അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 22 January 2013

ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍


സീറോ മലബാര്‍ സഭയുടെ ആദ്യത്തെ വികാരി ജനറാളായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, വിശുദ്ധരായ വൈദികരെ രൂപീകരിക്കുന്നതില്‍ ജീവിതകാലം മുഴുവന്‍ ശ്രദ്ധ പതിപ്പിച്ച പാലയ്ക്കല്‍ തോമാമല്പാനച്ചന്റെ അരുമശിഷ്യനായിരുന്നു. സന്യാസ ചിന്തയുടെ കുലപതിയായിരുന്നു പോരുക്കര തോമാച്ചന്‍. ഇവരോടൊപ്പം അധ്വാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും തീപ്പൊരി പകര്‍ന്ന വ്യക്തിയായിരുന്നു കണിയാന്തറ യാക്കോബ്. വിനയംകൊണ്ടും ദൈവഭക്തികൊണ്ടും വിശുദ്ധിയില്‍ ധീരതയോടെ വളര്‍ന്നുകൊണ്ടിരുന്ന ശിഷ്യനായിരുന്നു ചാവറ കുര്യാക്കോസച്ചന്‍. ഇവര്‍ നാലുപേരും സംയോജിച്ച് സന്യാസജീവിതത്തിനു പദ്ധതിയിട്ടു. അന്നത്തെ സ്തബിലീനി മെത്രാന്റെ നിര്‍ദ്ദേശമനുസരിച്ച്, അജപാലനവൃത്തിയില്‍നിന്നു വിരമിക്കാതെ, ധ്യാനയോഗവും കര്‍മയോഗവും ഒരുമിച്ചുകൊണ്ടുപോകുന്ന സന്യാസശൈലിക്ക് (ദര്‍ശനഭവനം) 1831 ല്‍ മാന്നാനത്ത് ആരംഭമിട്ടു.
1855 ലാണ് കാനോനിക സന്യാസ സഭയായി ഉയര്‍ത്തപ്പെട്ടത്. അതുവരെയുള്ള 24 വര്‍ഷത്തെ ചരിത്രം, മാര്‍ത്തോമ്മാ ക്രിസ്ത്യനികള്‍ക്ക് ആശാദീപവും കേരളസഭയ്ക്കും സകല ജനത്തിനും നേതൃത്വവുമായി മാറാന്‍ തക്കവിധം പരിശുദ്ധാത്മാവ് ഈ സംഘത്തെ നയിച്ചുകൊണ്ടിരുന്നു. 1833 ല്‍ സീറോ മലബാര്‍ സഭയുടെ ആദ്യ മേജര്‍ സെമിനാരി മാന്നാനത്ത് സ്ഥാപിതമായി. ജനങ്ങളുടെ ഇടയിലും അധികാരികളുടെ ഇടയിലും ഈ സംഘത്തിന്റെ അടിവേരുകള്‍ പാഞ്ഞിരുന്നു. മെത്രാന്‍ തുടങ്ങി അറിയാവുന്നവര്‍ക്കെല്ലാം ഇവരുടെ ആത്മാര്‍ത്ഥത പൂര്‍ണബോധ്യമായിരുന്നു. പോരുക്കരയച്ചനും ചാവറയച്ചനും നയിച്ചിരുന്ന ഇടവകകള്‍ മാതൃകാ ഇടവകകളായി. 1841 ജനുവരി 16 ന് പാലയ്ക്കല്‍ തോമാച്ചന്‍ ദിവംഗതനായി. 1846 ജനുവരി എട്ടിന് പോരുക്കര തോമാച്ചനും പരലോകം പ്രാപിച്ചു. വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ നേതൃത്വം ഏറ്റെടുത്തശേഷം, അദ്ദേഹത്തിന്റെ ധ്യാനസിദ്ധിയും ജനപ്രതിബദ്ധതയും ക്രിയാത്മകതയും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രസിദ്ധമായി.


1846 ല്‍ സീറോ മലബാര്‍ സഭയുടെ ആദ്യത്തെ സ്‌കൂള്‍ മാന്നാനത്ത് ചാവറയച്ചന്‍ സ്ഥാപിച്ചു. ആ വര്‍ഷംതന്നെ ആദ്യത്തെ കാത്തലിക് പ്രസും മാന്നാനത്തു അദ്ദേഹം തുടങ്ങി. വിവിധ ദിക്കുകളില്‍ ആശ്രമങ്ങള്‍ തുടങ്ങാന്‍ വികാരിമാരും ഇടവക പ്രതിനിധികളും നിര്‍ബന്ധിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. നീണ്ടകാലം, മാന്നാനം, കേരളസഭയ്‌ക്കൊരു പൊതുഭവനംപോലെയായിരുന്നു. സഭാതലവന്മാരും ഇടവക പ്രതിനിധികളും കാര്യാലോചനയ്ക്ക് ഇവിടെ ഒത്തുകൂടി. കൊവേന്തപ്പട്ടക്കാര്‍ നടത്തിയ ജ്ഞാനധ്യാനങ്ങളിലൂടെ അറിവും ഐക്യവും ഹൃദയപരിവര്‍ത്തനവും ജനം ആവോളം അനുഭവിച്ചു. ഭവനസന്ദര്‍ശനങ്ങള്‍, രോഗീസന്ദര്‍ശനങ്ങള്‍, ഇടവകകളിലെ വഴക്കുതീര്‍ക്കല്‍, ഭാഗോടമ്പടികള്‍, ചികിത്സകള്‍ ഇങ്ങനെ പല കാര്യങ്ങളും ചെയ്തു. ഇടവകപട്ടക്കാര്‍ക്കു തുല്യമായി എല്ലാ അവകാശങ്ങളും ഈ വൈദികര്‍ക്ക് ഇടവകകള്‍ നല്‍കിയിരുന്നു. 1857 ല്‍ കൂനമ്മാവിലും 1855 ല്‍ എല്‍ത്തുരുത്തും 1859 ല്‍ വാഴക്കുളത്തും 1861 ല്‍ പുളിങ്കുന്നിലും സന്യാസാശ്രമങ്ങള്‍ സ്ഥാപിതമായി.കേരളത്തില്‍ ഉടനീളം ചിതറി വളര്‍ന്നു വികസിച്ചുകൊണ്ടിരുന്ന സീറോ മലബാര്‍ സഭാവിശ്വാസികള്‍ക്ക് നേതൃത്വം നല്‍കുന്ന തലവനായി 1861 ജൂണ്‍ എട്ടിന് ചാവറയച്ചന്‍ ഈ സഭയുടെ ആദ്യത്തെ വികാരി ജനറാളായി നിയമിക്കപ്പെട്ടു.
ചാവറയച്ചന്റെ അപ്പസ്‌തോലികലക്ഷ്യം ജനങ്ങളുടെ സാകല്യമായ സമുദ്ധാരണവും വളര്‍ച്ചയുമായിരുന്നു. അതിനുവേണ്ടി ദൈവവചന പ്രഘോഷണം, പൊതുജനങ്ങള്‍ക്കുള്ള ധ്യാനം, പ്രസംഗങ്ങള്‍, വേദപാഠം, ദൈവാരാധനാ നവീകരണം, ദളിതരെ ഉദ്ധരിക്കുവാനുള്ള വിവിധ പദ്ധതികള്‍, അനാഥരെയും രോഗികളെയും വൃദ്ധരെയും പാര്‍പ്പിക്കുവാനുള്ള ഭവനങ്ങള്‍ ഇങ്ങനെ വിവിധങ്ങളായ ജനോന്മുഖ പദ്ധതികള്‍ക്ക് ചാവറപ്പിതാവ് ആരംഭമിട്ടു. ജനങ്ങളുടെ ബൗദ്ധീകോന്നമനത്തിനുവേണ്ടി വിദ്യാഭ്യാസമേഖലയില്‍ തുടങ്ങിവച്ച വലിയ കാര്യങ്ങള്‍ കേരളസഭയ്‌ക്കോ കേരള ജനതയ്‌ക്കോ ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ല. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ സര്‍വകലാശാല വിദ്യാഭ്യാസംവരെയും ടെക്‌നിക്കല്‍ സ്‌കൂളുകള്‍ മുതല്‍ പോളിടെക്‌നിക്ക് എന്‍ജിനിയറിംഗ് വിദ്യാഭ്യാസം വരെയും അന്ധ-ബധിര വിദ്യാലയങ്ങള്‍ മുതല്‍ വയോജന വിദ്യാഭ്യാസം വരെയും സീറോ മലബാര്‍ സഭ സ്തുത്യര്‍ഹമായി ഇന്നു നടത്തുന്നുണ്ടെങ്കില്‍ അതിന്റെയെല്ലാം പ്രേരകശക്തി ചാവറയച്ചന്റെ പ്രവാചകവീക്ഷണമായിരുന്നു. ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒരു സുപ്രധാന കര്‍മവേദിയായി കേരളത്തിലും ഭാരതം മുഴുവനിലും സ്‌കൂളുകളും കോളജുകളും വിജ്ഞാനവെളിച്ചം വിതറി നില്‍ക്കുന്നു.
150 വര്‍ഷത്തോളം വളര്‍ന്നു പന്തലിച്ച ഈ സേവനരംഗം ശിക്ഷണത്തിന്റെ കാര്യത്തിലും റിസള്‍ട്ടിന്റെ കാര്യത്തിലും അഭിനന്ദനമര്‍ഹിക്കുന്നു.
മലബാറിലെയും ഹൈറേഞ്ചിലെയും കുടിയേറ്റക്കാരോടൊപ്പം സഞ്ചരിച്ച മിഷനറിമാര്‍ അവര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടത്തി. പുനരൈക്യപ്രസ്ഥാനത്തിന് തുണയായിനിന്ന് മലങ്കര സഭയ്ക്ക് രൂപംകൊടുത്തു. കേരളസഭയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് വിത്തു പാകിയതോടൊപ്പം, സ്‌കൂളുകളുടെ കൂടെ ബോര്‍ഡിംഗുകളും ഇംഗ്ലീഷ് വിദ്യാഭ്യാസവും സംസ്‌കൃത വിദ്യാഭ്യാസവും ആരംഭിച്ചു. തമിഴില്‍നിന്ന് സത്ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തു. കലാസാഹിത്യകൃതികളിലൂടെ ജനങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ജീവിതനവീകരണ ധ്യാനങ്ങള്‍, നാല്‍പതുമണി ആരാധന, ലിറ്റര്‍ജി നവീകരണം മുതലായവ നടപ്പിലാക്കി. ഒരു രൂപരേഖയും നമുക്ക് ഇല്ലാതിരുന്ന കാലത്ത് ലിറ്റര്‍ജിക്ക് ഒരു കരടുരേഖ സൃഷ്ടിക്കുകയും ദശാബ്ദങ്ങളായി കേരളസഭ അതു കൃത്യമായി അനുസരിച്ചു പോരുകയും ചെയ്തു. 1866 ല്‍ സി.എം.സി സന്യാസിനീ സഭയ്ക്ക് കൂനമ്മാവില്‍ രൂപംകൊടുത്തതോടെ ചാവറയച്ചന്‍ സ്ത്രീവിമോചനത്തിന്റെ തുടക്കക്കാരനായി.

സുറിയാനി സഭയുടെ ജനോന്മുഖ മുന്നേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ 1868 ല്‍ ആറാമത്തേതായി അമ്പഴക്കാട്ടും 1870 ല്‍ ഏഴാമത്തേതായി മുത്തോലിയിലും ആശ്രമങ്ങള്‍ സ്ഥാപിതമായി. നമ്മുടെ റീത്തില്‍പ്പെട്ട മെത്രാന്മാര്‍ക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടം ചാവറയച്ചന്‍ നടത്തിയിരുന്നു. ഇങ്ങനെ കേരള സഭാചരിത്രത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തില്‍ സര്‍വം ആയിത്തീര്‍ന്ന, പരിശുദ്ധാത്മാവു നിറഞ്ഞ വ്യക്തിയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ ചാവറയച്ചന്‍.
1871 ജനുവരി മൂന്നാം തിയതിയായിരുന്നു ചാവറയച്ചന്‍ ദിവംഗതനായത്. ദൈവാരൂപിയില്‍ നിറഞ്ഞു ചിന്തിക്കുകയും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത തിരുക്കുടുംബ ഭക്തനായ ഈ പിതാവ് മരണസമയത്ത് തന്റെ ചുറ്റും വിങ്ങിക്കരഞ്ഞുകൊണ്ടുനിന്ന ആശ്രമാംഗങ്ങളോടു പറഞ്ഞു: ''നിങ്ങള്‍ എന്തിനാണ് കരയുന്നത്, എനിക്കായി ദൈവം നിശ്ചയിച്ച സമയമാണിത്. എന്റെ മാതാപിതാക്കളുടെ സഹായത്താല്‍ തിരുക്കുടുംബത്തെ ഹൃദയത്തില്‍ ചെറുപ്പംമുതല്‍ പ്രതിഷ്ഠിച്ചിരുന്ന എനിക്ക്, തിരുക്കുടുംബത്തിന്റെ അനുഗ്രഹത്താല്‍ മാമോദീസായില്‍ കിട്ടിയ വരപ്രസാദം ഒരിക്കലും നഷ്ടപ്പെടുത്തുവാന്‍ ഇടയായിട്ടില്ല എന്നു സന്തോഷത്തോടെ പറയുന്നതിന് എനിക്കു ധൈര്യമുണ്ട്. നിങ്ങളും ഈ തിരുക്കുടുംബത്തിനു പ്രതിഷ്ഠിക്കുവിന്‍.''
1887 ഏപ്രില്‍ 15 ന് വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ ആരംഭിച്ച മാന്നാനം പ്രസില്‍നിന്ന് ആദ്യത്തെ ''നസ്രാണി ദീപിക'' പുറത്തുവന്നു. ആ വര്‍ഷംതന്നെ മെയ് 20 ന് അദ്ദേഹം നടത്തിയ നിവേദനങ്ങളുടെ ഫലമെന്നോണം, സീറോ മലബാര്‍ സഭയുടെ കോട്ടയം തൃശൂര്‍ വികാരിയാത്തുകള്‍ നിലവില്‍വന്നു. 1889 മെയ് 24 ന് ഈ പുണ്യപിതാവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കൂനമ്മാവില്‍നിന്ന്, ആഘോഷമായി മാന്നാനത്ത്, അദ്ദേഹം സ്ഥാപിച്ച മാതൃ ആശ്രമത്തിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്വര്‍ഗീയ മാധ്യസ്ഥം മലബാര്‍ സഭയെ ശക്തമാക്കിക്കൊണ്ടിരുന്നു. 1896 ജൂലൈ 28 ന് തൃശൂര്‍, എറണാകുളം, ചങ്ങനാശേരി വികാരിയാത്തുകള്‍ സ്ഥാപിതമായി. തുടര്‍ന്ന് 1923 ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി പുനഃസ്ഥാപിക്കപ്പെട്ടു.
സ്വന്തസഭയിലെ മെത്രാന്മാരും രൂപതകളും ഇടവകകളും വര്‍ധിച്ചതോടെ സുറിയാനി സഭ, ത്വരിതഗതിയില്‍ ആളുകൊണ്ടും സ്ഥാപനങ്ങള്‍കൊണ്ടും വികാസം പ്രാപിച്ചുതുടങ്ങി. വിശ്വാസികളില്‍ നവോന്മേഷവും പ്രേഷിതചൈതന്യവും വര്‍ധിച്ചു. വൈദിക ജീവിതത്തിനും സന്യാസ ജീവിതത്തിനും ധാരാളം യുവതീയുവാക്കള്‍ മുന്നോട്ടുവന്നു. വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ നല്‍കിയ ചൈതന്യം ഇതര സന്യാസ സന്യാസിനീ സഭകളുടെ ഉത്ഭവത്തിനും മാതൃകയായി. കേരളത്തില്‍ ആകമാനമായി ചിതറി വളര്‍ന്നുകൊണ്ടിരുന്ന സി.എം.ഐ സഭ 1953 ല്‍ മൂന്നു പ്രവിശ്യകളായി കളമശേരി, കോട്ടയം, തൃശൂര്‍ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രേഷിതചൈതന്യം നിറഞ്ഞ സി.എം.ഐ വൈദികര്‍, ഉത്തരഭാരതത്തിലെ റെയ്ഗാര്‍ അംബികപൂര്‍ മിഷനില്‍ അവിടത്തെ ആദിവാസികളുടെ സംസ്‌കാരത്തോട് അലിഞ്ഞുചേര്‍ന്ന്, ശോഭയുള്ള ശുശ്രൂഷകള്‍ കാഴ്ചവച്ചു. ഇന്ത്യയുടെ തെക്കന്‍ ജില്ലകളിലും മാര്‍ത്തോമാസഭയുടെ മക്കള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഉത്തരേന്ത്യയില്‍ സീറോ മലബാര്‍ മിഷനറിമാര്‍ പ്രകടമാക്കിയ പ്രേഷിത തീക്ഷ്ണതയുടെ അംഗീകാരമെന്നോണമാണ് ആദ്യമായി 1962 ല്‍ ചാന്ദാ മിഷന്‍ സി.എം.ഐ സഭയെ തിരുസിംഹാസനം ഏല്‍പിച്ചത്.

ആഗോളസഭയുടെ വാതായനങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശാലമായി തുറന്നപ്പോള്‍ പൗരസ്ത്യ സഭകളും സ്വപ്‌നസുഷുപ്തിയില്‍ നിന്നുണരാന്‍ തുടങ്ങി. വിജാതിയരുടെയും ആദിവാസികളുടെയും നാടായ ചാന്ദായുടെ കന്നിമണ്ണില്‍, ജനജീവിതത്തോടും ഭാരതീയ സംസ്‌കാരികാനുരൂപണങ്ങളോടും ചേര്‍ന്നുനിന്ന് ചെയ്ത ശുശ്രൂഷകളും സേവനങ്ങളും സുവിശേഷവല്‍ക്കരണത്തിന് ലോകത്തിനുതന്നെ മാതൃകയായി. സീറോ മലബാര്‍ സഭയുടെ ഒരു എക്ലസിയാസ്റ്റിക്കല്‍ യൂണിറ്റ്, ഉത്തരേന്ത്യയില്‍ ആരംഭമിട്ടത്, ഭാരതസഭാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട സംഭവമായിട്ടാണ്, അന്നു നാഗപൂര്‍ രൂപതയിലെ തീക്ഷ്ണമിഷനറി മെത്രാപ്പോലീത്ത എവുജിന്‍ ഡിസൂസ പ്രശംസിച്ചത്.
പരിശുദ്ധാത്മാവ് ഭാരതസഭയില്‍ ആഴമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ 1968 ആഗസ്റ്റ് 15 ന് സാഗാര്‍ രൂപതയും 1972 ഏപ്രില്‍ 29 ന് ബിജ്‌നോര്‍ രൂപതയും ജഗദല്‍പൂര്‍ രൂപതയും 1974 ജൂലൈ 16 ന് രാജ്‌ക്കോട്ട് രൂപതയും സി.എം.ഐ സഭയെത്തന്നെ തിരുസിംഹാസനം ഏല്‍പിച്ചുതന്നു. അതിനുശേഷം ഇതര സന്യാസസഭകളായ വിന്‍സെന്‍ഷ്യന്‍; എം.എസ്.ടി; സി.എസ്.ടി; എം.സി.ബി.എസ് ഇവര്‍ക്ക് സാത്‌ന, ഉജ്ജൈന്‍, ഖോരക്പൂര്‍, ഭദ്രാവതി രൂപതകളെയും തിരുസഭ ഭരമേല്‍പ്പിച്ചു.
വത്തിക്കാന്‍ കൗണ്‍സില്‍ അനുശാസിക്കുന്നതുപോലെ ഹയരാര്‍ക്കിയും അല്മായരും സമര്‍പ്പിതരും ഒരുപോലെ ദൈവികവിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണ്. ആഗോളവ്യാപകമായി സീറോ മലബാര്‍ സഭ എല്ലാ ഭൂഖണ്ഡങ്ങളിലും തീക്ഷ്ണമായി അപ്പസ്‌തോലിക ശുശ്രൂഷയില്‍ വ്യാപൃതരായിട്ടുണ്ട്. ഇന്ന് അവശ്യംവേണ്ടത് സഭാമക്കള്‍ എല്ലാവരും ഒരേ അരൂപിയിലുള്ള സ്‌നേഹവും ഐക്യവും പ്രോത്സാഹനവും കൂട്ടായ്മയുമാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22