അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday, 22 January 2013

പ്രേഷിതദൗത്യം


നാല് സുവിശേഷങ്ങളിലും അപ്പസ്‌തോലപ്രവർത്തനങ്ങളിലും യേശു അപ്പസ്‌തോലന്മാരെ പ്രേഷിതദൗത്യം ഏൽപ്പിക്കുന്നതായി നാം വായിക്കുന്നുണ്ട്. പ്രസ്തുത ദൗത്യം ഏൽപ്പിച്ചുകൊണ്ട് യേശു പറഞ്ഞ വചനങ്ങൾ ഓരോരുത്തർ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്;
മത്തായി 28:19-20:
''ആകയാൽ നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്‌നാനം നൽകുവിൻ. ഞാൻ നിങ്ങളോട് കൽപ്പിച്ചവയെല്ലാം അനുസരിക്കുവാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരിക്കും.''
മർക്കോസ് 15-16:
''അവൻ അവരോടു പറഞ്ഞു, നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവൻ രക്ഷപെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും.''
ലൂക്കാ 24:47:
''പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.''
യോഹന്നാൻ 20:21:
''പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ട് അവൻ അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോടു പറഞ്ഞു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.''
അപ്പസ്‌തോല പ്രവർത്തനങ്ങൾ 1:8 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
''എന്നാൽ, പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലേമിലും യൂദയായിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും.''

ലോകമെങ്ങും പോയി സുവിശേഷം പറയണം എന്നാണ് യേശു കൽപിച്ചത്. അപ്പോൾ ഒരു ചോദ്യം? ഇങ്ങനെ കൽപിക്കാൻ യേശുവിന് എന്താ അധികാരം? ഉത്തരം മത്തായി 28:18 ൽ പറയുന്നുണ്ട്: യേശു പറഞ്ഞു: സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. ആകയാൽ, നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. ഇങ്ങനെ പറഞ്ഞയയ്ക്കുവാനുള്ള എല്ലാ അധികാരവും പിതാവായ ദൈവം യേശുവിന് നൽകിയിരിക്കുന്നു. എല്ലാ അധികാരവും എന്നാണ് പറഞ്ഞിരിക്കുന്നത്. അനേകം രോഗികളെ സുഖപ്പെടുത്തിക്കൊണ്ട്, രോഗങ്ങളുടെമേൽ അധികാരം ഉണ്ടെന്ന് യേശു കാണിച്ചു. പിശാചുക്കളെ പുറത്താക്കിക്കൊണ്ട് പിശാചിന്റെ മേലുള്ള അധികാരം കാണിച്ചു. കാറ്റിനെയും കോളിനെയും നിയന്ത്രിച്ചുകൊണ്ട് പ്രകൃതിയുടെമേലുള്ള അധികാരം വ്യക്തമാക്കി. പാപങ്ങൾ ക്ഷമിച്ചുകൊണ്ട് പാപമോചനാധികാരം വ്യക്തമാക്കി. മരിച്ചവരെ ഉയിർപ്പിച്ചുകൊണ്ട് മരണത്തിന്റെമേലുള്ള അധികാരം വ്യക്തമാക്കി. ആന്തരിക മുറിവുകളെ സുഖപ്പെടുത്തിക്കൊണ്ട് അതിനുള്ള അധികാരവും വ്യക്തമാക്കി. സർവമനുഷ്യരെയും അവരുടെ പ്രവൃത്തികൾ നോക്കി വിധിക്കാനും നല്ലവരെ സ്വർഗത്തിലേക്ക് കൊണ്ടുപോകാനും പാപികളെ നരകത്തിലേക്ക് വിടാനുമുള്ള പരമാധികാരം, അപ്പീൽ കോടതി ഇല്ലാത്ത അധികാരം യേശുവിനുണ്ട്. മത്തായി 24:29-31 ൽ യേശു പറയുന്നു: അക്കാലത്തെ പീഡനങ്ങൾക്കുശേഷം പൊടുന്നനെ സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം തരുകയില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകുകയും ചെയ്യും. അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും. ഭൂമിയിലെ സർവ ഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രൻ വാനമേഘങ്ങളിൽ ശക്തിയോടും മഹത്വത്തോടുംകൂടി വരുന്നതു കാണുകയും ചെയ്യും. വലിയ കാഹളധ്വനിയോടു കൂടെ തന്റെ ദൂതന്മാരെ അവൻ അയക്കും. അവർ ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ നാലു ദിക്കുകളിൽനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും. മർക്കോസ് 13:24 മുതലുള്ള വചനങ്ങളിലും ലൂക്കാ 21:25 മുതലുള്ള വചനങ്ങളിലും ഇതേ ആശയമുണ്ട്. യോഹന്നാൻ പതിനൊന്നാം അധ്യായത്തിൽ യേശു വ്യക്തമായി പറയുന്നുണ്ട്: ഞാനാണ് പുനരുദ്ധാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. റോമാക്കാർക്കുള്ള ലേഖനം 10:5-13 വചനങ്ങളിൽ നാം വായിക്കുന്നത് ഇപ്രകാരമാണ്: യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപിക്കും. അവനിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്.

ഗ്രീക്കുകാരനും യഹൂദനും തമ്മിൽ വ്യത്യാസമില്ല. ഒരുവൻ തന്നെയാണ് എല്ലാവരുടെയും കർത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേൽ അവിടുന്ന് തന്റെ സമ്പത്ത് വർഷിക്കുന്നു. എന്തെന്നാൽ, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും. അതിനാൽ, യേശുവിന് എല്ലാ അധികാരവും ഉണ്ട്. ആ അധികാരം ഉപയോഗിച്ചാണ് ലോകം മുഴുവനും പോയി സുവിശേഷം പ്രസംഗിക്കാൻ യേശു മനുഷ്യരെ ചുമതലപ്പെടുത്തിയത്. എന്നാൽ, ഇപ്പോഴുള്ള പ്രശ്‌നം എന്തെന്നല്ലേ? എല്ലാത്തിന്റെയുംമേൽ യേശുവിന് അധികാരം ഉണ്ടെന്നുള്ള വസ്തുത മഹാഭൂരിപക്ഷം ആളുകളും അറിയുകയോ അഥവാ അറിഞ്ഞാലും അംഗീകരിക്കുകയോ ചെയ്യുന്നില്ല. അതിനാൽ, കൂടുതൽ ആളുകൾ യേശുവിന്റെ പരമാധികാരത്തെപ്പറ്റി അറിയണം. അവർ അത് അംഗീകരിക്കണം. യേശുവിനെ രക്ഷകനും ദൈവവുമായി അംഗീകരിച്ചാൽ മാത്രമേ അത് സാധിക്കുകയുള്ളൂ. ജനങ്ങൾ യേശുവിനെപ്പറ്റി കേൾക്കാൻ ഇടവന്നുവെങ്കിൽ മാത്രമേ അവർ യേശുവിനെ രക്ഷകനായി, നാഥനായി അംഗീകരിക്കുകയുള്ളൂ. കേൾക്കുന്ന എല്ലാവരും അംഗീകരിക്കുകയില്ല. കേൾക്കുന്നവരിൽ കുറെപ്പേരെങ്കിലും അംഗീകരിക്കും. ലോകത്തിന്റെ നിരവധി പ്രദേശങ്ങളിൽ സുവിശേഷം പ്രസംഗിക്കെപ്പട്ടതുകൊണ്ടാണല്ലോ ഇത്രയും ജനങ്ങളെങ്കിലും യേശുവിന്റെ പരമാധികാരം അംഗീകരിക്കുന്നത്. ശക്തവും ഫലദായകവുമായ സുവിശേഷപ്രഘോഷണം കൂടുതൽ ആളുകൾ യേശുവിന്റെ പരമാധികാരം അംഗീകരിക്കുന്നതിന് കാരണമാകും.

യേശുവിന്റെ പരമാധികാരം മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യാതിരിക്കുകയും എന്നാൽ യേശുവിന്റെ പരമാധികാരത്തിൻകീഴിൽ ആയിരിക്കുകയും ചെയ്യുന്ന മനുഷ്യർ ധാരാളമുണ്ട്. ഇവരെല്ലാം ഒരിക്കൽ യേശുവിന്റെ പരമാധികാരത്തിന്റെ മുമ്പിൽ ചെന്നു നിൽക്കേണ്ടിവരുമെന്ന് അവിടുത്തെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. മത്താ.25:31-46 വചനങ്ങൾ ഉദാഹരണങ്ങളാണ്. 25:31-32 വചനം ഇവിടെ ഉദ്ധരിക്കാം: മനുഷ്യപുത്രൻ എല്ലാ ദൂതന്മാരോടുംകൂടി മഹത്വത്തിൽ എഴുന്നള്ളുമ്പോൾ അവൻ തന്റെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകും. അവന്റെമുമ്പാകെ എല്ലാ ജനതകളും ഒരുമിച്ച് കൂട്ടപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്ന് വേർതിരിക്കുന്നതുപോലെ അവൻ അവരെ തമ്മിൽ വേർതിരിക്കും. വലതുവശത്ത് നല്ലവരെയും ഇടതുവശത്ത് ദുഷ്ടരെയും യേശു നിർത്തും. വലതുവശത്തുള്ളവരെ സ്വർഗത്തിലേക്കും ഇടതുവശത്തുള്ളവരെ നരകത്തിലേക്കും വിടും. അതേ, എല്ലാ ജനങ്ങളുടെയുംമേൽ യേശുവിന് അധികാരമുണ്ട്. ഈ സത്യം എത്രമാത്രം ജനങ്ങളെ ബോധ്യപ്പെടുത്താൻ സഭയ്ക്ക് കഴിയും എന്നതാണ് പ്രശ്‌നം. അതിനാൽ, സുവിശേഷപ്രഘോഷണം എല്ലാവരിലും എത്താനും ഫലം പുറപ്പെടുവിക്കാനും നമുക്ക് ആഗ്രഹിക്കാം; പ്രാർത്ഥിക്കാം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22