ജീവിത സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുമ്പോഴും പ്രാര്‍ത്ഥനയുടെ ഉത്തരം അനിശ്ചിതമായി വൈകുമ്പോഴും നാം നിരാശപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്. കര്‍ത്താവിന് എന്നെക്കുറിച്ച് കരുതലില്ല, അവിടുന്ന് എന്നെ സ്‌നേഹിക്കുന്നില്ല എന്നെല്ലാം ചിന്തിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ സങ്കീ.115:11 ല്‍ ഇങ്ങനെ പറയുന്നു: "കര്‍ത്താവിന് നിന്നെക്കുറിച്ച് വിചാരമുണ്ട്. അവിടുന്ന് നിന്നെ അനുഗ്രഹിക്കും.''
പഴയനിയമത്തിലെ ജോസഫ് സഹോദരന്മാരാല്‍ പൊട്ടക്കിണറ്റില്‍ എറിയപ്പെട്ടപ്പോഴും അടിമയായി വില്ക്കപ്പെട്ടപ്പോഴും ദൈവം കൈവിട്ടവനായി കാണപ്പെടാം. ചെയ്യാത്ത തെറ്റിന് തടവറയില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അവനെ കരുതുന്ന ഒരു ദൈവമുണ്ടെന്ന് ആര്‍ക്കും ചിന്തിക്കാനാകില്ല. എന്നാല്‍, ദൈവത്തിന്റെ കരുതലില്ലായ്മകള്‍ അത്ഭുതകരമായ കരുതലില്‍നിന്നും രൂപപ്പെടുന്നതാണെന്ന് ഈജിപ്തിന്റെ ഭരണാധികാരിയായ ജോസഫിലൂടെ വെളിപ്പെടുന്നുണ്ട്. എങ്കിലും കൈവിടപ്പെടുന്നവന്റെ നൊമ്പരങ്ങള്‍ ജോസഫ് പൂര്‍ണമായും അനുഭവിച്ചറിഞ്ഞിട്ടുണ്ടാകണം. ക്രിസ്തുപോലും കുരിശില്‍ പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടവനായി തീര്‍ന്നത് ഉപേക്ഷിക്കപ്പെട്ടവരുടെ വേദനകള്‍ ഏറ്റെടുക്കാനും കൂടിയായിരിക്കും.
ദൈവം ഒരിക്കലും ആരെയും കൈവിടുന്നില്ല. പക്ഷേ, സാത്താന്‍ നമ്മുടെ ജീവിതാനുഭവങ്ങളെ തെറ്റായി ചിത്രീകരിച്ച് ദൈവത്തിന്റെ സ്‌നേഹത്തെ സംശയിക്കാന്‍ ഇടയാക്കാം. അനുഭവങ്ങളും സാഹചര്യങ്ങളും പ്രതികൂലമായി തീരുമ്പോള്‍ നാം നമ്മോടുതന്നെ പറയുക: "കര്‍ത്താവിന് എന്നെക്കുറിച്ച് കരുതലുണ്ട്. അവിടുന്ന് എന്നെ അനുഗ്രഹിക്കും.''
കൊലപാതകിയായ കായേനെപ്പോലും സംരക്ഷണമുദ്ര നല്കി കരുതിയ കര്‍ത്താവ് നമ്മെ കരുതാതിരിക്കുമോ? ദൈവത്തിന്റെ കരുതല്‍ വെളിപ്പെടണമെങ്കില്‍ മനുഷ്യന്റെ കരുതലില്ലായ്മയെക്കുറിച്ചുളള പരാതിയും ദേഷ്യവും ഉപേക്ഷിക്കണം. ദൈവം നമുക്ക് മതിയായവനാണെന്ന വിശ്വാസവും സ്വന്തമാകണം. അതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ... ശൂന്യതയും ഏകാന്തതയും നിസഹായതയും വഴി കൈവിടപ്പെടലിന്റെ വേദനയിലൂടെ കടന്നുപോകുമ്പോള്‍, വിശ്വാസത്തിന്റെ വരംതന്ന് ഞങ്ങളെ ബലപ്പെടുത്തണമേ... ഒരിക്കലും തള്ളിക്കളയാത്ത അങ്ങയുടെ സ്‌നേഹത്തെ സംശയിക്കുവാന്‍ എന്റെ ജീവിതപ്രശ്‌നങ്ങള്‍ കാരണമാകാതിരിക്കട്ടെ. ആമ്മേന്‍
GOD IS MY GUIDE
ReplyDeleteHOLD ME TO HIS SIDE
WITH LOVE AND STRENGTH
ON EACH NEW DAY
HE WILL MAKE A WAY
HE WILL MAKE A WAY..