ വിജയിക്കുകയും ചെയ്യുന്നു. ദൈവാലയത്തിലെ നിലപാടുകള്‍മൂലം മതം വ്യക്തിപരമായ ഒരു കാര്യമാണെന്ന്‌ കാണുന്നവരും ഉണ്ട്‌. പ്രഫ. ജോസഫ്‌ മുണ്ടശേരിയുടെ ജീവിത കഥാചിത്രീകരണമായ `മുണ്ടശേരിയുടെ കൂടെ' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം യൂറോപ്പില്‍ പോയപ്പോള്‍ പാരീസിലെ ഒരു പള്ളി സന്ദര്‍ശിച്ച അനുഭവം പറയുന്നുണ്ട്‌: ``ഫാഷന്റെ മൂര്‍ത്തീകരണങ്ങളായ സ്‌ത്രീപുരുഷന്മാര്‍ അവിടെ മേളിക്കുന്നു. ചിരിച്ചും രസിച്ചും മടങ്ങിപ്പോകുന്നു. മതത്തിന്റെ പിടിയില്‍ നിന്നും പാശ്ചാത്യരാജ്യങ്ങളിലെല്ലാം ജനങ്ങള്‍ മുക്തരായിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണിത്‌.'' (പ്രഫ. മാവേലിക്കര അച്യുതന്‍, `മുണ്ടശേരിയുടെ കൂടെ,' കറന്റ്‌ ബുക്‌സ്‌, 1978, പേജ്‌ 164). ദൈവാലയത്തോടുള്ള അനാദരവ്‌ വിശ്വാസത്തകര്‍ച്ചയുടെ ലക്ഷണമാണെന്നാണ്‌ ഈ വാക്കുകള്‍ നല്‍കുന്ന സൂചന. ദൈവാലയത്തിന്റെ ആന്തരികഘടനയെക്കുറിച്ചും ദൈവാലയത്തിലെ വിശുദ്ധമായ സജ്ജീകരണങ്ങളെക്കുറിച്ചും പരിഹാസരൂപേണ പറയുകയും പല്ലും നഖവുമുപയോഗിച്ച്‌ അതിനെതിരെ പ്രസിദ്ധീകരണങ്ങളിലൂടെ ശബ്‌ദമുയര്‍ത്തുകയും ചെയ്യുന്നവര്‍ സഭയുടെ കാഴ്‌ചപ്പാട്‌ മാറ്റിനിറുത്തി സ്വന്തം യു ക്തിയും സൗകര്യവും അവതരിപ്പിക്കാനാണ്‌ പലപ്പോഴും ശ്രമിക്കുന്നത്‌. ആംഗലേയ സാഹിത്യകാരനായ ക്രിസ്റ്റഫര്‍ ഡ്വോസന്റെ വാക്കുകള്‍ ചിന്തനീയമാണ്‌: ``ഇന്നലത്തെ ആധ്യാത്മിക ചൈതന്യമാണ്‌ ഇന്നത്തെ സംസ്‌കാരത്തിന്‌ നിദാനം. ഇന്നിനെ സ്വാധീനിക്കുന്ന ആധ്യാത്മിക വീക്ഷണമാണ്‌ നാളത്തെ സംസ്‌കാരത്തിനു രൂപം കൊടുക്കുന്നത്‌.'' ദൈവാലയത്തെ സംബന്ധിച്ചും ഈ വാക്കുകള്‍ ഏറെ പ്രസക്തമാണ്‌. നാളത്തെ തലമുറയ്‌ക്ക്‌ ആധ്യാത്മികചൈതന്യം പ്രദാനം ചെയ്യുന്ന വിധത്തില്‍ ദൈവാലയത്തിന്റെ അര്‍ത്ഥവും ഗരിമയും ചൈതന്യവും ഇന്നു നമുക്ക്‌ പകര്‍ന്നുകൊടുക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ്‌ ചിന്തനീയമായ ചോദ്യം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22