അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday, 3 October 2012

കുടുംബത്തെയും തലമുറകളേയും രക്ഷിക്കുന്ന കുമ്പസാരം


ആത്മാര്‍ത്ഥമായ ഒരു കുമ്പസാരത്തിന് വരുംതലമുറകളെവരെ രക്ഷിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയണം.

ഒന്ന് കുമ്പസാരിക്കാന്‍ എനിക്കൊരിടം വേണം.സാന്ത്വനം പകരുന്ന ഒരു നെഞ്ചിന്റെ ചൂട്, സാരമില്ലെന്ന് ആശ്വസിപ്പിക്കാന്‍ ഒരു തലോടല്‍.അല്ലെങ്കില്‍ കണ്ണീരുകൊണ്ട് കഴുകി ചുംബനം കൊണ്ട് തുടയ്ക്കാന്‍ വിശുദ്ധമായ പാദം.

അങ്ങനെയാണ് മേരി, വഴിതെറ്റിപ്പോയ അവള്‍ ഗുരുവിനെ തേടിയെത്തിയത്. അവന്‍ ആ നാട്ടിന്‍പുറങ്ങളില്‍ എന്നുമുണ്ടായിരുന്നു. മുഴങ്ങുന്ന അവന്റെ വചനങ്ങള്‍ക്ക് കാതോര്‍ത്തു പുരുഷാരങ്ങളും. എന്നിട്ടും മേരി അവനെ കണ്ടില്ല.

ഇന്നലെ വരെ എല്ലാവരും മേരിയെത്തേടി എത്തുകയായിരുന്നു.
ഇന്ന് ആദ്യമായി മേരി ഒരാളെ തേടിയെത്തിയിരിക്കുന്നു. ആ വൈകുന്നേരം കഥയാകെ മാറുകയാണ്. ഒരു പൂര്‍ണ കുമ്പസാരം. ഒരുപാട് ഇടറിപ്പോയ അവളുടെ ആദ്യകുമ്പസാരം. അവള്‍ അധികമൊന്നും പറഞ്ഞില്ല. പറഞ്ഞതിലേറെ കരഞ്ഞു. എല്ലാം അറിയുന്ന ദൈവം അവളുടെ പാപം കണ്ടു. അതിനപ്പുറം അനുതപിക്കുന്ന അവളുടെ ഹൃദയം കണ്ടു. ആ ഹൃദയത്തിനുള്ളില്‍ വിശുദ്ധി കണ്ടു. സുവിശേഷം ഈ കണ്ടുമുട്ടല്‍ കോറിയിടുന്നത് ഇങ്ങനെ:
''അവന്‍ ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണത്തിന് ഇരിക്കവേ, ഒരു വെണ്‍ കല്‍ഭരണി നിറയെ വിലയേറിയ ശുദ്ധ നാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ഭരണി തുറന്ന് അത് അവന്റെ ശിരസില്‍ ഒഴിച്ചു'' (മര്‍ക്കോസ് 14:3).

ലൂക്കാ സുവിശേഷകന്‍ കുറച്ചുകൂടി നാടകീയതയോടെ ഈ രംഗം വിവരിക്കുന്നതിങ്ങനെ: ''അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ട് നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു''(ലൂക്കാ 7:38).

ഇത്രയും മനോഹരമായി നിങ്ങളും ഞാനും കുമ്പസാരിച്ചിട്ടില്ല. നമ്മുടെ പാപസങ്കീര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥത കുറഞ്ഞ വാചകങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. കണ്ണുനീര്‍ വീഴാത്ത കുമ്പസാരക്കൂടുകള്‍ ദൈവത്തിന്റെ ഹൃദയം തുറക്കാന്‍ പര്യാപ്തമാണോ എന്ന് പലകുറി ചിന്തിക്കണം നമ്മള്‍.
ഈ ആദ്യകുമ്പസാരത്തിന് സാക്ഷികളായവരോട് ക്രിസ്തു പറഞ്ഞു.

''ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്പം സ്‌നേഹിക്കുന്നു'' (ലൂക്കാ 7:47).
കുമ്പസാരം കഴിഞ്ഞു; ഇനി പാപമോചനം.

''അവന്‍ അവളോട് പറഞ്ഞു. നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു'' (ലൂക്കാ 7:48).
പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ക്ക് പ്രതിഫലം സമാധാനം. ഹൃദയത്തിന്റെ നീറ്റല്‍ അവസാനിച്ചിരിക്കുന്നു. ഈ സായന്തനത്തിന് എന്ത് ഭംഗി! ലോകം കുറേക്കൂടി മനോഹരമായതുപോലെ..
ഉള്ളില്‍ കുടിപാര്‍ത്തിരുന്ന സാത്താന്‍ പടിയിറങ്ങിപ്പോയിരിക്കുന്നു. ശരീരം എന്ന വാക്കിന് പുതിയൊരു അര്‍ത്ഥം.
ദൈവത്തിന്റെ ആലയം. മനസ് നിര്‍മലമായ ഒരു ശ്രീകോവില്‍; അവിടെ ദൈവസ്‌നേഹത്തിന്റെ മന്ത്രണം. ഇത് പുതിയൊരു മേരി. പുതിയ വിശുദ്ധ.
''അവന്‍ അവളോട് പറഞ്ഞു. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക'' (ലൂക്കാ 7:50).
ഓരോ കുമ്പസാരക്കൂടും ഇനി വിശുദ്ധിയില്‍ പുനര്‍ജനിക്കാനുള്ള സങ്കേതങ്ങള്‍. ഓര്‍മിക്കുക, ഉള്ളില്‍ ദൈവത്തോടുള്ള സ്‌നേഹം നിറയാത്ത കുമ്പസാരങ്ങള്‍ വെറും ഏറ്റുപറച്ചിലുകള്‍ മാത്രമായി തരംതാഴ്ന്നുപോകാം. അതുകൊണ്ട്, ഉള്ളുലയുന്ന കുമ്പസാരങ്ങള്‍ക്ക് ഇനി ഹൃദയം ഒരുക്കുക.

ബൈബിള്‍ മറ്റൊരു പെണ്ണിനെ കാട്ടിത്തരുന്നുണ്ട്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരുവള്‍; മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട സ്ത്രീ. അവള്‍ക്കുപിന്നില്‍ ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടമുണ്ട്. ഒരൊറ്റ വാക്കുകൊണ്ട് ക്രിസ്തു പുരുഷാരത്തെ മടക്കി. ''നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ''(യോഹ. 8:7).
അവിടെ അരങ്ങേറുകയാണ് മറ്റൊരു കുമ്പസാരം. ദൈവത്തിനു മുന്നില്‍ തലകുമ്പിട്ടുനില്ക്കുന്ന ഒരു സ്ത്രീ. യേശു പറഞ്ഞു. ''ഞാനും നിന്നെ വിധിക്കുന്നില്ല. പോയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്'' (യോഹ. 8:11).

മറ്റൊരാളെ ക്രിസ്തു വീട്ടില്‍ച്ചെന്ന് കുമ്പസാരിപ്പിക്കുന്നു. അക്കാലം വരെയും സമ്പത്ത് മാത്രം ദൈവം എന്ന് കരുതിയിരുന്ന ഒരാള്‍. പേര് സക്കേവൂസ്. ഒരല്‍പം പൊക്കം മാത്രമായിരുന്നു അയാള്‍ക്ക് കുറവ്. ക്രിസ്തു എന്ന അവധൂതനെ അടുത്തുകാണാന്‍ മരത്തില്‍ കയറുകയാണ് അയാള്‍. ഇലച്ചാര്‍ത്തിനിടയില്‍ ഒളിച്ചിരുന്നിട്ടും ക്രിസ്തു അയാളെ കാണാതിരുന്നില്ല.
അവന്‍ അയാളെ കണ്ടു, വിളിച്ചു, രക്ഷിച്ചു.
''സക്കേവൂസ്, വേഗം ഇറങ്ങിവരിക, ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു''
(ലൂക്കാ 19:5).

സക്കേവൂസിന് സ്വീകാര്യമായിരുന്നു അത്. ക്രിസ്തുവിന്റെ ഒരൊറ്റ വാക്കില്‍ സക്കേവൂസ് അനുതപിച്ചു.
സക്കേവൂസ് എഴുന്നേറ്റ് പറഞ്ഞു. '' കര്‍ത്താവേ, ഇതാ എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ച് എടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു'' (ലൂക്കാ 19:8).
പശ്ചാത്താപം മാത്രമായിരുന്നില്ല അത്. പ്രായശ്ചിത്തവും ഉടനടി ചെയ്തു. പാപിയായ സക്കേവൂസ് ഇതാ, രക്ഷിക്കപ്പെട്ടവരുടെ ഗണത്തില്‍ എത്തിയിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ കുമ്പസാരം.
യേശു അവനോട് പറഞ്ഞു. ''ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു'' (ലൂക്കാ 19:9).
ഓര്‍മിക്കുക, നിന്റെ കുമ്പസാരം നിന്റെ കുടുംബത്തെയും തലമുറകളെയും രക്ഷിക്കും.
മറ്റൊരു ചുങ്കം പിരിവുകാരന്‍; പേര് ലേവി. ക്രിസ്തു അവനെ സ്വന്തം കൂട്ടത്തില്‍ ചേര്‍ത്തുനിര്‍ത്തി. ശിഷ്യരില്‍ ഒരാളായി. വിചിത്രമായ മറ്റൊരു കുമ്പസാരം യോഹന്നാന്‍ വരച്ചുകാട്ടുന്നുണ്ട്. യേശു സമരിയായിലൂടെ കടന്നുപോവുകയാണ്. യാക്കോബിന്റെ കിണര്‍ ആ ഗ്രാമത്തിലാണ്. അവിടെയും പാപത്തില്‍ ജീവിച്ച ഒരുവള്‍ ക്രിസ്തുവിനെ കണ്ടുമുട്ടുന്നുണ്ട്.
യേശു അവളുടെ ഉള്ളം കണ്ടു. അവള്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു. മാത്രമല്ല, സുവിശേഷം സമരിയായില്‍ അറിയിക്കുന്നതും അവളാണ്.
കുമ്പസാരം ഏറ്റുപറച്ചിലാണ്. അനുരഞ്ജനം ആണ്. അതുകൊണ്ടാണ്, സ്‌നാപകയോഹന്നാന്‍ ജോര്‍ദാനില്‍ മാമോദീസ സ്വീകരിച്ചവരോട് പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിച്ചത്.
''യൂദയാ മുഴുവനിലെയും ജറുസലേമിലെയും ജനങ്ങള്‍ അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍ വച്ച് സ്‌നാനം സ്വീകരിച്ചു''. (മര്‍ക്കോസ് 1:5).
ആദിമ ക്രൈസ്തവ സമൂഹത്തിലും കുമ്പസാരം പ്രധാനപ്പെട്ട ഒന്നായിരുന്നു. ''കൂടാതെ, വിശ്വാസം സ്വീകരിച്ച പലരും വന്നു, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ് കുറ്റം സമ്മതിച്ചു'' (അപ്പ. പ്രവ. 19:18).
രോഗം സൗഖ്യപ്പെടാന്‍ പാപം ഏറ്റുപറയുക അനിവാര്യമാണ്. യാക്കോബ് ശ്ലീഹ ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ''നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്'' (യാക്കോബ് 5:16).
പാപിയില്‍നിന്ന് നീതിമാനിലേക്ക് ഒരു കുമ്പസാരക്കൂടിന്റെ അകലം മാത്രം. യോഹന്നാന്‍ നമ്മോട് പറയുന്നു. ''നാം പാപങ്ങള്‍ ഏറ്റുപയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളില്‍നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും'' (1 യോഹ: 1:9).

1 comment:

  1. ഇത് വളരെ മഹത്തരമായ ബ്ലോഗ്‌ ആണ്. ഇതിനായി താങ്കളെ ഒരുക്കിയ ദൈവത്തിനു നന്ദി. താലന്തുകളെ മറ്റുള്ളവര്‍ക്കായി ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കുന്ന താങ്കളെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    ReplyDelete

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22