അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday, 2 July 2017

ഒരാൾ നിങ്ങൾക്കായി കാത്തിരിക്കുന്നു


വിശുദ്ധ കുര്‍ബാനയില്‍ ജീവന്റെ സാന്നിധ്യമുണ്ടേണ്ടാ? ജീവനില്ലാത്ത അപ്പത്തില്‍ ജീവനുള്ള ദൈവം സന്നിഹിതനാണെന്ന് പറയുന്നത് ശരിയാണോ? ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനായി കയറുമ്പോള്‍ ആദ്യമായി കാണുന്നത് സക്രാരിയാണ്. അപ്പോള്‍ ഒരു വ്യക്തിയുടെ മനസില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാം.
അന്ത്യ അത്താഴത്തിന്റെ പശ്ചാത്തലത്തിലാണ് യേശു വിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നത്. താന്‍ ഏറെ സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട ശിഷ്യരോടൊത്ത് അവിടുന്ന് അവസാനമായി ഈ ലോകത്തില്‍ ഭക്ഷണത്തിനിരിക്കുകയാണ്. അവരെ ഉപേക്ഷിച്ചു പോകുവാന്‍ യേശുവിന്റെ മനസ് അനുവദിക്കുന്നില്ല. അവരോടുകൂടെ എന്നെന്നും ജീവിക്കുവാന്‍ - അവരോടുകൂടെ മാത്രമല്ല അവരുടെ വചനത്തിലൂടെ യേശുവില്‍ വിശ്വസിക്കുന്നവരുടെ കൂടെയും - അവിടുന്ന് തീവ്രമായി ആഗ്രഹിച്ചു.

സ്നേഹതീരുമാനത്തിന്റെ അടയാളം

'എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല' (യോഹന്നാന്‍ 6:37) എന്ന് അവിടുന്ന് പറഞ്ഞത് ഒരു പൊള്ളയായ പ്രസ്താവന ആയിരുന്നില്ല. അത് യേശുവിന്റെ ഹൃദയത്തിന്റെ മാറ്റമില്ലാത്ത ഒരു ഭാവമായിരുന്നു. 'യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' (മത്തായി 28:20) എന്ന തന്റെ വാഗ്ദാനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുവാന്‍ അവിടുന്ന് തീരുമാനിച്ചതിന്റെ പ്രകടമായ അടയാളമാണ് വിശുദ്ധ കുര്‍ബാന.

തന്റെ ജീവന്‍ മനുഷ്യമക്കളുടെ വിമോചനത്തിനായി സമര്‍പ്പിച്ചതുകൊണ്ടുമാത്രം അവിടുന്ന് തൃപ്തനായില്ല. അവര്‍ക്ക് തുടര്‍ന്നും പോഷണം നല്കി വളര്‍ത്തുവാന്‍ അവിടുന്ന് തീവ്രമായി അഭിലഷിച്ചു. നാം യാത്ര പോകുമ്പോള്‍ ഭക്ഷണം കരുതാറുണ്ടല്ലോ. ഇതുപോലെ മനുഷ്യന്റെ ആത്മീയ യാത്രയില്‍ അവന് ശക്തി പകരുവാന്‍ അവിടുന്ന് തന്നെ ഭക്ഷണമായിത്തീര്‍ന്നു. 'എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല' (യോഹന്നാന്‍ 6:35) എന്ന അവിടുത്തെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് വിശുദ്ധ കുര്‍ബാന.
യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതമായി വേണം വിശുദ്ധ കുര്‍ബാനയെ കാണുവാന്‍. കാരണം ആ അത്ഭുതം ഇന്നും അനുസ്യൂതം തുടര്‍ന്നുപോകുന്നു. അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് വാഴ്ത്തിക്കൊണ്ട് അവിടുന്ന് അരുള്‍ചെയ്തു. 'ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.' അവിടുന്ന് കൂട്ടിച്ചേര്‍ത്തു, 'എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍.' വൈദികര്‍ ഇന്നും ദൈവാലയത്തില്‍ അപ്പമെടുത്ത് കൂദാശാവചനം ഉച്ചരിക്കുമ്പോള്‍ വെറും ഓസ്തി തിരുവോസ്തിയാകുന്നു. അപ്പം യേശുവിന്റെ ജീവനുള്ള ശരീരമായി രൂപാന്തരപ്പെടുന്നു.
വിശുദ്ധ കുര്‍ബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് യേശുവിന്റെ വാക്കുകള്‍ തന്നെയാണ്. ആകാശവും ഭൂമിയും കടന്നുപോയാലും തന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. യേശു സത്യമാണ്. അതിനാല്‍ അവിടുത്തെ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള വാക്കുകള്‍ നാം സത്യമായിത്തന്നെ സ്വീകരിക്കണം. യേശു വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. അവിടുന്ന് പറഞ്ഞതെല്ലാം പ്രാവര്‍ത്തികമാക്കി. എങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള തന്റെ വാഗ്ദാനവും നിറവേറ്റപ്പെട്ടതായി നാം നിശ്ചയമായും ബോധ്യപ്പെടണം. യേശുവിന്റെ മറ്റ് വാഗ്ദാനങ്ങളെല്ലാം നാം വിശ്വസിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാത്തത് ഒരു വൈരുദ്ധ്യമല്ലേ?

ഒരു അനുഭവത്തിലേക്ക്

വിശുദ്ധ കുര്‍ബാന ജീവിക്കുന്ന ദൈവപുത്രന്‍ തന്നെയാണ്. വൈദികന്‍ തിരുവോസ്തി ഉയര്‍ത്തി ആശീര്‍വദിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ യേശു തന്നെയാണ് കരങ്ങളുയര്‍ത്തി അനുഗ്രഹിക്കുന്നത്, രോഗസൗഖ്യം നല്കുന്നത് എന്ന ബോധ്യം നല്കുവാന്‍ ഒരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഈ സംഭവം ഒരു വ്യക്തിയുടെ ജീവിതത്തെ സമൂലം മാറ്റിമറിച്ചതാണ്. അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമങ്ങളെ തിരുത്തിയ ഒന്നാണ്. അദ്ദേഹത്തിന്റെ പേര് പെദ്രോ അരൂപ്പെ. 1965 മുതല്‍ 1983 വരെ ദീര്‍ഘകാലം ഈശോസഭയുടെ സുപ്പീരിയര്‍ ജനറലായിരുന്നു അരൂപ്പെ അച്ചന്‍. ഈശോസഭാംഗങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സുപ്പീരിയര്‍. അവരുടെ പല ഭവനങ്ങളും അദ്ദേഹത്തോടുള്ള ആദരവിനാല്‍ 'അരൂപ്പെ ഭവനം' എന്നത്രേ വിളിക്കപ്പെടുന്നത്. ഈശോസഭയുടെ രണ്ടാം സ്ഥാപകന്‍ എന്ന് അദ്ദേഹത്തെ പലരും കരുതുന്നുണ്ട്. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം.

അദ്ദേഹം വൈദികനായതിന്റെ പിന്നില്‍ ഒരു ദിവ്യകാരുണ്യ ഇടപെടലുണ്ട്. 1907-ല്‍ സ്പെയിനിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കള്‍ ഭക്തരായ കത്തോലിക്കരായിരുന്നു. എന്നാല്‍ ചെറുപ്പത്തില്‍ ഒരു വൈദികനാകുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. പ്രത്യുത ഒരു ഡോക്ടറാകുവാനായിരുന്നു. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി അദ്ദേഹം സ്പെയിനിലെ പ്രസിദ്ധമായ മാഡ്രിഡ് മെഡിക്കല്‍ സ്‌കൂളില്‍ ചേര്‍ന്നു. തന്റെ നിയോഗം ഒരു ഡോക്ടറാകുവാനുള്ളതാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ മാറ്റിയ ഒരു യാത്ര നടത്തുവാന്‍ ഇടയായി. അത് പരിശുദ്ധ അമ്മയുടെ വളരെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദിലേക്കായിരുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കണ്ണുകളിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ കണ്ടിരുന്നത്. വൈദ്യശാസ്ത്രം ഉപേക്ഷിച്ച അനേക രോഗികള്‍ ലൂര്‍ദ്ദില്‍ വച്ച് സുഖപ്പെടാറുണ്ട്. അത് പ്രധാനമായും സംഭവിക്കുന്നത് ദിവ്യകാരുണ്യപ്രദക്ഷിണ സമയത്താണ്.

അരൂപ്പെയുടെ ഹൃദയത്തെ തൊടുവാന്‍ ഒരു പ്രകൃത്യാതീതമായ അത്ഭുതം ആവശ്യമായിരുന്നു. കണ്ട് വിശ്വസിക്കുവാന്‍ ദൈവം അദ്ദേഹത്തിന് അവസരമൊരുക്കി. അതും അദ്ദേഹത്തിന്റെ തൊട്ട് അടുത്തുതന്നെ. അദ്ദേഹം നിന്നിരുന്നതിന്റെ അടുത്ത് പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്ന ഒരു ബാലനെ അവന്റെ മാതാപിതാക്കള്‍ കിടത്തിയിരുന്നു. വൈദികന്‍ വിശുദ്ധ കുര്‍ബാന ഉയര്‍ത്തി ആശീര്‍വദിക്കുന്ന നിമിഷം അത് സംഭവിച്ചു. അരൂപ്പെയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതുവരെ തളര്‍ന്നിരുന്ന ആ ബാലന്‍ കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു. യേശു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പലസ്തീനായില്‍ ചെയ്ത അത്ഭുതങ്ങള്‍ ഇന്നും അവിടുന്ന് തുടര്‍ന്ന് ചെയ്യുന്നുവെന്നും മാത്രമല്ല വിശുദ്ധ കുര്‍ബാനയില്‍ യേശു സത്യമായും സന്നിഹിതനാണെന്നും വിശ്വസിക്കുവാന്‍ അരൂപ്പെയ്ക്ക് ഇനി വേറെ തെളിവ് ആവശ്യമില്ലല്ലോ.

ലോകം ചെറുതാവുമ്പോള്‍

ആ വിസ്മയകരമായ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്. ''യേശുവിന്റെ തൊട്ടടുത്ത് ഞാന്‍ നില്‍ക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അവിടുത്തെ സര്‍വ്വശക്തി ഞാന്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അപ്പോള്‍ എന്റെ ചുറ്റിലുമുള്ള ലോകം വളരെ ചെറുതായി എനിക്ക് തോന്നി.'' അദ്ദേഹം ലൂര്‍ദ്ദില്‍ നിന്ന് മാഡ്രിഡിലേക്ക് മടങ്ങി. പക്ഷേ തന്റെ മെഡിക്കല്‍ പഠനം തുടരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അദ്ദേഹം ഇപ്രകാരം അക്കാലം ഓര്‍മ്മിച്ചെടുക്കുന്നു. ''മെഡിക്കല്‍ പുസ്തകങ്ങള്‍ എന്റെ കൈയില്‍ നിന്ന് താഴെ വീഴുന്നതുപോലെ എനിക്ക് തോന്നി. അവയെക്കുറിച്ച്, ഞാന്‍ മനുഷ്യ ശരീരത്തില്‍ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച്, ഒക്കെ മുമ്പ് ഞാന്‍ വളരെ ആവേശത്തോടെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവയൊക്കെ അര്‍ത്ഥരഹിതമായി എനിക്ക് തോന്നി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ ഒരു ചിത്രം മാത്രമേയുള്ളൂ. വൈദികന്‍ വിശുദ്ധ കുര്‍ബാന ഉയര്‍ത്തി ആശീര്‍വദിക്കുന്നതും ആ ബാലന്‍ ചാടിയെഴുന്നേല്‍ക്കുന്നതും. (Ref. James Martin SJ: My Life with the Saints. P. 104)
യേശു അരൂപ്പെയുടെ മനസിനെ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് മുമ്പില്‍ ഒറ്റ വഴി മാത്രം. അത് ജീവിക്കുന്ന ദൈവത്തിന്റെ ഒരു പുരോഹിതനാകുക. അവിടുത്തെ കരങ്ങളില്‍ ഉയര്‍ത്തുവാനുള്ള മഹാഭാഗ്യത്തിനായി സ്വജീവിതം സമര്‍പ്പിക്കുക. അങ്ങനെയാണ് അദ്ദേഹം തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഈശോസഭയില്‍ ചേര്‍ന്നത്.

പ്രിയപ്പെട്ടവരേ, യേശു നിങ്ങളെ അത്യധികമായി സ്നേഹിക്കുന്നു. ജീവന്റെ ഉടയവനായ അവിടുന്ന് നിങ്ങളോടുള്ള അനന്തസ്നേഹത്തെപ്രതി ജീവന്‍ വെടിഞ്ഞ് ഒരു അപ്പത്തിന്റെ രൂപത്തില്‍ ദൈവാലയത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. നീ ഇപ്പോള്‍ നിരാശനാണെങ്കില്‍ നിന്നെ ആശ്വസിപ്പിക്കുവാന്‍ യേശു ആഗ്രഹിക്കുന്നു. നീ തളര്‍ന്നവനാണെങ്കില്‍ നിന്നെ ബലപ്പെടുത്തുവാന്‍ അവിടുന്ന് തയ്യാറാണ്. എല്ലാവരും, നിന്റെ ഉറ്റവര്‍ പോലും നിന്നെ ഉപേക്ഷിച്ചുവെന്ന് നീ ചിന്തിക്കുന്നു. പക്ഷേ ഒരു നാളും ഉപേക്ഷിക്കാത്തവന്‍ ഇവിടെ ഉണ്ട്. അവിടുത്തെ വാക്കുകള്‍ക്ക് മാറ്റമില്ല. നീ പാപത്തിന്റെ വഴികളില്‍ അനേക കാതം സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും നിന്റെ മനസ് അസ്വസ്ഥമാണ്. സാരമില്ല, അവിടുത്തെ പക്കലേക്കു ചെല്ലൂ, അവിടുന്ന് ഇന്നും ഇങ്ങനെ പറയുന്നുണ്ട്. ''എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല'' (യോഹന്നാന്‍ 6:35). അവിടുത്തെ സന്നിധിയില്‍ ശാന്തമായി ഇരിക്കുക. അവിടുന്ന് ചൊരിയുന്ന സമാധാനം നിന്നെ മൂടുന്നത് നിശ്ചയമായും അനുഭവിച്ചറിയുവാന്‍ സാധിക്കും.

ദിവ്യകാരുണ്യത്തില്‍ സത്യമായും സന്നിഹിതനായിരിക്കുന്ന ദൈവപുത്രാ, ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു. അങ്ങയെ ആരാധിക്കുന്നു. അങ്ങയെ കാണുവാനായി എന്റെ വിശ്വാസത്തിന്റെ കണ്ണുകള്‍ തുറന്നാലും. എന്റെ കൂടെ വസിക്കുവാന്‍ സ്വജീവന്‍ വെടിഞ്ഞ അങ്ങയുടെ അനന്തസ്നേഹത്താല്‍ എന്റെ മനസിനെ നിറക്കണമേ. എന്റെ എല്ലാ ദാഹങ്ങളും അങ്ങനെ ശമിക്കട്ടെ. ഞാന്‍ എന്നും അങ്ങയുടേതായി മാറട്ടെ. പരിശുദ്ധ അമ്മേ, ദിവ്യകാരുണ്യ നാഥേ, എനിക്കായി പ്രാര്‍ത്ഥിച്ചാലും. വിശുദ്ധ യൗസേപ്പിതാവേ എനിക്കായി പ്രാര്‍ത്ഥിക്കണമേ. ആമേന്‍




No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22