അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Thursday, 12 July 2012

മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന


ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ,മനുഷ്യ കുലം മുഴുവന്‍റെയും മാതാവും
 മദ്ധ്യസ്ദവും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തെരഞെടുത്തിരിക്കുന്ന 
അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു.
ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.
അമ്മേ,അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ 
നിന്നും പ്രതേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ,ജലപ്രളയം,ഇടിമിന്നല്‍,
കൊടുങ്കാറ്റ്,ഭൂമികുലുക്കം,വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും,കള്ളന്മാര്‍,അക്രമികള്‍ എന്നിവരില്‍നിന്നും 
ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കനമേ.
ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട്
എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നും ഞങ്ങളെ 
സംരക്ഷിക്കണമേ.ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ 
കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍ 
ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ട്ടിക്കപ്പെട്ടിരിക്കുന്ന
 ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ . 
ആമ്മേന്‍

Wednesday, 11 July 2012

പരിശുദ്ധത്മാവിനോടുള്ള ജപം




പരിശുദ്ധത്മാവേ,എഴുന്നള്ളി വരണമേ.
അങ്ങയുടെ പ്രകാശത്തിന്‍റെ കതിര്‍ 
സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ.
അഗതികളുടെ പിതാവേ,
ദാനങ്ങള്‍ കൊടുക്കുന്നവനേ,
ഹൃദയത്തിന്‍റെ പ്രകാശമേ എഴുന്നള്ളിവരേണമേ.


ആശ്വാസ ദായകാ 
ആത്മാവിന്‍റെ മാധുര്യമേ 
ഉഷ്ണത്തില്‍ തണുപ്പേ,
അവശതയില്‍ ആലംബമേ
 എഴുന്നള്ളിവരണമേ.


ആന ന്ദ പൂര്‍ണ്ണമായ പ്രകാശമേ,
അങ്ങേ വിശ്വാസികളുടെ 
ഹൃദയങ്ങളെ നിറയ്ക്കണമേ.
അങ്ങയുടെ അനുഗ്രഹം കൂടാതെ
 മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല.


മാലിന്യമുള്ളത് കഴുകണമേ.
വാടിപ്പോയത് നനക്കണമേ.
രോഗമുള്ളത് സുഖപ്പെടുതണമേ.
കടുപ്പമുള്ളത് മയപ്പെടുത്തണമേ.
ആറിപ്പോയത് ചൂടാക്കണമേ.
വഴിതെറ്റി പ്പോയതു നെര്‍വഴിക്കാക്കണമേ.


അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക് 
അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ.
പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ.
ആമ്മേന്‍ .

Tuesday, 10 July 2012

വിലയുള്ള മനുഷ്യന്‍





മനുഷ്യന്റെ വിലയെന്തെന്ന്‌ അറിയാതെ ജീവിതം പാഴാക്കുന്നവരുടെ ലോകത്തിലാണ്‌ നാമിന്നു കഴിയുന്നത്‌. യഥാര്‍ത്ഥ മനുഷ്യനെ അന്വേഷിച്ച്‌ അലഞ്ഞ ഡയോജിനസ്‌ എന്ന ഗ്രീക്കു ചിന്തകന്‍ മുതല്‍ ഇതാ മനുഷ്യന്‍ എന്നു പറഞ്ഞ പീലാത്തോസില്‍വരെ മനുഷ്യനെക്കുറിച്ചുള്ള അന്വേഷണം നീണ്ടുനില്‍ക്കുന്നതായി കാണാം.

 മനുഷ്യനെ വാലുമുറിഞ്ഞ കുരങ്ങായി ഡാര്‍വിന്‍ നിര്‍വചിച്ചു. ലൈംഗികതയുടെ ഭാ ണ്‌ഡക്കെട്ടായി ഫ്രോയിഡ്‌ വ്യാഖ്യാനിച്ചു. ഭൂമിയുടെ ആവരണത്തിലെ മാരകമായ രോഗമായി മനുഷ്യനെ നീഷെ കണ്ടെത്തി. അപരനെ ചെന്നായായും അഴുകിയ മാംസപിണ്‌ഡമായും കണ്ട ചിന്തകരുമുണ്ട്‌..
 മനുഷ്യനെ നിര്‍മിച്ചവനാണ്‌ മനുഷ്യന്‌ വിലയിടുവാനധികാരമുള്ളത്‌. മനുഷ്യനെ മെനഞ്ഞെടുത്ത്‌ ദൈവം മനുഷ്യനിട്ട വിലയാണ്‌ ഏശയ്യാ 43 ല്‍ 4:5 വചനങ്ങളില്‍ കൊ ടുത്തിരിക്കുന്നത്‌. ``നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമായതുകൊണ്ട്‌ നിനക്കു പകരമായ മനുഷ്യരെയും നിന്റെ ജീവനുപകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.'' വിലയില്ലാത്ത ജീവിതമെന്നു കരുതി വിലപിക്കുന്നവര്‍ക്കായുള്ള തമ്പുരാന്റെ സദ്വാര്‍ത്തയാണ്‌ ഈ തിരുവചനം. പറമ്പില്‍ പണിയെടു ത്തു വിയര്‍ത്തവരോടും അടുക്കളയില്‍ പാത്രം കഴുകി തളര്‍ന്നവരോടുമൊക്കെ ഈ വചനം കര്‍ത്താവ്‌ ആവര്‍ത്തിക്കുന്നു.



ഉല്‍പത്തി പുസ്‌തകം 1:26 ല്‍ നാം കാണുന്നു.
നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിക്കാം. ദൈവത്തിന്റെ ഛായയാണ്‌ നമ്മള്‍. ദൈവത്തിന്റെ സ്വഭാവമായ സ്‌നേഹത്തില്‍ നിര്‍മിക്കപ്പെട്ടവരാണ്‌ നമ്മള്‍. അതിനാല്‍ നമ്മള്‍ ദൈവമക്കളെന്ന്‌ വിളിക്കപ്പെടുന്നു. സ്വന്തം പിതാവ്‌ പ്രശസ്‌തനും സല്‍സ്വഭാവിയുമാണെങ്കില്‍ മക്കളെത്രമാത്രം സന്തോഷിക്കും. അങ്ങനെയങ്കില്‍ പിതാവായ ദൈവത്തിന്റെ മക്കളാണു നമ്മളെന്ന തിരിച്ചറിവ്‌ എത്രമാത്രം നമ്മെ സന്തോഷിപ്പിക്കണം. ഇതാ ഞാന്‍ നിന്നെ എന്റെ ഉള്ളം കൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു (ഏശയ്യ 49:16). വികൃതമെന്നു കരുതിയ, വൈരൂപ്യമെന്നു മുദ്രകുത്തപ്പെട്ട ഞാന്‍ തമ്പുരാന്റെ ഉള്ളംകൈയില്‍ പച്ച കുത്തപ്പെട്ട വ്യ ക്തിത്വമാണെന്ന തിരിച്ചറിവ്‌ എത്ര ആനന്ദദായകമാണ്‌. അമ്മ മറന്നാലും മറക്കാത്ത ദൈവത്തിന്റെ കരുതല്‍ എന്നെ ശക്തിപ്പെടുത്തണം. എട്ടാം സങ്കീര്‍ത്തനത്തിന്റെ അഞ്ചാം വാക്യത്തി ല്‍ പറയുന്നു, ദൈവദൂതന്മാരെക്കാള്‍ അല്‌പംമാത്രം താഴ്‌ത്തി മഹത്വവും ബഹുമാനവും കൊ ണ്ട്‌ മനുഷ്യനെ മകുടമണിയിച്ചു.

വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളില്‍ മുഴുവന്‍ വിശുദ്ധരേ എന്നാണ്‌ മനുഷ്യന്‍ അഭിസംബോധന ചെയ്യപ്പെടുന്നത്‌. എത്രമാത്രം വീഴ്‌ചകളും താഴ്‌ചകളുമുണ്ടായാലും വിശുദ്ധിയിലേക്ക്‌ വളരുവാനുള്ള സാധ്യത നമ്മിലുണ്ട്‌. ഇന്നലെകളിലെ വാക്കുകളെ മറന്ന്‌ ഇന്നത്തെ പ്രവൃത്തിയെ പരിഗണിക്കുന്ന കാലാതീതനായ കര്‍ത്താവിന്റെ മുമ്പിലാണ്‌ നാം നില്‍ക്കുന്നത്‌.

ദൈവത്തിന്റെ അത്ഭുതമാണ്‌ മനുഷ്യന്‍. നാം നമ്മുടെ ശരീരത്തെക്കുറിച്ചു ധ്യാനിച്ചാല്‍ തന്നെ ദൈവത്തിന്റെ അത്ഭുതങ്ങള്‍ കണ്ടെത്താം. ഈ പ്രപഞ്ചത്തിലുള്ള 12കോടി ജീവവര്‍ഗങ്ങളില്‍ സൃഷ്‌ടിയുടെ മകുടമാണ്‌ മനുഷ്യന്‍. ഹൃദയത്തിന്റെ ഒരു ചെറിയ വാല്‍വുപോലും മാറ്റിവയ്‌ക്കുവാന്‍ ഭീമമായ തുക ചെലവാക്കണമെങ്കില്‍ ഓരോ ജീവകോശവും എത്ര വിലപ്പെട്ടതായിരിക്കും. ജന്മം നല്‍കിയ സ്രഷ്‌ടാവിനു നന്ദി പറഞ്ഞ്‌ നല്‍കപ്പെട്ട ജീവിതത്തെ വിലപ്പെട്ടതായി കണ്ട്‌ നമുക്ക്‌ ജീവിക്കാം

Monday, 9 July 2012

പ്രതീകങ്ങളും അടയാളങ്ങളും(രൂപത്തിലും പ്രതിമയിലും തൊട്ടുമുത്തിയുള്ള വിശ്വാസം)



നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വന്ദ്യരായ മാലാഖമാരുടെയും സകല വിശുദ്ധരുടെയും ചായംകൊണ്ടു വരച്ചതോ മറ്റു വസ്‌തുക്കള്‍ക്കൊണ്ടു നിര്‍മിച്ചതോ ആയ വന്ദ്യവും വിശുദ്ധവുമായ രൂപങ്ങള്‍ ദൈവത്തിന്റെ വിശുദ്ധ ആലയങ്ങളിലും വിശുദ്ധ പാത്രങ്ങളിലും വസ്‌ത്രങ്ങളിലും ഭിത്തികളിലും വീടുകളിലും തെരുവുകളിലും പ്രദര്‍ശിപ്പിക്കണമെന്ന്‌ എ.ഡി. 325ലെ നിഖ്യാ സൂനഹദോസ്‌ ഓര്‍മിപ്പിക്കുന്നു.

``ഞാന്‍ ഒരു വിശ്വാസിയാണ്‌. എന്നാല്‍ രൂപത്തിലും പ്രതിമയിലും തൊട്ടുമുത്തിയുള്ള വിശ്വാസത്തിന്‌ ഞാനില്ല.'' നവീകരണത്തിലേക്ക്‌ കടന്നുവന്നുവെന്നവകാശപ്പെട്ട ഒരു കത്തോലിക്കാ വീട്ടമ്മ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിവ. പ്രതിമയിലും രൂപത്തിലും തൊട്ടുമുത്തിയുള്ള വിശ്വാസം ശരിയായ വിശ്വാസമല്ലെന്നാണല്ലോ അവരുടെ വാക്കുകള്‍ ധ്വനിപ്പിക്കുന്നത്‌. അങ്ങനെയെങ്കില്‍ ദേവാലയങ്ങളിലെയും മറ്റും രൂപങ്ങളില്‍ തൊട്ടുമുത്തുന്ന അനേകം വിശ്വാസികള്‍ ശരിയായ വിശ്വാസത്തിന്റെ പാതയിലല്ലെന്ന്‌ പറയേണ്ടിവരും. ഏതായാലും ഈ വീട്ടമ്മയുടെ വാക്കുകള്‍ യഥാര്‍ത്ഥമായ കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമാണ്‌. സഭയിലെ അടയാളങ്ങളെയും പ്രതീകങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ്‌ ഇതിനു കാരണം.

ഇന്ന്‌ അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള തെറ്റായ ഒരു ചിന്താഗതിയാണിത്‌. പ്രതീകങ്ങളും അടയാളങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത്‌ യുക്തിരഹിതമാണെന്നുമാണ്‌ ഇക്കൂട്ടര്‍ ധരിച്ചുവച്ചിരിക്കുന്നത്‌. `വിഗ്രഹങ്ങളെ ആരാധിക്കരുത്‌' എന്നു പറഞ്ഞുകൊണ്ട്‌ വിശുദ്ധ ഗ്രന്ഥത്തിലെ പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും ഭാഗങ്ങളെ പദാനുപദവ്യാഖ്യാനം നടത്തുന്ന ചില പെന്തക്കൊസ്‌തുകാരുടെ സ്വാധീനവും ഇതിനു പിന്നിലുണ്ടായേക്കാം. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വ്യക്തമായി പഠിപ്പിക്കുന്നത്‌ അദൃശ്യനും അഗ്രാഹ്യനുമായ ദൈവത്തെ ചിത്രീകരിക്കാന്‍ പ്രതീകചിത്രങ്ങള്‍ക്ക്‌ കഴിവില്ലെന്നാണ്‌. എന്നാല്‍, ദൈവപുത്രന്റെ മനുഷ്യാവതാരം പ്രതീകരൂപങ്ങളുടെ ഒരു പുതിയ `പദ്ധതി'ക്ക്‌ തുടക്കം കുറിച്ചു. വിശുദ്ധ ലിഖിതം വാക്കുകളിലൂടെ വിനിമയം ചെയ്യുന്ന അതേ സുവിശേഷ സന്ദേശം ക്രിസ്‌തീയ പ്രതീകചിത്രകല രൂപങ്ങളിലൂടെ പ്രകാശിപ്പിക്കുന്നുവെന്നും മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (സി.സി.സി, നമ്പര്‍ 1159, നമ്പര്‍ 1160).
സഭയുടെ യുക്തി അവഗണിക്കപ്പെടുന്നു?

അടയാളങ്ങളെയും പ്രതീകങ്ങളെയും തിരസ്വരൂപങ്ങളെയും ബന്ധപ്പെടുത്തി പറയുമ്പോള്‍ പലരും സഭയുടെ യുക്തി അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌. കത്തോലിക്കാസഭ പരമ്പരാഗതമായി പഠിപ്പിച്ചുപോരുന്ന പല പ്രതീകങ്ങളെയും അടയാളങ്ങളെയും വിശ്വാസികള്‍ എന്നഭിമാനിക്കുന്നവര്‍തന്നെ പലപ്പോഴും തള്ളിക്കളയാറുണ്ട്‌. സഭയുടെ യുക്തിയും സഭാചരിത്രവും മനസിലാക്കാന്‍ പരാജയപ്പെടുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗരസ്‌ത്യസഭയിലെ അവസാനത്തെ സഭാപിതാവായ വിശുദ്ധ ജോണ്‍ ഡമഷീന്റെ വാക്കുകളില്‍ തിരുസ്വരൂപവണക്കത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ യുക്തി നമുക്കു കണ്ടെത്താനാകും. അദ്ദേഹം പറയുന്നു: ``ദൈവം അശരീരിയായതുകൊണ്ട്‌ മുമ്പ്‌ അവിടുത്തെ രൂപം ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ദൈവം മാംസം ധരിക്കുകയും നമ്മുടെയിടയില്‍ വസിക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങനെ ദൃശ്യനായ ദൈവത്തെയാണ്‌ ഞാന്‍ രൂപത്തിലൂടെ അവതരിപ്പിക്കുന്നത്‌. ഞാന്‍ വസ്‌തുവിനെയല്ല അതിന്റെ സ്രഷ്‌ടാവിനെയാണ്‌- എനിക്കുവേണ്ടി വസ്‌തുവായിത്തീര്‍ന്നവനെയാണ്‌ വണങ്ങുന്നത്‌... എന്റെ രക്ഷ നേടിത്തന്ന എല്ലാ വസ്‌തുക്കളെയും ഞാന്‍ ആദരിക്കുകയും വണങ്ങുകയും ചെയ്യും. കാരണം അവയെല്ലാം ശക്തിദായകവും കൃപാദായകവുമാണ്‌. കുരിശിന്റെ തടി, വിശുദ്ധ ഗ്രന്ഥത്തിലെ അക്ഷരങ്ങളിലെ മഷി, ജീവന്റെ അപ്പം വിളമ്പുന്ന രക്ഷാദായകമായ ബലിപീഠം, സര്‍വോപരി നമ്മുടെ കര്‍ത്താവിന്റെ ശരീരവും രക്തവും എല്ലാമെല്ലാം വസ്‌തുക്കളല്ലേ? വസ്‌തുക്കളെ നിന്ദിക്കരുത്‌. അതു നിന്ദ്യമല്ല. കാരണം ദൈവം സൃഷ്‌ടിച്ചവയൊന്നും നിന്ദ്യമല്ല.'' തിരുസ്വരൂപവണക്കത്തെപ്പറ്റിയുള്ള സഭയുടെ യുക്തി ആദിമസഭയിലെ ഈ വിശുദ്ധന്റെ വാക്കുകളില്‍നിന്ന്‌ വളരെ സ്‌പഷ്‌ടമാണ്‌. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വന്ദ്യരായ മാലാഖമാരുടെയും സകല വിശുദ്ധരുടെയും ചായംകൊണ്ടു വരച്ചതോ മറ്റു വസ്‌തുക്കള്‍ക്കൊണ്ടു നിര്‍മിച്ചതോ ആയ വന്ദ്യവും വിശുദ്ധവുമായ രൂപങ്ങള്‍ ദൈവത്തിന്റെ വിശുദ്ധ ആലയങ്ങളിലും വിശുദ്ധ പാത്രങ്ങളിലും വസ്‌ത്രങ്ങളിലും ഭിത്തികളിലും വീടുകളിലും തെരുവുകളിലും പ്രദര്‍ശിപ്പിക്കണമെന്ന്‌ എ.ഡി.325 ലെ നിഖ്യാ സൂനഹദോസ്‌ ഓര്‍മിപ്പിക്കുന്നുണ്ട്‌.

ആരാധനക്രമത്തിലെ പ്രതീകാത്മകത
സ്വര്‍ഗത്തിന്റെ പ്രതിരൂപമാണ്‌ സഭയെന്ന്‌ പറയാറുണ്ട്‌. സ്വര്‍ഗീയ ആരാധനയുടെ പ്രതിരൂപമാണ്‌ ഭൗമികാരാധന. പ്രത്യേകിച്ച്‌ പരിശുദ്ധ കുര്‍ബാന. പ്രതീകാത്മകതയിലൂടെയാണ്‌ വിശ്വാസികള്‍ സ്വര്‍ഗീയാരാധനയില്‍ പങ്കെടുക്കുന്നത്‌. പരിശുദ്ധ കുര്‍ബാന സ്വര്‍ഗസൗഭാഗ്യത്തിന്റെ മുന്നാസ്വാദനമാണ്‌. ക്രൈസ്‌തവചൈതന്യം നുകര്‍ന്നെടുത്തുകൊണ്ട്‌ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നത്‌ പ്രതീകങ്ങളും അടയാളങ്ങളുമാണ്‌. ഉദാഹരണമായി വിശുദ്ധ കുര്‍ബാനയ്‌ക്കുപയോഗിക്കുന്ന ധൂപം, തിരുവസ്‌ത്രങ്ങള്‍, തിരികള്‍, ഗാനങ്ങള്‍ തുടങ്ങിയവ അര്‍ത്ഥവത്തായ രീതിയില്‍ വിശുദ്ധ ബലിയില്‍ സംബന്ധിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നവയാണ്‌.

ദേവാലയത്തിന്റെ പ്രതീകാത്മകതയും ഇതിനോടു ചേര്‍ന്നുപോകുന്നവയാണ്‌. പൗരസ്‌ത്യ ക്രൈസ്‌തവരുടെ വീക്ഷണത്തില്‍ ദേവാലയം പ്രപഞ്ചത്തെ മുഴുവന്‍ സൂചിപ്പിക്കുന്നു. മദ്‌ബഹാ സ്വര്‍ഗീയജറുസലെമായും വിശ്വാസികള്‍ നില്‍ക്കുന്ന സ്ഥലമായ ഹൈക്കല ഭൂമിയായും വചനവേദി അഥവാ ബേമ്മ ഭൗമികജറുസലെമായും ആണ്‌ കണക്കാക്കപ്പെടുന്നത്‌. അങ്ങനെ ആരാധകര്‍ ദേവാലയത്തില്‍ സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം അനുഭവിക്കുന്നു. ബലിപീഠവും കുരിശും കുരിശടയാളവും ശാരീരികാനുഷ്‌ഠാനങ്ങളും വിശുദ്ധ ബലിയെ ചൈതന്യവത്തായി അവതരിപ്പിക്കുന്നവയാണ്‌.

ഇന്ന്‌ ദേവാലയത്തിന്റെയും ആരാധനക്രമത്തിന്റെയും പ്രതീകാത്മകത നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ്‌ നമുക്ക്‌ കാണാന്‍ സാധിക്കുന്നത്‌. സഭയുടെ യുക്തി പലപ്പോഴും ഇവിടെ അവഗണിക്കപ്പെടുന്നു. പ്രതീകങ്ങളെക്കുറിച്ച്‌ ചില അജപാലകരും വിശ്വാസികളും വെച്ചുപുലര്‍ത്തുന്ന മുന്‍വിധികളും തെറ്റിദ്ധാരണയും അജ്ഞതയുമാണിതിനു കാരണം. തല്‍ഫലമായി അര്‍ത്ഥവത്തായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അന്ധവിശ്വാസമെന്നപോലെ പുറത്താക്കപ്പെടുന്നു. സഭയുടെ യുക്തിക്കു പകരമായി സ്വന്തം യുക്തിയെ പ്രതിഷ്‌ഠിക്കുമ്പോഴാണ്‌ ഇത്തരത്തിലുള്ള അപകടം സംഭവിക്കുന്നത്‌.
ഉദാഹരണമായി വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ വചനവേദി അഥവാ ബേമ്മ. എന്നാല്‍ ഇന്ന്‌ പലരും മുന്‍വിധികളുടെ പേരില്‍ വചനവേദി എന്ന അര്‍ത്ഥവത്തായ ഈ പ്രതീകത്തെ തള്ളിക്കളയുകയാണ്‌ ചെയ്യുന്നത്‌. ഈയൊരു പശ്ചാത്തലത്തില്‍ സഭാപ്രബോധനങ്ങള്‍ വചനവേദിയെക്കുറിച്ച്‌ എന്താണു പറയുന്നതെന്ന്‌ അന്വേഷിക്കുന്നത്‌ യുക്തമായിരിക്കും.


വചനവേദിയുടെ പ്രാധാന്യം
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വി. കുര്‍ബാനയില്‍ വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ സ്‌പഷ്‌ടമായി പറയുന്നുണ്ട്‌. ``വിശുദ്ധ കുര്‍ബാനയുടെ ആഘോഷം നൂറ്റാണ്ടുകളിലൂടെ നമ്മുടെ കാലഘട്ടം വരെ പരിരക്ഷിക്കപ്പെട്ട ഒരു മൗലികഘടനയനുസരിച്ചാണ്‌ വികസിച്ചു വന്നത്‌. മൗലികമായ ഐക്യമുള്ള രണ്ടു വലിയ ഭാഗങ്ങള്‍ അതായത്‌, വചനശുശ്രൂഷാസമ്മേളനം, സ്‌തോത്രയാഗശുശ്രൂഷ എന്നിവ അതിനുണ്ട്‌. വചനശുശ്രൂഷയും സ്‌തോത്രയാഗശുശ്രൂഷയും ഒന്നിച്ച്‌ `ആരാധനയുടെ ഒറ്റപ്രവൃത്തി' ആയി രൂപപ്പെടുന്നു. വിശുദ്ധ കുര്‍ബാനയില്‍ നമുക്കായി സജ്ജീകരിക്കപ്പെട്ട വിരുന്നുമേശ ദൈവവചനത്തിന്റെയും കര്‍ത്താവിന്റെ ശരീരത്തിന്റെയും വിരുന്നുമേശയാണ്‌ (സിസിസി, നമ്പര്‍ 1346). വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ വേറൊരു ഭാഗത്തും മതബോധനഗ്രന്ഥം സൂചിപ്പിക്കുന്നുണ്ട്‌. ``വചനശുശ്രൂഷയുടെ സന്ദര്‍ഭത്തില്‍ ജനങ്ങളുടെ ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനുവേണ്ടി ദൈവത്തിന്റെ സന്ദേശം അറിയിക്കുവാന്‍ ഉചിതമായ ഒരു സ്ഥാനം ദേവാലയത്തില്‍ ഉണ്ടായിരിക്കണമെന്ന്‌ ദൈവവചനത്തിന്റെ മഹത്വം ആവശ്യപ്പെടുന്നു'' (സിസിസി, നമ്പര്‍ 1184). റോമന്‍ കുര്‍ബാനത്തക്‌സയുടെ പൊതുനിര്‍ദ്ദേശങ്ങളില്‍ നിന്നാണ്‌ മതബോധനഗ്രന്ഥം വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്‌.

തിരുസഭയുടെ സാര്‍വത്രിക സൂനഹദോസായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും വചനവേദിയുടെ പ്രാധാന്യത്തെപ്പറ്റി പറയുന്നു. ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖ ഇങ്ങനെ പഠിപ്പിക്കുന്നു. ``ദിവ്യബലിയുടെ രണ്ട്‌ ഭാഗങ്ങളെന്നപോലെ സ്ഥിതി ചെയ്യുന്ന ദൈവവചനശുശ്രൂഷയും ബലിയര്‍പ്പണശുശ്രൂഷയും ഒരൊറ്റ ദൈവാരാധനയാകത്തക്കവിധം അ ത്ര ഗാഢമായി യോജിച്ചാണിരിക്കുന്നത്‌'' (എസ്‌സി, 56). ക്രിസ്‌തുവിന്റെ ശരീരമാകുന്ന മേശയെക്കുറിച്ചും ദൈവവചനമാകുന്ന മേശയെക്കുറിച്ചും ദൈവാവിഷ്‌ക്കരണത്തെക്കുറിച്ചുള്ള പ്രമാണരേഖയും പറയുന്നുണ്ട്‌. ``സംപൂജ്യമായ ആരാധനക്രമത്തില്‍, ജീവ ന്റെ അപ്പം ക്രിസ്‌തുവിന്റെ ശരീരമാകുന്ന മേശയില്‍ നിന്നെന്നപോലെ ദൈവവചനമാകുന്ന മേശയില്‍ നിന്നും സ്വീകരിച്ച്‌ വിശ്വാസികള്‍ക്ക്‌ വിതരണം ചെ യ്യുന്ന വിശുദ്ധ പാരമ്പര്യങ്ങളോട്‌ ചേര്‍ന്ന്‌ വിശുദ്ധ ലിഖിതങ്ങളെയും വിശ്വാസത്തിന്റെ പരമമാനദണ്‌ഡമായി സഭ എന്നും കരുതിപ്പോന്നിട്ടുണ്ട്‌'' (ഡിവി, 21).

വചനശുശ്രൂഷയും ദിവ്യകാരുണ്യശുശ്രൂഷയും തമ്മില്‍ അവഗാഢം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ദൈവവചനത്തിന്റെയും ക്രിസ്‌തുശരീരത്തിന്റെതുമായ രണ്ടു മേശകളില്‍നിന്ന്‌ സഭ ജീവന്റെ അപ്പം സ്വീകരിക്കുകയും വിശ്വാസികള്‍ക്ക്‌ നല്‍കുകയും ചെയ്യുന്നുവെന്ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ തന്റെ സിനഡനന്തര ശ്ലൈഹികാഹ്വാനമായ `സ്‌നേഹത്തിന്റെ കൂദാശ'യില്‍ പറയുന്നുണ്ട്‌ (നമ്പര്‍ 44).പൗരസ്‌ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം 1996 ജനുവരി ആറാം തിയതി പുറപ്പെടുവിച്ച ലിറ്റര്‍ജിയും പൗരസ്‌ത്യ കാനന്‍സംഹിതയും' എന്ന ഉദ്‌ബോധനത്തില്‍ വചനവേദിയെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: ``ഗ്രീക്ക്‌ ക്രൈസ്‌തവ പാരമ്പര്യമനുസരിച്ച്‌ ദേവാലയത്തിലെ ഹൈക്കലയില്‍ (വിശ്വാസികള്‍ നില്‍ക്കുന്ന സ്ഥലം) ശ്രദ്ധേയമായ രീതിയില്‍ തറയില്‍നിന്ന്‌ ഉയര്‍ന്നുനില്‍ക്കുന്ന ഒരു സ്ഥിരം സംവിധാനമാണ്‌ വചനവേദി. `ആംബോ' എന്നാണ്‌ വചനവേദിക്കു പറയുന്ന പേര്‌. ആംബോയില്‍ നിന്ന്‌ സുവിശേഷം പ്രഘോഷിക്കപ്പെട്ടിരുന്നു. സുവിശേഷപ്രസംഗവും നടത്തിയിരുന്നു. ഇതിനു സമാനമായി സുറിയാനിപ്പള്ളികളില്‍ `ബേമ്മ'യാണുള്ളത്‌. പള്ളിയുടെ മധ്യത്തില്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന ഈ സ്ഥലത്ത്‌ മെത്രാന്റെയും വൈദികന്റെയും ഇരിപ്പിടങ്ങള്‍, സ്ലീവ, സുവിശേഷഗ്രന്ഥം, മെഴുകുതിരികള്‍ എന്നിവയോടുകൂടിയ `ഗോല്‍ഗോഥാ' എന്നറിയപ്പെടുന്ന ചെറിയ ബലിപീഠം എന്നിവ ഉണ്ട്‌'' (നമ്പര്‍ 105).

പ്രതീകങ്ങളുടെ അര്‍ത്ഥം വീണ്ടെടുക്കണം
പ്രതീകങ്ങളെ അവഗണിക്കാനുള്ള പ്രവണത ഇന്ന്‌ കേരളസഭയില്‍ പൊതുവെ ദൃശ്യമാണ്‌. ആരാധനക്രമത്തിലെ പ്രതീകങ്ങളെ അവഗണിക്കുക മാത്രമല്ല നിന്ദിക്കുകയും ചെയ്യാന്‍ പലരും ഉത്സാഹം കാണിക്കാറുണ്ട്‌. ഭൂമിയില്‍ ആയിരിക്കുന്ന നമ്മെ സ്വര്‍ഗീയാരാധനയില്‍ പങ്കുചേരാന്‍ സഹായിക്കുന്ന സഭയുടെ മാധ്യമമാണ്‌ ആരാധനക്രമമെന്നും ആരാധനക്രമത്തില്‍ ഉപയോഗിച്ചിരിക്കുന്ന ദൃശ്യമായ അടയാളങ്ങള്‍ വഴിയാണ്‌ നാം സ്വര്‍ഗീയാരാധനയില്‍ ബന്ധപ്പെടുന്നതെന്നും മിശിഹായോ സഭയോ സ്ഥാപിച്ചിട്ടുള്ളതാണ്‌ ആരാധനക്രമത്തിലെ അടയാളങ്ങളും പ്രതീകങ്ങളുമെന്ന ഉള്‍ക്കാഴ്‌ച നഷ്‌ടപ്പെടുന്നതുകൊണ്ടാണ്‌ പലരും പ്രതീകങ്ങള്‍ക്കെതിരെ തിരിയുന്നത്‌. തല്‍ഫലമായി സഭയുടെ യുക്തി അവഗണിക്കപ്പെട്ടു പോകുന്നു.

ചിലരെ സംബന്ധിച്ചിടത്തോളം പ്രതീകങ്ങള്‍ പൗരസ്‌ത്യമാണ്‌. അതിനാല്‍ത്തന്നെ അത്‌ അനാചാരവും അനാവശ്യവുമാണ്‌ എന്ന തെറ്റായ നിഗമനത്തില്‍ പലരും എത്തിച്ചേരുന്നു. ഇത്തരത്തിലുള്ള അന്ധമായ `പൗരസ്‌ത്യവിരോധം' വാസ്‌തവത്തില്‍ യുക്തിരഹിതമാണ്‌. പൗരസ്‌ത്യസഭകളുടെ പ്രത്യേകതയാണ്‌ പ്രതീകങ്ങളുടെ സമ്പന്നത. പാശ്ചാത്യസഭ ഇതിനെ ആദരവോടും ബഹുമാനത്തോടും കൂടിയാണ്‌ വീക്ഷിക്കുന്നത്‌. ഉദാഹരണമായി വചനവേദി (ബേമ്മ) യുടെ കാര്യമെടുക്കാം. പൗരസ്‌ത്യസഭകളിലെ ഒരു പഴഞ്ചന്‍ പ്രതീകം എന്ന രീതിയിലാണ്‌ വിശുദ്ധ കുര്‍ബാനയിലെ ബേമ്മയുടെ ഉപയോഗത്തെ പലരും അന്ധമായി എതിര്‍ക്കുന്നത്‌. എന്നാല്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ 2010 സെപ്‌റ്റംബര്‍ മുപ്പതിന്‌ പുറപ്പെടുവിച്ച ദൈവവചനത്തെക്കുറിച്ചുള്ള സിനഡനന്തര ശ്ലൈഹികാഹ്വാനമായ `കര്‍ത്താവിന്റെ വചന'ത്തില്‍ വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. ``ദൈവവചനം പ്രഘോഷിക്കുന്ന ആരാധനക്രമപരമായ ഇടം എന്ന നിലയില്‍ ഉയര്‍ന്ന പീഠത്തിന്‌ (ബേമ്മ) പ്രത്യേകശ്രദ്ധ നല്‍കേണ്ടതാണ്‌. വ്യക്തമായി കാണാവുന്ന ഒരു സ്ഥലത്തുവേണം അതു സ്ഥാപിക്കാന്‍. വചനശുശ്രൂഷയുടെ സമയത്ത്‌ വിശ്വാസികളുടെ ശ്രദ്ധ സ്വാഭാവികമായി അവിടെ പതിയണം. അള്‍ത്താരയുമായി സൗന്ദര്യശാസ്‌ത്രപരമായി പൊരുത്തപ്പെടുന്ന രീതിയിലായിരിക്കണം അത്‌ അലങ്കരിക്കേണ്ടത്‌. വചനത്തിന്റെ മേശയുടെയും ദിവ്യകാരുണ്യത്തിന്റെ മേശയുടെയും ദൈവശാസ്‌ത്രപരമായ പ്രാധാന്യം ദൃശ്യമായി അവതരിപ്പിക്കാന്‍ വേണ്ടിയാണിത്‌'' (കര്‍ത്താവിന്റെ വചനം, നമ്പര്‍ 68). സുവിശേഷപ്രദക്ഷിണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നുണ്ട്‌. പ്രാരംഭച്ചടങ്ങുകളുടെ സമയത്ത്‌ സുവിശേഷഗ്രന്ഥം പ്രദക്ഷിണമായി സംവഹിക്കുകയും പിന്നീട്‌ ഡീക്കനോ വൈദികനോ പ്രഘോഷണത്തിനുവേണ്ടി പീഠത്തിലേക്ക്‌ (ബേമ്മ) ആഘോഷപൂര്‍വം കൊണ്ടുവരികയും വേണമെന്ന്‌ മാര്‍പാപ്പ ആവശ്യപ്പെടുന്നുണ്ട്‌. വചനത്തില്‍ ആരാധനക്രമത്തിലെ ഉന്നതഘട്ടം സുവിശേഷവായനയാണെന്ന്‌ മനസിലാക്കാന്‍ ദൈവജനത്തെ ഇതു സഹായിക്കുമെന്ന്‌ അദ്ദേഹം പ്രത്യാശിക്കുന്നു (നമ്പര്‍ 67).

ക്രിസ്‌തുസംഭവം നമുക്കായി അവതരിപ്പിച്ച്‌ സമ്പൂര്‍ണ ക്രിസ്‌ത്വനുഭവം നല്‍കുകയും രക്ഷാകരകര്‍മ്മം പൂര്‍ത്തിയാക്കുകയും ചെയ്യുന്ന പ്രതീകാത്മകസംവിധാനമാണ്‌ സഭയുടെ ആരാധനക്രമവും അതിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാനയും. വിശുദ്ധ കുര്‍ബാനയിലെ അടയാളങ്ങളും പ്രതീകങ്ങളുമെല്ലാം ദൈവജനത്തെ സഹായിക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളാണ്‌. സഭയുടെ പ്രതീകങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നത്‌ സാര്‍വ്വത്രിക സഭയുടെ പ്രബോധനാധികാരത്തി ന്റെ ആഗ്രഹവും പ്രതീക്ഷയുമാണ്‌. ആഗോളതലത്തില്‍ സെക്കുലര്‍വത്‌ക്കരണം- അതായത്‌ മതപരമായ പ്രതീകങ്ങളെയും അടയാളങ്ങളെയും പൊതുസമൂഹത്തില്‍നിന്ന്‌ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍- ഇന്ന്‌ ശക്തിപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ആരാധനാക്രമപ്രതീകങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. വിശുദ്ധ കുര്‍ബാനയുടെ അര്‍ത്ഥതലങ്ങളെയും പ്രതീകങ്ങളുടെ സമ്പന്നതയെയും കുറിച്ച്‌ സഭയുടെ പ്രബോധനാധികാരത്തോടും പാരമ്പര്യത്തോടും ചേര്‍ന്നുനിന്ന്‌ മനസിലാക്കുക എന്നതാണ്‌ ഇതിനുള്ള പ്രതിവിധി.

Sunday, 8 July 2012

ശരീരശുദ്ധിയുടെ ജപം



കന്യകകളുടെ രാജ്ഞിയായ മറിയമേ, കന്യാവ്രതത്തിന്‌ ഭംഗം വരാതെ ജീവിച്ചവളേ, ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക്‌ സംവഹിക്കപ്പെട്ടവളേ, ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധമായി പരിപാലിക്കുവാനും മറ്റുള്ളവരുടെ ശരീരങ്ങളെ ആദരവോടെ നോക്കിക്കാണുവാനുമുള്ള അനുഗ്രഹ ത്തിനായി അമ്മയുടെ മാധ്യസ്ഥം ഞങ്ങള്‍ യാചിക്കുന്നു. ശരീരമാണ്‌ ഒരുവന്റെ വിശുദ്ധിയുടെ അടയാളമെന്ന സത്യം മനസ്സിലാക്കി കൂടുതല്‍ വിശുദ്ധരായി ജീവിക്കുവാനുള്ള വിവേകം ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അമ്മ നല്‌കിയാലും..

Friday, 6 July 2012

വാ.മറിയം ത്രേസ്യ


ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ ഭാരത സഭയിലെ ഏറ്റവും വലിയ 'മിസ്റ്റിക്ക്' ആണ്. മദറിന്റെ ജീവചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ ഏറെ സ്പർശിച്ചത് മദർ അഭിമുഖീകരിച്ച വിമർശനങ്ങളും തെറ്റിദ്ധാരണകളുമാണ്. എല്ലാ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ആളുകളെ കാണിക്കാനാണ് എന്നു കരുതി രൂപതാധ്യക്ഷൻ അതിനു വിലക്കേർപ്പെടുത്തി. ആഴ്ചയിലൊരിക്കൽ മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ എന്ന് അദ്ദേഹം നിഷ്‌കർഷിച്ചു. ക്രിസ്തുവിന്റെ തിരുമുറിവുകൾ ശരീരത്തിലേറ്റുവാങ്ങി വേദനകൊണ്ടു പിടയുമ്പോഴും ആളുകൾ അത് തട്ടിപ്പായും മാനസിക വിഭ്രാന്തിയായും മുദ്രകുത്തി.

സ്വന്തം ആത്മീയപിതാവിനോടുള്ള ബന്ധംപോലും സംശയത്തിനും അപവാദത്തിനും കാരണമായി. തൃശൂരിൽ ഒരു മഠം സ്ഥാപിച്ചപ്പോൾ അവിടുത്തെ ആത്മീയ മക്കളെ കാണാൻ പോകാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടു. പുത്തൻവേലിക്കരയ്ക്ക് പുറത്ത് പോകരുതെന്നുള്ള കല്പന.

സ്വന്തം കുടുംബാംഗങ്ങൾക്കുപോലും അവളെ ഉൾക്കൊള്ളാനായില്ല.... എന്നിട്ടും മദർ മറിയം ത്രേസ്യാ തളർന്നില്ല. ഏഴു പതിറ്റാണ്ടുകൾക്കപ്പുറത്തെ കേരളീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരു സ്ത്രീക്കും ചെയ്യാൻ കഴിയാത്തത് അവൾ ചെയ്തു. സംശയത്തിന്റെയും വിമർശനത്തിന്റെയും പരിഹാസത്തിന്റെയും തീക്കനലുകൾക്കു മുകളിലൂടെ നിർഭയം നടന്ന അവൾ മഠം സ്ഥാപിക്കുന്നതിനും കന്യാസ്ത്രീയാകുന്നതിനും മുൻപുതന്നെ വലിയൊരു മിഷനറിയായിരുന്നു. അക്കാലത്തെ അവിവാഹിതയായ ഒരു ഗ്രാമീണ പെൺകുട്ടിക്ക് ചിന്തിക്കുവാൻപോലും ആകാത്ത കാര്യങ്ങൾ അവൾ ചെയ്തു. ഭവനങ്ങളിൽ കടന്നുചെന്ന് രോഗികളെ ശുശ്രൂഷിച്ചു. മദ്യപാനികളെയും വഴിതെറ്റിയവരെയും ഉപദേശിച്ചു മാനസാന്തരപ്പെടുത്തി. ജനങ്ങളുടെ മാനസാന്തരത്തിനായി കഠിനമായ സഹനങ്ങൾ ഏറ്റെടുത്ത് തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു.

ആരും പോകാത്ത വഴിയിലൂടെ സഞ്ചരിക്കാനും ആക്ഷേപങ്ങൾ അവഗണിച്ച് മുന്നേറാനും മദറിനെ ശക്തിപ്പെടുത്തിയതെന്താണ്? 'തന്റെ ആത്മമണവാളനായ ക്രിസ്തുവിനോടുള്ള സ്‌നേഹം.'

വിമർശനങ്ങളിലും പ്രതിബന്ധങ്ങളിലും മടുത്തു പിന്മാറുന്നത് ക്രിസ്തുവിനോടുള്ള സ്‌നേഹം കുറച്ചും സ്വയംസ്‌നേഹം കൂടുതലും ആയതുകൊണ്ടാണ്. രാത്രിയുടെ അന്ധകാരത്തെയും കാവൽനില്ക്കുന്ന പട്ടാളക്കാരെയും ഭയപ്പെടാതെ അതിരാവിലെ യേശുവിന്റെ കല്ലറയിലേക്ക് മഗ്ദലനാമറിയം ഓടി. കാരണം, സ്‌നേഹം ഭയത്തെ അറിയുന്നില്ല. വിമർശനങ്ങളും അപമാനവും ഒറ്റപ്പെടലുകളും നാം ഭയപ്പെടുന്നു. എല്ലാവരുടെയും അംഗീകാരവും സ്‌നേഹവും നമ്മുടെ ലക്ഷ്യമായിത്തീരുകയും ചെയ്യുന്നു. ഇക്കാരണത്താൽ ക്രിസ്തുവിനായി നിലകൊള്ളാൻ നമുക്കു പറ്റുന്നില്ല. അന്യായമെന്ന് തോന്നാവുന്ന തീരുമാനങ്ങളെയും തന്നെ നിസഹായയാക്കി മാറ്റുന്ന നടപടികളെയും ചോദ്യം ചെയ്യാതെ അനുസരിക്കാൻ മദറിന് ശക്തി നല്കിയതെന്താണ്? ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന ബോധ്യവും സ്വന്തം ആഗ്രഹങ്ങളെക്കാളുപരിയായി ദൈവതിരുമനസ് നിറവേറണമെന്ന ചിന്തയുംതന്നെ. പരിശുദ്ധ ദൈവമാതാവ് യൗസേപ്പ് പിതാവിനാൽ തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ ശാന്തത വെടിഞ്ഞില്ല. മദർ മറിയം ത്രേസ്യായും പരിശുദ്ധ അമ്മയെ അനുകരിച്ച് ശാന്തതയോടെ തെറ്റിദ്ധാരണകളെ സ്വീകരിച്ചു. ''വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ ഞാൻ കർത്താവിൽ ആശ്രയിച്ചു'' എന്ന് സങ്കീർത്തകൻ പറയുന്നതുപോലെ തന്നെ. 

മദർ മറിയം ത്രേസ്യായ്ക്കുണ്ടായ അപമാനങ്ങളും തെറ്റിദ്ധാരണകളും അവളെ പുണ്യപൂർണതയിലേക്ക് വളർത്തി. അതുപോലെ നമുക്കുണ്ടായ തെറ്റിദ്ധാരണകളും ആക്ഷേപങ്ങളും നമ്മെ ആത്മീയമായി ഉയർത്തിയിട്ടുണ്ടോ? അതോ തളർത്തുകയാണോ ചെയ്തത്? പരാതിയും പിറുപിറുപ്പും സ്വയം നീതീകരിക്കാനുള്ള ബദ്ധപ്പാടും ധിക്കാരത്തോടെയുള്ള പ്രതികരണവും അനുസരിക്കാൻ സന്നദ്ധമാകാത്ത മനസും നമുക്ക് നഷ്ടപ്പെടുത്തിക്കളഞ്ഞ പുണ്യങ്ങൾ എത്രയധികമാണ്!


സര്‍വ്വ നന്മ സ്വരൂപിയായ ത്രിതൈക ദൈവമേ,
അങ്ങേ നേരെയുള്ള സ്നേഹത്താല്‍ കത്തി ജ്വലിക്കുകയും 
സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് 
അഗതികള്‍ക്കും ആര്‍ത്തര്‍ക്കും അത്താണി യാകുകയും കുടുംബങ്ങളെ
 ക്രൈസ്തവ ചൈതന്യത്താല്‍ നിറക്കുവാന്‍ ജീവിതം സമര്‍പ്പിക്കുകയും
 ചെയ്ത അങ്ങേ വിശ്വസ്തദാസിയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ 
വിശുദ്ധയായി തിരുസഭയില്‍ വണങ്ങപ്പെടുവാന്‍ കൃപചെയ്യണമേ.വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെപോലെ ശാന്തതയോടും എളിമയോടുംകൂടി ആക്ഷേപങ്ങളും തെറ്റിദ്ധാരണകളും സ്വീകരിക്കാൻ ഞങ്ങളെയും പഠിപ്പിക്കേണമേ. 
പരിശുദ്ധ കന്യകമറിയമേ,വിശുദ്ധ യൌസേപ്പ് പിതാവേ ,
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ 
അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ഈശോയില്‍ 
നിന്നും ഞങ്ങള്‍ക്ക് ലഭിച്ച് തരണമെ. ആമ്മേന്‍ .
1 സ്വര്‍ഗ, 1 നന്മ ,1 ത്രിത്വ

ബന്ധന പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീടത്തിങ്കല്‍ വെയ്ക്കുന്നു . 
ആമ്മേന്‍.
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22