അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday, 10 July 2013

പ്രാര്‍ത്ഥിക്കണമെന്ന്‌ എന്നോട്‌ ആരും ആവശ്യപ്പെടുന്നില്ലല്ലോ എന്ന്‌ എപ്പോഴെങ്കിലുംതോന്നിയിട്ടുണ്ടോ ?




പ്രാര്‍ത്ഥനയുടെ ശക്തി ദൈവത്തോളം വലുതാണ്‌. ഈ തിരിച്ചറിവ്‌ ലഭിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും പരാജിതരാകുകയില്ല. കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ `ടൈം സ്‌ ഓഫ്‌ ഇന്ത്യ'യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. അമേരിക്കയിലുള്ള നിരീശ്വരവാദികളായ കുറച്ച്‌ ബുദ്ധിജീവികള്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ എന്തെങ്കിലും ഫലമുണ്ടോയെന്നറിയാന്‍ പരീക്ഷണം നടത്തി. ഒരു ആശുപത്രിയിലെത്തി 100കിടപ്പുരോഗികളുടെ മേല്‍വിലാസവും രോഗവിവരങ്ങളും അവര്‍ ശേഖരിച്ചു. എന്നിട്ട്‌ അവയില്‍ ഒന്നിടവിട്ടുള്ള മേല്‍വിലാസങ്ങള്‍ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കുവാനായി നല്‌കി. ഈ പ്രാര്‍ ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ ആശുപത്രിയുമായി യാ തൊരു ബന്ധവും സ്ഥാപിക്കാതിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഒരു മാസത്തെ പരീക്ഷണത്തിന്‌ ശേഷം ആശുപത്രിയിലെത്തിയ നിരീശ്വരവാദികള്‍ അത്ഭുതപ്പെട്ടു. പ്രാര്‍ത്ഥിക്കാന്‍ മേല്‍വിലാസം നല്‌കിയ എല്ലാ രോഗികളും സുഖം പ്രാപിച്ച്‌ ഭവനത്തിലേക്ക്‌ മടങ്ങിയിരിക്കുന്നു! നിരീശ്വരവാദികളുടെ കൈവശമിരുന്ന മേല്‍വിലാസങ്ങളിലുള്ള രോഗികളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌ വീടുകളിലേക്ക്‌ മടങ്ങിയത്‌. ഇത്‌ അവര്‍ക്ക്‌ ഒരു തിരിച്ചറിവ്‌ നല്‌കി. ദൈവമുണ്ടോ എന്നറിയില്ല, പക്ഷേ, പ്രാര്‍ത്ഥനയ്‌ക്ക്‌ ശക്തിയുണ്ട്‌ എന്ന്‌ അവര്‍ക്ക്‌ മനസിലായി.

അമേരിക്കയില്‍ വിജയകരമായ പ്രവചനങ്ങള്‍ നടത്തിയിരുന്ന ഒരു സ്‌ത്രീയുണ്ടായിരുന്നു. ആദ്യമൊക്കെ അവര്‍ പ്രവചിക്കുന്ന ദുരന്തങ്ങള്‍ മുഴുവന്‍ സംഭവിക്കുമായിരുന്നു. എന്നാല്‍, പിന്നീട്‌ പ്രവചനങ്ങള്‍ ഫലിക്കാതെയായി. കുറച്ച്‌ നാളുകള്‍ കഴിഞ്ഞ്‌ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ അവര്‍ നല്‌കിയ മറുപടിയിതാണ്‌. ``കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ഞാന്‍ പ്രവചിക്കുന്നവ സത്യം തന്നെ. പക്ഷേ, എന്റെ പ്രവചനങ്ങള്‍ സത്യമാണെന്നറിഞ്ഞതോടുകൂടി അനേകര്‍ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അതുകൊണ്ട്‌ പല ദുരിതങ്ങളും മാറിപ്പോയി. പ്രവചനങ്ങള്‍ നിറവേറാനുള്ളവയാണ്‌. അതിനെക്കാള്‍ ഉപരി പ്രാര്‍ത്ഥനയുടെ ശക്തിയിലാണ്‌ ഞാനും വിശ്വസിക്കുന്നത്‌.''

പ്രാര്‍ത്ഥനയ്‌ക്ക്‌ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു, ``മുട്ടിന്മേല്‍ നില്‌ക്കു ന്ന മിഷനറിയാണ്‌, പ്രാര്‍ത്ഥിക്കുന്ന വ്യക്തി.'' പല സുവിശേഷ മുന്നേറ്റങ്ങളുടെയും ശക്തി മുന്‍നിരയില്‍ നില്‌ക്കുന്ന പ്രഘോഷകരെക്കാള്‍ പിന്‍നിരയില്‍ നടക്കുന്ന ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ പ്രവൃത്തികളില്‍ സ്ഥായിയായ നല്ലഫലങ്ങള്‍ ദര്‍ശിക്കുവാന്‍ കൊതിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നാം പ്രാര്‍ത്ഥിക്കണം.

ജീവിതവിജയത്തിന്‌ രണ്ടേ രണ്ടു നിയമങ്ങളെ ഉള്ളൂ. ആദ്യ ത്തെ നിയമം - പ്രാര്‍ത്ഥിക്കുക. രണ്ടാമത്തെ നിയമം - ആദ്യത്തെ നിയമം ഒരിക്കലും മറക്കാതിരിക്കുക. പ്രാര്‍ത്ഥിക്കേണ്ട ചില വ്യത്യസ്‌തമായ മേഖലകളെക്കുറിച്ച്‌ കൂടി നമുക്ക്‌ വിചിന്തനം നടത്താം. നമ്മുടെ സ്വഭാവത്തില്‍ ചില പോരായ്‌മകളൊക്കെയുണ്ടാകാം. മറ്റുള്ളവരില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന സ്വഭാവ സവിശേഷതകളില്‍നിന്ന്‌ മോചനം നേടണമെന്നാഗ്രഹിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. നമ്മുടെതന്നെ മാനസാന്തരത്തിനായി ദിവസവും ഓരോ `നന്മനിറഞ്ഞ മറിയമേ' എങ്കിലും ചൊല്ലുവാനായാല്‍ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ നാം ഏറെ നന്മയുള്ളവരായി മാറുമെന്നതിന്‌ സംശയമില്ല.
നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ ദൈവഹിതം മാത്രം നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ പാപം ഒഴിവാക്കുവാന്‍ നമുക്കെളുപ്പം സാധിക്കും. നമ്മോട്‌ മറ്റുള്ളവര്‍ ചെ യ്യുന്ന അനീതിയും വഞ്ചനയും കുറയ്‌ക്കുവാനും കൂടുതല്‍ നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കും. നന്മചെയ്യുവാനുള്ള തീക്ഷ്‌ണത നമുക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണം. അങ്ങനെ പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആപത്തില്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി നമ്മില്‍ രൂപപ്പെടും. മാത്രമല്ല നമുക്ക്‌ ഒരാവശ്യം വരുമ്പോള്‍ നന്മചെയ്യുന്നതില്‍ തീക്ഷ്‌ണതയുള്ള അനേകരെ നമ്മുടെ ചുറ്റും കണ്ടെത്താന്‍ സാധിക്കും. നമ്മുടെ മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ ഒരു പ്രതിസന്ധിയില്‍ പെടുമ്പോള്‍ അവരെ സഹായിക്കുവാന്‍ സന്മനസുള്ള വ്യക്തികളെ ദൈവം ഒരുക്കുന്നതിനും ഇതിടയാക്കും. എളിമയുണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ നമുക്കും മറ്റുള്ളവര്‍ക്കും അഹങ്കാരമുള്ളതുകൊ ണ്ട്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാന്‍ കഴിയും.

ചിലപ്പോള്‍ നാം പറഞ്ഞേക്കാം. `എനിക്ക്‌ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല. അതിനു ഞാനെന്തു ചെയ്യണം.' ഇതിന്‌ ഒരു പ്രതിവിധിയേയുള്ളൂ. കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള തീ ക്ഷ്‌ണതയും ശക്തിയും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുക. സുവിശേഷപ്രഘോഷകരൊക്കെ രോഗശാന്തിപ്രാര്‍ത്ഥനയും മറ്റും നടത്തുമ്പോള്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌ നാം കാണാറില്ലേ? പക്ഷേ, ചെറിയ പ്രാര്‍ത്ഥനാസഹായംപോലും ആരും നമ്മോട്‌ ചോദിക്കാത്തതില്‍ നാം ദുഃഖിതരാണോ? ഏതെങ്കിലും ഒരു വ്യക്തി നമ്മോട്‌ പ്രാര്‍ത്ഥനാ സഹായം ചോദിച്ചാല്‍ ആത്മാര്‍ത്ഥമായി ആ വ്യക്തിയുടെ നിയോഗം സാധിച്ചുകിട്ടുവോളം പ്രാര്‍ത്ഥിക്കുക. ചെറിയ കാര്യങ്ങളോ വലിയ കാര്യങ്ങ ളോ എന്തുമാകട്ടെ അത്‌. വരും നാളുകളില്‍ അനേകര്‍ നമ്മുടെ പ്രാര്‍ത്ഥനയിലൂടെ അനുഗ്രഹിക്കപ്പെടുന്നത്‌ കാണാന്‍ കഴിയും.
``ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്‌ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്‌തില്ല. വീണ്ടും അവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‌കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തു'' (യാക്കോ. 4:17). ജെസെബെല്‍ രാജ്ഞിയെ ഭയന്ന്‌ ജീവനും കൊണ്ടോടിയപ്പോള്‍ ഏലിയാ നമ്മെപ്പോലെ കുറവുകളും പോരായ്‌മകളുമുള്ള ഒരു മനുഷ്യനായിരുന്നു. അതേസമയം ബാലിന്റെ നാനൂറ്റി അമ്പതോളം വരുന്ന പ്രവാചകര്‍ക്കെതിരെ ഒറ്റയ്‌ക്കുനിന്ന്‌ തന്റെ ദൈ വത്തെ വിളിച്ചപ്പോഴും അദ്ദേഹം നമ്മെപ്പോലെ മനുഷ്യന്‍ തന്നെയായിരുന്നു. ആഗ്നേയരഥങ്ങളും ആഗ്നേയാശ്വങ്ങളും അയച്ച്‌ ദൈവം ഏലിയായെ സ്വര്‍ഗത്തിലേക്കെടുത്തപ്പോഴും ഏലിയാ നമ്മെപ്പോലെ ഒരു മനുഷ്യന്‍ മാത്രമായിരുന്നു. സകലതി നുംവേണ്ടി അവന്‍ പ്രാര്‍ത്ഥിച്ചു എന്നതാണ്‌ ഏക വ്യത്യാസം. പ്രാര്‍ത്ഥിക്കുന്ന മനുഷ്യരായിത്തീരുന്നുവെങ്കില്‍ ഈ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. വിശുദ്ധ കുര്‍ബാനയോ ജപമാലയോ ഉച്ചത്തിലുള്ള സ്‌തുതിപ്പോ നിശബ്‌ദമായ ആരാധനയോ, എന്തുമാകട്ടെ പ്രാര്‍ത്ഥനയ്‌ക്ക്‌ അതിന്റെ ശക്തിയുണ്ട്‌. ഏതുകാര്യത്തിലും അത്‌ ഫലദായകവുമാണ്‌.

ഒത്തിരി പ്രാര്‍ത്ഥിച്ച്‌ പ്രാര്‍ത്ഥനയ്‌ക്ക്‌ അടിമകളായിപ്പോയ ആരെങ്കിലും നമ്മുടെ ഇടയിലുണ്ടോ? വര്‍ഷങ്ങളോളം ദിവസവും ജപമാല ചൊല്ലുന്ന വ്യക്തിയാണ്‌ നാമെങ്കിലും അതു മുടങ്ങാതിരിക്കണമെങ്കില്‍ ബലപ്രയോഗം നടത്തണമെന്നല്ലാതെ, എളുപ്പത്തില്‍ അത്‌ തുടര്‍ന്നുപോകുവാന്‍ നമുക്കാവില്ലല്ലോ? പ്രാര്‍ ത്ഥനയും നന്മപ്രവൃത്തികളും സത്യസന്ധമാണെങ്കില്‍, അവ തുടര്‍ന്നുപോകുന്നതിനായി ബലപ്രയോഗം നടത്തേണ്ടിവരും എന്നകാര്യത്തില്‍ സംശയമില്ല. എന്തുകൊണ്ടാണ്‌ സത്യസന്ധമായി പ്രാര്‍ത്ഥിക്കുന്നതിനും നന്മചെയ്യുന്നതിനും നാമൊരിക്കലും അടിമകളാകാത്തത്‌ എന്നുള്ള ചിന്ത വളരെ പ്രസക്തമാണ്‌.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവസ്‌തുക്കളുടെയും കാര്യമെടുത്താല്‍, പ്രതിരോധിച്ച്‌ നില്‌ക്കുവാനുള്ള ശക്തി നഷ്‌ടപ്പെടുമ്പോഴാണ്‌ ഒരുവന്‍ അടിമയാകുന്നത്‌ എന്നു മനസിലാകും. പ്രാര്‍ത്ഥനയെ പ്രതിരോധിക്കുന്ന ശക്തി ഒരിക്കലും അവസാനിക്കുന്നില്ലാത്തതിനാല്‍ നാമാരും പ്രാര്‍ത്ഥനയ്‌ക്ക്‌ അടിമകളാകാറില്ല. നന്മചെയ്‌ത്‌ ചെയ്‌ത്‌, നന്മപ്രവൃത്തി ചെയ്യാതിരിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലെത്തിയവരെയും നാം കണ്ടുമുട്ടില്ല. പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശത്രു പിശാചാണ്‌. അവ ന്‍ ഒരിക്കലും ഉറങ്ങുന്നില്ല. പ്രാര്‍ത്ഥന എല്ലായ്‌പ്പോഴും ഒരു യുദ്ധമാണ്‌. ഈ ആത്മീയസത്യം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ പ്രാര്‍ത്ഥനാ ജീവിതത്തില്‍ പോരാടി വിജയം കണ്ടെത്താന്‍ സാ ധിക്കുകയുള്ളൂ.

വിശുദ്ധ അമ്മത്രേസ്യ പ്രാര്‍ത്ഥനാജീവിതത്തിന്റെ അഭിവൃദ്ധിയെക്കുറിച്ച്‌ പറയുന്നതിപ്രകാരമാണ്‌. ആദ്യമൊക്കെ കിണറ്റില്‍നിന്ന്‌ വെള്ളം കോരി ചെടി നനച്ച്‌ പൂക്കള്‍ക്കായി കാത്തിരിക്കുന്നതുപോലെ വിഷമകരമായിരിക്കും പ്രാര്‍ത്ഥന. അതില്‍ നിങ്ങള്‍ സ്ഥിരതയോടെ നില്‌ക്കുന്നുവെങ്കില്‍ മോട്ടര്‍ ഉപയോഗിച്ച്‌ ടാങ്കില്‍ വെള്ളം എത്തിച്ചതിനുശേഷം പൈപ്പ്‌ ഉപയോഗിച്ച്‌ ചെടി നനയ്‌ക്കുന്നതുപോലെ അത്‌ എളുപ്പമുള്ളതായിത്തീരും. അതിലും നിങ്ങള്‍ സ്ഥിരതയോടെ നില്‌ക്കുന്നുവെങ്കില്‍ അവസാന ഘട്ടത്തില്‍ മഴപെയ്‌ത്‌ ചെടികള്‍ നനയുന്നതുപോലെ പ്രാര്‍ത്ഥന വളരെ സരളമായിത്തീരും. ഒത്തിരി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട്‌ പ്രാര്‍ത്ഥന എളുപ്പം വഴങ്ങുന്നതായിത്തീരുമെങ്കി ലും അതിനായി നാം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ടെന്ന വസ്‌തുതയില്‍ മാറ്റമില്ല.

പ്രാര്‍ത്ഥന
കര്‍ത്താവേ, എന്നെ പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കിത്തീര്‍ക്കണമേ. എന്റെ ജീവിതത്തിലെ സകല കാര്യങ്ങളെയും പ്രാര്‍ത്ഥനയോടെ സമീപിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കൂടുതല്‍ പ്രാര്‍ത്ഥിക്കുക എന്നത്‌ മാത്രമാണ്‌ കൂടുതല്‍ ശക്തിയിലേക്കും അഭിഷേകത്തിലേക്കും കടന്നുവരുന്നതിനുള്ള ഏകവഴി എന്ന്‌ എന്നെ ബോധ്യപ്പെടുത്തണമേ. നാഥാ, പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ തളര്‍ന്നിരിക്കാതെ, പ്രാര്‍ത്ഥനയാകുന്ന ആയുധമെടുത്ത്‌ അവയെ നേരിടുവാനുള്ള ജ്ഞാനം ഞങ്ങള്‍ക്ക്‌ നല്‌കിയാലും. ആമ്മേന്‍

1 comment:

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22