അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday 10 February 2013

നോമ്പാചരണമോ? എന്തിനാണത് ?


''ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. എന്നാൽ, അവന്റെ  സങ്കീർണപ്രശ്‌നങ്ങൾ അവന്റെതന്നെ സൃഷ്ടിയാണ്'' (സഭാ.7:29).

മനുഷ്യമനസിൽ എക്കാലവും കുളിർമ നല്കുന്ന ചില വിസ്മയങ്ങളുണ്ട്- കുഞ്ഞിന്റെ നൈർമല്യം, മഞ്ഞുതുള്ളിയുടെ പരിശുദ്ധി, മുല്ലപ്പൂവിന്റെ സൗരഭ്യം, ലില്ലിപ്പൂവിന്റെ വെണ്മ എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കമായ പുഞ്ചിരി ആരുടെ ഹൃദയത്തെയാണ് സ്വാധീനിക്കാത്തത്? കളങ്കമില്ലാത്ത ശൈശവവും ബാല്യവും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിശുദ്ധമായ ഘട്ടങ്ങളാണെന്നതിൽ തർക്കമില്ല. സരളമായ ഹൃദയം നല്കി ദൈവം നമ്മെ ഈ ലോകത്തിലേക്ക് യാത്രയാക്കി. എന്നാ ൽ, വളർച്ചയുടെ ഘട്ടങ്ങളിൽ നാമതിനെ സങ്കീർണമാക്കി. ''നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല'' (മത്താ.18:3) എന്ന് ഈശോ ഓർമിപ്പിക്കുമ്പോൾ ശിശുവിന്റെ നൈർമല്യത്തിന് സ്വർഗരാജ്യം നേടിത്തരുവാൻ കഴിയുമെന്നാണ് അർത്ഥം. മത്സ്യമാംസാദികൾ ഉപേക്ഷിക്കുന്നതിലും ഉപവാസത്തിലും ഒതുങ്ങിനില്ക്കാതെ, കളഞ്ഞുപോയസരളഹൃദയം സ്വന്തമാക്കാനുള്ള ഒരുവന്റെ സ്വന്തമായ 
തീരുമാനമായി വേണം നോമ്പാചരണത്തെ കാണാൻ.

അനുകരിക്കാൻ ഒരു മാതൃക ലാളിത്യത്തിന്റെ വഴികളിൽ 
തെളിഞ്ഞുനിന്ന വജ്രശോഭയാണ് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്. ആധുനിക മനുഷ്യന്റെ എല്ലാ അഭിനിവേശങ്ങളും തളച്ചിട്ട ഒരു പച്ചമനുഷ്യൻ! ആർഭാടങ്ങളും ആഡംബരങ്ങളും ആഹ്ലാദങ്ങളും വിലകെട്ട സന്തോഷങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴും ഉള്ളിലുറങ്ങിക്കിടക്കുന്ന നന്മയുടെ ഉൾവിളിക്ക് ഹൃദയപരമാർത്ഥതയോടെ പ്രത്യുത്തരിച്ചവൻ. ഉടലിന്റെ മോഹങ്ങളും ഉടയവന്റെ പ്രതീക്ഷകളും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിൽ അദ്ദേഹത്തിന്റെ ആത്മാവ് വിജയം വരിച്ചു. 'യജമാനനൊ'ഴികെ മറ്റൊന്നും ജീവിതലക്ഷ്യമാക്കാതെ ആകാശത്തിലേക്ക് കൈകൾവിരിച്ച് തെരുവിലേക്കിറങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ ആകാശം വിശാലമായി, ഹൃദയം ആകാശത്തോളം വിസ്തൃതവും. ഈ ഭൂമിയിലെ സകല ചരാചരങ്ങളും ശത്രുമിത്രഭേദമെന്യേ അതിൽ ഇടംനേടി.

വിശുദ്ധിയുടെ പരിവേഷത്തിൽ അദ്ദേഹത്തെ നോക്കിക്കാണാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ, ഇഷ്ടങ്ങളോടുള്ള യുദ്ധത്തിൽ ഇത്രയേറെ ഞെരുക്കപ്പെട്ട മറ്റൊരു വിശുദ്ധനുണ്ടോ?

ഒരു മടക്കയാത്ര
സ്വർഗരാജ്യത്തിലേക്കുള്ള തീർത്ഥാടനത്തിൽ, ശാരീരികവും മാനസികവുമായ തപശ്ചര്യകൾ ഒരു ക്രിസ്തുശിഷ്യന് അനുപേക്ഷണീയമാണെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. തപസിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികൾ അദ്ദേഹം പരി ചയപ്പെടുത്തുന്നത് കാര്യകാരണസഹിതമാണ്.

1. പാപജീവിതത്തിലൂടെ നഷ്ടപ്പെടുത്തിയ ദൈവപുത്രബന്ധം വീണ്ടെടുക്കാൻ പരിഹാരജീവിതമല്ലാതെ മറ്റു മാർഗമില്ല.

2. ലൗകിക സുഖസന്തോഷങ്ങളിലേക്ക് ചാഞ്ഞിരിക്കുന്ന മനുഷ്യപ്രകൃതിയെ അതിന്റെ വശീകരണങ്ങളിൽനിന്ന് വിടർത്തി സ്വർഗോന്മുഖമാക്കി നയിക്കാൻ ആത്മനിയന്ത്രണം അത്യാവശ്യമാണ്.

3. പൈശാചിക തന്ത്രങ്ങളെ ചെറുത്തുനില്ക്കാൻ പരിഹാരവും പ്രാർത്ഥനയുമാണ് വഴിയെന്ന് ഈശോ പഠിപ്പിക്കുന്നു.

4. പാപവഴികളിൽനിന്ന് പിന്തിരിഞ്ഞവൻ വീണ്ടും പാപം ചെയ്യാതിരിക്കാൻ കരുത്തു നേടുന്നത് തപശ്ചര്യയിലൂടെയാണ്.

5. ലൗകികവസ്തുക്കളുടെ ബന്ധനത്തിൽനിന്നും മനസിനെ സ്വതന്ത്രമാക്കാൻ.

ഒരുപക്ഷേ, ഫ്രാൻസിസിനോളം പാപികളായിരിക്കില്ല നമ്മൾ. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തോളം വിശുദ്ധിയിലേക്ക് നമ്മൾ വളരുന്നില്ല? അഹന്തയെ ഹൃദയതാഴ്മകൊണ്ടും ധനമോഹത്തെ ദാരിദ്ര്യംകൊണ്ടും ജഡികതാല്പര്യങ്ങളെ തപശ്ചര്യകൊണ്ടും ഭോജനപ്രിയത്തെ ഉപവാസംകൊണ്ടും വെറുപ്പിനെ സ്‌നേഹംകൊണ്ടും കലഹപ്രിയത്തെ സമാധാനംകൊണ്ടും ജയിക്കാൻ നാം പോരാട്ടം നടത്തുന്നില്ലെന്നതാണ് അതിനു കാരണം. നമുക്ക് നഷ്ടപ്പെട്ട സരളഹൃദയം വീണ്ടെടുക്കാൻ ഒരു നോമ്പുകൂടി ലഭിച്ചിരിക്കുന്നു. സുഖസ്വച്ഛതയുടെ താഴ്‌വാരങ്ങളിൽനിന്ന് ഉണർന്നെഴുന്നേറ്റ്, ജീവൻ കൊടുത്ത് സ്‌നേഹിച്ചവന്റെ ഓർമകൾ നെഞ്ചിലേറ്റി, ഒരു കാൽവരികയറ്റം. അവന്റെ തിരുമുറിവുകളോട് ചേർന്നുനില്ക്കുംവരെയും തുടരണം നമ്മിലെ ശുദ്ധികലശം. വിശുദ്ധിയുടെ മകുടമണിഞ്ഞ ജീവിതങ്ങളുടെയൊക്കെ പിന്നാമ്പുറങ്ങളിൽ ഒരു അഗ്നിസ്‌നാനത്തിന്റെ കഥയുണ്ടെന്നത് സത്യം. മരിക്കുന്നവനാണ് ജീവനിലേക്ക് പ്രവേശിക്കുന്നതെന്ന ഗുരുമൊഴി വീണ്ടും മുഴങ്ങുന്നു.

ഈ നോമ്പുകാലവും ഒരു ഈസ്റ്റർദിനത്തിലേക്ക് വഴിതുറക്കുകയാണ്- ജീവന്റെ സമൃദ്ധിയുള്ള ഒരു പുതുജന്മത്തിലേക്ക്. പിരിമുറുക്കങ്ങളില്ലാത്ത, സങ്കീർണതകളില്ലാത്ത ഒരു സരളഹൃദയത്തിലേക്ക്, ആദ്യനൈർമല്യത്തിലേക്കുള്ള ഈ മടക്കയാത്രയുടെ ദൂരം ഓരോരുത്തർക്കും വ്യത്യസ്തമാണ്. എങ്കിലും അതിന്റെ പരിസമാപ്തിയിൽ വില നിർണയിക്കാനാവാത്ത വിടുതലിന്റെ സൗഭാഗ്യമുണ്ട്!


ദൈവമേ, ശക്തി തരേണമേ. അങ്ങയോടോത്തു എന്നിലെ മ്ലേച്ചതകളെ തുടച്ചു നീക്കാന്‍ ബലഹീനന്‍ ആയ എനിക്ക് ശക്തി നല്‍കേണമേ. ഈ നോയമ്പ് കാലം, എന്നെ ഒരു പുതിയ മനുഷ്യന്‍ ആക്കട്ടെ. എന്നെ ഞാന്‍ അങ്ങേക്ക് മുഴുവനായി സമര്‍പ്പിക്കുന്നു....അങ്ങ് എന്തിനാണോ എന്നെ ഭൂമിയിലേക്ക്‌ അയച്ചത്, അതിലേക്കു പൂര്‍വാധികം ശക്തിയോടെ എന്നെ നയിക്കേണമേ. അതിനു വിഗ്നം ആയി നില്‍കുന്ന എല്ലാറ്റിനെയും അങ്ങയുടെ ശക്തിയാല്‍ തുടച്ചു മാറ്റട്ടെ. അഗാദത്തില്‍ നിന്നും നിന്നെ ഞാന്‍ വിളിക്കുന്നു, എന്നെ കൈവിടല്ലേ.....

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22