അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 23 October 2012

വിശുദ്ധ സീത്താ വീട്ടുജോലിക്കാരുടെ മധ്യസ്ഥ


ഇറ്റലിയില്‍ ഉദിച്ച ഒരു നക്ഷത്രമാണ് വിശുദ്ധ സീത്താ. 1212 ലാണ് അവള്‍ ഈ ഭൂമിയിലേക്ക് പിറന്നുവീണത്. ഇറ്റലിയിലെ ടസ്‌കനിയായിരുന്നു ജന്മസ്ഥലം. അവളുടെ വലിയ സമ്പത്ത് നല്ലവരായ മാതാപിതാക്കളായിരുന്നു. ഭൗതികസമ്പത്തിന്റെ കാര്യത്തില്‍ ദരിദ്രമെങ്കിലും പുണ്യസമ്പന്നമായിരുന്നു അവരുടെ ജീവിതം. 12-ാമത്തെ വയസില്‍ സീത്താ ഫാത്തിനെല്ലി കുടുംബത്തിലെ ജോലിക്കാരിയായി.

യഥാര്‍ത്ഥ ദൈവഭക്ത
മുഴുവന്‍സമയവും അവള്‍ എന്തെങ്കിലും ജോലികളില്‍ വ്യാപൃതയായിരുന്നു. തന്റെ ഭക്തകൃത്യങ്ങളില്‍ അവളൊരു മുടക്കവും വരുത്തിയതുമില്ല. തന്റെ കൈയില്‍ ലഭിക്കുന്നതില്‍നിന്ന് പാവപ്പെട്ടവര്‍ക്കായി നല്കാന്‍ എപ്പോഴും അവള്‍ താത്പര്യം കാണിച്ചു. നിസ്വാര്‍ത്ഥമായ സേവനവും അളവറ്റ കാരുണ്യപ്രവൃത്തികളും പലപ്പോഴും സഹസേവകര്‍ക്ക് ഇഷ്ടപ്പെടാതെ വന്നു. അതുനിമിത്തം സീത്തായില്‍ കുറ്റം കണ്ടുപിടിക്കാന്‍ അവര്‍ അവസരം പാര്‍ത്തിരുന്നു. പലപ്പോഴും അവളുടെ പ്രവൃത്തികള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും യജമാനന്റെയടുക്കല്‍ കുറ്റങ്ങളായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. അതിനാല്‍ സീത്താ ശകാരവും ശിക്ഷകളും സഹിക്കേണ്ടിവന്നു. ജോലിയില്‍ അധികഭാരം ചുമത്തി, നിന്ദിക്കപ്പെട്ടു. പക്ഷേ, അതിന് കാരണമാകുന്നവരോടുള്ള സീത്തായുടെ പ്രതികരണം അവളെ കര്‍ത്താവിന് കൂടുതല്‍ പ്രിയങ്കരിയാക്കിത്തീര്‍ക്കുകയാണുണ്ടായത്. കാരണം, തന്നെ വേദനിപ്പിച്ചവരോട്, തന്റെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുപോ ലും നന്ദിഹീനത കാണിച്ചവരോട്, എ ല്ലാം അവള്‍ അല്പംപോലും പകവച്ചുപുലര്‍ത്തിയില്ലെന്നുമാത്രമല്ല അവരെ കൂടുതല്‍ സ്‌നേഹിക്കാനും അവസരം ലഭിക്കുമ്പോഴെല്ലാം സഹായിക്കാനും ശ്രമിക്കുകയും ചെയ്തു. ശ്രദ്ധാര്‍ഹമായ വേറൊരു കാര്യം അവള്‍ക്കുണ്ടായിരുന്ന ശാന്തതയാണ്, ശകാരവും ശിക്ഷയും ഏറ്റുവാങ്ങുമ്പോഴും അവളുടെ ആന്തരികശാന്തി നഷ്ടപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

മാലാഖമാര്‍ അടുക്കളയിലെത്തിയപ്പോള്‍
സീത്തായെക്കുറിച്ച് പറയപ്പെടുന്ന ഒരു സംഭവമിങ്ങനെയാണ്, ഒരിക്കല്‍ അവള്‍ ഭവനത്തിലുണ്ടായിരുന്ന റൊട്ടി പാവപ്പെട്ട ആര്‍ക്കോ ദാനം ചെയ്തു. ഈ വിവരമറിഞ്ഞ സഹസേവകര്‍ 'അതിരുകവിയുന്ന ഈ ദാനധര്‍മ'ത്തിന്റെ കഥ യജമാനനെ അറിയിച്ചു. കാര്യത്തിന്റെ നിജസ്ഥിതി അറിയാനായി വന്ന യജമാനന്‍ കണ്ടത് ഒരു മനോഹരദൃശ്യമാണ്. സീത്തായെ സഹായിക്കാനായി തന്റെ ഭവനത്തിന്റെ അടുക്കളയില്‍ ജോലി ചെയ്യുന്ന മാലാഖമാര്‍! സീത്താ ദൈവത്തിന് പ്രിയങ്കരിയാണെന്ന് ഈ സംഭവം സ്പഷ്ടമാക്കി. അത് യജമാനനെയും ആ കുടുംബത്തെയും സഹസേവകരെയുമെല്ലാം ചിന്തിപ്പിച്ചു.
നാളുകള്‍ കഴിഞ്ഞപ്പോള്‍ സഹസേവകരുടെ വെറുപ്പ് അപ്രത്യക്ഷമായി. യജമാനന്‍ അവളുടെ വിശ്വസ്തതയും സേവനസന്നദ്ധതയും മനസിലാക്കിയതിനാല്‍ ആ ഭവനത്തിലെ എല്ലാക്കാര്യങ്ങളുടെയും മേല്‍വിചാരിപ്പുകാരിയായി അവളെ നിയമിച്ചു. മാത്രവുമല്ല അവളുടെ ഭക്തി ഫാത്തിനെല്ലി കുടുംബത്തെ മുഴുവന്‍ വിശ്വാസത്തിന്റെ ഉണര്‍വിലേക്ക് നയിക്കുകയും ചെയ്തു. അലസരായിരുന്നുകൊണ്ടുള്ള ഭക്തി യഥാര്‍ത്ഥമല്ല എന്നവള്‍ കൂടെക്കൂടെ പറയുമായിരുന്നു. തന്റെ ജോലി ദൈവം തന്നതായിട്ടാണ് അവള്‍ കരുതിയിരുന്നത്. അതിനാല്‍ത്തന്നെ അത് ചെയ്തിരുന്നത് ദൈവത്തോടുള്ള സ്‌നേഹത്തെപ്രതിയായിരുന്നു. എല്ലാക്കാര്യങ്ങളിലും അവള്‍ യജമാനനെയും യജമാനത്തിയെയും അനുസരിച്ചു. അതൊരു പരിഹാരപ്രവൃത്തികൂടിയായി കരുതി. യജമാനന്റെ പ്രീതി സമ്പാദിക്കുന്നതിനുമുന്‍പും അതിനുശേഷവും അവളുടെ പ്രവൃത്തികള്‍ ഒരുപോലെയായിരുന്നു.

അങ്ങനെ അവള്‍ ഫാത്തിനെല്ലി കുടുംബത്തിന്റെ വിശ്വസ്ത സേവികയായി. സീത്താക്ക് വയസ് അറുപതായി. തന്നെ വിശുദ്ധീകരിക്കാന്‍ ദൈവകൃപ തേടിക്കൊണ്ട് അവള്‍ ദിനങ്ങള്‍ ചെലവഴിച്ചു. 1272 ഏപ്രില്‍ 27ന് ഒരുക്കത്തോടെ സ്വര്‍ഗീയപിതാവിന്റെയടുക്കലേക്ക് യാത്രയായപ്പോള്‍ ഫാത്തിനെല്ലി കുടുംബത്തില്‍ നീണ്ട 48 വര്‍ഷത്തെ സേവനം അവള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. അവളുടെ മരണശേഷം ആദ്യം അവളുടെ മാധ്യസ്ഥ്യം തേടാന്‍ തുടങ്ങിയത് ഫാത്തിനെല്ലി കുടുംബംതന്നെയാണ്. 1580 ല്‍ അവളുടെ മൃതശരീരം കല്ലറക്ക് പുറത്തെടുത്തപ്പോള്‍ അത് അഴുകാതെയിരിക്കുന്നതായി കണ്ടെത്തി. പില്ക്കാലത്ത് അവളുടെ മാധ്യസ്ഥ്യംവഴി സംഭവിച്ച 150 അത്ഭുതങ്ങള്‍ക്കുശേഷം 1696 ല്‍ അവളെ തിരുസഭ വിശുദ്ധയായി പ്രഖ്യാപിച്ചു. വീട്ടുജോലിക്കാരുടെ പ്രത്യേക മധ്യസ്ഥയായി സീത്താ വിശേഷിപ്പിക്കപ്പെടുന്നു. ഏപ്രില്‍ 27 നാണ് സഭ ഈ പുണ്യവതിയെ ഓര്‍ക്കുന്നത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22