പെങ്ങള്‍ സ്വപ്നയുടെ പാലക്കാട്ട് ഉള്ള വീടിലേക്ക് പോകുന്നതിനിടെ ഉള്ള ഇടത്താവളം കേരളത്തി ന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരായിരുന്നു. ഓണവും പൂരവുമാണ് അവിടെ ഏറ്റവും ആഘോഷപ്രദമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അത് രണ്ടും വരുന്ന ദിനങ്ങളില്‍ തേക്കിന്‍കാട് മൈതാനത്ത് ആള്‍ക്കൂട്ടത്തിലൊരാളായി കാഴ്ചകള്‍ കണ്ട് നടക്കാന്‍ ഇഷ്ടമായിരുന്നു. കാണുന്നവയില്‍ മനസിലുടക്കുന്നവയുടെ അരികുചേര്‍ന്ന് കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. അല്പനേരത്തേക്കാണെങ്കിലും ഈ കാഴ്ചകള്‍ ന ല്കുന്ന ബാഹ്യമായ ആനന്ദം രസകരമായിരുന്നു. ഇതുപോലെ കണ്ണുകള്‍ക്കാനന്ദം പകരുന്ന, കാതുകള്‍ക്കിമ്പം തരുന്ന ധാരാളം കാര്യങ്ങള്‍ ദിനംപ്രതി കാണുന്നവരും കേള്‍ക്കുന്നവരുമാണ് നാം. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിവിധങ്ങളായ കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അവിടെ എന്റെ പങ്ക് വെറുമൊരു വഴിപോക്കന്റേതു മാത്രമാണ് എന്നറിയാന്‍ സാധിക്കും. അതായത് കാഴ്ചയിലും കേള്‍വിയിലും എന്റെ ഭാഗഭാഗിത്വം പൊതുവേ ഇല്ല എന്നുള്ള സത്യം. ഏതു കാര്യമാണെങ്കിലും കാണാന്‍ വരുന്നവന് ചില ആഗ്രഹങ്ങളുണ്ട്. എന്റെ മുന്‍പിലെ കാഴ്ച മറയുമ്പോള്‍ തന്നെ അതിലെ കൗതുകം തീരുകയും ചെയ്യാം. അതില്‍ അപൂര്‍വം ചിലതെങ്കിലും വ്യക്തിജീവിതത്തിന് ഉപകരിക്കും.
ഇതുപോലെ ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിലും പള്ളികളില്‍ എത്തിച്ചേരുന്ന ഭൂരിപക്ഷം വിശ്വാസികളും ഭകുര്‍ബാന കാണാന്‍' വരുന്നരാണ്. നയനാനന്ദം പകരുന്ന, കാതിനു കുളിര്‍മയേകുന്ന ചില നിമിഷങ്ങളായി വിശുദ്ധ കുര്‍ ബാന മാറുമ്പോള്‍ അത്തരം ബാഹ്യ സംതൃപ്തിക്കായി മാത്രം ദേവാലയത്തില്‍ ഭവിശ്വാസികള്‍' എത്തിച്ചേരുമ്പോള്‍ എന്തോ പന്തികേടുള്ളതായി ഞാന്‍ മനസിലാക്കുന്നു. വിശുദ്ധ കുര്‍ബാനയും ഞാന്‍ കാണുന്ന നിരവധി കാര്യങ്ങളില്‍ ഒന്നായി മാറിപ്പോകുന്നുണ്ടോ എന്ന ആത്മവിശകലനം നല്ലതാണെന്ന് തോന്നുന്നു. കാണുന്നവയെക്കുറിച്ച് പലപ്പോഴും അഭിപ്രായം പറയാറുണ്ട്. ചിലപ്പോള്‍ ചര്‍ച്ചകള്‍പോലും രൂപപ്പെടാറുണ്ട്. നീ ഇന്ന് കുര്‍ബാന കണ്ടോ എന്നുള്ള കുശലാന്വേഷണങ്ങളും ഇന്നത്തെ കുര്‍ബാന അടിപൊളിയായിരുന്നു, നന്നായിരുന്നു, ഇന്നത്തെ കുര്‍ബാന ഒരു രസവുമില്ലായിരുന്നു, എന്തുമാത്രം തെറ്റാ ഇന്ന് അച്ചന്‍ വരുത്തിയത്, എത്ര സമയമാ ഇന്ന് കൂടുതലെടുത്തത്. ഇങ്ങനെ വൈദികനെ കുറ്റപ്പെടുത്തുന്ന കുറെ പ്രതികരണങ്ങളും ചേരുമ്പോള്‍ എല്ലാം പൂര്‍ത്തിയായി.
മുടങ്ങാതെ ഭകുര്‍ബാന ചൊല്ലുന്ന' പുരോഹിതരും മുടങ്ങാതെ കുര്‍ബാന കാണുന്ന വിശ്വാസികളും ഇന്ന് കൂടിവരുന്നില്ലേ എന്നൊരു സംശയം എനിക്കുണ്ട്. അതിന്റെ പ്രതിഫലനം വ്യക്തമാകുന്നത് വിശ്വാസജീവിതത്തിലാണ്. എന്തോ ചെയ്തുകൂട്ടി എന്ന് കരുതി രണ്ടുകൂട്ടരും തൃപ്തി അടയുന്നു. യഥാര്‍ത്ഥ വിശ്വാസി ഒരിക്കലും കാഴ്ച കണ്ട് നില്ക്കുന്ന ഒരാളല്ല എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. വിശ്വാസിക്ക് കാഴ്ചയ്ക്ക് അതീതമായ ഒരു തലമുണ്ട്. കാണുന്നു എന്നത് ശരിയാണ്. എന്നാല്‍ അതിലുപരിയായി വിശ്വാസി കാര്‍മികന്‍ തന്നെയാണ്. ഈശോ കാര്‍മികനായി ബലിയര്‍പ്പിച്ചപ്പോള്‍ അതവന്റെ ആത്മാവും ജീവനും പകുത്തേകിയ, തന്റെ പ്രിയസ്‌നേഹിതര്‍ക്കായി തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ച നിമിഷമായിരുന്നു. അതേ തലം തന്നെയാണ് വിശ്വാസികള്‍ക്കുമുള്ളത്. ഞാനും ചേര്‍ന്നാണീ ബലിയര്‍പ്പണം നടത്തിയതെന്ന അവബോധം ഉള്ളില്‍ ഉണ്ടെങ്കില്‍ കാഴ്ച കണ്ട രീതിയിലുള്ള കമന്റുകളും ചര്‍ച്ചകളും നമ്മുടെ കൂടപ്പിറപ്പായി മാറില്ലായിരുന്നു.
ഏറ്റവും നല്ല ഉത്തരം
ഒരിടത്ത് ഒരു വിശുദ്ധനായ പുരോഹിതനുണ്ടായിരുന്നു. അദ്ദേ ഹം ബലിയര്‍പ്പിക്കുമ്പോള്‍ ജനം സംസാരിക്കുകയോ അസ്വസ്ഥരായി ഇറങ്ങിപ്പോകുകയോ ചെയ്താലും ആ പുരോഹിതന്‍ ഒന്നും പറയാറില്ലായിരുന്നു. ഒരിക്കല്‍ ചില നല്ല വിശ്വാസികള്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങ് ഒന്ന് പറയുകയാണെങ്കില്‍ വിശുദ്ധ കുര്‍ബാനമധ്യേ ജനം മോശമായി പെരുമാറുകയില്ലല്ലോ. അവര്‍ക്കുള്ള പുരോഹിതന്റെ മറുപടി ഇതായിരുന്നു: ഭഭഞാന്‍ ബലിയര്‍പ്പിക്കുമ്പോള്‍ മറ്റുള്ളവരുടെ ബഹളങ്ങള്‍ അറിയാറില്ല. പിന്നെ ഈ ദേവാലയത്തില്‍ വരുന്നവര്‍ ബലിയര്‍പ്പിക്കാനാണ് വരുന്നതെങ്കില്‍ അവര്‍ സംസാരിക്കുകയോ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത പകരുകയോ ചെയ്യില്ല. എന്തിനാണ് ദേവാലയത്തിനകത്ത് കയറിയത് എന്നറിയാത്തവരെ തിരുത്താനുള്ള അവസരമല്ല എനിക്ക് വിശുദ്ധ കുര്‍ബാന.'' എത്ര നല്ല ഉത്തരം.
ഈശോയുടെ അന്ത്യ അത്താഴത്തില്‍ എല്ലാ ശിഷ്യന്മാരും ഉണ്ടായിരുന്നു. പക്ഷേ, യൂദാസിന് ആ അത്താഴം കഴിയുന്നതുവരെ ഈശോയോടൊപ്പം ഇരിക്കാന്‍പോലും കഴിഞ്ഞില്ല. അത്ര യും തിരക്കുള്ള ഒരാളായിരുന്നവന്‍. അവന് ചെയ്തുതീര്‍ക്കാന്‍ ഒരു വലിയ കാര്യമുണ്ടായിരുന്നു. ആ തിരക്കുപിടിച്ച നിമിഷങ്ങള്‍ എവിടെവരെ യൂദാസിനെ കൊണ്ടെത്തിച്ചു എന്ന് നമുക്കറിയാം. ഇതുപോലെ തിരക്കുപിടിച്ച് വിശുദ്ധ കുര്‍ബാനയ്ക്ക് വന്നിട്ട് പലവിധ കാര്യങ്ങള്‍ ഓര്‍ത്ത്, ഇതെങ്ങനെയെങ്കിലും ഒന്ന് തീര്‍ന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരൊക്കെ ദേവാലയപടികള്‍ കയറാതിരിക്കുന്നതല്ലേ ഉചിതം! ഞായറാഴ്ചയെന്ന ദിനം ചെയ്തു തീര്‍ക്കേണ്ട പല കാര്യങ്ങളില്‍ ഒന്നായി വിശുദ്ധ കുര്‍ ബാന നമുക്ക് മാറിപ്പോകാം. പലര്‍ക്കും ആഴ്ചയില്‍ ആകെയുള്ള അവധി ദിനമാണ് ഞായറാഴ്ച. തിരക്കുകളുടെ ഇടയില്‍ ജീവിതം ഹോമിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന അന്നെങ്ങനെയെങ്കിലും കണ്ട് ആശ്വാസമടയണം എന്നു മാത്രമേയുള്ളൂ.
ചില പള്ളികളില്‍ വിഭാഗീയതയുടെ ചിന്തകളുണ്ട്. രണ്ടോ അതിലധികമോ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്ന ദേവാലയങ്ങളുണ്ട്. എന്തുകൊണ്ട് ഇത്തരം മുറിവുകള്‍ ഉണ്ടാകുന്നു? പലയിടങ്ങളിലും ഇന്നും ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നു. അതുപോലെ ഉണ്ടായ മുറിവുകള്‍ ഉണങ്ങാതെ ഇന്നും നോവിച്ചുകൊണ്ടിരിക്കുന്നു. ആഴമായി പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം അവിടെ അവരാരും ഇന്നുവരെ ഭബലിയര്‍പ്പിച്ചിട്ടില്ലാ' എന്നാണ്. ക്രിസ്തുവിനോടൊപ്പം ബലിയര്‍പ്പിക്കുന്നവന് എങ്ങനെ സ്‌നേഹമില്ലാത്ത ജീവിതം നയിക്കാനാകും. വിഭാഗീയതയും അതിനനുബന്ധ പ്രതിസന്ധികളും ഉടലെടുക്കുന്നത് സ്‌നേഹരാഹിത്യത്തി ല്‍ നിന്നാണെന്ന് ഏവര്‍ക്കും അറിയാം. നീ ബലിയര്‍പ്പിക്കാനായി ദേവാലയത്തില്‍ വരുമ്പോള്‍ നിന്റെ സഹോദരന് നിന്നോടെന്തെങ്കിലും നീരസമുണ്ടെന്ന് അറിഞ്ഞാല്‍ നിന്റെ ബലിവസ്തു താഴെവച്ചിട്ട് പോയി അവനുമായി രമ്യതപ്പെട്ടതിനുശേഷം വന്ന് ബലിയര്‍പ്പിക്കുക എന്ന ക്രിസ്തുമൊഴികള്‍ എന്നും നമ്മുടെ കര്‍ണപുടങ്ങളില്‍ മുഴങ്ങിയിരുന്നെങ്കില്‍, ഒരു വിശ്വാസക്കൂട്ടായ്മയിലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാകില്ലായിരുന്നു.
കുര്‍ബാന കാണുക എന്നതില്‍നിന്നും ബലിയര്‍പ്പിക്കുക എ ന്ന തലത്തിലേക്ക് ഒരു വളര്‍ച്ച വളരെ പ്രധാനമായതാണ്. അമ്മ കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ തന്റെ ജീവരക്തംതന്നെയാണ് നല്കുന്നത്. കുഞ്ഞിനായിട്ടവള്‍ തന്നെ സമര്‍പ്പിക്കുകയാണ്. അതുപോലെ ബലിയര്‍പ്പണത്തില്‍ ഞാനും ഈശോയും ഒന്നാക്കപ്പെടുകയാണ്. ഞാന്‍ ചെയ്യേണ്ടതായ കുറെ കാര്യങ്ങള്‍ ഒന്നുചേര്‍ന്നിട്ടുണ്ടിവിടെ. അത് വിസ്മരിച്ച് കാഴ്ച കണ്ട് മടങ്ങുമ്പോള്‍ കുര്‍ബാനയ്ക്ക് മുന്‍പും ശേഷവും ഞാനൊരുപോലെയായിരിക്കും. കുര്‍ബാന കാണുന്ന ആള്‍ക്ക് എപ്പോഴാണോ സൗകര്യം കിട്ടുന്നത് അപ്പോള്‍ എത്തിയാല്‍ മതി. പത്തുമണിക്ക് തുടങ്ങുന്ന കുര്‍ബാനയ്ക്ക് പത്തരയ്ക്ക് വന്നാലും മതി, എന്നാല്‍ ബലിയര്‍പ്പിക്കുന്ന ആള്‍ക്ക് പത്തുമണിക്കുള്ള കുര്‍ബാനയ്ക്ക് പത്തു മിനിറ്റെങ്കിലും മുന്‍പ് എത്തണം. അവിടെ തിരുമുന്‍പിലിരുന്ന് പ്രാര്‍ത്ഥിച്ചൊരുങ്ങണം. എന്റെ ജീവിതത്തെ മുഴുവനായി തമ്പുരാന്റെ സന്നിധിയില്‍ സമര്‍പ്പിക്കുന്ന പുണ്യനിമിഷമാണീ ബലിയര്‍പ്പണം. എനിക്ക് എന്നെ പൂര്‍ണമായി അര്‍പ്പിക്കണമെങ്കില്‍ എന്നില്‍ നിറയേണ്ട ആത്മാര്‍ത്ഥതയും എന്നിലുയരേണ്ട തീ ക്ഷ്ണതയും എത്രയോ ഉന്നതമായിരിക്കണം. ആ അറിവും അതിനുള്ള ഒരുക്കവും എന്റെ ആത്മീയജീവിതത്തെ പടിപടിയായി മുന്‍പോട്ടു നയിക്കുകയും ചെയ്യും. ശ്രദ്ധിച്ചാല്‍ നമുക്കറിയാം ദേവാലയങ്ങളില്‍ പൊതുവെ വൈകി എത്തുന്നവര്‍ രോഗികളായവരോ ഏറെ ദൂരെനിന്നും വരുന്നവരോ വാഹനസൗകര്യമില്ലാത്തവരോ ഒന്നുമല്ല. ദേവാലയത്തിനടുത്തായി വീടുള്ളവരും സ്വന്തമായി വാഹനമുള്ളവരുമൊക്കെയാണ്.
ബാഹ്യസമ്മര്‍ദ്ദങ്ങള്‍
ഞാന്‍ എന്തിനാണ് പള്ളിയില്‍ പോകുന്നത്...? ആധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ...? ഞാന്‍ ഇന്ന് പള്ളിയില്‍ പോയത് കുര്‍ബാന കാണാന്‍ എന്ന ഉത്തരമാണോ പറയാനുള്ളത്...? ഞാ യറാഴ്ച പള്ളിയില്‍ പോകുക എന്നത് വിശ്വാസിക്ക് ഒരു കടമയായി മാറിയതുകൊണ്ട്, അല്ലെങ്കില്‍ പറഞ്ഞു കുമ്പസാരിക്കേണ്ട പാപമായതുകൊണ്ട്, അതുമല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ, അവരെന്തു പറയുമെന്നുള്ള ആകുലതയാലൊക്കെയാണോ ഞാന്‍ പള്ളിയില്‍ പോകുന്നത്. അത്ത രം യാത്രകള്‍ എന്നെ കാഴ്ചക്കാരനാക്കിയില്ലെങ്കിലാണ് അതിശയം. പലരും പള്ളിയില്‍ വരുന്നത് ബാഹ്യമായ പലവിധ സമ്മര്‍ദ്ദങ്ങളാലാണ്. സാധാരണ ഇഷ്ടമല്ലാത്ത ഒരു കാര്യത്തിനാണ് നിര്‍ബന്ധിക്കേണ്ടത്. വിശുദ്ധ കുര്‍ബാന പതിവായി കാണുന്ന ഒരാള്‍ക്ക് അത് മടുപ്പു പകരാം, വിരസമായി ട്ടു മാറാം. മടുപ്പും വിരസതയും തോന്നിക്കുന്ന ഒരു കാര്യത്തിനായി വീണ്ടും വീണ്ടും ഒരാളെ നിര്‍ബന്ധിക്കുമ്പോള്‍ അത് മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട് ചെയ്യുന്നതായിട്ടു മാറും. എന്നാല്‍ ബലിയര്‍പ്പണത്തിനായി ദേവാലയത്തിലേക്ക് പോകുന്ന വ്യക്തിക്ക് അവിടെ മടുപ്പിന്റെയോ വിരസതയുടെയോ അനുഭവമായിരിക്കില്ല. ആത്മീയമായ ഉണര്‍വിന്റെയും സന്തോഷത്തിന്റെയും തലമായിരിക്കുമത്.
പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്; ബലിയര്‍പ്പണം പുരോഹിതര്‍ക്ക് മാത്രം സാധിക്കുന്ന ഒരു കര്‍മ്മമാണെന്ന്. അതുകൊണ്ട് ഈ ബലിയര്‍പ്പണം കാണാന്‍ ജനങ്ങള്‍ എത്തിച്ചേരുന്നു. ഈ ധാരണ ശരിയായതല്ല എന്ന് ഇനിയെങ്കിലും നമുക്ക് മനസിലാക്കാം.
കുര്‍ബാന കാണാനും കേള്‍ക്കാനും നമ്മുടെ മുന്‍പില്‍ നിരവധി സാധ്യതകള്‍ ഇന്ന് തുറന്നു കിടപ്പുണ്ട്. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നമുക്ക് ഇഷ്ടമുള്ള കുര്‍ബാന കാണാം, കേള്‍ക്കാം. എന്നാല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ഞാന്‍ ദേവാലയത്തില്‍ പോകണം. അവിടെ എന്നെ സ്‌നേഹിക്കുന്നവരും എന്നെ ദ്രോഹിക്കുന്നവരുമായ എല്ലാവരുമുണ്ടാകും. രമ്യതയുടെയും ഒരുമയുടെയും മനസിലേക്ക് വളരാന്‍ ബലിയര്‍പ്പണം തുണയ്ക്കും. എന്നാല്‍ കുര്‍ബാന കാണല്‍ ഒരിക്കലും സഹായിക്കില്ല.
ബലിയര്‍പ്പണം കഴിഞ്ഞ് ദേവാലയത്തിന് പുറത്തിറങ്ങുന്നത് ദേവാലയത്തിനകത്ത് കയറിയ വ്യക്തിയല്ല. നവീകരിക്കപ്പെട്ട, ദൈവം നല്കിയ വിശുദ്ധിയാല്‍ നിറഞ്ഞ വ്യക്തിയാണ്. ഞാന്‍ ആ ബലിപീഠത്തില്‍ അര്‍പ്പിച്ചത് എന്റെ ജീവിതം തന്നെയാണ്. എന്നിലെ പാപങ്ങള്‍, എന്നിലെ നീരസങ്ങള്‍, എന്നിലെ കുറവുകള്‍, അപരനെ സ്‌നേഹിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍... തുടങ്ങി നന്മയല്ലാത്ത അനേകം കാര്യങ്ങള്‍. എന്നാല്‍ അവന്‍ എനിക്കേകുന്നതോ അനുസ്യൂതമൊഴുകുന്ന അവന്റെ സ്‌നേഹ വും വാത്സല്യവുമാണ്. അത് സ്വന്തമാക്കി കഴിയുമ്പോള്‍ ജീവിതത്തിന് രൂപാന്തരീകരണം സംഭവിക്കുന്നില്ലെങ്കില്‍ എനിക്കെന്തോ വലിയ ആധ്യാത്മിക അപചയം സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ ആരംഭിക്കേണ്ടിയിരിക്കുന്നു.
ചില തിരിച്ചറിവുകള്‍
ഇതുവരെ കുര്‍ബാന കണ്ട് തിരികെ ചെന്ന എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റമൊന്നും അനുഭവപ്പെട്ടു കാണില്ല. എന്നാല്‍, ബലിയര്‍പ്പണം കഴിഞ്ഞ് മടങ്ങി ചെല്ലുമ്പോള്‍ ജീവിതം ആകമാനം മാറിയ അനുഭവമായിരിക്കും. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തിലെത്തുന്ന ഒരു ചെറുപ്പക്കാരന്‍ അവന്റെ അനുഭവം പറഞ്ഞു. ജോലി ചെയ്യാനായി എത്തിച്ചേര്‍ന്ന ഇടം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. പരസ്പരം ബഹുമാനിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്ത സഹപ്രവര്‍ത്തകര്‍. വിശുദ്ധ കുര്‍ബാനയിലൂടെ ലഭ്യമായ കൃപയിലൂടെ അവന്‍ അവരോട് ഇടപെടാന്‍ തുടങ്ങി. ആദ്യമെല്ലാം അവന്‍ അപഹാസ്യനായി മാറിയെങ്കിലും, സാവകാശം ആ സ്ഥാപനത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. അപവാദപ്രചാരണങ്ങളും കുറ്റം പറച്ചിലുകളും സ്‌നേഹാന്വേഷണത്തിലേക്ക് നീങ്ങി. അവിടെ ഒരാളുടെ ജോലി നേരത്തെ തീര്‍ന്നാല്‍ മറ്റേയാളെ സഹായിക്കാന്‍ മനസു കാണിക്കുന്ന അവസ്ഥയുണ്ടായി. ആരെങ്കിലും നല്ലതു ചെയ്താല്‍ അസൂയയോടെ കാണുന്നതിനു പകരം ആദരിക്കാന്‍ തുടങ്ങി. അതുവരെ ഉണ്ടായിരുന്നതിലും വളര്‍ച്ച ആ സ്ഥാപനത്തിന് നേടാനും കഴിഞ്ഞു. അവനിങ്ങനെ കൂട്ടിച്ചേര്‍ത്തു, ഞാന്‍ കുര്‍ബാന കണ്ടിരുന്ന നാളുകളില്‍ ഞാനും എന്റെ ജോലിയും എന്റെ ശമ്പളവും എന്റെ പ്രമോഷനുമായിരുന്നു ലക്ഷ്യം. എന്നാല്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ ഭാഗഭാഗിത്വം എന്താണെന്ന് ബോധ്യമായപ്പോള്‍ എനിക്ക് മാറാതിരിക്കാനായില്ല... ആ മാറ്റം ഞാന്‍ ചെന്നിടത്തും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഈ യാഥാര്‍ത്ഥ്യം ജോലിസ്ഥലത്തു മാത്രമല്ല, ജീവിതത്തിന്റെ ഏതു തലങ്ങളിലും സത്യമാക്കപ്പെടും എന്ന വിശ്വാസക്കാരനാണ് ഞാന്‍.
ഈശോ അപ്പം മുറിച്ച് വാഴ്ത്തി ഇതെന്റെ ശരീരമെന്നും വീഞ്ഞ് വാഴ്ത്തി ഇതെന്റെ രക്തമെന്നും പറഞ്ഞ് തന്റെ അരുമ ശിഷ്യര്‍ക്ക് നല്കുന്നതിനുമുന്‍പ് അവരാരും പ്രതീക്ഷിക്കാത്ത പാദംകഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. ഞാന്‍ വലിയവനല്ലെന്നും വലിയവനാകേണ്ടവന്‍ ഏറ്റവും ചെറുതാകണമെന്നും ഓര്‍മപ്പെടുത്തിയ പുണ്യകര്‍മം. സഭാജീവിതത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബത്തില്‍ സ്വയം ബലിയര്‍പ്പിച്ച ഈശോയുടെ മാതൃക പുലര്‍ത്താനായാല്‍ അവിടെ ആരും ചെറുതാകില്ല, വലിയവരാകുകയേ ചെയ്യൂ.
കുര്‍ബാന കാണുക, കുര്‍ബാന ചൊല്ലുക എന്നീ പദങ്ങള്‍ ഞാനും ഏറെ ഉപയോഗിച്ചിട്ടുണ്ട്. അതിലെ പോരായ്മകള്‍ ഇന്ന് വ്യക്തമായി തിരിച്ചറിയുന്നു. നമ്മുടെ അധരങ്ങളില്‍ നിന്നും ആവര്‍ത്തിക്കപ്പെടുന്ന കുര്‍ബാന കാണുക, കുര്‍ബാന ചൊല്ലുക തുടങ്ങിയ പ്രയോഗങ്ങള്‍ ശരിയായ ഒരു ദിശാബോധമല്ല നല്കുക. അതിനു പകരമായി ബലിയര്‍പ്പണം എന്ന പദം അതിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കി നമുക്ക് ഉപയോഗിച്ചു തുടങ്ങാം.
കൂട്ടിവായിക്കാന്‍
കുര്‍ബാന ചൊല്ലിയ പുരോഹിതന്‍, കുര്‍ബാനയ്ക്കുശേഷം, പള്ളിയില്‍ വരാത്തതാരൊക്കെയാണെന്ന് പേരു വെളിപ്പെടുത്താതെ, എന്നാല്‍ ലക്ഷണസഹിതം വിളിച്ചു പറഞ്ഞു. കുര്‍ബാന കണ്ടവര്‍ അത് അവനാണെന്നും അവളാണെന്നും പരസ്പരം പറഞ്ഞു. എന്നാല്‍ ബലിയര്‍പ്പിച്ച പുരോഹിതനും ദൈവജനവും ഒരു ബലികൂടി ഒന്നുചേര്‍ന്ന് ഒരു മനസോടെ അര്‍പ്പിക്കാന്‍ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറഞ്ഞു.
ReplyDeleteഈശോയുടെ അന്ത്യ അത്താഴത്തില്‍ എല്ലാ ശിഷ്യന്മാരും ഉണ്ടായിരുന്നു. പക്ഷേ, യൂദാസിന് ആ അത്താഴം കഴിയുന്നതുവരെ ഈശോയോടൊപ്പം ഇരിക്കാന്‍പോലും കഴിഞ്ഞില്ല.
______________
അപ്പക്കഷണം മുക്കി അവനു കൊടുത്തപ്പോള്‍ അവനില്‍ സാത്താന്‍ പ്രവേശിച്ചു എന്നും ബൈബിള്‍ പറയുന്നില്ലേ?