November 1: A Blessed Feast of All Saints to everyone!
നവംബര് 1 : സകല വിശുദ്ധരുടെയും തിരുനാള്‍
അവന്‍ അത് സ്വീകരിച്ചപ്പോള്‍ നാല് ജീവികളും ഇരുപത്തിനാല് ശേഷ്ട്ടന്മാരും കുഞ്ഞാടിന്റെ മുന്‍പില്‍ സാഷ്ട്ടംഗം പ്രണമിച്ചു ഓരോരുത്തരും വീണയും വിശുദ്ധന്‍മാരുടെ പ്രാര്‍ത്ഥനകള്‍ ആകുന്ന പരിമള ദ്രവ്യം നിറഞ്ഞ സ്വര്‍ണ്ണകശ ലങ്ങളും കയ്യിലേന്തിയിരുന്നു: വെളിപാട് 5 :8
കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണത്തില്‍ പുണ്യവാന്മാരുടെ ഐക്യത്തെ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. സഭ എന്ന് പറഞ്ഞാല്‍ ക്രിസ്തുവിന്റെ മൌതിക ശരീരമാണ്. ആ ശരീരത്തിലെ അവയവങ്ങളാണ് ഓരോ സഭാംഗവും. അതിനാല്‍ പുണ്യത്തിനും പാപത്തിനും കത്തോലിക്കാ സഭയില്‍ സാമൂഹികമാനമുണ്ട്. ഒരു വിശ്വാസിയുടെ പുണ്യപ്രവര്‍ത്തികളുടെ ഫലം ആ വ്യക്തി മാത്രമല്ല അനുഭവിക്കുന്നത്. സഭയുടെ കൂട്ടായ്മയില്‍ എല്ലാവരും ഒരാളുടെ നന്മയില്‍ പങ്കുപറ്റുന്നു. ഒരേ ശരീരത്തില്‍ നിന്നും ഭക്ഷിക്കുകയും ഒരേ കാസയില്‍ നിന്നും പാനം ചെയ്യുകയും ചെയ്യുന്ന സഭാതനയര്‍ ജീവിതംതന്നെ പരസ്പരം പങ്കുവയ്ക്കുന്നവരാണ്. അത്തരത്തില്‍ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിനു ഉദാത്തമായ മാതൃകകാട്ടി കടന്നുപോയ ധീരരായ സഭാംഗങ്ങളോടുള്ള ആദരവാണ് വിശുദ്ധരോടുള്ള ഭക്തിയും വണക്കവും.
ക്രിസ്തുവിനു ശേഷം നൂറാമാണ്ടോടുകൂടിതന്നെ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷികളായവരെ ഓര്‍ക്കുകയും അവരുടെ മാധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്ന പതിവ് നിലവില്‍വന്നു. ഈ ലോകത്തില്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിക്കുന്നവരെല്ലാം മരണശേഷം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നു എന്ന അടിസ്ഥാന വിശ്വാസത്തിലാണ് പുണ്യ ചരിതരായി ജീവിച്ചവരെല്ലാവരോടും മാധ്യസ്ഥ്യം യാചിക്കുവാന്‍ തുടങ്ങിയത്. കത്തോലിക്കാസഭ സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നത് സുകൃത സമ്പന്നമായി ജീവിതം നയിച്ച് കടന്നുപോയ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും വിശുദ്ധരാണെന്നും അവര്‍ ദൈവസന്നിധിയില്‍ നമുക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നുമുള്ള സത്യം വെളിപ്പെടുത്താനാണ്.
വിശുദ്ധരോടുള്ള വണക്കത്തിനായി അവരുടെ പ്രതിമകളും ചിത്രങ്ങളും ഉപയോഗിക്കുന്നതിനാല്‍ കത്തോലിക്കരെ നവസഭാവിഭാഗങ്ങള്‍ വിഗ്രഹാരാധകാരായി കാണാറുണ്ട്. പക്ഷെ കത്തോലിക്കാ സഭ ഒരിക്കലും പ്രതിമകളെ പൂജിക്കുന്നില്ല. അവയൊക്കെയും വിശുദ്ധരെ സ്മരിക്കുവാന്‍ സഹായിക്കുന്നവ മാത്രമാണ്. പ്രതിമകള്‍ പൂജയ്ക്കുള്ള വസ്തുക്കളായി മാറുന്ന അവസ്ഥ ഉണ്ടാവുന്നെങ്കില്‍ സഭ അതിനെ നിരുപാധികം തള്ളികളയുകയും അവ നമുക്ക് മുന്‍പേ കടന്നുപോയവരെ അനുസ്മരിക്കുന്നതിനുള്ള ഉപാധി മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. വിഗ്രഹാരാധ തെറ്റാണ് എന്നു പഠിപ്പിക്കുന്ന പഴയനിയമത്തില്‍ തന്നെയാണ് ഇസ്രായേല്‍ക്കാര്‍ സര്‍പ്പദംശനം ഏറ്റുമരിക്കുന്നത് തടയുവാന്‍ വേണ്ടി പിച്ചളസര്‍പ്പത്തെ ഉയര്‍ത്തുവാന്‍ ആവശ്യപ്പെടുന്ന ദൈവവചനവും ഉള്‍പ്പെട്ടിട്ടുള്ളത്.
കര്‍ത്താവ് മോശയോട് അരുളിച്ചെയ്‌തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു. (സംഖ്യ 21 : 8-9)
സഭ ഔദ്യോഗികമായി വിശുദ്ധരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നവരെക്കുറിച്ച് അഞ്ചു കാര്യങ്ങളാണ് പറയുന്നത്:
- അവരുടെ മാതൃകാപരമായ വിശ്വാസ ജീവിതം,
- മറ്റുള്ളവരെ വാക്കുകളിലൂടെയും ജീവിതത്തിലൂടെയും നന്മ പഠിപ്പിച്ചവര്‍,
- അവരിലൂടെ മറ്റുള്ളവര്‍ക്ക് ലഭിച്ച അത്ഭുതകരമായ ദൈവീക കൃപ,
- അവരുടെ മാധ്യസ്ഥ്യത്തില്‍ ദൈവത്തോട് പ്രാര്‍ഥിച്ചതിന്റെ ഫലങ്ങള്‍,
- പ്രത്യേകമാംവിധം വിശുദ്ധിയുടെ ശക്തി തെളിയിച്ചവര്‍.
ഈ പറഞ്ഞ കാര്യങ്ങളില്‍ അടിസ്ഥാനമുണ്ടെങ്കില്‍ വിശുദ്ധരെ വണങ്ങുന്നതില്‍ യാതൊരു തെറ്റുമില്ല എന്നു സഭ പഠിപ്പിക്കുന്നു.
അപോസ്തോലന്‍ ആയ പൗലോസ് മറ്റുള്ളവരോട് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നുമുണ്ട് ...
"ദൈവവചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം ": കൊളോസോസ് 4:3 .
(At the same time, pray for us, too, that God may open a door to us for the word, to speak of the mystery of Christ, for which I am in prisonCol 4:3)
നിങ്ങളില്‍ ആരെങ്കിലും രോഗി ആണെങ്കില്‍ അവര്‍ സഭയിലെ ശ്രേഷ്ടന്മാരെ വിളിക്കട്ടെ അവര്‍ അവനെ കര്‍ത്താവിന്റെ നാമത്തില്‍ തൈലാഭിഷേകം ചെയ്തു അവനു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ :യാകോബ് 5 :14.
Is anyone among you sick? He should summon the presbyters of the church, and they should pray over him and anoint (him) with oil in the name of the Lord :Jam 5:൧൪
രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിന്‍റെ നാലാം അദ്യായത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. പ്രവാചകനായ എലീഷാ, ഷൂനേംകാരിയായ ഒരുവളുടെ കുട്ടിയെ ഉയിര്‍പ്പിക്കുന്നതാണു സംഭവം. പ്രവാചകന്‍റെ ശരീരത്തില്‍ നിന്നും ശക്തി പുറപ്പെട്ട് മരിച്ചവനെ ഉയിര്‍പ്പിച്ചതായി കാണാം. വിശുദ്ധരുടെ കല്ലറകളില്‍നിന്നും അത്ഭുതങ്ങള്‍ സംഭവിച്ചതായി പഴയനിയമ പുസ്തകങ്ങളില്‍ വായിക്കുന്നുണ്ട്.
രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ പതിമൂന്നാം അദ്ധ്യായത്തില്‍ ഇരുപത്തിഒന്നാം വാക്യം വയിക്കുമ്പോള്‍ ഇതു മനസ്സിലാകും . ഏലീഷാ പ്രവാചകന്റെ കല്ലറയിലേക്ക് എറിഞ്ഞ ഒരു ജഡം, പ്രവാചകന്റെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജീവന്‍ പ്രാപിച്ച് എഴുന്നേറ്റു നിന്നു. വചനം വെളിപ്പെടുത്തുന്ന സത്യങ്ങളാണിവ..!
"മോശയും സാമുവലും എന്റെ മുമ്പില്‍ നിന്ന് യാചിച്ചാല്‍ പ്പോലും ഈ ജനത്തിന്റെ നേര്‍ക്ക് ഞാന്‍ കരുണ കാണിക്കില്ല"(ജറെമിയാ:15;1). അതായത് മദ്ധ്യസ്ഥം പറഞ്ഞാല്‍ സ്വീകരിക്കാന്‍ കഴിയാത്തവിധം ക്രൂരമായ പാപമാണ്, ഇസ്രായേല്‍ ചെയ്തത് എന്നാണിവിടെ മനസ്സിലാക്കേണ്ടത്. ഈ പ്രവാചകന്മാര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന കാലത്തല്ല ജറെമിയായിലൂടെ ഈ കാര്യങ്ങള്‍ ദൈവം അറിയിക്കുന്നത്. നീതിമാന്മാര്‍ മദ്ധ്യസ്ഥം വഹിച്ചാല്‍ സ്വീകാര്യമാകുന്ന വിഷയങ്ങള്‍ ഉണ്ടായതുകൊണ്ടാണ്, ഇത്തരം ഒരു പ്രയോഗം നടത്തുന്നതെന്ന് ഭാഷാജ്ഞാനമുള്ള ആര്‍ക്കും മനസ്സിലാകും !
ചെറിയ ഒരു ഉദാഹരണം ഞാന്‍ പറയാം : എന്റെ ഭാര്യ പറഞ്ഞാല്‍ പ്പോലും ഞാന്‍ നിനക്ക് അതു ചെയ്തുതരില്ല എന്നുപറഞ്ഞാല്‍ , ഭാര്യയുടെ ആവശ്യപ്രകാരം പലതും ഞാന്‍ ചെയ്തിട്ടുണ്ടെന്നും ചെയ്യും എന്നുമാണ്. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ കാര്യമായതിനാല്‍ അവള്‍ പറഞ്ഞാല്‍ പ്പോലും ഇതു ചെയ്യാന്‍ കഴിയില്ല എന്നാണ്, സാമാന്യബോധമുള്ളവര്‍ മനസ്സിലാക്കുന്നത്! ഭാര്യ പറഞ്ഞാല്‍ ഒരു കാര്യവും ചെയ്യില്ല എന്നല്ല, അവളുടെ ആവശ്യപ്രകാരം ഞാന്‍ പലതും ചെയ്യും എന്നതിലൂടെ ഭാര്യയെ ഞാന്‍ ഉയര്‍ത്തുകയാണു ചെയ്തത്!
മോശയും സാമുവേലും കര്‍ത്താവിന്റെമുമ്പില്‍ പല കാര്യങ്ങളും ആവശ്യപ്പെടുകയും അതു ചെയ്തുകൊടുക്കുകയും ഉണ്ടായിട്ടുള്ളതുകൊണ്ടല്ലേ ഈ അപരാധത്തിന്, അവരുടെ മാദ്ധ്യസ്ഥംപോലും ഞാന്‍ കേള്‍ക്കില്ല എന്നു പറയുന്നത്? ഇതിലൂടെ വ്യക്തമാകുന്നത്, നീതിമാന്മാരുടെ മാദ്ധ്യസ്ഥം സ്വീകരിച്ച് പല കാര്യങ്ങളും കര്‍ത്താവ് ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. എന്നാല്‍ , അവരുടെ മാദ്ധ്യസ്ഥം സ്വീകരിക്കാന്‍ കഴിയാത്തവിധം ക്രൂരമായ പാപങ്ങള്‍ ക്ക് ശിക്ഷലഭിക്കും എന്നു മനസ്സിലാക്കാം ...
യാക്കോബ്, അഞ്ചാം അദ്ധ്യായം"17 : ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്തില്ല.
18 : വീണ്ടും അവന്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‍കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു"
മധ്യസ്ഥ പ്രാര്‍ത്ഥന വേദ പുസ്തകത്തില്‍ തുടരുന്നു .....
നീയും നിന്റെ മരുമകള്‍ സാറയും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥന പരിശുദ്ധന്‍ ആയവനെ ഞാന്‍ അനുസ്മരിപ്പിച്ചു -തോബിത് 12 :12
കൂടാതെ ഒന്ന് സാമുവല്‍ 28 ആം അധ്യായത്തില്‍ ഇപ്രകാരം കാണുന്നു,സാമുവല്‍ മരിച്ചിട്ട് അവന്റെ നഗരം ആയ രാമയില്‍ സംസ്ക്കരിക്കപെടുകയും ഇശ്രെല്യരെല്ലാം അവനെ ഓര്‍ത്തു വിലപിക്കുകയും ചെയ്തു(സാമുവല്‍ 28 :1 ) അതെ അധ്യായത്തില്‍ (മരിച്ചു അടക്കം ചെയ്യപ്പെട്ട സാമുവല്‍ )മരണശേഷം സാമുവല്‍((( ഇപ്രകാരം ജീവീച്ചീരീക്കുന്ന സാവൂള്‍നോട് ചോദിക്കുന്നു "നീ എന്നെ വിളിച്ചു വരുത്തി ശല്യപെടുതിയത് എന്തിനു ?" (ശമുവേല്‍ 28 :5) അതിനു ശേഷം കര്‍ത്താവായ ദൈവം രാജ്യം സാവൂളില്‍ നിന്നും എടുത്തു ദാവീദിന് നല്‍കിയ കാര്യം അവനെ അറിയിക്കുന്നു ...
ദൈവമായ കര്‍ത്താവ് എടുത്ത ഒരു സുപ്രധാന തീരുമാനം മരണശേഷം സാമുവേലിനു സൌളിനെ അറിയിക്കാന്‍ കഴിഞ്ഞു ....
(വെളിപാട് 5 :8
"അവന്‍ അത് സ്വീകരിച്ചപ്പോള്‍ നാല് ജീവികളും ഇരുപത്തിനാല് ശേഷ്ട്ടന്മാരും കുഞ്ഞാടിന്റെ മുന്‍പില്‍ സാഷ്ട്ടംഗം പ്രണമിച്ചു ഓരോരുത്തരും വീണയും വിശുദ്ധന്‍ മാരുടെ പ്രാര്‍ത്ഥനകള്‍ ആകുന്ന പരിമള ദ്രവ്യം നിറഞ്ഞ സ്വര്‍ണ്ണകശ ലങ്ങളും കയ്യിലേന്തിയിരുന്നു: "വെളിപാട് 5 :8 )
ദൂതന്റെ കയ്യില്‍ നിന്നും പരിമള ദ്രവ്യങ്ങളുടെ ധൂപം വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോട് ഒപ്പം ദൈവ സന്നിധിയിലേക്ക് ഉയര്‍ന്നു .വെളിപാട് 8 :4
വെളിപാട് പുസ്തകം പരിമള ദ്രവ്യങ്ങളുടെ ധൂപം വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോട് ഒപ്പം ദൈവ സന്നിധിയിലേക്ക് ഉയര്‍ന്നു എന്നു പറയുമ്പോള്‍ വിശുദ്ധന്മാര്‍ ഉറക്കത്തില്‍ ആണ് എന്നു വിശ്വസിക്കുന്ന ജനതയുടെ കണ്ണിലെ ഇരുട്ട് നീങ്ങാന്‍ പ്രാര്‍ഥിക്കാം .
ഫ്ളോറന്സിലെ കത്തിഡ്രല് ദേവാലയത്തിലെ ഘടികാരത്തെക്കുറിച്ച് വായിച്ചതോര്ക്കുന്നു. 1443ല് പൗലോ ഉച്ചലോ രൂപകല്പന ചെയ്ത ഈ ഘടികാരത്തിന്റെ സമയസൂചി ഇടത്തോട്ടാണ് നടക്കുന്നത്. എന്നാല് അത് സമയം കൃത്യമായി കാണിക്കുകയും ചെയ്യുന്നു. സമയം കാണിക്കാന് സൂചി ഏതു വശത്തേക്ക് കറങ്ങണമെന്ന് നിര്ബന്ധമുണ്ടോ
സാധാരണത്വത്തില് നിന്ന് മറിച്ച് ചിന്തിച്ച് ജീവിച്ച ചില അട്ടിമറിക്കാരെക്കുറിച്ച് ഓര്ക്കുകയും അവരുടെ ജീവിത മാതൃക നമ്മുടെ ജീവിതത്തിലേയ്ക്ക് പകര്ത്താന് പരിശ്രമിക്കുകുയം ചെയ്യുന്ന ദിവസമാണ് നവംബര് 1. അന്നാണ് തിരുസഭയില് സകല വിശുദ്ധരുടേയും തിരുനാള് ആചരിക്കുന്നത്. ആത്മനാ ദരിദ്രരും ഹൃദയശാന്തതയുള്ളവരും തങ്ങളുടെ പാപത്തെപ്രതി കരഞ്ഞവരും നീതിയെ ദാഹിച്ചിരുന്നവരും കരുണാശീലരും ഹൃദയശുദ്ധിയുള്ളവരും സമാധാന പാലകരും നീതിയെ പ്രതി പീഡകള് സഹിച്ചിച്ചവരുമാണ് വിശുദ്ധര്. വ്യത്യസ്ഥമായ ജീവിതം നയിച്ചവരുമാണ് അവര്. വ്യത്യസ്ഥമായ ജീവിതം നയിച്ച അവരെ അനുകരിക്കാന് ഈ തിരുനാള് നമ്മോട് ആവശ്യപ്പെടുന്നു.
ആരെയാണ് സഭ ഈ ദിവസം അനുസ്മരിക്കുന്നത്.?
വിശുദ്ധരുടെ പട്ടികയില് തിരുസഭ ഔദ്യോഗികമായി പേര് ചേര്ത്തിട്ടുള്ളവരെ പ്രത്യേക ദിവസങ്ങളില് (മരണദിവസം അല്ലെങ്കില് ജനനദിവസം) നാം അനുസ്മരിക്കുകയും ആ ദിവസം അവരുടെ തിരുനാളായി ആചരിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നാല് നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരായ കോടാനുകോടി ആത്മാക്കള് സ്വര്ഗ്ഗത്തിലുണ്ട് എന്ന് നാം വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള സര്വ്വ സ്വര്ഗ്ഗവാസികളുടേയും തിരുനാളാണ് നവംബര് 1ന് ആചരിക്കുക.
ഇന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ തിരുസ്സഭ ആചരിക്കുന്നു. അഷ്ടസൌഭാഗ്യങ്ങള്‍ക്കനുസൃതം ജീവിതത്തെ ക്രമീകരിച്ചവരെയല്ലാം ഓര്‍ക്കാനും അവരോട് പ്രാര്‍ത്ഥിക്കാനും അവരെ ഓര്‍ത്ത് തമ്പുരാന് നന്ദി പറയാനും ഒരു ദിവസം. ഒപ്പം നമ്മുടെ ജീവിതത്തെ അപ്രകാരം ക്രമീകരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു ദിനം. അനുദിന വ്യാപാരങ്ങള്‍ തമ്പുരാന്‍റെ മുന്‍പിലാണെന്ന ബോധ്യത്തോടെ ചെയ്താലേ ഫലമുള്ളൂവെന്നു ഗുരു ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യന്‍റെ പ്രശംസയും അംഗീകാരവും മാത്രം തേടിപ്പോകുന്നത് അവസാനിപ്പിച്ച് അര്‍ത്ഥവത്തായി ഈ തിരുനാള്‍ നമുക്ക് ആചരിക്കാം. നമുക്ക് മുന്പേ വിശുദ്ധ ജീവിതം നയിച്ച് ദൈവ സന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട ‘വിജയസഭ’യുടെ തിരുനാള് വിശുദ്ധ ജീവിതം നയിക്കുവാന് പ്രചോദനമരുളട്ടെ. ഒഴുക്കിനൊത്ത് ഒഴുകാതെ ഈ ലോകത്തിലെ മായാവലയത്തില്പ്പെടാതെ ഒഴുക്കിനെതിരേ നീന്താന്, വിശുദ്ധരായി ജീവിക്കുവാന് നമുക്ക് പഠിക്കാം.ദൈവം അനുഗ്രഹിക്കട്ടെ.
I like this post very much,may god bless you(GEOMON)
ReplyDelete