അനുഗ്രഹിക്കാന്‍ കാത്തിരിക്കുന്ന ഒരു ദൈവമുള്ളപ്പോഴും പലരുടെയും ജീവിതത്തില്‍ എന്തുകൊണ്ടാണ് പരാജയങ്ങള്‍ തുടര്‍ക്കഥകളാകുന്നത്?
ആത്മീയജീവിതത്തെ കണ്ണീരും സങ്കടവും സഹനവുംമാത്രം നിറഞ്ഞ ഒന്നായിട്ടാണ് പലരും കാണുന്നത്. കണ്ണീരിന്റെ ഈ താഴ്‌വരയില്‍ ഏന്തിയും വലിഞ്ഞും ജീവിച്ച് എങ്ങനെയെങ്കിലും ആത്മാവിനെ രക്ഷിച്ചെടുക്കണമെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍, വിശുദ്ധ യോഹന്നാനിലൂടെ വെളിപ്പെട്ട വചനങ്ങള്‍ ഇങ്ങനെയാണ്. ''വാത്സല്യഭാജനമേ, നിന്റെ ആത്മാവ് ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെതന്നെ, എല്ലാക്കാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെ, എന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (3 യോഹ. 42). വിശുദ്ധ യോഹന്നാന്‍ ശിഷ്യനായ ഗായൂസിന് എഴുതിയ വാക്കുകളാണിവ. അതിനാല്‍ ഭയപ്പെടേണ്ടതില്ല. ദൈവം നമ്മുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ അവിടുന്ന് കാണുന്നുണ്ട്. ആത്മീയജീവിതത്തില്‍ വളരുവാന്‍ നടത്തുന്ന നിരന്തരപരിശ്രമങ്ങള്‍ അവിടുന്ന് അറിയുന്നു. നിനക്കുണ്ടാകുന്ന ഇടര്‍ച്ചകള്‍, വീഴ്ചകള്‍ അവിടുന്ന് വളരെ ആര്‍ദ്രമായി കാണുന്നു. വീണാലും ദൈവം നിന്നെ പിടിച്ചെഴുന്നേല്‍പ്പിക്കും. കാരണം നിന്റെ ആത്മാവ് ക്ഷേമസ്ഥിതിയിലായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.
ആത്മാവിന്റെ ക്ഷേമസ്ഥിതി മാത്രമല്ല അവിടുന്ന് ആഗ്രഹിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഐശ്വര്യമുണ്ടാകണമെന്നത് ദൈവത്തിന്റെ തിരുമനസാണെന്നോര്‍ക്കുക. നീ ഒരു കൃഷിക്കാരനാണെങ്കില്‍ ഈ ജീവിതാന്തസില്‍ ദൈവത്തിനായി ജീവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതേസമയംതന്നെ നിന്റെ കൃഷിയിടം അനുഗ്രഹിക്കപ്പെടണമെന്നതും അവിടുത്തെ ഇഷ്ടമാണ്.
കൃഷിസ്ഥലത്തെ ഫലവൃക്ഷങ്ങള്‍ രോഗബാധിതമാണെങ്കില്‍ മനസുമടുത്ത് പിന്മാറുകയല്ല വേണ്ടത്. കൃഷിയിടത്തെ വീണ്ടും അനുഗ്രഹിക്കാന്‍ സാധിക്കുന്ന സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. അവിടുത്തോട് ചേര്‍ന്ന് അധ്വാനിക്കുക. നിശ്ചയമായും ദൈവം അനുഗ്രഹിക്കും. ഗരാറിന്റെ വരണ്ട ഭൂമിയില്‍ ദൈവകല്പനയനുസരിച്ച് കൃഷിയിറക്കി നൂറുമേനി വിളവെടുത്ത ഇസഹാക്ക് എന്ന കൃഷിക്കാരന്റെ ജീവിതാനുഭവം അതുതന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്.
ഉറപ്പുള്ള വാഗ്ദാനം
ജീവിതസാഹചര്യങ്ങള്‍ എത്ര മോശമാണെങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ല. അനുഗ്രഹിക്കാന്‍ ദൈവം കാത്തിരിക്കുന്നു. അബ്രാഹത്തോട് ദൈവം പറഞ്ഞത്, 'നീ ഒരു അനുഗ്രഹമായിരിക്കും' എന്നാണ് (ഉല്‍. 12:12). എന്നു പറഞ്ഞാല്‍ കുടുംബത്തെയും ദേശത്തെയും അനുഗ്രഹിക്കാന്‍ ദൈവത്തിന്റെ കരങ്ങളിലെ ഒരു മാധ്യമമായി അദ്ദേഹം മാറുന്നു എന്നാണല്ലോ. നിന്നിലൂടെ നിന്റെ കുടുംബത്തെ, ഓഫീസിനെ, വിദ്യാലയത്തെ, നാടിനെ അനുഗ്രഹിക്കാന്‍ ദൈവം ആഗ്രഹിക്കുന്നതിനാല്‍ നിനക്ക് അവിടെ അസ്വസ്ഥതയുണ്ടാക്കുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് നിരന്തരം പ്രാര്‍ത്ഥിക്കുക.
വിശുദ്ധ ഗ്രന്ഥം ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: ''നിന്റെ അധ്വാനഫലം നീ അനുഭവിക്കും. നീ സന്തുഷ്ടനായിരിക്കും; നിനക്ക് നന്മ വരും. നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും. നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍ പോലെയും... നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലേമിന്റെ ഐശ്വര്യം കാണും'' (സങ്കീ 128:2-5). ശ്രദ്ധിച്ച് വായിച്ചാല്‍ മേല്‍പറഞ്ഞ ദൈവവചനത്തില്‍ അനുഗ്രഹത്തിന്റെ ഒരു ക്രമമായ വികാസം കാണുവാന്‍ സാധിക്കും. ആദ്യം നീ അനുഗ്രഹിക്കപ്പെടുന്നു. പിന്നെ നിന്റെ കുടുംബം (ഭാര്യ, മക്കള്‍), അതിനുശേഷം നിന്റെ നാട്. അതിനാല്‍ ലോകദൃഷ്ടിയില്‍ പ്രത്യാശയ്ക്ക് വകയില്ലാത്ത ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഈ വാഗ്ദാനങ്ങള്‍ നല്കിയ ദൈവത്തിന്റെ മുഖത്തേക്ക് ഇപ്പോള്‍ത്തന്നെ നോക്കുക. ഈ വാഗ്ദാനങ്ങള്‍ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക. 'എന്റെ ദൈവത്തിന്റെ കൃപയാല്‍ ഞാന്‍, എന്റെ ജീവിതപങ്കാളി, മക്കള്‍, നാട് അനുഗ്രഹിക്കപ്പെടും.' ദൈവവചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മനസിനെ നിരാശയിലേക്ക് നയിക്കുന്ന ദുഷ്ടാരൂപി ഓടി മറയും, മനസ് ദൈവികമായ പ്രകാശത്താലും ആനന്ദത്താലും നിറയും.
ദൈവത്തിന്റെ സമയത്തിനായുള്ള കാത്തിരിപ്പ്
ഒരുപക്ഷേ, നിങ്ങള്‍ ഇപ്പോള്‍ ഇപ്രകാരം ചിന്തിക്കുന്നുണ്ടാകും. 'ഞാന്‍ ഇങ്ങനെ അനേകതവണ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും എന്റെ ജീവിതത്തില്‍ സ്ഥായിയായ ഒരു മാറ്റവും കാണാത്തതിന് കാരണമെന്താണ്?' ദൈവത്തിന്റെ വചനത്തിനും വാഗ്ദാനത്തിനും മാറ്റമില്ല. എങ്കില്‍ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പല കാരണങ്ങളുണ്ടാകാം. അതില്‍ ഒരു കാരണമിതാണ്. ദൈവം ഓരോരുത്തരെയും അനുഗ്രഹിക്കാന്‍ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തെ എപ്രകാരം പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലഭിക്കുന്ന അനുഗ്രഹവും. ഉദാഹരണമായി, ഒരു വൃദ്ധന് ഇഷ്ടംപോലെ സമയമുണ്ട്. ആ സമയത്തെ അയാള്‍ എപ്രകാരം ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്ന ഐശ്വര്യം. 'എന്നെ ആര്‍ക്കും വേണ്ട, ആരും എന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. ഞാനിവിടെ ഒരു അധികപ്പറ്റാണ്' എന്നൊക്കെ ചിന്തിച്ച് പരാതിയും പിറുപിറുപ്പും ആയി കഴിയുകയാണെങ്കില്‍ അയാള്‍ക്ക് ഒരിക്കലും സന്തോഷമുണ്ടാകുകയില്ല. എപ്പോഴും എന്തിനും മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. അങ്ങനെ അയാളുടെയും ചുറ്റുമുള്ളവരുടെയും ജീവിതം നരകമായിത്തീരുന്നു. എന്നാല്‍ തനിക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി, പേരക്കുട്ടികള്‍ക്കുവേണ്ടി, നാടിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവികമായ ആനന്ദം അയാളുടെ മനസില്‍ നിറയും. അങ്ങനെ അദ്ദേഹം മാത്രമല്ല, കുടുംബം, നാട് ഒക്കെ അനുഗ്രഹിക്കപ്പെടുന്നു. വാര്‍ധക്യത്തിലും ഫലം ചൂടുന്ന വൃക്ഷമായി അദ്ദേഹം മാറുന്നു.
ഒരു ഓഫീസ് ജീവനക്കാരന്‍ അയാളുടെ സമയം എങ്ങനെ ഉപയോഗിക്കണം? കൃത്യസമയത്ത് ഓഫീസില്‍ വരുന്നു. ജോലികളെല്ലാം കൃത്യമായും ആത്മാര്‍ത്ഥമായും തീര്‍ക്കുന്നു. അന്നത്തെ ജോലി തീര്‍ക്കുവാന്‍ വേണ്ടിവന്നാല്‍ വൈകി ഓഫീസിലിരിക്കുന്നു. എങ്കില്‍ അയാളുടെ ജീവിതവും ചുറ്റുമുള്ളവരുടെ ജീവിതവും അനുഗൃഹീതമായി. നേരെ മറിച്ചാണെങ്കിലോ? ഒരു പ്രാവശ്യം ചെന്നാല്‍ സാധിച്ചുകിട്ടേണ്ട കാര്യം സാധിക്കുവാന്‍ അനേകദിവസങ്ങള്‍ ജനങ്ങള്‍ക്ക് ഓഫീസ് കയറി ഇറങ്ങേണ്ടിവരുന്നു. അയാളെ ഉള്ളുകൊണ്ട് അവര്‍ വെറുക്കാനും ശപിക്കാനും തുടങ്ങും. ഫലമോ അയാള്‍ അനുഗ്രഹത്തിനുപകരം ശാപമായിത്തീരുന്നു.
അനുഗ്രഹത്തിന്റെ തടസങ്ങള്‍
ആത്മപരിശോധന നടത്തുക. 'ദൈവം നല്കിയിട്ടുള്ള സമയം അവിടുന്ന് എന്നെ ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടിത്തന്നെയാണോ ഉപയോഗിക്കുന്നത്? കൂടാതെ ദൈവത്തിന് കൊടുക്കേണ്ട സമയം ഞാന്‍ കൊടുക്കുന്നുണ്ടോ?' തീര്‍ച്ചയായും അനുഗ്രഹത്തിന്റെ തടസങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഫലംചൂടി നില്‌ക്കേണ്ട ഒരു വൃക്ഷമായ നീ, ഇപ്പോള്‍ ഇലകള്‍ നഷ്ടപ്പെട്ട് വരണ്ടുണങ്ങി നില്ക്കുന്നതിന്റെ കാരണം മനസിലാക്കാന്‍ അപ്പോള്‍ കഴിയും.
ആത്മീയ ശുശ്രൂഷകര്‍ ദൈവവേലക്കുവേണ്ടിയാണ് അവരുടെ സമയം ഉപയോഗിക്കുന്നത്. എന്നാല്‍, ആത്മപരിശോധന നടത്തുമ്പോള്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. പലരും യഥാര്‍ത്ഥത്തില്‍ സമയം ദൈവത്തിനുവേണ്ടിയല്ല ഉപയോഗിക്കുന്നത്. തങ്ങള്‍ക്കുവേണ്ടിത്തന്നെയാണ്. പണത്തിന്, പ്രശസ്തിക്ക്, സ്ഥാനമാനങ്ങള്‍ക്ക് ഒക്കെവേണ്ടി അവര്‍ അധ്വാനിക്കുന്നു. ഫലമോ, അവരുടെ ജീവിതവും മറ്റുള്ളവരുെട ജീവിതവും ഐശ്വര്യം പ്രാപിക്കുന്നില്ല. എന്നാല്‍ സ്വയം മറന്ന്, ദൈവത്തെ മഹത്വപ്പെടുത്തുന്ന ജീവിതങ്ങളിലൂടെ ദൈവം ഇന്നും അനുഗ്രഹങ്ങള്‍ സമൃദ്ധമായി വര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
ഒരു വ്യക്തിയുടെ ആത്മരക്ഷയുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. ദൈവം നിനക്ക് രക്ഷ പ്രാപിക്കാന്‍ ഇന്ന്, ഇപ്പോള്‍ എന്ന സമയമാണ് നല്കിയിരിക്കുന്നത്. അടുത്ത നിമിഷത്തെക്കുറിച്ച് ഉറപ്പില്ല. അടുത്ത നിമിഷം ജീവിച്ചിരിക്കുമെന്നോ, ഇനി ജീവിച്ചിരുന്നാല്‍ ത്തന്നെ ദൈവം കഴിഞ്ഞ നിമിഷം നല്കിയ കൃപ വീണ്ടും നല്കുമെന്നോ തീര്‍ച്ചയില്ല. അതിനാല്‍ രക്ഷയുടെ ഈ നിമിഷം തന്നെ അത് ഉപയോഗിക്കണം. നാളെയാകട്ടെ എന്ന് വിചാരിച്ച് നീട്ടിവയ്ക്കരുത്.
അനുഗ്രഹിക്കാന്‍ കാത്തുനില്ക്കുന്ന ദൈവം
മനുഷ്യരക്ഷയ്ക്കായി കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിന്റെ ഇരുവശങ്ങളിലും തൂങ്ങിക്കിടന്ന രണ്ടുപേരും കള്ളന്മാരായിരുന്നു. അവരില്‍ ഒരാള്‍ നല്ല കള്ളനും അപരന്‍ തിരസ്‌കൃതനുമായത് എങ്ങനെയാണ്? ഒരുവന്‍ ദൈവം നല്കിയ കൃപയുടെ സമയത്തോട് സഹകരിച്ചു. എന്നിട്ട് ചങ്കുപൊട്ടി ഒരു പ്രാര്‍ത്ഥന നടത്തി. ''യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ.'' ദൈവത്തിന് അതുമാത്രം മതി. അവന്റെ കഴിഞ്ഞകാല ചരിത്രമൊന്നും അവിടുന്ന് ചികഞ്ഞില്ല. അവന്റെ എല്ലാ അപരാധങ്ങളും പൊറുത്തുകൊണ്ട് അവിടുന്ന് അരുളിച്ചെയ്തു. ''സത്യമായി ഞാന്‍ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും'' (ലൂക്കാ 23:43).
അനുഗ്രഹിക്കാന്‍ കാത്തുനില്ക്കുന്ന ദൈവത്തിലേക്ക് ഇപ്പോള്‍ത്തന്നെ മനസ് തിരിക്കുക. മനസിന്റെ മാറ്റമാണ് പ്രധാനപ്പെട്ടത്. ഓര്‍ക്കുക, അനുഗ്രഹങ്ങള്‍ക്ക് ഒരു ഉറവിടമുണ്ട്. 128-ാം സങ്കീര്‍ത്തനം ആരംഭിക്കുന്നത് ഇപ്രകാരമാണ്. ''കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍'' (സങ്കീ 128:1). നീയും നിന്റെ കുടുംബവും അനുഗ്രഹിക്കപ്പെടണമെങ്കില്‍ നീ കര്‍ത്താവിന്റെ വഴികളില്‍ നടക്കണം.
ലോകത്തിന്റെ മുന്‍പില്‍ നീ എത്ര നിസാരനാണെങ്കിലും ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാനാണ് ദൈവം വിളിച്ചിരിക്കുന്നത്. പഴയ നിയമത്തിലെ ഏലീഷാ പ്രവാചകനെ ഓര്‍ക്കുക. ശക്തനായ ഏലിയാ പ്രവാചകന്റെ ഇരട്ടിപ്പങ്ക് അഭിഷേകം പ്രാപിച്ച് ജീവിതകാലത്തും മരണശേഷവും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ വിജയരഹസ്യം എന്താണ്? ദൈവത്തിന്റെ സമയത്തോട് അദ്ദേഹം പൂര്‍ണമായി സഹകരിച്ചു. ഏലിയാ പ്രവാചകനിലൂടെ ദൈവം വിളിച്ചപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ പ്രത്യുത്തരിച്ചു. പിറ്റേദിവസത്തേക്ക് മാറ്റിവച്ചില്ല. വളരെ ചിന്തോദ്ദീപകമായ കാര്യമാണ് അദ്ദേഹം ചെയ്തത്. ''അവന്‍ മടങ്ങിച്ചെന്ന് ഒരേര്‍ കാളയെ കൊന്ന് കലപ്പ കത്തിച്ച് മാംസം വേവിച്ച് ജനത്തിന് കൊടുത്തു'' (1 രാജാ. 19:21). കാളയും കലപ്പയും അദ്ദേഹത്തിന്റെ ജീവിതോപാധിയാണ്, അദ്ദേഹം പ്രത്യാശവച്ചിരുന്ന രണ്ട് കാര്യങ്ങളാണ്. ഇവിടെ ഒരു മനസുമാറ്റം നമ്മള്‍ കാണുന്നു. കാളയില്‍നിന്ന്, കലപ്പയില്‍ നിന്ന് പൂര്‍ണമായും ദൈവത്തിലേക്കുള്ള മനസുതിരിച്ചില്‍. നിനക്കും ഇതുപോലെ ദൈവത്തിന്റെ ശക്തനായ വക്താവായിത്തീരുവാന്‍ സാധിക്കും. പ്രത്യാശ വച്ചിരിക്കുന്ന കാളയെ കൊല്ലുക. അത് പലര്‍ക്കും പലതാകാം. ഭക്ഷണത്തോടുള്ള അമിതാസക്തി, പണമുണ്ടാക്കണം, സുഖിക്കണം എന്ന ചിന്ത, മദ്യാസക്തി, പ്രശസ്തിക്കുവേണ്ടിയുള്ള ദാഹം, മനസില്‍ ഇപ്പോഴും സൂക്ഷിക്കുന്ന വെറുപ്പ്, സഹോദരന്റെ നന്മയിലുള്ള അസൂയ ഇങ്ങനെ എന്തുമാകാം. നിന്റെ കാളയെ കണ്ടെത്തുക, അതിനോട് ദാക്ഷിണ്യം കാണിക്കരുത്. നീ ഇപ്പോള്‍ അതിനെ കൊന്നില്ലെങ്കില്‍ നാളെ അത് നിന്നെ കൊല്ലും. അതിനാല്‍ ഈ രക്ഷയുടെ സമയത്ത് ദൈവത്തോട് 'ആമ്മേന്‍' പറയുക.
പ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ, എന്നെ ഇപ്പോള്‍ വിളിക്കുന്നതിന് നന്ദി പറയുന്നു. ഇപ്പോള്‍ത്തന്നെ പൂര്‍ണമനസോടെ അങ്ങയുടെ പക്കലേക്ക് മനസ് തിരിക്കുവാന്‍ കൃപ നല്കിയാലും. അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങള്‍ സ്വീകരിക്കാനുള്ള തടസങ്ങള്‍ എന്നില്‍ത്തന്നെയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അനുതാപമുള്ള ഹൃദയം എനിക്ക് നല്കിയാലും. അങ്ങയുടെ ആത്മാവിന്റെ ശക്തി എനിക്ക് നല്കണമേ. ശരിയായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുവാന്‍ നാഥാ കൃപ നല്കിയാലും. അങ്ങയെ ഭയപ്പെടാനും അങ്ങയുടെ പാതയില്‍ നടക്കുവാനും എന്നെ അനുഗ്രഹിക്കണമേ. അങ്ങനെ അങ്ങയുടെ അനുഗ്രഹങ്ങളുടെ ഒരു ചാനലായി ഞാന്‍ രൂപാന്തരപ്പെടട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.