''പിതാവേ, അവരോടു ക്ഷമിക്കേണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല'' (ലൂക്കാ 23:34)
ഹൃദയവിശുദ്ധിയുള്ളവര്‍ക്കുമാത്രമേ ദൈവ ത്തെ കാണാനാവൂ. അതിനാല്‍ ദിവ്യബലി ആരംഭിക്കുന്നത് അനുരഞ്ജനപ്രാര്‍ത്ഥനയോടെയാണ്. പാപങ്ങളാല്‍ ദൈവവുമായുള്ള ബന്ധത്തില്‍ വീഴ്ച വന്ന നാം അവിടുന്നുമായി അനുരഞ്ജനപ്പെടേണ്ടതുണ്ടല്ലോ. യേശുവും അനുരഞ്ജനപ്രാര്‍ ത്ഥനയോടെയാണ് അവിടുത്തെ ബലി ആരംഭിക്കുന്നത്. ആ പ്രാര്‍ത്ഥനക്ക് നമ്മുടേതില്‍നിന്നും വ്യത്യാസമുണ്ട്. അവിടുത്തേക്ക് ഏറ്റുപറയാന്‍ പാപങ്ങളില്ല. ''നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും?'' (യോഹ. 8:46) അതിനാല്‍ അവിടുത്തെ അനുരഞ്ജനപ്രാര്‍ത്ഥന തന്റെ പാപങ്ങള്‍ക്കുവേണ്ടിയുള്ളതല്ല, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടാന്‍ വേണ്ടിയുള്ളതാണ്.
മറ്റുള്ളവരാണെങ്കില്‍ അവരുടെ കൈകളിലും കാലുകളിലും ആണികള്‍ തുളഞ്ഞുകയറുമ്പോള്‍ അലറിവിളിക്കുകയും ശപിക്കുകയും ചെയ്‌തേനേ. പക്ഷേ, തന്റെ കൊലപാതകികളോട് പ്രതികാരം ചെയ്യണമെന്ന ഒരു അപേക്ഷപോലും യേശുവിന്റെ അധരങ്ങളില്‍നിന്ന് വരുന്നില്ല; തന്റെ വേദനകള്‍ സഹിക്കാനുള്ള ശക്തിക്കുവേണ്ടിയുള്ള ഒരു പ്രാര്‍ ത്ഥനപോലും ഉരുവിടുന്നില്ല. പകരം കഠിനമായ ആ സങ്കടത്തിന്റെ നിമിഷത്തില്‍, ''പിതാവേ, അവരോടു ക്ഷമിക്കേണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല'' (ലൂക്കാ 23:34) എന്ന അനുരഞ്ജനപ്രാര്‍ത്ഥന ഉരുവിടുന്നതുവഴി ദൈവത്തിന്റെ അത്ഭുതകരമായ സ്‌നേഹത്തിന്റെ ഉയരത്തെയും ആഴത്തെയും വീതിയെയുംകുറിച്ച് വെളിവാക്കു ന്നു. അതെ, അവതാരം ചെയ്ത സ്‌നേഹം മുറിവ് മറക്കുന്നു, വേദന മറക്കുന്നു.
എന്നോട് ക്ഷമിക്കണമേ എന്ന് ക്രിസ്തു പറയുന്നില്ല, പകരം അവരോട് ക്ഷമിക്കണമേ എന്നാണ് പറയുന്നത്. മരണത്തിന്റെ നിമിഷത്തില്‍ മുഖംമൂടികള്‍ വീണുപോവുകയും നാം പച്ചയായ മനുഷ്യരായിത്തീരുകയും ചെയ്യും. അതിനാല്‍ ആ സമയത്ത് നമ്മുടെ പാപങ്ങള്‍ മനഃസാക്ഷിയെ വേദനിപ്പിക്കുമ്പോള്‍ അറിയാതെതന്നെ അവ ഏറ്റുപറയും. ചരിത്രത്തില്‍ ഇതുവരെയും ആരും സഹിച്ചിട്ടില്ലാത്ത രീതിയിലുള്ള ക്രിസ്തുവിന്റെ ആ മരണവേദനയുടെ നിമിഷത്തിലും അനുതാപത്തിന്റെ ഒരു തേങ്ങല്‍പോലും അവിടുത്തെ അധരങ്ങളില്‍നിന്ന് വരുന്നില്ല. അവിടുന്ന് പാപികളുമായി ബന്ധമുള്ളവനായിരുന്നു. എന്നാല്‍, പാപവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മരണത്തിലും അതുപോലെതന്നെ ജീവിതത്തിലും, തന്റെ സ്വര്‍ഗീയപിതാവിനോട് നിറവേറ്റിയിട്ടില്ലാത്ത ഒരു ജോലിയെക്കുറിച്ചുപോലും അവിടുത്തേക്ക് ഓര്‍ക്കാനില്ലായിരുന്നു.
പാപബോധത്തിന്റെ അഗാധതയില്‍നിന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്: പക്ഷേ തന്റെ ഉള്ളിന്റെയുള്ളിലെ നിശബ്ദതയില്‍നിന്ന് അവിടുന്ന് നിശബ്ദത പാലിക്കുന്നു. 'അവരോടു ക്ഷമിക്കേണമേ' എന്ന ആ ഒരേയൊരു വാക്കുമതി അവിടുന്ന് ദൈവപുത്രനാണെന്ന് തെളിയാന്‍.
പാപത്തെ നിഷേധിക്കുന്ന ലോകം
''അവര്‍ ചെയ്യുന്നതെന്താണെന്ന് അവരറിയുന്നില്ല'' എന്ന് പ്രാര്‍ത്ഥിക്കുന്നതിന്റെ സാഹചര്യം ശ്രദ്ധിക്കുക. ആരെങ്കിലും മുറിവേല്പിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്താല്‍ നാം പറയും, ''അവര്‍ നന്നായി അറിയണമായിരുന്നു.'' എന്നാല്‍, നാം ദൈവത്തിനെതിരായി പാപം ചെയ്താല്‍ നമ്മുടെ അറിവില്ലായ്മ പൊറുക്കാന്‍ അവിടുന്ന് ഒരു ഒഴിവുകഴിവ് കണ്ടെത്തുന്നു.
ദുഖവെള്ളിയാഴ്ചയിലെ ക്രിസ്തുവിന്റെ ബലിയില്‍ കുരിശില്‍നിന്ന് വീണ തിരുരക്തത്തുള്ളികള്‍ വീണുപോയ മാലാഖമാരുടെ ആത്മാവിനെ സ്പര്‍ശിക്കുന്നില്ല. എന്തുകൊണ്ട്? കാരണം, അവര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നു. രണ്ടും രണ്ടും നാല് ആണെന്ന ഉറപ്പുള്ള വിധത്തില്‍ പ്രവൃത്തികളുടെ അനന്തരഫലങ്ങളെപ്പറ്റി അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇത്തരത്തിലുള്ള സത്യങ്ങള്‍ മനസിലാക്കിയാല്‍ പിന്നീടത് തിരിച്ചെടുക്കാന്‍ കഴിയില്ല. അവ അസാധുവാക്കാനാവാത്തതും നിത്യവുമാണ്. അതിനാല്‍, സര്‍വശക്തനായ ദൈവത്തെ എതിര്‍ക്കാ ന്‍ അവര്‍ തീരുമാനിച്ചപ്പോള്‍, പിന്നീട് ആ തീരുമാനം മാറ്റാനാവില്ലല്ലോ. ചെയ്യുന്നതെന്താണെന്ന് അവര്‍ വ്യക്തമായി അറിഞ്ഞിരുന്നതുകൊണ്ട് അവര്‍ക്ക് ഇനിയും രക്ഷ പ്രതീക്ഷിക്കാനാവില്ല.
നമ്മെ സംബന്ധിച്ച് അത് വ്യത്യസ്തമാണ്. പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ മാലാഖമാര്‍ കാണു ന്നത്ര വ്യക്തമായി നാം കാണുന്നില്ല. നാം അതിനെക്കാള്‍ ദുര്‍ബലരാണ്, അറിവില്ലാത്തവരാണ്. എങ്കിലും, നമ്മുടെ അഹങ്കാരത്തിന്റെ ഓരോ പാപവും ക്രിസ്തുവിന്റെ ശിരസിന് ഒരു മുള്‍ക്കിരീടം മെനയുന്നു; ദൈവികകല്പനകളുടെ ഓരോ നിഷേധവും, അവന് നിഷേധത്തിന്റെ ചിഹ്നം, കുരിശ്, ഉണ്ടാക്കുന്നു; വെട്ടിപ്പിടിക്കുന്ന അത്യാഗ്രഹത്തിന്റെ ഓരോ പ്രവൃത്തിയും അവിടുത്തെ കൈകളില്‍ ആണി തറക്കുന്നു. പാപത്തിന്റെ വഴികളിലൂടെയുള്ള ഓരോ യാത്രയും അവിടുത്തെ പാദത്തെ കുത്തിത്തുളക്കുന്നു. ദൈവം എത്ര നല്ലവനാണെന്ന് അറിയുകയും പാപം ചെയ്യുന്നത് തുടരുകയും ചെയ്യുന്നുവെങ്കില്‍, നാമൊരിക്കലും രക്ഷിക്കപ്പെടുകയില്ല. കാരണം, നമ്മുടെ അറിവില്ലായ്മയാണ് കുരിശില്‍ കിടന്നുകൊണ്ടുള്ള ''പിതാവേ, അവരോടു ക്ഷമിക്കേണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല''എന്ന അവിടുത്തെ അനുരഞ്ജനപ്രാര്‍ത്ഥനയുടെ സ്വാധീനവലയത്തിനകത്ത് നമ്മെ കൊണ്ടുവരുന്നത്.
ഈ വാക്കുകള്‍ നമ്മുടെ ആത്മാവില്‍ ആഴത്തില്‍ പതിയണം. അവ പാപം തുടരുന്നതിനുള്ള ഒരു ഒഴിവുകഴിവ് ആകുന്നില്ല, അനുതാപത്തിലേക്കും പരിഹാരത്തിലേക്കുമുള്ള ഒരു പ്രചോദനമാണത്. പാപത്തിന്റെ നിരസനമല്ല അനുരഞ്ജനം. കര്‍ത്താവ് പാപത്തിന്റെ ഭീകരമായ സത്യം നിഷേധിക്കുന്നില്ല, അവിടെയാണ് ആധുനികലോകത്തിന് തെറ്റിപ്പോകുന്നത്. അത് പാപത്തെ വിശദീകരിക്കുന്നു: പരിണാമപ്രക്രിയയിലെ ഒരു വീഴ്ചയായി പാപത്തെ കാണുന്നു. ഒറ്റവാക്കില്‍, ആധുനികലോകം പാപത്തെ നിഷേധിക്കുന്നു. പക്ഷേ, എല്ലാ യാഥാര്‍ത്ഥ്യങ്ങളിലുംവച്ച് ഏറ്റവും ഭീകരമാണ് പാപമെന്ന് കര്‍ത്താവ് ഓര്‍മപ്പെടുത്തുന്നു. അല്ലെങ്കില്‍ അത് എന്തുകൊണ്ടാണ് പാപമില്ലാത്തവന് കുരിശ് നല്കുന്നത്? എന്തുകൊണ്ടാണ് അത് നിഷ്‌കളങ്കരക്തം ചിന്തുന്നത്? എന്തുകൊണ്ടാണ് അതിന് ഭീകരമായ കൂട്ടുകെട്ടുകളുള്ളത്? എന്തുകൊണ്ടാണ് അത് അരൂപിയുടെ തലത്തില്‍നിന്ന് ഇപ്പോള്‍ സ്വയം ഉയര്‍ത്തി രൂപമുള്ളതായി സ്വയം മാറ്റിക്കൊണ്ട് നിഷ്‌കളങ്കതയെ നിന്ദാപാത്രമായി ആണി തറക്കുന്നത്? അതിഭൗതികമായ ഒന്നിന് അത് സാധിക്കുകയില്ല. പക്ഷേ പാപം നിറഞ്ഞ ഒരു മനുഷ്യന് സാധിക്കും.
അവിടുന്ന് തന്റെമേല്‍ പ്രതികാരം തീര്‍ക്കാന്‍ പാപത്തെ അനുവദിച്ചത് നമ്മള്‍ എന്നും അതിന്റെ ഭീകരത മനസിലാക്കാനാണ്. ഇനിയും പാപത്തിന്റെ നിരസനമില്ല, അതിന്റെ എല്ലാ ഭീകരതയോടുംകൂടെ, അതിന് ഇരയായവന്‍ പൊറുക്കുന്നു. ആ പ്രവൃത്തിയില്‍ ദൈവികമായ ക്ഷമയുടെ മുദ്രയുണ്ട്. സഹിച്ച ഇരയാണ് ക്ഷമിക്കുന്നത്. ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ അഭയത്തില്‍ ഏറ്റവും മോശമായ പാപിക്കു നില്ക്കാനാകും; ലോകത്തെ നശിപ്പിക്കുമെന്ന് ഭീതിപ്പെടുത്തുന്ന പ്രതികാരത്തിന്റെ തിരകളെ തിരിച്ചുവിടാനുള്ള ശക്തി ആ രക്തത്തിലുണ്ട്. സ്‌നേഹത്തിന്റെ ആഴം നിമിത്തം പാപികളായ മനുഷ്യര്‍ക്കുവേണ്ടി കഠിനവേദനകള്‍ പരാതിയില്ലാതെ സഹിക്കുകയും തന്നെ ക്രൂശിലേറ്റിയവരോട് ക്ഷമിക്കണമേ എന്ന് പിതാവിനോട് അപേക്ഷിക്കുകയും ചെയ്ത യേശുവിന്റെ രക്തത്തിന് അതിലുമേറെ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും.
പാപത്തെ ലോകം നിങ്ങള്‍ക്ക് വിശദീകരിച്ചുതരും. എന്നാല്‍, ക്ഷമിക്കപ്പെട്ട പാപത്തിന്റെ ദൈവികമായ വൈരുദ്ധ്യം കാല്‍വരിയില്‍മാത്രമേ അനുഭവിക്കാനാവൂ. പാപത്തിന്റെ ഏറ്റവും മോശമായ പ്രവൃത്തിയെ കുരിശില്‍, ലോകം ഒരിക്കലും കേട്ടിട്ടില്ലാത്ത ഏറ്റവും മാന്യമായ പ്രവൃത്തിയും ഏറ്റ വും മധുരമായ പ്രാര്‍ത്ഥനയുമായി (''പിതാവേ, അവരോടു ക്ഷമിക്കേണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല'') രൂപാന്തരപ്പെടുത്തി. 'ക്ഷമിക്കേണമേ' എന്ന വാക്ക് കുരിശില്‍നിന്നാണ് പുറപ്പെട്ടത്. രക്തം ചിന്തി ആ പാപക്ഷമ നേടിയെടുത്ത രക്ഷകന്‍ അത് സമയവും കാലവും കടന്ന് ലോകത്തിന്റെ പൂര്‍ത്തീകരണംവരെ ദീര്‍ഘിക്കാ ന്‍ വഴികള്‍ കണ്ടുവച്ചു. അവിടുന്ന് അപ്പസ്‌തോലന്‍മാരോട് പറഞ്ഞു, ''നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും'' (യോഹ. 20:23). ഇന്ന് ലോകത്തി ല്‍ അപ്പസ്‌തോലന്‍മാരുടെ പിന്‍ഗാമികള്‍ക്ക് ക്ഷമിക്കാന്‍ അധികാരമുണ്ട്. മനുഷ്യന് എങ്ങനെ പാപം ക്ഷമിക്കാന്‍ കഴിയും എന്ന് നാം ചോദിച്ചേക്കാം. കാരണം, മനുഷ്യന് പാപം ക്ഷമിക്കാനാവില്ല. പ ക്ഷേ, ദൈവത്തിന് മനുഷ്യരിലൂടെ പാപം ക്ഷമിക്കാന്‍ കഴിയും. ആ രീതിയിലല്ലേ കുരിശില്‍ അവിടുന്ന് ക്ഷമിച്ചത്.
ഹൃദയം ഒളിഞ്ഞുകിടന്ന പെട്ടിയുടെ കഥ
അവഗണിക്കപ്പെട്ടുകിടന്ന ഒരു പെട്ടിയുടെ കഥ നിങ്ങള്‍ കേട്ടിരിക്കും. അത് വിലയില്ലാത്തതെന്ന് പരിഹസിക്കപ്പെട്ടതായിരുന്നു; ഒരു ദിവസം അത് തുറക്കപ്പെടുകയും അതില്‍ ഒരു മനുഷ്യന്റെ ഹൃദയം ഇരിക്കുന്നതായി കാണുകയും ചെയ്തു. എല്ലാ കത്തോലിക്കാ സഭകളിലും ഈ പെട്ടിയുണ്ട്. നമുക്ക് അതിനെ കുമ്പസാരക്കൂടെന്ന് വിളിക്കാം. അത് അവഗണിക്കപ്പെടുകയും പലരാലും പരിഹസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അതില്‍ വൈദികന്റെ ഉയര്‍ത്തിയ കരങ്ങളിലൂടെ പാപികളോട് ക്ഷമിക്കുന്ന ക്രിസ്തുവിന്റെ ക്ഷമിക്കുന്ന ഹൃദയം ഉണ്ട്. ആകെ ഒരു ക്ഷമയേ ഉള്ളൂ, അത് ദൈവത്തിന്റെ ക്ഷമയാണ്. ക്ഷമക്കുവേണ്ടി കുരിശില്‍നിന്നുയര്‍ന്ന ആ നിലവിളിയോട് നാം ട്യൂണ്‍ ചെയ്യുന്ന ഇടം കുമ്പസാരക്കൂടാണ്.
കുറ്റം നിഷേധിക്കുന്നതിനു പാപം അംഗീകരിക്കുകയും പാപക്ഷമ ചോദിക്കുകയും ചെയ്യുമോ? അസ്വസ്ഥമായ മനഃസാക്ഷിയുള്ളവര്‍ ഔഷധത്തിന്റെ തലത്തിലല്ല, ദൈവികനീതിയുടെ തലത്തില്‍ ആശ്വാസം തേടുമോ? അവരുടെ മനസിന്റെ ഇരുണ്ട രഹസ്യങ്ങള്‍ സ്വന്തം ആശ്വാസത്തിനല്ല, വിശുദ്ധീകരണത്തിനായി തുറന്നുപറയുമോ? നിശബ്ദതയില്‍ മിഴിനീര്‍ത്തുള്ളികള്‍ പൊഴിക്കുന്ന പാവം മനുഷ്യര്‍ വിമോചനം നല്കുന്ന ഒരു കരം അവ തുടച്ചുകളയാനുണ്ടെന്ന് കണ്ടെത്തുമോ?
ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തം ആത്മാ വ് നഷ്ടമായിപ്പോകുന്നതാണ്. ക്ഷമിക്കപ്പെട്ട പാപത്തിന്റെ സമാധാനം നഷ്ടമാകുന്നതിനെക്കാള്‍ വലിയ ദുരന്തം എന്താണുള്ളത്? നമ്മുടെ അയോഗ്യതയെക്കുറിച്ചുള്ള നിലവിളി അള്‍ത്താരയുടെ ചുവട്ടിലുള്ള അനുരഞ്ജനപ്രാര്‍ത്ഥനയാണ്: പാപപ്പൊറുതിയുടെയും വിമോചനത്തിന്റെയും പ്രതീക്ഷയാണ് കുരിശില്‍നിന്നുള്ള അനുരഞ്ജനപ്രാര്‍ത്ഥന. നമ്മുടെ കര്‍ത്താവിന്റെ മുറിവുകള്‍ അതിഭീകരങ്ങളാണ്. ഏറ്റവും വലിയ മുറിവ് നാമാണ് അതിനെല്ലാം കാരണമായതെന്ന ആദരവില്ലായ്മക്കായിരിക്കും. അനുരഞ്ജനപ്രാര്‍ത്ഥനക്ക് അതില്‍നിന്നെല്ലാം നമ്മെ രക്ഷിക്കാന്‍ കഴിയും. കാരണം, ക്ഷമിക്കപ്പെടേണ്ട ചിലത് ഉണ്ടെന്നുള്ള അംഗീകരിക്കലാണത്.
ഒരു കന്യാസ്ത്രീയെക്കുറിച്ച് പറയപ്പെടുന്ന കഥ ഇങ്ങനെയാണ്, അവര്‍ ഒരു ദിവസം ചാപ്പലിലുള്ള കര്‍ത്താവിന്റെ ചിത്രം തുടക്കുകയായിരുന്നു. അതിനിടക്ക് അത് കൈയില്‍നിന്ന് തെന്നി തറയില്‍ വീണു. കേടൊന്നും പറ്റിയില്ലെങ്കിലും താഴെനിന്ന് എടുത്ത് അവരത് ചുംബിച്ചു, എന്നിട്ട് അത് യഥാസ്ഥാനത്ത് വച്ചു കൊണ്ട് പറഞ്ഞു, ''അങ്ങ് താഴെ വീണില്ലായിരുന്നെങ്കില്‍ അങ്ങേക്കൊരിക്കലും ഇത് ലഭിക്കില്ലായിരുന്നു.'' നമ്മുടെ കര്‍ത്താവിന് നമ്മെക്കുറിച്ചും അതേരീതിയില്‍ തോന്നുകയില്ലേ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. നാമൊരിക്കലും പാപം ചെയ്തിട്ടില്ലായിരുന്നെങ്കില്‍, ഒരിക്കലും അവിടുത്തെ രക്ഷകന്‍ എന്ന് വിളിക്കുകയില്ലായിരുന്നു. നാം പാപം ചെയ്തതിനാല്‍ പാപക്ഷമ നമുക്ക് ആവശ്യമുണ്ട്, അത് നല്കാന്‍ രക്ഷകന്‍ നമ്മെ കുമ്പസാരക്കൂട്ടില്‍ കാത്തിരിക്കുന്നു.
No comments:
Post a Comment