അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday 11 August 2012

നീ എങ്ങോട്ട് പോകുന്നു?



ജീവിതത്തില്‍ എങ്ങോട്ട് പോകും എന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന അനുഭവം പലര്‍ക്കും ഉണ്ടാകാറുണ്ട് .ചിലപ്പോള്‍ ഒക്കെ നമ്മള്‍ തീര്‍ത്തും ഒറ്റെപ്പെടുന്ന സമയമായിരിക്കും അത് .പ്രതേകിച്ചു ആരോടും ഒരു സഹായവും ചോദിക്കാന്‍ പറ്റാത്ത അവസ്ഥ .ആരോടും ഒന്നും പ്പരയന്‍ പറ്റാത്ത അവസ്ഥ .നമ്മളുടെ പ്രശ്നങ്ങള്‍ പറഞ്ഞാലും ഒരു സഹായത്തിനു പകരം കുറ്റപെടുതലുകള്‍ മാത്രം പകരം ലഭിക്കുന്ന അവസ്ഥ .



സുവിശേഷത്തിലും പലയിടത്തും നാം ഇത് കാണുന്നുണ്ട് .ജോബ്‌ മുതല്‍ ധൂര്‍ത്ത പുത്രന്‍ വരെ .അതുപോലെ ഒരു അവസ്ഥയിലൂടെ ആണ് ഹഗാറും കടന്നു പോയത് .അബ്രാഹത്തിനും ഭാര്യ സാറായ്ക്കും മക്കള്‍ ഉ ണ്ടാകും എന്ന് ദൈവം നല്കിയ വാഗ്ദാനം പല പ്രാവശ്യം ആവര്‍ത്തിച്ചെങ്കിലും മകന്‍ ജനിച്ചില്ല. അബ്രാഹത്തിനും സാറായ്ക്കും ആ പ്രതീക്ഷ നഷ്ടപ്പെട്ടു. ഒരിക്കല്‍ സാറാ അബ്രാഹത്തോട് പറഞ്ഞു: മക്കള്‍ ഉണ്ടാകുവാന്‍ ദൈവം എനിക്ക് വരം തന്നിട്ടില്ല (ഉല്‍പത്തി 16:2). അതിനാല്‍, ദാസിയായ ഹാഗാറിനെ ഭാര്യയായി കണ്ട് മക്കളെ ജനിപ്പിക്കുവാന്‍ സാറാതന്നെ അബ്രാഹത്തെ പ്രേരിപ്പിച്ചു (16:2). അബ്രാഹം സാറായുടെ വാക്ക് അനുസരിച്ചു. ഹാഗാര്‍ ഗര്‍ഭിണിയായി. ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ ഹാഗാര്‍ സാറായെ നിന്ദിക്കാന്‍ തുടങ്ങി

സാറാ അബ്രാഹത്തിന്റെയടുത്ത് ആവലാതിയുമായെത്തി. അബ്രാഹം പറഞ്ഞു: നിന്റെ ദാസി ഇപ്പോഴും നിന്റെ കീഴിലാണ്. നിന്റെ ഇഷ്ടംപോലെ അവളോട് പെരുമാറിക്കൊള്ളുക (16:6). തുടര്‍ന്ന് സാറാ, ഹാഗാറിനോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. ഹാഗാര്‍, സാറായെവിട്ട് ഓടിപ്പോയി. കര്‍ത്താവിന്റെ ദൂതന്‍ ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് ഹാഗാറിനെ കണ്ടെത്തി. ദൂതന്‍ വഴി കര്‍ത്താവ് അവളോട് ചോദിക്കുകയാണ്: സാറായുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്ന് വരുന്നു? എങ്ങോട്ട് പോകുന്നു? (16:8). അവള്‍ പ്രതിവചിച്ചു: ഞാന്‍ യജമാനത്തിയായ സാറായില്‍നിന്ന് ഓടിപ്പോവുകയാണ്. ദൂതന്‍ അവളോട് പറഞ്ഞു: നീ യജമാനത്തിയുടെ അടുത്തേക്ക് തിരിച്ചുപോയി അവള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുക.

സാറായുടെ ഔദാര്യമാണ് ഹാഗാറിന് ലഭിച്ചത്. വന്ന വഴി മറന്നതും അവളില്‍ ഉണ്ടായ അഹങ്കാരവുമാണ് ദുരിതത്തിന് കാരണമായത്. തന്റെ ചോദ്യത്തിലൂടെ, വന്ന വഴിയും പോകേണ്ട വഴി യും മറക്കേണ്ട എന്ന് ദൈവം ഹാഗാറിനെ പഠിപ്പിക്കുകയായിരുന്നു. സാറായുടെ ദാസിയാണ് നീ, അവളുടെ ഔദാര്യംകൊണ്ടാണ് നീ അമ്മയാകാന്‍ പോകുന്നത്. അതിനാല്‍ ചരിത്രം മറന്ന് പെരുമാറണ്ട എന്ന് ദൈവം ഓര്‍മിപ്പിക്കുകയായിരുന്നു. നന്ദികേട് കാണിച്ച്, ഒരു ആവേശത്തിന് ഓടിപ്പോയാല്‍ നിന്റെയും കുഞ്ഞിന്റെയും ഗതി എന്താകും? ഭാവിയെപ്പറ്റി ചിന്ത വേ ണ്ടേ എന്നെല്ലാമുള്ള മുന്നറിയിപ്പ് ദൈവം നല്കുകയാണ് രണ്ടാമത്തെ ചോദ്യത്തിലൂടെ: നീ എങ്ങോട്ട് പോകുന്നു?

ഏകദേശം ഇത് പോലെ തന്നെയാണ് ധൂര്‍ത്ത പുത്രനും കടന്നു പോയത്.  അമ്മയില്ലാത്ത വീടായിരുന്നു അത്‌. ഒരമ്മയുടെ സ്‌നേഹവും ഒരപ്പന്റെ കരുതലും ഒരുപോലെ നല്‍കുന്ന ഒരു പിതാവുണ്‌ടായിരുന്നു. എന്നാല്‍ ആ സ്‌നേഹത്തിന്റെ ഭാഷ മനസ്സിലാക്കാനാവാതെ ഇളയ മകന്‍ വീടു വിട്ടുപോകുന്നു. പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു. കണ്ണുനീരിന്റെ ചാലു വീണ മിഴികളുമായി ആ പിതാവ്‌ കാത്തിരുന്നു. മുറിവേറ്റ ഹൃദയത്തില്‍ നിന്നുയര്‍ന്ന അടങ്ങാത്ത പ്രാര്‍ത്ഥനയുടെ സുകൃതം കൊണ്‌ട്‌ ആ മകന്‍ തിരിച്ചെത്തുന്നു. ആ പിതാവിന്റെ മനസ്സിലെ സന്തോഷം കുടുംബത്തിന്റെ ആഘോഷമായി മാറി. പെട്ടെന്ന്‌ അതുനിലച്ചു. ഇത്തവണ കണക്കു പറച്ചിലുകളും പരാതികളുമായി മുത്തമകന്‍ പ്രത്യക്ഷപ്പെടുന്നു... ഇവരെ രണ്‌ടു പേരെയും നെഞ്ചോടു ചേര്‍ക്കാന്‍ കൊതിക്കുന്ന പിതാവ്‌... ....

യഹൂദപാരമ്പര്യം അനുസരിച്ച്‌ പിതാവിന്റെ കാലശേഷം മാത്രമേ മക്കള്‍ക്ക്‌ സ്വത്തില്‍ അവകാശമുള്ളൂ (പ്രഭാ 32/20-21). അതുപോലെ പിതാവിന്‌ അദ്ദേഹത്തിന്‌ ഇഷ്ടമുള്ളതുപോലെ ഓഹരി കൊടുക്കാനും അവകാശമില്ല. യഹൂദാചാരപ്രകാരം മൂത്ത മകന്‌ ഇരട്ടി ലഭിക്കാനുള്ള അവകാശമുണ്‌ട്‌ (നിയമ 21/17). ഇവിടെ പിതാവിനോട്‌ സ്വത്ത്‌ ചോദിക്കുന്ന ഇളയ മകന്‍ പിതാവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു. പിതാവിനെ മൃതനായി പരിഗണിക്കുന്നു. അവന്‍ ദൂരദേശത്തേക്ക്‌ യാത്രയാവുന്നു. `ദൂരത്തായിരിക്കുന്നവന്‍ ധൂര്‍ത്തനാണ്‌. അവന്‍ സ്വത്ത്‌ നശിപ്പിച്ചു കളയും, സ്വത്ത്‌ നശിപ്പിച്ചു കളയുന്നവന്‍ കഷ്ടത്തിലാവും, കഷ്ടത്തിലാവുന്നവന്‍ പന്നികളെ മേയ്‌ക്കും. പിതാവുമായുള്ള ബന്ധം മുറിച്ചവന്‍ സ്വന്തം നിലവാരം മറക്കേണ്‌ടി വന്നു. അവന്‍ യഹൂദനു നിഷിദ്ധമായ പന്നികളെ മേയ്‌ക്കേണ്‌ടി വന്നു.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതത്തിലെ അനുഭവം ഓര്‍ക്കുകയാണ്‌. വീട്ടുകാര്‍ തന്നെ ആവശ്യത്തിന്‌ സ്‌നേഹിക്കുന്നില്ല എന്ന കാരണത്താല്‍ ബഷീര്‍ വീട്‌ വിട്ടിറങ്ങി. പല സ്ഥലങ്ങളില്‍ കറങ്ങി നടന്നു. കൈയില്‍ ഉണ്‌ടായിരുന്ന അല്‌പം തുട്ടുകള്‍ തീര്‍ന്നു. ഒന്നും കഴിക്കാതെ രണ്‌ട്‌ ദിവസം തള്ളിനീക്കി. ഇനിയും ഭക്ഷണം കഴിക്കാതെ കഴിയാന്‍ വയ്യ. വിശപ്പിനിടയില്‍ ബഷീര്‍ ചിന്തിച്ചു: എത്ര കഷ്ടപ്പെട്ടാണ്‌ ബാപ്പയും ഉമ്മയും എന്നെ നോക്കുന്നത്‌. എന്നോട്‌ സ്‌നേഹമുള്ളതുകൊണ്‌ടല്ലേ അവര്‍ കഷ്ടപ്പെട്ട്‌ അദ്ധ്വാനിച്ച്‌ എനിക്ക്‌ ഭക്ഷണം നല്‍കുന്നത്‌.... . .പക്ഷെ ഇപ്പോള്‍ നീ എങ്ങോട്ട് പോകുന്നു? അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അവരെ ധിക്കരിച്ച്‌ ഇറങ്ങിപ്പോന്നത്‌ ശരിയായില്ല.. അന്നു രാത്രി ബഷീര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.. നേരം പാതിരയായി. അടുക്കളയുടെ വാതില്‍ മുട്ടി. ഉമ്മ വന്ന്‌ വാതില്‍ തുറന്നു... ഉമ്മാ എനിക്ക്‌ വിശക്കുന്നു.. നിനക്കുള്ള ഭക്ഷണം മേശപ്പുറത്തുണ്‌ട്‌. ഉമ്മയോട്‌ ചോദിച്ചു.. ഇന്ന്‌ ഞാന്‍ വരുമെന്ന്‌ ഉമ്മയ്‌ക്ക്‌ അറിയാമായിരുന്നോ... ഉമ്മ മറുപടി നല്‍കി. നീ വീട്‌ വിട്ടിറങ്ങിയ അന്നുമുതല്‍ നിന്റെ ഓഹരി മേശയില്‍ വിളമ്പി വച്ചിരുന്നു... പതിവുപോലെ ഇന്നും അത്‌ വിളമ്പി വച്ചിട്ടുണ്‌ട്‌.. ബഷീര്‍ ഉമ്മയെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു.. മനസ്സിലാക്കാതെ പോയ സ്‌നേഹത്തെയോര്‍ത്ത്‌.. 

പ്രിയമുള്ളവരെ, പരാജയത്തിന്റെ പന്നിക്കുഴിയില്‍ വച്ചാണ്‌ ധൂര്‍ത്ത പുത്രന്‍ ചിന്തിക്കുന്നത് ഞാന്‍ ഇപ്പോള്‍  എങ്ങോട്ട് പോകുന്നു? തന്റെ കൂടെയുള്ള ദൈവത്തിന്റെ സാന്നിദ്ധ്യം ധൂര്‍ത്തപുത്രന്‍ തിരിച്ചറിയുന്നത്‌. . ഈ സാന്നിദ്ധ്യം അവനില്‍ സൂബോധമായി മാറി. അവന്‍ പിതാവിന്റെ സന്നിധിയിലേക്ക്‌ തിരിച്ചുപോകുന്നു. ധൂര്‍ത്തപുത്രന്റെ മാനസാന്തരത്തില്‍ മൂന്ന്‌ തലങ്ങളുണ്‌ട്‌. (1) സുബോധമുണ്‌ടാകുന്നു. (2) പന്നിക്കുഴിയില്‍ നിന്നും എഴുന്നേല്‍ക്കുന്നു. (3) പിതാവിന്റെ അടുത്തേക്ക്‌ തിരിച്ചുപോകുന്നു. എല്ലാം നഷ്ടപ്പെട്ടവന്‌ അപ്പനിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ല. മകന്റെ തിരിച്ചുവരവ്‌ അപ്പന്റെ വിജയമാണ്‌. ധൂര്‍ത്ത പുത്രന്‍ തിരിച്ചെത്തിയതിനുശേഷമുള്ള അഘോഷം അപ്പന്റെ സ്‌നേഹത്തിന്റെ വിജയാഘോഷമാണ്‌. 
വഴിതെറ്റിപ്പോയ മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സ്‌നേഹനിധിയായ പിതാവ്‌. മകനെ ദൂരത്തുവച്ചു കണ്‌ടപ്പോള്‍ പിതാവ്‌ മനസ്സലിഞ്ഞ്‌ ഓടിച്ചെന്ന്‌ കെട്ടിപ്പിടിച്ച്‌ അവനെ ചുംബിച്ചു. മനസ്സില്‍ കരുതിക്കൂട്ടി ആലോചിച്ചുറപ്പിച്ചത്‌ അവതരിപ്പിക്കുന്നതിനു മുന്‍പ്‌, ചോദ്യങ്ങളോ, പരിഭവങ്ങളോ ഒന്നുമില്ലാതെ അവനെ സ്വീകരിക്കുന്നു.

തിരിച്ചെത്തുന്ന മകന്‌ വിരലിലെ മോതിരം നല്‍കുന്നതും ചെരിപ്പ്‌ അണിയിക്കുന്നതും നാട്ടുനടപ്പിന്‌ വിരുദ്ധമായിരുന്നു. കാരണം ഇത്‌ മൂത്ത മകന്റെ അവകാശത്തില്‍പെട്ടതാണ്‌. എന്നാല്‍ ഇളയ മക്കളോട്‌ പ്രീതി കാട്ടുന്ന ദൈവത്തെയാണ്‌ നാം പഴയ നിയമത്തില്‍ കാണുക. ഈ ബൈബിള്‍ പാരമ്പര്യത്തിന്റെ വെളിച്ചത്തിലാണ്‌ ധൂര്‍ത്തപുത്രന്റെ കഥയും അവതരിപ്പിക്കുന്നത്‌. ഇവിടെയും അന്തിമമായി ദൈവപ്രീതി ഇളയവന്‍ നേടുന്നു. പിതാവ്‌ അവനെ ബഹുമാനത്തോടെ സ്വീകരിക്കുന്നു. മേലങ്കി ഈ ബഹുമാനത്തെ സൂചിപ്പിക്കുന്നു. മോതിരം - അധികാരത്തെ സൂചിപ്പിക്കുന്നു. ഒരാള്‍ തന്റെ മോതിരം മറ്റൊരാള്‍ക്ക്‌ നല്‍കുന്നത്‌ തന്റെ അധികാരം വിനിയോഗിക്കാനുള്ള അനുമതിയായാണ്‌ (Power of attorney). ചെരിപ്പ്‌ ധരിപ്പിക്കുന്നു - പുത്രന്‍മാര്‍ക്ക്‌ മാത്രമേ ചെരിപ്പ്‌ ധരിക്കാന്‍ അനുവാദമുണ്‌ടായിരുന്നുള്ളു. അടിമയ്‌ക്ക്‌ ഒരിക്കലും ചെരിപ്പ്‌ ധരിക്കാന്‍ അനുവാദമില്ലായിരുന്നു. അടിമയുടെ സ്വപ്‌നമായിരുന്നു ഇത്‌: `ഒരിക്കല്‍ ദൈവം തങ്ങളുടെ കാലുകളില്‍ ചെരിപ്പ്‌ അണിയിക്കും എന്നത്‌`. കാരണം ചെരിപ്പ്‌ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണ്‌. എന്നെ ദാസനായി സ്വീകരിക്കണമെന്ന മകന്റെ ആഗ്രഹത്തിന്‌ വിരുദ്ധമായി നിറഞ്ഞ മനസ്സോടെ ആ പിതാവ്‌ മകന്റെ എല്ലാവിധ അധികാരങ്ങളോടും കൂടി അവനെ സ്വീകരിക്കുന്നു...

ധൂര്‍ത്തപുത്രന്‍ തന്റെ പുത്രസ്ഥാനം തിരിച്ചറിഞ്ഞ്‌ മടങ്ങിയെത്തുമ്പോള്‍ മൂത്തപുത്രന്‍ തന്റെ പുത്രസ്ഥാനം വെടിഞ്ഞ്‌ തന്നെത്തന്നെ ദാസനായി താഴ്‌ത്തുന്നു 'നിന്റെ പുത്രനെന്ന്‌ വിളിക്കപ്പെടാന്‍ ഞാന്‍ യോഗ്യനല്ല.' എന്ന്‌ ഇളയ പുത്രന്‍ യാചിക്കുമ്പോള്‍ ഞാന്‍ നിന്റെ ധാസ്യവേല ചെയ്യുന്നുവെന്നാണ്‌ മൂത്ത പുത്രന്റെ പ്രതികരണം. ഒരു പുത്രനായിരിക്കുന്നതിന്റെ സുഖം അവനെന്നെങ്കിലും അനുഭവിച്ചിരുന്നോ. സ്വന്തം വീട്ടില്‍ അവന്‍ അന്യനാകുന്നു. പിതാവിന്റെ കരുണയിലാണ്‌ അവന്‌ ദേഷ്യം. അനിയനെ ജ്യേഷ്‌ഠന്‍ സ്‌നേഹിച്ചിരുന്നില്ലെന്നതും അവന്റെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാണ്‌. കാരണം ഇവര്‍ രണ്‌ട്‌ പേരും ഒന്നും സംസാരിക്കുന്നതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നില്ല. ഇളയ മകനെ സ്വീകരിക്കാന്‍ ഇറങ്ങിച്ചെല്ലുന്ന പിതാവ്‌ മൂത്ത മകനേയും സ്വീകരിക്കാന്‍ ഇറങ്ങിച്ചെല്ലുന്നുണ്‌ട്‌.. നഷ്ടപ്പെട്ടത്‌ തിരിച്ചെടുക്കാന്‍ മാത്രമല്ല... നഷ്ടപ്പെടാതിരിക്കാനും ശ്രമിക്കണമല്ലോ... മൂത്ത മകന്റെ വാക്ക്‌ ശ്രദ്ധിക്കണം. എത്ര വര്‍ഷം ഞാന്‍ നിനക്ക്‌ ദാസ്യവേല ചെയ്യുന്നു (15/29). സ്‌നേഹമില്ലാതെ ചെയ്യുന്ന പ്രവൃത്തി ദാസ്യവൃത്തിയാണ്‌. മൂത്ത പുത്രന്‍ അനേകം വര്‍ഷങ്ങളായി ചെയ്‌തുകൊണ്‌ടിരിക്കുന്നത്‌ അതാണ്‌. ഫരിസേയരുടെ മതജീവിതവും നിയമാനുഷ്‌ഠാനവും ദൈവശിക്ഷയെ പേടിച്ചുള്ള ദാസ്യവൃത്തിയാണ്‌. നമ്മുടെ മതാനുഷ്‌ഠാനുങ്ങളും ആചാരങ്ങളും സ്‌നേഹത്തിന്റെ പ്രവൃത്തിയായിട്ടല്ല നാം ചെയ്യുന്നതെങ്കില്‍, ആദ്ധ്യാത്മിക ജീവിതം നാം ആസ്വദിക്കുന്നില്ലെങ്കില്‍ അതും ദാസ്യവൃത്തിയാണ്‌...

ധൂര്‍ത്തപുത്രന്റെ പാപമല്ല ഈ ഉപമയിലെ പരാമര്‍ശം... മറിച്ച്‌ പിതാവിന്റെ സ്‌നേഹമാണ്‌. ദൈവസ്‌നേഹത്തിന്റെ സമ്പൂര്‍ണ്ണതയാണ്‌ പിതാവ്‌... ഇത്രയും നല്ല ഒരു ദൈവചിത്രം. മടങ്ങിയെത്തുന്നവനെ മാറോടു ചേര്‍ക്കുന്ന ചിത്രം... ദൈവസ്‌നേഹസമ്പൂര്‍ണ്ണത പ്രകാശിപ്പിക്കുന്നു. ദൈവത്തെ ശപിക്കുന്നവനും, ശിക്ഷകനും തലമുറകളെ തകര്‍ക്കുന്നവനുമൊക്കെയായി ചിത്രീകരിക്കുന്ന ആത്മീയപാലകരും, ധ്യാനഗുരുക്കന്‍മാരും ഈ ഉപമ മനസ്സിരുത്തി വായിക്കണം.

`ആരുണ്‌ടീ ഉരുണ്‌ട ലോകത്ത്‌
ഉരുണ്‌ടു വീഴാത്തതായി`..
കുഞ്ഞുണ്ണി മാഷുടെ വാക്കുകള്‍...



നമ്മള്‍ ചിലപ്പോള്‍ വന്ന വഴി മറക്കാറുണ്ട്. പോകേണ്ട വഴികളെപ്പറ്റി നിശ്ചയമില്ലാതെ പെരുമാറുന്നു. വാശിയും അമിത ആത്മവിശ്വാസവും അഹങ്കാരവുമാണ് ഇങ്ങനെ പെരുമാറാന്‍ കാരണം. ദൈവം ഈ ചോദ്യങ്ങള്‍ നമ്മോടും ആവര്‍ത്തിക്കുന്നുണ്ട്. ജീവിതപങ്കാളിയെ വിട്ട് സ്വന്തം വഴിക്ക് പോകുന്നവരോട് ഈ ചോദ്യം ചോദിക്കുന്നു. പ്രേമബന്ധങ്ങളില്‍ പെട്ട് യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ടവരോടും ഈ ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്. ആത്മരക്ഷയില്‍ ശ്രദ്ധയില്ലാതെ പോകുന്നവരോട് ചോദിക്കുന്നുണ്ട്. പഠനം ഉഴപ്പുന്നവരോട്, പണിയെടുക്കാതെ അലസരായി കഴിയുന്നവരോട് ദൈവം ഈ ചോദ്യം ഇന്നും ആവര്‍ത്തിക്കുന്നു. വീണ്ടുവിചാരത്തിനും തിരിച്ചുപോക്കിനും ഈ ചിന്ത കാരണമാക..നാം പാപികളാണ്‌... പക്ഷെ ആ പാപത്തിന്റെ ചെളിക്കുഴികള്‍ കിടക്കേണ്‌ടവരല്ല നാം.. നമ്മെ കാത്തിരിക്കുന്ന ആ പിതാവിന്റെ സവിധത്തിലേക്ക്‌ തിരിച്ചു ചെല്ലാം... അവന്റെ അടുത്ത്‌ ചെന്ന്‌ ഒന്നു മനസ്സു തുറന്നു `കുമ്പസാരിക്കാം`.


1 comment:

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22