അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday 9 June 2013

അനുഗ്രഹമാകുന്നവര്‍

ആര്‍ക്കുവേണ്ടി ഒരു ജനമം മുഴുവന്‍ ജീവിച്ചോ അവരെക്കുറിച്ചുള്ള ഓര്‍മകളാണ് വൃദ്ധമാതാപിതാക്കളുടെ മസ്തിഷ്‌കം നിറയെ. അവശേഷിപ്പുകളായമക്കള്‍ മാതാപിതാക്കളെ അവരുടെ ജീവിതത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയുമ്പോള്‍ തിരുശേഷിപ്പുകളായ മക്കള്‍ മാതാപിതാക്കളെ ജീവിതത്തിന്റെ സൗഭാഗ്യത്തിലേക്ക് ആനയിക്കും.


''Empty Nest'' എന്ന മനഃശാസ്ത്ര ചിന്താശകലം ഏറെ പ്രസിദ്ധമാണ്. ജീവജാലങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ കൊത്തിപ്പിരിക്കുന്നത് അവയ്ക്ക് ചിന്താശക്തി ഇല്ലാത്തതിനാലാണ്. എന്നാല്‍ മനുഷ്യന്‍ വാര്‍ധക്യത്തിലും ചിന്താശക്തിയുള്ളവരാണ്. അതുകൊണ്ട് സ്വയം കൊത്തിപ്പിരിഞ്ഞ് പറന്നകലുന്ന മക്കളെക്കുറിച്ചുള്ള പൂര്‍വകാല ഓര്‍മകള്‍ അവരുടെ ചിന്താശക്തിയില്‍ ധാരാളമുണ്ട്. ആര്‍ക്കുവേണ്ടി ഒരു ജന്മം മുഴുവന്‍ ജീവിച്ചോ അവരെക്കുറിച്ചുള്ള ഓര്‍മകളാണ് വൃദ്ധമാതാപിതാക്കളുടെ മസ്തിഷ്‌കം നിറയെ.

വാര്‍ധക്യം തഴയപ്പെടുന്ന, ഒരു നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. ''അമ്മേ അഭയം തന്ന നിങ്ങള്‍ അനുഗ്രീതര്‍. നിങ്ങള്‍ക്കും ഭാരമാകാതിരിക്കുവാന്‍ ഉടയവന്‍ തന്ന ഈ ജീവന്‍ എത്രയും വേഗം തിരിച്ചെടുത്താല്‍ മതിയായിരുന്നു.'' കണ്‍കോണുകളില്‍ ഊറിവന്ന കണ്ണുനീര്‍ മുത്തുകള്‍ വിരല്‍ തുമ്പുകൊണ്ട് തുടച്ചുമാറ്റിയ ബാലകൃഷ്ണന്‍ മാസ്റ്ററുടെ നെടുവീര്‍പ്പുകള്‍.
ഏതാനും നാളുകള്‍ക്ക് മുമ്പ് വൃദ്ധമന്ദിരത്തില്‍ കാണാനിടയായ ഒരു വൃദ്ധപിതാവിന്റെ ദീനരോദനമാണത്. പേരുകേട്ട സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍, ആറുമക്കളുടെ പിതാവ്, വര്‍ഷങ്ങള്‍ വിദ്യ പകര്‍ന്നു കൊടുത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഗുരുഭൂതന്‍, അരനൂറ്റാണ്ടുകാലം ഒരു കുടുംബത്തിന് ഐശ്വര്യം പകര്‍ന്നുകൊടുത്ത കുടുംബനാഥന്‍. തുണയും സഖിയും ആയിരുന്നവള്‍ പറന്നകന്നപ്പോള്‍ ഏകനായി. നിസഹായതയുടെ മുമ്പില്‍ ആ ഹതഭാഗ്യന് തുറന്നു കിട്ടിയത് സിസ്‌റ്റേഴ്‌സ് നടത്തുന്ന വൃദ്ധമന്ദിരം. ഇന്ന് ആര്‍ക്കും വേണ്ട, എല്ലാവര്‍ക്കും ഭാരം.
ഇന്ന് പല വീടുകളിലും വല്യപ്പനും വല്യമ്മയ്ക്കും ഭ്രഷ്ട് കല്പ്പിച്ചിരിക്കുന്നു. മാതാപിതാക്കളോടുള്ള ബാധ്യത നിര്‍വഹിക്കാത്തവര്‍ക്ക് വന്നു ഭവിക്കുന്ന വിപത്ത് വിശുദ്ധ ഗ്രന്ഥത്തിന്റെ ഏടുകളില്‍ വ്യക്തമാക്കുന്നുണ്ട്. ''പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്മാരെ സേവിക്കും. പിതാവിനെ വാക്കിലും പ്രവൃത്തിയിലും ബഹുമാനിച്ച് അവന്റെ അനുഗ്രഹത്തിന് പാത്രമാവുക. പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനത്തെ ബലവത്താക്കും. അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും. മഹത്വം കാംക്ഷിച്ച് പിതാവിനെ അപമാനിക്കരുത്. പിതാവിന്റെ അപമാനം ആര്‍ക്കും ബഹുമതിയല്ല. പിതാവിനെ ബഹുമാനിക്കുന്നവന്‍ മഹത്വം ആര്‍ജ്ജിക്കുന്നു. അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിയ്ക്കിരയാകും. മകനേ, പിതാവിനെ വാര്‍ധക്യത്തില്‍ സഹായിക്കുക. മരിക്കുന്നതുവരെ അവന് ദുഃഖമുണ്ടാക്കരുത്. അവന് അറിവ് കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക. നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്. പിതാവിനോട് കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല. പാപങ്ങളുടെ കടം വീട്ടുന്നതിന് അത് ഉപകരിക്കും. കഷ്ടതയുടെ ദിനത്തില്‍ അത് നിനക്ക് കാരുണ്യത്തിനായി ഭവിക്കും'' (പ്രഭാഷകന്‍ 3:319).

വാസ്തവത്തില്‍ വാര്‍ധക്യം അനുഗ്രഹദായകമാണ്. അവര്‍ക്കും അവര്‍ വസിക്കുന്ന ഭവനങ്ങള്‍ക്കും. പക്ഷേ ആ തിരിച്ചറിവ് കൈപ്പറ്റുമ്പോഴേക്കും അനുഗ്രഹം മനുഷ്യന് കൈമോശം വന്നിരിക്കും. വൃദ്ധമാതാപിതാക്കള്‍ ഭവനത്തിന്റെ അലങ്കാരമാണ്. അവര്‍ കിടക്കുന്ന കട്ടിലിനും ഇരിക്കുന്ന കസേരയ്ക്കും ധരിക്കുന്ന വസ്ത്രത്തിനും കുഴമ്പിന്റെ മണവും അധ്വാനത്തിന്റെ ചൂരും ഉണ്ടെങ്കിലും അവര്‍ ജീവിക്കുന്ന ഭവനം സ്‌നേഹത്തിന്റെ രൂപഭാവങ്ങള്‍ വിളിച്ചോതുന്നു. ഒരിക്കല്‍ ബലിഷ്ഠമായ അവരുടെ കരങ്ങള്‍ പ്രകൃതിയുടെ താളമേളങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനനിരതമായത് മക്കള്‍ക്ക് വേണ്ടിയായിരുന്നു. നാം അവരെക്കാള്‍ വലിയവരായി തീരണമെന്ന് സ്വാര്‍ത്ഥരഹിതരായ അവര്‍ മനസാ മോഹിച്ചിരുന്നു. ആ മോഹമാണ് ഇന്ന് നമുക്ക് ലഭിച്ച നേട്ടങ്ങള്‍.

എന്നാല്‍ പ്രായം കൂടുന്തോറും മനുഷ്യരില്‍ ചില പരിണാമങ്ങള്‍ സംഭവിച്ചുതുടങ്ങും എന്ന് ഓര്‍ത്തിരിക്കേണ്ടതുണ്ട്. ജരാനരകള്‍ ബാധിക്കുംപോലെതന്നെ ജീവിതത്തില്‍ ഉണ്ടായിരുന്ന വര്‍ണങ്ങള്‍ക്ക് നിറം കുറയും. കണ്ണിന്റെയും കാതിന്റെയും പ്രവര്‍ത്തനം നിലച്ചുകൊണ്ടിരിക്കുന്നുവെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങും. താനാഗ്രഹിക്കുന്നിടത്ത് കാലുറയ്ക്കുന്നില്ല. താന്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നതെല്ലാം മറവിയുടെ മറവില്‍ പതിയിരിക്കുന്നു. കൈകാലുകളുടെ ചലനശേഷി കുറയുന്നു. ശരീരം മുഴുവന്‍ ബലമില്ലായ്മ. സന്ധിബന്ധങ്ങളില്‍ എന്തെന്നില്ലാത്ത വേദന. അവിടവിടെ പിരിമുറുക്കങ്ങള്‍. ഭക്ഷണം കഴിക്കാന്‍ താല്‍പര്യമോ വിശപ്പോ അനുഭവപ്പെടാറില്ല. ചിലപ്പോള്‍ കഴിച്ച കാര്യംതന്നെ മറക്കുന്നു. പരാതിയും പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്കനുഭവപ്പെടുന്ന നാണക്കേട് നാം സ്വയം മറക്കേണ്ടിയിരിക്കുന്നു. പറഞ്ഞതുതന്നെ വീണ്ടും പലയാവര്‍ത്തി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നാം അക്ഷമരാവരുത്. മറിച്ച് ആദ്യം കേള്‍ക്കുന്നവരെപോലെ ആകാംക്ഷയോടെ ശ്രദ്ധിക്കണം. ശാരീരികസ്ഥിതി ഇപ്രകാരം ശോചനീയമാവുമ്പോള്‍ മാനസിക അവസ്ഥ ഇതില്‍നിന്നൊട്ടും വിഭിന്നമല്ല.

ഒരുപാട് സംസാരിച്ചും വിശേഷങ്ങള്‍ കൈമാറിയും ജീവിച്ച പഴയ കാലങ്ങള്‍ കടന്നുപോകുന്നതോടെ മാനസികമായി സമനില കൈവരിക്കുന്നതില്‍ കോട്ടം ഭവിക്കുന്നു. ഉറ്റ സുഹൃത്തുക്കളുടെ എണ്ണം കുറയുന്നു. ശബ്ദമുഖരിതമായിരുന്ന അന്തരീക്ഷം ശബ്ദമില്ലായ്മയുടെ ലോകത്തേക്ക് വഴുതിവീഴുന്നു. സമകാലികരുടെ മരണ അറിയിപ്പുകള്‍ തീരാദുഃഖവും ഭയവും ജനിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ അലട്ടി തുടങ്ങുമ്പോള്‍ ജീവിതത്തിന്റെ ഊര്‍ജ്ജസ്വലതയും പ്രസരിപ്പും നഷ്ടമാകുന്നു.

ഏറെ പ്രതിസന്ധികളെ തന്മയത്വത്തോടും ഉന്മേഷത്തോടുംകൂടി അതിജീവിച്ച വ്യക്തിത്വങ്ങള്‍; ഉണര്‍വും ഉത്സാഹവുംകൊണ്ട് കരുത്താര്‍ജ്ജിച്ച കര്‍മമണ്ഡലങ്ങള്‍; സര്‍വതിനെയും കീഴടക്കി ഈ ഭൂമിയില്‍ നിറഞ്ഞുനിന്ന കാലഘട്ടം. കാലഋതുക്കള്‍ പ്രപഞ്ചത്തിന് മാറ്റം വരുത്തി കടന്നുപോകുമ്പോള്‍ മനുഷ്യന്റെ സ്വപ്‌നങ്ങളുടെ നിറവും മങ്ങിത്തുടങ്ങുന്നു.
നല്ല പ്രായത്തില്‍ ജീവിതാനുഭവങ്ങള്‍ സമ്മാനിച്ച കെടുതികളോടും വിപത്തുകളോടും പടപൊരുതി ഒന്നിച്ചു നിന്നവര്‍, ദുഃഖവും ദുരിതവും പട്ടിണിയും അധ്വാനവും എല്ലാം ഒന്നിച്ച് പങ്കിട്ടനുഭവിച്ചവര്‍. പക്ഷേ വിധി ഇണയില്‍ ഒന്നിനെയും തട്ടിയെടുത്ത് പറന്നകന്നാല്‍ വന്നു ഭവിക്കുന്ന കടുത്ത ഏകാന്തത അവനെ നിരാശതയിലേക്ക് നയിക്കും. ഭര്‍ത്താവ് മരിച്ച ഭാര്യയെക്കാള്‍ ഭാര്യ മരിച്ച ഭര്‍ത്താവിന്റെ ഏകാന്തത മാനസികമായ ഒരു മരവിപ്പ് തന്നെ. ഒരു ഗ്ലാസ് വെള്ളം കിട്ടണമെങ്കില്‍ മരുമക്കളെ ആശ്രയിക്കേണ്ട അവസ്ഥ. ഏറെ ക്ലേശകരമായ ഈ ബുദ്ധിമുട്ടുകള്‍ മനസിലാക്കി അവരെ സഹായിക്കേണ്ടവര്‍ കുടുംബത്തിലുള്ള നാം ഓരോരുത്തരുമാണ്.

പ്രായമായവരുമൊത്ത് ഒന്നിച്ച് ജീവിക്കുന്ന നമുക്ക് ജീവിതത്തില്‍ ചില നല്ല ചിന്തകളും അടിയുറച്ച വിശ്വാസങ്ങളും പാകത വന്ന അറിവുകളും ഉണ്ടായിരിക്കണം. പക്വതയാര്‍ന്ന അവരുടെ ഉപദേശങ്ങളും സത്ചിന്തകളും നമ്മുടെ ഭവനത്തിനൊരു അലങ്കാരം എന്നതില്‍ സംശയം വേണ്ട. ശരീരത്തിന്റെ വടിവും ആകാരഭംഗിയും നഷ്ടപ്പെട്ടെങ്കിലും ചുക്കിച്ചുളിഞ്ഞ മുഖവും വിറയ്ക്കുന്ന കൈകാലുകളും പുതിയ തലമുറയെ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് പഠിപ്പിക്കുന്നു. മനം മടുക്കാത്ത അവരുടെ പ്രാര്‍ത്ഥനയും നിരന്തര ദൈവസ്തുതിപ്പും പ്രത്യാശയുടെയും പരലോകജീവിതത്തിന്റെ മുന്നാസ്വാദനത്തെയുംകുറിച്ച് പഠിപ്പിച്ചുതരുന്നു. കര്‍ത്തവ്യനിര്‍വഹണത്തില്‍ പൂര്‍ണ വിശ്വസ്തത പുലര്‍ത്തിയ മനുഷ്യര്‍ ജീവിതസായാഹ്നത്തില്‍ സംതൃപ്തരാണെന്ന് അവര്‍ ജീവിതംകൊണ്ട് വ്യക്തമാക്കുന്നു. അനുഭവിച്ച് തീര്‍ത്ത യാതനകള്‍ക്കും ദുരിതങ്ങള്‍ക്കും പ്രതിഫലം നല്‍കുന്ന നല്ല ദൈവം വെറുംകൈയോടെ വിടുന്നവനല്ലെന്ന് അവരുടെ വിശ്വാസജീവിതം വിളിച്ചോതുന്നു. മെല്ലെ മിടിക്കുന്ന അവരുടെ ഹൃദയസ്പന്ദനങ്ങള്‍ക്ക് ഏറെ വിലയുണ്ട്. ആശുപത്രികളിലായാലും വീടുകളിലായാലും പ്രായമായവര്‍ക്ക് ശുശ്രൂഷ നിഷേധിക്കരുത്. ഒരു നിമിഷംകൂടി അവര്‍ ജീവിച്ചാല്‍ നമ്മുടെ ഭവനത്തിനൊരു അനുഗ്രഹമാണ്. നേരെമറിച്ച് നിസഹായരായ അവരെ നാം കൈവെടിയുവാന്‍ മുതിര്‍ന്നാലും അവര്‍ നമ്മെ ശപിക്കില്ല. പ്രത്യുത അവരുടെ ഹൃദയവ്യഥയുടെ ബഹിര്‍സ്പുരണമായ കണ്ണുനീര്‍തുള്ളികള്‍ വന്നു പതിക്കുന്ന ഭവനം ശാപം സ്വന്തമാക്കും.പിച്ചവച്ച് നടക്കുന്ന കുഞ്ഞിപ്പൈതങ്ങളും മോണകാട്ടി ചിരിക്കുന്ന വയോജനങ്ങളും തമ്മില്‍ വലിപ്പവ്യത്യാസം മാത്രം. മാനസികമായി ഒരേ നിലയില്‍ വര്‍ത്തിക്കുന്നവര്‍. മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നോട്ടു നീങ്ങാന്‍ കഴിയാത്തവര്‍.


നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ മടിയില്‍ കളിച്ച് ചിരിച്ച് വളരണം. പഴങ്കഥകളും കൊച്ചുപുരാണങ്ങളും വിശുദ്ധാത്മാക്കളെക്കുറിച്ചുള്ള ചരിത്രസത്യങ്ങളും അവരുടെ അധരങ്ങളില്‍നിന്ന് കേട്ട് കേട്ടവര്‍ ഉറങ്ങണം.

ചുരുക്കത്തില്‍ വേലിയേറ്റവും വേലിയിറക്കവും പോലെ യാഥാര്‍ത്ഥ്യമായ ഒരു പ്രതിഭാസമാണ് മാതൃത്വവും പിതൃത്വവും മക്കളിലേക്ക് പകരുന്ന ജീവന്റെ തുടിപ്പും സൗന്ദര്യവും. ഉദാത്തീകരിച്ച സൗന്ദര്യഭാവങ്ങള്‍ ശുഷ്‌ക്കീഭവിച്ച് തന്റെതന്നെ അസ്തിത്വം മക്കള്‍ക്ക് പകരുന്ന മാതാപിതാക്കളെ വാര്‍ധക്യത്തില്‍ സ്വീകരിക്കാന്‍ മക്കള്‍ക്ക് സാധിക്കാതെ വരുമ്പോള്‍ വൃദ്ധമന്ദിരങ്ങള്‍ ഉണ്ടാകുന്നു. അതുകൊണ്ട് പ്രായമായവരെ ശല്യമായി കരുതുകയോ അനാഥത്വത്തിലേക്ക് പറഞ്ഞയയ്ക്കുകയോ അരുത്. പ്രായമായ ഈ വന്ദ്യമാതാപിതാക്കളോട് കാണിക്കേണ്ട പരിഗണനകള്‍, സ്‌നേഹബഹുമാനങ്ങള്‍, കടമകള്‍ ഇവ അതിന്റെ പരിപൂര്‍ത്തിയില്‍ നിര്‍വഹിക്കാം. മാതാപിതാക്കള്‍ എന്ന വിലപിടിപ്പുള്ള തിരുശേഷിപ്പുകള്‍ പൂജ്യതയോടെ സൂക്ഷിക്കുന്ന ആ പുണ്യസ്ഥലത്തെ നമുക്ക് ഭവനം എന്ന് വിളിക്കാം. അവിടെ വൃദ്ധമാതാപിതാക്കന്മാരുടെ താരാട്ടുപാട്ടും നെടുനിശ്വാസങ്ങളും പിഞ്ചോമനകളുടെ ചിരിയും കരച്ചിലും കളിയും പിണക്കവും ഉത്തരവാദിത്വപ്പെട്ടവരുടെ ശാസനയും ശിക്ഷണവും കര്‍മനിരതരുടെ പരിഭവങ്ങളും യുവതീയുവാക്കളുടെ പരിദേവനങ്ങളും ഒന്നിച്ചുള്ള പ്രാര്‍ത്ഥനയും ഒക്കെ ഉണ്ടാവാം. സര്‍വതും സമന്വയിപ്പിച്ച ആ കൊച്ചു സ്വര്‍ഗത്തെ നമുക്ക് വിളിക്കാം എന്റെ ഭവനം .

1 comment:

  1. 'പ്രായമായവരെ ശല്യമായി കരുതുകയോ അനാഥത്വത്തിലേക്ക് പറഞ്ഞയയ്ക്കുകയോ അരുത്. പ്രായമായ ഈ വന്ദ്യമാതാപിതാക്കളോട് കാണിക്കേണ്ട പരിഗണനകള്‍, സ്‌നേഹബഹുമാനങ്ങള്‍, കടമകള്‍ ഇവ അതിന്റെ പരിപൂര്‍ത്തിയില്‍ നിര്‍വഹിക്കാം'

    നല്ല ലേഖനം. ആശംസകള്‍!

    ReplyDelete

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22