അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday 19 October 2013

തോറ്റുപോയവര്‍ക്കുള്ള സുവിശേഷം


വെന്തുതീര്‍ന്ന ചോറിനു കീഴെ കത്തിയമര്‍ന്ന കനലുകളുണ്ട്.
വര്‍ത്തമാനകാലത്തെ പ്രകാശമാക്കിയവര്‍ക്കൊക്കെ ഒരു ഭൂതകാലത്തിന്റെ ഇരുള്‍ബാധിച്ച കഥ
പറയാനുണ്ടാകും. കമ്പ്യൂട്ടര്‍ ലോകത്തെ ആചാര്യന്മാരിലൊരുവനായ സ്റ്റീവ് പോള്‍ ജോബ്‌സിന്റെ
കഥയും ഇതുതന്നെ. ആപ്പിള്‍ കമ്പ്യൂട്ടറിന്റെ സഹസ്ഥാപകന്‍, ബിസിനസ് രാജാവ്, തിരഞ്ഞെടുക്കപ്പെട്ട യുവ
ബിസിനസുകാരില്‍ ഒന്നാമന്‍, അമേരിക്കയിലെ കോടിപതി. ഈ
അലങ്കാരങ്ങള്‍ക്കൊക്കെമുമ്പ് അലഞ്ഞു നടന്നൊരു കാലമുണ്ടായിരുന്നു ഇദ്ദേഹത്തിന്.
ആരാലും അറിയപ്പെടാത്ത, സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി കലാലയ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍
കഴിയാത്ത ഒരു ഭൂതകാലം. ഇരുള്‍നിറഞ്ഞ ആ കാലത്തെക്കുറിച്ച് പ്രസിദ്ധമായ കാലിഫോര്‍ണിയയിലെ
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അദ്ദേഹം ഒരു പ്രഭാഷണം നടത്തി, ബിരുദദാന ചടങ്ങിലെ പ്രധാന അതിഥി എന്ന നിലയില്‍.


ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സര്‍
ആനിമേഷന്‍ സ്റ്റുഡിയോയുടെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എന്ന നിലയില്‍, വാര്‍ത്താവിനിമയലോകത്തെ മാസ്മരികകഥകള്‍ പങ്കുവയ്ക്കുമെന്നു കരുതിയവര്‍ക്കു തെറ്റി.
ജീവിതത്തിലെ തോറ്റുപോയ കഥകള്‍ വിജയം മാത്രം ലക്ഷ്യമിട്ടിരിക്കുന്ന സദസിനായി അയാള്‍
വിളമ്പി: 'സത്യത്തില്‍ ഒരു കോളജില്‍നിന്നും ബിരുദമെടുത്ത ആളല്ല
ഞാന്‍. ആദ്യമായാണ് ഒരു ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നത്. എന്റെ ജീവിതത്തിലെ
മൂന്നു കഥകള്‍ എനിക്കു പങ്കുവയ്ക്കാനുണ്ട്. വലിയ കാര്യങ്ങളൊന്നുംതന്നെയില്ല.
വെറും മൂന്നു കഥകള്‍!


ഞാന്‍ പഠിച്ച റീഡ് കോളജിലെ
വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍നിന്നും ആദ്യകഥ തുടങ്ങുന്നു. എന്തുകൊണ്ട്
ഉപേക്ഷിക്കേണ്ടിവന്നു എന്ന ചോദ്യത്തിന് ഞാന്‍ ജനിക്കുംമുമ്പുള്ള കാലമാണ് മറുപടി
തരിക. അവിവാഹിതയും ബിരുദ വിദ്യാര്‍ത്ഥിനിയുമായിരുന്നു എന്റെ അമ്മ. ആരെങ്കിലും
എന്നെ ദത്തെടുക്കുമോയെന്ന് എന്റെ അമ്മ അന്വേഷിച്ചു. ഒരൊറ്റ നിര്‍ബന്ധമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ
കലാലയ വിദ്യാഭ്യാസം നടത്തിയിട്ടുള്ള ആരെങ്കിലുമാകണം കുഞ്ഞിനെ ദത്തെടുക്കുന്നത്.
അന്വേഷണം സഫലമായി. ഒരു വക്കീലും അയാളുടെ ഭാര്യയും അരുതാത്തൊരു ഗര്‍ഭത്തില്‍ പിറന്ന
എന്നെ സ്വീകരിക്കാന്‍ തയാറായി. പക്ഷേ, ഞാനൊരു ആണ്‍കുട്ടിയെന്നറിഞ്ഞപ്പോള്‍
അവര്‍ പിന്മാറി. അവര്‍ക്കാവശ്യം പെണ്‍കുട്ടിയെ ആയിരുന്നു. അങ്ങനെ വെയ്റ്റിങ്
ലിസ്റ്റില്‍ അടുത്ത സ്ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ
സ്വീകരിക്കാന്‍ തയാറായി. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ്
എന്നെ ദത്തെടുത്തിരിക്കുന്നതെന്ന് പിന്നീടാണ് എന്റെ അമ്മ അറിയുന്നത്.
എന്തായാലും, എന്നെ കോളജില്‍ വിടുമെന്ന ഉറപ്പുകിട്ടിയ ശേഷമേ അവര്‍ എന്നെ
കൈമാറിയുള്ളൂ.

ഈ വിധം ജീവിതം തുടങ്ങിയ ഞാ ന്‍, പതിനേഴു വര്‍ഷം കഴിഞ്ഞ് കോളജില്‍ പോവുകതന്നെ ചെയ്തു. ചെലവേറിയ റീഡ് കോളജിലെ
വിദ്യാഭ്യാസത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ എന്റെ വളര്‍ത്തു മാതാപിതാക്കള്‍ക്കാവില്ലെന്നു
ഞാനറിഞ്ഞു. മാതാപിതാക്കള്‍ അവരുടെ വേതനം മുഴുവന്‍ എന്റെ പഠിപ്പിനുവേണ്ടി
ചെലവിടുന്നത് ശരിയാകില്ലെന്നു തോന്നിയപ്പോള്‍, ആറുമാസത്തിനകം കോളജിന്റെ പടിയിറങ്ങി. എന്തായാലും, തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്നു
മനസിലായി. ഉറങ്ങാന്‍ സ്വന്തമായൊരു മുറിയില്ലാതിരുന്നതിനാല്‍ സുഹൃത്തുക്കളുടെ
മുറിയില്‍ തറയില്‍ രാത്രിയില്‍ കിടന്നുറങ്ങി. കൊക്കൊ കോളയുടെ കാലിക്കുപ്പികള്‍
ശേഖരിച്ചു കൊടുത്താല്‍ കിട്ടുന്ന അഞ്ചു സെന്റുകൊണ്ട് ആഹാരം വാങ്ങിക്കഴിച്ചു.
ഞായറാഴ്ച രാത്രികളില്‍ ദൈവാലയങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന
അന്നദാനത്തിന് മണിക്കൂറുകള്‍ കാല്‍നടയായി യാത്ര ചെയ്തു. ആ അലച്ചിലുകള്‍
എനിക്കിഷ്ടമായിരുന്നു. യാത്രയ്ക്കിടയില്‍ മനസിലുദിച്ച ജിജ്ഞാസയും ഉള്‍ക്കാഴ്ചയും
എനിക്കു കൂട്ടായി. ഒരുദാഹരണം, അക്കാലത്ത് റീഡ് കോളജില്‍ അക്ഷരമെഴുത്ത്
അഥവാ കാലിഗ്രാഫി പരിശീലിപ്പിക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു. കോളജിലെ ക്ലാസില്‍
പങ്കെടുക്കാന്‍ പറ്റാത്തതുകൊണ്ട്, ആര്‍ക്കും പങ്കെടുക്കാവുന്ന കാലിഗ്രാഫിക്ലാസില്‍
ഞാന്‍ ചേര്‍ന്നു. അക്ഷരങ്ങളുടെ കൂട്ടില്‍ വിരിയുന്ന മാറ്റങ്ങള്‍, അതിന്റെ ലാവണ്യം അതൊക്കെ എനിക്കേറെ ഇഷ്ടപ്പെട്ടു. ഇതുകൊണ്ട് ജീവിതത്തിന്റെ
ലാവണ്യം വര്‍ധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്യുമ്പോള്‍
എനിക്കവയെല്ലാം പ്രയോജനകരമായി. മനോഹരമായി ടൈപ്പോഗ്രഫി ഉപയോഗിച്ച ആദ്യ കമ്പ്യൂട്ടറാണ്
ആപ്പിള്‍. കോളജിന്റെ പടിയിറങ്ങാന്‍ അന്നെനിക്കായില്ലായിരുന്നെങ്കില്‍, ആപ്പിളിന്റെ സ്‌ക്രീനില്‍ വര്‍ണങ്ങള്‍ വിരിയില്ലായിരുന്നു.

ഇന്നലെയുടെ നഷ്ടങ്ങള്‍ നാളെയുടെ
ലാഭങ്ങളാകാം. ഭൂതകാലത്തിലെ വിപരീത അനുഭവങ്ങള്‍ ഭാവിയുടെ അനുഗ്രഹവഴികളില്‍ നമുക്കു
പ്രത്യാശ പകരും.

ഇനി രണ്ടാമത്തെ കഥ:

അതൊരു നഷ്ടപ്പെടലിന്റെ
കഥയാണ്. 'ഇരുപതു വയസുള്ളപ്പോഴാണ് ഞാനും വോസും കൂടി ഞങ്ങളുടെ
ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. കഠിന പരിശ്രമംകൊണ്ട് പത്തുവര്‍ഷത്തിനകം ഇരുപതു
ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള നാലായിരത്തോളം ജോലിക്കാരുള്ള ഒരു വമ്പന്‍
കമ്പനിയായി ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരാളെക്കൂടി
നിയമിച്ചു. ആദ്യനാളുകളില്‍ പ്രത്യേക പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും, സാവധാനം ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ
പക്ഷംചേര്‍ന്നു. അങ്ങനെ എന്റെ ഇരുപത്തിയൊന്‍പതാം വയസില്‍ അവരെന്നെ ജോലിയില്‍
നിന്നും പിരിച്ചുവിട്ടു. നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്ഥാപനത്തില്‍നിന്നും
നിങ്ങളെ പിരിച്ചുവിടുക! മുപ്പതാം വയസില്‍ ഞാന്‍ എല്ലാം നഷ്ടപ്പെട്ടവനായി.
ജീവിതത്തില്‍നിന്നും ഓടിയൊളിക്കണം എന്നെനിക്കു തോന്നി. വ്യവസായ സംരംഭകര്‍ക്ക്, പ്രത്യേകിച്ചും മുന്‍തലമുറക്കാര്‍ക്ക് ഞാനൊരു അപമാനമായല്ലോ എന്ന തോന്നലില്‍, അപകര്‍ഷതകൊണ്ട് ഞാന്‍ തല താഴ്ത്തി. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ നീറി
നടന്നു.

വീണ്ടും ഒരങ്കത്തിന് എന്നെത്തന്നെ
സജ്ജമാക്കി. ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതിനെന്നു ചിന്തിക്കാന്‍ തുടങ്ങി.
ഒരു വിജയിയുടെ ഗര്‍വിന്റെ സ്ഥാനത്ത്, തോല്‍വിയുടെ വിനയം എന്നെ
പുതുവഴികളിലേക്കു നയിച്ചു. പിന്നെയുള്ള അഞ്ചുവര്‍ഷത്തിനുള്ളില്‍ നെക്‌സറ്റ് എന്ന
കമ്പനിയും പിക്‌സര്‍ എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ലോകത്തിലെ ഇദംപ്രഥമമായ
കമ്പ്യൂട്ടര്‍ ആനിമേഷന്‍സ് ഉള്ള ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മിച്ചു. ഇന്ന് ഏറ്റം വിജയപ്രദമായി മുന്നോട്ടുപോകുന്ന ആനിമേഷന്‍
സ്റ്റുഡിയോ ആണ് പിക്‌സര്‍. സംഭവങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ അധികകാലം
വേണ്ടിവന്നില്ല. 'നെക്‌സ്റ്റ്' എന്ന കമ്പനി ആപ്പിള്‍ വാങ്ങുന്നു.
നഷ്ടമായതെല്ലാം തിരിച്ചെത്തുന്നു. അന്നു ആപ്പിളില്‍ നിന്നും പുറത്താക്കിയില്ലായിരുന്നെങ്കില്‍, നൂതനമായ കമ്പനികള്‍ക്കു രൂപം നല്‍കാന്‍ എനിക്കാവില്ലായിരുന്നു. ഒരിക്കലും
വിശ്വാസം നഷ്ടമാക്കരുത്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കും. ആഘാതം ഏറെ
ആഴമുള്ളതുമാകാം. എങ്കിലും തകരരുത്. നാം ചെയ്യുന്ന പ്രവൃത്തിയെ ആഴമായി സ്‌നേഹിക്കുക.
ജീവിതസഖിയെപ്പോലെ കരുതുക. നാം തേടുന്നതിനെ കണ്ടെത്തുവോളം അന്വേഷിക്കുക.
കണ്ടെത്തുംവരെ അടങ്ങിയിരിക്കരുത്.


ഇനി മൂന്നാമത്തെ കഥ:

ഇതൊരു മരണചിന്തയാണ്. 'പതിനേഴു വയസുള്ളപ്പോള്‍ ഒരു ദൈവവചനം ഞാന്‍ വായിച്ചു. അത്
ഏതാണ്ടിങ്ങനെയാണ്: ''ഓരോ ദിവസവും നിങ്ങളുടെ അവസാന ദിനമെന്നു കരുതി ജീവിക്കുക; ഒരുനാള്‍ നിങ്ങളുടെ ധാരണ ശരിയാകും.'' കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമായി
ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യമിതാണ്: 'ഇന്ന് എന്റെ അന്ത്യദിനമാണെങ്കില്‍ ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളാണോ
ഞാനിന്ന് ചെയ്തത്? ഏറെ ദിവസങ്ങള്‍ തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്കൊരു മാറ്റം
ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ചിന്ത പല നല്ല തിരഞ്ഞെടുപ്പുകള്‍ക്കും
കാരണമായിട്ടുണ്ട്. കാരണം, മരണത്തിനു മുമ്പില്‍ നിങ്ങളുടെ
ജയപരാജയങ്ങളും ഭയങ്ങളും സ്വപ്‌നങ്ങളും അഭിമാനവുമൊക്കെ അഴിഞ്ഞുവീഴുന്നു. മരണബോധമാണ്
നഷ്ടബോധത്തിന്റെ വഴിയില്‍നിന്നും എന്നെ രക്ഷപ്പെടുത്തുന്നത്. അവിടെ നിങ്ങള്‍
നഗ്‌നരാണ്. ഇനി ഹൃദയത്തിന്റെ വഴികളെ പിന്തുടരാതെ നിങ്ങള്‍ക്കു വഴിയില്ല.


ഒരുകൊല്ലം മുമ്പാണ് എനിക്ക് കാന്‍സറുണ്ടെന്ന്
കണ്ടെത്തുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍. ചികിത്സിച്ച് ഭേദമാക്കാനാവില്ലെന്നു
ഡോക്ടര്‍മാര്‍ പറഞ്ഞു. ആറുമാസത്തെ ആയുസേയുള്ളൂ. വീട്ടില്‍പോയി കാര്യങ്ങളെല്ലാം
ശരിപ്പെടുത്താന്‍ അവരുപദേശിച്ചു. മരിക്കാന്‍ തയാറായിക്കൊള്ളൂ എന്നതിന്റെ
വൈദ്യഭാഷ്യമാണിത്. ഭാവിയുടെ വഴിയില്‍ ജീവിതസഖിയോടും നാലുമക്കളോടും
പറയാനുള്ളതെല്ലാം പറയുക എന്നര്‍ത്ഥം? വിടവാങ്ങല്‍ തന്നെ. ഒരു ദിവസം മുഴുവന്‍
രോഗവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ശ്രമിച്ചു. വൈകുന്നേരം എന്നെ ബയോപ്‌സിക്
കൊണ്ടുപോയി. റിസല്‍റ്റു പറഞ്ഞപ്പോള്‍ ഡോക്ടര്‍ കരയുന്നുണ്ടായിരുന്നു. ഭേദമാക്കാവുന്ന
കാന്‍സറെന്ന സന്തോഷവാര്‍ത്ത. ഞാന്‍ രോഗവിമുക്തനായി. മരണത്തെ ഇത്രയധികം അടുത്തറിഞ്ഞ
മറ്റൊരു സമയമില്ലെനിക്ക്. മരണചിന്ത ഏറെ ഉപയോഗപ്രദമെന്നു ഞാന്‍ കരുതുന്നു.

ആരും മരിക്കാന്‍ മോഹിക്കാറില്ല.
സ്വര്‍ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍പോലും പെട്ടെന്നു മരിക്കാന്‍ ഇഷ്ടപ്പെടില്ല.
എങ്കിലും നാം മരണത്തെ അഭിമുഖീകരിച്ചേ മതിയാവൂ. അതില്‍നിന്നാരും
രക്ഷപ്പെട്ടിട്ടില്ല, രക്ഷപെടുകയുമില്ല. ജീവിതത്തിന്റെ ഏറ്റവും വലിയ
കണ്ടുപിടുത്തമാണ് മരണം. പഴയതിനെ മാറ്റി പുതുജീവനിലേക്കു പ്രവേശിക്കുന്ന
ജീവിതത്തിലെ മാറ്റമാണിത്. സമയം കുറച്ചേയുള്ളൂ എന്നു കരുതി ജീവിക്കുക.
മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം വിശുദ്ധമായി ജീവിക്കുക. അന്യരുടെ
ചിന്തയുടെ ഫലങ്ങള്‍ ഭക്ഷിക്കരുത്. ആ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍നിന്നും
ഉയരുന്ന ആന്തരികശബ്ദം കേള്‍ക്കാതെ പോകരുത്. ദി ഹോള്‍ എര്‍ത്ത് കാറ്റലോഗ്' എന്നൊരു
പ്രസിദ്ധീകരണമുണ്ടായിരുന്നു. 1979 ല്‍ അവസാനലക്കം പുറത്തിറങ്ങി.
അതിന്റെ പുറംചട്ടയില്‍ ഇങ്ങനെയൊരു വാക്യം കൊടുത്തിരുന്നു: വിശന്നിരിക്കുക; വിഡ്ഢിയായിരിക്കുക.


ജീവിതത്തിന്റെ വഴിയില്‍ പുതിയ കാര്യങ്ങള്‍ക്കായി
ഇച്ഛിക്കുന്ന ഏവര്‍ക്കും സൂക്ഷിക്കാനുള്ള മന്ത്രമായിരിക്കുമിത്: നന്മയുടെ വഴികള്‍ക്കായി
വിശക്കാനും ജയത്തിന്റെ വഴികളില്‍ വിഡ്ഢിയായിരിക്കാനും കഴിയുക. തകര്‍ക്കപ്പെട്ടാലും
നശിക്കപ്പെടില്ലെന്നു തിരിച്ചറിയുക. തിരിച്ചെടുക്കാന്‍ കഴിയാത്തതായി നമുക്കൊന്നും
നഷ്ടമായിട്ടില്ല. അതെ, തോറ്റുപോയവര്‍ക്കുള്ള സുവിശേഷമാണിത്!

1 comment:

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22