അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday, 7 August 2012

നീ ഇനിയും സര്‍വ്വശക്തനോടു വാദിക്കുമോ



ജോബിന്റെ പുസ്തകം 38 മുതല്‍ 41 വരെയുള്ള അദ്ധ്യായങ്ങളില്‍ നാല് പ്രസംഗകര്‍( ദൈവത്തെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ട്) ജോബിനോട് സംസാരിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ദൈവം സംസാരിക്കുന്നത്. ശ്രദ്ധിക്കുക, ദൈവം ഒരിക്കല്‍പോലും ജോബ്‌  എന്തെങ്കിലും രഹസ്യപാപം ചെയ്തിട്ടുണ്ടെന്നു കുറ്റപ്പെടുത്തുകയോ പാപത്തിന്റെ ശിക്ഷയാണ് അവന്‍ അനുഭവിക്കുന്നതെന്നു പറയുകയോ ചെയ്തില്ല. എന്നാല്‍ ദൈവം സംസാരിച്ച ഉടനെ ജോബിന്  പാപബോധമുണ്ടാകുകയും അനുതപിക്കുകയും ചെയ്തു. ആളുകളോട് എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ പ്രസംഗിക്കണമെന്നും പഠിപ്പിക്കുന്ന എത്ര നല്ല പാഠമാണിത്. ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികള്‍ അല്ല. 



പല പ്രസംഗകരും മറ്റുള്ളവര്‍ ചെയ്ത പാപങ്ങള്‍ എന്നു ഭാവനയില്‍ ചിലതു കണ്ടുകൊണ്ട് ആളുകള്‍ക്കു പാപബോധം വരുത്തുവാന്‍ പ്രസംഗിക്കുന്നു. അത്തരം ഒരു സമീപനം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ദൈവത്തിന്റെ മുമ്പാകെ കുറ്റപ്പെടുത്തുന്ന ആത്മാവുമായി നിന്നു എന്ന കുറ്റം അവന്റെ മേല്‍ വരുന്നു എന്നു മാത്രം. ദൈവം തന്റെ മഹാദയയിലും കരുണയിലും മനുഷ്യരോട് സംസാരിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയാണ്. അപ്പോള്‍ മനുഷ്യനു തികഞ്ഞ പാപബോധമുണ്ടായി ഇങ്ങനെ പറയുന്നു: ''ഓ ദൈവമേ, ഞാന്‍ ദുഷിച്ചവന്‍, ഞാന്‍ ഒന്നുമില്ലാത്തവന്‍, ഞാന്‍ അനുതപിക്കുന്നു, എന്നോടു ക്ഷമിക്കേണമേ.'' ദൈവം തന്റെ ദയയിലൂടെ മനുഷ്യരെ മാനസാന്തരത്തിലേക്കു നടത്തുന്നു.


ഈ അദ്ധ്യായങ്ങളില്‍ ദൈവം ജോബിനോട്  ചോദിച്ച മൂന്ന് അടിസ്ഥാനചോദ്യങ്ങള്‍ ഇവയാണ്.

1. സൃഷ്ടിയുടെ പിന്നിലുള്ള അത്ഭുതങ്ങളെ നിനക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആത്മീയയാഥാര്‍ത്ഥ്യങ്ങളെ എങ്ങനെ മനസ്സിലാക്കും?

2. എന്റെ സൃഷ്ടിയെ ഞാന്‍ നിയന്ത്രിക്കുന്നുവെങ്കില്‍, നിന്റെ ആടുകളുടെ മേല്‍ പതിച്ച മിന്നലിന്റെ മേലും നിന്റെ ദാസന്മാരെ കൊന്ന ശെബായരുടെയും കല്ദയരുടെയും മേലും നിന്റെ മക്കളുടെ മേല്‍ അടിച്ച കൊടുങ്കാറ്റിന്റെ മേലും എനിക്കു നിയന്ത്രണമില്ലെന്നാണോ നീ കരുതുന്നത്?

3. ഞാന്‍ സൃഷ്ടിച്ച ഒരു മുതലയുടെ മുമ്പില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നീ എങ്ങനെ എന്റെ മുമ്പില്‍ നില്‍ക്കും?

ദൈവം സൃഷ്ടിയുടെ മേലുള്ള തന്റെ പരമാധികാരവും നിയന്ത്രണവും ജോബിനെ  കാണിച്ചുകൊടുത്തു. അതു മാത്രമാണ് വേണ്ടിയിരുന്നത്. അപ്പോള്‍ ജോബ്‌  താഴ്മയുള്ളവനായിത്തീര്‍ന്നു. നാലു പ്രസംഗങ്ങളുടെ മണിക്കൂറുകള്‍ നീണ്ട നേരിട്ടുള്ള ആക്രമണത്താല്‍ ഒന്നും സാധിച്ചില്ല. എന്നാല്‍ ദൈവത്തിന്റെ നേരിട്ടല്ലാതെയുള്ള സമീപനം ചില നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം സാധിച്ചു. ദൈവത്തിനു തന്റെ എല്ലാ സൃഷ്ടികളിന്മേലുമുള്ള പരമാധികാരത്തിലുള്ള നമ്മുടെ വിശ്വാസമാണ് നാം പ്രശ്‌നങ്ങളെയോ കഷ്ടതയെയോ ശത്രുക്കളെയോ നേരിടുമ്പോള്‍ നമ്മുടെ ഹൃദയത്തെ സ്വസ്ഥതയില്‍ നിര്‍ത്തുന്നത്.

ദൈവം ജോബിനോട്  ചോദിച്ചു: ''നീ ഇനിയും സര്‍വ്വശക്തനോടു വാദിക്കുമോ''? എല്ലാ തര്‍ക്കത്തിനും ഉടന്‍ ഉടന്‍ മറുപടി ഉണ്ടായിരുന്ന ജോബ്‌  ഇപ്പോള്‍ നിശ്ശബ്ദനായി. ഇപ്പോള്‍ അവന്‍ പറയുന്നു ''ദൈവമേ ഞാന്‍ ആരുമല്ല; എനിക്കോന്നും പറയാനില്ല; ഞാന്‍ ഇനി ഒന്നും സംസാരിക്കുകയില്ല''.


നമ്മുടെ ഒന്നുമില്ലായ്മ നാം അംഗീകരിക്കണമെന്നും അങ്ങനെ ദൈവം നമ്മുടെ ജീവിതത്തില്‍ എല്ലാമായിത്തീരണമെന്നുമുള്ള പാഠമാണ് വേദപുസ്തകത്തിലെ ആദ്യം എഴുതപ്പെട്ട പുസ്തകത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തിന് ആരെയെങ്കിലും ഉപയോഗിക്കണമെങ്കില്‍ ആദ്യം അയാളെ ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിക്കണം.

പൗലൊസ് പറഞ്ഞു: '' അപ്പോളോസ്  ആരാണ് ? പൌലോസ്‌ ആരാണ് ? കര്‍ത്താവു തന്നതനുസരിച്ചു നിങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ശുശ്രുഷകര്‍ മാത്രം .ഞാന്‍ നട്ടു അപ്പോളോസ് നനച്ചു എന്നാല്‍ ദൈവമാണ്  വളര്‍ത്തിയത്‌ അത് കൊണ്ട് നടുന്നവനോ നനക്കുന്നവനോ അല്ല വളര്തുന്നവനായ ദൈവത്തിന്നു പ്രാധാന്യം ''(1കൊരി. 3:5,6).മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സുവിശേഷീകരണം നടത്തുന്നവനോ വേദപുസ്തകം പഠിപ്പിക്കുന്നവനോ ഒന്നുമല്ല, ദൈവമാണ് എല്ലാം. മുഴുവന്‍ മഹത്വവും അവിടുത്തേക്കുള്ളതാണ്. അതാണ് പൗലൊസിന്റെ ജീവിതത്തിലെ രഹസ്യം. തന്റെ ജീവിതത്തിന്റെ അവസാനം വരെ അവന്‍ ഒന്നുമില്ലാത്തവനായിരുന്നു.

എവിടെയെങ്കിലും ചില ആത്മാക്കളെ രക്ഷിച്ചതിന്റെ പ്രശംസ നേടുന്നതിനു ചില സുവിശേഷകന്മാര്‍ വലിയ ഉത്സാഹം കാണിക്കാറുണ്ട്. കേരളത്തിന്‌ പുറത്തു കര്‍ത്താവിന്റെ സഭകള്‍ തമ്മില്‍ അടിയാണ് .ചിലര്‍ പറയുന്നു ഞങ്ങളെ വളര്‍ത്തുന്നില്ല മറ്റു സഭകള്‍ പറയുന്നു ഞങ്ങളുടെ അനുവാദമില്ലാതെ അവര്‍ പുരോഹിതരെ കൊണ്ട് വരുന്നു.വിശ്വാസികളെ നോക്കുകുത്തികള്‍ ആക്കിക്കൊണ്ട് അവര്‍ വളരുന്നു എന്നാല്‍ എന്താണ് അവര്‍ വളര്‍ത്തുന്നത് കര്‍ത്താവിന്റെ സഭയോ ?സ്വന്തം രൂപതയുടെ അല്ലേല്‍ റീത്ത് ന്റെ കീഴില്‍ വിശ്വാസികളെ നിര്‍ത്തിയത് കൊണ്ട് അവര്‍ എന്താണ് നേടാന്‍ പോകുന്നത് ..സീറോ മലബാര്‍ മുതല്‍ ഓര്‍ത്തഡോക്സ് യാകൊബായ ലത്തീന്‍ ക്നാനായ തുടങ്ങിയ എല്ലാവരോടും കൂടിയാണ് ഞാന്‍ ചോദിക്കുന്നെ ???ഒരു പള്ളിയില്‍ അന്ത്യ കര്‍മം നടത്താന്‍ പോലീസ് വരുന്നതാണോ കര്‍ത്താവിന്റെ കുഞ്ഞാടുകളുടെ മാതൃക ?ഇതിനാണോ കര്‍ത്താവു കാല്‍വരിയില്‍ മരിച്ചത് ??


 ചിലര്‍  ഇങ്ങനെ പരാതിപ്പെടുന്നു: ''എന്റെ സഭയിലെ പള്ളികള്‍  മറ്റേ സഭക്കാര്‍ തട്ടി എടുത്തു ..ഇല്ലേ ഗള്‍ഫിലെ തല മൂത്ത കമ്മ്യൂണിറ്റി ചേട്ടന്മാര്‍ പറയും എന്റെ ഗ്രൂപ്പിലെ ആള്‍ക്കാരെ അവര്‍  തട്ടിക്കൊണ്ടുപോയി.'' എന്തുകൊണ്ടാണ് ക്രിസ്തീയപ്രവര്‍ത്തകര്‍ ഇങ്ങനെ സംസാരിക്കുന്നത്? കാരണം അവര്‍ ഇനിയും പൂജ്യം ആയിട്ടില്ല എന്നതുതന്നെ. അവര്‍ എന്റെ സഭ എന്നു പറയുമ്പോള്‍ ഏതു സഭയെക്കുറിച്ചാണ് പറയുന്നത്? എന്റെ ഗ്രൂപ്പ്‌ എന്ന് പറയുന്നത് ഇതു ഗ്രൂപ്പ്‌ ആണ് എന്റെ റീത്ത് എന്ന് പറയുന്നത് ഇതു റീത്ത് ആണ് .. യേശുക്രിസ്തുവിന്റെ സഭയെക്കുറിച്ച് നമക്കറിയാം. എന്നാല്‍ ഏതാണ് അവരുടെ സഭ? തീര്‍ച്ചയായും എല്ലാവരും 'അവരുടെ സഭ'യില്‍ നിന്നുമെടുക്കപ്പെട്ട് യേശുക്രിസ്തുവിന്റെ സഭയില്‍ ആകണം. 'അവരുടെ സഭ'യെന്നത് ഇല്ലാതാകണം.

താന്‍ വളരെ നിസ്സാരനാണെന്ന് അംഗീകരിക്കുവാനും ഇനി സ്വയം നീതീകരിക്കയില്ല എന്നു തീരുമാനിക്കുവാനും ജോബ്‌ വളരെക്കാലം എടുത്തു. അതുകൊണ്ട് ജോബ്‌ തന്റെ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ ''കേള്‍ക്കുവാന്‍ വേഗതയുള്ളവനും പറയുവാന്‍ താമസമുള്ളവനുമായിരുന്നു''(യാക്കോ.1:19). ആറ് അദ്ധ്യായങ്ങളിലുള്ള ജോബിന്റെ  നീണ്ട പ്രസംഗമാണ് വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും നീണ്ട സ്വയംനീതീകരണം.(അദ്ധ്യായം 26-31). അതിലുടനീളം സ്വയനീതിയുടെ ദുര്‍ഗന്ധമുണ്ട്. എന്നാല്‍ ജോബിന്  തന്റെ നിഗളം മണക്കുവാന്‍ കഴിഞ്ഞില്ല.

അവസാനം ഈ സ്വയംനീതിക്കാരനായ മനുഷ്യന്‍ ഒരു പൂജ്യമായിത്തീര്‍ന്നു. ആരുടെ പ്രസംഗം വഴിയാണ്? ദര്‍ശനങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞ മനുഷ്യനിലൂടെയോ? പിതാക്കന്മാരുടെ പാരമ്പര്യത്തെ വിശുദ്ധമായി കണ്ടവനിലൂടെയോ? സ്വയം പ്രവാചകനായി അവരോധിച്ചവനിലൂടെയോ? അതോ ഏറ്റവും ശരിയായ കാര്യങ്ങള്‍ മാത്രം പറഞ്ഞ മനുഷ്യനിലൂടെയോ? ഈ നാലു പ്രസംഗകര്‍ക്കും ജോബിനെ  സഹായിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തിനു മാത്രമേ ജോബിനെ  സഹായിക്കാന്‍ കഴിഞ്ഞുള്ളു. അവിടുന്ന് അഞ്ചാമത്തെ പ്രസംഗകനായിരുന്നു. ദൈവത്തെയാണ് നാം അനുഗമിക്കേണ്ടത്. ''ദൈവത്തെ അനുഗമിക്കുക''(എഫേ.5:1).
മറ്റ് പ്രസംഗകരുടെ നീണ്ട പ്രസംഗങ്ങള്‍ക്കു സാധിക്കാഞ്ഞത് ദൈവത്തിന്റെ ചെറിയ സന്ദേശത്തിലൂടെ സാധിച്ചത് എത്ര ആശ്ചര്യകരമാണ്. എന്താണ് ഇതിനു കാരണം? ഉത്തരമിതാണ് ദൈവം job സ്‌നേഹിച്ചു. മറ്റു നാലു പ്രസംഗകര്‍ക്കും അതിനു കഴിഞ്ഞില്ല. നാം ഹൃദയപൂര്‍വ്വം ആളുകളെ സ്‌നേഹിക്കുമ്പോള്‍ അവര്‍ക്കു നല്‍കാന്‍ കൃത്യമായ വാക്കുകളെ ദൈവം നല്‍കും. നാം അവരെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവരെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമായിരിക്കും ചെയ്യുക. അവരെ അനുഗ്രഹിക്കുവാന്‍ നമുക്കു കഴിയുകയില്ല. അതുകൊണ്ട് നാം ശുശ്രൂഷിക്കുന്ന ആളുകളെ സ്‌നേഹിക്കുവാന്‍ നമുക്കു പഠിക്കാം. അപ്പോള്‍ അവരോടു സംസാരിക്കുവാനുള്ള വാക്കുകള്‍ ദൈവം തന്നെ നമുക്കു നല്‍കും.

ദൈവത്തിന്റെ ഒരു പ്രവാചകനു ഹൃദയത്തില്‍ ദൈവവചനവും ദൈവജനവും ഉണ്ടായിരിക്കണം. അപ്പോള്‍ ദൈവം അവനു പ്രവചനപരമായ സന്ദേശങ്ങള്‍ നല്‍കും.

നാലു പ്രസംഗകരും ജോബിന്  പാപബോധം വരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ ദൈവമോ അവനെ ആരാധകനാക്കുവാനാണ് ശ്രമിച്ചത്. അതില്‍ ദൈവം വിജയിക്കുകയും ചെയ്തു.അവിശ്വാസമുള്ള ഈ തലമുറയ്ക്കു നമ്മളും കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ദൈവം സര്‍വ്വശക്തനും പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പരമാധികാരിയുമാണെന്നാണ്. നമ്മുടെ ശത്രുവിന്റെ ഭീഷണിപ്പെടുത്തലില്‍ ഭയപ്പെടരുത്. കാരണം പരമാധികാരിയായ നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് അനുവാദം കൊടുക്കാതെ നമ്മുടെ തലയിലെ ഒരു മുടിയില്‍ തൊടാന്‍പോലും ആര്‍ക്കും കഴിയുകയില്ല. എപ്പോഴും വിമര്‍ശിക്കുന്ന സ്വഭാവത്തില്‍നിന്നും കരുണയോടെ പെരുമാറുവാന്‍ നമുക്കു പഠിക്കാം. യഥാര്‍ത്ഥവസ്തുതകള്‍ മനസ്സിലാക്കാതെ ഒന്നിനെയും വിധിക്കരുത്. വസ്തുതകള്‍ എല്ലാം നമുക്കറിയാമെങ്കിലും നാം അറിയാത്ത ചില വസ്തുതകള്‍ കൂടി കണ്ടേക്കാം എന്നു സമ്മതിക്കുക. അതുകൊണ്ട് എപ്പോഴും നമ്മെത്തന്നെ താഴ്ത്തി ഇങ്ങനെ പറയുക: ''ദൈവമേ, ഞാനൊന്നുമല്ല, എന്റെ കൈകൊണ്ട് വായ് പൊത്തി ഞാന്‍ മിണ്ടാതിരിക്കും''.

ജോബ്‌  ഇങ്ങനെയും പറഞ്ഞു ''ദൈവമേ ഞാന്‍ അങ്ങയെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ എന്റെ കണ്ണാല്‍ അങ്ങയെ കാണുന്നു''( ജോബ്‌  . 42:5).ദൈവത്തെ കേള്‍ക്കുന്നതും ദൈവത്തെ വ്യക്തിപരമായി അറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പത്മോസ്ദ്വീപില്‍വച്ച് യോഹന്നാന്‍ ദൈവത്തെ കണ്ടപ്പോള്‍ കമിഴ്ന്നു വീണ് നമസ്‌കരിച്ചു. ജോബ്‌  ദൈവത്തെ വീണ് നമസ്‌കരിച്ചു. ദൈവത്തെ കുറ്റപ്പെടുത്തി സംസാരിച്ച എല്ലാ വാക്കുകളും വിട്ട് ജോബ്‌ ആഴത്തില്‍ അനുതപിച്ചു.(42:6). നാം കാണുന്നപോലെ ദൈവം ഉടനെ അവനോട് എല്ലാം ക്ഷമിക്കുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22