അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Friday 12 July 2013

ഓര്‍മകളുടെ ചിറകിന്‍കീഴില്‍ ഒളിച്ചു കഴിയുന്നവര്‍

കഴിഞ്ഞകാലത്തെ  പരാജയ ചിന്തകള്‍ മനസില്‍  നിറഞ്ഞുനില്‌ക്കുന്നതിനാലാണ്‌ പലര്‍ക്കും വിജയിക്കാന്‍ സാധിക്കാത്തത്‌.

``ജീവിതത്തില്‍ വിജയം നിങ്ങള്‍ ആശിക്കുന്നുവെങ്കില്‍ സ്ഥിരപരിശ്രമത്തെ ആത്മമിത്രമായും അനുഭവത്തെ വിവേകിയായ ഉപദേശിയായും മുന്‍കരുതലിനെ ജ്യേഷ്‌ഠ സഹോദരനായും മഹത്വത്തെ രക്ഷിതാവായും കണക്കാക്കണം.'' - അഡിസണ്‍

ഭൂതകാലത്തെപ്പറ്റി അമിതമായി ശ്രദ്ധിക്കുന്നവരും ആകുലചിത്തരുമാണെങ്കില്‍ ജീവിതത്തില്‍ ഒരു പുനര്‍വിചിന്തനത്തിന്‌ സമയമായിരിക്കുന്നു എന്നുറപ്പിക്കാം. നമ്മുടെ വിളിയും ദൗത്യവും കഴിഞ്ഞ കാലങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ വ്യാകുലപ്പെടുവാനുള്ളതല്ല; മറിച്ച്‌ നല്ലൊരു ഭാവിയെ സ്വപ്‌നം കണ്ട്‌ മുന്നോട്ട്‌ കുതിക്കുവാനുള്ളതാണ്‌. കഴിഞ്ഞ കാലത്തെപ്പറ്റി അനാവശ്യമായി ആകുലപ്പെടുകയോ അതിലേക്ക്‌ അകാരണമായി പിന്‍തിരിഞ്ഞ്‌ നോക്കുകയോ ഇല്ലെന്നുള്ള ഉറച്ച തീരുമാനമെടുക്കണം. കഴിഞ്ഞ കാലങ്ങളെക്കുറിച്ചുള്ള നിരാശ ചിന്തകള്‍ ശക്തി ചോര്‍ത്തിക്കളയും. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ നിന്നുകൊണ്ട്‌ നമുക്കൊരിക്കലും വിജയിക്കുവാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജീവിതം ചലിക്കാത്ത ഒരു യന്ത്രമായിത്തീരും. ഇവിടെ വിശുദ്ധ പൗലോസ്‌ നമ്മെ ഓര്‍മിപ്പിക്കുന്നു: ``സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരു കാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട്‌ മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു'' (ഫിലിപ്പി 3:13-14).

നാളെയുടെ സന്തോഷം കെടുത്തിക്കളയുന്നവര്‍
കഴിഞ്ഞകാല അനുഭവങ്ങളെമാത്രം പാഠമായി ഉള്‍ക്കൊണ്ടുകൊണ്ട്‌ ഭാവിജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ തെറ്റുപറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ആ കറുത്ത ചിന്തകള്‍ മനസില്‍ നിറഞ്ഞു നില്‌ക്കുമ്പോള്‍ ഭാവിജീവിതത്തെക്കുറിച്ചുള്ള സുന്ദര സ്വപ്‌നങ്ങള്‍ക്ക്‌ മനസില്‍ ഇടംകിട്ടില്ല. മുന്‍പോട്ട്‌ ഓടുമ്പോഴും പിറകോട്ട്‌ തിരിഞ്ഞുനോക്കുന്ന കോവര്‍കഴുതയെപ്പോലെയാണ്‌ ഇന്ന്‌ പലരും. എങ്കില്‍ നമ്മള്‍ ഓര്‍ ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്‌: ``ഇന്നലയെക്കുറിച്ചോര്‍ത്ത്‌ വിലപിക്കുന്നവര്‍ ഇന്നിന്റെ സന്തോഷം നശിപ്പിക്കുകയാണ്‌. അതുപോലെ ഇന്നിന്റെ പ്രശ്‌നങ്ങളെപ്പറ്റി വിലപിക്കുന്നവര്‍ നാളെയുടെ സന്തോഷം നശിപ്പിക്കുകയാണ്‌.''
മറ്റു ജീവികളെ അപേക്ഷിച്ച്‌ മനുഷ്യന്‌ ബലഹീനതകള്‍ ഏറെയുണ്ട്‌. പക്ഷിയെപ്പോലെ പറക്കുവാനോ പുള്ളിപ്പുലിയെക്കാള്‍ വേഗത്തില്‍ ഓടുവാനോ മുതലയെപ്പോലെ നീന്തുവാനോ കുരങ്ങിനെപ്പോലെ മരം കയറുവാനോ സാധ്യമല്ല. ഒരു പരുന്തിന്റെ കണ്ണുകളോ കാട്ടുപൂച്ചയുടെ നഖങ്ങളോ ഇല്ല. പ്രതിരോധശേഷി കുറഞ്ഞ മനുഷ്യനെ ഒരു ചെറുപ്രാണിക്കുപോലും കൊല്ലാന്‍ കഴിയും. എന്നാല്‍, ദൈവം മനുഷ്യന്‌ നല്‌കിയ വരദാനമാണ്‌ ചിന്തിക്കുവാനുള്ള കഴിവ്‌. ആ കഴിവുപയോഗിച്ച്‌ മനുഷ്യന്‌ സ്വന്തം ജീവിതസാഹചര്യങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും. എന്നാല്‍, ഈശ്വരന്റെ ഈ വരദാനം- ചിന്തിക്കുവാനുള്ള കഴിവ്‌- വളരെ കുറച്ചുപേര്‍ മാത്രമേ പൂര്‍ണമായും വിനിയോഗിക്കുന്നുള്ളൂ എന്നതാണ്‌ സത്യം.

മാറ്റാന്‍ കഴിയാത്ത ഭൂതകാലം
നമ്മുടെ ഭൂതകാലം അതായിരിക്കുന്ന വഴിയില്‍ ഏറെ പോയ്‌ക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തില്‍ മാറ്റം വരുത്താനുള്ള പരിശ്രമം ഉപേക്ഷിക്കണം. കഴിഞ്ഞ കാലം തന്നതിലധികം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഭാവികാലം കാത്തിരിപ്പുണ്ടെന്ന്‌ ഉറച്ചു വിശ്വസിക്കുവാന്‍ കഴിയണം. നല്ലത്‌ ഇനിയും സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയാവണം മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ ഊര്‍ജ്ജം പകരേണ്ടത്‌. ലോകത്തില്‍ ഇന്നുവരെയാര്‍ക്കും കഴിഞ്ഞ കാലത്തിലേക്ക്‌ മടങ്ങിപ്പോയി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവച്ച്‌ ജീവിതത്തെ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, നമുക്ക്‌ ആയിരിക്കുന്ന അവസ്ഥയെ അവലോകനം ചെയ്‌ത്‌ ജീവിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഭാവി കൂടുതല്‍ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കുവാനാകും.

``തന്റെ കഴിഞ്ഞകാലത്തെ വില കൊടുത്ത്‌ തിരിച്ചുവാങ്ങുവാന്‍ കഴിയത്തക്കവിധം ധനികനായ ഒരു മനുഷ്യനും ലോകത്തിലില്ല'' എന്ന്‌ ഓസ്‌കര്‍ വൈല്‍ഡ്‌ പറയുന്നു. ``നമ്മള്‍ എത്രമാത്രം പിന്നോട്ട്‌ തിരിഞ്ഞുനോക്കുന്നുവോ, അത്രയും കുറച്ചു മാത്രമേ മുന്‍പോട്ടുള്ള പ്രയാണം സാധ്യമാകൂ'' എന്ന്‌ തോമസ്‌ ജെഫേഴ്‌സനും, ``ആരോഗ്യവും സന്തോഷവും വിജയവും ജീവിതത്തെ സധൈര്യം നേരിടാനുള്ള കഴിവിനനുസരിച്ചായിരിക്കും. ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നതല്ല സംഭവിക്കുന്നതിനെ എങ്ങനെ നേരിടുന്നു എന്നതാണ്‌ പ്രധാനം'' എന്ന്‌ ജോര്‍ജ്‌ എലനും നമ്മെ ഓര്‍മിപ്പിക്കുന്നു.

വളര്‍ച്ച മുരടിപ്പിക്കുന്ന മനോഭാവങ്ങള്‍
ജീവിതത്തില്‍ നിരാശയും അസ്വസ്ഥതയും ഏറുമ്പോള്‍, നമ്മള്‍ ജീവിക്കുന്നത്‌ കഴിഞ്ഞ കാലങ്ങളിലാണെന്ന്‌ ഉറപ്പിക്കാം. ജീവിതത്തിന്റെ വളര്‍ച്ച മുരടിച്ചതായിട്ട്‌ തോന്നുമ്പോള്‍ ഓര്‍ക്കുക, നമ്മള്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളുടെ ചിറകിന്‍കീഴില്‍ ഒളിച്ചു കഴിയുകയാണ്‌. അവിടെ നമ്മുടെ വളര്‍ച്ച നിലയ്‌ക്കുകയും നമ്മള്‍ മരിച്ചു തുടങ്ങുകയും ചെയ്യുന്നു. സഭാപ്രസംഗകന്‍ പറയുന്നു: ``കഴിഞ്ഞ കാലം ഇന്നത്തെക്കാള്‍ മെച്ചമായത്‌ എങ്ങനെയെന്നു ചോദിക്കരുത്‌. ജ്ഞാനത്തില്‍നിന്ന്‌ വരുന്നതല്ല ഈ ചോദ്യം'' (സഭാപ്രസ. 7:10).

വര്‍ഷങ്ങളോളം തുറങ്കിലടയ്‌ക്കപ്പെട്ട ഒരു തടവുകാരന്റെ കഥ ചാള്‍സ്‌ ഡിക്കന്‍സ്‌ വിവരിക്കുന്നുണ്ട്‌. ശിക്ഷയുടെ കാലാവധി ക ഴിഞ്ഞ്‌ പുറത്തുവന്നപ്പോള്‍ അയാള്‍ക്ക്‌ സ്വതന്ത്രലോകവുമായി പൊരുത്തപ്പെടാനാകുന്നില്ല. കാറ്റും വെളിച്ചവുമുള്ള അന്തരീക്ഷം ഇ ഷ്‌ടപ്പെടാതെ, കഴിയുന്നതും വേഗം തന്റെ ഇരുട്ടിലേക്ക്‌ തിരിച്ചുപോകാനാണ്‌ അയാള്‍ ആഗ്രഹിച്ചത്‌. പഴയ ജീവിതം കൂടുതല്‍ സുരക്ഷിതമായി അയാള്‍ക്ക്‌ തോന്നിയതാണ്‌ ഇതിന്‌ കാരണം. മനുഷ്യപ്രകൃതി പൊതുവേ മാറ്റങ്ങളെ ചെറുക്കുന്ന പ്രവണത കാണിക്കുന്നുണ്ട്‌. പലപ്പോഴും മാറ്റങ്ങളില്‍ നാം അസ്വസ്ഥരാകാറുണ്ട്‌. നല്ലതിനുവേണ്ടിയാണെങ്കില്‍പ്പോലും അത്‌ സ്വീകരിക്കാന്‍ നാം മടിക്കുന്നു. ഈ മനോഭാവം നമ്മുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു.

ശുഭകരമായ പ്രതീക്ഷകള്‍
ഇന്നലകളെ ഓര്‍ത്ത്‌ വിലപിച്ച്‌ ഇന്നിന്റെ സന്തോഷം നശിപ്പിക്കുന്നവരാകരുത്‌. ``നിങ്ങളുടെ കഴിഞ്ഞ കാലത്തില്‍ മാറ്റം വരുത്തുവാന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍, ഇന്നത്തെ ബുദ്ധി പൂര്‍വമായ പ്രവൃത്തികള്‍കൊണ്ട്‌ നാളയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുവാന്‍ കഴിയും'' എന്ന ഡേവിഡ്‌ മാക്‌നെല്ലിയുടെ വാക്കുകള്‍ ചിന്തിക്കുവാന്‍ ഏറെ വക നല്‌കുന്നതാണ്‌.

കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്ത ഒഴിവാക്കുക എന്നതാണ്‌ ജീവിതത്തില്‍ സന്തോഷം അനുഭവിക്കാനുള്ള ആദ്യത്തെ നിയമം. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഇന്നലെകളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവന്‌ ആസ്വാദ്യകരമായ ഒരു നാളെ ഉണ്ടാകുവാന്‍ സാധ്യതയില്ല.

ഏറ്റവും നല്ലത്‌ ചിന്തിക്കുക, ഏറ്റവും നല്ല ത്‌ പ്രവര്‍ത്തിക്കുക, ഏറ്റവും നല്ലത്‌ പ്രതീക്ഷിക്കുക, സ്വന്തം വിജയത്തിലെന്നപോലെ മറ്റുള്ളവരുടെ വിജയത്തിലും ആവേശം കൊള്ളുക. കഴിഞ്ഞകാലങ്ങളിലെ തെറ്റുകള്‍ ഓര്‍ത്ത്‌ വിഷമിക്കാതെ ഭാവിയിലെ മഹത്തായ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക. ജീവിതത്തെക്കുറിച്ചുള്ള ശുഭകരമായ പ്രതീക്ഷകള്‍ നമ്മു ടെ മുഖമുദ്രയാവണം.

``സഹായമാവശ്യപ്പെടുന്ന നല്ല കാര്യങ്ങള്‍ ക്കുവേണ്ടി, അകലെ കിടക്കുന്ന ഭാവിക്കുവേണ്ടി, സാധ്യമായ നന്മയ്‌ക്കുവേണ്ടി ജീവിക്കുകയാണ്‌ എന്റെ ആദര്‍ശം''- ജോര്‍ജ്‌ എന്‍. ബാങ്ക്‌സ്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22