അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Thursday 16 August 2012

ആത്മീയ ദാരിദ്ര്യം


ദാരിദ്ര്യം ദൈവാനുഗ്രഹത്തിന്റെ കുറവായും സമൃദ്ധി ദൈവത്തോടുള്ള വിശ്വസ്തതയ്ക്കു ലഭിക്കുന്ന അനുഗ്രഹങ്ങമായും പഴയനിയമ കാലഘട്ടത്തില്‍ കരുതിയിരുന്നു. എന്നാല്‍, യേശു ആദ്യത്തെ പ്രഭാഷണത്തില്‍ത്തന്നെ (മലയിലെ പ്രസംഗം) ''ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടേതാണ്'' (മത്തായി 5:3) എന്ന് പഠിപ്പിച്ചു. എന്താണ് ''ആത്മീയ ദാരിദ്ര്യം'' എന്നതിന് യേശു വ്യാഖ്യാനമൊന്നും നല്കിയില്ല. എങ്കിലും ഭൗതിക വസ്തുക്കളോടുള്ള ഭ്രമത്തില്‍നിന്നും അകല്‍ച്ച പാലിക്കുന്നവരാണ് യേശുവിനു പ്രിയപ്പെട്ടവര്‍ എന്ന് മത്തായി 6:24, 6:33, 25:40 മുതലായ പല വാക്യങ്ങളില്‍ അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ധനവാനും ലാസറും എന്ന ഉപമയിലും ദാരിദ്ര്യം 'ശാപ'മാണെന്ന ചിന്താഗതിയെ ഖണ്ഡിച്ചു.

എന്താണ് 'ആത്മാവില്‍ ദാരിദ്ര്യം?' ഈ അവസ്ഥയെന്നത് ഏറ്റവും വലിയ സ്വാതന്ത്ര്യമാണ്. മാനുഷിക തലത്തില്‍ ആനന്ദം നല്കാവുന്നത് എന്തൊക്കെയാണോ, അവയോടുള്ള ഭ്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം. സമ്പത്തു മുഴുവന്‍ ഉപേക്ഷിച്ച് ഭിക്ഷാംദേഹിയാകണമെന്നില്ല, സമ്പത്തിന്റെ അടിമയാവാതിരുന്നാല്‍ മതി. ഒരുവന്‍ വലിയ സമ്പന്നനായിരുന്നിട്ടും ആ സമ്പത്തിനു നേടിത്തരുവാന്‍, കഴിയുന്ന എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കുവാന്‍ തയാറാവുക എന്നത് ചെറിയ കാര്യമല്ല. ഇരട്ടി ത്യാഗം അതിലുണ്ട്. ''തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും'' (ലൂക്കാ 18:14) എന്ന വചനത്തില്‍ സമ്പത്തു മാത്രമല്ല, പ്രശസ്തി, പദവികള്‍, സല്‍പേര്, അംഗീകാരം ഇങ്ങനെ പലതും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അല്പം ചിന്തിച്ചാല്‍ വ്യക്തമാകും!

തന്റെ വരുതിയിലുള്ള സമ്പത്തും അധികാരവും ഉപയോഗിച്ച് അനീതികള്‍ തുടച്ചു മാറ്റുവാനും അശരണര്‍ക്ക് ആശ്വാസം നല്കുവാനും ദൈവനാമത്തിന്റെ മഹത്വത്തിനായി യത്‌നിക്കുന്നയാള്‍ 'ആത്മാവില്‍ ദരിദ്രനാണ്.' ലോകം നല്കുന്ന അംഗീകാരവും പ്രശസ്തിയും ആഗ്രഹിച്ചുള്ള പ്രവര്‍ത്തനങ്ങളല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ സമ്പത്തുപേക്ഷിച്ച് ദൈവത്തെ നേടിയ സക്കേവൂസിനെ യേശു അനുഗ്രഹിക്കുന്നുണ്ടല്ലോ.
സമ്പത്തിനെപ്പോലെതന്നെ മനുഷ്യന്‍ എന്നും നേടുവാന്‍ ആഗ്രഹിച്ചിട്ടുള്ള മറ്റു പലതുമുണ്ട് - അധികാരം, പ്രശസ്തി, സൗന്ദര്യം ഇവയൊക്കെ തേടിയുള്ള പ്രയാണമാണല്ലോ ലോകചരിത്രത്തിലെ ജൈത്രയാത്രകളും മഹായുദ്ധങ്ങളും അധിനിവേശങ്ങളുമൊക്കെത്തന്നെ. എന്നാല്‍, രാജാക്കന്മാരുടെ മുന്നില്‍ ഇവയൊക്കെ നിസാരങ്ങളാക്കി യേശു എന്ന മഹാസമ്പത്തുമാത്രം കൈവിടാതെ സൂക്ഷിച്ചവരാണ് റോമന്‍ സാമ്രാജ്യത്തിലെ പടത്തലവനായിരുന്ന വിശുദ്ധ സെബസ്ത്യാനോസ്, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്, ഇംഗ്ലണ്ടിലെ രാജാവ് ഹെന്‍ട്രി എട്ടാമന്റെ പ്രധാനമന്ത്രിയായിരുന്ന വിശുദ്ധ തോമസ് മൂര്‍, വിശുദ്ധയായ കാതറിന്‍ മുതലായവരും രക്തസാക്ഷികളായ മറ്റനേകം വിശുദ്ധരും.

തങ്ങള്‍ക്കുള്ള സമ്പത്ത് ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ടാല്‍ സമാധാനവും പ്രത്യാശയും നഷ്ടപ്പെട്ട്, അതിനിടയാക്കിയവരെ ശപിക്കുകയും ദൈവത്തെ വെറുക്കുകയും ചെയ്യുന്നവര്‍ സമ്പത്തിന്റെ ദാസ്യവൃത്തിയില്‍ കഴിയുന്നവരാണ്. നേരെമറിച്ച്, ദൈവപരിപാലനയില്‍ ആശ്രയിച്ച്, നീതിയുടെ മാര്‍ഗം ഉപേക്ഷിക്കാതെ പ്രത്യാശയോടെ ജീവിക്കുന്നവരാകട്ടെ 'ആത്മാവില്‍ ദാരിദ്ര്യം' എന്ന അവസ്ഥ നേടിയവരാണ്.
''എനിക്കു ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നുവെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്നും ഞാന്‍ ദൈവത്തെ കാണും'' എന്ന് ജോബ് ഉദ്‌ഘോഷിക്കുന്നു (ജോബ് 19:25-26). ദൈവം ജോബിന്റെ മൂന്നു സ്‌നേഹിതരെ ശാസിക്കുന്നുണ്ട്. ''എന്തെന്നാല്‍ നിങ്ങള്‍ എന്നെപ്പറ്റി എന്റെ ദാസന്‍ ജോബിനെപ്പോലെ ശരിയായിട്ടല്ല സംസാരിച്ചത്'' (42:8). ഒടുവില്‍ ഐശ്വര്യമെല്ലാം ദൈവം ജോബിനു തിരികെ നല്കുന്നു!

''ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍'' (മത്തായി 11:29) എന്നത് ആത്മാവില്‍ ദരിദ്രനാകുവാനുള്ള ആദ്യപാഠമായി കരുതാം. എളിമയെന്ന പുണ്യം അഭ്യസിക്കാതെ ആധ്യാത്മികവളര്‍ച്ച എങ്ങനെ ഉണ്ടാവും?

അരൂപിയിലുള്ള ദാരിദ്ര്യമാണ് പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാകുന്ന ദൈവത്തിന്റെ സുകൃതങ്ങള്‍ അഭ്യസിക്കുവാനുള്ള അടിസ്ഥാന യോഗ്യത. ദൈവരാജ്യത്തിലേക്കുള്ള വഴിയില്‍ അനേകം പടവുകള്‍ ചവിട്ടിക്കയറേണ്ടിയിരിക്കുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്നവരെയാവണം യേശു 'ഭാഗ്യവാന്മാരെ ന്നു' വിളിച്ചത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22