ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവാണ് ഇത് .30 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .. നഷ്ടപ്പെട്ടുപോയ അവസരങ്ങള്‍, കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ ദിനരാത്രങ്ങള്‍. സമയം കടന്നുപോകുന്നല്ലോ, ഒന്നും ചെയ്തുതീര്‍ക്കാനാവുന്നില്ലല്ലോ എന്ന ആകുലതയാണ് മനംനിറയെ.
വെളിപാടു പുസ്തകത്തില്‍ 'ലവൊദീക്യാ'യിലെ സഭയ്ക്കു നല്കുന്ന മുന്നറിയിപ്പ് എന്നെ ചുട്ടുപൊള്ളിക്കുന്നു: ''നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും...''
(വെളിപാട് 3:1516).
എനിക്ക് ജാള്യത തോന്നുന്നുണ്ട്. നിനക്കുവേണ്ടി ഇതുവരെ ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിന്റെ ജാള്യം. ചില 'ചെറിയ' മനുഷ്യരുടെ വലിയ സാക്ഷ്യങ്ങള്‍ എന്നെ ഭൂമിയോളം ചെറുതാക്കുന്നതങ്ങനെയാണ്.
ഇറാഖില്‍ നിന്നുള്ളതായിരുന്നു ആ വീഡിയോ. അതു കാണേണ്ടിയിരുന്നില്ല എന്നു തോന്നി പിന്നീട് പലപ്പോഴും. കാണാതിരുന്നുവെങ്കില്‍ എന്റെ ഉറക്കം നഷ്ടപ്പെടുമായിരുന്നില്ല; എന്റെ നെഞ്ചിന്‍കൂട്ടിനുള്ളിലൊരു നിലവിളി സദാ ഉയര്‍ന്നുവരുമായിരുന്നില്ല! കണ്ണില്‍നിന്നു മറയുന്നില്ല, ആ ദൃശ്യങ്ങള്‍.
നാട്ടിന്‍പുറത്തെ ഒരു ജംഗ്ഷന്‍. അവിടെ വന്യമായ രൂപഭാവങ്ങളുള്ള ഒരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ നിരാലംബരായ ഏതാനും 'ചെറിയ' മനുഷ്യര്‍. ആള്‍ക്കൂട്ടത്തില്‍ നിന്നൊരു പാദം ഉയര്‍ന്നുതാണു. 'ഇര' മുഖംകുത്തി നിലത്തേക്ക്. ആരോ കാര്‍ക്കിച്ചു തുപ്പുന്നു. മീശ മുളക്കാത്ത ഒരു പയ്യന്‍ ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുവന്ന് ആഞ്ഞുചവിട്ടുകയാണ്. മറ്റൊരുവന്‍ ഇരുമ്പുവടികൊണ്ട് ഇരയുടെ കൈകാലുകള്‍ തച്ചുടയ്ക്കുന്നു.
എന്നെ കരയിക്കുന്നത് അതൊന്നുമല്ല. ഇത്രയൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടും നിലത്തുവീണു പിടയുന്നതല്ലാതെ തിരിച്ചാക്രമിക്കാനോ കുതറിയോടാനോ അസഭ്യവാക്കു പറയാനോ മുതിരുന്നില്ല ഇരകള്‍! ജീവന്‍ രക്ഷിക്കാന്‍ ഏതു മനുഷ്യനും സ്വയം പ്രതിരോധിക്കും. ഈ മനുഷ്യര്‍ അതുപോലും ചെയ്യുന്നില്ലല്ലോ, ദൈവമേ!
ഇറാഖിലെ മുഖങ്ങള്‍ക്കും കാല്‍വരിയിലെ മുഖത്തിനും ഒരേ ഛായ; ഒരേ ഭാവം. ഇവര്‍ക്കു മുന്‍പില്‍ ഞാന്‍, ഈശോയെ ഒന്നു ശിരസു നമിക്കട്ടെ; നിശബ്ദമായൊന്നു കരയട്ടെ. എന്റെ മന്ദോഷ്ണതയോര്‍ത്ത് ഹൃദയം നുറുങ്ങിയൊന്നു നിലവിളിക്കട്ടെ.
നിനക്കുവേണ്ടി ഒരുപാടു സഹിച്ചവനായിരുന്നു പൗലോസ്; നീ വഴിയില്‍ വച്ചു പിടിച്ചെടുത്ത സാവൂള്‍. അവന്‍ പറഞ്ഞതാണു സത്യം: ''ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു'' (ഫിലിപ്പി 1:29).
ക്രിസ്തുവിനുവേണ്ടി സഹിക്കുകയെന്നതും അനുഗ്രഹമാണ്; മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, അനുഗ്രഹിക്കപ്പെട്ടവര്‍ക്കു മാത്രമേ ക്രിസ്തുവിനെപ്രതി സഹിക്കാന്‍ ആവുകയുള്ളൂ. ഇപ്പോള്‍ എനിക്ക് സകലതും വ്യക്തമാവുന്നുണ്ട്; നീ എന്നെയും അനുഗ്രഹിക്കുന്നതിനെയോര്‍ത്ത്. നന്ദി, ഇനി എനിക്ക് സഹനങ്ങളെപ്രതി പരാതികളില്ല...
''എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും'' (മത്തായി 5:1112).
ഇറാഖിലെ ആ നിരാലംബരായ രക്തസാക്ഷികള്‍, അവര്‍ നിന്നോടൊത്തു പറുദീസയിലാണെന്ന് എനിക്കുറപ്പുണ്ട് . അതായിരുന്നു പീഡനമേല്ക്കുമ്പോഴും അവരുടെ മുഖത്തുണ്ടായിരുന്ന ഭാവം.
ഇവര്‍ക്കു മുന്‍പിലാണ് ''ഞാന്‍ പിഴയാളി'' എന്നു നാനൂറുവട്ടം ആവര്‍ത്തിക്കാന്‍ എന്റെ ഹൃദയം മന്ത്രിക്കുന്നത്. കാരണമുണ്ട്; മഹാനഗരങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്രകളില്‍, എയര്‍പോര്‍ട്ടുകളിലെ വിരസമായ കാത്തിരിപ്പു മുറികളില്‍; ഒരിടത്തും ജപമാല കീശയ്ക്കുള്ളില്‍നിന്നു പുറത്തെടുക്കാന്‍ അനുവദിക്കുന്നില്ല എന്റെയുള്ളിലെ നാഗരിക മനുഷ്യന്‍.
എനിക്ക് നിന്റെ നാമധേയം വെറുതെ ലഭിച്ച ഒരു മേല്‍വിലാസം; സല്‍പേരിനു ലഭിച്ച 'വിലയില്ലാത്ത' പതക്കം. ശരിയാണ്, ഞാന്‍ തണുപ്പും ചൂടുമില്ലാത്ത 'മന്ദോഷ്ണന്‍.' എന്നെക്കുറിച്ചാണ് നീ ആ ഉപമ പറഞ്ഞത്; തോട്ടത്തിനു നടുവില്‍ നില്ക്കുന്ന ഫലം കായ്ക്കാത്ത അത്തിമരം!
ആരെങ്കിലും എന്റെ സ്വഭാവത്തെപ്പറ്റി അല്പമെന്തെങ്കിലുമൊന്നു കനപ്പിച്ചു പറഞ്ഞാല്‍ മതി, വാടുകയായി എന്റെ മുഖം. നീ പറഞ്ഞ ആ 'കപടനാട്യക്കാരന്‍' ഞാനാണ് കര്‍ത്താവേ... മാപ്പ്! ''എന്റെ നാമം നിമിത്തം നിങ്ങള്‍ സര്‍വരാലും ദ്വേ ഷിക്കപ്പെടും. അവസാനംവരെ സഹി ച്ചുനില്ക്കുന്നവന്‍ രക്ഷപ്പെടും'' (മത്തായി 10:22).
എനിക്ക് സര്‍വരുടെയും പ്രീതി നേടാനാണ് താല്പര്യം. അതിനുവേണ്ടി എത്രയെത്ര കീഴ്‌വഴങ്ങലുകള്‍, വിട്ടുവീഴ്ചകള്‍, ചതഞ്ഞ നയതന്ത്രജ്ഞതയുടെ പുഞ്ചിരികള്‍. അതെ, ഞാന്‍ തന്നെയാണ് കപടനാട്യക്കാരന്‍. ക്രിസ്തുസാക്ഷിയാകാന്‍ ആവാത്ത ഞാനെങ്ങനെയാണ് രക്തസാക്ഷിയാവുക?
മനുഷ്യരുടെ മുന്‍പില്‍ നിന്നെ ഏറ്റുപറയാന്‍ മടിക്കുന്നവരെ ദൈവപിതാവിന്റെ മുന്‍പില്‍ സാക്ഷിക്കുവാന്‍ നീ മടിക്കുമോ, കര്‍ത്താവേ? അങ്ങനെയെങ്കില്‍ ഇനിയും എത്രയാവര്‍ത്തി ഞാന്‍ 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ' എന്നു നെഞ്ചിലിടിച്ചു കരയേണ്ടിവരും.
ലോകം എന്നെ വെറുത്തുകൊള്ളട്ടെ, പുച്ഛിച്ചു തരംതാഴ്ത്തിക്കൊള്ളട്ടെ. അപവാദങ്ങളുടെ അരക്കില്ലങ്ങളില്‍ എന്നെ എരിയിച്ചുകളയട്ടെ. എന്നാലും നിന്റെ നാമത്തെപ്രതി ഇനി ഒരിക്കലും ലജ്ജിക്കുകയില്ല ഞാന്‍.
ഞാന്‍ ലോകത്തിന്റേതല്ല; വാസ്തവം. എന്നാലും എന്റെ താല്പര്യങ്ങളത്രയും ലോകത്തോടാണ്. അതിന്റെ ഭ്രമിപ്പിക്കുന്ന കാഴ്ചകളില്‍, ത്രസിപ്പിക്കുന്ന രസങ്ങളില്‍, ലഹരി പതയുന്ന ആസക്തികളില്‍, ചുട്ടുപൊള്ളിക്കുന്ന അഴകളവുകളില്‍!
എനിക്കു മതിയായി. നീ കാണിച്ചു തരുന്ന ആ ഇടുങ്ങിയ വാതില്‍ മതിയെനിക്ക്. നടന്നു നീങ്ങുന്തോറും ചുരുങ്ങിച്ചുരുങ്ങി വരികയാണ് ആ വഴി.
വിശുദ്ധ പൗലോസ് പറഞ്ഞതാണ് സ ത്യം. ''എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു'' (1 തെസ. 3:7).
അതൊരു വലിയ ദര്‍ശനമാണ്. ഞെരുക്കപ്പെടുന്നെങ്കിലും തകര്‍ക്കപ്പെടാത്തവന്റെ കരുത്ത്.
''ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു'' (2 കോറി. 4:810).
അപ്പോള്‍ അതാണു കാര്യം. ക്രിസ്തുവിനെപ്രതി ഞാന്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ ഉറപ്പാണ്. അവന്‍ എന്നില്‍ ജീവിക്കുന്നുണ്ട്. ഉള്ളിലുള്ള പക്ഷിക്കുനേരെയാണ് വേടന്റെ അമ്പുകളത്രയും. പക്ഷേ, കൊള്ളുന്നതാവട്ടെ കൂട്ടിലാണെന്നുമാത്രം. ഇനിയും നമ്മുടെ ചുവടുകള്‍ ഒരു ചാട്ടവാറടിയുടെ മുഴക്കം പ്രതീക്ഷിച്ചുവേണം. ഒരു കുരിശിന്റെ നിഴല്‍ നിന്റെ വഴികളില്‍ എന്നുമുണ്ടാകുമെന്നു സാരം.
രക്തസാക്ഷിത്വത്തിന്റെ ചുവന്ന പട്ടികയില്‍ ഇടംപിടിച്ചു, അപ്പസ്‌തോലന്മാരില്‍ പതിനൊന്നുപേരും. ആദ്യ മാര്‍പാപ്പമാരില്‍ 13 പേര്‍ക്കാണ് അതിനു ഭാഗ്യമുണ്ടായത്. സ്‌തേഫാനോസിന്റെ ചോരച്ചാലുകള്‍ മുതല്‍ ഇറാഖിലെ നിണമണിഞ്ഞ വഴിത്താരകള്‍വരെ എത്രയെത്ര രക്തപുഷ്പങ്ങള്‍! എനിക്കെന്നാണാവോ അത്തരത്തിലൊരു നിയോഗം. അതിനു തക്കവണ്ണമൊരു പുണ്യയോഗ്യത ഉണ്ടായിട്ടു വേണ്ടേ?
അവന്റെ വഴികള്‍ ഋജുവായൊരു രേഖയല്ല; സഹനപ്പെരുങ്കടല്‍ നീന്തിവേണം അവിടെയെത്താന്‍. എണ്ണമറ്റവിധമുള്ള പ്രഹരങ്ങള്‍. തൊട്ടുമുന്‍പില്‍ കാണുന്ന മരണവക്ത്രങ്ങള്‍. ജാഗരണത്തിലും വിശപ്പിലും നിലവിളിയിലും നിണച്ചാലുകളിലും കടന്നുപോകേണ്ടവനാണ് നീ.
കുരിശിന്റെ വഴിയിലെ പതിനാലു സ്ഥ ലങ്ങള്‍ ഞാനും കടന്നുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ ക്രിസ്തു എന്നില്‍ ജീവിക്കുന്നില്ലെന്നുവേണം കരുതാന്‍. ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും ഉപവാസത്തിലും നഗ്‌നതയിലും തണുപ്പിലും നിനക്കായി സാക്ഷ്യം നല്കാന്‍ ഇതാ എന്റെ ജീവിതം; നിനക്ക്, പൂര്‍ണമായി ഉപയോഗിക്കാന്‍...