സ്ഥൈര്യലേപനം : എപ്പോള്‍? എങ്ങനെ സ്ഥാപിക്കപ്പെട്ടു? നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പായി അവിടുന്നു ശിഷ്യന്‍മാരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുള്‍ ചെയ്തു. " നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ " (യോഹ. 20:22).
ലേപനം എന്തിനെക്കുറിക്കുന്നു ? അത് എപ്രകാരം? സ്ഥൈര്യലേപനം മനുഷ്യനു സിദ്ധിക്കുന്ന സന്തോഷത്തെയും ബലത്തേയും സൂചിപ്പിക്കുന്നു. തൈലം, സ്വഭാവത്താലെ പൂശപ്പെടുന്ന ശരീരത്തില്‍ വ്യാപിച്ച് അതിനെ ലാഘവപ്പെടുത്തി ചൈതന്യം കൊടുക്കുന്നതുപോലെ, പരിശുദ്ധാരൂപിയുടെ വരപ്രസാദങ്ങള്‍ ആത്മാവില്‍ വ്യാപിച്ച് അതിനു ശക്തിയും വീര്യവും നല്‍കുന്നു.
"സ്ഥൈര്യപ്പെടുത്തുന്നു" എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത്? ശരീരത്തില്‍ പൂശുന്ന തൈലം ശരീരത്തിനു ചൈതന്യം കൊടുക്കുന്നതുപോലെ, സ്ഥൈര്യലേപന കൂദാശ ജ്ഞാനവും ദൈവീകശക്തിയും നല്‍കി ദൈവരാജ്യ സാക്ഷിയാകുവാന്‍ ഒരുക്കുന്നുവെന്നര്‍ത്ഥമാകുന്നു.
സ്ഥൈര്യലേപനത്തിന്‍റെ ശുശ്രൂഷകര്‍ ആര്? സാധാരണ ശുശ്രൂഷകര്‍ മെത്രാന്‍മാരും അസാധാരണമായി പ്രത്യേകം അനുവാദം ലഭിച്ച വൈദികരും ആകുന്നു.
സ്ഥൈര്യലേപനം രണ്ടാമതും സ്വീകരിക്കാന്‍ പാടില്ലാത്തതെന്ത്? സ്ഥൈര്യലേപനം സ്വീകരിക്കുന്നയാളില്‍ അക്ഷയവും ശാശ്വതവുമായ അഴിയാത്ത മുദ്ര പതിയുന്നതുകൊണ്ട്.
സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ കുറ്റമുണ്ടോ? അതെന്തുകൊണ്ട്? അറിഞ്ഞുകൊണ്ട് സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ ഗൗരവമായ പാപത്തില്‍ വീഴുന്നു. കാരണം ഈ കൂദാശയുടെ സ്വീകരണത്തിലൂടെ ശാശ്വതഫലം പുറപ്പെടുത്താന്‍ കഴിയില്ലെന്നൊ, പുറപ്പെടുത്തിയ ഫലം ക്ഷയിച്ചു പോയെന്നൊ കാണിക്കുന്നതുകൊണ്ട്. തന്‍മൂലം ദൈവത്തിനും ദിവ്യകൂദാശക്കും ആക്ഷേപവും അപമാനവും വരുത്തി വയ്ക്കുന്നു. അതിനാലത്രെ ദൈവദോഷത്തില്‍ വീഴുന്നത്.
സ്ഥൈര്യലേപനം ആര്‍ക്കൊക്കെ സ്വീകരിച്ചുകൂടാ? മഹറോന്‍ ശിക്ഷമൂലം തിരുസ്സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിറുത്തപ്പെട്ടവര്‍, ഇന്റര്‍ഡിക്ട് എന്ന സഭാ മുടക്കില്‍ ഉള്‍പ്പെട്ടവര്‍,പരസ്യമായി പാപത്തില്‍ ജീവിക്കുന്നവര്‍, പെസഹാ കടമ നിറവേറ്റിയിട്ടില്ലാത്തവര്‍ മുതലായവര്‍ക്ക് സ്ഥൈര്യലേപനം സ്വീകരിച്ചുകൂടാ.
സ്ഥൈര്യലേപന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ഏവ? മുന്നൊരുക്കം, താല്‍ക്കാലിക ഒരുക്കം എന്നു രണ്ടുവിധം:
മുന്നൊരുക്കം
(1) പരിശുദ്ധമായ ജീവിതം നയിക്കണം.
(2) സ്ഥൈര്യലേപനത്തെക്കുറിച്ചും ക്രിസ്തു രഹസ്യത്തെക്കുറിച്ചും സഭാരഹസ്യത്തെക്കുറിച്ചുമുള്ള ആഴമായ അറിവ് ഉണ്ടാകണം.
വിശുദ്ധ തൈലം പൂശുമ്പോള്‍ നമ്മുടെ ചിന്ത എന്തായിരിക്കണം? പരിശുദ്ധാരൂപി തന്‍റെ ഏഴു ദാനങ്ങള്‍കൊണ്ടും മറ്റു ദൈവിക നന്‍മകള്‍കൊണ്ടും നമ്മെ സമ്പൂര്‍ണ്ണരാക്കുന്നുവെന്നും, നമ്മുടെ ഹൃദയത്തെ തന്‍റെ പ്രത്യേക ഭവനമായി തെരഞ്ഞെടുത്ത് പിതാവിനോടും പുത്രനോടും കൂടി വിശേഷ വിധമായി അതില്‍ വാസം ചെയ്യുവാന്‍ തുടങ്ങുന്നുവെന്നും വിചാരിക്കണം.
വിശുദ്ധതൈലം പൂശുമ്പോള്‍ നാം എന്താണ് പ്രാര്‍ത്ഥിക്കേണ്ടത്? ഒന്നാമതായി ദൈവം നല്‍കുന്ന ഈ കൃപയെക്കുറിച്ചു ദൈവത്തെ സ്തുതിക്കണം, നന്ദിപറയണം. അതിനുശേഷം ഇപ്പോള്‍ കൈക്കൊണ്ട ഈ വിശേഷനന്‍മകളെ ഒരിക്കലും നഷ്ടമാക്കിക്കളയാതെ മരണംവരെ അവയെ കാത്തു കൊള്ളുന്നതിന് പരിശുദ്ധാരൂപിയുടെ പ്രേരണയ്ക്കനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹവും സഹായവും ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കണം.
സ്ഥൈര്യലേപനത്തിന്‍റെ ഫലം എന്ത്? സമ്പൂര്‍ണ്ണമായ ദൈവവരപ്രസാദവും അക്ഷയമായ ജ്ഞാനമുദ്രയും പരിശുദ്ധാരൂപിയുടെ ദാനങ്ങളും ദൈവരാജ്യപ്രഘോഷണത്തിന് വേണ്ട ധൈര്യവും ലഭ്യമാകുന്നു.
സ്ഥൈര്യലേപനം സ്വീകരിക്കണമെന്ന കടമയുണ്ടോ? ഉണ്ട്. ദൈവരാജ്യത്തെയും അവിടുത്തെ നീതിയെയും ജീവിക്കുവാനും പ്രഘോഷിക്കുവാനും അതുവഴി പുണ്യ പൂര്‍ണ്ണത പ്രാപിക്കുന്നതിനും സ്ഥൈര്യലേപനം എന്ന കൂദാശ ആവശ്യമാണ് (മത്താ 6:33;5:48).
സ്ഥൈര്യലേപനം സ്വീകരിച്ചയാളുടെ കടമ ഈശോ ലോകരക്ഷകനാണെന്ന് ജീവിതം വഴി കാണിച്ചു കൊടുക്കുകയും, പ്രഘോഷിക്കുകയും ചെയ്യുക. ദൈവരാജ്യത്തിന്‍റെ വരവിനെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളെ സധൈര്യം നേരിടുക. സ്വജീവനെ ബലികഴിച്ചുപോലും ദൈവരാജ്യം ഇന്നിന്‍റെ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
No comments:
Post a Comment