അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday, 22 May 2016

ജീസസ്‌ യൂത്ത്





വത്തിക്കാൻ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യമുന്നേറ്റം.
1970-കളിൽ കേരളത്തിൽ തുടക്കം- 1985 ൽ ജീസസ്‌യൂത്ത് എന്ന പേര് ലഭിച്ചു- 2008 മുതൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അംഗീകാരം- മുപ്പതിലധികം രാജ്യങ്ങളിൽ സാന്നിധ്യം- 2010-ൽ കൊച്ചിയിൽ വച്ച് 22000ലധികം പേർ പങ്കെടുത്ത ജൂബിലി സമ്മേളനം-. 2016 ൽ വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയിറ്റിയുടെ അംഗീകാരം-മിഷനറി ശിഷ്യത്വം എന്ന ലക്ഷ്യത്തിലൂന്നിയുള്ള പരിശീലന പരിപാടികൾ- വ്യക്തിപരമായ പ്രാർഥന, ദൈവവചന പഠനം, കൂട്ടായ്മ, കൂദാശകൾ, പാവങ്ങളോടുള്ള പക്ഷം ചേരൽ, സുവിശേഷവത്കരണാഭിമുഖ്യം. എന്നിവ ആധ്യാത്മികതയുടെ അടിസ്ഥാനം.
ചരിത്രനിമിഷം
2016 മെയ ് മാസം 20-ാം തീയതി ഉച്ചയ്ക്ക് 11 മണി. വളരെ ചെറിയ രീതിയിൽ കേരളത്തിൽ ആരംഭിച്ച് ഇന്ന് മുപ്പതിലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ജീസസ്‌യൂത്ത് മുന്നേറ്റത്തിന് വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയിറ്റിയുടെ അംഗീകാരം. വത്തിക്കാൻ അംഗീകരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ മുന്നേറ്റമാവുകയാണ് ജീസസ്‌യൂത്ത്.
ദൈവപരിപാലനയുടെ ആഘോഷം
ജീസസ്‌യൂത്ത് മുന്നേറ്റത്തെ അറിയുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന എല്ലാവരെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെയും കൃതജ്ഞതാ പ്രകാശനത്തിന്റെയും ദിനങ്ങളാണിന്ന്. മുന്നേറ്റത്തിന്റെ പ്രാരംഭ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അവരെ മുന്നോട്ടു നയിച്ച ഒരു സ്വർഗീയ സന്ദേശമുണ്ടായിരുന്നു. ‘ഞാൻ നിങ്ങളെ പടിപടിയായി നയിക്കു’മെന്നതായിരുന്നു അത്. മുപ്പതിലധികം വർഷങ്ങൾ നീളുന്ന മുന്നേറ്റത്തിന്റെ യാത്രയിലെ ദൈവപരിപാലനയ്ക്ക് കൃതജ്ഞതയർപ്പിക്കാനായി അങ്കമാലിയിൽ ഒത്തുചേരുന്നു. അർഥ സമ്പൂഷ്ടമായ പേരോടുകൂടി ‘ദൈവ പരിപാലനയുടെ ആഘോഷം’. മെയ് 22-ന് അങ്കമാലിയിൽ.
വളർച്ചയുടെ വഴികൾ
1975-76 കാലഘട്ടത്തിലാണ് ആഗോള കത്തോലിക്കാ സഭയിൽ ഒരു പുതുവസന്തത്തിന് കാരണമായ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരള മണ്ണിലെത്തുന്നത്. ഈ നവീകരണത്തിന്റെ ഭാഗമായ യുവജനങ്ങളിൽ നിന്നാണ് ജീസസ്‌യൂത്തിന്റെ വളർച്ച. അന്നത്തെ ദേശീയ ചെയർമാനായിരുന്ന ഫാ.ഫിയോ മസ്‌ക്കരനാസിന്റെ നിർദേശമനുസരിച്ചാണ് കേരളത്തിലെ യുവജനങ്ങളുടെ ഇടയിലെ സാധ്യതകൾ കണ്ടെത്താനായി ഫാ.ജസ്റ്റിൻ പിൻഹീറോയും, പ്രൊ.ആലീസുകുട്ടിയും, ഡോ. എഡ്‌വേർഡ് എടേഴത്തുമടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. കമ്മിറ്റിയുടെ നേതൃത്വത്തിൽ 1978 ഡിസംബറിൽ എറണാകുളത്ത് തേവര കോളജിൽ വച്ച് പ്രഥമ കരിസ്മാറ്റിക് യുവജന കൺവെൻഷൻ നടന്നു. ആയിരത്തോളം യുവജനങ്ങൾ പങ്കെടുത്ത ആ സമ്മേളനം, മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നിർണായകമായൊരു സംഭവമായി മാറി.
യാത്ര തുടരുമ്പോൾ
വിദഗ്ധ പരിശീലകനും സിംഗപ്പൂരിലെ ഇവാഞ്ചലൈസേഷൻ 2033 ഡയറക്ടറുമായ ഫാ.ജിനോ ഹെൻട്രിക്‌സിന്റെ പരിശീലനങ്ങളും ഇടപെടലുകളും 1980കളിൽ ജീസസ്‌യൂത്തിന്റെ വളർച്ചയുടെ വഴികളിൽ നിർണായകമായി. ഫസ്റ്റ് ലൈൻ എന്ന പേരിൽ പിന്നീടറിയപ്പെട്ട ആദ്യത്തെ നേതൃത്വ കൂട്ടായ്മ രൂപപ്പെടുന്നത് ആ നാളുകളിലാണ്.
പേരു കിട്ടിയ വർഷം 1985
1985 അന്താരാഷ്ട്ര യുവജന വർഷമായി ഐക്യരാഷ്ട്ര സംഘടനയും, മാർപാപ്പയും പ്രഖ്യാപിച്ചു. ഫസ്റ്റ് ലൈനിന്റെ നേതൃത്വത്തിൽ വലിയൊരു യുവജന ഒത്തു ചേരലിനുള്ള ഒരുക്കങ്ങൾ തുടങ്ങി. യേശു, യുവാക്കൾ എന്നൊക്കെയുള്ള യുവത്വം തുടിച്ചു നിൽക്കുന്ന ഒരു പേരിനായി അന്വേഷണം തുടങ്ങി. അതൊരു പ്രാർഥനാ വേളയായിരുന്നു. യുവജനങ്ങൾ ആവേശ ഭരിതരായി മാർച്ച് ചെയ്തു പോകുന്ന ഒരു കാഴ്ചയുടെ പശ്ചാത്തലത്തിൽ ജീസസ്… യൂത്ത് എന്ന പേര് ആദ്യം നിർദേശിച്ചത് ഫാ.ജോസ് പാലാട്ടി സി.എം.ഐ ആണ്. ഏതാണ്ട് രണ്ടായിരത്തിലധികം പേർ പങ്കെടുത്ത കോൺഫറൻസിന്റെ പേരങ്ങനെ ജീസസ്‌യൂത്ത് 85 എന്നായി. കോൺഫറൻസ് കഴിഞ്ഞ് മടങ്ങിയവർ പരസ്പരം ജീസസ് യൂത്ത് എന്നു വിളിച്ചു. അങ്ങനെ കോൺഫറൻസിന്റെ പേര് മുന്നേറ്റത്തിന്റെയും അതിൽ പങ്കെടുത്തവരുടേതുമായി.
വിരുതകുളങ്ങര പിതാവ്
എളിമയുടെയും വിനയത്തിന്റെയും സൗഹൃദത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഇടയസാന്നിധ്യമാണ് നാഗ്പൂർ അതിരൂപതയുടെ മെത്രാൻ എബ്രാഹം വിരുതകുളങ്ങര. സൗഹൃദം പങ്കിടാനും തമാശകൾ പറയാനും മാത്രമല്ല ഗഞ്ചകളിക്കാനും, ഫുട്‌ബോൾ ആസ്വദിക്കാനും യുവജനങ്ങൾക്കൊപ്പം കൂടുന്ന ആർച്ച് ബിഷപ്പ് എബ്രഹാം വിരുതകുളങ്ങരയാണ് 2008 മുതൽ ജീസസ്‌യൂത്തിന്റെ എപ്പിസ്‌കോപ്പൽ അഡൈ്വസർ. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയാണ് ആ നിയമനം നടത്തിയിരിക്കുന്നത്. പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരമെന്ന ചരിത്ര നിമിഷത്തിലേയ്ക്കുള്ള യാത്രയിൽ പിതാവിന്റെ ഇടപെടലുകൾ നിർണായകമായി.
കൗൺസിലുകൾ
ജീസസ്‌യൂത്ത് നേതൃത്വ സമിതികളെ കൗൺസിലുകൾ എന്നാണ് വിളിക്കുന്നത്. ഇപ്പോൾ നിലവിലിരിക്കുന്ന അന്തർദേശീയ കൗൺസിലിന്റെ കോ-ഓർഡിനേറ്റർ ബാംഗ്ലൂരിൽ താമസമാക്കിയിരിക്കുന്ന പരിശീലകനും, പ്രഭാഷകനുമായ സി.സി.ജോസഫ് ആണ്. ദേശീയ കൗൺസിലിന് ചുക്കാൻ പിടിക്കുന്നത് ബാംഗ്ലൂർ സ്വദേശിയായ ഷോയി മണവാളനാണ്. കൗൺസിലുകളുടെ കാലാവധി മൂന്നു വർഷമാണ്. കേരള ജീസസ്‌യൂത്ത് കൗൺസിലിനു നേതൃത്വം നൽകുന്നത് മാനന്തവാടി സ്വദേശിയും കോഴിക്കോട് എൻ. ഐ. റ്റി. യിലെ ഗവേഷകനുമായ മിഥുൻ പോൾ ആണ്.
ചാപ്ലയിൻ
ബിറ്റാജു അച്ചനാണ് ( ഫാ.ബിറ്റാജു ) ജീസസ്‌യൂത്ത് ഇന്റർ നാഷണൽ കൗൺസിലിന്റെ ചാപ്ലയിൻ. ദീർഘ നാളുകളായ അദ്ദേഹം ബംഗളൂരുവിൽ പ്രവർത്തിക്കുകയായിരുന്നു. 2015 മുതൽ ആസ്സാമിലെ തമൽപൂർ എന്ന സ്ഥലത്താണ്, അച്ചൻ ട്രിനിറ്റേറിയൻ സഭാംഗമാണ്.വിജയപുരം രൂപതാംഗമായ തറയിലച്ചൻ(ഫാ.തോമസ് തറയിൽ) അന്താരാഷ്ട്ര കൗൺസിലിലെ ആനിമേറ്ററാണ്.ഇന്ത്യയിലെ ജീസസ്‌യൂത്ത് കൗൺസിലിന്റെ ചാപ്ലയിൻ ആയി പ്രവർത്തിക്കുന്നത് ഫാ.ചെറിയാൻ നേരെവീട്ടിൽ ആണ്.പാലാ സെന്റ് തോമസ് കോളജിന്റെ പ്രിൻസിപ്പളായിരുന്ന ഡോ. കുര്യൻ മറ്റമാണ് കേരള കൗൺസിലിന്റെ ചാപ്ലയിൻ.
ഓഫീസ്
ജീസസ്‌യൂത്തിന്റെ ദേശീയ അന്തർദേശീയ ഓഫീസുകൾ പ്രവർത്തിക്കുന്നത് എറണാകുളത്ത് പാലാരിവട്ടത്താണ്. jyglobal@jesusyouth.org എന്ന ഈമെയിൽ വിലാസത്തിലോ, 0484-40548470 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കേരള ജീസസ്‌യൂത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് കളമശ്ശേരിയിലെ സെന്റ് പോൾസ് കോളജിന് സമീപമുള്ള എമ്മാവൂസിലാണ്. കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ ആസ്ഥാനവും കൂടിയാണ് എമ്മാവൂസ്.
വെബ്‌സൈററ്
ജീസസ് യൂത്തിനെക്കുറിച്ച് ഏറെ വിശദാംശങ്ങൾ ലഭിക്കാൻ www.jesusyouth.org  എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതി. കേരളത്തിലെ ജീസസ്‌യൂത്തിന്റെ അഡ്രസ്സ് എമ്മാവൂസ് HMT Colony PO  എറണാകുളം പിൻ 683503 എന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കാമ്പസുകളിലും സാന്നിധ്യമുള്ളതുകൊണ്ട് കേരളത്തിന് പുറത്ത് പഠിക്കുന്നതിനും ജോലിക്കുമായി പോകുന്ന യൂത്തും അവരുടെ മാതാപിതാക്കളും ജീസസ്‌യൂത്തിനെ അന്വേഷിച്ചെത്താറുണ്ട്.
എല്ലാ റീത്തുകളും ഒന്നിച്ച്
കത്തോലിക്കാ സഭയുടെ മനോഹാരിതകളിൽ ഒന്ന് വിവിധ റീത്തുകളാണ്. സഭയുടെ ചരിത്രത്തിന്റെയും വളർച്ചയുടെയും വഴികളിലെ വൈവിധ്യമാർന്ന വിശ്വാസ പാര്യമ്പര്യങ്ങളുടെ മനോഹരമായ രൂപങ്ങളാണവ. വിവിധ റീത്തുകളിൽ നിന്നുള്ളവർ ഏകോദര സഹോദരങ്ങളെന്നപോലെ ഒന്നിച്ചു പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു എന്നതാണ് ജീസസ്‌യൂത്തിന്റെ സമാനതകളില്ലാത്ത പ്രത്യേകതകളിലൊന്ന്. സീറോ മലബാർ, ലത്തീൻ മലങ്കര റീത്തിൽപ്പെട്ടവരും, കോട്ടയം രൂപതയിൽപ്പെട്ടവരും മുന്നേറ്റത്തിന്റെ എല്ലാ തലങ്ങളിലും ഒന്നിച്ചു പ്രവൃത്തിക്കുന്നു.
ജീവിതശൈലി
അനുദിനമുള്ള വ്യക്തിപരമായ പ്രാർഥനയിലൂടെ ആഴപ്പെടുന്ന യേശുവുമായുള്ള വ്യക്തിപരമായ ബന്ധമാണ് ജീസസ്‌യൂത്ത് ജീവിത ശൈലിയുടെ അടിസ്ഥാനം. ഓരോ ദിവസവുമുള്ള ബൈബിൾ വായനയും പഠനവും ധ്യാനവും ക്രൈസ്തവ ജീവിത ശൈലിയിൽ ആഴപ്പെടാൻ ഓരോ ജീസസ് യൂത്തിനെയും സഹായിക്കുന്നു. ദൈവ കൃപയുടെ സ്രോതസ്സുകളായ കൂദാശകൾ ജീസസ്‌യൂത്തിന് അനുഷ്ഠാനമല്ല, അനുഭവവും ചൈതന്യവുമാണ്.
ഓരോ ജീസസ്‌യൂത്തിന്റെയും വളർച്ച ഉറപ്പാക്കുന്ന ഇടങ്ങളാണ് പ്രർഥനാ ഗ്രൂപ്പുകൾ, സെല്ലുകൾ, ഹൗസ്‌ഹോൾഡുകൾ എന്ന് വിളിക്കപ്പെടുന്ന ജീസസ്‌യൂത്ത് കൂട്ടായ്മകൾ എന്നിവയൊക്കെ. ദരിദ്രരോടും പാവപ്പെട്ടവരോടുമുള്ള ഐക്യദാർഡ്യവും, ലോകം മുഴുവൻ സുവിശേഷമേകുക എന്ന യേശുവിന്റെ കല്പനയും ജീസസ്‌യൂത്തിന്റെ ജീവിതത്തെ വഴി നടത്തുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ മേൽപറഞ്ഞ ജീവിതശൈലി പിന്തുടർന്നുകൊണ്ട് മുന്നേറുന്ന ആയിരക്കണക്കിനു മാതൃകകളാണ് ജീസസ്‌യൂത്തിന്റെ സമ്പത്ത്.
യൂത്ത് മാത്രമല്ല
ജീസസ്‌യൂത്ത് എന്നത് വത്തിക്കാൻ അംഗീകരിച്ച മുന്നേറ്റത്തിന്റെയും അതിന്റെ കാരിസത്തിന്റെയും പേരാണ്. മുഴുവൻ ജീസസ്‌യൂത്ത് പ്രവർത്തനങ്ങളുടെയും ആത്യന്തിക ലക്ഷ്യം യുവജന നവീകരണമാണ്.
എന്നാൽ അതോടൊപ്പം ടീനേജേഴ്‌സിന്റെയും യുവകുടുംബങ്ങളുടെയും സ്ട്രീമുകളും ഏറെ സജീവമാണ്. മുന്നേറ്റത്തിന്റെ സ്വാഭാവിക വളർച്ചയിൽ രൂപം പ്രാപിച്ചവയാണീ മേഖലകളൊക്കെ.
യുവജനപ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്ന ദാമ്പത്യത്തിലേയ്ക്ക് പ്രവേശിച്ചപ്പോൾ അവരെ പിന്തുണയ്ക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായ ആധ്യാത്മികതയും പ്രവർത്തന രീതികളും രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യേണ്ടി വന്നു. അവരുടെ കുട്ടികളുടെ വിശ്വാസ പരിശീലനവും മറ്റൊരു പ്രവർത്തന മേഖലയായി. അങ്ങനെ യൂത്ത് കാരിസത്തെ അടിസ്ഥാനമാക്കി കുടുംബാംഗങ്ങളുടെയും കൗമാരക്കാരുടെയും പരിശീലന രംഗത്ത് ജീസസ്‌യൂത്ത് ശ്രദ്ധ പതിപ്പിക്കുന്നു.
യുവജനങ്ങളുടെ തീരുമാനം
അനവധി വൈദികരും, സിസ്റ്റേഴ്‌സും മുതിർന്നവരും ജീസസ് യൂത്ത് പ്രവർത്തനങ്ങളിൽ ആനിമേറ്റേഴ്‌സ് – എൽഡേഴ്‌സ് എന്നീ നിലകളിൽ സജീവമാണ്. എന്നിരുന്നാലും ജീസസ്‌യൂത്ത് അടിസ്ഥാനപരമായി ചെറുപ്പക്കാരുടെ ശുശ്രൂഷയാണ്. ആശയങ്ങൾ അവതരിപ്പിക്കുന്നതും, ചർച്ച ചെയ്യുന്നതും മുന്നോട്ട് കൊണ്ടു പോകുന്നതും തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതും അവർ തന്നെയാണ്. മുതിർന്നവരുടെ റോൾ പ്രോത്സാഹനവും, പ്രാർഥനയും, തിരുത്തലും, പിന്തുണയുമായി കൂടെ നടക്കുക എന്നതാണ്. മാറുന്ന കാലഘട്ടത്തിന്റെ ശൈലിയും രീതിയും ചിലർക്കെങ്കിലും മനസ്സിലാക്കാനാവാതെ വരുന്നുണ്ട്. ഉത്തരവിടലും ശകാരിക്കലും അവർ സ്വീകരിക്കില്ല. പക്ഷേ സ്‌നേഹപൂർണമായ നിർബന്ധവും നിയന്ത്രണവും യുവജനങ്ങൾ ഒരിക്കലും നിഷേധിക്കാറുമില്ല. ക്ഷമയും ത്യാഗവും ഏറെ ആവശ്യമുള്ള പ്രത്യേകമായൊരു ശുശ്രൂഷാമേഖലയാണ് ഈ യുവജനങ്ങളുടെ കൂടെ നടക്കുക എന്നത്.
മാതൃകകൾ
ഇന്നത്തെ തലമുറക്കാവശ്യം മാതൃകകളെയാണ്. പ്രാസംഗികരെ അവർ ശ്രദ്ധിക്കാൻ സാധ്യത കുറവാണ്. അനേകം ചെറുപ്പക്കാരെ ക്രൈസ്തവ ജീവിതത്തിലും, ജീസസ്‌യൂത്ത് ജീവിത ശൈലിയിലും അടിയുറയ്ക്കാൻ സഹായിക്കുന്നത് അവരുടെ ചേട്ടന്മാരും ചേച്ചിമാരുമാണ്. ഈ മാതൃക നൽകുന്ന ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഒരു പിയർ മിനിസ്ട്രിയാണ് ജീസസ് യൂത്ത്. ഒന്നിച്ചു കളിക്കുകയും, പഠിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ നന്മയുടെ പാഠങ്ങൾ പലതും കണ്ടു പഠിക്കുകയാണ്. പരസ്പരം അടുത്തിടപഴകുന്ന അവസരങ്ങളാണ് കൂടെ നടക്കുന്നവരെ രൂപാന്തരപ്പെടുത്തുന്നത്, പ്രസംഗങ്ങളും പ്രോഗ്രാമുകളുമല്ല.
ക്രിയാത്മകതയുടെ സൗന്ദര്യം
സഭയുടെ കലർപ്പില്ലാത്ത സത്യങ്ങളും സുവിശേഷ സന്ദേശവും എങ്ങനെ ആകർഷകമായി അവതരിപ്പിക്കാനാവും. ഇന്നത്തെ യുവതയെ സ്വാധീനിക്കുന്ന രീതികളും ശൈലികളുമെന്താണ്. ഒരിക്കലും അവസാനിക്കാത്ത ഈ അന്വേഷണമാണ് ജീസസ്‌യൂത്തിന് നിത്യ യൗവനം പകരുന്നത്. ആകർഷകമായ പാട്ടുകളും, ആക്ഷൻ സോങ്ങുകളും വർക്ക്‌ഷോപ്പുകൾ, സ്‌കിറ്റുകൾ എന്നിങ്ങനെ നൂറുകണക്കിന് രീതികൾ ജീസസ്‌യൂത്ത് പ്രോഗ്രാമുകളിൽ ഉപയോഗിക്കപ്പെടുന്നു., മാറ്റത്തിന്റെ ചടുലതയും സാങ്കേതിക വിദ്യയുടെ സാധ്യതകളും, കളികളും, ഔട്ട്‌റീച്ചുമെല്ലാം, ജീസസ്‌യൂത്ത,് പരിശീലനത്തിനും ക്രൈസ്തവ രൂപീകരണത്തിനുമായി ഉപയോഗിക്കുന്നു.
ഇവിടെയുണ്ട് ദൈവവിളി
ദൈവവിളി കുറയുന്നതിനെക്കുറിച്ച് സഭാസമൂഹം ആകുലപ്പെടുന്ന ഈ കാലത്ത് തൃശൂരിൽ മാത്രം നാല് ജീസസ്‌യൂത്ത് വൈദികപട്ടം സ്വീകരിച്ചു. ഫാ.ഡോ.ദേവ് അഗസ്റ്റിൻ അക്കര, ഫാ.മത്തായി അക്കര, ഫാ. ജിജോ തട്ടിൽ സി.എം.ഐ, ഫാ. ജിന്റൊ'(ശശി ഇമ്മാനുവേൽ- മെയ് മാസത്തിൽ കെയ്‌റോസ് മാസികയിൽ എഴുതിയ കുറിപ്പിൽ നിന്ന്) കുറിപ്പ് തുടരുന്നു. ”ഈയിടെ ഒരു പാസ്റ്ററൽ സെന്ററിൽ വച്ചാണ് സി.വിനീതയെ പരിചയപ്പെട്ടത്. അവരെന്ന പഴയ ചില ഓർമകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. പൊട്ടിപ്പൊളിഞ്ഞ ഒരു ക്ലാസ് മുറിയിൽ പുറത്തെ ചൂടിനെ വക വയ്ക്കാതെ സ്തുതിച്ചു പ്രർഥിക്കുന്ന കുറച്ചു യുവജനങ്ങൾ. ദൈവവചനം പങ്കു വയ്ക്കാൻ വിയർത്തു കുളിച്ചാണ് ഞാനവിടെ എത്തിയത്. ഫാനില്ല, മൈക്കില്ല, സൗകര്യങ്ങളൊന്നുമില്ല. ഒരു സബ്‌സോൺ വൺഡേ പ്രോഗ്രാം. തീക്ഷ്ണതയ്ക്കു മാത്രം കുറവില്ല. അന്നവിടെ ഓടി നടന്നിരുന്ന പെൺകുട്ടിയാണ് സി.വിനീതയായി അച്ചടക്കമുള്ള സമർപ്പിതയായി എന്റെ മുമ്പിൽ നില്ക്കുന്നത്. സഭയ്ക്ക് അനേകം സമർപ്പിതരെ സമ്മാനിക്കുന്നൊരു കൂട്ടായ്മയായി ജീസസ്‌യൂത്ത് വളർന്നിരിക്കുന്നു”.
റെക്‌സ് ബാൻഡ്
ജീസസ്‌യൂത്തിനൊപ്പമോ അതിനേക്കാളേറെയോ പ്രശസ്തമാണ് ജീസസ്‌യൂത്തിന്റെ സംഗീത ശുശ്രൂഷയായ റെക്‌സ് ബാൻഡ്. 1985 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ തുടങ്ങിവച്ച മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന ആഗോള യുവജന സമ്മേളനങ്ങളിൽ കഴിഞ്ഞ ആറു തവണയായി സ്ഥിരമായി ക്ഷണിക്കപ്പെടുന്ന മ്യൂസിക് ഗ്രൂപ്പാണ് റെക്‌സ് ബാൻഡ്. ഫാ. ആന്റണി ഉരുളിയാനിക്കൽ, സി.എം.ഐ യുടെ ആത്മീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റെക്‌സ് ബാൻഡിന്റെ കോ-ഓർഡിനേറ്റർ പരസ്യ രംഗത്ത് പ്രവർത്തിക്കുന്ന ഷെൽട്ടൻ പിൻഹീറോയാണ്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന അൽഫോൻസ് ജോസഫ്, സ്‌ററീഫൻ ദേവസി, എന്നിവരൊക്കെ റെക്‌സ് ബാൻഡിന്റെ ഭാഗമാണ്. ജൂലൈയിൽ പോളണ്ടിൽ നടക്കുന്ന ലോക യുവജനസമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ ബാൻഡ്.
ഫുൾടൈം വോളന്റിയേഴ്‌സ്
യുവലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് പഠനരംഗത്തും കരിയർ രംഗത്തുമുള്ള അതി ശക്തമായ സമ്മർദങ്ങളാണ്. എങ്കിലും ജീസസ്‌യൂത്ത് ഫുൾടൈം വോളന്റിയേഴ്‌സ്, അനേകർക്ക് വെല്ലുവിളിയും ചൈതന്യവുമായി തുടരുന്നു. ബിരുദ/ബിരുദാനന്തര പഠനത്തിനുശേഷം ഒരു വർഷം മുഴുവൻ അവർ സുവിശേഷ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുന്നു. 1992 ൽ ആരംഭിച്ച ഫുൾടൈമർഷിപ്പ് പ്രവർത്തനങ്ങൾ 2016 ഡിസംബറിൽ ജൂബിലി ആഘോഷങ്ങൾക്കൊരുങ്ങുകയാണ്. കഴിഞ്ഞ 25 വർഷങ്ങളിലായി 1600 ചെറുപ്പക്കാർ തങ്ങളുടെ 1 വർഷം മുഴുവൻ ദൈവരാജ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഹിന്ദി ബാച്ചുകൾ, ഇന്റർനാഷണൽ ബാച്ച്, ആഫ്രിക്കൻ ബാച്ച് എന്നിങ്ങനെ പലതുണ്ട്. ഒരു മാസത്തിലധികമുള്ള പരിശീലനത്തിനു ശേഷം അവരെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പ്രദേശങ്ങളിലേയ്ക്ക് അയ്ക്കുന്നു.
കാമ്പസുകളിൽ സജീവ സാന്നിധ്യം
കാമ്പസുകളിൽ ഇടതുപക്ഷ സ്വാധീനവും നക്‌സലിസവുമൊക്കെ അതി ശക്തമായിരുന്ന 1980 കളിലാണ് ജീസസ്‌യൂത്തും അവിടെ ചുവടുറപ്പിക്കുന്നത്. സാധാരണ സഭാ പ്രവർത്തനങ്ങൾക്ക് അപ്രാപ്യമായിരുന്ന ഗവൺമെന്റിന്റെ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലൊക്കെ ദൈവവിശ്വാസത്തിന്റെയും, സഹജീവി സ്‌നേഹത്തിന്റെയും, മൂല്യങ്ങളിൽ അടിയുറച്ച തെളിമയാർന്ന ജീവിതത്തിന്റെ ചൈതന്യമാർന്ന സാക്ഷ്യങ്ങളായി ജീസസ്‌യൂത്ത് മാറി. പ്രതികൂലമായ സാഹചര്യങ്ങളും അവഹേളനങ്ങളും അധികാരികൾ ഉൾപ്പെടെയുള്ളവരുടെ കുറ്റപ്പെടുത്തലുകളും അവരുടെ ആവേശത്തെ വളർത്തിയതേയുള്ളൂ. ഇന്നിപ്പോൾ അനേകായിരം മിഷനറിമാരെ രൂപപ്പെടുത്തുന്ന ഇടങ്ങളായി കാമ്പസ് / പ്രഫഷണൽ സ്റ്റുഡന്റ്‌സ് പ്രവർത്തനങ്ങൾ മാറിയിട്ടുണ്ട്.
കാമ്പസ് മിനിസ്റ്ററി
1984 മുതലാണ് കോളജുകളിൽ യൂത്ത് എൻകൗണ്ടർ ജീസസ് (ഥഋഖ) പ്രോഗ്രാമുകൾ നടന്നു തുടങ്ങിയത്. അന്ന് പാലാ അൽഫോൻസാ കോളജിൽ പഠിപ്പിച്ചിരുന്ന ഫാ.ജോർജ് തെക്കേമുറിയായിരുന്നു അതിന് നേതൃത്വം നൽകിയത്. 1986 ലാണ് വിദ്യാർഥി പ്രതിനിധികളുടെ ആദ്യ ഒത്തുചേരൽ നടക്കുന്നത്. 1988 ൽ ആദ്യത്തെ ക്യാമ്പസ് മീറ്റ് (1500 ലധികം പേർ പങ്കെടുത്ത കലാലയ വിദ്യാർഥികളുടെ ഒത്തുചേരൽ). പിന്നീട് പ്രൊഫഷണൽ വിദ്യാർഥികളുടെയും നഴ്‌സുമാരുടെയും വിഭാഗങ്ങൾ രൂപപ്പെട്ടു. ഇന്നിപ്പോൾ ഈ പ്രവർത്തനങ്ങളെല്ലാം ദേശീയ തലത്തിൽ തന്നെ നടക്കുന്നു.
പ്രധാനപ്പെട്ട ദിവസം
ജീസസ്‌യൂത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസം കമ്മിറ്റ്‌മെന്റ് ഡേയാണ്. എല്ലാവർഷവും പന്തക്കൂസ്താ തിരുനാൾ ദിവസമാണ് പ്രതിബദ്ധത പുതുക്കുന്നതിനുള്ള ദിവസമായി തീരുമാനിച്ചിരിക്കുന്നത്. പുതുതായി വരുന്നവർ പ്രതിബദ്ധരാകുന്നു. മുൻപുളളവർ പ്രതിബദ്ധത പുതുക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രർഥനാ ശുശ്രൂഷകളുമുണ്ട്.
ജീസസ്‌യൂത്ത് ഫോർമേഷൻ

Contact   Phase (സമ്പർക്ക ഘട്ടം ), Companion  Phase  (സഹചാരി ഘട്ടം), Commitment  Phase (സമർപ്പിത ഘട്ടം ), Confirmed   Phase  (സ്ഥിരീകൃത ഘട്ടം), Covenant   Phase (ഉടമ്പടി ഘട്ടം )
എന്നിങ്ങനെയുള്ള അഞ്ച് ഘട്ടങ്ങളിലൂടെയാണ് ജീസസ്‌യൂത്ത് ഫോർമേഷൻ പുരോഗമിക്കുന്നത്. ആത്യന്തികമായി ഓരോ വ്യക്തിയും ഒരു മിഷനറി ശിഷ്യനാകുക എന്നതാണ് ലക്ഷ്യം. സഭയോടും, സമൂഹത്തോടും ദൈവരാജ്യത്തോടും പ്രതിബദ്ധതയുള്ളവരായി ഓരോരുത്തരും മാറണം. സെൽ / പ്രാർഥനാ ഗ്രൂപ്പുകളിലുള്ള തുടർച്ചയുള്ള പങ്കാളിത്തമാണ് എല്ലാത്തിന്റെയും തുടക്കം. ഭാര്യാഭർത്താക്കന്മാർ ഒന്നിച്ചല്ല, വ്യക്തികൾ എന്ന നിലയിലാണ് ഈ രൂപീകരണ പ്രക്രിയയിലൂടെ കടന്നു പോകേണ്ടത്.
ദശാംശം.
”യുവജന സമ്മേളനങ്ങൾ, പരിശീലന പരിപാടികൾ, മാസികയുടെ പ്രസിദ്ധീകരണം- നിങ്ങൾ എങ്ങനെയാണ് പ്രവർത്തനങ്ങൾക്കാവശ്യമായ പണം കണ്ടെത്തുന്നത്”. ജീസസ്‌യൂത്ത് നേതൃത്വ നിരയിലുള്ളവർ ആവർത്തിച്ച് കേൾക്കുന്ന ഒരു ചോദ്യമാണിത്. ചെറുതെങ്കിലും തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം യുവജനപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്ന യുവജനങ്ങളും മുതിർന്നവരും ഉൾപ്പെടുന്ന അനേകരാണീ മുന്നേറ്റത്തിന്റെ പിൻബലം.
ആറ് ഭൂഖണ്ഡങ്ങളിലും സാന്നിധ്യം.
തൊഴിലിനും ജീവിതത്തിനുമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്ന മലയാളികളുടെ ചുവടുപിടിച്ചായിരുന്നു ആദ്യ നാളുകളിൽ ജീസസ്‌യൂത്ത് പടർന്നത്. ഇന്നിപ്പോൾ പുതുതായി പല സ്ഥലങ്ങളിലും മുന്നേറ്റത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ജീസസ് യൂത്ത് മിഷനറിമാരിലൂടെയാണ്. അടുത്ത കാലങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രൂപതകളിൽ നിന്ന് അവിടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ക്ഷണം ലഭിക്കുന്നുണ്ട്. ഒരു സംഘടനയോ സംഘടനാപ്രവർത്തനമോ അല്ലാത്തതുകൊണ്ട്, കത്തോലിക്കാ കാഴ്ചപ്പാടിൽ അടിത്തറയിട്ട ഒരു ജീവിതശൈലി രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നതുകൊണ്ട് പുതിയ സ്ഥലങ്ങളിൽ പ്രവർത്തനമാരംഭിക്കുക എന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്.
ജീസസ്‌യൂത്ത സാന്നിധ്യമുള്ള സ്ഥലങ്ങൾ/രാജ്യങ്ങൾ
യുറോപ്പ് – യു.കെ, ജെർമനി, അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, ഇറ്റലി ആഫ്രിക്ക – ഉഗാൻഡ, സുഡാൻ, കെനിയ, സൗത്ത് ആഫ്രിക്ക. ഓഷ്യാനിയ – ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്.
നോർത്ത് അമേരിക്ക – യു.എസ്.എ, കാനഡ.
മിഡിൽ ഈസ്റ്റ് – യു.എ.ഇ., കുവൈറ്റ്, ഖത്തർ, ബഹറിൻ, സൗദി, ഒമാൻ.
സൗത്ത് ഈസ്റ്റ് ഏഷ്യ – സിംഗപ്പൂർ, തായ്‌ലാൻഡ്, മലേഷ്യ, കംബോഡിയ.
സൗത്ത് ഏഷ്യ – ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്ഥാൻ, നേപ്പാൾ.
അഖിലേന്ത്യാ സാന്നിധ്യം
ജീസസ്‌യൂത്തിന്റെ അഖിലേന്ത്യാ പ്രവർത്തനങ്ങൾക്ക് ഒരു ക്രമീകൃത രൂപമുണ്ടായത് 1998-ലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളിലും ജീസസ് യൂത്ത് സാന്നിധ്യമുണ്ട്. പഠനത്തിനും തൊഴിലിനുമായുള്ള യുവജനങ്ങളുടെ യാത്രകൾ, ഫുൾടൈം വോളന്റിയേഴ്‌സിന്റെ പ്രവർത്തനങ്ങൾ, യൂത്ത് കൾച്ചറൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ, ബിഷപ്പുമാർ, വൈദികർ, സന്യസ്തർ എന്നിവരുടെയൊക്കെ പ്രോത്സാഹനം എന്നിവയൊക്കെയാണ് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ ജീസസ്‌യൂത്തിനെ സഹായിച്ചത്.
അംഗമാകുന്നതെങ്ങനെ ?
കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി സ്വന്തമാക്കുന്നവരുടെ കൂട്ടായ്മയാണ് ജീസസ്‌യൂത്ത് എന്നറിയപ്പെടുന്നത്. അതിനാൽ അംഗത്വഫീസ്, ഫോം പൂരിപ്പിക്കുക എന്നൊക്കെയുള്ള സംഘടനാ രീതികൾ ജീസസ് യൂത്തിനില്ല. ഇതൊരു സംഘടനയല്ലല്ലോ. ഇടവകകൾ, സ്‌കൂളുകൾ, മെഡിക്കൽ/എഞ്ചിനിയറിംഗ് എന്നിവയുൾപ്പെടെയുള്ള കോളജുകൾ, ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക് എന്നിങ്ങനെയുള്ള തൊഴിലിടങ്ങൾ എന്നിവിടങ്ങളിലൊക്കെ ജീസസ്‌യൂത്ത് പ്രാർഥനാ ഗ്രൂപ്പുകളോ, സെല്ലുകളോ ഉണ്ട്. ഈ കൂട്ടായ്മകളുമായിച്ചേർന്ന് യാത്ര തുടങ്ങുക എന്നതാണ് ജീസസ്‌യൂത്ത് അംഗമാകാനുള്ള വഴി. പതിനെട്ട് വയസ്സ് തികഞ്ഞവർക്ക് മുതൽ ജീസസ്‌യൂത്തിന്റെ പടിപടിയായുള്ള പരിശീലന പരിപാടിയിൽ പങ്കുചേരാം. ഇപ്പോൾ ജീസസ്‌യൂത്ത് ഗ്രൂപ്പുകളും സെല്ലുകളും ഇല്ലാത്ത സ്ഥലങ്ങളിൽ അവ തുടങ്ങുന്നതിന് സഹായം ലഭ്യമാണ്.
ആർക്കൊക്കെ അംഗങ്ങളാവാം.
ജീസസ്‌യൂത്ത് യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റമായി തുടരുമെങ്കിലും വൈദികർ, സന്യസ്തർ, സെമിനാരി വിദ്യാർഥികൾ എന്നിവർക്കൊക്കെ അംഗത്വത്തിനുള്ള സാധ്യതകളുണ്ട്. സന്യാസസഭകളിലെ അംഗങ്ങൾക്ക് അതാത് സ്ഥാപനങ്ങളുടെ നിയമമനുസരിച്ച് മേലധികാരികളുടെ അനുവാദത്തോടെ ജീസസ്‌യുത്തിന്റെ ഭാഗമാകാവുന്നതാണ്. അവർക്ക് റഗുലർ മെമ്പറായോ, അസോസിയേറ്റ് മെമ്പറായോ പ്രവർത്തിക്കാം. വത്തിക്കാൻ അംഗീകരിച്ച സ്റ്റാറ്റിയൂട്ട് അനുസരിച്ച് 45 വയസ്സുവരെയുള്ളവർക്കാണ് ജീസസ് യൂത്തിൽ പുതുതായി അംഗമാകാനാവുക. അംഗമായവർക്ക് അതിനുശേഷവും അംഗത്വം തുടരാവുന്നതാണ്.
ജീസസ്‌യൂത്ത് പ്രയർബൂക്ക്
ഓരോ ജീസസ്‌യൂത്ത് സമ്മേളനവും ആരംഭിക്കുന്നത് ജീസസ്‌യൂത്ത് പ്രാർഥന യോടുകൂടിയാണ്. വിശുദ്ധരോട് പ്രാർഥനാസഹായം ആവശ്യപ്പെടുക എന്നതിലുപരി വിശുദ്ധരോടൊപ്പം പ്രാർഥിക്കുക എന്ന സമീപനമാണി പുസ്തകത്തിലുള്ളത്. കൃതജ്ഞത, സ്തുതിഗീതങ്ങൾ, സങ്കീർത്തനങ്ങൾ, സുവിശേഷ വായന, മധ്യസ്ഥ പ്രാർഥന, ബൈബിൾ വിചിന്തനം എന്നിവയോടൊപ്പം വിശുദ്ധരുടെ പ്രാർഥനകളും ഈ പ്രാർഥനാക്രമത്തിലുണ്ട്. ഓരോ ദിവസവും ഓരോ വിശുദ്ധരോടൊത്താണ് പ്രാർഥിക്കുന്നത്.
സിങ് ഹാലേലുയ്യ
പ്രാർഥനാ സമ്മേളനങ്ങൾക്കും, യുവജന ഒത്തുചേരലുകൾക്കും ഉപയോഗിക്കാൻ ഉദേശിച്ചിട്ടുള്ള സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കായുള്ള നൊട്ടേഷൻസ് ഉൾപ്പെടുത്തിയിട്ടുള്ള ‘ സിങ് ഹാലേലുയ്യ ‘ എന്ന ഗാന സമാഹാരം ഏറെ പ്രശസ്തമാണ്.
കെയ്‌റോസ്
1997 മുതൽ ജീസസ്‌യൂത്ത് പ്രസിദ്ധീകരിക്കുന്ന സമാനതകളില്ലാത്ത മലയാള മാസികയാണ് കെയ്‌റോസ്. മുതിർന്നവരായ അനേകം വായനക്കാരുണ്ടെങ്കിലും കൗമാരക്കാരെയും, യുവജനങ്ങളെയും ലക്ഷ്യമാക്കുന്ന ഒരേയൊരു പ്രസിദ്ധീകരണം കെയ്‌റോസ് ആണ്. യുവജനങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ കത്തോലിക്കാ വിശ്വാസത്തിന്റെ ചൈതന്യം പങ്കുവയ്ക്കുന്ന മാസികയുടെ ശൈലി ഏറെ ശ്രദ്ധേയവും ആകർഷകവുമാണ്. ലളിതമായ ഭാഷയും മനോഹരമായ അവതരണവും മാസികയെ ഏറെ വ്യത്യസ്തമാക്കുന്നു. www.kairos.jesusyuth.org എന്ന വെബ്‌സൈറ്റിൽ പഴയ ലക്കങ്ങൾ ഉൾപ്പെടെ ലഭ്യമാണ്. എറണാകുളത്ത്, കളമശ്ശേരിയിലാണ് കെയ്‌റോസ് ഓഫീസ് പ്രവർത്തിക്കുന്നത്.
ഗർഭസ്ഥ ശിശുക്കൾ മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെയും മാതാപിതാക്കളെയും കേന്ദ്രമാക്കിയുള്ള ജീസസ്‌യൂത്ത് ശുശ്രൂഷയാണ് എയ്ഞ്ചൽസ് ആർമി. അതേ പേരിലുള്ള മാസികകൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
കേരള ചാപ്ലയിൻമാർ
ജീസസ്‌യൂത്തിന്റെ വളർച്ചയുടെ വഴികളിൽ ഏറെ ത്യാഗത്തോടെ സമർപ്പണം നടത്തിയ അനേകം വൈദികരുണ്ട്. അന്നും ഇന്നും മുന്നേറ്റത്തിന്റെ വഴികളിൽ ഏറെ പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന ഒരാൾ ഈശോസഭാ വൈദികനായ അബ്രഹാം പള്ളിവാതുക്കലച്ചനാണ്. അച്ചനു പുറമെ കേരളത്തിലെ ചാപ്ലയിൻ എന്ന നിലയിൽ നേതൃത്വം നല്കിയവരിവരാണ്. ഫാ.സെബാസ്റ്റ്യൻ അരിക്കാട്ട് ഇരിങ്ങലക്കുട, ഫാ.തോമസ് കല്ലുകുളം സി.എം.ഐ,
ഫാ. ജോസ് തൈപറമ്പിൽ സി.എം.ഐ
അങ്കമാലി, ഫാ.ഷിബു ഒ.സി.ഡി
എറണാകുളം, ഫാ.കുര്യൻ മറ്റം പാല
കേരള കോ-ഓർഡിനേറ്റർമാർ.
വത്തിക്കാൻ അംഗീകാരമെന്ന അനുഗ്രഹത്തിന്റെ നാളുകളിൽ ഇന്നലെകളിൽ ഈ മുന്നേറ്റത്തെ കൈപിടിച്ച് നടത്തിയവരെ ഓർമിക്കേണ്ടതുണ്ട്.
1987 വരെയുള്ള നാളുകളിൽ ഡോ.എഡ്‌വേർഡ് എടേഴത്ത് ആയിരുന്നു കൺവീനർ എന്ന പേരിൽ കേരളത്തിൽ മാത്രമുണ്ടായിരുന്ന പ്രവർത്തനങ്ങൾ നയിച്ചത്.
തുടർന്ന ടി.സി.ജോസഫ് (1988-90), ജോജിബാബു ജോസഫ് (1990-92), ഡോ. ചാക്കോച്ചൻ ഞാവള്ളിൽ (1992-96), മനോജ് സണ്ണി (1996-98),ബേർളി ഏണസ്റ്റ് (1998-2000), ഷിന്റോ ജോസ്(2000-2002), ബിജോ ജോയി(2002-04), ജോമോൻ വർഗീസ്(2004-06), ജോഷി. പി. എഫ്.(2006-08), റജി കാരോട്ട് (2008-10), ജോബി തോമസ് (2010-12), സിൻജോ (2012-14), മിഥുൻ പോൾ (2014-16) കേരള കോ-ഓർഡിനേറ്റർമാർരായി ഇവരൊക്കെയിന്നും മുന്നേറ്റത്തിന്റെ വിവിധ തലങ്ങളിൽ തങ്ങളുടെ ശുശ്രൂഷ തുടരുകയാണ്.
ഡോ. ചാക്കോച്ചൻ ഞാവളളിൽ
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22