അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday, 24 December 2013

ക്രിസ്മസ് - അവര്‍ണനീയമായ ഒരനുഭവം.


ദൈവം മനുഷ്യനെ സൃഷ്ടിച്ചു - വെളിച്ചത്തെയും.. മനുഷ്യന്‍ വെളിച്ചത്തില്‍ വസിക്കണം എന്ന് ദൈവം ആഗ്രഹിച്ചു. അതിനായി അവിടുന്ന് അവന്റെ ഹൃദയത്തില്‍ തന്നെക്കുറിച്ചുള്ള പരിജ്ഞാനം നല്‍കി. അനശ്വര സത്യവും വെളിച്ചവുമായ ദൈവത്തെ ആത്മാവില്‍ അറിയാനും അനുഭവിക്കുവാനും അനുസരിക്കാനും ഭാഗ്യം ലഭിച്ച മനുഷ്യനില്‍ ഇരുള്‍ നിറയുവാന്‍ താമസമുണ്ടായില്ല.. സ്വന്തം ഇഛാശക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗം അവനെ ദൈവത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി.. അങ്ങനെ എന്നേക്കും പ്രകാശിക്കേണ്ട ദൈവിക വെളിച്ചം അവനില്‍ അണഞ്ഞു പോയി!

എന്നാല്‍ , ദൈവം എന്ന ശാശ്വത പ്രകാശത്തിലേക്ക് അവനെ തിരികെ അടുപ്പിക്കാന്‍ അവിടുന്ന് തന്നെ തിരുമനസ് കാണിച്ചു.. ദൈവത്തിനു നഷ്ടമായ മനുഷ്യ സമൂഹത്തെ തിരികെ ദൈവത്തോട് ചേര്‍ക്കുന്നതിനുള്ള ദൈത്യം ഏറ്റെടുത്തത് ത്രീയേകനായ മഹോന്നത ദൈവത്തിന്റെ സാരാംശത്തില്‍ ഒരുവനായ "പുത്രന്‍" ആയിരുന്നു... ദൈവിക വെളിപ്പാടുകള്‍ പടിപടിയായി നല്‍കിക്കൊണ്ട് അവന്‍ തന്നെത്താന്‍ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിക്കൊണ്ടിരുന്നു... തന്നിലേക്ക് മനുഷ്യരെ തിരിച്ചു വിളിച്ചുകൊണ്ടിരുന്നു.. അഥവാ, ദൈവിക വെളിച്ചം മനുഷ്യ മനസുകളില്‍ തെളിഞ്ഞു കൊണ്ടിരുന്നു.... അത് കൂടുതല്‍ പ്രകാശിച്ചുകൊണ്ടേയിരുന്നു ...!!!

ഒടുവില്‍ ആ വെളിപ്പാടുകള്‍ക്ക് പൂര്‍ണത വന്നു. 'ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം' - വചനം - പൂര്‍ണ്ണമായും ഒരുവനില്‍ തെളിഞ്ഞു!!! ആതായത് ദൈവം തന്നെ ഒരു മനുഷ്യനായി ജന്മമെടുത്തു! പുരുഷബന്ധമില്ലാതെ ഒരു കന്യകയിലൂടെ - മറിയയിലൂടെ - അവിടുന്ന് ലോകാവതാരം ചെയ്തു! ഇത് ക്രിസ്തുമസ് എന്നറിയപ്പെടുന്ന ആഘോഷത്തിന്റെ പൊരുള്‍ !



ക്രിസ്മസ് - അവര്‍ണനീയമായ ഒരനുഭവം

ധ്രുവപ്രദേശങ്ങളില്‍ ആകാശങ്ങളുടെ അന്തഃപുരങ്ങളില്‍ (സുമാര്‍ നൂറു കിലോമീറ്ററിനു മുകളില്‍) സാധാരണ രാത്രികാലങ്ങളില്‍ കാണപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഓറോറ.
ആകാശത്തിനു വിലങ്ങനെ കിഴക്കു പടിഞ്ഞാറന്‍ ചക്രവാളം മുതല്‍ ചക്രവാളം വരെ അണ്ഡാകൃതിയില്‍ പച്ചയും ചുവപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന രശ്മികള്‍ നൃത്തം വയ്ക്കുന്ന രംഗം ചിലപ്പോള്‍ വര്‍ണാഭയേറിയ മേഘശകലങ്ങളായും കാണപ്പെടും.

ഓറോറയ്ക്ക് ഒട്ടേറെ വ്യത്യസ്തങ്ങളായ നിറങ്ങളും സവിശേഷതകളുമുണ്ട്. ഏതാണ്ട് പത്തുമണി രാത്രി കഴിയുമ്പോഴേക്കും അവയ്ക്കു തിളക്കമേറിത്തുടങ്ങും. കതിരുകള്‍ കുത്തനെ താഴേക്കു പൊഴിഞ്ഞു വീഴുന്നതുപോലെയും! ഈ അപൂര്‍വദൃശ്യം മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കും. പ്രഭാതമാകുമ്പോള്‍ അവ കൂട്ടംകൂടുന്നതുപോലെയും മങ്ങുന്നതുപോലെയുമൊക്കെത്തോന്നും.
വടക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ബേറിയേയ്‌ലിസ് എന്നും തെക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ഒസ്‌ത്രേയ്‌ലിസ് എന്നും വിളിക്കുന്നു. രണ്ടും ഏതാണ്ട് ഒന്നുപോലെതന്നെ.
നോര്‍വേക്കാരനായ റൊവാള്‍ഡ് അമ്യൂഡ്‌സെന്‍ (18721928) ആണ് ആദ്യമായി ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തിയത്1910 ഡിസംബറില്‍. തിരിച്ചെത്തിയ അമ്യൂഡ്‌സെന്നിനോട് ആളുകള്‍ ചോദിച്ചു:
"അവിടെ പ്രത്യേകമായി എന്തു കണ്ടു?''

ഓറോറ ഒസ്‌ത്രേയ്‌ലിസ്.''
"അത് എങ്ങനെയുണ്ടായിരുന്നു?''
"അവര്‍ണനീയമായ ഒരനുഭവം!'' അതായിരുന്നു മറുപടി.
നമുക്ക് ഒത്തിരിയൊത്തിരി അനുഭവങ്ങളുണ്ടാവാം അപൂര്‍വം ചിലതൊക്കെ അവര്‍ണനീയങ്ങളും. അത്തരത്തിലൊന്നാണു ക്രിസ്മസ്. ക്രിസ്മസ് ശരിക്കും അവര്‍ണനീയമായ ഒരനുഭവമാണ്. അതിലുപരി അഭൗമികവും. പരിശുദ്ധ അമ്മയ്ക്ക് അതൊരു അനുഭവമായിരുന്നു. അതാണ് പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞ് അവള്‍ ഇങ്ങനെ പറഞ്ഞത്. "എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു'' (ലൂക്കാ 1:47). അതു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിര്‍വൃതിയാണ്. ആത്മവിസ്മൃതിയിലാണ്ട നിമിഷങ്ങളിലുണ്ടായ നിര്‍വൃതി.

സ്വാഭാവികമായും അവിവാഹിതയായ ഒരു കന്യക ഗര്‍ഭിണിയായാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ മറിയത്തിനു നല്ലവണ്ണം നിശ്ചയമുണ്ടായിരുന്നു. "ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ'' എന്നു പറഞ്ഞവള്‍ ഉദ്ദേശിച്ചതും അതുകൂടെയാണ്. പക്ഷേ, ഇവിടെ അവള്‍ അതെല്ലാം മറക്കുകയാണ് പരിസരംപോലും.

"എന്റെ ചിത്തം, (My spirit എന്നു തനിതര്‍ജ്ജമ) എന്റെ രക്ഷകനായ ദൈവത്തില്‍ നിര്‍വൃതി കൊള്ളുന്നു.'' അതൊരു അനുഭൂതിയാണ്. പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ കഴിയാത്ത അനുഭവം. സൂര്യന്റെ സാന്നിധ്യത്തില്‍ ഭൂമിയുടെ കാന്തികപ്രവര്‍ത്തനത്തിലുണ്ടാകുന്ന ഓറോറാ പോലുള്ള ഒരു അനുഭവം.

അതിന്റെ ഒരംശമാണ് ഉണ്ണിയേശുവിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന മറിയത്തിന്റെ സാന്നിധ്യത്തില്‍ എലിസബത്തിനും കൈവരുന്നത്. തന്നെത്തന്നെ മറന്ന് അവളും എന്തൊക്കെയോ പറഞ്ഞുപോകുന്നു (ലൂക്കാ 1:4145).
ആ അനുഭവം പിന്നീട് ആട്ടിടയന്മാര്‍ക്കുമുണ്ടായി: "അതിവേഗം അവര്‍ പോയി പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന യേശുവിനെ കണ്ടു'' എന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നത്. അതവര്‍ക്ക് വലിയൊരു ആനന്ദാനുഭവമായിരുന്നു. എന്തെന്നില്ലാത്ത സന്തോഷത്തികവിലാണ് അവര്‍ മടങ്ങിയെത്തിയതും കണ്ടവരോടെല്ലാം തങ്ങളുടെ അനുഭവം വര്‍ണിക്കുന്നതും (ലൂക്കാ 2:17).

"ദി ഡയ്‌സിസ് ഓഫ് നസറത്ത്" എന്ന പ്രസിദ്ധീകരണത്തില്‍ ഹഫ് മാക്ക്മില്ലന്‍ ഒരു ആട്ടിടയന്റെ കഥ പറയുന്നുണ്ട്. പത്തുകൊല്ലമായി തളര്‍ന്നു ചലനമറ്റു കിടക്കുന്ന അന്ധനായ ആട്ടിടയന്റെ കഥ. ഒരിക്കല്‍ ഒരു സന്ദര്‍ശകന്‍ ആശ്ചര്യപൂര്‍വം അയാളോടു ചോദിച്ചു:
"ഇതേ കിടപ്പില്‍ത്തന്നെ കിടക്കുന്നതില്‍ നിനക്കു വിഷമമില്ലേ?''
"ഇല്ല, ഒരിക്കലുമില്ല; ഞാന്‍ അവാച്യമായ ആനന്ദത്തിലാണ്. യേശു എന്റെ ഹൃദയത്തില്‍ ആവാസമുറപ്പിച്ചുകഴിഞ്ഞുപത്തുകൊല്ലമായിട്ട്.'' കാടും മേടും താണ്ടി, കല്ലും മുള്ളും ചവിട്ടി, വിശപ്പും ദാഹവും സഹിച്ച്, വഴിയില്ലാ വഴികളിലൂടെയും മാസങ്ങളോളം യാത്ര ചെയ്‌തെത്തിയ പൂജരാജാക്കള്‍ക്കുണ്ടായ ആനന്ദാനുഭൂതിയും വ്യത്യസ്തമല്ല.
പിന്നീടൊരിക്കല്‍ പത്രോസും ആ ദിവ്യാനുഭൂതിയിലെത്തുന്നുണ്ട് താബോര്‍ മലമുകളില്‍വച്ച്. എല്ലാം മറന്ന് അവനും വിളിച്ചു പറഞ്ഞു: "എന്തൊരു മനോഹാരിത. നമുക്ക് ഇവിടെത്തന്നെ കഴിയാം...'' (ലൂക്കാ 9:33).
ഉത്ഥിതനായ കര്‍ത്താവിനോടൊപ്പം എമ്മാവൂസിലേക്കു പോയവരുടെ അനുഭവവും അതുതന്നെ. അവരുടെ ഹൃദയം സന്തോഷംകൊണ്ടു ത്രസിക്കുകയായിരുന്നു: "നാഥാ പോവരുതേ. ഞങ്ങളോടൊപ്പം വസിക്കണമേ''  അവരും അപേക്ഷിച്ചു.

ഇതുപോലൊരു നിര്‍വൃതിയാണ് പിന്നീടു യോഹന്നാനും കൈവരുന്നത്. "പെട്ടെന്ന് ഞാന്‍ ഒരു ആനന്ദാനുഭൂതിയില്‍ ലയിച്ചു'' (വെളി.4:1) എന്ന് അനുഭവസ്ഥന്‍ തന്നെയാണ് പറയുന്നത്. അതേ അവാച്യമായ നിറവ് ഒരുനാള്‍ വിശുദ്ധ പൗലോസിനും കൈവരുന്നുണ്ട് (2 കോറി. 12:4).

ഓറോറ കണ്ട് ആസ്വദിക്കാനുള്ള അപൂര്‍വഭാഗ്യം അമ്യൂഡ്‌സെന്നിന് കൈവരുന്നത് 38ാമത്തെ വയസിലാണ്. സമാനമായൊരു ഭാഗ്യം ഇതാ, വിശുദ്ധ അഗസ്റ്റിനും കൈവരുന്നു, 33ാമത്തെ വയസില്‍. ലോകത്തിന്റെ എല്ലാ വശ്യതകളിലും കുടുങ്ങിക്കഴിഞ്ഞവന്, ആനന്ദത്തിന്റെ അത്യുന്നതി എവിടെയാണെന്നു പിടുത്തം കിട്ടുന്നു. അത് യഥാര്‍ത്ഥ ആഗ്രഹങ്ങളുടെ സാക്ഷാത്ക്കരണത്തിലാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനു സിദ്ധിക്കുന്നു.

കവി ആല്‍ഫ്രെഡ് ടെന്നിസണ് ഇത്തിരികൂടെ കൂട്ടിച്ചേര്‍ക്കാനുണ്ട്: ഒരിക്കലും ഒരു കാലത്തും നമുക്കുണ്ടാകാത്ത അഭൗമിക മോഹങ്ങളാണ് യേശു നമ്മില്‍ ഉണര്‍ത്തുക. അവന്‍ കാണിച്ചുതരുന്ന തരത്തിലുള്ള ഓറോറ ഒരാളും ഒരു കാലത്തും കണ്ടിട്ടുണ്ടാകയില്ല. "കണ്ണു കണ്ടിട്ടില്ലാത്തത്, കാത് 
കേട്ടിട്ടില്ലാത്തത്, ഹൃദയം ആസ്വദിച്ചിട്ടില്ലാത്തത്.''

കിസ്മസ് നമ്മെ പഠിപ്പിക്കുന്ന രണ്ട് വലിയ കാര്യങ്ങളുണ്ട്; താഴ്മയും ആനന്ദവും. മനുഷ്യജീവിതത്തിന്റെ ഭംഗിയും ദൈവത്തിന്റെ പക്കലുള്ള സ്വീകാര്യതയും തുറന്നുവക്കുന്ന ദിനമാണ് ക്രിസ്മസ്. നന്മയുടെ ആസ്വാദനമാണ് ജീവിതത്തിലെ ഏറ്റവും ഉന്നതമായ അവസ്ഥ എന്ന് ഓര്‍മിപ്പിക്കുന്ന ദൃശ്യം ക്രിസ്മസിലൂടെ നമുക്കു മുന്നില്‍ തെളിയുന്നു. ആത്യന്തികമായ നന്മ കണ്ടെത്തപ്പെട്ടിരിക്കുന്നു, അത് നമുക്കരികില്‍ കൊണ്ടുവരപ്പെട്ടിരിക്കുന്നു, തന്റെ പിതാവിന്റെ മാറില്‍നിന്ന് ഈ ലോകത്തേക്ക് വന്ന ദൈവപുത്രന്റെ രൂപത്തില്‍. എന്തെന്നാല്‍ എല്ലാവരോടുമായി വചനം പറയുന്നു  ''ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു'' (ലൂക്കാ 2:11). നശ്വരമായ ഈ ലോകം മഹത്തായതെന്നും മാന്യമായതെന്നും വിളിക്കുന്നവയെത്തേടി ഇനി നാം യാത്ര ചെയ്യേണ്ടതില്ല. ലോകം തിരസ്‌കരിക്കുന്ന ഒരു സ്ഥാനവും സ്ഥലവും ക്രിസ്തു സ്വീകരിച്ചപ്പോള്‍ അവിടുന്ന് ലോകം ബഹുമാനിക്കുന്നതിനെ ബഹുമാനിക്കാതിരിക്കുകയായിരുന്നു. ഉള്ളതിനെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്കും ഇല്ലാത്തതിനെക്കുറിച്ചുള്ള നിരാശയ്ക്കും വലിയ കാര്യങ്ങളുടെ പിന്നാലെയുള്ള ഓട്ടത്തിനും പകരംസന്തോഷവും ആനന്ദവും നിറഞ്ഞവരാകാനുള്ള പാഠമാണത്.

എന്തുകൊണ്ട് ആട്ടിടയര്‍? 
''ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായി രുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെ ത്തി'' (ലൂക്കാ 2:89). സ്വര്‍ഗീയദൂതര്‍ എന്തിന് ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെട്ടു? അവരിലുള്ള എന്താണ് മാലാഖമാരെയും മാലാഖമാരുടെ നാഥനെയും ആകര്‍ഷിച്ചത്? നമുക്ക് പറയാം, അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന്. ഇസ്രായേലിന്റെ രക്ഷ കാത്തിരുന്ന അക്കാലത്തെ മറ്റെല്ലാ നല്ല മനുഷ്യരെക്കാള്‍ വിശുദ്ധരും കൂടുതല്‍ പ്രകാശം ലഭിച്ചവരുമായിരുന്നു അവര്‍ എന്നു കരുതാന്‍ മറ്റൊന്നുമില്ല. അവരുടെ സാഹചര്യങ്ങളില്‍ അവര്‍ സാധാരണക്കാരായിരുന്നു, പക്ഷേ ദൈവഭയമുള്ളവര്‍. സര്‍വശക്തനായ ദൈവം പ്രത്യേകമായ സ്‌നേഹത്തോടെ താഴ്മയുള്ളവരെ നോക്കുന്നു. തങ്ങളുടെ നിസാരതകൊണ്ട് ഈ ലോകത്തിലെ രാജകുമാരന്‍മാരൊന്നും അറിയാതിരുന്ന കര്‍ത്താവിന്റെ ജനനം ആദ്യമായി അറിയാന്‍ ആട്ടിടയന്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതിശയിക്കുന്ന ശക്തിയുള്ള മാലാഖമാരാണ് ആട്ടിടയരെ ആ സന്ദേശം അറിയിച്ചത്. ഇവിടെ ദൈവത്തിന്റെ സൃഷ്ടികളിലെ ഏറ്റവും ഉന്നതരും നിസാരരും ഒരുമിച്ചു വരുന്നു. 

ബലഹീനതകളില്‍ സഹതപിക്കുന്ന ദൈവം
വിശപ്പും കഷ്ടപ്പാടുകളുമുള്ള സാഹചര്യത്തില്‍ കഴിയുന്നവര്‍ക്കാണ് മാലാഖ പ്രത്യക്ഷപ്പെട്ടത്. അവരുടെ മനസ് തുറക്കാനും നിസാരരായതു കൊണ്ട് അവര്‍ അടിമത്തത്തിലും താഴേക്കിടയിലും കഴിയേണ്ടവരല്ല എന്ന് അവരെ പഠിപ്പിക്കാനുമായിരുന്നിത്. ആദ്യം തന്നെ പറയുന്നതാകട്ടെ: ''ഭയപ്പെ ടേണ്ടാ'' എന്നാണ്. ഇത് വിശുദ്ധ ലിഖിതത്തില്‍ സാധാരണയായി കാണുന്ന ഒരു അഭിസംബോധന യാണ്. മനുഷ്യന് ഒരു ഉറപ്പും താങ്ങും ആവശ്യമെന്നപോലെയാണ് അത് പറയപ്പെടുന്നത്. അതിനെക്കാളും ചെറിയൊരു അത്ഭുതംപോലും ഇടയന്‍മാരെ ഭയപ്പെടുത്തുമായിരുന്നു. നമ്മുടെ മനഃസാക്ഷിയില്‍ അല്പം പ്രകാശം ചൊരിയപ്പെട്ടാല്‍ അന്ധകാരം കാണാനാവും, ഭീതിയുടെയും ഭയത്തിന്റെയും കാഴ്ചകളും. ദൈവമഹത്വം ചുറ്റും പ്രകാശിക്കുമ്പോള്‍ അത് നമ്മെ ഭയപ്പെടുത്തുന്നു, അവിടുത്തെ കല്പനക ളുടെ വ്യാപ്തിയും ബുദ്ധിമുട്ടുകളും അവിടുത്തെ ശക്തിയുടെ പ്രാഭവവും വചനത്തിന്റെ വിശ്വസ്തത യും പാപിയെ ഭയപ്പെടുത്തുന്നു. എന്നാല്‍, െ്രെകസ്തവികത പഠിപ്പിക്കുന്നത് ഭയപ്പെടേണ്ടാ എന്നാണ്. കാരണം, അത്ര വലുതാണ് ദൈവത്തിന്റെ കാരുണ്യം. 

ദൂതന്‍ ആ സദ്വാര്‍ത്ത പ്രഖ്യാപിച്ചുതീര്‍ന്നപ്പോള്‍ത്തന്നെ സ്വര്‍ഗവാസികളുടെ വൃന്ദം ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തിക്കൊണ്ട് പാടി, ''അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം!''ക്രിസ്തുവിനെയും അവിടുത്തെ വിശുദ്ധരെയും ശുശ്രൂഷിക്കുന്നവരുടെ വാക്കുകള്‍ അതായിരുന്നു. ആട്ടിടയന്‍മാരുടെ തണുത്ത് ജീവനില്ലാത്ത മാനസികാവസ്ഥ മാറ്റി ആഹ്ലാദമണിയാന്‍ അവര്‍ സഹായിച്ചു. ആ രാത്രി സംഭവിച്ച മഹത്തായ കാര്യം അറിയാന്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടവരെന്ന നിലയില്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യരെന്നവണ്ണം ദൈവത്തിന്റെ സ്‌നേഹത്തിന് പാത്രമായവരാണവര്‍ എന്ന കാര്യം അവരെ അനുസ്മരിപ്പിച്ചുകൊണ്ടാണങ്ങനെ ചെയ്തത്. അത്തരം കാര്യങ്ങള്‍ നാം ഏറ്റവുമധികം അടുപ്പമുള്ളവരോടും സ്‌നേഹിക്കുന്നവരോടു മാണല്ലോ ആദ്യം പറയുക. വലിയവരായ മനുഷ്യരില്‍നിന്ന് മറച്ചുവച്ച് രാത്രിയില്‍ ആടുകളെ കാത്തുകഴിയുന്ന ഇടയന്‍മാരായ ഈ നിസാരമനുഷ്യരോട് തന്റെ കാരുണ്യം കാണിക്കാന്‍മാത്രം അത്ര കൃപാലുവാകാന്‍ അവിടുന്ന് തീരുമാനിക്കുന്നതെന്തുകൊണ്ടാവാം? സന്തോഷവും വിനയവും ഉള്‍ക്കൊള്ളുന്ന ആദ്യപാഠം മാലാഖ ഈ വാക്കുകളില്‍ അറിയിച്ചു: ''പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.'' അല്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ അവനെ രാജകൊട്ടാരങ്ങളില്‍ അന്വേഷിക്കു മായിരുന്നു. തങ്ങളിലൊരുവനായി വന്നുവെന്ന് അവര്‍ക്ക് ചിന്തിക്കാനാവില്ലായിരുന്നു; അതി നാല്‍ത്തന്നെ അവനെ സമീപിക്കാനും കഴിയില്ലായിരുന്നു. ആ കാരണത്താല്‍ ഒരടയാളമായിട്ടുമാത്രമല്ല, താഴ്മയുടെ ഒരു പാഠമായിട്ടുകൂടിയാണ് അങ്ങനെ സംഭവിച്ചത്.

ഇത്ര ചെറുതാകാന്‍ എത്ര വളരേണം! 

ദൂതര്‍ അവരെ വിട്ട് സ്വര്‍ഗത്തിലേക്ക് പോയപ്പോള്‍ അവര്‍ ശിശുവിനെ കാണാന്‍ യാത്രയായി. നമുക്കും അവരോടൊപ്പം പോയി ആ രണ്ടാമത്തെ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കാം. വിശുദ്ധ ലൂക്കാ പറയുന്നു: ''അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി'' (ലൂക്കാ 2:7). സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ദൈവമായവന്‍ പാപം നിറഞ്ഞ ഈ ലോകത്തില്‍ ഒരു ശിശുവായി ജനിച്ചിരിക്കുന്നു. ഇപ്പോള്‍ അവന്‍ അമ്മയുടെ കൈകളില്‍ നിസഹായനും അശക്തനുമായ ഒരു ശിശുവായി കാണപ്പെടുന്നു. മനുഷ്യന്റെ പുത്രി ദൈവത്തിന്റെ മാതാവായി അവള്‍ക്ക് അത് അവര്‍ണനീയമായ ഒരു സമ്മാനമാണ്. ദൈവപുത്രന്‍ മനുഷ്യനായിത്തീരുന്നതില്‍ ആദ്യം മുതല്‍ അവസാനം വരെ എന്തുമാത്രം രഹസ്യങ്ങളാണ്? ആ രഹസ്യങ്ങള്‍ക്ക് ആനുപാതികമായി അവിടുത്തെ കൃപയും കാരുണ്യവും. കൃപ ആയിരിക്കുന്നതുപോലെ മഹത്തരമാണ് കൃപയുടെ ഫലങ്ങളും. 

നാമിപ്പോഴും മനുഷ്യരായി തുടരുന്നു, പക്ഷേ വെറും മനുഷ്യരല്ല. എന്തെന്നാല്‍ അവിടുത്തെ ദൈവിക സ്വഭാവ ത്തില്‍ പങ്കാളികളാകുന്നവരാണ് നാം. അതിനാലാണ് ക്രിസ്തുവില്‍ നാമെല്ലാവരും ദൈവങ്ങളായി എന്നെഴുത പ്പെട്ടിരിക്കുന്നുത്. ആരാധ്യനായ ദൈവത്തിന് അനന്തമായി താഴെയാണ് നമ്മുടെ സ്ഥാനമെങ്കിലും ഈ ലോകത്തെ മറ്റേത് സൃഷ്ടികളെക്കാളും ഉയര്‍ന്നവരാണ് നാം. കാരണം, നമ്മുടെ വംശത്തിന്റെ ആദ്യഫലമായി ക്രിസ്തു എല്ലാ സൃഷ്ടികള്‍ക്കും മീതെ സ്വര്‍ഗത്തിലേക്ക് കരേറി. അവിടുത്തെ കൃപയാല്‍ അതേ അനുഗൃഹീത പദവിയി ലേക്ക് ഉയരുവാനുള്ള നാമും മഹത്വം ഉള്ളവരാണ്. നാം വിശ്വസ്തരായി കാണപ്പെട്ടാല്‍ പിന്നീട് അതിന്റെ പൂര്‍ണതയില്‍ ലഭിക്കും. ഇതാണ് മനുഷ്യാവതാരത്തിലെ എളിമ എന്ന പാഠത്തോടൊപ്പമുള്ള ആനന്ദം എന്ന പാഠം. 

ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ വിശുദ്ധ പൗലോസ് പറയുന്നു, ''യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നുവെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു'' (ഫിലിപ്പി 2:57). ജീവിതക്ലേശങ്ങളെ അതിജീവിക്കാനുള്ള ശക്തി നല്കുകയും കഷ്ടതകളെ അകറ്റുകയും ചെയ്യുന്ന നിത്യസമൃദ്ധിയും നിത്യസ്‌നേഹവും നല്കണേ എന്ന് നമുക്ക് അവിടുത്തോട് പ്രാര്‍ത്ഥിക്കാം.

സൂര്യനില്‍നിന്നു പുറപ്പെടുന്ന വൈദ്യുത സംവാഹിയായ അണുശകലങ്ങള്‍ (ഇലക്‌ട്രോണ്‍സ്, പ്രോട്ടോണ്‍സ്) ഭൂമിയുടെ ഉത്തര ദക്ഷിണ കാന്തവലയങ്ങളില്‍ കടന്നാണ് ഓറോറ സൃഷ്ടിക്കുക തികച്ചും വിവിധ രൂപങ്ങളില്‍. അര്‍ദ്ധരാത്രികളിലാണ് അവ മിന്നിത്തെളിഞ്ഞുനില്‍ക്കുന്നതും.

ആദ്യമായി ഉത്തര ദക്ഷിണ ധ്രുവങ്ങളിലെത്തിയ അമ്യൂഡ്‌സെന്‍, റോബര്‍ട്ടു പീയറി തുടങ്ങിയവരാണ് ആ അപൂര്‍വദൃശ്യം ഏറ്റവും അടുത്തുപോയി കണ്ടത്. അത് ഭഅവര്‍ണനീയ'മെന്ന് അവര്‍ ഉദ്‌ഘോഷിച്ചെങ്കിലും പിന്നീടുപോയ പലരുമാണ് ആ മനോഹരദൃശ്യം നിശയുടെ നീണ്ട നിശബ്ദതയില്‍ മണിക്കൂറുകളോളം കണ്ടുനിന്നാസ്വദിച്ചത്!

ഇതാ, സൂര്യാധിസൂര്യന്റെ പ്രകാശകിരണങ്ങള്‍ ഭൂമിയുടെ കാന്തവലയത്തില്‍ പ്രവേശിച്ച് അത്യത്ഭുതകരമായ ഒരു ഓറോറയ്ക്കു രൂപംകൊടുത്ത രംഗം ഒരിക്കല്‍ക്കൂടി തെളിഞ്ഞുവരുന്നു ക്രിസ്മസ് അര്‍ദ്ധരാത്രിയില്‍.
മടിച്ചുനില്‍ക്കരുത്, മാറിനില്‍ക്കരുത്, തിരിഞ്ഞുനോക്കുകയുമരുത്. ആട്ടിടയരെപ്പോലെ തിടുക്കത്തില്‍ നമുക്ക് ആ ദിവ്യാനുഭവത്തില്‍ പങ്കുചേരാം.

ബെത്‌ലഹേം നഗരം മുഴുവന്‍ ആഹ്ലാദത്തിലായിരുന്നു ആ ദിവസങ്ങളില്‍... അഗസ്റ്റസ് സീസറിന്റെ കല്പന പ്രകാരം സെന്‍സസ് പട്ടികയില്‍ പേരെഴുതിക്കാന്‍ നാനാദിക്കുകളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍... സത്രങ്ങളിലെല്ലാം മേല്‍ത്തരം വീഞ്ഞുകുപ്പികള്‍ തുറക്കപ്പെട്ടു. പാട്ടും നൃത്തവും നഗരവീഥികളെ ഉണര്‍ത്തി. കച്ചവടക്കാര്‍ക്കെല്ലാം നല്ല കൊയ്ത്തുകാലം...

ഇതിനിടയില്‍ നഗരത്തിനു പുറത്തൊരു സം ഭവം നടന്നു. പേരെഴുതിക്കാന്‍ എത്തിച്ചേര്‍ന്ന രണ്ട് ദരിദ്ര ദമ്പതികള്‍ അന്തിയുറങ്ങിയത് പശുത്തൊഴുത്തിലായിരുന്നു. ഗര്‍ഭിണിയായിരുന്ന ഭാ ര്യ രാത്രിയില്‍ പ്രസവിച്ചു, ഒരു ആണ്‍കുഞ്ഞിനെ.

മനുഷ്യവംശത്തെ രക്ഷിക്കുവാന്‍ മനുഷ്യനായിത്തീര്‍ന്ന ദൈവമായിരുന്നു ആ കുഞ്ഞ്. പക്ഷേ, തളര്‍ന്നുറങ്ങിയ പട്ടണം അതറിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിലും മനുഷ്യചരിത്രത്തിലെ ആ മഹാസംഭവം ബെത്‌ലഹേം നിവാസികള്‍ തിരിച്ചറിയാതെപോയി. കാരണം, മിശിഹായെക്കുറിച്ച് സ്വര്‍ഗം നല്കിയ അടയാളം വിചിത്രമായിരുന്നു. ലൂക്കാ 2:12 ല്‍ മാലാഖമാര്‍ ആട്ടിടയന്മാരോടു പറയുന്നതിങ്ങനെയാണ്: ''ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാ ണും.'' ദേശാധിപതിയുടെ കൊട്ടാരത്തിലെ സ്വര്‍ ണത്തൊട്ടിലില്‍, പരിചാരകവൃന്ദങ്ങളുടെ നടുവിലായി കൈകാലിട്ടടിക്കുന്ന കുഞ്ഞായിരുന്നുവെങ്കില്‍ വിശ്വസിക്കുവാന്‍ എളുപ്പമായിരുന്നു.

എന്നാല്‍, ഇതാ സര്‍വശക്തനായ ദൈവം നിസഹായനായ ശിശുവായി പുല്‍ത്തൊട്ടിയില്‍! ചുറ്റും കന്നുകാലികള്‍... ചാണകത്തിന്റെ മണം. സിനിമയിലെയും ടി.വി സീരിയലുകളിലെയും ദൈവങ്ങള്‍ സുന്ദരരും ശക്തരും ആണ്. ഗ്രീക്കു പുരാണങ്ങളിലെയും റോമന്‍ പുരാണങ്ങളിലെ യും ഭാരതീയ പുരാണങ്ങളിലെയും ദൈവങ്ങ ള്‍ക്ക് പട്ടുവസ്ത്രങ്ങളും സ്വര്‍ണ കിരീടങ്ങളും ആയുധങ്ങളുമുണ്ട്. പക്ഷേ, ചരിത്രത്തിലെ ദൈ വത്തിന് കീറത്തുണികളും വൈക്കോലും മാത്രം.

അവനെന്നും ഇടര്‍ച്ചയുടെ അടയാളമായിരുന്നു. രത്‌ന കിരീടത്തിനു പകരം മുള്‍ക്കിരീടം. ചെങ്കോലിനു പകരം മരക്കുരിശ്. അതിനാല്‍ അവനെന്നും തിരിച്ചറിയപ്പെടാതെ പോകുന്നു. മറിയത്തിന്റെ ഉദരത്തില്‍ മിശിഹാ ആണെന്നറിഞ്ഞിരുന്നെങ്കില്‍, സത്രം ഉടമസ്ഥന്‍ തീര്‍ച്ചയായും തിരുക്കുടുംബത്തിനായി വാതില്‍ തുറക്കുമായിരുന്നു. പക്ഷേ, അവനതു തിരിച്ചറിഞ്ഞില്ല. എങ്കിലും ആട്ടിടയന്മാരും ജ്ഞാനികളും അവനെ തിരിച്ചറിഞ്ഞു. എല്ലാ കുഞ്ഞുങ്ങളെക്കാളും പരിതാപകരമായ അവസ്ഥയില്‍ പിറന്ന ഉണ്ണിയേശുവില്‍ ദൈവത്തെ കാണാന്‍, അവന്റെ മുന്‍പില്‍ കുമ്പിടാന്‍ അവര്‍ പ്രകടിപ്പിച്ച വിശ്വാ സം ഈ ക്രിസ്മസ് വേളയില്‍ നമുക്കും കിട്ടിയിരുന്നെങ്കില്‍... ക്രിസ്മസ് ആഘോഷത്തിന്റെ ബഹളത്തില്‍ സ്വന്തം കുഞ്ഞുങ്ങളില്‍പ്പോലും ഉണ്ണിയേശുവിനെ കണ്ട് പരിചരിക്കാന്‍ മടിക്കുന്നവര്‍. വാര്‍ധക്യത്തിന്റെ അവശതയില്‍ കട്ടിലില്‍ കിടക്കുന്ന 'ദൈവങ്ങളെയും' അടുക്കളയിലും വീടിന്റെയും നാടിന്റെയും പിന്നാമ്പുറങ്ങളിലും നിസഹായതയില്‍ വസിക്കുന്ന 'രക്ഷകരെയും' വിസ്മൃതിയില്‍ ഉപേക്ഷിക്കാന്‍ നമുക്ക് മടിയില്ല.
രക്ഷകനെ കാണാന്‍ ഹൃദയവിശുദ്ധി വേ ണം. കാരണം, യേശു പറഞ്ഞു: ''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാ ണും'' (മത്തായി 5:8). ഈ ക്രിസ്മസിനെങ്കിലും ദൈവത്തെ കാണാന്‍ തക്കവിധം ഹൃദയങ്ങളെ നമുക്ക് പവിത്രമാക്കാം.

പ്രാര്‍ത്ഥന
ദൈവമേ, ആട്ടിടയന്മാരുടെ ഹൃദയവിശുദ്ധിയും ജ്ഞാനികളുടെ വിശ്വാസവും ഈ ക്രിസ്മസ് നാളുകളില്‍ ഞങ്ങളിലുണ്ടാകട്ടെ. അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും വീണ്ടും പിറക്കണമേ. സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്തയായ ക്രിസ്തുവിനെ ലോകത്തിന് നല്കാന്‍ ഞങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ സഹായകമായിത്തീരട്ടെ, ആമ്മേന്‍.

Sunday, 15 December 2013

പരിശുദ്ധാത്മാവിന് വിധേയപ്പെടുക; ജീവിതം അനുഗ്രഹിക്കപ്പെടും


 പരിശുദ്ധാത്മാവ് ഒരു വക്തിയോ ശക്തിയോ ?
പരിശുദ്ധാത്മാവിനെ ദൈവശക്തിയായിട്ടാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. സുവിശേഷങ്ങളിലും പരിശുദ്ധാത്മ ശക്തിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. പരിശുദ്ധാത്മാവ് ശിഷ്യരുടെമേല്‍ വന്ന് നിറഞ്ഞപ്പോള്‍ അവര്‍ ശക്തിപ്രാപിച്ചതായി ദൈവവചനത്തില്‍ നാം വായിക്കുന്നു. പരിശുദ്ധാത്മാവ് ശക്തിയാണ്, ധൈര്യമാണ്. അതുകൊണ്ടാണ് അവിടുന്ന് വന്ന് നിറയുമ്പോള്‍ നാം ശക്തരും ധീരരുമായി മാറുന്നതെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു.
കാറ്റ് പോലെയുള്ള ശക്തിയല്ല പരിശുദ്ധാത്മാവ്. വ്യക്തിത്വമില്ലാത്ത ശക്തിയുമല്ല.ഒരു വികാരവുമല്ല. യേശു പറയുന്നു, ഞാന്‍ നിങ്ങള്‍ക്കായി ഒരു സഹായകനെ അയക്കും. നിങ്ങളെ ഞാന്‍ അനാഥരായി വിടുകയില്ലെന്ന്. സഹായകന്‍ വെറുമൊരു ശക്തിയല്ല, വ്യക്തിത്വമുള്ള, ആലോചിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവനാണ്. ഈ പരിശുദ്ധാത്മാവിനെ ത്രീത്വത്തിലെ മൂന്നാം ആളായി നാം വിശ്വസിക്കുന്നത് അതുകൊണ്ടാണ്. എന്നും കൂടെയായിരിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്റെ കൂടെ നിന്ന്, എനിക്ക് തുണയായി, എന്നെ പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. എന്നില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനാല്‍ എല്ലാം എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം?
പ്രധാനമായും രണ്ട് ദൗത്യങ്ങളാണ് പരിശുദ്ധാത്മാവിന് ഉള്ളത്. ഒന്ന് ശക്തിപ്പെടുത്തുക, രണ്ട് വചനപ്രഘോഷണത്തിന് വ്യക്തികളെ ഒരുക്കുക. ഇന്നും അതു തന്നെയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. എന്റെ ഉള്ളില്‍ വസിച്ച് എന്നെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിനെയാണ് ആദ്യമായി ഞാന്‍ കാണേണ്ടത്. വ്യക്തിപരമായ രൂപാന്തരീകരണമാണ് പരിശുദ്ധാത്മ ആവാസത്തിലൂടെ നടക്കുന്നത്. യഥാര്‍ത്ഥ ശിഷ്യത്വത്തിലേക്ക് നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഇതാണ് നമ്മില്‍ വരങ്ങളും ദാനങ്ങളുമായി പ്രവര്‍ത്തിക്കുന്നത്.

ആത്മാവിനാല്‍ നിറയുമ്പോഴാണ് ഓരോ വ്യക്തിയുടെയും ജീവിതം ഫലവത്താകുന്നത്. വ്യക്തിതലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനെ നാമിവിടെ കണ്ടുമുട്ടുന്നു. അതേ സമയം സുവിശേഷ പ്രഘോഷണത്തിന് നമ്മെ ഒരുക്കുന്ന ശക്തിയായിട്ടാണ് സുവിശേഷങ്ങള്‍ പരിശുദ്ധാത്മാവിനെ ചിത്രീകരിക്കുന്നത്. പ്രധാനമായും ലൂക്കാ സുവിശേഷകനാണ് സുവിശേഷ പ്രഘോഷണത്തില്‍ പരിശുദ്ധാത്മാവിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നത്.

 പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെ കഴിയും?
പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ കഴിയണമെങ്കില്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്ന് ഹൃദയത്തില്‍ വിശ്വസിക്കണം. യേശുവിന്റെ വാക്കുകളില്‍ വിശ്വസിക്കുക. ബൈബിളിലൂടെയും സഭാ പ്രബോധനങ്ങളിലൂടെയുമാണ് യേശുവിന്റെ വാക്കുകള്‍ നമുക്ക് കേള്‍ക്കാനാകുന്നത്. ഇതിന് കണ്ണും കാതും തുറന്ന് വയ്ക്കണം. പരിശുദ്ധാത്മാവ് എന്നോട് സംസാരിക്കുന്നു, എന്നെ നയിക്കുന്നു എന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസില്‍ ഉണ്ടാകണം. 'ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ, എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഞാനൊഴുക്കും'' തുടങ്ങിയ വചനങ്ങളിലൂടെ വിശുദ്ധ യോഹന്നാന്‍ സുവിശേഷകനും വിശുദ്ധ ലൂക്കാ സുവിശേഷകനും നമ്മെ പരിശുദ്ധാത്മാവിന്റെ നയിക്കപ്പെടലിന് ഒരുങ്ങണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു.

വിശ്വാസവും ആഗ്രഹവും പ്രാര്‍ത്ഥനയും ഇതിന് അത്യാവശ്യമാണ്. പരിശുദ്ധാത്മാവിനായി കാത്തിരിക്കാന്‍ നാം തയ്യാറാകണം. അതോടൊപ്പം സമൂഹത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. കൂദാശകളിലൂടെയാണ് ഓരോ വ്യക്തികളിലേക്കും പരിശുദ്ധാത്മാവി ന്റെ അഭിഷേകം ഉണ്ടാകുന്നത്. 'സ്ഥൈര്യലേപനം' എന്ന കൂദാശയില്‍ വൈദികന്റെ കൈവയ്പ് വഴി ദൈവം പരിശുദ്ധാത്മാവിനെ നമുക്ക് നല്കുന്നു. പക്ഷേ ഈ പരിശുദ്ധാത്മാവിനെക്കുറിച്ച് നാം പലപ്പോഴും വേണ്ടത്ര ബോധവാന്മാരല്ല. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളില്‍ കനല്‍മൂടി കിടക്കുന്നു. അതിനെ ഉണര്‍ത്തണം. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് നാം എപ്പോഴും കാതോര്‍ക്കണം.
നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്റെ തഴക്കദോഷങ്ങളും കടുംപിടുത്തങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളുമാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകാതെ പോകുന്നതിന്റെ കാരണമെന്ന് അറിയണം. ഏകാഗ്രതയോടെ പരിശുദ്ധാത്മ സ്വരത്തിനുവേണ്ടി ശ്രദ്ധിക്കണം. നിശബ്ദതയില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഒരു മൗന സംസ്‌കാരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് എനിക്ക് തോന്നാറുണ്ട്. ആന്തരികമായി നമ്മുടെ ഹൃദയത്തില്‍ മന്ത്രിക്കുന്ന പരിശുദ്ധാത്മ ശബ്ദം അപ്പോള്‍ നമുക്ക് ശ്രവിക്കാന്‍ കഴിയും. ഏകാഗ്രതയില്ലാതെ ദൈവം പറയുന്നത് കേള്‍ക്കാനാവില്ലല്ലോ. എനിക്ക് കിട്ടുന്ന പ്രചോദനമനുസരിച്ച് ഞാന്‍ മുന്നോട്ട് പോകണം. പരിശുദ്ധ അമ്മയില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന മനോഭാവത്തോടെ അമ്മ ശ്രവിച്ചു.

സാധാരണയായി ദൈവാത്മാവ് ശാന്തമായിട്ടും സൗമ്യമായിട്ടുമാണ് നമ്മില്‍ പ്രവര്‍ത്തിക്കുന്നത്. ആത്മാവിന് വഴങ്ങുന്നതിന് അനുസരിച്ച് അവിടുത്തെ പ്രവര്‍ത്തനം നമ്മില്‍ ശക്തിപ്പെടും. പശ്ചാത്താപവും പാപബോധവും ദൈവത്തോട് രമ്യപ്പെടാനുള്ള ആഗ്രഹവും ഇതിന് ആവശ്യമാണ്. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് വയലുകള്‍ കര്‍ഷകന്‍ ഒരുക്കുന്നതുപോലെ നമ്മുടെ ഹൃദയത്തെയും ഇതിന് ഒരുക്കണം. പറയുന്നത് കേള്‍ക്കാനുള്ള സന്നദ്ധത ഉണ്ടാകണം. വിനയം, വിധേയത്വം ഇവയും ആവശ്യമാണ്. ഞാന്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കാള്‍ കൂടുതലായി പരിശുദ്ധാത്മാവ് എന്നെയാണ് എടുത്ത് ഉപയോഗിക്കേണ്ടതെന്ന് അപ്പോള്‍ നമുക്ക് വ്യക്തമാകും.

 സഭയ്ക്ക് പുറത്ത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ?
'പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എല്ലായിടത്തുമുണ്ട്. 'കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു' (യോഹ. 3:8) സൃഷ്ടികര്‍മ്മത്തിന്റെ ആരംഭം മുതലേ പരിശുദ്ധാത്മാവിന്റെ ഈ പ്രവര്‍ത്തനം ലോകത്തില്‍ ഉണ്ടായിട്ടുണ്ട്. യേശുവിലും ശിഷ്യന്മാരിലും പ്രവര്‍ത്തിച്ചത് ഇതേ പരിശുദ്ധാത്മാവാണ്. ഇന്ന് മറ്റ് മതങ്ങളിലും നേതാക്കളിലും ഇതേ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ നമ്മോട് പറയുന്നതും അത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊട്ടിത്തെറിച്ച് പുതിയ രൂപങ്ങള്‍ ഉണ്ടാകുന്നത്.

തിന്മയുടെ ശക്തി മരണത്തിലേക്കും നന്മയുടെ ശക്തി ജീവനിലേക്കും നയിക്കുമെന്ന് നമുക്കറിയാം. നന്മതിന്മയുടെ യുദ്ധഭൂമിയായിട്ടാണ് ബൈബിള്‍ ഭൂതലത്തെ എടുത്തുകാട്ടുന്നത്. അനേകം വ്യക്തികള്‍ക്ക് നന്മയ്ക്ക് വേണ്ടിയും നീതിക്കു വേണ്ടിയും പോരാടാന്‍ പ്രചോദനം നല്കുന്നത് പരിശുദ്ധാത്മാവാണ്. അനേകരെ മൂല്യങ്ങള്‍ക്കായി നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്. ദൈവഹിതം നിറവേറ്റാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. സത്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നിലയുറപ്പിക്കാന്‍ അനേകരെ ശക്തരാക്കുന്നതും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളാണ്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ സഭയ്ക്ക് പുറത്തും ദൈവരാജ്യമുണ്ടെന്ന് ഈ ആത്മാവ് നമ്മെ ഓര്‍മ്മിപ്പക്കുന്നു. അദൃശ്യമായ സഭയെന്നും അറിയപ്പെടാത്ത വിശ്വാസികളെന്നും നാം പറയുന്നത് അതുകൊണ്ടാണ്.

പരിശുദ്ധാത്മാവ് ഒരേസമയം വ്യക്തിയും ശക്തിയുമാണെന്ന് പറയുന്നതെന്തുകൊണ്ട്.?
= യേശുവിന്റെ സ്വര്‍ഗാരോഹണത്തിന് മുമ്പ് ഒലിവുമലയില്‍ വച്ച് അവിടുന്ന് ശ്ലീഹന്മാരെ അനുഗ്രഹിച്ച് നല്‍കിയ സാര്‍വത്രിക നിര്‍ദേശത്തില്‍ നാം ഇങ്ങനെ കാണുന്നു. ''നിങ്ങള്‍ പോയി സര്‍വജനപദങ്ങളെയും ശിഷ്യപ്പെടുത്തി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ ജ്ഞാനസ്‌നാനപ്പെടുത്തുവിന്‍'' (മത്താ.28:19). ജ്ഞാനസ്‌നാനവാക്യത്തില്‍ നിന്ന്, പരിശുദ്ധാരൂപി പിതാവിനും പുത്രനും സമാനമായ വ്യക്തിയാണെന്ന് വ്യക്തമാണ്. ഏതൊരുവന്റെയും ക്രിസ്തീയതയിലേക്കുള്ള പ്രവേശം ത്രിതൈ്വക ദൈവത്തിലുള്ള മുദ്രിതാനുഭവമാണ്. നിഖ്യാ സൂനഹദോസ് പ്രഖ്യാപിക്കുന്നു. ''...കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. അവിടുന്ന് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നു. പിതാവിനോടും പുത്രനോടും സമാനനായി ആരാധിതനും മഹത്വീകൃതനുമാകുന്നു.''അവിടുന്ന് പ്രവാചകന്മാരിലൂടെ സംസാരിച്ചു. എഡി 381 ലെ കോണ്‍സ്റ്റന്റിനോപ്പിള്‍ കൗണ്‍സില്‍ നിഖ്യാ സൂനഹദോസിന്റെ ഈ പ്രഖ്യാപനം സ്ഥിരീകരിച്ചു. 1943 സെപ്തംബര്‍ 30 ല്‍ പ്രസിദ്ധീകൃതമായ, 12ാം പിയൂസ് മാര്‍പാപ്പയുടെ 'ദിവിനോ അഫല്‍ത്തെ സ്പിരിത്തു' എന്ന ചാക്രികലേഖനം മുഖ്യമായും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പഠനമാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (19621965) 16 പ്രമാണരേഖകളിലും നിറഞ്ഞുനില്‍ക്കുന്ന പഠനങ്ങളാണ് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ളത്. 1973 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞത് 'പരിശുദ്ധാരൂപിയോടുള്ള സവിശേഷമായ ഭക്തിയും പുതിയ പഠനങ്ങളും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു' എന്നാണ്. പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ച് യേശു പറഞ്ഞു. ''എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും.'' (യോഹ. 14:26).

വേദപുസ്തകത്തില്‍ ആദ്യന്തം പരിശുദ്ധാത്മാവിനെ പരാമര്‍ശിക്കുമ്പോഴൊക്കെ 'ദൈവത്തിന്റെ ശക്തി', 'കര്‍ത്താവിന്റെ ബലം' എന്നീ പ്രയോഗങ്ങള്‍ ധാരാളം കാണാന്‍ കഴിയും. അത് പ്രവര്‍ത്തനനിരതവും ചലനാത്മകവുമാണെന്നും വിശുദ്ധ ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സര്‍വവും ഉണ്ടായത് ദൈവത്തിന്റെ അരൂപിയായ വചനത്താലാണല്ലോ. ആദിയില്‍ ദൈവത്തിന്റെ അരൂപി ജലവിതാനങ്ങളില്‍ ചലനാത്മകനായിരുന്നു. മാലാഖാ പരിശുദ്ധ കന്യാമറിയത്തോട് സംസാരിക്കുമ്പോള്‍ പറയുന്നതും, ദൈവാത്മാവിന്റെ ശക്തിയെക്കുറിച്ചാണ്.''പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.'' (ലൂക്കാ. 1:35).
ജോയേല്‍ പ്രവാചകന്റെ പ്രവചനം പരിശുദ്ധാത്മാവിന്റെ ആഗമനത്തിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നു. ''എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.'' (അപ്പ: 2:18). ഇത് വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ആനന്ദത്തിന്റെയും അരൂപിയാണ്.

അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ ആദ്യന്തം കാണുന്ന പരിശുദ്ധാത്മശക്തി ശിഷ്യ സമൂഹത്തിന് പ്രസംഗിക്കാനും രോഗശാന്തി നല്‍കാനും തിന്മകളകറ്റാനും യേശുവിന് സാക്ഷ്യം നല്‍കാനും കൂട്ടായ്മ വളര്‍ത്താനുമൊക്കെ ഉപയോഗിക്കുന്നു. വ്യക്തിയും ശക്തിയുമായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന് വേണ്ടിയാണ് നാം ദിനവും പ്രാര്‍ത്ഥിക്കേണ്ടത്.

 എന്താണ് പരിശുദ്ധാത്മാവിന്റെ ഇന്നത്തെ ദൗത്യം ?

= പരിശുദ്ധാരൂപിക്ക് ഇന്ന് സഭയിലും സമൂഹത്തിലും വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാ മനുഷ്യഹൃദയങ്ങളിലും ദൈവ ചൈതന്യം നിവേശിപ്പിക്കാന്‍ പരിശുദ്ധാത്മാവിന് മാത്രമേ കഴിയൂ. യേശു ശിഷ്യരോട് പറഞ്ഞു. ''മനുഷ്യര്‍ക്ക് പാപബോധവും നീതിബോധവും ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ വേണ്ടി ഞാന്‍ എന്റെ സഹായകനെ നിങ്ങളുടെ അടുക്കലേക്കയയ്ക്കും'' (യോഹ. 16:711). പരിശുദ്ധാത്മാവിന്റെ ഈ സഹായമില്ലെങ്കില്‍ നമുക്ക് വഴിതെറ്റുമെന്ന് തീര്‍ച്ചയാണ്. ദൈവവചനം പറയുന്നു. ''യേശു കര്‍ത്താവാണെന്ന് പറയാന്‍ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയുമില്ല.''(1 കോറി 12:3). ഓരോരുത്തര്‍ക്കും ആത്മീയവരദാനങ്ങള്‍ നല്‍കപ്പെടുന്നത് ക്രിസ്തുവിന്റെ ഭൗതികശരീരം പണിതുയര്‍ത്താന്‍ ആണെന്ന് കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തിലും നാം വായിക്കുന്നു.

പരിശുദ്ധാത്മാവ് വന്നു നിറയുമ്പോഴാണ് സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളാല്‍ നാം നിറയുന്നത്. സഹായകനായ പരിശുദ്ധാത്മാവ് ഒരിക്കലും നമ്മെ മറന്നുകളയുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. രൂപരഹിതവും ശൂന്യവുമായിരുന്ന ഭൂമിക്ക് രൂപവും ഭാവവും നല്‍കിയതും ദൈവസാന്നിധ്യം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തതും ഈ പരിശുദ്ധാത്മാവാണെന്ന് തിരുവചനത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. സഭയുടെ നിരന്തര സാന്നിധ്യത്തിന്റെ അടയാളം കൂടിയാണ് ഈ പരിശുദ്ധാരൂപി. പുതുജീവന്‍ നല്‍കുകയും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും അമ്മയെപ്പോലെ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് ഈ സഹായകനാണ്. എവിടെ സമൂഹമുണ്ടോ അവിടെ ദൈവത്തിലേക്ക് ചേര്‍ന്ന് നില്‍ക്കാന്‍ നമ്മെ സഹായിക്കുന്നത് ഈ അരൂപിയുടെ സാന്നിധ്യമാണ്. അതാണിന്ന് പരിശുദ്ധാത്മാവിന്റെ പ്രധാന ദൗത്യവും.


 പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാന്‍ ഇന്നത്തെ ലോകത്തിന് എങ്ങനെയാണ് കഴിയുന്നത്?

= പരിശുദ്ധാത്മാവ് സ്‌നേഹത്തിന്റെ അരൂപിയാണ്. സെന്റ് പോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''ദൈവസ്‌നേഹമാകുന്ന പരിശുദ്ധാത്മാവ് നമ്മില്‍ ചൊരിയപ്പെട്ടിരിക്കുന്നു.'' (റോമ 5:5). ഈ പ്രസ്താവനയ്ക്ക് മുമ്പ് നമ്മുടെ മാനസികാവസ്ഥയുടെ ഒരു വിശകലനം അദ്ദേഹം നടത്തുന്നുണ്ട്. നമ്മുടെ കഷ്ടതകളില്‍ നമുക്ക് അഭിമാനിക്കാം. കാരണം, കഷ്ടത സഹനശീലം ഉളവാക്കുന്നു. സഹനശീലത്തില്‍ നിന്ന് സ്വഭാവഗുണം ഉളവാക്കുന്നു. സ്വഭാവഗുണത്തില്‍ നിന്ന് പ്രത്യാശ ജനിക്കുന്നു. ഈ പ്രത്യാശയില്‍ നിരാശയ്ക്കിടമില്ല. കാരണം നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ യാണ് ദൈവസ്‌നേഹം ചൊരിയപ്പെടുന്നത്.

 സഭയ്ക്ക് പുറമെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമുണ്ടെന്ന് വിശ്വസിക്കാമോ.?

= തീര്‍ച്ചയായും. ദൈവത്തോട് മനുഷ്യനെ അടുപ്പിക്കാനുള്ള ദൈവികപദ്ധതിയാണ് പരിശുദ്ധാത്മാവ്. ഇന്ന് സഭയിലും സമൂഹത്തിലുമെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നമുക്ക് വ്യക്തമായി കാണാം. എന്നാല്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തില്‍ പരിമിതികളുണ്ട്. പക്ഷേ നന്മയുടെ വഴികളിലൂടെ സഭയ്ക്ക് പുറത്തും ആത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.


Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22