അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Monday 9 July 2012

പ്രതീകങ്ങളും അടയാളങ്ങളും(രൂപത്തിലും പ്രതിമയിലും തൊട്ടുമുത്തിയുള്ള വിശ്വാസം)



നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വന്ദ്യരായ മാലാഖമാരുടെയും സകല വിശുദ്ധരുടെയും ചായംകൊണ്ടു വരച്ചതോ മറ്റു വസ്‌തുക്കള്‍ക്കൊണ്ടു നിര്‍മിച്ചതോ ആയ വന്ദ്യവും വിശുദ്ധവുമായ രൂപങ്ങള്‍ ദൈവത്തിന്റെ വിശുദ്ധ ആലയങ്ങളിലും വിശുദ്ധ പാത്രങ്ങളിലും വസ്‌ത്രങ്ങളിലും ഭിത്തികളിലും വീടുകളിലും തെരുവുകളിലും പ്രദര്‍ശിപ്പിക്കണമെന്ന്‌ എ.ഡി. 325ലെ നിഖ്യാ സൂനഹദോസ്‌ ഓര്‍മിപ്പിക്കുന്നു.

``ഞാന്‍ ഒരു വിശ്വാസിയാണ്‌. എന്നാല്‍ രൂപത്തിലും പ്രതിമയിലും തൊട്ടുമുത്തിയുള്ള വിശ്വാസത്തിന്‌ ഞാനില്ല.'' നവീകരണത്തിലേക്ക്‌ കടന്നുവന്നുവെന്നവകാശപ്പെട്ട ഒരു കത്തോലിക്കാ വീട്ടമ്മ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിവ. പ്രതിമയിലും രൂപത്തിലും തൊട്ടുമുത്തിയുള്ള വിശ്വാസം ശരിയായ വിശ്വാസമല്ലെന്നാണല്ലോ അവരുടെ വാക്കുകള്‍ ധ്വനിപ്പിക്കുന്നത്‌. അങ്ങനെയെങ്കില്‍ ദേവാലയങ്ങളിലെയും മറ്റും രൂപങ്ങളില്‍ തൊട്ടുമുത്തുന്ന അനേകം വിശ്വാസികള്‍ ശരിയായ വിശ്വാസത്തിന്റെ പാതയിലല്ലെന്ന്‌ പറയേണ്ടിവരും. ഏതായാലും ഈ വീട്ടമ്മയുടെ വാക്കുകള്‍ യഥാര്‍ത്ഥമായ കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമാണ്‌. സഭയിലെ അടയാളങ്ങളെയും പ്രതീകങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ്‌ ഇതിനു കാരണം.

ഇന്ന്‌ അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള തെറ്റായ ഒരു ചിന്താഗതിയാണിത്‌. പ്രതീകങ്ങളും അടയാളങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത്‌ യുക്തിരഹിതമാണെന്നുമാണ്‌ ഇക്കൂട്ടര്‍ ധരിച്ചുവച്ചിരിക്കുന്നത്‌. `വിഗ്രഹങ്ങളെ ആരാധിക്കരുത്‌' എന്നു പറഞ്ഞുകൊണ്ട്‌ വിശുദ്ധ ഗ്രന്ഥത്തിലെ പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും ഭാഗങ്ങളെ പദാനുപദവ്യാഖ്യാനം നടത്തുന്ന ചില പെന്തക്കൊസ്‌തുകാരുടെ സ്വാധീനവും ഇതിനു പിന്നിലുണ്ടായേക്കാം. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വ്യക്തമായി പഠിപ്പിക്കുന്നത്‌ അദൃശ്യനും അഗ്രാഹ്യനുമായ ദൈവത്തെ ചിത്രീകരിക്കാന്‍ പ്രതീകചിത്രങ്ങള്‍ക്ക്‌ കഴിവില്ലെന്നാണ്‌. എന്നാല്‍, ദൈവപുത്രന്റെ മനുഷ്യാവതാരം പ്രതീകരൂപങ്ങളുടെ ഒരു പുതിയ `പദ്ധതി'ക്ക്‌ തുടക്കം കുറിച്ചു. വിശുദ്ധ ലിഖിതം വാക്കുകളിലൂടെ വിനിമയം ചെയ്യുന്ന അതേ സുവിശേഷ സന്ദേശം ക്രിസ്‌തീയ പ്രതീകചിത്രകല രൂപങ്ങളിലൂടെ പ്രകാശിപ്പിക്കുന്നുവെന്നും മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (സി.സി.സി, നമ്പര്‍ 1159, നമ്പര്‍ 1160).
സഭയുടെ യുക്തി അവഗണിക്കപ്പെടുന്നു?

അടയാളങ്ങളെയും പ്രതീകങ്ങളെയും തിരസ്വരൂപങ്ങളെയും ബന്ധപ്പെടുത്തി പറയുമ്പോള്‍ പലരും സഭയുടെ യുക്തി അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌. കത്തോലിക്കാസഭ പരമ്പരാഗതമായി പഠിപ്പിച്ചുപോരുന്ന പല പ്രതീകങ്ങളെയും അടയാളങ്ങളെയും വിശ്വാസികള്‍ എന്നഭിമാനിക്കുന്നവര്‍തന്നെ പലപ്പോഴും തള്ളിക്കളയാറുണ്ട്‌. സഭയുടെ യുക്തിയും സഭാചരിത്രവും മനസിലാക്കാന്‍ പരാജയപ്പെടുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗരസ്‌ത്യസഭയിലെ അവസാനത്തെ സഭാപിതാവായ വിശുദ്ധ ജോണ്‍ ഡമഷീന്റെ വാക്കുകളില്‍ തിരുസ്വരൂപവണക്കത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ യുക്തി നമുക്കു കണ്ടെത്താനാകും. അദ്ദേഹം പറയുന്നു: ``ദൈവം അശരീരിയായതുകൊണ്ട്‌ മുമ്പ്‌ അവിടുത്തെ രൂപം ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ദൈവം മാംസം ധരിക്കുകയും നമ്മുടെയിടയില്‍ വസിക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങനെ ദൃശ്യനായ ദൈവത്തെയാണ്‌ ഞാന്‍ രൂപത്തിലൂടെ അവതരിപ്പിക്കുന്നത്‌. ഞാന്‍ വസ്‌തുവിനെയല്ല അതിന്റെ സ്രഷ്‌ടാവിനെയാണ്‌- എനിക്കുവേണ്ടി വസ്‌തുവായിത്തീര്‍ന്നവനെയാണ്‌ വണങ്ങുന്നത്‌... എന്റെ രക്ഷ നേടിത്തന്ന എല്ലാ വസ്‌തുക്കളെയും ഞാന്‍ ആദരിക്കുകയും വണങ്ങുകയും ചെയ്യും. കാരണം അവയെല്ലാം ശക്തിദായകവും കൃപാദായകവുമാണ്‌. കുരിശിന്റെ തടി, വിശുദ്ധ ഗ്രന്ഥത്തിലെ അക്ഷരങ്ങളിലെ മഷി, ജീവന്റെ അപ്പം വിളമ്പുന്ന രക്ഷാദായകമായ ബലിപീഠം, സര്‍വോപരി നമ്മുടെ കര്‍ത്താവിന്റെ ശരീരവും രക്തവും എല്ലാമെല്ലാം വസ്‌തുക്കളല്ലേ? വസ്‌തുക്കളെ നിന്ദിക്കരുത്‌. അതു നിന്ദ്യമല്ല. കാരണം ദൈവം സൃഷ്‌ടിച്ചവയൊന്നും നിന്ദ്യമല്ല.'' തിരുസ്വരൂപവണക്കത്തെപ്പറ്റിയുള്ള സഭയുടെ യുക്തി ആദിമസഭയിലെ ഈ വിശുദ്ധന്റെ വാക്കുകളില്‍നിന്ന്‌ വളരെ സ്‌പഷ്‌ടമാണ്‌. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വന്ദ്യരായ മാലാഖമാരുടെയും സകല വിശുദ്ധരുടെയും ചായംകൊണ്ടു വരച്ചതോ മറ്റു വസ്‌തുക്കള്‍ക്കൊണ്ടു നിര്‍മിച്ചതോ ആയ വന്ദ്യവും വിശുദ്ധവുമായ രൂപങ്ങള്‍ ദൈവത്തിന്റെ വിശുദ്ധ ആലയങ്ങളിലും വിശുദ്ധ പാത്രങ്ങളിലും വസ്‌ത്രങ്ങളിലും ഭിത്തികളിലും വീടുകളിലും തെരുവുകളിലും പ്രദര്‍ശിപ്പിക്കണമെന്ന്‌ എ.ഡി.325 ലെ നിഖ്യാ സൂനഹദോസ്‌ ഓര്‍മിപ്പിക്കുന്നുണ്ട്‌.

ആരാധനക്രമത്തിലെ പ്രതീകാത്മകത
സ്വര്‍ഗത്തിന്റെ പ്രതിരൂപമാണ്‌ സഭയെന്ന്‌ പറയാറുണ്ട്‌. സ്വര്‍ഗീയ ആരാധനയുടെ പ്രതിരൂപമാണ്‌ ഭൗമികാരാധന. പ്രത്യേകിച്ച്‌ പരിശുദ്ധ കുര്‍ബാന. പ്രതീകാത്മകതയിലൂടെയാണ്‌ വിശ്വാസികള്‍ സ്വര്‍ഗീയാരാധനയില്‍ പങ്കെടുക്കുന്നത്‌. പരിശുദ്ധ കുര്‍ബാന സ്വര്‍ഗസൗഭാഗ്യത്തിന്റെ മുന്നാസ്വാദനമാണ്‌. ക്രൈസ്‌തവചൈതന്യം നുകര്‍ന്നെടുത്തുകൊണ്ട്‌ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നത്‌ പ്രതീകങ്ങളും അടയാളങ്ങളുമാണ്‌. ഉദാഹരണമായി വിശുദ്ധ കുര്‍ബാനയ്‌ക്കുപയോഗിക്കുന്ന ധൂപം, തിരുവസ്‌ത്രങ്ങള്‍, തിരികള്‍, ഗാനങ്ങള്‍ തുടങ്ങിയവ അര്‍ത്ഥവത്തായ രീതിയില്‍ വിശുദ്ധ ബലിയില്‍ സംബന്ധിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നവയാണ്‌.

ദേവാലയത്തിന്റെ പ്രതീകാത്മകതയും ഇതിനോടു ചേര്‍ന്നുപോകുന്നവയാണ്‌. പൗരസ്‌ത്യ ക്രൈസ്‌തവരുടെ വീക്ഷണത്തില്‍ ദേവാലയം പ്രപഞ്ചത്തെ മുഴുവന്‍ സൂചിപ്പിക്കുന്നു. മദ്‌ബഹാ സ്വര്‍ഗീയജറുസലെമായും വിശ്വാസികള്‍ നില്‍ക്കുന്ന സ്ഥലമായ ഹൈക്കല ഭൂമിയായും വചനവേദി അഥവാ ബേമ്മ ഭൗമികജറുസലെമായും ആണ്‌ കണക്കാക്കപ്പെടുന്നത്‌. അങ്ങനെ ആരാധകര്‍ ദേവാലയത്തില്‍ സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം അനുഭവിക്കുന്നു. ബലിപീഠവും കുരിശും കുരിശടയാളവും ശാരീരികാനുഷ്‌ഠാനങ്ങളും വിശുദ്ധ ബലിയെ ചൈതന്യവത്തായി അവതരിപ്പിക്കുന്നവയാണ്‌.

ഇന്ന്‌ ദേവാലയത്തിന്റെയും ആരാധനക്രമത്തിന്റെയും പ്രതീകാത്മകത നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ്‌ നമുക്ക്‌ കാണാന്‍ സാധിക്കുന്നത്‌. സഭയുടെ യുക്തി പലപ്പോഴും ഇവിടെ അവഗണിക്കപ്പെടുന്നു. പ്രതീകങ്ങളെക്കുറിച്ച്‌ ചില അജപാലകരും വിശ്വാസികളും വെച്ചുപുലര്‍ത്തുന്ന മുന്‍വിധികളും തെറ്റിദ്ധാരണയും അജ്ഞതയുമാണിതിനു കാരണം. തല്‍ഫലമായി അര്‍ത്ഥവത്തായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അന്ധവിശ്വാസമെന്നപോലെ പുറത്താക്കപ്പെടുന്നു. സഭയുടെ യുക്തിക്കു പകരമായി സ്വന്തം യുക്തിയെ പ്രതിഷ്‌ഠിക്കുമ്പോഴാണ്‌ ഇത്തരത്തിലുള്ള അപകടം സംഭവിക്കുന്നത്‌.
ഉദാഹരണമായി വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ വചനവേദി അഥവാ ബേമ്മ. എന്നാല്‍ ഇന്ന്‌ പലരും മുന്‍വിധികളുടെ പേരില്‍ വചനവേദി എന്ന അര്‍ത്ഥവത്തായ ഈ പ്രതീകത്തെ തള്ളിക്കളയുകയാണ്‌ ചെയ്യുന്നത്‌. ഈയൊരു പശ്ചാത്തലത്തില്‍ സഭാപ്രബോധനങ്ങള്‍ വചനവേദിയെക്കുറിച്ച്‌ എന്താണു പറയുന്നതെന്ന്‌ അന്വേഷിക്കുന്നത്‌ യുക്തമായിരിക്കും.


വചനവേദിയുടെ പ്രാധാന്യം
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വി. കുര്‍ബാനയില്‍ വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ സ്‌പഷ്‌ടമായി പറയുന്നുണ്ട്‌. ``വിശുദ്ധ കുര്‍ബാനയുടെ ആഘോഷം നൂറ്റാണ്ടുകളിലൂടെ നമ്മുടെ കാലഘട്ടം വരെ പരിരക്ഷിക്കപ്പെട്ട ഒരു മൗലികഘടനയനുസരിച്ചാണ്‌ വികസിച്ചു വന്നത്‌. മൗലികമായ ഐക്യമുള്ള രണ്ടു വലിയ ഭാഗങ്ങള്‍ അതായത്‌, വചനശുശ്രൂഷാസമ്മേളനം, സ്‌തോത്രയാഗശുശ്രൂഷ എന്നിവ അതിനുണ്ട്‌. വചനശുശ്രൂഷയും സ്‌തോത്രയാഗശുശ്രൂഷയും ഒന്നിച്ച്‌ `ആരാധനയുടെ ഒറ്റപ്രവൃത്തി' ആയി രൂപപ്പെടുന്നു. വിശുദ്ധ കുര്‍ബാനയില്‍ നമുക്കായി സജ്ജീകരിക്കപ്പെട്ട വിരുന്നുമേശ ദൈവവചനത്തിന്റെയും കര്‍ത്താവിന്റെ ശരീരത്തിന്റെയും വിരുന്നുമേശയാണ്‌ (സിസിസി, നമ്പര്‍ 1346). വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ വേറൊരു ഭാഗത്തും മതബോധനഗ്രന്ഥം സൂചിപ്പിക്കുന്നുണ്ട്‌. ``വചനശുശ്രൂഷയുടെ സന്ദര്‍ഭത്തില്‍ ജനങ്ങളുടെ ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനുവേണ്ടി ദൈവത്തിന്റെ സന്ദേശം അറിയിക്കുവാന്‍ ഉചിതമായ ഒരു സ്ഥാനം ദേവാലയത്തില്‍ ഉണ്ടായിരിക്കണമെന്ന്‌ ദൈവവചനത്തിന്റെ മഹത്വം ആവശ്യപ്പെടുന്നു'' (സിസിസി, നമ്പര്‍ 1184). റോമന്‍ കുര്‍ബാനത്തക്‌സയുടെ പൊതുനിര്‍ദ്ദേശങ്ങളില്‍ നിന്നാണ്‌ മതബോധനഗ്രന്ഥം വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്‌.

തിരുസഭയുടെ സാര്‍വത്രിക സൂനഹദോസായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും വചനവേദിയുടെ പ്രാധാന്യത്തെപ്പറ്റി പറയുന്നു. ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖ ഇങ്ങനെ പഠിപ്പിക്കുന്നു. ``ദിവ്യബലിയുടെ രണ്ട്‌ ഭാഗങ്ങളെന്നപോലെ സ്ഥിതി ചെയ്യുന്ന ദൈവവചനശുശ്രൂഷയും ബലിയര്‍പ്പണശുശ്രൂഷയും ഒരൊറ്റ ദൈവാരാധനയാകത്തക്കവിധം അ ത്ര ഗാഢമായി യോജിച്ചാണിരിക്കുന്നത്‌'' (എസ്‌സി, 56). ക്രിസ്‌തുവിന്റെ ശരീരമാകുന്ന മേശയെക്കുറിച്ചും ദൈവവചനമാകുന്ന മേശയെക്കുറിച്ചും ദൈവാവിഷ്‌ക്കരണത്തെക്കുറിച്ചുള്ള പ്രമാണരേഖയും പറയുന്നുണ്ട്‌. ``സംപൂജ്യമായ ആരാധനക്രമത്തില്‍, ജീവ ന്റെ അപ്പം ക്രിസ്‌തുവിന്റെ ശരീരമാകുന്ന മേശയില്‍ നിന്നെന്നപോലെ ദൈവവചനമാകുന്ന മേശയില്‍ നിന്നും സ്വീകരിച്ച്‌ വിശ്വാസികള്‍ക്ക്‌ വിതരണം ചെ യ്യുന്ന വിശുദ്ധ പാരമ്പര്യങ്ങളോട്‌ ചേര്‍ന്ന്‌ വിശുദ്ധ ലിഖിതങ്ങളെയും വിശ്വാസത്തിന്റെ പരമമാനദണ്‌ഡമായി സഭ എന്നും കരുതിപ്പോന്നിട്ടുണ്ട്‌'' (ഡിവി, 21).

വചനശുശ്രൂഷയും ദിവ്യകാരുണ്യശുശ്രൂഷയും തമ്മില്‍ അവഗാഢം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ദൈവവചനത്തിന്റെയും ക്രിസ്‌തുശരീരത്തിന്റെതുമായ രണ്ടു മേശകളില്‍നിന്ന്‌ സഭ ജീവന്റെ അപ്പം സ്വീകരിക്കുകയും വിശ്വാസികള്‍ക്ക്‌ നല്‍കുകയും ചെയ്യുന്നുവെന്ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ തന്റെ സിനഡനന്തര ശ്ലൈഹികാഹ്വാനമായ `സ്‌നേഹത്തിന്റെ കൂദാശ'യില്‍ പറയുന്നുണ്ട്‌ (നമ്പര്‍ 44).പൗരസ്‌ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം 1996 ജനുവരി ആറാം തിയതി പുറപ്പെടുവിച്ച ലിറ്റര്‍ജിയും പൗരസ്‌ത്യ കാനന്‍സംഹിതയും' എന്ന ഉദ്‌ബോധനത്തില്‍ വചനവേദിയെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: ``ഗ്രീക്ക്‌ ക്രൈസ്‌തവ പാരമ്പര്യമനുസരിച്ച്‌ ദേവാലയത്തിലെ ഹൈക്കലയില്‍ (വിശ്വാസികള്‍ നില്‍ക്കുന്ന സ്ഥലം) ശ്രദ്ധേയമായ രീതിയില്‍ തറയില്‍നിന്ന്‌ ഉയര്‍ന്നുനില്‍ക്കുന്ന ഒരു സ്ഥിരം സംവിധാനമാണ്‌ വചനവേദി. `ആംബോ' എന്നാണ്‌ വചനവേദിക്കു പറയുന്ന പേര്‌. ആംബോയില്‍ നിന്ന്‌ സുവിശേഷം പ്രഘോഷിക്കപ്പെട്ടിരുന്നു. സുവിശേഷപ്രസംഗവും നടത്തിയിരുന്നു. ഇതിനു സമാനമായി സുറിയാനിപ്പള്ളികളില്‍ `ബേമ്മ'യാണുള്ളത്‌. പള്ളിയുടെ മധ്യത്തില്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന ഈ സ്ഥലത്ത്‌ മെത്രാന്റെയും വൈദികന്റെയും ഇരിപ്പിടങ്ങള്‍, സ്ലീവ, സുവിശേഷഗ്രന്ഥം, മെഴുകുതിരികള്‍ എന്നിവയോടുകൂടിയ `ഗോല്‍ഗോഥാ' എന്നറിയപ്പെടുന്ന ചെറിയ ബലിപീഠം എന്നിവ ഉണ്ട്‌'' (നമ്പര്‍ 105).

പ്രതീകങ്ങളുടെ അര്‍ത്ഥം വീണ്ടെടുക്കണം
പ്രതീകങ്ങളെ അവഗണിക്കാനുള്ള പ്രവണത ഇന്ന്‌ കേരളസഭയില്‍ പൊതുവെ ദൃശ്യമാണ്‌. ആരാധനക്രമത്തിലെ പ്രതീകങ്ങളെ അവഗണിക്കുക മാത്രമല്ല നിന്ദിക്കുകയും ചെയ്യാന്‍ പലരും ഉത്സാഹം കാണിക്കാറുണ്ട്‌. ഭൂമിയില്‍ ആയിരിക്കുന്ന നമ്മെ സ്വര്‍ഗീയാരാധനയില്‍ പങ്കുചേരാന്‍ സഹായിക്കുന്ന സഭയുടെ മാധ്യമമാണ്‌ ആരാധനക്രമമെന്നും ആരാധനക്രമത്തില്‍ ഉപയോഗിച്ചിരിക്കുന്ന ദൃശ്യമായ അടയാളങ്ങള്‍ വഴിയാണ്‌ നാം സ്വര്‍ഗീയാരാധനയില്‍ ബന്ധപ്പെടുന്നതെന്നും മിശിഹായോ സഭയോ സ്ഥാപിച്ചിട്ടുള്ളതാണ്‌ ആരാധനക്രമത്തിലെ അടയാളങ്ങളും പ്രതീകങ്ങളുമെന്ന ഉള്‍ക്കാഴ്‌ച നഷ്‌ടപ്പെടുന്നതുകൊണ്ടാണ്‌ പലരും പ്രതീകങ്ങള്‍ക്കെതിരെ തിരിയുന്നത്‌. തല്‍ഫലമായി സഭയുടെ യുക്തി അവഗണിക്കപ്പെട്ടു പോകുന്നു.

ചിലരെ സംബന്ധിച്ചിടത്തോളം പ്രതീകങ്ങള്‍ പൗരസ്‌ത്യമാണ്‌. അതിനാല്‍ത്തന്നെ അത്‌ അനാചാരവും അനാവശ്യവുമാണ്‌ എന്ന തെറ്റായ നിഗമനത്തില്‍ പലരും എത്തിച്ചേരുന്നു. ഇത്തരത്തിലുള്ള അന്ധമായ `പൗരസ്‌ത്യവിരോധം' വാസ്‌തവത്തില്‍ യുക്തിരഹിതമാണ്‌. പൗരസ്‌ത്യസഭകളുടെ പ്രത്യേകതയാണ്‌ പ്രതീകങ്ങളുടെ സമ്പന്നത. പാശ്ചാത്യസഭ ഇതിനെ ആദരവോടും ബഹുമാനത്തോടും കൂടിയാണ്‌ വീക്ഷിക്കുന്നത്‌. ഉദാഹരണമായി വചനവേദി (ബേമ്മ) യുടെ കാര്യമെടുക്കാം. പൗരസ്‌ത്യസഭകളിലെ ഒരു പഴഞ്ചന്‍ പ്രതീകം എന്ന രീതിയിലാണ്‌ വിശുദ്ധ കുര്‍ബാനയിലെ ബേമ്മയുടെ ഉപയോഗത്തെ പലരും അന്ധമായി എതിര്‍ക്കുന്നത്‌. എന്നാല്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ 2010 സെപ്‌റ്റംബര്‍ മുപ്പതിന്‌ പുറപ്പെടുവിച്ച ദൈവവചനത്തെക്കുറിച്ചുള്ള സിനഡനന്തര ശ്ലൈഹികാഹ്വാനമായ `കര്‍ത്താവിന്റെ വചന'ത്തില്‍ വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. ``ദൈവവചനം പ്രഘോഷിക്കുന്ന ആരാധനക്രമപരമായ ഇടം എന്ന നിലയില്‍ ഉയര്‍ന്ന പീഠത്തിന്‌ (ബേമ്മ) പ്രത്യേകശ്രദ്ധ നല്‍കേണ്ടതാണ്‌. വ്യക്തമായി കാണാവുന്ന ഒരു സ്ഥലത്തുവേണം അതു സ്ഥാപിക്കാന്‍. വചനശുശ്രൂഷയുടെ സമയത്ത്‌ വിശ്വാസികളുടെ ശ്രദ്ധ സ്വാഭാവികമായി അവിടെ പതിയണം. അള്‍ത്താരയുമായി സൗന്ദര്യശാസ്‌ത്രപരമായി പൊരുത്തപ്പെടുന്ന രീതിയിലായിരിക്കണം അത്‌ അലങ്കരിക്കേണ്ടത്‌. വചനത്തിന്റെ മേശയുടെയും ദിവ്യകാരുണ്യത്തിന്റെ മേശയുടെയും ദൈവശാസ്‌ത്രപരമായ പ്രാധാന്യം ദൃശ്യമായി അവതരിപ്പിക്കാന്‍ വേണ്ടിയാണിത്‌'' (കര്‍ത്താവിന്റെ വചനം, നമ്പര്‍ 68). സുവിശേഷപ്രദക്ഷിണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നുണ്ട്‌. പ്രാരംഭച്ചടങ്ങുകളുടെ സമയത്ത്‌ സുവിശേഷഗ്രന്ഥം പ്രദക്ഷിണമായി സംവഹിക്കുകയും പിന്നീട്‌ ഡീക്കനോ വൈദികനോ പ്രഘോഷണത്തിനുവേണ്ടി പീഠത്തിലേക്ക്‌ (ബേമ്മ) ആഘോഷപൂര്‍വം കൊണ്ടുവരികയും വേണമെന്ന്‌ മാര്‍പാപ്പ ആവശ്യപ്പെടുന്നുണ്ട്‌. വചനത്തില്‍ ആരാധനക്രമത്തിലെ ഉന്നതഘട്ടം സുവിശേഷവായനയാണെന്ന്‌ മനസിലാക്കാന്‍ ദൈവജനത്തെ ഇതു സഹായിക്കുമെന്ന്‌ അദ്ദേഹം പ്രത്യാശിക്കുന്നു (നമ്പര്‍ 67).

ക്രിസ്‌തുസംഭവം നമുക്കായി അവതരിപ്പിച്ച്‌ സമ്പൂര്‍ണ ക്രിസ്‌ത്വനുഭവം നല്‍കുകയും രക്ഷാകരകര്‍മ്മം പൂര്‍ത്തിയാക്കുകയും ചെയ്യുന്ന പ്രതീകാത്മകസംവിധാനമാണ്‌ സഭയുടെ ആരാധനക്രമവും അതിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാനയും. വിശുദ്ധ കുര്‍ബാനയിലെ അടയാളങ്ങളും പ്രതീകങ്ങളുമെല്ലാം ദൈവജനത്തെ സഹായിക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളാണ്‌. സഭയുടെ പ്രതീകങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നത്‌ സാര്‍വ്വത്രിക സഭയുടെ പ്രബോധനാധികാരത്തി ന്റെ ആഗ്രഹവും പ്രതീക്ഷയുമാണ്‌. ആഗോളതലത്തില്‍ സെക്കുലര്‍വത്‌ക്കരണം- അതായത്‌ മതപരമായ പ്രതീകങ്ങളെയും അടയാളങ്ങളെയും പൊതുസമൂഹത്തില്‍നിന്ന്‌ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍- ഇന്ന്‌ ശക്തിപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ആരാധനാക്രമപ്രതീകങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. വിശുദ്ധ കുര്‍ബാനയുടെ അര്‍ത്ഥതലങ്ങളെയും പ്രതീകങ്ങളുടെ സമ്പന്നതയെയും കുറിച്ച്‌ സഭയുടെ പ്രബോധനാധികാരത്തോടും പാരമ്പര്യത്തോടും ചേര്‍ന്നുനിന്ന്‌ മനസിലാക്കുക എന്നതാണ്‌ ഇതിനുള്ള പ്രതിവിധി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22