അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday, 19 August 2012

ജ്വലിക്കുന്ന യൗവനം



ജ്വാലക്ക് രണ്ടു തരത്തിലുള്ള സ്വഭാവമാണുള്ളത്. പുതിയ വസ്തുവിന് രൂപം കൊടുക്കാനും മറ്റൊന്നിനെ നശിപ്പിച്ചുകളയാനും. പുതുമയെ സൃഷ്ടിക്കാനും പഴമയെ നശിപ്പിക്കാനും ജ്വാലക്ക് കഴിയും. നിയന്ത്രണാതീതമായ അഗ്നികുണ്ഠത്തിന് ഒരു പുതിയ വസ്തുവിന് രൂപം കൊടുക്കാന്‍ കഴിയില്ല. നിയന്ത്രണവിധേയമായ അഗ്നിക്ക് പുതുമക്ക് രൂപം നല്കാന്‍ കഴിയും..... 

യുവത്വം ആഘോഷമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനും ഇറങ്ങിച്ചെല്ലാനും തീക്ഷ്ണത കാണിക്കുന്ന അവസ്ഥ. വികാരാധീനനാവുന്ന, പ്രോത്സാഹിപ്പിക്കുന്ന, ഇളകിമറിയുന്ന, ചിലപ്പോള്‍ ആവേശം കാണിക്കുകയും മറ്റു ചിലപ്പോള്‍ കോപിക്കുകയും ഏത് കാര്യത്തെയും നേടിയെടുക്കാന്‍ മുന്നിട്ടിറങ്ങുകയുമൊക്കെ ചെയ്യുന്ന സമയം. കോപം വെറുപ്പില്‍നിന്നാണ് വരുന്നത്. കോപം ഒരുവനെയും അപരനെയും നശിപ്പിക്കും. എന്നാല്‍, ലക്ഷ്യബോധമുള്ള യൗവനം തന്നെയും മറ്റുള്ളവരെയും നന്മയിലേക്ക് നയിക്കും. തീക്ഷ്ണതയില്‍ ജ്വലിക്കുന്ന യൗവനങ്ങളെപ്പറ്റി ബൈബിളില്‍ വിവരിക്കുന്നുണ്ട്. 

എരിയുന്ന മുള്‍പ്പടര്‍പ്പ്

പുറപ്പാടിന്റെ പുസ്തകം മൂന്നാം അധ്യായത്തില്‍ എരിയുന്ന മുള്‍ച്ചെടിയുടെ അടുത്ത് നില്ക്കുന്ന ഒരു യുവാവിനെപ്പറ്റി പറയുന്നുണ്ട്. മലമുകളിലെ ചൂടില്‍ കത്തിനില്ക്കുന്ന മുള്‍പ്പടര്‍പ്പില്‍നിന്നാണ് യുവാവായ മോശയെ ദൈവം വിളിക്കുന്നത്. സംശയത്തിന്റെയും അവ്യക്തതയുടെയും താഴ്‌വരയായിരുന്നു മോശയപ്പോള്‍..... ശക്തമായ തീയില്‍ എരിഞ്ഞടങ്ങാതെ നില്ക്കുന്ന മുള്‍പ്പടര്‍പ്പ്..... ഏതു വിശ്വാസിയും ഒരു നിമിഷം അവിശ്വസിച്ചുപോകുന്ന ദൃശ്യം. യൂദന്‍മാരുടെ ആത്മീയതയെയും ഈജിപ്തുകാരുടെ താത്വികവും ശാസ്ത്രപരവുമായ പരിഷ്‌കാരങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുവാന്‍ മുന്‍കൈയെടുത്ത തീക്ഷ്ണശാലിയായ യുവാവ്. അയാളുടെ ഉള്ളിലെ ആത്മീയമനുഷ്യനും ചിന്തകനും തമ്മില്‍ യുദ്ധംതന്നെ നടന്നു. അയാള്‍ സംശയം തീര്‍ക്കാന്‍ മുള്‍പ്പടര്‍പ്പിന്റെ മറുവശത്തേക്ക് പോകുന്നു....യുക്തി അയാളെ 'എന്തുകൊണ്ടെ'ന്ന ചോദ്യത്തിലേക്ക് നയിച്ചു. അവന്റെ മനസറിഞ്ഞ ദൈവം പടര്‍പ്പിന്റെ നടുവില്‍ നിന്നുകൊണ്ട് അവനെ വിളിച്ചു. അവന്റെ ധൃതികള്‍ക്കും സംശയങ്ങള്‍ക്കും മുന്‍പിലാണ് ദൈവം പ്രത്യക്ഷപ്പെടുന്നതും ഉത്തരം നല്കുന്നതും. 


ദൈവം നമുക്ക് നല്കുന്ന വാഗ്ദാനങ്ങളും വചനങ്ങളും പദ്ധതികളും അവ കടന്നുവരുന്ന വഴികളും നമുക്കെപ്പോഴും മനസിലാക്കാന്‍ കഴിയണമെന്നില്ല. ചില നേരങ്ങളിലൊക്കെ നിസംഗത പാലിക്കേണ്ടിവരും. വിശദീകരണങ്ങള്‍ക്കപ്പുറമാകാം അവിടുത്തെ പദ്ധതികള്‍. ഏതൊരു യുവാവും ചിന്തിച്ചതുപോലെ മോശയും അന്വേഷണതീക്ഷ്ണതയില്‍ എടുത്തുചാടി. പക്ഷേ, പിന്നീടവന് ദൈവികശക്തി വെളിപ്പെട്ടു. മോശക്ക് വേണമെങ്കില്‍ ഓടിയൊളിക്കാമായിരുന്നു. അയാള്‍ മുള്‍പ്പടര്‍പ്പിന്റെ അര്‍ത്ഥം മനസിലാക്കിയപ്പോള്‍ തന്റെ ഉത്തരം ലഘുവാക്കിപ്പറഞ്ഞു, ''ഇതാ ഞാന്‍.'' ദൈവിക ഇടപെടല്‍ നമ്മുടെ ജോലി സാഹചര്യങ്ങളിലോ പഠനത്തിന്റെ മേഖലകളിലോ ആകാം. ദൈവത്തിന്റെ വിളിക്ക് കാതോര്‍ത്ത് പോസിറ്റീവായും എളിമയോടും തന്നിട്ടുള്ള കഴിവുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ജീവിതം ശോഭനമാകും. 


അഗ്നിത്തൂണ്


ആഴ്ന്നിറങ്ങുന്ന 'അഗ്നി' ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തെയും പരിപാലനയെയുമാണ് സൂചിപ്പിക്കുന്നത്. ദൈവം തന്റെ ജനത്തെ രാത്രിയുടെ കൂരിരുട്ടിലൂടെയും വിദൂരതയുടെ ഏകാന്തതയിലൂടെയും ഒരു അഗ്നിസ്തംഭമായി മുന്‍പേ നടന്ന് അവരെ നയിച്ചു. ഈ അഗ്നിയെ നയിക്കുന്ന ജ്വാലയായി പുറപ്പാടിന്റെ പുസ്തകം പതിമൂന്നാം അധ്യായം വിവരിക്കുന്നുണ്ട്. പ്രകാശത്തിലൂടെ നടക്കുന്നവര്‍ക്ക് അഗ്നിയുടെ ആവശ്യമില്ല. പക്ഷേ, ജ്വലിക്കുന്ന ഈ ദൈവികജ്വാലയില്ലാത്തവന്‍ നന്മയുടെ മാര്‍ഗത്തിലൂടെയാണ് നടക്കുന്നതെന്ന് പറയാനാവില്ല. 


യുവത്വത്തിന്റെ വഴികള്‍ പലപ്പോഴും ഇരുളിലേക്കുള്ള നടന്നകലലുകളാകാറുണ്ട്. നാം പലപ്പോഴും നമുക്കുമുന്‍പേ നടക്കുന്ന തൂണുകളായി മാറാറുണ്ട്. യുവത്വത്തിന് അവരുടേതായ പ്രത്യേക പകലുകളും ഇരുട്ടുകളുമൊക്കെയാണ്. ഇതിനിടയില്‍ അഗ്നിത്തൂണായ ദൈവത്തില്‍ ആശ്രയിക്കാതെ പോകാറുണ്ടോ? സ്വന്തം വഴികളിലൂടെ പോകുമ്പോള്‍ വഴികള്‍ അവ്യക്തമാകാനും തെറ്റിപ്പോകാനും സാധ്യതയുണ്ടെന്ന് മറക്കരുത്. 


പെന്തക്കോസ്തു ദിവസം ശിഷ്യന്‍മാരിലിറങ്ങിയ അഗ്നി 


പുതിയ കാഴ്ചപ്പാടുകളിലേക്കും മുന്നോട്ടുള്ള ജീവിതത്തില്‍ ഉടക്കിക്കിടക്കുന്ന വലകളിലേക്കുമൊക്കെ ഒരു നിമിഷം ചിന്തകള്‍ പല വിചാരങ്ങളായി തെറ്റിപ്പോയ സമയത്താണ് പരിശുദ്ധാത്മജ്വാല ശിഷ്യന്മാരുടെമേല്‍ ഇറങ്ങി അവരെ ശക്തിപ്പെടുത്തുന്നത്. പിന്നീടവര്‍ക്ക് വലകളെപ്പറ്റിയോ വള്ളങ്ങളെപ്പറ്റിയോ ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെയവര്‍ സ്വര്‍ഗരാജ്യത്തിന്റെ കാവല്ക്കാരും സുവിശേഷപ്രസംഗകരും ക്രിസ്തുവിനുവേണ്ടി ജ്വലിക്കുന്ന വാക്കുകളുമൊക്കെയായി മാറുകയാണുണ്ടായത്. 


പ്രിയപ്പെട്ട യുവാവേ, ദൈവം നിന്റെ മുമ്പില്‍ ജ്വാലയുടെ രൂപത്തിലും പ്രത്യക്ഷപ്പെടും. നിന്റെ കാല്‍ വഴുതാതെ കൂടെ നടക്കുന്ന വെളിച്ചമാണ് ദൈവം. നിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പല സൂചനകളുമായി നിന്റെ കൂടെയുള്ളവന്‍. നിന്റെ ഈ തീക്ഷ്ണതയും പ്രസരിപ്പും പ്രതിസന്ധികളുമൊക്കെ ദൈവം തരുന്നത് നമ്മെ അവിടുത്തോട് തോള് ചേര്‍ത്തുനിര്‍ത്താനാണ്. ഈ ജ്വാലയെ പുല്‍കാന്‍ സംശയത്തിന്റെ കണ്ണില്‍നിന്നും വിശ്വാസത്തിന്റെ കണ്ണുകളിലൂടെ അവിടുത്തെ അറിയണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22